എന്റെ ഏകാന്തത (രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം മൂന്ന്)
ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചില്ലേ....
ഇനി മൂന്നാം ഭാഗം. തിരശീല വീഴാന്‍ സമയമായി.
എന്റെ ചില എകാന്തകിറുക്കുകള്‍ ആണിവിടെ.
ഏകാന്തത എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യമായിരുന്നു, കല്യാണം കഴിയുന്നതുവരെ.... (കിടക്കട്ടെ ഭാര്യയ്ക്കും ഒരു സോപ്പ്). കുറെ സ്വപ്നം കാണാനും അത്യാവശ്യം ചില കിറുക്കുകള്‍ നടപ്പിലാക്കാനും ഏകാന്തത എന്നെ സഹായിച്ചിട്ടുണ്ട്. അന്നൊക്കെ ഒരു introvert ആയിരുന്നു എന്നതും എന്റെ എകാന്തതയ്ക്കൊരു കാരണമായിരുന്നു. കൂട്ടുകാര്‍ ഇല്ലെന്നല്ല, പക്ഷെ ഒഴിവുസമയങ്ങള്‍ ഒറ്റയ്ക്കായും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്.
എന്റെ കുട്ടിവായന
ഒരുപാടു റേഞ്ച് അവകാശപ്പെടാനാവില്ലെങ്കിലും കുട്ടിക്കാലത്ത് ഞാന്‍ നന്നായി വായിക്കുമായിരുന്നു. ബാലരമ, പൂന്പാറ്റ, അന്പിളി അമ്മാവന്‍ എന്നീ ദ്വൈവാരികകള്‍ വീട്ടില്‍ വരുത്തിയിരുന്നു. ബാലമംഗളവും ഡിങ്കനുമൊക്കെ അന്നില്ലായിരുന്നു. പിന്നീട് വായന ഒന്നുകൂടി വികസിച്ചത് അമര്‍ ചിത്രകഥ (ഇംഗ്ലീഷ്, പിന്നീടത് ബാലരമ അമര്‍ചിത്രകഥ എന്നാ പേരില്‍ മലയാളത്തിലും ലഭ്യമായിരുന്നു എന്ന് തോന്നുന്നു) ഇറങ്ങിയപ്പോഴാണ്. എല്ലാ മാസവും പലചരക്ക് വാങ്ങാന്‍ ഇറങ്ങുന്ന കൂട്ടത്തില്‍ ഒരു ട്രിപ്പ് പാലക്കാട്ടെ ശാന്താ ബുക്ക് ഡിപ്പോയിലേക്കും. ഒരെണ്ണം വിടാതെ എല്ലാ പതിപ്പുകളും വാങ്ങിക്കൂട്ടിയിരുന്നു. ഇത് കുറേക്കാലം തുടര്‍ന്നു, ഒരു ലൈബ്രറി തുടങ്ങാന്‍മാത്രം പുസ്തകങ്ങള്‍ എന്റെ വീട്ടില്‍ ഉണ്ടായിരുന്നു.
വിശ്വസാഹിത്യമാല എന്നൊരു സീരീസ് (പ്രസാധകര്‍ ആരെന്നോര്‍മയില്ല) ഇറങ്ങിയതോടെ ആണ് ചില ലോകോത്തര ക്ലാസിക്കുകള്‍ ഞാന്‍ വായിക്കുന്നത്. സംക്ഷിപ്തരൂപത്തില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട ആ ക്ലാസിക്കുകള്‍ എന്നെ ഒരുപാടു ആകര്‍ഷിച്ചവ ആയിരുന്നു. നോത്രദാമിലെ കൂനന്‍ ആയിരുന്നു ആ സീരീസിലെ ആദ്യ പുസ്തകം. ശാന്താ ബുക്ക് ഡിപ്പോയിലേക്ക് ഉള്ള യാത്രയില്‍ വാങ്ങേണ്ട ബുക്കുകളുടെ എണ്ണം കൂടി.കുറെ പുരാണകഥകള്‍ അടങ്ങിയ ഒരു സെറ്റ് പുസ്തകങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു, അവയുടെ പേരോ പ്രസാധകരുടെ പേരോ ഒന്നും ഓര്‍മയില്ല.
പറഞ്ഞുവന്നത് വായനയെക്കുറിച്ചാണല്ലോ. വായിക്കുന്പോള്‍ ഞാന്‍ വളരെ സീരിയസ് ആയി വായിക്കുമായിരുന്നു. ആ സമയത്ത് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറേ ഇല്ലായിരുന്നു. ഒരിക്കല്‍ (വടക്കന്തറ വേല സമയത്ത്) വീട്ടിനരികിലൂടെ ഒരു ആന പോകുന്നുണ്ടായിരുന്നു. ആ ചുറ്റുവട്ടത്തുള്ളവരെല്ലാം ആനയെ കാണാന്‍ വീട്ടിനു പുറത്തേക്കിറങ്ങി, ഒരാളൊഴിച്ച്. അത് അപ്പൂട്ടന്‍ മാത്രമായിരുന്നു. ആശാന്‍ ഏതോ പുസ്തകത്തില്‍ മുഴുകി ഇരുപ്പായിരുന്നു. വേണമെങ്കില്‍ ആന ഇങ്ങോട്ട് വന്നു എന്നെ കണ്ടു പൊയ്ക്കോട്ടേ എന്ന ഭാവത്തില്‍ അകത്തു തന്നെ ഇരുപ്പ്.
