Friday, July 3, 2009

എന്റെ നല്ല കണ്ണാടി .....

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നാണല്ലോ പണ്ടു വിവരമുണ്ടായിരുന്നവര് പറഞ്ഞത്. ഞാനും എന്റെ ഒരു നല്ല ചങ്ങാതിയെക്കുറിച്ച് ഇവിടെ കുറിക്കട്ടെ.

ഒരു ബാക്ക്ഗ്രൌണ്ട് പറഞ്ഞു കഥ തുടങ്ങാം.

കൃസ്തുവിനു ശേഷം ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ബാംഗ്ലൂരില്‍ കാലുകുത്തുന്നത്. കൊല്ലവര്‍ഷം വല്യ പിടിയില്ലാത്തോണ്ടു കണക്കുകൂട്ടാന്‍ വയ്യ. (ഇത്രേം വര്‍ഷം എന്ത് ചെയ്തോണ്ടിരിക്കുവാരുന്നെടാ കെഴങ്ങാ എന്ന് ചോദിക്കല്ലേ)

കഷ്ടി രണ്ടുകൊല്ലം പാലക്കാട്ട് തന്നെ ജോലി ചെയ്തു ഒരുവഴിയ്ക്കായതിനുശേഷമാണ് ഞാന്‍ ബാംഗ്ലൂരില്‍ എത്തുന്നത്‌, അതും ജോലി രാജി വെച്ച്. കന്പനിയുടെ പേര് നിങ്ങള്‍ കേട്ടുകാണും, ഇന്ന് ആ പേര് സ്വന്തം റേഷന്‍ കാര്‍ഡില്‍ അടിച്ചു കിട്ടാന്‍ പല കള്ളക്കളികളും നാട്ടാര് നടത്തുന്നുണ്ട്.

ജോലി ഇല്ലാതെ ബാംഗ്ലൂരില്‍ കുറച്ചുകാലം കറങ്ങി, അവസാനം IISc എന്ന ആ വലിയ ലോകത്ത് ഒരു പ്രോജക്റ്റ്‌ അസിസ്റ്റന്റ് ആയി പണി ഒപ്പിച്ചു. സന്പാദ്യം എന്ന് പറയാന്‍ കാര്യമായി ഒന്നുമില്ല, വല്ലതും കിട്ടിയാലല്ലേ. ലക്ഷ്മിയുമായി മുട്ടന്‍ ഒടക്ക്.

അന്നു ഞാൻ താമസിച്ചിരുന്നതു എന്റെ വല്ല്യേട്ടന്റെ കൂടെ ആയിരുന്നു. വല്ല്യേട്ടന്റെ ഭാര്യാസഹോദരൻ ആയ ദിലീപും അവിടെ തന്നെ ആയിരുന്നു താമസിച്ചിരുന്നത്‌. ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്വെയർ കന്പനിയില്‍ ഗുമസ്തപ്പണി ആയിരുന്നു അന്നു ദിലീപിന്‌. ഞാൻ ഐ ഐ എസ്‌ സിയിൽ കയറിപ്പറ്റിയപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടി യശ്വന്ത്പുര എന്ന സ്ഥലത്ത് വാടകയ്ക്കൊരു വീടെടുത്തു താമസിക്കാൻ തീരുമാനിച്ചു നേരത്തെ പറഞ്ഞതുപോലെ, ഞാനും ലക്ഷ്മിയും മുട്ടൻ ഒടക്കായിരുന്നല്ലോ, ദിലീപാണു ഞങ്ങൾക്കിടയിലെ മധ്യസ്ഥൻ. ദിലീപിനെക്കുറിച്ചും പറയേണ്ടതുണ്ട്‌. ആളു കണ്ടാൽ എന്നെപ്പോലെ അല്ല. ഞങ്ങൾ രണ്ടുപേരും യശ്വന്തപുരയിലെ ലോറൽ-ഹാർഡി ആയാണു അറിയപ്പെട്ടിരുന്നത്‌. പ്രൊഫെയിലിലെ എന്റെ പടം കണ്ടാൽ നിങ്ങൾക്ക്‌ മനസിലാവും ആരാണു ലോറൽ എന്ന്.

