കാല്‍വിന്‍ അഥവാ ശ്രീഹരി ഒപ്പിച്ച പാര
സുഹൃത്തുക്കളെ....
മുഴുവിന്‍ (formerly കാല്‍വിന്‍) എന്ന ചീള് പയ്യന്‍ സിനിമാക്കാരന്‍ ആസ്ത്രേലിയന്‍ ടീമിന്റെ പരാജയത്തിനു ശേഷം പുറത്തുവിട്ട രഹസ്യ വീഡിയോ തിരക്കഥയ്ക്കു ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ പോണ്ടഡ് (formerly പോണ്ടിംഗ്) നല്‍കിയ മറുപടി.
ടീമിലെ പ്രമുഖ ഫാസ്റ്റ് ബൌളറായ ഇഡ്ലിയും ടീമില്‍ വലിയ താല്‍പര്യമില്ലാതെ മീന്‍ പിടിക്കാന്‍ പോയ സായിമണ്ടനും തമ്മില്‍ നടന്നു എന്ന് പറയപ്പെടുന്ന ഫോണ്‍ സംസാരം ആണത്രേ ഈ വീഡിയോയില്‍.
മറുപടിയുടെ ചെറിയൊരു ഭാഗം മാത്രമേ അവിടെ പ്രതികരണത്തില്‍ കാണാനുള്ളൂ, ആരോ എഡിറ്റ് ചെയ്തു വെടിപ്പാക്കിയിട്ടുണ്ട്. സത്യം എല്ലാവരും അറിയാന്‍ വേണ്ടി ഞങ്ങള്‍ അത് ഇവിടെ ഇടുന്നു.
എല്ലാ പത്രപ്രവര്‍ത്തകരെയും വിളിച്ചറിയിച്ചു ഈ കത്തിന് പരമാവധി പബ്ലിസിറ്റി കൊടുക്കാന്‍ നാട്ടുകാരോടു അപേക്ഷ.
മുഴുവിന്‍-ന്റെ ആസ്ത്രവിരോധത്തിനും കിരാതനടപടിക്കുമെതിരെ പ്രതിഷേധിക്കുവാനും ഞങ്ങള്‍ അപേക്ഷിക്കുന്നു.
സിനിമാക്കാരന്റെ ശ്രദ്ധക്ക്......
ഇന്നലെ ഇംഗ്ലണ്ടില്‍ തെണ്ടി-തെണ്ടി നടക്കുന്ന ലോകകപ്പില്‍ ശ്രീലങ്കയോട് തോറ്റു തുന്നംപാടി നില്‍ക്കുന്പോള്‍ താങ്കള്‍ സായിമണ്ടന്റെ വീട്ടില്‍ രഹസ്യക്യാമറ വെച്ച് പടം പിടിച്ചു എന്നും അതൊരു സിനിമയാക്കി ഇറക്കാനുള്ള ശ്രമമാണെന്നും താങ്കളുടെ വെബ്സൈറ്റില്‍ നിന്നും അറിഞ്ഞു. ഞങ്ങളുടെ ടീമിനെക്കുറിച്ച് താങ്കള്‍ക്കു ഒരു ചുക്കും അറിയാത്തതിനാലാണ് താങ്കള്‍ അത്തരത്തില്‍ ഒരു നീച പ്രവൃത്തി ചെയ്യുന്നത്. സായിമണ്ടനും ഇഡ്ലിയും കോഡുഭാഷയിലാണ് സംസാരിച്ചത് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും തെളിഞ്ഞില്ലേ നിങ്ങള്‍ സിനിമാക്കാര്‍ക്ക്?
ഞങ്ങള്‍ അനര്‍ഗ്ഗളനിര്‍ഗ്ഗളം റണ്ണുകള്‍ പ്രവഹിപ്പിക്കാന്‍ കഴിവുള്ള ഒരു ടീമാണെന്ന് താങ്കള്‍ മനസിലാക്കുന്നത് നന്ന്. പണ്ടു ബാറ്റ് ചെയ്യുന്പോഴായിരുന്നു റണ്ണുകള്‍ വന്നിരുന്നത്, ഇപ്പോള്‍ ഞങ്ങള്‍ ബൌള്‍ ചെയ്യുന്പോഴാണ്, അത്രയുമേ ഇവിടെ സംഭവിക്കുന്നുള്ളൂ. എന്തായാലും പ്രവഹിക്കുന്നുണ്ടല്ലൊ, പിന്നെന്താണ് താങ്കള്‍ക്കു പ്രശ്നം?
