ഞാനും ക്രിക്കറ്റും - ആദ്യ നാളുകള്‍.
ദാദാ, സാദാ, ജംബോ സര്‍ക്കസ്, വാണ്‍, കോണ്‍ തുടങ്ങി വിരലിലെണ്ണാവുന്നതും അല്ലാത്തതുമായ കാക്കത്തൊള്ളായിരവും അതിലധികവും ആയ മഹാരഥന്മാര്‍ കളിക്കളം ഒഴിയുന്ന ഈ കാലഘട്ടത്തില്‍, ലെജന്റ് എന്നും ഐക്കണ്‍ എന്നുമൊക്കെ നെറ്റിപ്പട്ടം ചാര്‍ത്തിക്കിട്ടിയ പലരും വിരമിച്ചു വീട്ടില്‍ കുത്തിയിരിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന ഈ സമയത്ത്, ദാദയും കോതയും അണ്ടനും അടകോടനുമെല്ലാം തിരക്കിട്ട് കണ്ണീരൊഴുക്കലും ഫീച്ചറെഴുതലും ആയി താളുകളില്‍ സ്ഥാനം പിടിക്കുന്പോള്‍ ഞാനായിട്ടെന്തിന് വെറുതെയിരിക്കണം, ന്നാ പിടിച്ചോ എന്റെ വക ഒരു വധം. എല്ലാരും എഴുതുന്നു, എന്നാല്‍ ഞാനും തുടങ്ങാം.
പലരെയും പോലെ ഞാനും കുട്ടിയും കോലും കളിച്ച് ക്രിക്കറ്റിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടവനാണ്. പക്ഷെ കുട്ടിയും കോലും എന്നേ ഒതുക്കിവെച്ച ഞാന്‍ ഇന്നും ക്രിക്കറ്റ് ആസ്വദിക്കുന്നു, പഴയതിലും വാശിയോടെ. എന്റെ ക്രിക്കറ്റ് ഭ്രാന്ത് ഏറ്റവുമധികം സഹിക്കുന്നത് എന്റെ സഹധര്‍മ്മിണിയാണ്, പാവം, ഇവിടെ ഒന്നും പറയാനാവാതെ കുഴങ്ങുന്നു.
ക്രിക്കറ്റ് എന്ന കളിയെക്കുറിച്ച് ആദ്യമായി ഞാനറിയുന്നത് എന്റെ അയല്‍ക്കാരനായ മിനേഷിലൂടെയാണ്. 1983ല്‍ ഇന്ത്യ വെസ്റ്റിഡീസിലേക്ക് പോയ കാലം. ഗവാസ്കര്‍ (ഗവാസ്കര്‍ എന്നത് ഗാവസ്കര്‍ ആകാന്‍ കുറെയധികം കാലമെടുത്തു), കപില്‍ദേവ് (അന്നത്തെ അലിഖിത ഭാഷാഗ്രന്ഥങ്ങള്‍ പ്രകാരം കപില്‍ദ്) തുടങ്ങിയ പേരുകള്‍ ഞാന്‍ കേട്ടിരുന്നു. മോഹിന്ദര്‍ അമര്‍നാഥ് എന്നൊരു പേരുകൂടി മിനേഷ് എനിക്ക് പരിചയപ്പെടുത്തി. അമര്‍നാഥ് ഇല്ലെങ്കില്‍ ഇന്ത്യ നൂറു റണ്ണിന് ആളൌട്ടാവും എന്നും പൊട്ടി പാളീസാവും എന്നും മിനേഷ് പറഞ്ഞപ്പോള്‍ ഞാനൊരു കാര്യം മനസിലാക്കി, അമര്‍നാഥ് എന്നാല്‍ ഒരു ഭയങ്കരന്‍ സംഭവമാകുന്നു, നൂറിനും ആയിരത്തിനുമിടയ്ക്ക് നില്ക്കുന്ന ഏതോ ഒരു അദ്ഭുദജീവി. ഇതില്‍ റണ്‍ എന്നാല്‍ എന്താണെന്നോ സാധാരണയായി ഒരു ടീം എത്ര റണ്ണടിക്കുമെന്നോ ഔട്ടാവുന്നതും ആളൌട്ടാവുന്നതും എങ്ങിനെയെന്നോ അറിഞ്ഞിട്ടല്ല, എന്നാലും ........