ആ വീടിന്റെ മുതലാളിക്ക്‌ അതേ ലെയിനിൽ രണ്ട്‌ വീടുകൾ കൂടി ഉണ്ടായിരുന്നു, ആകെ നാലും രണ്ടും ആറു മെയിൻ ചുവരുകൾ. ഒരു ദീര്‍ഘചതുരപ്പെട്ടി മൂന്നാക്കി ഭാഗിച്ചതുപോലിരിക്കും.
ആദ്യത്തെ വീട്ടിൽ ഒരു വലിയ ഫാമിലി ആണു താമസം. രണ്ടാമത്തേതിൽ ഭാര്യ, ഭർത്താവ്‌, കുഞ്ഞ്‌ എന്നിങ്ങിനെയുള്ള ചെറിയ കുടുംബം, മൂന്നാമത്തേതിൽ ഞങ്ങൾ രണ്ട്‌ അവിവാഹിതർ.

മാസവാടക അറുനൂറു രൂഭാ.... സിക്സ് ഹണ്ട്രഡ് ബക്സ് എന്ന് ഇന്നത്തെ തലമുറയിലെ മല്ലൂസ് പറയും.
വീടിനെക്കുറിച്ച്‌ ഒരു ഏകദേശധാരണ തരാം.

ഒരു മുറി, സിമന്റിട്ട തറ. ഒരു അടുക്കള, അങ്ങിനെ പറഞ്ഞറിയിക്കണം. ഒരു സ്റ്റവ്‌ വെച്ചാൽ അടുക്കളയാകും എങ്കിൽ ഇതൊരു അടുക്കള തന്നെ. വാതിൽ പ്രത്യേകമായില്ല. ഒരു കുളിമുറി. ഇതിനു വാതിലുണ്ട്‌. മുറിയുടെ മുക്കാൽ ഭാഗം ഒരു സിമന്റ്‌ തൊട്ടിയാണ്‌. അതിൽ വെള്ളം നിറച്ചു വെയ്ക്കണം. വേറെ പൈപ്പ്‌ ഒന്നും ഇല്ല. ഈ സിമന്റ്‌ തൊട്ടി കഴിഞ്ഞാൽ പിന്നെ ഒരു ബക്കറ്റ്‌ വെയ്ക്കാനുള്ള സ്ഥലം കൂടി ഈ കുളിമുറിയിൽ ഉണ്ട്‌.

ബാംഗ്ലൂരിൽ, പ്രത്യേകിച്ചും നവംബർ ഡിസംബർ മാസങ്ങളിൽ സാമാന്യം നല്ല തണുപ്പാണ്‌. അന്നത്തെ സ്റ്റാൻഡേർഡിൽ അസാമാന്യതണുപ്പ്‌. തൃശ്ശൂരിൽ ഇതിനു "ചുട്ട തണുപ്പിസ്റ്റാ" എന്നും പറയും.
നമുക്കാണെങ്കിൽ സിമന്റ്‌ തറ, സിമന്റ്‌ തൊട്ടി.... ആകെപ്പാടെ തണുപ്പ്‌ ശരീരത്തിൽ സൂചിതുളയ്കുംവിധം കയറാനുള്ള സെറ്റപ്പ്‌ മുഴുവൻ ഉണ്ട്‌. വെള്ളത്തിൽ തൊട്ടാൽ തന്നെ കുളിക്കാനുള്ള സകല മൂഡും പോയിക്കിട്ടും. "ഈശ്വരാ, ഇനിയെന്നാണാവോ ഒരു കുളി തരാവ്വാ" എന്ന് ചിന്തിച്ച ദിവസങ്ങൾ കുറവല്ല (കടപ്പാട്‌ - എന്റെ കസിൻ ശങ്കറിന്‌)
ലണ്ടൻ വിദേശത്തായിരുന്നു. (മനസ്സിലാകാത്തവർക്ക്‌ വേണ്ടി മലയാളത്തിൽ തന്നെ പറയാം - പ്രാഥമികകൃത്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യം വീടിനു പുറത്തായിരുന്നു. ഞങ്ങൾ അടക്കം രണ്ടു വീട്ടുകാർ ഈ സൗകര്യം ഉപയോഗിച്ചിരുന്നു)

ഏതാണ്ട് കാര്യങ്ങള്‍ മനസിലായല്ലോ. ഇനി വരുന്നൂ വെള്ളത്തിന്റെ കഥ.