അത്തരം മോഹങ്ങള്‍ ആനയ്ക്കും ഉണ്ടായിരുന്നോ എന്നറിയില്ല, ഏതായാലും അപ്പൂട്ടനെ കാണണം എന്ന് ആന വാശി പിടിക്കാതിരുന്നതിനാല്‍ ഞങ്ങളുടെ വീടും വാതിലുകളുമൊക്കെ യഥാസ്ഥാനത്തു തന്നെ അവശേഷിച്ചു.
ഇനി ചില കഥകളിലേക്ക്....
മഹര്‍ഷി അപ്പൂട്ടന്‍.....
പുരാണ കഥകള്‍ ധാരാളം വായിച്ചുകൂട്ടിയിരുന്നു എന്ന് പറഞ്ഞല്ലോ. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി തപസ്സായിരുന്നു.
തപസ്സ് എന്ന സ്പോണ്‍സരന്മാരില്ലാത്ത പരിപാടി എന്തെന്നറിയാത്തവരുടെ വിജ്ഞാനകോശത്തിനായി....
ഓരോ ടീംസ് വെറുതെ ഇരിക്കുന്പോള്‍ അങ്ങ് തപസ്സു ചെയ്യും, ഇഷ്ടദൈവത്തിനെ. ചമ്രം പടിഞ്ഞോ യോഗാ പോസ്ചറിലോ ഒറ്റക്കാലിലോ ഇരുന്നോ കിടന്നോ മറിഞ്ഞോ എങ്ങിനെ വേണമെങ്കിലും കാര്യം നടത്താം, ഒന്ന് മാത്രം ശ്രദ്ധിച്ചാല്‍ മതി, വരാന്‍ സാധ്യതയുള്ള ദൈവത്തിനെ ആദ്യമേ അങ്ങ് ബുക്ക്‌മാര്‍ക്ക് ചെയ്തിരിക്കണം. ഒരു സെറ്റപ്പില് എത്തിക്കഴിഞ്ഞാല്‍ പിന്നെ ആ ദൈവത്തിനെ വിളിയോടുവിളി. അത്രേ ഉള്ളു...... കാര്യം നിസ്സാരം.
ദൈവം ആദ്യം ഇത്തരം മെയിലുകള്‍ എല്ലാം ഇഗ്നോര്‍ ചെയ്യും. അവസാനം മെയില്‍ ബോക്സ് ഫുള്ളായെന്നു സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ വിളിച്ചു പറഞ്ഞാല്‍ ഇതെന്തു പണ്ടാറം എന്ന് പറഞ്ഞു ഗത്യന്തരമില്ലാതെ പുള്ളി ഫീല്‍ഡിലിറങ്ങും. "വത്സാ, തപസ്സേട്ടേയ് (പാലക്കാടന്‍ സ്റ്റൈലില്‍ അങ്ങിനെയും വിളിക്കാം)............ നിന്നില്‍ നാം പ്രസന്നനും ശിവനും (മഞ്ജുളചേച്ചിയുടെ മക്കളുടെ പേരാണ്) ഒക്കെ ആയിരിക്കുന്നു" എന്ന് പറഞ്ഞു തപസ്സന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും. (ബെസ്റ്റ്....നുണ പറയാന്‍ ഈ ദൈവങ്ങളെ കഴിഞ്ഞേ വേറെ ആളുള്ളൂ. പൊറുതിമുട്ടി വന്നതാണെങ്കിലും അന്നെ ഞമ്മക്ക് പെരുത്തിഷ്ടായീ എന്നേ പറയൂ)
ദൈവം പ്രത്യക്ഷപ്പെട്ടാല്‍ തപസ്സേട്ട തന്റെ ഡിമാന്റ്സ് അങ്ങ് വെക്കും, ഒരുമാതിരി യൂണിയന്‍ നേതാക്കളുടെ മട്ടില്‍.
ദൈവം "ലത് വ്യാണോഡേയ്.... ആകെ കലിപ്പാകുവല്ല്" എന്ന് പറഞ്ഞു കയ്ചിലാവാന്‍ നോക്കിയേക്കും, വിടരുത്........
"പിന്നെന്തരിനു വന്നഡേയ്" എന്നൊരു ചോദ്യം തിരിച്ചും എറിഞ്ഞാല്‍ മതി. ദൈവം വീണോളും. അപ്പൊ ചോയ്ച്ച വരം ഗംപ്ലീറ്റ് തരും.
ചില വിരുതന്മാരുണ്ട്, കുനിഷ്ടു പിടിച്ച വരമേ ചോദിക്കൂ എന്ന് ദൈവത്തിനു ഉറപ്പുള്ള ടീംസ്.