പിന്നീട് ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഞാന്‍ പഠിച്ചു. രണ്ടു മരക്കോല്‍ കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിനാണ് റണ്‍ എന്ന് പറയുന്നതെന്നും ഈ ഓട്ടത്തിനിടയില്‍ പലരീതിയിലും ആള്‍ ഔട്ടാവാമെന്നും ആള്‍ക്കാരെല്ലാം ഈ രീതിയില്‍ ഔട്ടായാല്‍ ആളൌട്ടാവുമെന്നും എല്ലാം മിനേഷ് എന്നെ ധരിപ്പിച്ചു.
എനിക്കെന്തോ ഇതത്ര സുഖിച്ചില്ല, മനസിലാകാത്തതിനാലാവാം. അല്ലെങ്കിലും മുന്തിരിക്കിത്തിരി പുളി കൂടുതലല്ലേ. ആളൌട്ടാവണ്ട, ആളെ വിട്ടാല്‍ മതി എന്ന മൂഡിലായിരുന്നു ഞാന്‍.
മേല്‍പ്പറഞ്ഞ പരന്പരയിലെ ഒരു ടെസ്റ്റ് നടക്കുന്ന സമയം. അന്ന്‍ ഞങ്ങളുടെ വല്യേട്ടന്‍ വീട്ടിലുണ്ട്. വല്യേട്ടന്‍ റേഡിയോ ചെവിയില്‍ വെച്ച് കമന്ററി കേള്‍ക്കുകയാണ്.
എനിക്കുള്ള പാതി വിവരം പരീക്ഷിക്കാന്‍ പറ്റിയ സമയം. ഞാന്‍ ചെന്ന്‍ വല്യ ജാഡയില് വല്യേട്ടനോട് ചോദിച്ചു "സ്കോറെന്തായീ?" മറുപടി വന്നു "ഫോര്‍ട്ടി ഫോര്‍ വണ്‍". ഒരുത്തന്‍ ഔട്ടായി എന്ന് തീരുമാനം (ഛെ തീരെ കപ്പാസിറ്റി ഇല്ല). ജാഡ കുറക്കരുതല്ലോ, അടുത്ത ചോദ്യം വിട്ടു "ആരാ ഔട്ടയേ" അതിനും മറുപടി വന്നു "അന്ഷുമന്‍ ഗെയ്കവാദ്". ഹൊ, ഒരു പേരു കൂടി പഠിച്ചു.
ആ പരന്പരയേക്കുറിച്ച് എനിക്ക് വലിയ ഓര്‍മകളൊന്നുമില്ല. ആകെയുള്ളത് രണ്ടു തലക്കെട്ടുകള്‍ മാത്രം. ഒന്ന്‍ ഗവാസ്കര്‍ തന്റെ ഇരുപത്തെട്ടാം സെഞ്ച്വറി അടിച്ചു റെക്കോഡ് തകര്‍ത്തു (ബ്രാഡ്മാന്‍ എന്ന പേരില്‍ ഒരു മഹാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു, സെഞ്ച്വറി എന്നാല്‍ നൂറടിക്കലാണെന്നുമാത്രം അറിയാം). പിന്നൊന്ന് ഇന്ത്യ ലോകചാന്പ്യന്മാരെ തോല്‍പ്പിച്ചു എന്നതും. ആദ്യമായാണത്രേ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ഏകദിനത്തില്‍ തോല്‍പ്പിക്കുന്നത്. കൊള്ളാം, ഇന്ത്യാന്ന്‍ പറഞ്ഞാല്‍ അത്ര മോശോന്നൂല്ല്യ.
