Monday, January 4, 2010

കുഞ്ഞന്റെ ഉത്തരം മുട്ടിക്കാത്ത കുഞ്ഞുചോദ്യങ്ങൾ.

കുഞ്ഞനെന്നാൽ എന്റെ നാലുവയസുകാരൻ മകൻ.

കുട്ടികളുടെ നിഷ്കളങ്കചോദ്യങ്ങൾക്കുമുന്നിൽ ചിലപ്പോൾ നാം ചിലപ്പോൾ ഉത്തരം പറയാനാവാതെ നിന്നുപോകും. ഈ പ്രായത്തിൽ ഉത്തരം പറഞ്ഞാൽ അവർക്ക്‌ മനസിലാകുമോ, വേറെന്തെങ്കിലുമായി മനസിലാക്കുമോ എന്നിങ്ങിനെ പല പ്രശ്നങ്ങളും വന്നേയ്ക്കാം.പക്ഷെ ചില ചോദ്യങ്ങൾ നമ്മെ മണ്ടന്മാർ (മണ്ടികളും) ആക്കും. അതുവരെ പറഞ്ഞുവന്ന കാര്യമെല്ലാം മറന്ന് നാം പൊട്ടിച്ചിരിയ്ക്കും, അതോടൊപ്പം നമ്മുടെ സ്വന്തം ചമ്മലോർത്ത്‌ വീണ്ടും ചിരിയ്ക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും.

എന്റെ വീട്ടിൽ ഈയടുത്തു നടന്ന രണ്ടുസംഭവങ്ങളാണ്‌ ഇവിടെ.
**************************************
സംഭവം നന്പ്ര ഒന്ന്.
എന്റെ ഭാര്യ കുഞ്ഞനെ തിരക്കിട്ട്‌ ഇംഗ്ലീഷ്‌ പഠിപ്പിക്കുകയാണ്‌.
What is your name?
പ്രതീക്ഷിക്കുന്ന മറുപടി (വന്നാലായി, ഇല്ലെങ്കിൽ വീണ്ടും ഇതേ ചോദ്യം ആവർത്തിക്കപ്പെടും)
My name is Haridathan
How old are you?

ഇടയ്ക്കിടെ കുഞ്ഞൻ ഇടങ്കോലിടും.
your name ന്ന് പറഞ്ഞില്ല്യ, അല്ലെങ്കിൽ you-ന്ന് പറഞ്ഞില്ല്യ.

അവസാനം ശ്രീമതി ഓരോ വാക്കിന്റേയും അർത്ഥം പറയാൻ തുടങ്ങി.
I ന്ന് പറഞ്ഞാൽ ഞാൻ.....
You ന്ന് പറഞ്ഞാ നീ......
We ന്ന് പറഞ്ഞാ നമ്മൾ......

പെട്ടെന്ന് കുഞ്ഞന്റെ അടുത്ത ചോദ്യം
അപ്പൊ ഡബ്ലിയൂ ന്ന് പർഞ്ഞാലോ?

U, V കഴിഞ്ഞു, അപ്പോ W-നും വേണമല്ലൊ ഒരർത്ഥം.
************************************

സംഭവം നന്പ്ര രണ്ട്‌.

അമ്മ കഥ പറയുന്നു, കുഞ്ഞൻ കേട്ടിരിക്കുന്നു, ഞാൻ പുസ്തകത്തിൽ ആണ്ടിരിക്കുന്നു.
പറയുന്നത്‌ അയ്യപ്പന്റെ കഥയാണ്‌.

പന്തളം ന്ന്ള്ള ഒരു സ്ഥലത്ത്‌ ഒരു രാജാവ്ണ്ടാർന്നു. രാജാവിനും രാജ്ഞിക്കും കുഞ്ഞാവ ണ്ടാർന്നില്ല്യ. രാജാവിനും രാജ്ഞിക്കും കുഞ്ഞാവല്ല്യലോ ന്ന്ള്ള സങ്കടാർന്നു.
ഒരൂസം രാജാവ്‌ ഒരു കാട്ടില്‌ങ്ങനെ കുതിരേല്‌ പൂവ്വാർന്നു (പോകുകയായിരുന്നു എന്നതിനുള്ള വള്ളുവനാടൻ ഭാഷ്യം).
അപ്പൊ ഒരു കരച്ചില്‌ കേട്ടു. ആരാത്‌ കരേണത്‌ ന്ന് നോക്കി രാജാവ്‌ ചെന്നപ്പഴെന്താ കാണണേ...
ഒരു തുണീൽ ങ്ങനെ കെടക്കാ ഒരു കുഞ്ഞാവ. അടുത്തൊന്നും ആൾക്കാരില്ല്യ.
രാജാവ്‌ വേഗം കുഞ്ഞാവേ വാരി എട്ത്തു, ന്ന്ട്ട്‌ കൊട്ടാരത്തിൽക്ക്‌ കൊണ്ടോയി.....

കുഞ്ഞന്റെ അടുത്ത ഒരു ചോദ്യത്തോടുകൂടി കുറച്ചുനേരം വർത്തമാനം ഒന്നുമുണ്ടായില്ല, വായന നിർത്തി ഞാനും കഥ നിർത്തി ശ്രീമതിയും ചിരി തന്നെ ചിരി.

കുഞ്ഞന്റെ ചോദ്യം ഇതായിരുന്നു.
അപ്പൊ തുണ്യോ?

കുഞ്ഞാവേ എട്ത്തോണ്ട്‌ പോയപ്പൊ രാജാവെന്താ തുണി എട്ത്തോണ്ട്‌ പൂവാത്തെ? ന്യായമായ സംശയം തന്നെ.
-----------------------------
അടുത്തദിവസം മുതൽ ഒരു കുഞ്ഞൻസ്‌ കഥ വീട്ടിൽ സീരിയൽ ആയി ഓടി.

ടോമെഞ്ചെറിയ്ക്ക്‌ (ടോം ആൻഡ്‌ ജെറി) കുട്ട്യോളൊന്നും ണ്ടാർന്നില്ല്യ. ഒരൂസം ടോമെഞ്ചെറി ങ്ങനെ പൂവുംബൊ ഒരു കരച്ചില്‌ കേട്ടു. നോക്കീപ്പൊ ന്താ കണ്ടേ....
ഒരു കുഞ്ഞാവ ങ്ങനെ കെടന്ന് കരേണു.
ടോമെഞ്ചെറി വേഗം കുഞ്ഞാവേ എട്ത്ത്‌ വീട്ടിൽക്ക്‌ പോയി.
അവ്ടെ ചെന്ന് കുഞ്ഞാവയ്ക്ക്‌ വല്ല്യ വട്ടത്തില്‌ള്ള വെറും ദോശ
(ദോശപ്പൊടിയോ ചട്ട്ണിയോ കൂട്ടാത്ത ദോശ മാത്രമായി കൊടുക്കുന്നതാണ്‌ വെറും ദോശ) കൊട്ത്തു.
കുഞ്ഞാവ സ്കൂള്‌ലൊക്കെ പോയി വല്ല്യ കുട്ട്യായി.

അത്രേള്ളു കഥ.

സിംഹം അച്ഛനും അമ്മേം എന്ന വേർഷനും ഇപ്പോൾ സക്സസ്‌ഫുൾ ആയി ഓടുന്നുണ്ട്‌.

ചിലപ്പോൾ ടോമെഞ്ചെറി കുന്തത്തിലും കയറി പറക്കും.
കുഞ്ഞന്റെ ഭാവനകളും.....