എന്റെ (അ)വിശ്വാസം.
ജബ്ബാര്‍ മാഷിന്റെ യുക്തിവാദം ബ്ലോഗില്‍ കമന്റുകളും മറുകമന്റുകളും ആയി മുന്നേറുന്ന ചര്‍ച്ചക്കിടയില്‍ എന്റെ ഒരു അഭിപ്രായം ഞാന്‍ പറയുകയുണ്ടായി. വിസ്മൃതിയില്‍ എങ്ങോ മറഞ്ഞുപോകാതിരിക്കാന്‍ വേണ്ടി മാത്രം ഞാന്‍ അതിവിടെ ഒരു പോസ്റ്റ് ആയി ഇടുന്നു. ആരുടെയും ദൈവവിശ്വാസത്തിനു മുറിവേല്ക്കില്ല എന്ന വിശ്വാസത്തില്‍...
ഇതൊരു വലിയ ജീവിതവീക്ഷണം ആണെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. പലരും പറഞ്ഞിട്ടുണ്ടാവാം, ഞാന്‍ എഴുതിയത് മുഴുവന്‍ മണ്ടത്തരവും ആവാം. ശാസ്ത്രീയമായോ തത്വചിന്താപരമായോ ഒരു backing ഇതിനില്ല, അതിനാല്‍ തന്നെ പുസ്തകങ്ങളുടെയോ ലിങ്കുകളുടെയോ റഫറന്‍സ് ഇവിടെ ഇല്ല. എന്റെ തീരെ ചെറിയ യുക്തിയില്‍ തോന്നിയൊരു കാര്യം, അങ്ങിനെ മാത്രം കാണാന്‍ അപേക്ഷ.
യുക്തിവാദം ബ്ലോഗിലെ സാഹചര്യവും എന്റെ പുതിയ പോസ്റ്റിലെ നിങ്ങള്‍ വായിക്കുന്ന സാഹചര്യവും വ്യത്യസ്തമായതിനാല്‍ ചെറിയ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്.
പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടെന്നാണല്ലോ മതങ്ങള്‍ പറയുന്നത്. ശാസ്ത്രം അതിനെ പരിപൂര്‍ണമായി തള്ളിക്കളഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല, കാരണം ശാസ്ത്രത്തിനു ഇനിയും വിശദീകരിക്കാനാവാത്ത പ്രപഞ്ച രഹസ്യങ്ങള്‍ ഇപ്പോഴുമുണ്ട്. ആ സ്രഷ്ടാവിനു മനുഷ്യന്‍ പല സമയത്തായി അനവധി സങ്കല്പങ്ങള്‍ ഒരുക്കിയിട്ടുണ്ട്, രൂപമുള്ളതും ഇല്ലാത്തതും ആയി. ദൈവസങ്കല്‍പം അല്ലെങ്കില്‍ വിശ്വാസം ഏതായാലും എല്ലാ തത്വചിന്തകളിലും പൊതുവായി ഉള്ള കാര്യം സ്രഷ്ടാവിനു മനുഷ്യനുമായുള്ള സവിശേഷ ബന്ധമാണ്. അതിനെക്കുറിച്ച് ചില ചിന്തകള്‍.
*****************************************************
മനുഷ്യന് തന്റെ ദൈനംദിന നിലനില്‍പ്പിനുപരിയായി സാമൂഹികമായ ആവശ്യങ്ങള്‍ കൂടി വരുന്പോഴാണ് യുക്തിയും വിശ്വാസവും, എന്തിന്, ശാസ്ത്രം പോലും ആവശ്യമായി വരുന്നത്. അവിടെ തന്നെയാണ് നിയമങ്ങളും നന്മയും എല്ലാം പ്രസക്തമാകുന്നതും. വിധി, ഭാഗ്യം, നിര്‍ഭാഗ്യം, നന്മ, തിന്മ, ഞാന്‍, നീ, അവര്‍ എന്നീ വസ്തുതകളെല്ലാം (entities) വരുന്നതു സമൂഹത്തില്‍ തന്നെ, വ്യക്തിപരമായി മാത്രം എടുക്കുകയാണെങ്കില്‍ ആര്‍ക്കും ഇത് ആവശ്യമല്ല.
മനുഷ്യന്‍ വിധിയില്‍ വിശ്വസിക്കാന്‍ തുടങ്ങിയതുപോലും ഈയൊരു കാഴ്ചപ്പാടില്‍ മാത്രമാണ്. ഉദാഹരണത്തിന്, എന്നെ വണ്ടിയിടിച്ച് എന്റെ കാലൊടിഞ്ഞെന്നിരിക്കട്ടെ. എന്റെ ചുറ്റുമുള്ളവരും ബന്ധുക്കളും കാണുന്പോള്‍, എന്നോടു സഹതാപിക്കുന്പോള്‍ ആണ് എനിക്കത് നിര്‍ഭാഗ്യമായി തോന്നുക (ആ വണ്ടി എന്റെ മുകളിലൂടെ കയറി എന്നെ കൊന്നില്ലല്ലോ എന്ന ആശ്വാസം കേട്ടാല്‍ അതെന്റെ ഭാഗ്യമായും കാണാം). അത് നാം വിധി എന്ന് പറയും. പക്ഷെ പുറത്തു നിന്നു നോക്കിയാല്‍ എന്നെ വണ്ടിയിടിക്കുന്നത് ഒരു പട്ടിയെ വണ്ടിയിടിക്കുന്നത് പോലെ, അല്ലെങ്കില്‍ കാട്ടില്‍ ഒരു മാനിനെ സിംഹം തിന്നുന്നത് പോലെ വെറും സാധാരണ സംഭവം മാത്രമല്ലേ. എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്ന്.