ഇടക്ക് ഞാനും ഒന്നു കമന്ററി കേട്ടുനോക്കി. ദോഷം പറയരുതല്ലോ, ഒരു വസ്തു മനസിലായില്ല. ഫോര്‍ റണ്‍സ് എന്ന് കേട്ടാല്‍ ആരോ നാലു റണ്‍ ഒപ്പിച്ചെടുത്തു എന്ന് മനസിലാവാം, പക്ഷെ ചാര്‍ റണ്‍ കേലിയെ എന്ന് പറഞ്ഞാല്‍ അതെന്തു കുന്തം? അന്നത്തെ പാവം അഞ്ചാം ക്ലാസുകാരന്‍ ഹിന്ദിയറിയാതെ കുഴങ്ങി.
ക്രിക്കറ്റില്‍ എനിക്ക് താല്‍പ്പര്യം ജനിക്കുന്നത് ആ പരന്പരക്കുശേഷമുണ്ടായ ലോകകപ്പോടെ ആണ്. അന്ന്‍ ന്യൂസ് പേപ്പറില്‍ വലിയൊരു പടം കണ്ടു, എല്ലാ ടീമുകളും നിരനിരയായി നില്ക്കുന്നു. കപില്‍ദേവിന്റെ പിന്നില്‍ അതാ വലിയൊരു ഇന്ത്യന്‍ പട. ഇത്രേം ആളുകള്‍ തമ്മില്‍തല്ലുന്നതല്ലേ, ഇനി ഞാനായിട്ട് അവഗണിക്കണ്ട.
അന്ന്‍ പേപ്പറില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമായിരുന്നു ആധാരം, നേരത്തെ പറഞ്ഞപോലെ കമന്ററി അധികം മനസിലാവാത്തതിനാല്‍ ഞാനധികം പരിശ്രമിച്ചില്ല.
ആദ്യ മല്‍സരത്തില്‍ ഇന്ത്യ (വീണ്ടും) ലോകചാന്പ്യന്മാരെ ഞെട്ടിച്ചുവത്രേ. അന്ന്‍ പുതിയ ചില പേരുകള്‍ കൂടി ഞാന്‍ കേട്ടു. യശ്പാല്‍ ശര്‍മ ആണ് എന്റെ ആദ്യ ആരാധ്യതാരം. കാരണം ആ കളിയില്‍ എറ്റവുമധികം രണ്ണടിച്ചത് ഇദ്ദേഹമായിരുന്നു. അത് ഒരു ഇന്ത്യന്‍ റെക്കോഡ് ആയിരുന്നുവത്രേ. ഇതു കൊള്ളാല്ലോ എന്ന് വിചാരിച്ചിരിക്കുന്പോഴാണ് അടുത്ത മല്‍സരത്തിന്റെ സ്കോര്‍ അപ്ഡേറ്റുമായി മിനേഷ് പ്രത്യക്ഷപ്പെടുന്നത്. സിംബാബ്വേ എന്ന ടീമുമായി കളിക്കുന്ന ഇന്ത്യ എഴുപത്തിചില്വാനം രണ്‍സിന് ഏഴ് വിക്കറ്റ് തുലച്ചു നില്ക്കുകയാണത്രെ. പൊട്ടി നാശമാകാന്‍ ഇനിയെന്തുവേണം? പിന്നീട് ഫൈനല്‍ സ്കോര്‍ അറിഞ്ഞപ്പോള്‍ അദ്ഭുദം, ആവേശം, ആശ്വാസം. കപില്‍ദേവ് അടിച്ചു പരത്തി. 175 റണ്‍സ്, അതും വേറൊരു റെക്കോഡ് (ഇന്ത്യാക്കാര്‍ക്ക് റെക്കോഡ് തകര്‍ക്കല്‍ തന്നെ പണി). ഇന്ത്യ വീണ്ടും ജയിച്ചു.