അവന്മാര് ചുമ്മാ തപസു ചെയ്താലൊന്നും ദൈവം പ്രത്യക്ഷപ്പെടില്ല. എന്നിട്ടെന്താ കാര്യം, ഇത്തരം ടീംസ് ദൈവത്തിനെ വെറുതെ വിടുമോ. കുറച്ചധികം നേരം തപസ്സു ചെയ്യും, എന്നിട്ടും വന്നില്ലെങ്കില്‍ അവസാനം ആത്മഹത്യ എന്ന ഭീഷണി മുഴക്കും. സ്വയം കഴുത്തില്‍ വാള് വെയ്ക്കും (തെറ്റിദ്ധരിക്കല്ലെ, വാള്‍ കഴുത്തില്‍ വെയ്ക്കും എന്നെ ഉദ്ദേശ്യമുള്ളു).
അപ്പൊ ദൈവം വരും. ഇനി ആത്മഹത്യക്കുറിപ്പെങ്ങാന്‍ എഴുതിവെച്ചാല്‍ കുറ്റം ദൈവത്തിന്റെ പിടലിക്കിരിക്കും. പിന്നെ കേസ്, കോടതി, ഇണ്ടാസ്, യുവര്‍ ഓണര്‍, ഓഡര്‍ ഓഡര്‍.... അമ്മോ.... ദൈവത്തിന്റെ ചെരുപ്പ് തേയും വക്കീലാപ്പീസില്‍ കയറിയിറങ്ങി. ദൈവത്തിനു പോലും നമ്മുടെ വക്കീലന്മാരെ പേടിയാ.
ആലോചിച്ചപ്പോള്‍ എനിക്കും തോന്നി ഇത് കൊള്ളാമല്ലോ എന്ന്. ഇത്തിരി തപസ്സു ചെയ്‌താല്‍, ദൈവമെങ്ങാന്‍ പ്രത്യക്ഷപ്പെട്ടാല്‍..... ഹാവൂ, പിന്നെ .........
ഞാനും തുടങ്ങി ഒരു തപസ്സ്. എന്താണ് വരം ചോദിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നോ എന്ന് ഓര്‍മയില്ല. പരീക്ഷയില്‍ മുഴുവന്‍ അന്‍പതില്‍ അന്‍പതു എന്നോ മറ്റോ ആയിരിക്കണം.
ഏതായാലും ഗംഭീരമായി തന്നെ കട്ടിലില്‍ ഇരുന്നു തപസ്സു ചെയ്തു.
(സ്ഥലത്തിനു പേര് പാല"ക്കാട്" എന്നാണെങ്കിലും കാടു ഞാന്‍ കണ്ടിട്ടില്ല. വല്ല സൈലന്റ് വാലിയിലും പോകാമെന്ന് വെച്ചാല്‍ കയ്യില്‍ റെഡികാഷില്ല. അതിനാല്‍ കാട്ടില്‍ പോയി തപസ്സു ചെയ്യാനൊന്നും വയ്യ. പിന്നെന്തു ചെയ്യും? ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യുക, അത്ര തന്നെ. ദൈവത്തിനു അറിയുമായിരിക്കും എന്റെ ലിമിറ്റേഷന്‍സ്)
ഏതാണ്ട് പതിനഞ്ചു സെക്കന്റ് കഠിനതപസ്സ് അനുഷ്ഠിച്ചു കാണും. മന്ത്രമൊന്നും അറിയില്ല, ഓം....നമശ്ശിവായ എന്നോ മറ്റോ ജപിച്ചുകാണും. (അല്ലെങ്കിലും ശിവന്‍ ആണല്ലോ അപകടം പിടിച്ച വരം കൊടുക്കുന്നതിന്റെ ആശാന്‍. പുള്ളിക്ക് വരം എന്ന് കേട്ടാല്‍ പിന്നെ മുന്‍-പിന്‍ നോട്ടമൊന്നുമില്ല, അങ്ങ് കൊടുത്തുകളയും)
ദൈവത്തിന്റെ വരവിന്റെ ലക്ഷണം ഒന്നും കാണുന്നില്ല.
ഒരുപക്ഷെ തപസ്സിന്റെ രീതി ശരിയല്ലാത്തതിനാലാവുമോ? കഠിനം പോരേ.... ഘോരം വേണോ? ഓ.... ആയിക്കളയാം. നമ്മടേലാണോ ടെക്നിക്കില്ലാത്തത്?
അടുത്ത പടി.... ഒറ്റക്കാലില് നിന്ന് തപസ്സ്. ഘോരഘോരന്‍ തന്നെ. ഇതില്‍ ദൈവം വന്നില്ലെങ്കില്‍ എന്നെ ദാ.... ഇങ്ങിനെ വിളിച്ചോ.
ഏതാണ്ട് എട്ടു സെക്കന്റ്. ബാലന്‍സ് ശരിയാവാഞ്ഞതിനാല്‍ ആ പരിപാടി നമ്മുക്ക് പറ്റിയതല്ലെന്നു മനസിലാക്കി. അപ്പൊ ഘോരന്‍ വേണ്ട, കഠിനന്‍ മതി.
