Tuesday, November 18, 2008

പങ്കുവെക്കല്‍ മഹാമഹം അഥവാ ട്വെന്റി ട്വെന്റി

ഒരു വലിയ തറവാട്. അവധിക്കാലത്ത്‌ തറവാട്ടിലെ അംഗങ്ങളെല്ലാം കുഞ്ഞുകുട്ടിപരാധീനങ്ങളുമായി തറവാട്ടിലേക്കെത്തുന്നു.

മുത്തശ്ശി മാന്പഴം മുറിക്കുന്ന തിരക്കിലാണ് (വള്ളുവനാടനായ എനിക്ക് മാങ്ങ നുര്‍ക്ക്വാ എന്ന് പറഞ്ഞാലേ സമാധാനമാവൂ)
അങ്ങിനെ നുറുക്കിക്കഴിഞ്ഞ മാന്പഴം വീതം വെക്കലാണ് അടുത്ത ജോലി. അത് സീനിയര്‍ ആയിട്ടുള്ള ആരെങ്കിലും ചെയ്യും. മുത്തശ്ശി, വല്യേട്ടന്‍ അങ്ങിനെ ആരെങ്കിലും.

ഈ നുറുക്കല്‍ ഏര്‍പ്പാടിനെക്കാള്‍ വിഷമം പിടിച്ചതാണ് വീതം വെക്കല്‍, അല്ലെങ്കില്‍ പങ്കുവെക്കല്‍ (ഓരി വെക്കല്‍ എന്ന ഞങ്ങള്‍ പറയാറുണ്ട്, അത് എവിടെ നിന്ന വന്നതാണെന്ന് അറിയില്ല)ആള്‍ക്കാരുടെ എണ്ണവും മാന്പഴക്കഷ്ണങ്ങളുടെ എണ്ണവും തമ്മില്‍ പൊരുത്തമില്ലെങ്കില്‍ കാര്യം കുഴയും.

അവിടെയാണ് പങ്കുവെക്കുന്നയാളുടെ സാമര്‍ത്ഥ്യമോ പക്ഷപാതമോ ഒക്കെ വരുന്നത്.
സര്‍വസമ്മതനായ അല്ലെങ്കില്‍ സമ്മതയായ ഒരു വ്യക്തി ആണ് പങ്കുവെക്കുന്നതെങ്കില്‍ വലിയ പരാതികള്‍ക്കിടനല്കാതെ കാര്യം കഴിക്കാം (ഇത് ഒരു മുത്തശ്ശനോ മുത്തശ്സിക്കോ മാത്രമെ സാധിക്കൂ).

പങ്കുവെക്കുന്നയാള്‍ പക്ഷപാതിയാണെങ്കില്‍?

നല്ലൊരു പങ്കു കിട്ടാന്‍ സാധ്യതയുള്ള ജനവിഭാഗം താഴെപ്പറയുന്നവരാണ്.

  • പങ്കുവെക്കുന്നയാള്‍ തന്നെ (ഇടക്കൊരു എക്സ്ട്രാ കഷ്ണം അടിച്ചുമാറ്റിയേക്കും)
  • തറവാട്ടിനു അടുത്തു തന്നെ താമസിക്കുന്നവര്‍
  • പങ്കുവെപ്പുകാരന്റെ ശിങ്കിടികള്‍.
  • പങ്കുവെപ്പുകാരന് തറവാട്ടിനുപുറത്ത് നല്ല പബ്ലിസിറ്റി കൊടുക്കാന്‍ കഴിവുള്ളവര്‍ (ഇതില്‍ സുന്ദരികളായ കൂട്ടുകാരികള്‍ ഉള്ള അനിയത്തിമാരും പെടും).
  • കുറച്ചധികം കരയുന്ന കുട്ടികള്‍
താഴെപ്പറയുന്ന ഗ്രൂപ്പിലെ ആളുകള്‍ക്ക് അധികം മാന്പഴക്കഷ്ണങ്ങള്‍ കിട്ടാനിടയില്ല (ചിലപ്പോള്‍ കിട്ടിയില്ലെന്നുതന്നെ വരാം).

