ഹിന്ദി ഹേ, ഹൂം, ഹോ, ഹൈ...... ഹൌ..... പോകാന്‍ പറ.....
നന്പൂതിരിമാരാണത്രേ കേരളത്തില്‍ ആദ്യമായി ഹിന്ദി പറഞ്ഞവര്‍. ഒരു മധ്യവയസ്കന്‍ മുതല്‍ മുകളിലുള്ള ടിപ്പിക്കല്‍ നന്പൂതിരിയോട് സംസാരിച്ചാല്‍ ഇതു മനസിലാവും. "എന്താഹേ", "ഒന്നൂല്ല്യാഹേ" തുടങ്ങിയ യൂസേജ് ധാരാളം കേള്‍ക്കാം.
ഇപ്പോള്‍ സാമാന്യം നന്നായിത്തന്നെ ഹിന്ദി മനസിലാക്കാനും സംസാരിക്കാനും കഴിയുമെങ്കിലും കുട്ടിക്കാലത്ത് ഹിന്ദി ഒരു കുരിശു തന്നെയായിരുന്നു. സ്കൂളില്‍ അത്യാവശ്യം പഠിച്ചതിനുശേഷവും കുറച്ചുകാലം കിലുക്കത്തിലെ ജഗതിയുടെ അവസ്ഥ തന്നെയായിരുന്നു എനിക്ക്. കംപ്ലീറ്റ് ജഗഡ ജഗഡ.
എന്റെ ചില ഹിന്ദി അനുഭവങ്ങളാണ് താഴെ.
ആദ്യാക്ഷരം കുറിക്കുന്നു.
ഹിന്ദിയില്‍ ഞാന്‍ ആദ്യം കേട്ട വാക്കെന്താണെന്നോ? മുംബൈ ആക്രമണത്തിനു ശേഷം അച്യുതാനന്ദനും ഉണ്ണികൃഷ്ണനും തമ്മില്‍ ഉണ്ടെന്നു ചാനലുകാരും പ്രതിപക്ഷവും പറയുന്ന ഒരു മൃഗമില്ലേ..... ഹോ, എന്താ അതിന്റെ പേര്...... അതന്നെ.
അന്നെനിക്ക് അധികം പ്രായം കാണില്ല, എത്രയായെന്ന് ഓര്‍ക്കുന്നുമില്ല. ഒരു അഞ്ച് വയസു കാണും. ഞങ്ങളുടെ അടുത്ത വീട്ടില്‍ വാടകക്ക് പുതിയ താമസക്കാര്‍ വന്നു. അവര്‍ പണ്ട് ജംഷഡ്പൂരിലായിരുന്നത്രേ.
തുടക്കത്തില്‍ തന്നെ ആ വീട്ടിലെ പിള്ളേരെ ഞങ്ങള്‍ക്ക് (ഞാനും എന്റെ ചില സമപ്രായക്കാരും, എന്നുവെച്ചാല്‍ പാലക്കാട്ട് തന്നെ വളര്‍ന്നവര്‍, മണ്ണിന്റെ മക്കള്‍) അത്ര സുഖിച്ചില്ല. അല്ലെങ്കിലും പൊട്ടക്കിണറിലെ തവളക്ക് പണ്ടെ വിസിറ്റേഴ്സ് പറ്റില്ലല്ലോ. അവര്‍ മൂന്നുപേരാണ്, സുരേഷ്, മണി, ബാബു എന്നീ മൂന്നു സഹോദരങ്ങള്‍.
ഞങ്ങളുടെ ഗ്രൂപ്പും അത്ര ചെറുതല്ല. ലോക്കല്‍ ഗുണ്ടാസല്ലെ, കൂട്ടമായേ ആക്രമിക്കൂ.
എന്റെ വീട്ടിലെ മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്നാണ് വാഗ്വാദം. "നീയാരെടാ", "ഞാന്‍ തന്നെടാ" എന്ന മട്ടില്‍ വന്‍ തര്‍ക്കം. അവരുടെ ഒരു ഗോളിന് ഞങ്ങളുടെ മറുഗോള്‍. അതിനിടക്കതാ വരുന്നു ഞങ്ങളെ തളര്‍ത്തിയ ഒരു വാക്ക്.