കഠിനത്തിനു റിസല്‍റ്റ് ഇല്ലാ....... സോ വാട്ട്..... ടെക്നിക്കുകള്‍ ഇനിയും കിടക്ക്വല്ലേ....
ഇനിയാണ് ഫൈനല്‍ ശ്രമം.
റെഡിയാക്കി വെച്ചിരുന്ന പിശ്ശാങ്കത്തി എടുത്തു കയ്യില്‍ പിടിച്ചു.
വരുമോ.......നീ വരുമോ.....
ഇല്ല, ആള്‍ പ്രസാദിച്ചിട്ടില്ല.
കത്തി ഒന്നുകൂടി കഴുത്തിനടുത്തേക്ക് നീങ്ങി. ഇടയ്ക്കൊന്നു ഇടങ്കണ്ണിട്ടു നോക്കി.... വരുന്നുണ്ടോ?
നഹീ നഹീ....
ഇപ്പോള്‍ കത്തി കഴുത്തിന് വളരെ അടുത്താണ്..... ദൈവമേ.... മര്യാദയ്ക്ക് വന്നോ... ഇല്ലെങ്കില്‍.....
ഇല്ല. ദൈവം എന്നെ തിരിഞ്ഞു നോക്കുന്നതേ ഇല്ല.
കത്തി കഴുത്തില്‍ മുട്ടിച്ചു...... ബ്ലഡി ബാസ്കറ്റ്ബാള്‍ വന്നില്ലേ വെവരറിയും.....
യെവടെ..... ദൈവവുമില്ല ഒരു ...... ഇല്ല.
പിശ്ശാങ്കത്തി തട്ടി മുറിഞ്ഞാല്‍ ഉള്ള വേദന ഓര്‍ത്തപ്പോള്‍ വെട്ടാതിരിക്കുന്നതാണ് ബുദ്ധി എന്ന് തോന്നി, വെട്ടിയില്ല.
എന്റെ തപസ്സു അവിടെ അവസാനിച്ചു !!!!!!!!!!!!!!
അതോടെ ദൈവവുമായുള്ള എന്റെ കൂട്ട് ഞാന്‍ വെട്ടി. ഇനിയെങ്ങാന്‍ ദൈവം വന്നാല്‍ തന്നെ പുള്ളിയെ ഓടിച്ചുവിടാനും ഞാന്‍ തീരുമാനിച്ചു, ങാഹ, അത്രയ്ക്ക് അഹങ്കാരമോ..... വിളിച്ചാ വന്നൂടെ?
പിന്നീടെപ്പോഴോ അഗ്നിയ്ക്ക് നടുവില്‍ നിന്ന് തപസ്സുചെയ്ത ഒരു ഗഡിയുടെ കഥ വായിച്ചു. അപ്പോഴാണ് മനസിലായത് what I was missing എന്നത്.
അന്ന് കത്തി പൊക്കിയ നേരം വീടിനു തീയിട്ടു തപസ്സു ചെയ്തിരുന്നെങ്കില്‍ എനിക്ക് പിന്നെ പരീക്ഷയുടെ കാര്യം ഓര്‍ക്കേണ്ട ആവശ്യമേ വരില്ലായിരുന്നു(തെറ്റിദ്ധരിക്കല്ലെ..... എല്ലാ പരീക്ഷയ്ക്കും റാങ്ക് കിട്ടും എന്നാ ഉദ്ദേശിച്ചത്, അല്ലാതെ....... അയ്യേ.... നിങ്ങളെന്താ മനസിലാക്കീത്?) .
കഷ്ടം.... ഈ കഥ അന്ന് വായിക്കാന്‍ പറ്റിയില്ലല്ലൊ......
ഭൂലോകത്തിന്റെ സ്പന്ദനം അഥവാ എന്റെയൊരു ഭ്രാന്ത്.
അരിതമെറ്റിക് (Arithmetic) എനിക്ക് വലിയ ഇഷ്ടമായിരുന്നു. ചില്ലറ നന്പറുകള്‍ ഇന്നും ഇഷ്ടമാണ്, പക്ഷെ ഒരുകാലത്ത് നന്പരുകളുടെ നന്‍പന്‍ ആയിരുന്നു ഞാന്‍.
ഒരു ചെറിയ കണക്കുകഥയില്‍ നിന്നാണ് ഈ കഥയുടെ തുടക്കം. നിങ്ങളില്‍ പലരും ഈ കഥ കേട്ടിട്ടുണ്ടാവും.
ചതുരംഗത്തില്‍ തന്നെ തോല്പിച്ച വ്യക്തിയോട് രാജാവ് എന്തും ചോദിക്കാനുള്ള അനുവാദം കൊടുത്തു. ആ മഹാന്‍ ചോദിച്ചത് ഇത്രമാത്രം.
ബോര്‍ഡിന്റെ ആദ്യ കളത്തില്‍ ഒരു ഗോതന്പുമണി. രണ്ടാമത്തേതില്‍ രണ്ടു ഗോതന്പുമണി, മൂന്നാമത്തേതില്‍ നാല്, നാലാമത്തേതില്‍ എട്ട്, അങ്ങിനെ ഇരട്ടിച്ചു ഇരട്ടിച്ചു അറുപത്തിനാല് കളത്തിലുമായി എത്ര ഗോതന്പുമണി കിട്ടുമോ അത്രയും മതി.