  • പങ്കുവെപ്പുകാരന്റെ പ്രമാണിത്തത്തിന് ഭീഷണി ഉണ്ടാക്കാന്‍ സാധ്യതയുള്ളവര്‍.
  • പങ്കുവെപ്പുകാരന്റെ ബാഡ്ബുക്കില്‍ ഉള്ളവര്‍ (ഇവര്‍ ഭൂതകാലത്ത് തല്ലുകൂടിയിട്ടുള്ളവര്‍ ആയിരിക്കാം).
  • ഒട്ടും വാശി പിടിക്കാതെ കിട്ടിയത് മതി എന്ന് വിചാരിക്കുന്ന സമാധാനപ്രിയരായ കുട്ടികള്‍.

ഇത്രയും വായിച്ച വായനക്കാരന്‍ പങ്കുവെപ്പുകാരനെ വില്ലനായി മുദ്രകുത്താന്‍ തുടങ്ങുകയാണെന്ന് എനിക്കറിയാം, പാവം ..... ജീവിച്ചുപോയ്ക്കോട്ടെ. ഒരുപാട് പരിമിതികള്‍ക്കിടയില്‍ നിന്നാണ് പങ്കുവെപ്പുകാരന്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. അത് പൊതുജനത്തിന് മനസിലാവില്ല.

അത്തരത്തില്‍ ഒരു പാവം പങ്കുവെപ്പുകാരന്റെ കദനകഥയാണ് ട്വെന്റി ട്വെന്റി എന്ന മഹാകാവ്യത്തിന്റെ പ്രചോദനം. മലയാളസിനിമാചരിത്രത്തിലൊരിക്കലും ഇത്രയും ബൃഹുത്തായ പങ്കുവെപ്പ് നടന്നിട്ടില്ല.

അപ്പോള്‍ നമ്മുടെ പ്രസ്തുത പ്രോഡ്യൂസര്‍ ഒരു ചരിത്രപുരുഷനാകുന്നു. പാവം, എത്ര ബുദ്ധിമുട്ടി.

അഡ്വക്കേറ്റ് നന്ദഗോപാല്‍ മാരാര്‍, മംഗലശ്ശേരി നീലകണ്ഠന്‍, ഭരത്ചന്ദ്രന്‍ ഐപിഎസ് തുടങ്ങിയ കുട്ടികളടങ്ങുന്ന തറവാട്ടില്‍ കൊച്ചിരാജാവ് പങ്കുവെക്കല്‍ ഉദ്യമം തുടങ്ങിയാല്‍ അന്ധാളിപ്പല്ലാതെ വേറെന്തു സംഭവിക്കാന്‍?

പെരുന്തച്ചനും നെയ്ത്തുകാരനും ചെല്ലപ്പനാശാരിയും ഒക്കെ സ്വന്തം നാട്ടില്‍ അറിയപ്പെടുന്ന കുട്ടികളായിരിക്കാം. അത് കൊച്ചിയില്‍ കാണിക്കണ്ട. അവര്‍ക്ക് തറവാട്ടില്‍ മാങ്ങ ഇല്ല.

ഇനി പങ്കു കിട്ടിയവര്‍ക്കോ? മുതിര്‍ന്ന കുട്ടികള്‍ തിന്നു കഴിഞ്ഞപ്പോള്‍ ബാക്കിയുള്ള കുട്ടികളില്‍ ചിലര്‍ കാര്യമായൊന്നും കിട്ടാതെ മടങ്ങിയിരിക്കാം. മാന്പഴം എന്നത് കൊച്ചിരാജാവ് മീശ പിരിച്ചാലോ ജബാ ജബാ പറഞ്ഞാലോ ഉണ്ടാവുന്ന ഒന്നല്ലല്ലോ. കിട്ടാവുന്നതില്‍ ഏറ്റവും നല്ല ഭംഗിയുള്ള കഷ്ണമല്ലേ ഭൂമിയുടെ രാജാവായ വിപ്ലവനായകനും ഉരിയാടാപയ്യനും അനിയന്‍പ്രാവിനും ഒക്കെ കിട്ടിയത്, പിന്നെ കിട്ടിയ കഷ്ണം ചെറുതായിപ്പോയി എന്ന പരാതി പറയരുത്. (പരശുരാമന്‍ മഴുവെറിഞ്ഞതിനേക്കാള്‍ അധികം ദൂരം സഞ്ചരിച്ച നയനമാനോഹരിയോടൊപ്പമുള്ള ഡാന്‍സ് എന്ന് വെച്ചാല്‍ ചില്ലറക്കാര്യമാണോ?)