അവരിലാരോ (മൂത്തവന്‍ സുരേഷ്, അവന്‍ എതാണ്ടെന്റെ അതേ പ്രായമാണ്, ആണെന്നാണ് ഓര്‍മ) ഞങ്ങളുടെ നേരെ നോക്കി കുത്ത എന്ന്‍ ആക്രോശിച്ചു.
അത് വരെ ഈവന്‍-ഈവന്‍ ആയി പോകുകയായിരുന്ന യുദ്ധം പെട്ടെന്ന്‍ കയ്യില്‍ നിന്നു പോയി.
കുത്ത എന്ന വാക്കിന്റെ അര്‍ത്ഥം ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. "സന്ദേശം" സിനിമയില്‍ കേസി പൊതുവാള്‍ പറഞ്ഞതുപോലെ "വിദ്യാഭ്യാസം ഉള്ള ഒരുത്തന്‍ പോലും ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലായിരുന്നു". അവന്‍ ഗോള്‍ഡന്‍ ഗോള്‍ അടിച്ചു. ഞങ്ങള്‍ തളര്‍ന്നു. ഫൈനല്‍ വിസിലടിച്ച് ഞങ്ങള്‍ മാളത്തിലേക്ക് മടങ്ങി. ബാക്ക് ടു ദ പടവലന്‍.
താമസിയാതെ ഞങ്ങള്‍ ഒരു ചാരനെ ഒപ്പിച്ചെടുത്തു. ശത്രുപാളയത്തിലെ ഇളയവനായ ബാബുവിനെ ഞങ്ങള്‍ കയ്യും കലാശവും കാണിച്ചു വശീകരിച്ചു. ചില്ലറ പ്രലോഭനങ്ങള്‍ക്കൊടുവില്‍ അവന്‍ ഡാവിഞ്ചികോഡ് പൊളിച്ചു. കുത്ത എന്നാല്‍ നായ എന്നാണര്‍ത്ഥം എന്നവന്‍ പറഞ്ഞുതന്നു.
അടുത്തദിവസം മുതല്‍ കളികള്‍ എല്ലാം ഡ്രോ ആയിരുന്നു. കുത്ത എന്ന്‍ അവര്‍ പറഞ്ഞാല്‍ "നീയ്യന്നടാ കുത്ത" എന്ന്‍ തിരിച്ചുപറയാന്‍ ഞങ്ങള്‍ പഠിച്ചു.
ബോളിവുഡ്.
അന്നങ്ങിനെ ഒരു പേരുണ്ടായിരുന്നോ, സംശയമാണ്.
പാലക്കാട്ടെ അരോമ തിയേറ്ററിലാണ് ഞാന്‍ ആദ്യമായി ഒരു ഹിന്ദി സിനിമ കാണുന്നത്. അന്ന്‍ ഞാന്‍ തീരെ കൊച്ചുകുട്ടിയാണ്. "ഹം കിസി സെ കം നഹി" എന്ന സിനിമയാണ് ഞാന്‍ ആദ്യം കാണുന്ന ഗോസായി സിനിമ.
ഇപ്പോള്‍ അതിലെ ഒരു രംഗമൊഴിച്ച് ഒന്നും ഓര്‍മയില്ല. കുറെ നിറങ്ങള്‍, അത്ര മാത്രം. ആ സിനിമ അരോമ തിയേറ്റിറിലെ ആദ്യത്തെ സിനിമയാണോ എന്നും സംശയമുണ്ട്.
പിന്നെ എല്‍പി കാലമായപ്പോള്‍ കാണാന്‍ ഒരുപാട് മോഹിച്ച് സിനിമയാണ് ഷോലെ.
അരോമയില്‍ ഞങ്ങള്‍ രണ്ടുതവണ മുട്ടിനോക്കി.... നഹീ നഹീ. ടിക്കറ്റ് കിട്ടാതെ മടങ്ങി.
പാലക്കാട്ട് ബള്‍ക്കീസ് എന്നൊരു തിയേറ്ററുണ്ട് (ഉണ്ടായിരുന്നു എന്ന് വേണം പറയാന്‍, ഇപ്പോള്‍ അതില്ല). ടൌണില്‍ വന്ന സിനിമകള്‍ ഒലവക്കോട്ടുകാരുടെ സൌകര്യാര്‍ത്ഥം വീണ്ടും കാണിക്കും. 18 റീല്‍ എന്നത് 14 റീല്‍ ആയി ചുരുങ്ങിയേക്കും എന്ന് മാത്രം. ഒരു മാതിരി ഹൈലൈറ്റ്സ്.