രാജാവ് സസന്തോഷം സമ്മതിച്ചു. പത്തോ നൂറോ ആയിരമോ ലക്ഷമോ..... എത്രയുമായാലും ഗോതന്പുമണികളല്ലെ, ഇതിലിത്ര ചിന്തിക്കാനിരിക്കുന്നു.
എന്നാല്‍ ഗോതന്പുമണികള്‍ നിറഞ്ഞു തുടങ്ങിയപ്പോഴാണ് രാജാവിന് തന്റെ അബദ്ധം മനസിലായത്. ഇരുപത്തിയഞ്ച് കളം എത്തിയപ്പോഴേക്കും ഗോതന്പുമണികളുടെ എണ്ണം ഒരു കോടി കടന്നു. പത്തായത്തിലെ ഗോതന്പ് മുഴുവന്‍ കൊണ്ടുവന്നിട്ടും അടുത്ത കളം ഒക്കുന്ന ലക്ഷണമില്ല. പതിയെ പതിയെ രാജാവിന് മനസിലായി, രാജ്യത്തെ ഗോതന്പ് മുഴുവന്‍ ഉപയോഗിച്ചാലും താന്‍ നല്‍കിയ വാക്ക് നിറവേറ്റാന്‍ തനിക്കാവില്ലെന്ന്.
ഇത് രണ്ടു ഖാതം അറുപത്തിമൂന്ന്, അഥവാ 2 raised to 63 (2^63) എന്ന വലിയൊരു സംഖ്യ ആണ്. Microsoft Excel ഉപയോഗിച്ചാല്‍ പോലും ഇതിന്റെ ശരിയായ മൂല്യം കാണാനാവില്ല. 9,223,372,036,854,780,000 എന്നാണു Excel തരുന്ന ഉത്തരം, അതിലെ അവസാനം കാണുന്ന പൂജ്യങ്ങള്‍ ശരിയല്ല തന്നെ, കാരണം എക്സലിനു അത് calculate ചെയ്യാന്‍ കഴിയില്ല.
എനിക്കൊരു ഇത്തരത്തില്‍ ചെറിയ (വലിയ) ചിന്ത വന്നത് ഞാന്‍ പത്താംക്ലാസ് കഴിഞ്ഞു റിസല്‍റ്റ് കാത്തിരിക്കുന്ന കാലത്താണ് (എന്നാണു ഓര്‍മ, പ്രീഡിഗ്രി കാലവുമാവാം). 10^63 എന്നാല്‍ എത്രയാണ്?
അന്ന് കന്പ്യൂട്ടര്‍ എന്നത് എനിക്ക് ഒട്ടും അറിയാത്ത ഒരു പിശാചാണ്. സ്കൂളില്‍ ഒരിക്കല്‍ ഒരാള്‍ ഇതേക്കുറിച്ച് പറഞ്ഞത് കേട്ടിട്ടുണ്ട് എന്നല്ലാതെ അത്തരത്തിലൊരു സാധനം ഞാന്‍ കണ്ടിട്ടില്ല, അക്കാലത്ത്.
ഇരുന്നു കണക്കുകൂട്ടാന്‍ തീരുമാനിച്ചു. അതിനായി ഞാന്‍ കുറച്ചു ഗ്രാഫ് ഷീറ്റുകള്‍ വാങ്ങി. ക്രമത്തില്‍ വരി തെറ്റാതെ എഴുതാനാണിത്.
ഞാന്‍ എന്റെ കണക്കുകൂട്ടല്‍ ആരംഭിച്ചു. കാര്യം വളരെ എളുപ്പമാണ്. തൊട്ടു മുകളില്‍ കാണുന്ന അക്കത്തെ രണ്ടുകൊണ്ടു ഗുണിച്ചാല്‍ മതി, കൂട്ടാന്‍ ബാക്കി വല്ലതുമുണ്ടെങ്കില്‍ (അത് ഒന്നോ പൂജ്യമോ ആയിരിക്കും) അത് കൂട്ടുക, ഇവിടെ ബാക്കി വല്ലതുമുണ്ടെങ്കില്‍ അത് അടുത്ത അക്കം ഗുണിക്കുന്പോള്‍ ഉപയോഗിക്കുക, ചോ ചിന്പില്‍.....
ഇതൊരു ഹരമായി മാറാന്‍ അധികം സമയമെടുത്തില്ല. അറുപത്തിമൂന്ന് ലക്ഷ്യമാക്കി തുടങ്ങിയ ഞാന്‍ താമസിയാതെ അത് കടന്നു പായാന്‍ തുടങ്ങി. ഗ്രാഫ് ഷീറ്റുകളുടെ എണ്ണം കൂടി. ഗ്രാഫ് ഷീറ്റുകള്‍ ഒട്ടിച്ചു ചേര്‍ത്ത് വലിയ പായ പോലെ വീതിയുള്ളവ ആയി.