മൂന്നു വീടുകള്‍ക്കുമായി ഒരു പൈപ്പുണ്ട്. മലയാളീകരിച്ചാല്‍ കോമന്റെ കണക്ഷന്‍. ബിഎംപി വെള്ളം അതില്‍ ഒന്നരാടം ദിവസങ്ങളില്‍ ചീറ്റും. (ചീറ്റല്‍??? അതിത്തിരി ആഡംബരം ആയോ എന്നൊരു സംശയം ഇല്ലാതില്ല. ഞങ്ങള്‍ നൂലുപോലുള്ള രൂപമാണ് അധികം കണ്ടിട്ടുള്ളത്, കാരണം പിന്നീട് പറയുന്നുണ്ട്. ഒഴുകും എന്ന് പറഞ്ഞാല്‍ മതി).

മൂന്നു വീട്ടുകാര്‍ക്കുമായി ഒരു കോമന്‍ എന്ന് പറഞ്ഞാല്‍ നിങ്ങള് വിചാരിക്കും കോമന്റെ പേരില്‍ എന്നും തമ്മില്‍തല്ലാണെന്നു. അടുത്ത രണ്ടു ദിവസത്തിനുള്ള പല്ലുതേപ്പ്‌, കുളി, പാചകം, ലണ്ടൻ തുടങ്ങിയ ആവശ്യങ്ങൾ എല്ലാം ഇപ്പറഞ്ഞ വെള്ളത്തിൽ വേണമെന്നിരിക്കെ ആ സംശയം ന്യായം തന്നെ. പക്ഷെ അങ്ങിനെയൊരു പരിപാടി അവിടെ നടന്നിട്ടേയില്ല. ഞങ്ങൾ മൂന്നു വീട്ടുകാരും അസാമാന്യമായ സ്നേഹസാഹോദര്യസമാധാനരമ്യതയാദികളോടെയാണു (ഹൊ, പറഞ്ഞു കഴിഞ്ഞപ്പോൾ എന്തൊരാശ്വാസം) ജീവിച്ചിരുന്നത്‌.

വെള്ളം വരുന്ന സമയമാണ്‌ ഏകപാര. അതിരാവിലെ മൂന്നു മൂന്നരയ്ക്കാണ്‌ വെള്ളം വരുന്നത്‌. പണ്ടുമുതൽക്കേ ഉദയസൂര്യനെ ഇലക്ഷൻ കാലത്തു പോസ്റ്ററില്‍ മാത്രം കണ്ടുശീലിച്ച ഞങ്ങൾക്ക്‌ ഇതെങ്ങിനെ നേരിടാനാവും?

സൊല്യൂഷൻ ഇപ്രകാരം
ഫാമിലി ആയി താമസിക്കുന്ന ആള്‍ക്കാര്‍ക്കാണല്ലോ വെള്ളത്തിന്റെ ഏറ്റവും കൂടുതല്‍ ആവശ്യം. അതിനാല്‍ ആദ്യം ഏറ്റവും മുന്നിലത്തെ വീട്ടില്‍ താമസിക്കുന്നവര്‍ വെള്ളം പിടിക്കും. അവരുടെ ആവശ്യം കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലെ ആള്‍ക്കാര്‍ക്കാണ് അവസരം. അത് കഴിഞ്ഞു അവര്‍ ഞങ്ങളുടെ വീടിന്റെ വാതില്‍ക്കല്‍ തട്ടി ഞങ്ങളെ വിളിച്ചുണര്‍ത്തും. ഞങ്ങള്‍ രണ്ടു ബക്കറ്റുമായി ഇറങ്ങിച്ചെന്നു വെള്ളം പിടിക്കും. വെള്ളത്തിന്റെ ഒഴുക്ക് ഒരു നൂലിന്റെ രൂപമാകാന്‍ അധികം താമസം കാണില്ല അപ്പോഴേക്കും. ഞങ്ങൾക്കു പാചകം എന്ന കലാപരിപാടി അനാവശ്യമായിരുന്നതിനാൽ അത്ര തിരക്കില്ല. പിന്നെ കുളി.... അതിന്റെ കാര്യം നേരത്തെ പറഞ്ഞതാണല്ലൊ.

ഇതിലെന്തു കഥ എന്നു മാന്യവായനക്കാർ ചിന്തിക്കാൻ വരട്ടെ. ആദ്യമേ പറഞ്ഞല്ലൊ, ഇതു വെറും ബാക്ക്ഗ്രൗണ്ട്‌.... കഥ വരുന്നേയുള്ളു.