അവിടെ സിനിമ വന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും ഒരു ശ്രമം കൂടി നടത്തി. ഇത്തവണ ടിക്കറ്റ് കിട്ടി. ആകാംക്ഷയോടെ സിനിമ കാണാനിരുന്നു.
ഹാ.... ബോധം വെച്ചതിനുശേഷമുള്ള (ഇതില്‍ ഇത്തിരി നുണയില്ലേ എന്ന ചോദ്യം പരിഗണിക്കുന്നില്ല, ചോദിച്ചാല്‍ ഞാന്‍ കൊഞ്ഞനം കാണിക്കും, പറഞ്ഞില്ലാന്നു വേണ്ട) കാണുന്ന ആദ്യ ഹിന്ദി സിനിമ.......
ഒന്നും മനസിലായില്ല. ഹഷ് ബഷ് ഗുഷ് മുഷ് എന്ന രീതിയിലുള്ള വര്‍ത്താനം. ഇടക്കിടെ പാട്ട്. ഇടി വെടി കൊടി..... പൊട്ടിച്ചിരി, അലര്‍ച്ച, തേങ്ങല്‍. ട്രെയിന്‍ ഓടുന്നു, കുതിര ഓടുന്നു, ആള്‍ക്കാര്‍ ഓടുന്നു. ഇത്രേ ഉള്ളു.
അമിതാഭ് ബച്ചനെയും ധര്‍മെന്ദ്രയേയും ഹെമമാലിനിയെയും മനസിലായി, പേപ്പറില്‍ പരസ്യം കണ്ടതിനാല്‍. ഇവരൊക്കെ എന്തിനാ ഓടുന്നതെന്നോ ഇടിക്കുന്നതെന്നോ ഒന്നും മനസിലായില്ല.
പടം കണ്ട് പിറ്റേദിവസം സ്കൂളില്‍ ചെന്നപ്പോള്‍ അടുത്തിരിക്കുന്നവന്‍ പറഞ്ഞു അവന്‍ "അങ്ങാടി" സിനിമ കണ്ടെന്ന്. അതിലെ രസികന്‍ ഒരു പാട്ടും പാടി. അതോടെ എന്റെ എല്ലാ ആവേശവും പോയി. അത് കാണാനുള്ള ചാന്‍സ് ആണ് ഷോലെക്കുവേണ്ടി ഞാന്‍ കളഞ്ഞു കുളിച്ചത്.
അതോടെ ഇനി ജീവന്‍ പോയാലും ഹിന്ദി പടം കാണില്ലെന്ന് ഞാന്‍ തീരുമാനിച്ചു.
ഈ ഒരു തീരുമാനം കാരണമായിരിക്കാം, ഖുര്‍ബാനി എന്ന പ്രശസ്ത സിനിമ ഞാന്‍ ഇതുവരെ മുഴുവന്‍ കണ്ടിട്ടില്ല.
ഖുര്‍ബാനി സിനിമ പാട്ടുകളാല്‍ പ്രശസ്തമായിരുന്നല്ലോ. വീട്ടില്‍ ആദ്യമായി ടേപ് റെക്കോഡര്‍ വാങ്ങിയപ്പോള്‍ അതിന്റെ കൂടെ ഫ്രീ ആയി കിട്ടിയ കാസറ്റിനുപുറത്ത് ഗുര്‍ഭാനി എന്നെഴുതിവെച്ചിരുന്നു. അതിലെ കുറെ പാട്ടുകള്‍ അന്നെനിക്ക് കാണാപ്പാഠമായിരുന്നു, ഞങ്ങള്‍ കുട്ടികള്‍ അര്‍ത്ഥമറിയാതെ ആ പാട്ടുകള്‍ ധാരാളം പാടിയിട്ടുണ്ട്.
അതില്‍ പ്രധാനം "ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ" എന്ന പാട്ടായിരുന്നു. അത് പല വാക്കുകളും പിടിപ്പിച്ച് ഞങ്ങള്‍ പാടിയിട്ടുണ്ട്. ചില സാന്പിളുകള്‍.
- ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ...തോ പാപ്പഞ്ചായെ.... എന്നതായിരുന്നു ഏറ്റവും ഡീസന്റ് വേര്‍ഷന്‍.
