കഥകളി വേഷങ്ങള്‍.
ഞാന്‍ ഒരു കഥകളി ഭ്രാന്തനല്ല. നന്പൂരാര്ടെ ഭാഷയില്‍ പറഞ്ഞാല്‍ "അശേഷം കളിഭ്രാന്തില്ല്യാന്നര്‍ത്ഥം". പച്ച, കത്തി, കരി, താടി, മിനുക്ക് ഇത്യാദി ശ്ശ്യൊരൂട്ടം കേട്ട്ണ്ട് ന്നല്ലാണ്ടെ ദൊക്കെന്താ ന്ന് ചോയ്ച്ചാ ഒന്നന്ധാളിക്കും, നിശ്ശം.
ഈ ലോകവിവരം മാത്രം കയ്യില്‍ വെച്ചാണ് ഈ കഥ എഴുതുന്നത്, തെറ്റുകള്‍ സദയം മാപ്പാക്കുമല്ലോ.
ഞാന്‍ ഐഐഎസ് സിയില്‍ പ്രോജക്റ്റ് അസിസ്റ്റന്റ് ആയി പണിയെടുക്കുന്ന കാലം. എന്റെ പഴയ ഒട്ടുമിക്ക കഥകളിലും ഈ കാലമാണ് വരച്ചിട്ടുള്ളത്. ഇതും ആ സമയത്തുണ്ടായ ഒരു ചെറിയ കഥയാണ്.
++++++++++++++++++++++++++++++
കഥ തുടങ്ങുന്നതിനുമുന്പ് നായകനെ ഒന്നു പരിചയപ്പെടേണ്ടെ. നായകന്റെ പേര് തല്‍ക്കാലം പറയുന്നില്ല, ഇനി അവനെങ്ങാന്‍ ഇതു വായിച്ചാലോ. സൌകര്യത്തിന് നമുക്കവനെ സഖാവ് എന്ന് വിളിക്കാം, കാരണം അവന്‍ ഒരു സിപിഎം അനുഭാവി ആയിരുന്നു. സഖാവിനെ അറിയുന്നവര്‍ക്ക് അവനാണ് ഈ പാവം ഇര എന്ന്‍ മനസിലാവും, കാരണം അവനെ ആര്‍ക്കും മറക്കാനാവില്ല എന്നത് തന്നെ.
അവന്റെ കാര്യങ്ങള്‍ പറ്റാവുന്നത്ര പറയാം, എന്നാലേ കഥ മുഴുവനാവൂ.
ലോകത്തെയും മാലോകരെയും ഒരുപാട് സ്നേഹിക്കുന്നവനാണ് സഖാവ് എന്നാണ് എന്റെ വിലയിരുത്തല്‍. സ്വന്തം സന്തോഷങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനും സങ്കടങ്ങള്‍ പറഞ്ഞു നെടുവീര്‍പ്പെടാനും മടിയില്ലാത്ത ഒരു പാവം. അവന്റെ മനസിലുള്ളത് പുറത്തുവരാന്‍ അധികമൊന്നും ക്ലേശിക്കേണ്ടിവരില്ല സാധാരണയായി.
ആധുനിക വൈദ്യശാസ്ത്രം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലാത്ത പവറുള്ള ഒരു കണ്ണടയാണ് ആശാന്റെ മുഖമുദ്ര, എന്നുവെച്ചാല്‍ കുറേക്കാലമായി കണ്ണട വെച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ മുഖത്ത്, കൃത്യമായി പറഞ്ഞാല്‍ മൂക്കില്‍, നല്ലൊരു മുദ്ര, അഥവാ പാട് ഉണ്ടെന്നുതന്നെ. അന്ന്‍ സഖാവ് മെലിഞ്ഞ ശരീരപ്രകൃതിക്കാരനായിരുന്നു. ഇപ്പോള്‍ എന്താണ് അവതാരരൂപം എന്നറിയില്ല, ഒരു കുടവയറൊക്കെ ചാടിയിട്ടുണ്ടായിരിക്കാം.