സന്തോഷം അധികം നീണ്ടില്ല, ഇന്ത്യ ആസ്ത്രേലിയയോടും വെസ്റ്റിന്‍ഡീസിനോടും തോറ്റു. ഇനിയധികം ആവേശം വേണ്ട, കളിക്കാനറിയാവുന്ന ആണുങ്ങള്‍ വേറെയുമുണ്ട്. എന്നാലും പ്രതീക്ഷ ബാക്കി.
അടുത്ത മത്സരം വീണ്ടും സിംബാബ്വേ. ജയിച്ചു. സമാധാനം.
പിന്നെ ആസ്ത്രേലിയ. അത് ജയിച്ചാല്‍ സെമിയിലെത്താം. ജയിക്കുമോ?
ജയിച്ചു. പുതിയ ചില പേരുകള്‍. ബിന്നി, മദന്‍ലാല്‍, സന്ദീപ് പാട്ടീല്‍. ഇത്രയും കാലം ഇവരെ ശ്രദ്ധിക്കാതിരുന്നതില്‍ സങ്കടം തോന്നി.
ജീവിതത്തില്‍ ആദ്യമായി കുറച്ചധികം നേരം കമന്ററി കേട്ടിരുന്നത് ഇന്ത്യയുടെ സെമിഫൈനല്‍ മത്സരത്തിലായിരുന്നു. വില്ലീസ്, ബോതം, ഗവര്‍ തുടങ്ങിയ ഭീമാകാരന്മാര്‍ അടങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ പുഷ്പം പോലെ തോല്‍പ്പിച്ചു.
ആദ്യമായി ക്രിക്കറ്റ് എന്ന കളി ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി. എനിക്ക് പരിചയമുള്ള കളിക്കാരുടെ പേരുകളുടെ ലിസ്റ്റ് വലുതായിതുടങ്ങി. ഇന്ത്യന്‍ താരങ്ങളുടെ പേരുകള്‍ക്ക് പുറമെ റിച്ചാഡ്സ്, ലോയിഡ്, മാര്‍ഷല്‍, ഹോള്‍ഡിംഗ് എന്നീ പേരുകളും എനിക്ക് കേട്ടാല്‍ മനസിലാവും എന്ന സ്ഥിതി വന്നു. ശ്രീകാന്ത്, കിര്‍മാനി, സന്ധു തുടങ്ങിയ പേരുകള്‍ എനിക്കിഷ്ടപ്പെട്ടു.
അങ്ങിനെ ഫൈനല്‍ എത്തി. ക്രിക്കറ്റ് അരച്ചുകലക്കി കുടിച്ചുകഴിഞ്ഞവര്‍ മുതല്‍ എന്നെപ്പോലുള്ള ചിന്നപയ്യന്‍സ് വരെ ആകാംക്ഷയോടെ കാത്തിരുന്ന ദിവസം.