ഇത്രയും പറഞ്ഞത്‌ വിജയഭാസ്കർ എന്ന ചരിത്രപുരുഷനെ പരിചയപ്പെടുത്താനാണ്‌. തൽക്കാലം സൗകര്യത്തിനായി നമുക്കവനെ പാക്കരൻ എന്നു വിളിക്കാം. (സൗകര്യത്തിനു എന്നു പറഞ്ഞുവെന്നേയുള്ളു, അനാദികാലം മുതൽ അവനും അവനേപ്പോലുള്ള ഭാസ്കരന്മാരും കേൾക്കുന്നതാണ്‌ പാക്കരോ എന്ന വിളി)

പാക്കരൻ എന്റെ കലാലയസുഹൃത്താണ്‌. എഞ്ചിനീയറിങ്ങിനു പഠിക്കുന്പോള്‍ ഉള്ള സഹപാഠി.

സാധാരണഗതിയിൽ വഴിയിൽ വെച്ചു കണ്ടാൽ ഓർമ്മിക്കാൻ തക്ക താരപരിവേഷമൊന്നുമില്ലാത്ത സാധാരണക്കാരൻ. ദൃഷ്ടിദോഷം കാരണം കാലം ഏല്‍പ്പിച്ച മുറിപ്പാടിന്റെ യാതന അവന്റെ മുഖത്ത് നോക്കിയാലറിയാം. (മനസിലായില്ലല്ലെ.... നല്ലൊരു കട്ടിക്കണ്ണട ഉണ്ട്‌ അവന്‌, അതിന്റെ പാട്‌ മൂക്കിൽ കാണാം)

പക്ഷെ ഒരിക്കൽ പരിചയപ്പെട്ടാൽ, സൗഹൃദമായാൽ, ഒരുവിധം ജനമൊന്നും അവനെ അത്ര പെട്ടെന്ന് മറക്കില്ല, മറക്കാൻ അവൻ അനുവദിക്കുകയുമില്ല. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ ഒരു സ്പെഷൽ സിദ്ധി ഉണ്ടായിരുന്നു അവന്‌. എനിക്കൊക്കെ മൊത്തം ജീവിതത്തിൽ അറിയാവുന്നതിൽ കൂടുതൽ കൂട്ടുകാർ അവന്‌ പാലക്കാട്ടെ മൂത്താന്തറയിൽ തന്നെ ഉണ്ട്‌.

ഭാഷ തനി പാലക്കാടനാണ്‌. അതെഴുതി ഫലിപ്പിക്കാൻ ഇത്തിരി പാടാണ്‌, ശ്രമിക്കാം എന്നേ പറയാനാവൂ. സാക്ഷാൽ ഓ വി വിജയൻ എഴുതിയിട്ടുപോലും ഒരു പാലക്കാടനല്ലാതെ ആ ഭാഷ ശരിക്കു മനസിലാക്കി രസിച്ചു വായിക്കാനാവില്ല, പിന്നല്ലേ ഞാൻ.

എഞ്ചിനീയറിങ്ങ്‌ കഴിഞ്ഞ്‌ രണ്ടുവർഷമായിട്ടും ഒരു ജോലി സന്പാദിക്കാന്‍ അവന്‌ കഴിഞ്ഞില്ല. ഒരുവർഷം പാലക്കാട്ടെ ഒരു പൊതുമേഖലാസ്ഥാപനത്തിൽ അപ്രന്റീസ്‌ ആയി ജോലി ചെയ്തതും അൽപം ഒറാക്കിൾ പരിജ്ഞാനവുമായാണ്‌ പാക്കരൻ ബാംഗ്ലൂരിലേക്ക്‌ വണ്ടികയറിയത്‌. കുറച്ചു ദിവസം ബാംഗ്ലൂരിൽ ഭാഗ്യം പരീക്ഷിക്കാം എന്ന ചിന്തയുമായാണ്‌ പാക്കരന്റെ ബാംഗ്ലൂർ ആഗമനം. സ്വാഭാവികമായും, താമസം ഞങ്ങളുടെ കൂടെ. അവിടെ അവന്‌ വേറെ ആരെയും പരിചയമില്ല. അവിടെയാകട്ടെ ഞാൻ ജോലി എന്നു പറയാൻ മാത്രമുള്ള ഒന്നും കയ്യിലില്ലാതെ ദിലീപിന്റെ സഹായത്താൽ ഒപ്പിച്ചു കൂടുന്നു. നല്ല ബെസ്റ്റ്‌ ഉരലും മദ്ദളവും.