ആ കാലഘട്ടത്തില്‍ ഒരു താടിയുമായാണ് സഖാവ് നടന്നിരുന്നത്. "തടി വരുന്നില്ല, എന്നാല്‍ താടി വരട്ടെ" എന്ന സിദ്ധാന്തമാണോ അതോ താടി വടിക്കാന്‍ മിനക്കിടാത്തതാണോ, അതോ സമൃദ്ധമായ സ്വന്തം താടിയില്‍ അഭിമാനം തോന്നിയിട്ടാണോ.... എന്തൊക്കെയായാലും സഖാവ് എന്നാല്‍ "ആ താടി വെച്ച പയ്യനല്ലേ" എന്ന്‍ ചെറിയ പരിചയം മാത്രമുള്ളവര്‍ പറയും. (പിന്നീടെപ്പോഴോ കണ്ടപ്പോള്‍ അവന്‍ താടി വടിച്ചുകളഞ്ഞതായി കണ്ടു. തടി വന്നതിലാവാം താടി വേണ്ടെന്നുവെച്ചത്).
ശരീരപ്രകൃതി അവിടെ നില്‍ക്കട്ടെ, സ്വഭാവമാണ് കൂടുതല്‍ പറയേണ്ടത്. അതാകുന്നു കഥയിലെ ആണിക്കല്ല്.
അസാധ്യമായൊരു ഓര്‍മശക്തിയാണ് സഖാവിന്.
നമ്മള്‍ ഒരാളെക്കുറിച്ച് അബദ്ധവശാല്‍ എങ്ങാനും പറഞ്ഞുപോയാല്‍ കുറേദിവസങ്ങള്‍ക്കുശേഷവും ആ വ്യക്തിയെപറ്റിയുള്ള വിവരണം അവന്റെ ഡേറ്റാബേസില്‍ കിടക്കുന്നുണ്ടാവും. "ആങ്.... നീയന്നു പറഞ്ഞ സജീവല്ലേ.... ആ എംഏ മലയാളം കഴിഞ്ഞ് നാട്ടില്‍ മാഷായി പണിയെടുത്തതിനുശേഷം സോഫ്റ്റ്വെയറിലേക്ക് ചാടി ഇപ്പൊ വിപ്രോയില്‍ വര്‍ക്ക് ചെയ്യുന്നവന്‍" എന്ന മട്ടിലാണ് ഗഡിയുടെ സംസാരം. ഈ സജീവിനെക്കുറിച്ച് എപ്പോഴാണ് ഞാന്‍ ഇവനോട് പറഞ്ഞതെന്ന്‍ എനിക്കുപോലും ഓര്‍മയുണ്ടാവില്ല.
ഇങ്ങിനെയുള്ള ഒരുത്തന്‍ സംസാരപ്രിയനായതില്‍ വലിയ അദ്ഭുതം തോന്നേണ്ടതില്ലല്ലൊ. ഒരു സംസാരപ്രിയന്‍ തന്നെയാണ് നമ്മുടെ സഖാവ്.
ഒരുപാട് സംസാരിക്കും എന്നതുകൊണ്ടുതന്നെ സംസാരത്തിനിടക്ക് നല്ല "വെടി"കളും വരും സഖാവില്‍ നിന്ന്‍. വിശ്വസിക്കണമെങ്കില്‍ കേള്‍ക്കുന്നവന്‍ മന്ദബുദ്ധിയായിരിക്കണം എന്ന കണ്ടീഷന്‍ വെക്കാന്‍ പാകത്തില്‍ ചില കഥകള്‍ ഇവന്റെ വകയായിട്ടുണ്ട്. പരത്തി പറയുന്നില്ല, എന്നാലും ഒരു ചെറിയ, വളരെ ചെറിയ, സാന്പിള്‍ തരാം.
1985 ഇന്ത്യാ-ഓസ്ട്രേലിയാ മാച്ചില്‍ ഭയങ്കര സ്ലെഡ്ജിംഗ്. സഹിക്കാന്‍ പറ്റാതായപ്പോള്‍ ബാറ്റു ചെയ്യുകയായിരുന്ന മൊഹിന്ദര്‍ അമര്‍നാഥ് തിരിഞ്ഞുനിന്ന്‍ ഫസ്റ്റ് സ്ലിപ്പില്‍ നിക്കുന്ന ജെഫ് മാര്‍ഷിനെ നോക്കി "ഫ__ യൂ ബാസ്___" എന്ന് ഒറ്റ പറച്ചില്‍... ബാറ്റു ചൂണ്ടിക്കൊണ്ട്. പിന്നെ ആ ടെസ്റ്റ് കഴിയുന്നതുവരെ മാര്‍ഷ് മിണ്ടിയിട്ടില്ല.