ഈ പങ്കുവെപ്പുകാരന്റെ കലാവിരുത് ഒന്നു ശ്രദ്ധിക്കൂ..... എത്ര ഭംഗിയായാണ് ഇദ്ദേഹം തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചതെന്ന് നിങ്ങള്‍ക്ക് തന്നെ മനസിലാവും.

മൂന്നു സൂപ്പര്‍ താരങ്ങള്‍. അവനവന്റെ ഈഗോ, തിരക്ക്, തുടങ്ങിയ പ്രശ്നങ്ങള്‍ മാറി വെച്ച് അവര്‍ വരുന്നു. അപ്പോള്‍ ന്യായമായ പങ്ക് കിട്ടിയില്ലെങ്കില്‍ കലിപ്പ്. സൊ, പങ്കുവെപ്പ് ഇസ് വെരി വെരി ഇംപോര്‍ട്ടന്റ്.

(ഇനിയുള്ള ഭാഗത്ത് ഒരു പ്രത്യേക ഓര്‍ഡറില് അല്ല ഒന്നാമന്‍ രണ്ടാമന്‍ മൂന്നാമന്‍ പ്രഭൃതികള്‍, തരം പോലെ അവര്‍ മാറിയും മറിഞ്ഞും സ്ഥാനം കൈക്കലാക്കും)

  • ഒരാള്‍ക്ക് കാക്കി, വേറൊരാള്‍ക്ക് കറുപ്പ്, മൂന്നാമന്‍ വെള്ള. അങ്ങിനെ വേഷത്തില്‍ നല്ല പങ്കുവെപ്പ്.
  • ഒരാള്‍ക്ക് സെന്റി, രണ്ടാമന് ഗര്‍ജ്ജനം, മൂന്നാമന് പ്രഭാഷണം. അവിടെയും.....
  • ഒരാള്‍ക്ക് പ്രതികാരം, രണ്ടാമന് നിയമപാലനം, മൂന്നാമന് ഇതിന്റെ രണ്ടിന്റെയും ഇടയില്‍ ഞാണിന്മേല്‍ കളി.
  • ഒരാള്‍ മീശ പിരിക്കുന്നു, രണ്ടാമന്‍ മീശ വിറപ്പിക്കുന്നു, മൂന്നാമന്‍ മീശ കടിച്ചുപിടിച്ച് പ്രഭാഷണം നടത്തുന്നു.
  • ഒന്നാമന്‍ രണ്ടാമനെ കോടതി കയറ്റുന്നു, മൂന്നാമന്‍ രണ്ടാമനെ കോടതിയില്‍ തോല്‍പ്പിക്കുന്നു, രണ്ടാമന്‍ മൂന്നാമനെ കോടതിയില്‍വെച്ച് പറ്റിക്കുന്നു.
  • ഒന്നാമന്‍ രണ്ടാമനെ ഇടിക്കുന്നു, പകരം രണ്ടാമന്‍ ഒന്നാമനെ ഇടിക്കുന്നു. (പണ്ട് സഖാവ് കോട്ടപ്പള്ളി പറഞ്ഞതുപോലെ "ഞാനൊരു രക്തഹാരം അങ്ങോട്ടണിയിക്കും, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കും"). ഒന്നാമനും മൂന്നാമനും കൂടി രണ്ടാമനെ പിടിച്ചുകെട്ടുന്നു.
  • ഒന്നാമന്‍ രണ്ടു വില്ലന്മാരെ കൊല്ലുന്നു. രണ്ടാമന്‍ ഒരുത്തനെ കാച്ചുന്നു. അപ്പോള്‍ മൂന്നാമനോ? നിയമം നോക്കി നടത്തേണ്ടവനാണ്, പറഞ്ഞിട്ട് കാര്യമില്ല, അവര് രണ്ടാളും കൊല്ലുന്പോള്‍ ഞാന്‍ നോക്കിനിക്കരുതല്ലോ. ഉടന്‍ കൊച്ചിരാജാവ് പറഞ്ഞു (അഥവാ രണ്ടാമനെക്കൊണ്ടു പറയിച്ചു) തട്ടിക്കോളാന്‍, സൌകര്യത്തിന് വഴിയെപ്പോണ ഒരുത്തനെ ഒരുക്കിത്തരാം. അങ്ങിനെ മൂന്നാമനും കിട്ടി ഒരു വില്ലനെ. അങ്ങിനെ പങ്കുവെപ്പ് ക്ലീന്‍. (ഒന്നാമന്‍ രണ്ടാളെ കൊല്ലുന്നു, രണ്ടാമന്‍ ഒരുത്തനെ കൊല്ലുന്നു, പിന്നെ ഡയലോഗിലൂടെ ജനത്തെയും, മൂന്നാമന്‍ വെറുതെ ആവശ്യമില്ലാതെ ഒരുത്തനെ കൊല്ലുന്നു)