ഈ വെള്ളം പിടിയും പാക്കരനും തമ്മിൽ എന്തു ബന്ധം? അതു പറയണമെങ്കിൽ പാക്കരന്റെ മറ്റൊരു സവിശേഷത കൂടി പറയണം.

കിടന്നാലുടനെ ഉറങ്ങാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്‌.
ഈ ഭാഗ്യം വേണ്ടുവോളം കോരിച്ചൊരിയപ്പെട്ട ഒരു അസുലഭമനുഷ്യനാണ്‌ നമ്മുടെ പാക്കരൻ. ഞാനും ദിലീപും അക്കാര്യത്തിൽ വളരെ നിർഭാഗ്യവാന്മാർ ആയിരുന്നു.

ദിവസേനയെന്നോണം നടന്നിരുന്ന ഒരു സംഭവശ്രേണി പറയാം, പാക്കരന്റെ ഉറക്കത്തിനു ഉദാഹരണമായിട്ട്‌.

കിടക്കാൻ നേരം അൽപം വായനയോ കത്തിയോ ആയി കുറച്ച്‌ സമയം ചിലവഴിക്കൽ എന്റെയും ദിലീപിന്റെയും ഒരു സ്വഭാവമാണ്‌. കിടന്നാൽ ഉറക്കം വരാൻ ഒരുപാട്‌ സമയമെടുക്കും എന്നതും ഇതിനൊരു കാരണമായിരുന്നു.

ഇടയ്ക്ക്‌ ഞങ്ങളൊന്നു വിളിക്കും.... പാക്കരാ....

അവിടുന്നു മറുപടിയും കിട്ടും... വോ വോ.... ഞാ ഒർങ്ങീട്ടില്ല......

ഒരുമിനിറ്റ്‌ കഴിഞ്ഞ്‌ ഒരു വിളി കൂടി.... പാക്കരാ....

നയൻ ഔട്ട്‌ ഓഫ്‌ ടെൻ...... മറുപടി കാണില്ല.

പരിപൂർണ്ണ ബോധത്തിൽ നിന്നും ഉറക്കത്തിലേക്ക്‌ മാറാൻ അവനു ഇത്ര സമയം മതി.
ഞങ്ങൾ അസൂയയോടെ അവനെ നോക്കും, അല്ലാതെന്തു ചെയ്യാൻ.

ഇനിയാണു വെള്ളം പിടി.

അതിരാവിലെ എഴുന്നേൽക്കുന്ന കാര്യം പറഞ്ഞല്ലൊ. അടുത്ത വീട്ടുകാർ വന്നു വാതിലിൽ തട്ടിയാണു ഞങ്ങളെ വിളിക്കാറ്‌. അതുതന്നെ നല്ലൊരു ശബ്ദത്തിലാണു തട്ടൽ.
ഞങ്ങൾ എഴുന്നേറ്റ്‌ രണ്ട്‌ ബക്കറ്റുമായി ചെന്നു പൈപ്പിനുകീഴിൽ വെച്ച്‌ വെള്ളം നിറയ്ക്കും. തിരിച്ചു വന്നു കുളിമുറിയിലെ സിമന്റ്‌ തൊട്ടിയിൽ ഒഴിക്കും. ഒരു പത്തിരുപതു ബക്കറ്റ്‌ വെള്ളം കൊണ്ടേ ടാങ്ക്‌ നിറയൂ. അതു ടാങ്ക്‌ അത്ര വലുതായതിനാലല്ല, ബക്കറ്റിന്റെ വലിപ്പം അത്രയേ ഉള്ളു എന്നതിനാലാണ്‌.

ഇതിനും അസാരം ശബ്ദമുണ്ട്‌. ബക്കറ്റിന്റെ തട്ടലും മുട്ടലും, വെള്ളം ഒഴിക്കുന്നതിന്റെ ശബ്ദം, ഇടയ്ക്കിടെ ഞങ്ങളുടെ സംസാരം.... ആകെ കോലാഹലം. ഒരുവിധം അയൽക്കാരൊക്കെ ഈ ശബ്ദം കൊണ്ടുമാത്രം ഉണരും.