രാത്രിയില്‍ വൈകിയിരുന്നു (പലപ്പോഴും രണ്ടും മൂന്നും മണി വരെ) ഞാന്‍ എന്റെ യജ്ഞം തുടര്‍ന്നു. (ഹൊ.....ഇത് പഠിക്കുന്ന സമയത്ത് ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഐ ഏ എസ് സുഖമായി എഴുതിയെടുത്തേനെ).
ഇത് എത്ര എത്തി എന്ന് എനിക്കിന്നോര്‍മയില്ല. ആയിരം എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. ഒരു 600 വരെയെങ്കിലും ഞാന്‍ ഇത്തരത്തില്‍ കണക്കു കൂട്ടിയിട്ടുണ്ട്. എന്ന് വെച്ചാല്‍ 2^600. (4.1495E+180 എന്ന് Microsoft Excel പറയുന്നു)
ഈ ഭ്രാന്തിന്റെ റിസല്‍റ്റ് എന്റെ കൈവശം ഇപ്പോഴില്ല. ഏതൊക്കെയോ വീട്പെയിന്റിംഗ് പരിപാടികള്‍ക്കിടയില്‍ ഇത് എനിക്ക് നഷ്ടമായി.
അന്നൊന്നും അത് വലിയ പ്രശ്നമായി തോന്നിയില്ല, പക്ഷെ ഇന്ന് ഓര്‍ക്കുന്പോള്‍ അതെല്ലാം ഞാന്‍ preserve ചെയ്യണമായിരുന്നു എന്ന് തോന്നിപ്പോകുന്നു. കുറഞ്ഞത് ഇത്തരത്തില്‍ ഒരു വട്ട് ഉണ്ടായിരുന്നു എന്ന് ഭാര്യയോടും മകനോടും പറഞ്ഞു ചിരിക്കാനെങ്കിലും.
സുഡോക്കു..... ഏകാന്തതയിലെ കൂട്ടുകാരന്‍.
സുഡോക്കു എന്ന കളി ഇപ്പോള്‍ സുപരിചിതമാണല്ലോ. അക്കങ്ങള്‍ എനിക്കെന്നും ഇഷ്ടമായിരുന്നതിനാല്‍ ഈ കളി പ്രചാരത്തില്‍ വന്ന നാള്‍ മുതല്‍ എന്റെ ഒരു ഫേവറിറ്റ് ആയിരുന്നു.
ഒരു സമയം കൊല്ലി എന്ന നിലയില്‍ ഇതെന്നെ സഹായിച്ചത് ഞാന്‍ Onsite-ല്‍ ആയിരുന്നപ്പോഴാണ്.
വിവാഹത്തിന് ശേഷം ആദ്യമായി ഭാര്യയെ പിരിഞ്ഞിരിക്കുകയാണ്. അന്നേയ്ക്കു തന്നെ രണ്ടര വര്‍ഷം കഴിഞ്ഞിരുന്നുവെങ്കിലും പിരിയല്‍ എന്ന പരിപാടി ഇത്തിരി വിഷമം പിടിച്ചത് തന്നെയാണ്. ഈ വിഷമം കൂടി ഉള്ളതിനാല്‍ ഏകാന്തത വലിയൊരു ബുദ്ധിമുട്ട് തന്നെയാണ്.
ഞാന്‍ എത്തിപ്പെട്ടത് ഇംഗ്ളണ്ടിലെ മാഞ്ചെസ്റ്റര്‍ എന്ന സ്ഥലത്താണ്. അവിടെ വീട്ടില്‍ ടിവി, കന്പ്യൂട്ടര്‍ തുടങ്ങിയ വിനോദോപാധികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. പകല്‍ ഓഫീസില്‍ തിരക്കായിരിക്കുമെങ്കിലും വൈകീട്ട് വീട്ടില്‍ എത്തിയാല്‍ എന്ത് ചെയ്യും?
തുടക്കത്തില്‍ വലിയ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. കൂടെ ഒരു സഹപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നതിനാല്‍ പാചകത്തില്‍ മുഴുകിയും തറയടിച്ചും പരസ്പരം കുറ്റം പറഞ്ഞും കഴിഞ്ഞു. ഇതെല്ലാം കേട്ട് കേട്ട് സമയം ആത്മഹത്യ ചെയ്തതിനാല്‍ രക്ഷപ്പെട്ടു.
ഞങ്ങള്‍ രണ്ടുപേരും ഉള്ള സമയത്ത് തന്നെ അത്യാവശ്യം കറക്കവും തീര്‍ത്തു. മാഞ്ചെസ്റ്റര്‍ നഗരവും ട്രഫോര്‍ഡ് സെന്റര്‍ എന്ന ഭീമാകാരന്‍ മാളും ലണ്ടനും ഷെഫീല്‍ഡും എല്ലാം. ഇനി വല്ലയിടവും കാണാനുണ്ടെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടും എന്ന നിലയിലേക്ക് ആയി.
താമസിയാതെ എന്റെ സഹപ്രവര്‍ത്തകന്‍ തിരിച്ചു യാത്രയായി. എന്റെ ബുദ്ധിമുട്ട് കാലവും തുടങ്ങി.