ഹൊ, ഇത്രയും നന്നായി എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിവുള്ള ഈ തലയെ സമ്മതിക്കണം.

ഇതിപ്പോ ആള് മൂന്നല്ലേ ആയുള്ളൂ, ബാക്കി ഫില്ലേഴ്സ് വരണമല്ലോ. തന്റെ കൂടെ നില്‍ക്കാന്‍ യോഗ്യതയുള്ളവരെ അവര് മൂന്നാളും കൂടി തെരഞ്ഞെടുത്തു.

ഒന്നാമന് വെഞ്ഞാറമൂട് ഏരിയ ആണ് ഇപ്പോള്‍ പത്ഥ്യം, രണ്ടാമന്‍ ഒപ്പം നിന്നു തമാശപറയാന്‍ കഴിവുള്ള നടനെ ഒപ്പിച്ചെടുത്തു, മൂന്നാമനോ, പുള്ളി പണ്ടേ ഒറ്റക്കു യുദ്ധം നടത്തിയ ആളല്ലേ, മീശ വിറപ്പിക്കുന്പോള്‍ കാണാന്‍ ആള് വേണമെന്നുമാത്രം.

കരയുന്ന കുട്ടികള്‍ ഇനിയും. അപ്പോള്‍....

പണ്ടെപ്പോഴോ നല്ലകാലം ഉണ്ടായിരുന്ന കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ ഇവരെയൊക്കെ ഒന്നിപ്പിക്കുന്ന മീഡിയേറ്റര്‍ ആയാല്‍ കാര്യം ഒത്തു. ഒരുത്തന്റെ കാര്യം ഓക്കെ.

കാരണവര്‍ക്ക് അതുതന്നെ റോള്‍, മലയാളത്തിന്റെ അമ്മയാവട്ടെ മുത്തശ്ശി. ഇല്ലെങ്കില്‍ അത് പുലിവാലാകും.

ഇനി ബാക്കിയുള്ളവനൊക്കെ??? അവര്‍ക്കും കൊടുക്കണമല്ലോ ഓരോ പണി.

വില്ലന്മാരായി തെളിഞ്ഞവര്‍ അത് തന്നെ ചെയ്യട്ടെ. അങ്ങിനെ മൂന്നാലാള്‍ക്ക് പണിയായി.

ഇനീം കിടക്കുന്നു കുറെ തമാശക്കാര്‍. ഇരിങ്ങാലക്കുടക്കാരന്റെ നേതൃത്വത്തില്‍ അവരും സ്വയം തൊഴില്‍ കണ്ടെത്തി.

പിന്നെ ഒഴിവാക്കാനാവാത്ത മാട്ടുപ്പെട്ടി മച്ചാനും അതുപോലുള്ള ചില തിരുവനന്തപുരക്കാര്‍ക്കും കൂടി കുറച്ച് സാദാ പോലീസ് വേഷങ്ങള്‍.

ചാലക്കുടിയിലെ മുത്തിനെ ഗുണ്ടയുമാക്കി.

അത് വരെ കാര്യങ്ങള്‍ എത്തി.

അപ്പൊ നമ്മുടെ പഴയ കോണ്‍സ്റ്റബിള് വിജയനോ, അവന്‍ വെറും പ്രീഡിഗ്രീ അല്ലെ, ഇവിടെയും കോണ്‍സ്റ്റബിള് ആയിക്കോട്ടെ, തമാശ പറയണമെന്ന് മാത്രം.