നമ്മുടെ പാക്കരനു മാത്രം ഒരു കുലുക്കവുമില്ല. ആശാൻ നല്ല സുഖമായി തന്നെ തന്റെ ഉറക്കം തുടരും. ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോട്ടെ എന്നു കരുതി ഞങ്ങൾ വിളിക്കില്ല, എന്നാൽ ഉണരുന്നെങ്കിൽ ഉണർന്നോട്ടെ എന്ന ചിന്തയിൽ പരമാവധി ശബ്ദമുണ്ടാക്കുകയും ചെയ്യും.

ങ്ങേഹെ...... പാക്കരന്റെ ഉറക്കം അനുസ്യൂതം തുടരും.

രാവിലെ കിഴക്ക്‌ വെള്ള കീറി കംപ്ലീറ്റ്‌ നാശകോടാലി ആയിക്കഴിഞ്ഞാലേ പാക്കരന്റെ ഉറക്കം തീരൂ. ഞങ്ങളുടെ തത്രപ്പാടിന്റെ കാര്യം അവനറിയാം. അതിനാൽ സഹായിക്കാനായില്ലല്ലൊ എന്ന നിരാശയിൽ അവൻ പറയും.

അയ്യേ.... ഞാൻ അർഞ്ഞും കൂടി ഇല്ല. എന്താണ്ടാ... വിൾക്കാർന്നില്ലേ

ഹാവൂ... ഇത്ര ശബ്ദമുണ്ടാക്കിയിട്ടും എഴുന്നേൽക്കാത്ത പാക്കരനല്ലെ പാക്കരാ എന്ന ഒറ്റ വിളിക്ക്‌ എഴുന്നേൽക്കുന്നത്‌.... അല്ലപിന്നെ.

പാക്കരന്റെ വിശേഷങ്ങൾ ഇനിയുമുണ്ട്‌.

ഒരുദിവസം ഉച്ചയ്ക്ക്‌ ജോലിതെണ്ടൽ കഴിഞ്ഞു വന്ന പാക്കരൻ അതിഗംഭീരമായൊരു താത്വികസംശയം ചോദിച്ചു.

ഡാ... ഇന്ന് അയ്‌ ഹോട്ടൽ-ല്‌ ഊണു കഴ്ഞ്ഞപ്പളെയ്‌ ഒരു പാത്രത്തില്‌ ചുടുവെള്ളൂം നാരങ്ങേം കൊണ്ടുവെച്ചെഡാ.... അതെന്തിനാണ്ടാ???

അന്ന് ഞാനും ദിലീപും ചിരിച്ചതിനു കണക്കില്ല.

പാക്കരൻ അവന്റെ കട്ടിക്കണ്ണടയ്ക്കിടയിലൂടെ ഞങ്ങളെ കൂടുതൽ തുറിച്ചുനോക്കി. (അവൻ സാധാരണരീതിയിൽ നോക്കിയാലും തുറിച്ചുനോട്ടം ആയേ തോന്നൂ, അതിനാലാണു കൂടുതൽ തുറിച്ചുനോക്കി എന്നു പറയേണ്ടിവരുന്നത്‌)

ഒരു പൊതുവിജ്ഞാനം - ബാംഗ്ലൂരിൽ ചെറിയ ഹോട്ടലുകളിൽ പോലും ഫിംഗർബൗൾ എന്നറിയപ്പെടുന്ന "ചുടുവെള്ളൂം നാരങ്ങേം" കിട്ടും.

അന്നു തുറിച്ചു നോക്കിയ പാക്കരനെ എന്റെ വിവാഹശേഷം ആദ്യമായി കാണുന്പോള്‍ കത്തിയും മുള്ളും എങ്ങിനെയാണ്‌ ഉപയോഗിക്കേണ്ടത്‌ എന്ന് എന്നെയും എന്റെ സഹധർമ്മിണിയേയും പഠിപ്പിച്ചു എന്നത്‌ ആ നല്ല സുഹൃത്തിന്റെ പുരോഗതി എത്രയെന്ന് മനസിലാക്കാൻ നമ്മെ സഹായിക്കും.

ഏതൊരു ക്വാളിഫൈഡ്‌ മലയാളിയേയും പോലെ പാക്കരനും ബാംഗ്ലൂരിൽ എത്തിയത്‌ ഒരു ജോലി അന്വേഷിച്ചു തന്നെയായിരുന്നു. രണ്ടാഴ്ചത്തെ ബാംഗ്ലൂർ വാസം അവന്റെ ശുഭപ്രതീക്ഷകളെ തല്ലിക്കെടുത്തിയോ എന്നറിയില്ല.
ഏതായാലും അധികം വൈകാതെ അവൻ ബാംഗ്ലൂരിലെ തെണ്ടൽ അവസാനിപ്പിച്ച്‌ ബോംബേയ്ക്ക്‌ വണ്ടികയറി.