എന്ന് വെച്ച് ഞങ്ങളുടെ കാലം കഴിഞ്ഞു എന്ന് ചിന്തിക്കരുത്. മേലാല്‍ ഇജ്ജാതി പടങ്ങള്‍ എടുക്കരുത്, ഞങ്ങളും കരയും..... ങ്ഹാ.....
തെണ്ടി-തെണ്ടി നടക്കുന്ന ഈ ലോകകപ്പില്‍ ആദ്യകളിയില്‍ ക്രോസ് പൈലി കാരണമാണ് ഞങ്ങള്‍ തോറ്റതു. വൃത്തികെട്ടവന്‍, ഇങ്ങിനെയും ആസ്ത്രേലിയാ വിരോധമോ? നന്നായി ബൌള്‍ ചെയ്തില്ലെന്ന് വെച്ച് ഇങ്ങിനെ അടിക്കാന്‍ പാടുമോ?
രണ്ടാമത്തെ കളിയില്‍ ഞങ്ങള്‍ മോശമായി എന്ന് അര്‍ത്ഥം വരുന്ന രീതിയിലാണ് താങ്കള്‍ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. അതെന്താ ഇതെന്താ പാന്റീസും അവന്റെ മൂത്തവന്‍ ബെര്‍ളിത്തരനും ഞങ്ങളെ വട്ടം കറക്കി എന്നത് ശരി തന്നെ. കുമാരന്റെ സംഘത്തലവനും തിലകനും ഞങ്ങക്കിട്ടു പണിഞ്ഞു എന്നതും ശരി തന്നെ. എന്നാലും ഞങ്ങള് നന്നായി കളിച്ചില്ലേ? പന്ത് പിടിക്കാന്‍ ഞങ്ങള്‍ എത്ര ഓടി. അതെന്താ ആരും കാണാത്തത്?
ഞാന്‍ ക്യാപ്റ്റന്‍ ആയതിനു ശേഷം എന്തെങ്കിലും പ്രശ്നം ടീമിന് ഉണ്ടായിട്ടുണ്ടോ? ഇന്ത്യ, ഇംഗ്ലണ്ട്, സൌത്ത് ആഫ്രിക്ക, ശ്രീലങ്ക, പാക്കിസ്ഥാന്‍, ന്യൂസിലാന്റ്, വെസ്റ്റിഡീസ്, ബംഗ്ലാദേശ് എന്നീ ടീമുകളോടല്ലാതെ വേറെ ഏതെങ്കിലും ടീമിനോട് ഞങ്ങള്‍ തോറ്റിട്ടുണ്ടോ?
ഞങ്ങള്‍ കളിയില്‍ ചതിച്ചു എന്ന് പണ്ടു അനില്‍ വെള്ളരിക്കേ പറഞ്ഞു. അതെന്തു ന്യായം. പന്ത് നിലത്തു മുട്ടിയാല്‍ പിടിച്ചില്ല എന്നാവുമോ? പാഡില്‍ കൊണ്ടാല്‍ എല്‍ബിഡബ്ലിയു എന്നതാണ് ഞങ്ങളുടെ നാട്ടിലെ നിയമം. ഏതു രാജ്യത്ത് ചെന്നാലും ആ രാജ്യത്തെ നിയമം അനുസരിക്കണം, അത് കളിക്കാരായാലും അന്പയറായാലും വന്‍പയറായാലും കുന്പളമായാലും.
സൌത്ത് ആഫ്രിക്കയോടു തോറ്റതു ജമിനി സര്‍ക്കസില്‍ നിന്നും വന്ന ഒരു പയ്യന്‍ ഗ്രൗണ്ടില്‍ സര്‍ക്കസ് കളിച്ചതിനാലാണ്, അല്ലാതെ ഞങ്ങളുടെ ടീമിന് കുഴപ്പമുണ്ടായിട്ടല്ല.