അന്നത്തെ സ്റ്റംപ് മൈക്രോഫോണിന് അത്ര ശക്തിയുണ്ടായിരുന്നോ എന്നറിയില്ല, അന്പയറോ മറ്റു ഒഫീഷ്യല്‍സോ ഇതു കേട്ടതായും വാര്‍ത്ത കണ്ടിട്ടില്ല. ഏതായാലും വേറെയാരും കേള്‍ക്കാത്തൊരു കാര്യം ഇവന്‍ മൈക്രോഫോണിന്റെ സഹായമില്ലാതെ തന്നെ കേട്ടു. ജഫ് മാര്‍ഷും കേട്ടുകാണണം, അതാണല്ലോ അങ്ങേരു പിന്നെ മിണ്ടാണ്ടായത്. ഏതായാലും ടെസ്റ്റിന്റെ ബാക്കി സമയം മുഴുവന്‍ മാര്‍ഷ് മിണ്ടാതിരുന്നു എന്നതും മാര്‍ഷും സഖാവും മാത്രം അറിഞ്ഞിട്ടുള്ള കാര്യമാണ്, ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പോലും അറിഞ്ഞുകാണില്ല.
സഖാവും കഥകളിയും തമ്മിലെന്ത് ബന്ധം? വലിയ ബന്ധമൊന്നുമില്ല. പക്ഷെ സഖാവും കഥകളിവേഷങ്ങളും തമ്മില്‍ ബന്ധമുണ്ട്. ഇത്രയും പറഞ്ഞതില്‍ നിന്ന്‍ ഒന്നും മനസിലായില്ലെങ്കില്‍ വിശദമാക്കാം.
സഖാവ് സമൃദ്ധമായി താടി വളര്‍ത്തിയിരുന്നു എന്ന്‍ നേരത്തെ പറഞ്ഞല്ലോ.
സ്വഭാവം കൊണ്ട് കത്തിയുമാണ്.
അപ്പോള്‍ കത്തി, താടി തുടങ്ങിയ വേഷങ്ങള്‍ സഖാവിന്റെ കയ്യില്‍ ഭദ്രം.
ഇനിയാണ് അടുത്ത വേഷം വരുന്നത്.
ഈ കഥ നടക്കുന്ന കാലത്തെ സഖാവിന്റെ അവസ്ഥയില്‍ നിന്നും തുടങ്ങാം ആദ്യം.
സഖാവും എന്നെപ്പോലെ ജോലി തെണ്ടിയാണ് ബാംഗ്ലൂരില്‍ എത്തിപ്പെട്ടത്. ഞങ്ങളുടെ രണ്ടുപേരുടെയും ചങ്ങാതിയായിരുന്നു പ്രേം. ഈ പ്രേം വഴിയാണ് ഞാന്‍ ഐഐഎസ് സിയില്‍ എത്തുന്നതും ഒരു പ്രോജക്റ്റ് അസിസ്റ്റന്റ് എന്ന താല്‍ക്കാലിക ജോലി തരപ്പെടുത്തുന്നതും. സഖാവും അങ്ങിനെത്തന്നെ. കുറച്ചുകഴിഞ്ഞപ്പോള്‍ പ്രേം തന്റെ ഐഐഎസ് സിയിലെ പിഎച്ച്ഡി മതിയാക്കി ജോലിയുമായി ഐക്യനാടുകളിലേക്ക് പറന്നു. തന്റെ ഹോസ്റ്റല്‍ മുറി ഒഴിയാതെയാണ് പ്രേം പോയത്. ആ മുറിയിലാണ് നമ്മുടെ സഖാവ് താമസിച്ചിരുന്നത്. എപ്പോള്‍ വേണമെങ്കിലും ഒരു ചെക്കിംഗ് നടന്നേക്കാമെന്നും അങ്ങിനെ നടന്നാല്‍ തന്റെ ഐഐഎസ് സി വാസം തീരുമെന്നും സഖാവ് വല്ലാതെ പേടിച്ചിരുന്നു. പിടിക്കപ്പെടുമെന്നു മാത്രമല്ല, നിയമവിരുദ്ധമായി താമസിക്കുന്നതിന്റെ പേരില്‍ വേറെ പുലിവാലുകള്‍ക്കും സാധ്യതയുണ്ട്. അതിനാല്‍ വളരെ സൂക്ഷിച്ചാണ് പേടിച്ചാണ് തന്റെ ജീവിതം സഖാവ് നയിച്ചിരുന്നത്.
അങ്ങിനെ, നമ്മുടെ നായകന്‍ പുതിയ അങ്കത്തിന് തയ്യാറെടുത്തുനില്ക്കുന്നു.
ആ അങ്കമാണ് ഈ കഥ.
