ഞാനെന്ന ചിത്രകാരൻ
അയ്യോ, തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കല്ലേ.... ചിത്രകാരനെന്ന ബ്ലോഗർ ഞാനല്ല.
ചിത്രകാരനെന്ന ബ്ലോഗറെ ഞാൻ കണ്ടിട്ടുണ്ട്, ചെറായി മീറ്റിൽ വെച്ച്, അതല്ലാതെ ചിത്രകാരനെക്കുറിച്ച് എനിക്കൊരു രൂപവുമില്ല.
ചിത്രകാരനെന്ന ബ്ലോഗറുടെ ബ്ലോഗുകൾ/കമന്റുകൾ പലതും വായിച്ചിട്ടുണ്ട്. അതല്ലാതെ ചിത്രകാരന്റെ മനോവ്യാപാരങ്ങളെക്കുറിച്ച് എനിക്കധികം അറിയില്ല.
ചിത്രകാരന്റെ ഒരു പോസ്റ്റിൽ പണ്ടെങ്ങാണ്ടോ ഞാനൊരു കമന്റിട്ടിട്ടുണ്ട്, അതല്ലാതെ അദ്ദേഹവുമായി എനിക്കൊരു ബന്ധവുമില്ല.
ചിത്രകാരന്റെ ബ്ലോഗിൽ എന്റെ ബ്ലോഗിന്റെ പേര് കണ്ടിട്ടുണ്ട്, അതല്ലാതെ ചിത്രകാരന് എന്നെ കൂടുതൽ അറിയുമെന്ന് ഞാൻ കരുതുന്നുമില്ല.
ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടുമല്ല.
എന്റെ ചിത്രരചനാപാടവത്തെക്കുറിച്ച് പറയാനും, ആ സിദ്ധി കാരണം ലോകത്തിനു സംഭവിച്ച ചരിത്രവ്യതിയാനവുമാണ് ഞാൻ ഇവിടെ പറയാൻ തുടങ്ങുന്നത്.
പടം വരപ്പിനുള്ള എന്റെ കഴിവ് എന്റെ സുഹൃത്തുക്കൾക്കിടയിൽ പ്രശസ്തമാണ്. ചപ്പാത്തി പരത്തുമ്പോൾ മാത്രമല്ല, ഇന്ത്യയുടെ ഭൂപടം വരയ്ക്കുന്പോഴും ഇത് ആഫ്രിക്കയുടെ പടമല്ലേ എന്ന് നാട്ടുകാർ ചോദിക്കും, അത്ര ഗംഭീരമാണ് എന്റെ ഈ മേഖലയിലെ കഴിവുകൾ.
പേരിനൊപ്പം ചിത്രൻ എന്നുകൂടി ഉണ്ട് എന്നതാണ് ചിത്രവുമായി എനിക്കുള്ള ബന്ധം.
ചിത്രൻ എന്നത് അച്ഛന്റെ പേരാണ്, അച്ഛൻ സാമാന്യം നന്നായി ചിത്രം വരയ്ക്കും. അച്ഛന്റെ ഇളയസഹോദരൻ അതീവ കഴിവുള്ള ഒരു ചിത്രകാരനായിരുന്നുവത്രെ.
ഈ പാരന്പര്യമൊക്കെ അവകാശപ്പെടാമെങ്കിലും പടം വര വാസ് ബിയോണ്ട് മീ.
ചിത്രൻ എന്നത് അച്ഛന്റെ പേരാണ്, അച്ഛൻ സാമാന്യം നന്നായി ചിത്രം വരയ്ക്കും. അച്ഛന്റെ ഇളയസഹോദരൻ അതീവ കഴിവുള്ള ഒരു ചിത്രകാരനായിരുന്നുവത്രെ.
ഈ പാരന്പര്യമൊക്കെ അവകാശപ്പെടാമെങ്കിലും പടം വര വാസ് ബിയോണ്ട് മീ.
അതിനാൽ ഒരു ജാഡയ്ക്ക് പറയും, എന്റെ ചിത്രങ്ങൾ എന്റെ മനസിൽ മാത്രമേ ഉള്ളു, അതാരും കണ്ടിട്ടില്ല എന്ന്.
