Monday, October 6, 2008

ചില നാടകാനുഭവങ്ങള്‍ - ഭാഗം രണ്ട്.

ഒന്നാം ഭാഗത്തില്‍ നിന്നും നാടകത്തിന്റെ കഥ കേട്ടല്ലോ, ഈ നാടകം അവതരിപ്പിക്കാന്‍ എത്ര സമയമെടുക്കും? കൂടിയാല്‍ പതിനഞ്ചുമിനിറ്റ്. രാത്രി മുഴുവന്‍ ചെലവാകാന്‍ ഇതു പോരല്ലോ. വേറെ ചില്ലറ ചെറിയ പരിപാടികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമെ ഇതൊരു ശിവരാത്രി ആക്കാന്‍ സാധിക്കൂ. കൂടാതെ വന്നിരിക്കുന്ന കാണികള്‍ക്ക് രസിക്കാനും എന്തെങ്കിലുമൊക്കെ വേണമല്ലോ.

സിനിമാതാരങ്ങള്‍ നടത്തുന്ന "സ്റ്റാര്‍ നൈറ്റ്" കണ്ടിട്ടില്ലേ. പാട്ട്, ഡാന്‍സ്, സ്കിറ്റ്, മിമിക്രി എന്നിങ്ങനെ പല പല പരിപാടികള്‍ ഒരു അവിയല്‍ പരുവത്തില്‍ കൂട്ടിക്കുഴച്ച് എല്ലാത്തരം നടന്മാര്‍ക്കും നടികള്‍ക്കും ഒരു ചാന്‍സ് കിട്ടുന്ന രീതിയില്‍ ഒരു തല്ലിക്കൂട്ട്. അത്തരത്തില്‍ ഒരു പരിപാടി ആണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. സിനിമാക്കാര്‍ ഈ ഐഡിയ ഇംപോര്‍ട്ട് ചെയ്തത് ഞങ്ങളുടെ പരിപാടി കണ്ടിട്ടാണെന്ന് എനിക്ക് ബലമായ സംശയമുണ്ട്. (അഭിപ്രായവ്യത്യാസം ഞങ്ങള്‍ക്ക് ഇരുന്പുലക്കയല്ല, തേങ്ങാക്കൊലയാണ്)

സൂരജ് എന്ന ഒരു അയല്‍വാസിപയ്യനാണ് ഞങ്ങളുടെ സഹായത്തിനെത്തിയത്. അന്നവന്‍ രണ്ടിലോ മൂന്നിലോ ആയിരിക്കണം പഠിക്കുന്നത്.

മിഥുന്‍ ചക്രവര്‍ത്തിയെ താരപദവിയിലെക്കുയര്‍ത്തിയ "ഡിസ്ക്കോ ഡാന്‍സര്‍" എന്ന സിനിമ ഇറങ്ങിയ കാലമാണ്. "അയാം ഏ ഡിസ്ക്കോ ഡാന്‍സര്‍" എന്ന പാട്ട് ഇന്ത്യയിലെങ്ങും തരംഗമായി ഓടുന്ന കാലം.
ആ പാട്ടിനൊത്ത് ഡാന്‍സ് ചെയ്യാന്‍ സൂരജ് തയ്യാറായി. സിനിമയുടെ ഓഡിയോ കാസറ്റും അവന്റെ കയ്യില്‍ ഉണ്ടായിരുന്നു. ഈ മോഹവും കാസറ്റുമൊക്കെ കയ്യില്‍ വെച്ച് സ്വന്തം കഴിവുതെളിയിക്കാന്‍ ഒരു വേദി കിട്ടാതെ വിഷമിക്കുകയായിരുന്നു ആ പാവം കൊച്ചു കലാഹൃദയം. അപ്പോഴാണ് ഞങ്ങളുടെ വേദി പരിപാടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വിവരം അവനറിഞ്ഞത്. അങ്ങിനെ ഒരു വിന്‍-വിന്‍ സിറ്റുവേഷന്‍ ഒത്തുവന്നു. ഞങ്ങള്‍ക്ക് ഒരു ഫില്ലര്‍ പരിപാടി കിട്ടിയ സന്തോഷം, അവനൊരു സ്റ്റേജ് കിട്ടിയ ആവേശം.
സൂരജിന്റെ വേഷങ്ങള്‍ക്കും ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. എന്നെങ്കിലും ഒരു സ്റ്റേജ് കിട്ടും എന്ന പ്രതീക്ഷയിലാണോ എന്നറിയില്ല, തിളങ്ങുന്ന കുറെ ഷര്‍ട്ടുകള്‍ അവന്റെ കയ്യില്‍ ഉണ്ടായിരുന്നു. കളര്‍ഫുള്‍ ആയൊരു ഷര്‍ട്ടും വെളുത്ത പാന്റും തലയിലൊരു കെട്ടും ഒക്കെ ആയപ്പോള്‍ അവന്‍ ചെറിയൊരു "മിദുന്‍ചക്കര്‍ത്തി" ആയി രൂപാന്തരപ്പെട്ടു.