അപ്പോള്‍ വരുന്നൂ വേറൊരു നായകന്‍. പുള്ളി കുറെ പോലീസ് വേഷങ്ങളില്‍ വിലസിയവനാണ്, അതും നായകനായി. ഇവിടെയും ഒരു പോലീസ് വേഷം കൊടുത്തുകളയാം. പക്ഷെ ഇപ്പോള്‍ തന്നെ പോലീസുകാര്‍ കുറച്ചു കൂടുതലാണ്, ഇനിയൊരുത്തനെക്കൂടി സഹിക്കില്ല. അപ്പോള്‍ വാഹനത്തിന്റെ സ്പീഡ് നോക്കുന്ന ഒരു കുഞ്ഞു വേഷം കൊടുക്കാം എന്ന്‍ തീരുമാനിച്ചു. സംയുക്തമായി തീരുമാനിച്ചാല്‍ നായകന്‍ വേഷം തന്നെ വേണമെന്ന ശാഠ്യം അങ്ങോര്‍ ഉപേക്ഷിക്കും.

പെന്പിള്ളേര് അല്ലെങ്കിലും പാട്ടുപാടാന്‍, അല്ലെങ്കില്‍ മൂക്കുപിഴിയാന്‍ മാത്രം മതി. ഇനി ബാക്കി ചള്ളുപിള്ളേരെല്ലാം വന്നു പൊയ്ക്കോട്ടേ, അവര് വന്നാലും ഇല്ലെങ്കിലും ആര്‍ക്കും നഷ്ടമില്ല.

എല്ലാം കഴിഞ്ഞു.

ഇനി പങ്കുവെപ്പുകാരന്‍ എന്ത് നേടി?

ഇന്ത്യക്ക് പുറത്ത് ഒരു പാട്ട്. അതും ഭാവനയില്‍ കാണാന്‍ ബെസ്റ്റായ ലൊക്കേഷനില്‍.

പക്ഷെ അത് പുതിയ കാര്യമല്ലല്ലോ...പിന്നെ???

അതാണ് പങ്കുവെപ്പുകാരന്റെ ഏറ്റവും വലിയ ലാഭം.

നേരത്തെ പറഞ്ഞ പോലെ "ഇത്തിരി വില കിട്ടാന്‍ പാകത്തിന്" നില്‍ക്കുകയല്ലേ രണ്ടു നെടുംതൂണുകളും തൂണുപോലുള്ള വേറെ രണ്ടു സൂപ്പറുകളും. അതിനിടക്ക് എന്റേം കെടക്കട്ടെ ഒരു പടം. ചുളുവില്‍ എനിക്കും സൂപ്പറായി സ്ഥാനക്കയറ്റം. ആരെങ്കിലും ചോദിച്ചാല്‍ പറയാമല്ലോ, ഒരു symmetry ആയി അഞ്ചാമന്‍, കിടിലന്‍ പോസ്റ്ററൊപ്പിക്കാം എന്നൊക്കെ.

പാകത്തിന് താരങ്ങളെയും ഫാന്‍സ്‌ എന്ന പേരില്‍ കോപ്രായം കാണിക്കുന്ന മന്ദബുദ്ധികളെയും ലോജിക് അധികം പ്രയോഗിക്കാത്ത മണ്ടശിരോമണികളേയും എന്നെപ്പോലുള്ള സിനിമാപ്രാന്തന്മാരെയും ആകര്‍ഷിക്കാന്‍ ഇതിലും വലിയ പങ്കുവെപ്പ് വേണോ?

സിനിമയിലെ കഥ എന്തെന്നോ അതിലെ വിവരക്കേടുകള്‍ എന്തെന്നോ ഒന്നും ഞാനിവിടെ പറയുന്നില്ല. അതിനായി ചില അഭിനവ നിരൂപകര്‍ ഇന്റര്‍നെറ്റില്‍ കൊഞ്ഞനം കുത്തുന്നുണ്ട്.

ഒന്നു മാത്രം. സിനിമ കഴിഞ്ഞപ്പോള്‍ ഐവി ശശിയെ ഞാന്‍ അറിയാതൊന്നു മനസ്സില്‍ നമിച്ചു. വലിയൊരു താരനിരയെ നല്ല കഥകള്‍ക്ക് വേണ്ടിയാണല്ലോ അങ്ങുപയോഗിച്ചത്. ഇതുപോലുള്ള പൊറാട്ടുനാടകത്തിനല്ലല്ലോ.

5 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു:

Santosh November 21, 2008 at 9:58 PM  

kalakki!