എന്റെ ഈ സിദ്ധി കൂടിയതിനാൽ ലോകത്തിന് എന്താണ് നഷ്ടപ്പെട്ടത്? ഒന്നുമില്ല എന്ന് നിങ്ങൾക്ക് തോന്നാം, പക്ഷെ ......
നഷ്ടം വൈദ്യലോകത്തിനാണ്. എന്റെ ചിത്രരചനാപാടവം മൂലം ലോകത്തിന് നഷ്ടമായത് ഒരു ഡോക്ടറെ ആണ്.
കുട്ടിക്കാലത്ത് ഞാൻ ഏറെ ആരാധനയോടെ കണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു വടക്കന്തറ (പാലക്കാട്ടെ ഒരു അഗ്രഹാരം) താമസിച്ചിരുന്ന നാരായണൻ ഡോക്ടർ. സാമാന്യം ആരോഗ്യം ഉണ്ടായിരുന്നതിനാൽ (കളി പറയുകയല്ല, എനിക്കത്രപെട്ടെന്നൊന്നും അസുഖങ്ങൾ വരാറില്ല) ഡോക്ടറെ കാണേണ്ട ആവശ്യം കുറവായിരുന്നു, പക്ഷെ എങ്ങാനും പനി പിടിച്ചാൽ പിന്നെ കാര്യം പോക്കാണ്. പനി വന്ന് വല്ലാതെ ക്ഷീണിതനാകുന്പോള്‍ അച്ഛൻ എന്നെ ഡോക്ടറെ കാണിക്കും. ഡോക്ടറെ കണ്ട് ഒന്നുരണ്ട് ദിവസം മരുന്നു കഴിച്ചാൽ പനി അശേഷം മാറുകയും ചെയ്യും. ഡോക്ടറെ കാണുന്നത് അത്രയും പരിതാപകരമായ അവസ്ഥയിലായിരുന്നതിനാൽ സ്വാഭാവികമായും പനി മാറ്റുന്ന ഡോക്ടറെ ഞാൻ ഇഷ്ടപ്പെട്ടു, വലുതായാൽ ഞാനും ഒരു ഡോക്ടറാകും എന്ന് തീരുമാനിച്ചു.
ഇതുകൂടാതെ മറ്റൊരാകർഷണം കൂടി ഉണ്ടായിരുന്നു ഡോക്ടർ ആകുന്നതിൽ. എന്റെ കൂടെ പഠിച്ചിരുന്ന ഷാഹുൽ ഹമീദിന്റെ അച്ഛൻ ഒരു പ്രശസ്തഡോക്ടർ ആയിരുന്നു. ഒരിക്കൽ അവൻ പറഞ്ഞുകേട്ടിട്ടുണ്ട്, അവന്റെ അച്ഛൻ ഒരുദിവസം ആയിരം രൂപ സന്പാദിക്കുമെന്ന് (ഇതിനൊരു കാൽ നൂറ്റാണ്ടിലധികം പഴക്കമുണ്ട്, അന്ന് ആയിരം രൂപ വലിയൊരു സംഖ്യ തന്നെയായിരുന്നു). ഒരു ഡോക്ടർക്ക് നല്ലവണ്ണം പണം സന്പാദിക്കാനും കഴിയും എന്ന് ഞാൻ മനസിലാക്കിയിരുന്നു.
പത്താം ക്ലാസിലെത്തിയപ്പോഴേക്കും ഡോക്ടറാകണം എന്ന മോഹം വല്ലാതെ ഉണ്ടായിരുന്നു. കണക്കിൽ മിടുക്കനായിരുന്നു ഞാൻ, ബയോളജിയിൽ സാമാന്യം മോശവും (ബയോളജി ഒരു കണക്കാണെന്ന് പറയാം).
എന്നാലും മോഹം മോഹം തന്നെയല്ലെ...... എന്ത് ബുദ്ധിമുട്ട് സഹിച്ചാലും ഡോക്ടറായേ തീരൂ.