കഴിഞ്ഞവര്‍ഷം സ്റ്റേജ് സെറ്റിംഗ് ഒന്നും ഇല്ലായിരുന്നു എന്ന്‍ പറഞ്ഞല്ലോ. ഇത്തവണയും അങ്ങിനെ ഒരു കാര്യം ഞങ്ങളുടെ മനസ്സില്‍ ഇല്ലായിരുന്നു. അതിനെക്കുറിച്ച് ഒരു ധാരണ തന്നെ മനസ്സില്‍ ഇല്ലായിരുന്നു എന്നതുതന്നെ കാരണം.

അപ്പോഴാണ് അടുത്ത സഹായിയുടെ രംഗപ്രവേശം. കുട്ടന്‍, മണിചേച്ചിയുടെ മകന്‍. ആള്‍ വളരെ സീനിയര്‍ ആണ്.

സിഗരറ്റ് പാക്കറ്റുകള്‍ ചേര്‍ത്തുണ്ടാക്കുന്ന കൂടുകള്‍ കണ്ടിട്ടില്ലേ, അതുപോലൊരെണ്ണം കുട്ടന്‍ എവിടെനിന്നോ സംഘടിപ്പിച്ചു. എല്ലാവശത്തും ഓരോ സ്ലോട്ടുകള്‍ കീറിയുണ്ടാക്കി. അതിനുള്ളിലേക്ക് ഒരു നിറമുള്ള സീറോവാട്ട് ബള്‍ബിട്ടു. കളര്‍ ലൈറ്റിങ് റെഡി, ഡാന്‍സ് കളിക്കാന്‍ പാടിയ തരം. "കെഡ്വാ ഓഫാവ്വാ കെഡ്വാ ഓഫാവ്വാ" എന്ന ഡിസ്കോലൈറ്റ് അല്ലെങ്കിലും ഞങ്ങളുടെ ചെറിയ സംരംഭത്തിന് ഇതു മതി.