- മിമിക്രി വേര്‍ഷന്‍ - ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ...തോ ആപ്പോം ചായേം.
- ഹിന്ദി അറിഞ്ഞതിനുശേഷവും എന്റെ ഒരു കസിന്‍ പാടിക്കേട്ട വേര്‍ഷന്‍ - ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ...തോ ബാപ് ബന്‍ ജായെ.... (ഇതില്‍ അവിഹിതം കിടക്കുന്നതിനാല്‍ സെന്‍സര്‍ ചെയ്യേണ്ടതായിരുന്നു)
ലേലാ മലേലാ എന്നൊരു പാട്ടും ഇതില്‍ ഉണ്ടായിരുന്നു. മലയില്‍ കയറിയിരിക്കുന്ന ലൈല പാടുന്ന പാട്ടാണല്ലെ.... നല്ല രസം.
ഇത് "ലൈല മയ് ലൈലാ" എന്നാണെന്ന് വളരെക്കഴിഞ്ഞാണ് ഞാന്‍ മനസിലാക്കിയത്.
എന്റെ ഈ ഭീഷ്മപ്രതിജ്ഞ നിലനില്ക്കുന്ന കാലത്ത് ഒരു സിനിമ കൂടി വന്നു.
ഷാന്‍.
അന്നേയ്ക്കായപ്പോഴേക്കും എനിക്കത്യാവശ്യം ഹിന്ദി അറിയാം എന്ന സ്ഥിതി ആയിരുന്നു. ഷാന്‍ എന്ന പേരു കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു അത് ഒരു കഥാപാത്രത്തിന്റെ പേരായിരിക്കും എന്ന്‍.
പോരാത്തതിന് ഒരു പാട്ടും ഉണ്ട് സിനിമയില്‍. "പ്യാര്‍ കര്‍നെ വാലെ..... പ്യാര്‍ കര്‍ത്തെ ഹെ.... ഷാന്‍ സെ".
സ്നേഹിക്കുന്നവരെല്ലാം ഷാന്‍ എന്ന മനുഷ്യനെ സ്നേഹിക്കുന്നു. അര്‍ത്ഥം എത്ര ലളിതം.
അപ്പോള്‍ വരുന്നു ഒരു സംശയം. സിനിമയില്‍ മൂന്നു നായകന്മാര്‍. അമിതാഭ്, ശശികപൂര്‍, ശത്രുഘ്നന്‍ സിന്‍ഹ. ഇവരിലാരായിരിക്കും ഷാന്‍?
കാലം ചെല്ലുന്തോറും എന്റെ ഹിന്ദി പരിജ്ഞാനം മെച്ചപ്പെട്ടു. ഇന്നും ഞാന്‍ അധികം ഹിന്ദി സിനിമ കാണാറില്ല. കാരണം ഇത്ര കാലമായിട്ടും അവര്‍ക്ക് നേരാംവണ്ണം പടം പിടിക്കാനറിയില്ല എന്നതുതന്നെ. പ്രേമം ഇല്ലാത്ത ഒരു പടം ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. പ്രേമത്തിനോട് എതിര്‍പ്പ് തോന്നിയിട്ടല്ല, പക്ഷെ ഇവര്‍ കാണിക്കുന്നത് കണ്ടാല്‍ അതിനോട് എതിര്‍പ്പ് തോന്നിപ്പോകും. എല്ലാ പടങ്ങളും അങ്ങിനെയാണെന്ന് പറയുന്നില്ല, പക്ഷെ ഇക്കാര്യത്തില്‍ മാത്രം ഞാന്‍ ഇത്തിരി സെലക്ടീവ് ആണ്.
ക്രിക്കറ്റും ഹിന്ദിയും.റേഡിയോ, ദൂരദര്‍ശന്‍ തുടങ്ങിയവയില്‍ നിന്നാണ് ഞാന്‍ പിന്നീട് ഹിന്ദി കേള്‍ക്കുന്നത്.
നേരത്തെ ഒരു പോസ്റ്റില്‍ പറഞ്ഞതുപോലെ, ഹിന്ദി കമന്ററി ഒരു വസ്തു മനസിലാകില്ലായിരുന്നു. അന്നൊക്കെ 15 മിനിറ്റ് ഇടവിട്ട് കമന്ററി ഭാഷ മാറും. ഇംഗ്ലീഷ് വല്യ കുഴപ്പമില്ല, ഹിന്ദി ആയാല്‍ പ്രശ്നമായി.