************************************************
ഒരുദിവസം ലാബിലെത്തിയ എനിക്ക് ഒരു ഫോണ്‍. സഖാവാണ് മറുവശത്ത്.
വളരെ ദയനീയസ്വരം."അപ്പൂട്ടാ, ആകെ പ്രശ്നമായി. റൂം മുഴുവന്‍ കരിപിടിച്ച് നാശമായി കിടക്ക്വാ. എന്ത് ചെയ്യണം എന്നൊരു പിടീല്ല"
സംഭവത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചപ്പോഴാണ് കാര്യമറിഞ്ഞത്. അതീവിധം.
തലേദിവസം സഖാവും വിനയനും തമ്മില്‍ വൈകുന്നേരം കുറേനേരം സംസാരിച്ചിരുന്നു. ഒടുവില്‍ നേരം വല്ലാതെ വൈകി എന്ന് മനസിലാക്കിയപ്പോള്‍ രണ്ടുപേരും എഴുന്നേറ്റ് മെസില്‍ ഡിന്നറടിക്കാന്‍ പോയി.
തിരിച്ചുവന്നപ്പോള്‍ മുറി മുഴുവന്‍ പുക, കട്ടപ്പൊക.
പോകുന്ന നേരത്ത് വലിച്ചുതീരാറായ സിഗരറ്റ് കുറ്റി ചവറ്റുകൊട്ടയില്‍ ഇട്ടിരുന്നു, അത് കടലാസിലെല്ലാം കത്തിപ്പിടിച്ച് പതുക്കെ ബെഡ്ഷീറ്റിലേക്കും മറ്റും പടര്‍ന്ന്‍ ആകെ പുകമയം ആയി നില്ക്കുന്നു. ഭാഗ്യത്തിന് സാധനങ്ങള്‍ അധികമൊന്നും കത്തിയിരുന്നില്ല, പക്ഷെ മുറി മുഴുവന്‍ പുകയായിരിക്കുന്നു.
രാത്രി ഒന്നും ചെയ്യാനില്ലാതിരുന്നതിനാല്‍ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റപ്പോഴാണ് യാഥാര്‍ത്ഥപ്രശ്നം തലപൊക്കി വരുന്നത്. ചുവരുകളിലും മുകളിലുമെല്ലാം കരി. കരിയെന്നുപറഞ്ഞാല് മഞ്ഞ ചുവരുകള്‍ മുഴുവന്‍ കറുത്തിരിക്കുന്നു. മുന്‍പേയുള്ള കേസുകളുടെ കൂട്ടത്തില്‍ ഇതുകൂടി വന്നാല്‍ സഖാവിന്റെ കാര്യം മുറിയിലുണ്ടായിരുന്നതുപോലെത്തന്നെ "കംപ്ലീറ്റ് കട്ടപ്പൊക" ആയിത്തീരും.
എന്തുചെയ്യും എന്നാലോചിച്ച് സഖാവിന് കരച്ചില്‍ വന്നിരിക്കുന്ന സമയം. ഉള്ള കൂട്ടുകാരെല്ലാം രാവിലെതന്നെ അവരവരുടെ ലാബുകളിലെത്തി ഗൈഡുകളുമായി വാഗ്വാദത്തിലാണ്, അവരെ വിളിക്കാന്‍ വയ്യ. ഒറ്റക്ക് ആ യുദ്ധം നയിക്കാന്‍ ത്രാണിയില്ലാതെയാണ് സഖാവിന്റെ ദയനീയാവസ്ഥ.
ഇത്തിരി പണികളുണ്ടായിരുന്നത് തീര്‍ത്ത് ഗൈഡിന്റെ അനുവാദം വാങ്ങി ഞാന്‍ ഹോസ്റ്റല്‍ ലക്ഷ്യമാക്കി നടന്നു. അവിടെ ചെന്നപ്പോള്‍ രംഗം കുറച്ചുകൂടി ശാന്തമായിരിക്കുന്നു.
സഖാവിന് ഒരു തമിഴന്റെ സഹായം കിട്ടിയിട്ടുണ്ട്. സഖാവും തമിഴനും കൂടി ചുവരായ ചുവരുമുഴുവന്‍ വെള്ളമൊഴിച്ചും ചകിരി കൊണ്ടു ഉരച്ചും കരിയിളക്കിക്കൊണ്ടിരിക്കുകയാണ്. ഒരുവിധം ആള്‍പ്പൊക്കത്തിലുള്ള കരി കഴുകി ലെവലാക്കിയിട്ടുണ്ട്. ഇനി പ്രശ്നം അതിന് മുകളിലും ഉത്തരത്തിലുമുള്ള കരിയാണ്.