കൂടെയുണ്ടായിരുന്നത് രണ്ടു പുസ്തകങ്ങള്‍ മാത്രം. അവയുടെ പേര് പറയുന്നില്ല, പറഞ്ഞാല്‍ ഞാന്‍ ഉന്നതമായ ചിന്തകള്‍ ഉള്ള ഒരു മഹാബുദ്ധിമാന്‍ ആണെന്ന് നിങ്ങള്‍ മനസിലാക്കിയാലോ? സമയത്തെ കൊല്ലാനുള്ള ആയുധമൊന്നും ഈ പുസ്തകങ്ങള്‍ക്ക് ഇല്ലായിരുന്നു എന്ന് മാത്രം മനസിലാക്കിയാല്‍ മതി.
പാചകവും ശാപ്പാടും ഒന്നും നമുക്ക് പണ്ടെ വല്യ കാര്യമൊന്നും ആയിരുന്നില്ലല്ലോ. (ഇഷ്ടഭോജ്യം ഏതാണെന്ന് ചോദിച്ചാല്‍ നാരങ്ങസോഡ ആണെന്ന് പറയും). അതിനാല്‍ അധികം സമയം അവിടെയും കളയാനില്ല. വാരാന്ത്യങ്ങളില്‍ മഹാ ബോറടി. ഇടയ്ക്ക് ട്രാഫോര്‍ഡ് സെന്ററില്‍ പോയി സിനിമ കാണാം (അതിലൊരു കഥയുണ്ട്, പിന്നെ പറയാം). ബാക്കി പിന്നേം കിടക്കുന്നു സമയം, ഒരു പാരാവാരം പോലെ. അങ്ങിനെയാണ് സുഡോക്കു എന്റെ പ്രിയമിത്രമാകുന്നത്.
ഡെയിലി സുഡോക്കു പബ്ലിഷ് ചെയ്യുന്ന രണ്ടു സൈറ്റുകള്‍ കണ്ടുപിടിച്ചു. ദിവസവും മൂന്നു പസിള്‍ വരും, ഈസി, മീഡിയം, ഹാര്‍ഡ് എന്നിങ്ങിനെ.
എല്ലാ ദിവസവും ഈ രണ്ടു സൈറ്റിലേയും മൂന്നു കളികളും എക്സല്‍ വഴി എടുക്കും, പ്രിന്റ് ചെയ്തു സൂക്ഷിക്കും. വൈകീട്ട് വീട്ടില്‍ എത്തിയാല്‍ ഈസി രണ്ടും സോള്‍വ് ചെയ്യും. മീഡിയവും ഹാര്‍ഡും വാരാന്ത്യത്തിലെക്കുള്ളവ ആണ്. ഒരു ആഴ്ചയിലെ മുഴുവന്‍ സാധനങ്ങളും കൂട്ടി ആറെണ്ണം, ശനിയും ഞായറും ഇരുന്നു സോള്‍വ് ചെയ്യും.
ബാക്കി സമയം കിട്ടിയാല്‍ യാത്ര, വല്ല സ്ഥലവും കാണാനോ സിനിമ കാണാനോ ആയി.
ഇനിയും സമയം ഉണ്ടെങ്കില്‍ ഉറക്കം.
ങേ.... ഇനിയും സമയം ബാക്കിയുണ്ടെന്നോ???? എന്നാലിത്തിരി ശാപ്പാട് ആയിക്കോട്ടെ.
ഈ യാത്രയ്ക്ക് ശേഷം ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞു ഒരിക്കല്‍ കൂടി ഞാന്‍ മാഞ്ചെസ്റ്ററിലേക്ക് പോയിട്ടുണ്ട്. ഇത്തവണ വിഷമം ഇത്തിരി കൂടുതലായിരുന്നു, കാരണം ഗര്‍ഭിണിയായ ഭാര്യയെ പിരിഞ്ഞാണ് ഞാന്‍ പോകുന്നത്.
സുഡോക്കു എന്നെ എത്ര സഹായിച്ചു എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ.
*******************************************************************************
ഇന്നും ഒറയ്ക്കുള്ള സമയം ഞാന്‍ ആസ്വദിക്കാറുണ്ട്, ഇത്തിരി വായനയും ഒത്തിരി ദിവാസ്വപ്നങ്ങളുമായി......
ഏകാന്തതയും ആസ്വദിക്കാം, ജീവിതത്തെ പോലെ തന്നെ, അല്ലെ.....
6 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു:
എന്റെ ഏകാന്തതയിലെ ചില കിറുക്കുകള്‍....
വായിച്ചാല്‍ ബോറടിച്ചാല്‍........ എന്നെ അടിക്കരുതെ.....
രണ്ടു പോസ്റ്റാക്കാമായിരുന്നു..