കുഞ്ഞന്‍ November 24, 2008 at 2:48 PM  

മാഷെ,

മാങ്ങ വീതം വയ്ക്കുന്ന കാര്യം പറഞ്ഞു, ആ മാങ്ങാണ്ടിയ്ക്ക് കൂട്ട് പോകുന്നത് പ്രേക്ഷകരായിരിക്കുമല്ലെ എന്നിട്ടൊ അണ്ടി കളഞ്ഞ അണ്ണാനെക്കൂട്ടാകുമല്ലെ..അണ്ണാനാവന്‍ ഞാനില്ല.

അപ്പോള്‍ ഈ പടം രണ്ടാമതും കാണാനുള്ള വകുപ്പ്..ചിന്ത്യം..!

അന്തിപ്പോഴൻ anthippozhan November 30, 2008 at 2:14 AM  

ന്റെ അപ്പൂട്ടാ,
ഇതൊന്നും പറഞ്ഞാ ഞമ്മളു വെരളൂല്ലാ. ഒന്നല്ലാ രണ്ടു വട്ടം കാണും. അടുത്ത കൊട്ടകേലൊന്നു വന്നോട്ടെ. ങ്‌ഹാ. മ്മ്ടെട്‌ത്താ കളി!

(pls remove this 'word verification')

smitha adharsh December 4, 2008 at 4:36 PM  

ഈ മാമ്പഴം "നുര്‍ക്കലും,ഓരി വയ്ക്കലും"..ഇഷ്ടപ്പെട്ടു..ഒരു വള്ളുവനാടന്‍ ചായ്‌വ് എനിക്കും ഉള്ളത് കൊണ്ടു തന്നെ..അമ്മയുടെ വീട് തിരുവില്വാമല ആണേ..അപ്പൊ,ഈ പോസ്റ്റിന്റെ തുടക്കം..എന്തൊക്കെയോ ഓര്‍മ്മിപ്പിച്ചു.
പങ്കു വയ്ക്കല്‍ ഒരു "കല"യാണെന്ന് എന്റെ അച്ഛമ്മ തെളിയിച്ചിട്ടുണ്ട്‌.ഓണക്കാലത്ത്,തറവാട്ടില്‍ നേന്ത്രക്കായ് വറുത്തത് നാല് മണിയ്ക്ക് കൊറിയ്ക്കാന്‍ കൊണ്ടു വരും.അച്ഛമ്മ പങ്കു വച്ചു കഴിഞ്ഞും,ആ ടിന്നില്‍ അത്രേം ബാക്കി ഉണ്ടായിരുന്ന ആ "അപൂര്‍വ പ്രക്രിയ" എനിക്കിപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നു.അതാണ്‌ മാഷേ കഴിവ്..
ദിലീപിന് ആ കഴിവ് ഉണ്ടെന്നു തെളിയിച്ചു.കൂടെ മാമ്പഴത്തിന്റെ ബെസ്റ്റ് പൂള് അടിച്ച് മാറ്റുകയും ചെയ്തു അല്ലെ?ഞാന്‍ കണ്ടില്ല കേട്ടോ.ദാ..ഇന്നു പോകും..കണ്ടു നോക്കട്ടെ.പിന്നെ,എന്റെ "അപ്പൂപ്പന്‍ താടിയ്ക്ക്" ഇട്ട കമന്റ് കണ്ടു വന്നതാ..അതിനുള്ള മറുപടി വരും..ഇന്നു ഞാന്‍ പറഞ്ഞ തിരക്കിലാണേ.അപ്പൊ,കാണാം മാഷേ..നമ്മളിവിടെ ഒക്കെ തന്നെയുണ്ട്‌..വിശാലമായ ഈ ബൂലോഗത്തില്‍..
പോസ്റ്റ് ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയണോ?

ശ്രീ December 9, 2008 at 6:51 AM  

പറഞ്ഞിരിയ്ക്കുന്ന ശൈലി രസകരമായി.

ട്വെന്റി 20 കണ്ടു. കാര്യമായി ഒന്നുമില്ലെങ്കിലും ഇത്തരമൊരു സംരംഭമല്ലേ? ഇങ്ങനെയൊക്കെ അല്ലേ പറ്റൂ എന്ന് കരുതി സമാധാനിയ്ക്കാനാണ് തോന്നിയത്.