വിധി എന്ന് പറഞ്ഞു നിശ്ചയിക്കുന്നത് ഞാനും എന്റെ സമൂഹവും മാത്രമാണ്. സാധാരണ മുറിവുകള്‍, എത്ര വേദനാജനകമാണെങ്കിലും, നാം വിധി എന്ന് പറയാറില്ലല്ലോ, സമൂഹം അവിടെ ഇടപെടുന്നില്ലെന്നത് തന്നെ കാരണം.
അതുപോലെതന്നെ ബുദ്ധിയും വിശ്വാസവും യുക്തിയും നാം ഉപയോഗിക്കുന്നത് നമ്മുടെ സാമൂഹികമായ വ്യവഹാരങ്ങള്‍ക്കാണ്. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും കാര്യം പറയേണ്ടതില്ലല്ലോ.
ഈ രീതിയില്‍ നോക്കുന്പോള്‍ മനുഷ്യന് ചിന്തിക്കാനുള്ള കഴിവുണ്ടായതിനാലല്ല ഭൌതികമായെങ്കിലും (മറ്റുജീവികളെ അപേക്ഷിച്ച്) ഭൂമിയെ ഏറ്റവുമധികം നിയന്ത്രിക്കുന്ന സവിശേഷ ജീവിയായത്, മറിച്ച് സാമൂഹികമായി ജീവിക്കാനും സാമൂഹികമായി ഇടപെടാനും തുടങ്ങിയതിനാലാണ് എന്ന് എനിക്ക് തോന്നുന്നു. ശാസ്ത്രവും വളര്‍ന്നത് മനുഷ്യന്റെ സാമൂഹികമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സഹായി ആയിട്ടാണ്.
അതുകൊണ്ടുതന്നെ സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ ഒരു സ്പെഷല്‍ സൃഷ്ടി അല്ല. ഈ പ്രപഞ്ചത്തില്‍ മറ്റേതൊരു ജീവിയേയും പോലെ ഒന്ന്, അത്ര മാത്രമെ ആ സ്രഷ്ടാവ് മനുഷ്യനെയും കാണുന്നുള്ളൂ.
ആ സ്രഷ്ടാവ് മനുഷ്യന് വേണ്ടി മാത്രം ഒരു code of conduct ഉണ്ടാക്കും എന്ന് അതിനാല്‍ തന്നെ എനിക്ക് വിശ്വസിക്കാനും കഴിയില്ല. പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും ഒരുപോലെ കാണേണ്ട സ്രഷ്ടാവ് ഒരു വിഭാഗത്തിന് (അതും പ്രത്യേകതകള്‍ ഏതുമില്ലാത്ത ഒന്നിന്) മാത്രമായി ചില കാര്യങ്ങള്‍ പറഞ്ഞുകൊടുക്കില്ല.
മനുഷ്യനാണ്, മനുഷ്യന്റെ ബുദ്ധിയാണ് എല്ലാം, എന്ന് പറയുന്നതിനോടും എനിക്ക് യോജിപ്പില്ല, കാരണം നേരത്തെ പറഞ്ഞതു തന്നെ, മനുഷ്യന്‍ സ്പെഷല്‍ അല്ല.
എന്റെ കാഴ്ചപ്പാടില്‍ പണ്ടു ഒരു ദിനോസറോ അല്ലെങ്കില്‍ ഇന്നത്തെ കാലത്ത് ഒരു അമീബയോ ജീവിക്കുന്ന അത്ര പ്രസക്തി മാത്രമെ എനിക്കുമുള്ളു, ഏതൊരു മനുഷ്യനുമുള്ളു. ഇതെഴുതാന്‍ എന്നെ സഹായിക്കുന്ന കന്പ്യൂട്ടറും ഇന്റര്‍നെറ്റും എല്ലാം സമൂഹം എന്ന സ്ഥാപനവുമായി മനുഷ്യന്‍ നടത്തുന്ന ഇടപാടുകള്‍ക്കിടയില്‍ അവന്റെ ആവശ്യാര്‍ത്ഥം, ലഭ്യമായ വസ്തുക്കളും ജ്ഞാനവും ഉപയോഗിച്ച്, അവന്‍ കണ്ടുപിടിച്ച സാങ്കേതിക യന്ത്രങ്ങള്‍ മാത്രമാണ്, അല്ലാതെ മനുഷ്യവര്‍ഗ്ഗത്തിന്റെ ഒരു നിയോഗമായി വന്നു ഭവിച്ചവയല്ല.