ഞാനും ദൈവത്തെ കാണാന്‍ അല്പം ശ്രമമൊക്കെ നടത്തിയ ആളാണ്.. :)
മാഷേ... പോസ്റ്റ് അല്പം വലുതായി പോയി എന്നൊരു പരാതി മാത്രം :)
എന്തായാലും വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു...
by the by വിവാഹം കഴിഞ്ഞോ ? ഫോട്ടോയില്‍ ഇരിക്കണ ചുള്ളനെ കണ്ടാല്‍ വിവാഹിതന്‍ ആണെന്ന് പറയില്ല ;)
hAnLLaLaTh, (എങ്ങിനെ വായിക്കണം എന്ന് കൃത്യമായി അറിയാത്തതിനാല്‍ ഇംഗ്ലീഷില്‍ തന്നെ എഴുതാം), അഭി.
പോസ്റ്റ് വലുതായി എന്നതില്‍ ക്ഷമിക്കുക. ഒരു Logical Connection ഉള്ള കാര്യങ്ങള്‍ ഒന്നിച്ചെഴുതുക എന്നതാണ് ഇതുവരെ ഞാന്‍ പാലിച്ചു പോന്ന ഒരു സ്റ്റൈല്‍. ഇത്രയും തന്നെ ഒരു വലിയ കഥയുടെ മൂന്നാം ഭാഗം ആണെന്നത് കണ്ടിരിക്കുമല്ലോ.
ചെറിയ പോസ്റ്റുകള്‍ ഇടാന്‍ ശ്രദ്ധിക്കാം.
അഭി,
പടം കണ്ടു എന്റെ പ്രായം ഗണിക്കല്ലേ, നേരിട്ട് കണ്ടവര്‍ക്ക് പോലും തെറ്റിയിട്ടുണ്ട്.
കല്യാണം കഴിഞ്ഞു എട്ടര വര്‍ഷമായി, അതും അതിനുള്ള പ്രായമായിട്ട് തന്നെ സംഭവിച്ചതാണ്.
നന്ദി, അഭിപ്രായങ്ങള്‍ക്ക്.
ഇഷ്ട്ടായി, ഇഷ്ട്ടായി....എനിക്ക് വളരേ ഇഷ്ട്ടായി!
പിന്നെ എന്റെ “പാര” പോസ്റ്റിന്റെ ഗുണമാണോ, ഇത്ര വേഗം ഈ പോസ്റ്റ് വരാൻ കാരണം, അതോ, എഴുതി ready ആയിയിരിക്കുവായിരുന്നൊ?
എന്തായാലും, നല്ല പോസ്റ്റ്.
എന്റെ ചില സമാന ചിന്തകളും, അസ്സാമാന്യ (dissmilarities - എന്നാൺ ഞാൻ ഇവിടെ ഉധേഷിചത് - ഞാൻ ഒരു മലയാള പണ്ടിറ്റ് ആണല്ലോ!)ചിന്തകളും ഇവിടെ കൂറിക്കട്ടെ:
ഞാനും പണ്ട് ദൈവത്തെ കാണണം എന്നു മോഹിച്ചിരുന്നു. കാണണ്ടായപ്പൊൽ ഞാൻ സങ്കടപെട്ടില്ല...ഞാൻ ഏതാ മോതല്,ഞാൻ തീരുമാനിചു, ദൈവം ഇല്ല! അല്ല പിന്നെ...അങനെ ഞാൻ നിരിശ്വരവാധിയായി. കുറേനാൾ, അങ്നേ നടന്നു.
ഇന്നി അസ്സാമാന്യത - അത് കണക്ക്. പണ്ടേ എനിക്ക് കണേടുതാൽ കണ്ടൂട ഈ കണക് എന്ന സാധനം. കണക്ക് പരീക്ഷ് യുടെ കാലം ഒക്കെ കഴിഞ് വലുതായപ്പോൾ ആൺ സ്പടികം സിനിമായിലൂടെ ആ വിഞ്യാനം ഉണ്ടായത് - ഭൂഗൊളതിന്റെ സ്പന്ദനം ആണ് മാതമാറ്റിക്സ്സ് എന്നു.
എന്തായാലും, നിങളുടെ പോസ്റ്റ് ഇഷ്ട്ടപേട്ടു, എന്നു ഒന്നുകൂടി അറിയിചുകോണ്ട്, ഞാൻ എന്റെ “കത്തി” അവസാനിപ്പിക്കുന്നു.
പോസ്റ്റ് ഇത്ര വലുതാവരുത്- അപ്പോള്‍ തന്നെ മിക്കവരും പൂട്ടി താക്കോലുമായി സ്ഥലം വിടും. ഇത് തിരക്കു പിടിച്ച ലോകത്തിലെ സൈബര്‍ വായനയാണ്. അതിനാല്‍ സൈബര്‍ സംസ്കാരം ഉള്‍ക്കൊണ്ടെ മതിയാകൂ.
വായിച്ചിട്ടില്ല- ഡൌണ്‍ലോഡ് ചെയ്തു ഫോള്‍ഡറില്‍ ആക്കിയിട്ടുണ്ട്, സൌകര്യം പോലെ വായിക്കുകയുള്ളൂ, അതിനാലാണ് കമെന്റ് അഡ്വാന്‍സായി തരുന്നത്.
ശ്രദ്ധിക്കുമല്ലോ- രണ്ടൊ മൂന്നോ പോസ്റ്റ് ആയിക്കോട്ടെ - എന്താ നഷ്ടം
Post a Comment