അതിനായി എവിടെനിന്നോ ഒരു ഏണി (ഞങ്ങളുടെ നാട്ടില്‍ കോണി എന്ന് പറയും, മലയാളത്തില്‍ ലാഡേഴ്സ് എന്നും) സംഘടിപ്പിച്ചിട്ടുണ്ട്. പക്ഷെ നിലം മുഴുവന്‍ വെള്ളമായതിനാല്‍ വഴുക്കുമോ എന്ന പേടി കാരണം തമിഴന്‍ വായപൊളിച്ചിരിക്കുകയാണ്.
ഞാന്‍ ചെന്ന സമയം നന്നായി എന്ന് തോന്നി. ഏണി ചുവരില്‍ ചാരി തമിഴന്‍ അതില്‍ കയറി ചുവര്‍ വൃത്തിയാക്കിത്തുടങ്ങി. ഞാന്‍ ഏണി വഴുക്കാതെ പിടിച്ചു നില്‍പ്പും. സഖാവ് വേറെ ഭാഗങ്ങളിലേക്ക് തന്റെ ശ്രദ്ധ പതിപ്പിച്ചു. അങ്ങിനെ പതുക്കെ പതുക്കെ "ഓപ്പറേഷന്‍ കരികളയല്‍" പുരോഗമിച്ചു.
കഷ്ടകാലം എന്നല്ലാതെ എന്തുപറയാന്‍. സഖാവിന് ഒരു ബക്കറ്റ് ആവശ്യം വന്നു, "അപ്പൂട്ടാ, അതൊന്ന്‍ എടുത്തുതര്വോ" എന്ന്‍ ചോദിക്കാന്‍ തോന്നി. ബക്കറ്റ് എടുക്കാനായി ഞാന്‍ ഏണിയില്‍ നിന്നും പിടിവിട്ടതും ഏണി വഴുക്കി തമിഴനും ഏണിയും ഒന്നിച്ച് നിലത്തുവീണതും ഞൊടിയിടക്കുള്ളില്‍ കഴിഞ്ഞു, എനിക്കൊന്ന്‍ പ്രതികരിക്കാന്‍ പോലും സമയം തരാതെ. തമിഴന്റെ ആര്‍ത്തനാദത്തിനും ഏണി നിലത്തുവീഴുന്നതിന്റെ ശബ്ദത്തിനും ഒരേ ഫ്രീക്വെന്‍സി ആയിരുന്നു. (പറയുന്നത് ക്രൂരമാണോ, സോറി)
സഖാവിന്റെ മനസ്സില്‍ ഇപ്പോള്‍ കരിയോ പുകയോ ഒന്നുമല്ലായിരുന്നു. തമിഴന്റെ അവസ്ഥ എവിടേക്കുമെത്താം. വല്ല എല്ലും ഒടിഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ പുകില് വേറെ. അടിച്ചുഫിറ്റായവനെ ഒരു ജീവിയുടെ പേരുചേര്‍ത്തു പറയാറില്ലേ, ആ ജീവി ഇടിവെട്ടിയവന്റെ തലയില്‍ കടിച്ചാല്‍ എങ്ങിനെയിരിക്കും, അതായിരുന്നു സഖാവിന്റെ അപ്പോഴത്തെ അവസ്ഥ. ഏണി യഥാര്‍ത്ഥത്തില് "ഏണി" ആയ കണ്ടീഷന്‍. ആള്‍ ലാഡേഴ്സ്.