ആകസ്മികമാവാം, ഞങ്ങൾ ആ വീട്ടിൽ നിന്നും മാറി മറ്റൊരു വീട്ടിലേക്കു താമസം മാറ്റുന്ന ദിവസം തന്നെയായിരുന്നു അവൻ ബാംഗ്ലൂർ വിടാൻ തീരുമാനിച്ചത്‌.

ബാംഗ്ലൂർ വിടുന്പോള്‍ അവന്റെ പേഴ്സ്‌ സമകാലീനമായിരുന്നു, എന്നു വെച്ചാൽ കാലിയായതിനു സമമായിരുന്നു. കയ്യിൽ കാര്യമായി കാശൊന്നും നീക്കിയിരിപ്പില്ലായിരുന്നു അവന്‌. ഞാൻ എന്റെ കയ്യിലുള്ള 500 രൂപ അവനു കൊടുത്തു.

(വർഷങ്ങൾക്കു ശേഷം അവൻ ഒരിക്കൽ വീട്ടിൽ വന്നപ്പോൾ എന്നോട്‌ ചോദിച്ചു
എടാ.... നിന്റേല്‌ ഒരു പത്തുർപ്പ്യ ണ്ടോ
ഞാൻ ഒരു പത്തുരൂപ അവനു കൊടുത്തു.
തിരിച്ചവൻ 500 രൂപ എന്റെ കയ്യിൽ തന്നിട്ടു പറഞ്ഞു
ദൊരു വെറും കടം വീട്ടൽ ആയി കാണാണ്ടിരിക്കാനാ ഞാൻ നിന്റേന്ന് പത്തുർപ്പ്യ വാങ്ങീത്‌)

********************************************************************
ഇതുവരെ സമൂഹത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ പാടുപെടുന്ന ഒരു പാവത്തിനേയാണ്‌ നാം കണ്ടത്‌.

പാക്കരന്റെ ബാക്കി കഥയുമായി വീണ്ടും വരാം,

അപ്പോ.... പണ്ടു എംജിയാറു പറഞ്ഞതുപോലെ

വീണ്ടും സന്തിക്കും വരൈ..... വണക്കം.

ലാലേട്ടൻ പറഞ്ഞതുപോലെ

ഗോ ടു യുവർ ക്ലാസസ്‌

10 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു:

Anonymous July 3, 2009 at 5:14 PM  

സുഹൃത്ത്‌ ബന്ധങ്ങള്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്.. അത് നന്നായി അവതരിപ്പിച്ചിരിക്കുന്നു..

അനില്‍@ബ്ലോഗ് // anil July 3, 2009 at 11:45 PM  

അപ്പൂട്ടാ,
സുഹൃത്തുക്കളെക്കുറിച്ച് എഴുതാനും പറയാനും ഒരുപാടുണ്ടാവും, അവരേക്കുറിച്ചേ ഉണ്ടാവൂ.

സത്യത്തില്‍ എന്താ ഈ ചൂടുവെള്ളവും നാരങ്ങയും?
:)

Sabu Kottotty July 4, 2009 at 10:34 PM  

ഇതിനെയാണു ചങ്ങാതിക്കൂട്ടം ചങ്ങാതിക്കൂട്ടം എന്നു പറയുന്നത്

Junaid | ജുനൈദ് July 5, 2009 at 10:04 AM  

നല്ല വിവരണം. :)

ശ്രീ July 5, 2009 at 2:04 PM  

കൊള്ളാം

വാഴക്കോടന്‍ ‍// vazhakodan July 6, 2009 at 11:33 AM  

ചങ്ങാതിക്കൂട്ടം കൊള്ളാം :)

Unknown July 7, 2009 at 12:10 PM  

ദൃഷ്ടിദോഷം കാരണം കാലം ഏല്പ്പിച്ച മുറിപ്പാടിന്റെ യാതന അവന്റെ മുഖത്ത് നോക്കിയാലറിയാം. (മനസിലായില്ലല്ലെ.... നല്ലൊരു കട്ടിക്കണ്ണട ഉണ്ട് അവന്, അതിന്റെ പാട് മൂക്കിൽ കാണാം)

ഒരു പത്തിരുപതു ബക്കറ്റ് വെള്ളം കൊണ്ടേ ടാങ്ക് നിറയൂ. അതു ടാങ്ക് അത്ര വലുതായതിനാലല്ല, ബക്കറ്റിന്റെ വലിപ്പം അത്രയേ ഉള്ളു എന്നതിനാലാണ്.

ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോട്ടെ എന്നു കരുതി ഞങ്ങൾ വിളിക്കില്ല, എന്നാൽ ഉണരുന്നെങ്കിൽ ഉണർന്നോട്ടെ എന്ന ചിന്തയിൽ പരമാവധി ശബ്ദമുണ്ടാക്കുകയും ചെയ്യും.

ബാംഗ്ലൂർ വിടുന്പോള് അവന്റെ പേഴ്സ് സമകാലീനമായിരുന്നു, എന്നു വെച്ചാൽ കാലിയായതിനു സമമായിരുന്നു

Superbbbb !!!!! :)

അപ്പൂട്ടൻ July 8, 2009 at 3:03 PM  

സത, കൊട്ടോട്ടിക്കാരൻ, ജുനൈദ്‌, ശ്രീ, വാഴക്കോടൻ
നന്ദി. എഴുതിയത്‌ നിങ്ങൾക്കെല്ലാം ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം.
സഞ്ജു,
ഇത്തവണ ഞാൻ താങ്കളെ നിരാശപ്പെടുത്തിയില്ലല്ലെ.... സമാധാനം. കമന്റിനു സ്പെഷൽ ആയി ഒരു നന്ദിയുണ്ട്‌.
അനിൽ,
ആദ്യം നന്ദിപ്രകടനം, പിന്നീടാവട്ടെ യോഗം.
ബാംഗ്ലൂരിൽ പല ഹോട്ടലുകളിലും ഫിംഗർബൗൾ എന്നറിയപ്പെടുന്ന ഒരു സാധനം കിട്ടും ശാപ്പാടിനുശേഷം. ഒരു ബൗളിൽ കുറച്ചു ചൂടുവെള്ളവും ഒരു കഷ്ണം നാരങ്ങയും.
വാഷ്ബേസിൻ കണ്ടുപിടിച്ച്‌ കൈ കഴുകാൻ മടിയുള്ളവർക്ക്‌ (കയ്യിൽ അത്രയുമേ ഭക്ഷണം പുരണ്ടിട്ടുള്ളുവെങ്കിൽ) ഇതിൽ കൈ കഴുകാം. നാരങ്ങയുള്ളതിനാൽ അത്യാവശ്യം മസാലമണം ഒഴിവാക്കുകയും ചെയ്യാം. ഇതിൽ കൈകഴുകി ടിഷ്യൂപേപ്പറിൽ കൈ തുടച്ച്‌ കൈകഴുകി എന്നു വരുത്തുന്നവർ ബാംഗ്ലൂരിൽ ധാരാളം കാണാം. വായകഴുകുന്നതിനുപകരമായി അവസാനം കുറച്ചു വെള്ളം കുടിക്കുകയും ചെയ്താൽ സംഗതി ഓക്കെ.
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത, ആത്മബന്ധം ഉള്ള ചങ്ങാതിമാർ പൊതുവെ കുറവായിരിക്കും, പലർക്കും. അനിൽ പറഞ്ഞതുപോലെ എഴുതാൻ ധാരാളം ഇവരുടെ കാര്യത്തിൽ ഉണ്ടാവുകയും ചെയ്യും.
ഇതിന്റെ ബാക്കിഭാഗം എഴുതുന്നുണ്ട്‌. അതുകൂടി വായിക്കുമന്നു പ്രതീക്ഷിക്കുന്നു.

Faizal Kondotty July 9, 2009 at 3:26 AM  

Nice way of expression

അഹം അംശി July 11, 2009 at 1:03 AM  

ജീവിതതിലെ എല്ല കാലങളും നല്ലതും, ഒരോന്നിനും അതിന്റെതായ സവിഷെശതകളും ഉണ്ട്.
എന്നല്ലും bachelor life ഒരു പ്രെത്യേക കാലം ആണ്. അതിന്റെ ഓർമക്കൾ ഒരിക്കലും മറക്കുകയുമില്ല ഒരാളും!
ഇത് വായിചിട്ട്, എന്റെ മനസിലും ഈ ഒരു ആശയം കയറി കൂടിയൊ എന്നൊരു സംശയം ഇല്ലാതില്ല.