ഏക് ദോ ചാര്‍ എന്നൊക്കെ മനസിലാവും, പക്ഷെ മറ്റുപലതും തലയില്‍ കയറില്ല. പിന്നെ സമയവും സാഹചര്യവും ഒക്കെ നോക്കി ബാക്കിയുള്ളതെല്ലാം അങ്ങ് ഊഹിച്ചെടുക്കും, അത്ര തന്നെ.
ചാര്‍ റണ്‍ കേലിയെ എന്ന് വെച്ചാല്‍ എന്താ? ചാര്‍ എന്നാല്‍ നാല്, റണ്‍ റണ്‍ തന്നെ, അപ്പോള്‍
കേലിയെ? സംശയമെന്താ.... സാഹചര്യപ്രകാരം ബാറ്റ്സ്മാന് നാലുറണ്‍ കിട്ടി, അപ്പോള്‍
കേലിയെ എന്നതിന്റെ അര്‍ത്ഥം
കിട്ടി എന്നതുതന്നെ. (ഉപ്പുമാവിന് ഇംഗ്ലീഷ്....., അതന്നെ ടെക്നിക്)
ഇതൊന്ന്‍ പഠിച്ചെടുക്കാന്‍ ഒരുപാട് സമയം എടുത്തു.
ദൂരദര്‍ശനിലും ഇതുതന്നെ കഥ. ഹിന്ദി കമന്ററി വന്നാല്‍ പിന്നെ അവിടെ ആകെ ബഹളമാണ്, ആളുകള്‍ തമ്മില്‍ തമ്മില്‍ സംസാരിക്കും, കാരണം ആര്‍ക്കും ഹിന്ദി അറിയില്ല, അപ്പോള്‍ പിന്നെ കേട്ടാലെന്ത്, കേട്ടില്ലെങ്കിലെന്ത്. (ഇതൊരു ചെറിയ എക്സാജറേഷന്‍ ആണ്, ടിവി വന്ന കാലമാകുന്പോഴേക്കും ഞങ്ങളെല്ലാം ഹിന്ദിയില്‍ പ്രവീണ്‍കുമാര്‍ ആയിരുന്നു. കമന്ററി അത്രേം ബോര്‍ ആയിരുന്നു എന്നതാണ് ശരിയായ കാരണം)
ഗോസായിമാര്‍ വിഡ്ഢിപ്പെട്ടിയില്‍.അന്നത്തെ വീടുകളില്‍ സാധാരണയായി റേഡിയോ സമയമറിയാന്‍കൂടി ഉപയോഗിച്ചിരുന്നു.
യെ ആകാശവാണി ഹേ, ഥോഡി ദേര്‍ മേ ആപ് സമാചാര്‍ സുനേംഗെ എന്ന് കേട്ടാല്‍ മനസിലാക്കണം, സ്കൂളില്‍ പോകാന്‍ സമയമായി.
പാലക്കാട്ട് ദൂരദര്‍ശനകേന്ദ്രം തുടങ്ങിയത് 84 85 കാലഘട്ടത്തിലാണെന്ന് തോന്നുന്നു. ഡല്‍ഹി പരിപാടികള്‍ ആണ് സംപ്രേക്ഷണം, അതിനാല്‍ കംപ്ലീറ്റ് ഹിന്ദി, ഹിന്ദി മാത്രം.
ലോകകപ്പ് ഫുട്ബാള്‍ കാണാന്‍ വേണ്ടിയാണ് ഞങ്ങളുടെ വീട്ടില്‍ ടിവി വാങ്ങിയത്. അന്നത്തെ കാലത്ത് ടിവി ഒരു പുതുമ ആയിരിന്നതിനാല്‍ എല്ലാ പരിപാടിയും ഇരുന്നു കാണും. കൃഷിദര്‍ശന്‍ അടക്കം. ഒന്നും മനസിലാവില്ല, പക്ഷെ ........
ഏക് ഏക് ശൂന്യ് ശൂന്യ് ആട്ട് ആട്ട് ..... ഹൊ.... ഇങ്ങിനെ ശൂന്യത്തെ ആട്ടുന്ന പരിപാടി ബഹുരസം.