പത്താം ക്ലാസ് കഴിഞ്ഞാൽ പ്രീഡിഗ്രിക്ക് ഏതു ഗ്രൂപ്പ് എടുക്കണം എന്ന കാര്യത്തിൽ സംശയമേയുണ്ടായിരുന്നില്ല. സെക്കന്റ് ഗ്രൂപ്പ് തന്നെ.(ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയാണ് സെക്കന്റ് ഗ്രൂപ്പിലെ വിഷയങ്ങൾ. ഫസ്റ്റ് ഗ്രൂപ്പിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്).
*******************************************************
ഞാൻ പത്താം ക്ലാസിലെത്തിയപ്പോഴാണ് എന്റെ കസിൻ സജിത് (സജിയേട്ടൻ) ഞങ്ങളുടെ വീട്ടിൽ താമസിച്ച് കോളേജിൽ പോയിത്തുടങ്ങിയത്. അന്ന് സജിയേട്ടൻ പ്രീഡിഗ്രിക്ക് (ഫൈനൽ ഇയർ) പഠിക്കുകയാണ്. സജിയേട്ടനും സെക്കന്റ് ഗ്രൂപ്പ് എടുത്താണ് പഠിക്കുന്നത്.
ഇടയ്ക്കിടെ പാറ്റ (കൂറ എന്ന് വടക്കുള്ളവർ പറയും), മണ്ണിര, തവള തുടങ്ങിയവയെ പിടിച്ച് കീറും, ലാബിലെ പരീക്ഷണങ്ങളുടെ ഹോംവർക്ക്. (പാറ്റയേയും മണ്ണിരയേയുമൊക്കെ കൈകൊണ്ട് പിടിക്കാൻ അറപ്പില്ലാത്ത അന്നാട്ടിലെ ഏകവ്യക്തി ഞാനായിരുന്നു).
കൊല്ലുന്ന പരിപാടി അത്ര സുഖിച്ചില്ലെങ്കിലും ശാസ്ത്രീയവിശകലനം ക്ഷ പിടിച്ചു. ഒന്നുരണ്ടുകൊല്ലം കഴിഞ്ഞാൽ ഞാനും ഈ പരിപാടി ചെയ്യും എന്നോർത്ത് ഞാൻ എന്റെ മനസിനെ പാകപ്പെടുത്തിവെച്ചു.
ചരിത്രവ്യതിയാനത്തിന്റെ കഥ ഇവിടെ തുടങ്ങുന്നു.
അച്ഛന് അത്യാവശ്യം വീട് കോൺട്രാക്റ്റ് പണി ഉണ്ടായിരുന്നു. പാലക്കാട്ട് കുറേ വീടുകൾ അച്ഛൻ നിർമ്മിച്ചതായുണ്ട്. വീടുകളുടെ പ്ലാൻ വരയ്ക്കുന്നതും അച്ഛൻ തന്നെയാണ്. പ്ലാൻ വരയ്ക്കാനായി ധാരാളം അമോണിയ പേപ്പറും ട്രേസിങ്ങ് പേപ്പറും വീട്ടിൽ ഉണ്ടാകും, എപ്പോഴും. ട്രേസിങ്ങ് പേപ്പർ എന്നത് ഒരു സുതാര്യമായ പേപ്പർ ആണ്. ഏതെങ്കിലും പുസ്തകത്തിന്റെ മുകളിൽ വെച്ചാൽ എഴുത്തുകളും ചിത്രങ്ങളും ഒക്കെ തെളിഞ്ഞ് കാണാം. പ്ലാനിൽ ചെറിയ തിരുത്തലുകൾ വേണ്ടിവരുന്പോള്‍ പഴയത് വരച്ചെടുക്കാനാണ് ഈ ട്രേസിങ്ങ് പേപ്പർ ഉപയോഗിക്കുന്നത്.
ഇത്രയുമാണ് ബാക്ക്ഗ്രൗണ്ട്.
ഒരുദിവസം ഞാൻ സജിയേട്ടന്റെ പഠനമേശയുടെ മുകളിൽ ട്രേസിങ്ങ് പേപ്പർ കിടക്കുന്നതുകണ്ടു. ചെറിയൊരു കൗതുകത്തോടെ ചെന്നുനോക്കിയപ്പോൾ കണ്ടത് ഒരു തവളയുടെ ചിത്രമാണ്. സാമാന്യം നന്നായിത്തന്നെ വരച്ചിട്ടുണ്ട്. (എട ഭയങ്കരാ, ങ്ങളിത്രേം മഹാനാണെന്ന് ഞാനറിഞ്ഞില്ല).