ഞങ്ങള് ഗ്രൗണ്ടില്‍ വെച്ച് കളിക്കാരെ തെറി വിളിക്കും എന്നൊരു ആരോപണം ഉണ്ടത്രേ. ഞങ്ങള് മാത്രമാണോ സാര്‍ തെറിവിളിക്കുന്നത്? ഗുര്‍ബച്ചന്‍ സായിമണ്ടനെ വീട്ടുപേര് വിളിച്ചില്ലേ? അത് ആരും കാണാത്തതെന്താ?
പിന്നെ നിങ്ങളുടെ നാട്ടില്‍ ഒരുത്തന്‍ വന്നു കാശ് കൊടുക്കാതെ നൂറടിച്ചാല്‍ ഷാപ്പുകാരന്‍ എന്ത് പറയും? അത് മാത്രമേ ഞങ്ങള്‍ കൊച്ചിനോടും ഭരതനോടും പറഞ്ഞിട്ടുള്ളൂ. അതിനെ സ്ലെഡ്ജിംഗ് എന്നൊക്കെ പറയുന്നത് അതിക്രമമല്ലെ.
കഴിഞ്ഞത് കഴിഞ്ഞു. നമ്മള്‍ തമ്മില്‍ വിരോധം എന്തിനാ? ഞങ്ങളെക്കുറിച്ച് താങ്കള്‍ക്കു ശരിയായൊരു ധാരണ തരാം.
മത്തായി വൈക്കൊല്‍ഗുഹയും ആദാമന്‍ ഗില്‍പിശാചും ഷെയിം പോര്‍ണും ഗ്ലാനി മകരന്തവുമൊക്കെ പോയി, എന്നുവെച്ചു ഞങ്ങള്‍ക്ക് ശക്തി ക്ഷയിച്ചിട്ടൊന്നുമില്ല.
സൈക്കിള്‍ പ്യൂണ്‍ ബാറ്റു ചെയ്യാനും താങ്കള്‍ ജെറ്റ്ലീ എന്ന് വിളിച്ച ഇഡ്ലി ഒന്ന് ബൌള്‍ ചെയ്യാനും പഠിച്ചോട്ടെ, അപ്പോള്‍ കാണാം കളി (ഇനിയെന്നാണാവോ).
മിഖായേല്‍ കുശി, ദാവീദ് കുശി, ഷെയിം എന്തുമകന്‍ തുടങ്ങിയവര്‍ പുസ്തകം വായിച്ചും ഇന്റര്‍നെറ്റില്‍ കളിച്ചും കളി പഠിച്ചു കഴിഞ്ഞു, ഇനി ഗ്രൗണ്ടില്‍ ഇറങ്ങി പരിശീലിച്ചാല്‍ മാത്രം മതി. സായിമണ്ടന്‍ പുഴക്കരയിലും ഞാന്‍ നല്ലയിനം പബ്ബിലും നന്നായി കളിക്കുന്നുണ്ട്, അതിനാല്‍ ഇനി കൂടുതല്‍ കളി പഠിക്കേണ്ടതില്ല.
എല്ലാം ശരിയായാല്‍ ഞങ്ങളും മുന്‍പറഞ്ഞ കിഴവന്മാരില്ലാതെ തന്നെ ലോകകപ്പ് നേടും.
ഞങ്ങള്‍ സിംഹങ്ങളാണ്...... ഗര്‍ര്‍ര്‍ (കേട്ടില്ലേ അലര്‍ച്ച)
സ്വന്തം,
പോണ്ടഡ് (പോണ്ടിങ്ങിന്റെ ഭാവി)
ഒപ്പ്
PS: ഞങ്ങള് മീന്‍പിടിക്കാനൊന്നും പോകുന്നില്ല. ഇവിടെ ചാരപ്പണിയും കഴിഞ്ഞു ആറ് ടെസ്റ്റ് കളിച്ചു നശിച്ചു നാറാണക്കോലെടുത്ത് പണ്ടാറടങ്ങിയതിനു ശേഷമേ ശീമ വിടൂ. അല്ല പിന്നെ....