ടിവിയില്‍ ഒരുപാട് സിനിമകള്‍ കാണും. സാഹചര്യം വെച്ച് പലതും മനസിലാക്കും. കുറച്ചൊക്കെ ഹിന്ദി മനസിലായിത്തുടങ്ങിയിരുന്നു അപ്പോഴേക്കും. അനാമിക എന്ന സിനിമയാണ് എന്റെ ഓര്‍മയിലെ ആദ്യ ടിവി സിനിമ. അതിലെ പാട്ട് മാത്രമാണ് ഇപ്പോള്‍ മനസിലുള്ളത്, കാരണം വേറൊന്നും മനസിലായില്ല. മേരീ ബീഗി ബീഗി സീ എന്നൊക്കെ ഒരുപാട് പാടി നടന്നിട്ടുണ്ട്.
ചിത്രഹാര്‍ എന്ന പരിപാടിയാണ് എല്ലാവരും ഇഷ്ടപ്പെട്ടിരുന്നത്. കാരണം ഡാന്‍സ് കണ്ടാല്‍ മതിയല്ലോ, അര്‍ത്ഥം ആര്‍ക്കു മനസിലാവണം.
ക്ലാസിലെ (ദുര്‍)അനുഭവങ്ങള്‍......ഹിന്ദി അദ്ധ്യാപകന്‍ ക്ലാസെടുത്തുകൊണ്ടിരിക്കുന്നു. ഇടക്കൊരു വിദ്യാര്‍ത്ഥിക്ക് സംശയം. അവനുറക്കെ ചോദിച്ചു "സാര്‍,
തേല്‍ എന്നുവെച്ചാല്‍ എന്താ?" എനിക്കറിയാം ഉത്തരം, ഞാന്‍ അതിലുമുച്ചത്തില് വിളിച്ചുപറഞ്ഞു "
എണ്ണ, എണ്ണ". സാറിന് ഇതത്ര പിടിച്ചില്ല. ഞാന്‍ ക്ലാസിനു പുറത്ത്. ഈ സംശയം ചോദിച്ചവനും താമസിയാതെ മറ്റെന്തോ കുരുത്തക്കേടിന് പുറത്തെത്തി. ഇത്തരം പിള്ളേരുടെ ചന്തി പൊളിക്കാന്‍ വടിയുമായി ഹെഡ് മാസ്റ്റര്‍ നടക്കുന്ന സമയമായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കിട്ടി പെട. അങ്ങിനെ
സത്യം അറിയുന്നവനും അറിയാത്തവനും ശിക്ഷ കിട്ടി.
ഇടക്കെപ്പോഴോ ഞാന്‍ ഹിന്ദി വിദ്യാലയത്തില്‍ ചേര്‍ന്നു, പൊരിഞ്ഞ ഹിന്ദി പഠനം. പ്രാഥമിക് വലിയ പ്രയാസമില്ലാതെ പാസായി. മാധ്യമ ആയപ്പോഴേക്കും സ്റ്റൈലായി ഉഴപ്പി, അതിനാല്‍ കഷ്ടിച്ചാണ് പാസായത്. ഇല്ലായിരുന്നെങ്കില്‍ ഞാനൊരു ഹിന്ദി വാദ്ധ്യാരായേനെ, കാരണം എന്റെ അമ്മാമന്‍ ഒരു ഹിന്ദി മാഷാണ്, അമ്മക്ക് വലിയ മോഹമായിരുന്നിരിക്കാം ഞാനും ഒരു ഹിന്ദി മാഷാവണമെന്ന്.