ഒന്നു രണ്ടു നോട്ടുകള്‍ കൊടുത്ത് തമിഴനെ ഒരുവിധത്തില്‍ പറഞ്ഞയച്ചു. "ഉങ്കളുക്ക് വലിക്കിതാ വലിക്കിതാ" എന്ന്‍ ഞാന്‍ രണ്ടുമൂന്നുതവണ ചോദിച്ചു. (പോടാ പുല്ലേ... ഒന്നു വലിച്ചിട്ടല്ലെടാ ഈ കുരിശുമുഴുവന്‍ ഉണ്ടായത്, ഇനി ഈ തമിഴനെക്കൂടി വലിപ്പിക്കണോ എന്ന്‍ സഖാവ് ചിന്തിച്ചോ ആവോ, ഉണ്ടാവാന്‍ വഴിയില്ല, അവന് അത്യാവശ്യം തമിഴറിയാം)
തമിഴന്‍ പോയി കുറച്ചുകഴിഞ്ഞപ്പോള്‍ ഐഐഎസ് സിയിലെ മറ്റു ചങ്ങാതിമാര്‍ തങ്ങളുടെ അത്യാവശ്യപണികള്‍ തീര്‍ത്ത് തിരിച്ചെത്തി. പിന്നീട് പണി എളുപ്പമായിരുന്നു. എല്ലാവരും കൂടി ഉത്സാഹിച്ച് കരി മുഴുവന്‍ കഴുകിക്കളഞ്ഞു. പാവം സഖാവ്, അതുവരെ ഉണ്ണാന്‍ പോലും കഴിയാതെ തന്റെ ഗതികേടിനെ ശപിച്ച് "പ്പ കരയും" എന്ന മട്ടില്‍ ഇരിക്കുകയായിരുന്നു. ഈ അങ്കമെല്ലാം ഒന്നു കഴിഞ്ഞപ്പോഴാന്‍ അവന്റെ മുഖം കുറച്ചെങ്കിലും ഒന്നു തെളിഞ്ഞത്.
**********************************
അങ്ങിനെ സഖാവ് പുതിയൊരു കഥകളി വേഷം കൂടി കെട്ടി. കരി.
കത്തി, കരി, താടി...... കഥകളിയിലെ വില്ലന്‍ വേഷങ്ങള്‍ എല്ലാം തികഞ്ഞു.
ജീവിതത്തില്‍ ഒരുപാട് പച്ചവേഷം സഖാവ് കെട്ടിയിട്ടുണ്ടാവാം, ചിലരെയെങ്കിലും തന്റെ പരിധിക്കകത്തുനിന്ന് സഹായിച്ചിട്ടുണ്ടാവാം, തീര്‍ച്ച. മനസിനകത്ത് ധാരാളം നന്മ സൂക്ഷിക്കുന്ന ഒരു പാവമാണ് അവന്‍.
ഇനി മിനുക്ക്.... അതിന്റെ കാര്യം അറിഞ്ഞുകൂടാ.
വേഷംകെട്ടില്ലാതെ ജീവിക്കുന്ന ആ നല്ല സുഹൃത്തിന് നന്മ മാത്രം ആശംസിക്കുന്നു.
അപ്പൂട്ടന്‍.
1 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു:
പ്രശസ്ത നാടകരചയിതാവും, സംവിധായകനുമായ അപ്പുക്കട്ടന്‍ തൊപ്പിക്കാരാ...
ഈ ബ്ലോഗുപരിസരത്ത് കണ്ടുമുട്ടിയതില്‍ അടിയനു പെരുത്ത സന്തോഷം.
നിന്റെ "കരിപുരണ്ട ഹീലി" എന്ന "ആട്ടക്കദ" പ്രേം-ഹരി-വഴിയാണു എന്റെ മെയിലില്‍ എത്തിയത്.
വായിച്ചു പഴയ കാര്യങ്ങളോക്കെ ഓര്‍ത്ത് ഞാന്‍ ആനന്ദപുളകിതനായി! :)
ഹീലിയുടെ പാത്രവര്‍ണനയില്‍ ആ ബ്ലഡ്ഗ്രൂപ്പ് ചോദ്യവും, മാഞ്ചസറ്റര്‍ യുണൈറ്റഡിന്റെ കോച്ചിന്റെ അമ്മാവന്റെ ബയോഡാറ്റയും ഒക്കെ വിട്ടുപോയതായി കാണുന്നു. സാരമില്ല ഹീലി കഥകളുടെ ഒരു അക്ഷയപാത്രമല്ലേ. ഇനിയും സമയമുണ്ട്.
ഒരു കാര്യം ചോദിക്കാന്‍ വിട്ടു. ഹീറോഹോണ്ടയെ വഴിയിലിട്ട് ഉരുട്ടിപ്പിടിച്ചതിനുശേഷം
വടിവെച്ച് കെട്ടി സ്റ്റെഡിയാക്കേണ്ടി വന്ന നിന്റെ ആ ചൂണ്ടുവിരലും (അതോ നടുവിരലോ?) പൊക്കിപ്പിടിച്ച് നീ അമ്പയറിംഗിനു നിന്നത് ഓര്‍ക്കുന്നുണ്ടോ? :)
ആ വിരലിപ്പൊ എങ്ങനെ?
ഞാന്‍ കാടുകയറി.
അപ്പോ ശരി, ഇവിടൊക്കെ തന്നെ കാണാം.
Post a Comment