പക്ഷെ ട്രേസിങ്ങ് പേപ്പറിൽ വരച്ചതെന്തിന് എന്ന് എനിക്ക് പിടികിട്ടിയില്ല.
പിന്നീടൊരുദിവസം......
സജിയേട്ടൻ ട്രേസിങ്ങ് പേപ്പറിൽ വരയ്ക്കുന്നതെന്തിന് എന്ന് ഞാൻ കണ്ടുപിടിച്ചു. ചരിത്രം മാറിയത് അന്നാണ്.
ഈ പടങ്ങളെല്ലാം വരയ്ക്കേണ്ടത് ബയോളജി റെക്കോഡ് ബുക്കിലാണ്. സജിയേട്ടന്റെ വര അതിഗംഭീരമായിരുന്നതിനാൽ (ഇവിടേം കാണാം ആഫ്രിക്ക) സജിയേട്ടൻ കണ്ടുപിടിച്ച എളുപ്പവഴിയാണ് ട്രേസിങ്ങ് പേപ്പർ വഴിയുള്ള വര.
സജിയേട്ടന്റെ കൂടെ പഠിച്ചിരുന്ന ജവഹർ നന്നായി വരയ്ക്കും. തവള തവളയായിത്തന്നെ കാണുമെന്നർത്ഥം, അത്യാവശ്യം ഷേഡിങ്ങും ഒക്കെ കഴിഞ്ഞാൽ തവളയ്ക്ക് ജീവനില്ല എന്നൊരു കുറവ് മാത്രമേ കാണാനാവൂ.
സജിയേട്ടൻ ജവഹറിന്റെ റെക്കോഡ് ബുക്ക് കടം വാങ്ങും. വീട്ടിൽ വന്നിരുന്ന് ഓരോ പടത്തിനുമുകളിലും ട്രേസിങ്ങ് പേപ്പർ വെച്ച് പകർത്തിയെടുക്കും. പിന്നീട് ട്രേസിങ്ങ് പേപ്പർ സ്വന്തം റെക്കോഡ് ബുക്കിൽ വെച്ച് അമർത്തിവരയ്ക്കും, അങ്ങിനെ ഒരു ഔട്‌ലൈൻ ഉണ്ടാക്കും. പിന്നീട് പെൻസിൽ ഉപയോഗിച്ച് വര മുഴുമിക്കും. ഒറിജിനലിന്റെ ഭംഗി ഇല്ലെങ്കിലും സാമാന്യം നല്ല ഒരു ചിത്രം സജിയേട്ടന്റെ സ്വന്തം.
ഈ സംഭവം ലോകത്ത് ആർക്കും ഒരു ചലനവും സൃഷ്ടിച്ചില്ല. പക്ഷെ ആശങ്കാഭരിതനായൊരു പത്താംക്ലാസുകാരൻ ഉണ്ടായിരുന്നു ഇതിന്റെ ഇരയായി.
ഞാനെന്ന ചിത്രകാരൻ
സെക്കന്റ് ഗ്രൂപ്പ് എടുത്താൽ ഇത്രയധികം വരയ്ക്കേണ്ടിവരും എന്നത് എനിക്കൊരു പുതിയ അറിവായിരുന്നു, ഭയപ്പെടുത്തുന്നതും. അല്ലെങ്കിൽത്തന്നെ ബയോളജിയിലെ ചില്ലറ ചിത്രങ്ങൾ തന്നെ വരയ്ക്കാൻ പാടുപെടുന്ന ഞാൻ സെക്കന്റ് ഗ്രൂപ്പെടുത്ത് പ്രീഡിഗ്രിക്ക് ചേർന്നാൽ എന്തുചെയ്യും? എന്റെ പടംവര കണ്ട് ഒരു ടീച്ചറും എന്നെ പാസാക്കില്ല എന്ന അറിവ് നേരത്തെ ഉണ്ട്, അപ്പോൾ പ്രീഡിഗ്രി പാസാവണമെങ്കിൽ .....