പത്താംക്ലാസിലെ ഹിന്ദി പരീക്ഷ കഴിഞ്ഞപ്പോള്‍ വലിയ ആശ്വാസമായിരുന്നു, ഇനി ഈ ഭാരം ഞാന്‍ ചുമക്കേണ്ടല്ലൊ. പ്രീഡിഗ്രിക്ക് മലയാളം സെക്കന്റ് ലാംഗ്വേജ് ആയി എടുക്കാനായിരുന്നു പ്ലാന്‍. പക്ഷെ മലയാളം എന്നെ ചതിച്ചു. എല്ലാ പേപ്പറുകളിലും വെച്ച് ഏറ്റവും കുറവ് മാര്‍ക്ക് മലയാളത്തിന്. അതോടെ അമ്മ കാലുമാറി. ഹിന്ദി എടുത്താല്‍ മതി എന്ന ആജ്ഞ. വേറെ വഴിയില്ല, രണ്ടുകൊല്ലം കൂടി ഞാന്‍ അവനെ സഹിച്ചു. (പ്രീഡിഗ്രിക്ക് ഏറ്റവും കുറവുമാര്‍ക്ക് ഹിന്ദിക്ക് നേടിക്കൊടുത്ത് ഞാന്‍ പകരം വീട്ടി എന്നത് ചരിത്രം)
മാതൃഭാഷാ മേ അനുവാദ് കരോ (മാതൃഭാഷയെ അനുവദിക്കൂ...... പ്ലീസ്)ഒരു പരീക്ഷയിലെ ചോദ്യം.
വാക്ക് -
ആഭാസ്.
ഞാനാദ്യം എഴുതി ......
ആഭാസം.
പിന്നീട് തോന്നി അതത്ര ശരിയാവില്ലെന്ന്. അത് തിരുത്തിയെഴുതി .....
അഭ്യാസം.
രണ്ടും ശരിയല്ലെന്ന് മാര്‍ക്ക് വന്നപ്പോള്‍ മനസിലായി.
സജിയേട്ടനാണ് ഹിന്ദി-മലയാളം അനുവാദത്തിലെ എക്സ്പ്പര്‍ട്ട്. ചില സാന്പിളുകള്‍ താഴെക്കൊടുക്കുന്നു(നോട്ട് എക്സ്ക്ലൂസിവ്)
ഏക് ഡോക്ടര്‍ കി മൌത്ത് എന്ന സിനിമ കണ്ടുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍. സജിയേട്ടന്‍ അക്ഷമനായി കാത്തിരിക്കുന്നു. കാരണം ലളിതം,
ഒരു ഡോക്ടരുടെ വായ എന്ന സിനിമയില്‍ ഡോക്ടര്‍ വായ പോയിട്ട് പല്ലുപോലും കാണിക്കുന്നില്ല.
സജിയേട്ടന്റെ ഏറ്റവും പ്രശസ്തമായ തര്‍ജ്ജമ കേട്ടതിനുശേഷം നമുക്കു ഈ പോസ്റ്റ് ചുരുട്ടിമടക്കാം.
ഒരു പാട്ടാണ് ഇവിടെ പ്രസ്തവ്യമാകുന്നത്. അതിപ്രകാരം.
ഘുങ്ഗ്രൂ കീ തരാഹ്, ബജ്താ ഹി രഹാ ഹൂം മേ.കഭി ഇസ് പഗ് പേ, കഭി അസ് പഗ് പേ.....ബജ്താ ഹി രഹാ ഹൂം മേ.ഇതില്‍ പല വാക്കുകളുടെയും അര്‍ത്ഥം മനസിലാക്കാം. പക്ഷെ ഘുങ്ഗ്രൂ എന്നാല്‍?? ഇതാണ് സജിയേട്ടനെ കുഴക്കിയത്.
അവസാനം സജിയേട്ടന്‍ കണ്ടുപിടിച്ചു......
ഘുങ്ഗ്രൂ എന്നാല്‍ കൊറ്റി, അഥവാ കൊക്ക്.
അപ്പോള്‍ എല്ലാം ശരിയായി.
പാട്ടിന്റെ തര്‍ജ്ജമ ഇപ്രകാരം.
ഒരു കൊക്കിനെപ്പോലെ ഞാന്‍ ഭജിക്കുന്നു. ചിലപ്പോള്‍ ഈ കാലില്‍ നിന്നു ഭജിക്കുന്നു, ചിലപ്പോള്‍ കാല് മാറ്റി മറ്റേക്കാലില് നിന്നു ഭജിക്കുന്നു.+++++++++++++++++++++++++++++++++++++
നിങ്ങള്‍ക്കെന്നോട് ഇപ്പോള്‍ ധൈര്യമായി ഹിന്ദി പറയാം. എനിക്ക് മറുപടി പറയാന്‍ കഴിയും.
നാരിയല്‍ കാ പാനീ ചാഹിയെ.....
ക്യാ ഫുള്‍ ബോട്ടല്‍ ക്യാ ഹാഫ് ബോട്ടല്‍???