ഉച്ചക്ക് കളി തുടങ്ങി. കമന്ററി കേള്‍ക്കുന്പോള്‍ ഇടക്കിടെ "ഔട്ട്" "ഔട്ട്" എന്ന് കേള്‍ക്കാം, ആവേശം പതുക്കെ തണുത്തു തുടങ്ങി. അവസാനം 183 എന്ന സ്കോറിന് ഇന്ത്യ വട്ടത്തിലായപ്പോള്‍ സുനിലിന്റെ പപ്പ പറഞ്ഞു "രക്ഷയില്ല, ഇതവര് ഈസിയായി അടിക്കും"
വെറുമൊരു കൌതുകം, ചെറിയൊരു ശുഭപ്രതീക്ഷ, ഞാന്‍ കമന്ററി കേള്‍ക്കാനിരുന്നു. വെസ്റ്റിന്‍ഡീസിന്റെ ഇന്നിങ്ങ്സ് തുടങ്ങി. ഏറെ താമസമില്ലാതെ ആദ്യ വിക്കറ്റ് വീണു, ഗ്രീനിഡ്ജ് ഔട്ട്. പിന്നെ വരുന്നു ഭയങ്കരന്‍, റിച്ചാഡ്സ്. വന്ന പാടെ റിച്ചാഡ്സ് അടി തുടങ്ങി. ഫോറുകളുടെ ബഹളം. എനിക്ക് മടുത്തു തുടങ്ങി. വീട്ടിലാരോ ഗസ്റ്റ് വന്നതിനാല്‍ അച്ഛന്‍ അദ്ദേഹവുമായി സംസാരിച്ചിരിക്കുകയാണ്. ഇടക്കെപ്പോഴോ രണ്ടാം വിക്കറ്റും വീണു, എന്നാല്‍ റിച്ചാഡ്സ് ഉള്ളിടത്തോളം കാലം രക്ഷയില്ല. സമയം ഏറെ വൈകിയതിനാല്‍ ഞാന്‍ ചെന്നു കിടന്നു, സ്കോര്‍ അന്പത്തിചില്വാനം. വിക്കറ്റ്, രണ്ട്. തോല്ക്കുമെന്ന് ഉറപ്പ്.
പിറ്റേന്നുരാവിലെ ഞാനെഴുനേല്ക്കുന്നത് ആ വലിയ വാര്‍ത്ത കേട്ടുകൊണ്ടാണ്. ഇന്ത്യ ജയിച്ചു. വെസ്റ്റിന്‍ഡീസിനെ 140 റണ്‍സിനു പുറത്താക്കി ഇന്ത്യ ചരിത്രം തിരുത്തി, ലോകചാന്പ്യന്മാരായി. അച്ഛന്‍ എന്നെ ഈ വിവരം അറിയിച്ചപ്പോള്‍ ക്രിക്കറ്റില്‍ എന്റെ ആദ്യ പുളകം.
പിന്നീട് പലതവണ ഞാന്‍ അനുഭവിച്ച ആ സുഖകരമായ ആ ഒരു വികാരം അവിടെ തുടങ്ങി.
അന്നാദ്യമായി എനിക്ക് ഇന്ത്യന്‍ ടീമില്‍ വിശ്വാസം ജനിച്ചു. ക്രിക്കറ്റ് എന്ന കളി ഇഷ്ടപ്പെട്ടു തുടങ്ങി. അന്നുവരെ ബാറ്റിങ്ങും ബൌളിങ്ങും ഒരിക്കല്‍പ്പോലും കാണാത്ത ഞാന്‍ ആ കളിയെ കേട്ടുകൊണ്ട് ഇഷ്ടപ്പെട്ടു. പതുക്കെ പതുക്കെ എന്റെ താത്പര്യം വളര്‍ന്നു.
ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരുപാടൊരുപാട് കാര്യങ്ങള്‍ പറയണമെന്നുണ്ട്. എല്ലാം പറയാന്‍ ഒരു ബ്ലോഗ് പോരാ. ഇനിയും കഥകളുമായി തിരിച്ചുവരാം.
1 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു:
മാഷെ..
വളരെ രസകരമായി ഇന്ത്യയുടെ ആദ്യത്തേതും അവസാനത്തേതും(?) ആയ ലോക കപ്പിനെപ്പറ്റി പറഞ്ഞത് എന്നേയും ആ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഞാനിപ്പോഴും (ഇതുവായിക്കുന്നതുവരെ) ഗവാസ്കര്‍ എന്നാണ് പറയുന്നത്.
പിന്നെ കമന്റ് ചെയ്യുവാനുള്ള ലിങ്ക് കാണണമെങ്കില്‍ ചക്രപാണി ആശാന്റടുത്ത് പോയി കവടി വച്ചുനോക്കിയാലെ കണ്ടെത്താനാകൂ, ശ്രദ്ധിക്കുമല്ലൊ.
ആശംസകള്‍.
Post a Comment