അന്നു തീരുമാനിച്ചു.
സെക്കന്റ് ഗ്രൂപ്പ് വേണ്ട. ഡോക്ടർ ആയില്ലെങ്കിലും വേണ്ടില്ല, വരയ്ക്കാനും അതിന്റെ പേരിൽ തോൽക്കാനും വയ്യ.
ഇഷ്ടവിഷയമായ കണക്കുമായി മുന്നോട്ടുപോകാൻ തന്നെ ഞാൻ തീരുമാനിച്ചു.
പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പെടുത്തു, പിന്നീട് എഞ്ചിനീയറിങ്ങിന് ചേർന്നു, എഞ്ചിനീയർ എന്ന ആ പറഞ്ഞ സാധനം ആയിത്തീർന്നു.
അങ്ങിനെ വൈദ്യശാസ്ത്രത്തിന് ഒരു ബുദ്ധിമാനായ, സഹൃദയനായ, മനസലിവുള്ള ഡോക്ടറെ നഷ്ടപ്പെട്ടു.
ആയില്ലല്ലൊ, അപ്പോൾ എന്തും പറയാം
എപ്പിലോഗ്
- ഏതാണ്ട് ഒന്നര വർഷം മുൻപ് എന്റെ മകനെ കാണിക്കാൻ ഞാൻ നാരായണൻ ഡോക്ടറുടെ അടുത്ത് പോയി. അദ്ദേഹം എന്നെ മറന്നിരുന്നില്ല, വിശേഷങ്ങൾ ചോദിച്ചു.
എന്നെപ്പോലുള്ള ഒരുപാട് അപ്പൂട്ടന്മാർ ആ നല്ല മനുഷ്യനെ നന്ദിയോടെ ഓർക്കുന്നുണ്ടാവും. - സജിയേട്ടനും ഡോക്ടറായില്ല, സൈക്കോളജിസ്റ്റായി
അനുബന്ധം
ലോകത്തിൽ എനിക്ക് അസൂയ തോന്നിയിട്ടുള്ള ഒരു വർഗ്ഗമേയുള്ളു.
അത് ചിത്രം വരയ്ക്കുന്നവരാണ്, അതിനു കഴിവുള്ളവരാണ്.
യേശുദാസിനോ സചിൻ ടെണ്ടുൽക്കർക്കോ സഞ്ജീവ് കുമാറിനോ നെടുമുടി വേണുവിനോ തിലകനോ ഫെഡറർക്കോ പത്മരാജനോ ബഷീറിനോ ഒന്നും എന്നെ ഇത്രയധികം അസൂയക്കാരനാക്കാൻ കഴിഞ്ഞിട്ടില്ല.
നന്പൂതിരിയെ ഒറ്റയ്ക്കൊന്നു കിട്ടട്ടെ (പല വിശേഷങ്ങള്‍ക്കുമായി ധാരാളം കണ്ടിട്ടുണ്ട്), നല്ല നുള്ളുവെച്ചുകൊടുക്കും.... ങ്‌ഹാ
വാൽക്കഷണം
ചെറായി മീറ്റിനു പോയപ്പോൾ, സജ്ജീവേട്ടൻ അവിടെ വന്ന എല്ലാവരുടേയും ക്യാരിക്കേച്ചർ വരച്ചതു കണ്ടപ്പോൾ, ഓർമ്മക്കുറിപ്പായി എഴുതണം എന്നു കരുതിയതാണ്. അതിങ്ങിനെ നീണ്ടുനീണ്ടുപോയി.
സജ്ജീവേട്ടനോടുള്ള എന്റെ നന്ദിയും അസൂയയും (തിരിച്ചു നുള്ളുകിട്ടും എന്നുള്ളതുകൊണ്ട് അന്ന് നുള്ളിയില്ല) അറിയിച്ചുകൊണ്ട് അദ്ദേഹം വരച്ചുതന്ന എന്റെ ക്യാരിക്കേച്ചർ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഞാനിവിടെ ഇടട്ടെ. (സജ്ജീവേട്ടൻ എന്നെക്കുറിച്ചെഴുതിയത് ഇവിടെ കാണാം)
ഡോക്ടറാകാതെപോയ അസൂയക്കാരൻ