ഇനി കര്‍ട്ടന്‍, കുട്ടനാണ് കര്‍ട്ടനും റെഡിയാക്കിയത്.
ഞങ്ങളുടെ വീടിന്റെ സിറ്റൌട്ടില്‍ ഗ്രില്‍ ഇട്ടിട്ടുണ്ടായിരുന്നു, കുറെ വളയങ്ങള്‍, ഓരോ വളയത്തിലും കൂട്ടിമുട്ടാത്ത നാല് സ്ട്രിപ്പുകള്‍. (ഇവയ്കിടയിലൂടെ കയ്യിട്ടാണ് ഞങ്ങള്‍ വീടിന്റെ വാതില്‍ തുറന്നിരുന്നത്) സിറ്റൌട്ടില്‍ വെച്ചാണ് ഞങ്ങളുടെ നാടകം അരങ്ങേറേണ്ടത്. അതിനുമുന്പിലുള്ള സ്ഥലത്ത് കാണികളിരിക്കും.നല്ല ഭംഗിയുള്ള ഒരു ബെഡ്ഷീറ്റ് കര്‍ട്ടന്‍ ആയി ഉപയോഗിക്കാന്‍ തെരഞ്ഞെടുത്തു. ഇടതുഭാഗത്തെ രണ്ടറ്റവും ഗ്രില്ലില്‍ കെട്ടി, വലതുഭാഗത്തെ മുകളിലെയറ്റത്ത് ഒരു കയറും കെട്ടി ഗ്രില്ലിനിടയിലൂടെ പുറത്തേക്കിട്ടു. കര്‍ട്ടന്‍ ഇടേണ്ട സമയത്ത് ഈ കയര്‍ പിടിച്ചുവലിക്കും. അപ്പോള്‍ ബെഡ്ഷീറ്റ് പൊങ്ങി സ്റ്റേജ് മറയ്ക്കും. കര്‍ട്ടന്‍ പൊക്കേണ്ട സമയത്ത് കയര്‍ അയച്ചുവിടും, അപ്പോള്‍ ബെഡ്ഷീറ്റ് താഴ്ന്നു കിടക്കും, കാണികള്‍ക്ക് സ്റ്റേജ് കാണാം. അടിപൊളി കര്‍ട്ടന്‍ റെഡി, ഒരു വ്യത്യാസം മാത്രം. യവനിക ഉയരുന്പോഴല്ല, താഴുന്പോഴാണ് നാടകം തുടങ്ങുന്നത്.

അങ്ങിനെ എല്ലാ തയ്യാറെടുപ്പുകളോടും കൂടി ഞങ്ങളുടെ വെറൈറ്റി എന്റര്‍ടൈന്മെന്റ് പ്രോഗ്രാം സ്റ്റേജിലേക്കെത്താന്‍ സജ്ജമായി.

രാത്രി പതിനൊന്നു പതിനൊന്നരയ്ക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്.
പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നു, ഈ അങ്കത്തിന് ഞങ്ങളും തയ്യാര്‍ എന്ന മട്ടില്‍ നാടകസംഘം, രംഗസജ്ജീകരണങ്ങളുമായി കുട്ടന്‍, ഉറക്കം കളയാന്‍ കട്ടന്‍കാപ്പിയുമായി അമ്മമ്മാര്‍, വേഷവിധാനങ്ങളുമായി മറ്റുള്ളവര്‍..... എല്ലാം റെഡി. ആള്‍ സെറ്റ് റ്റു ഗോ.

ആദ്യ പരിപാടി സൂരജിന്റെ ഡാന്‍സ് ആയിരുന്നു. ഞങ്ങള്‍ വിചാരിച്ചതിലധികം നന്നായിരുന്നു യുവ മിദുന്‍ചക്കര്‍ത്തി. ഹിറ്റായ ഒരു പാട്ടായതിനാല്‍ കാണികളും ആസ്വദിച്ചു.
**********************************
ഇനി നടക്കാനുള്ളത് നാടകമാണ്.

വായനക്കാരുടെ ഓര്‍മ പുതുക്കാന്‍വേണ്ടി കഥാപാത്രങ്ങളെയും താരങ്ങളെയും ഒന്നുകൂടി പരിചയപ്പെടുത്താം, കാരണം ഇനി പറയാന്‍ പോകുന്നതെല്ലാം കഥാപാത്രങ്ങളുടെ പേരിലാണ്, നടന്മാരുടെ പേരിലല്ല. ഇടക്കിടെ "അതാരാ ഇങ്ങിനെ പറഞ്ഞത്" എന്ന്‍ ചോദിക്കരുത്, പറഞ്ഞേക്കാം.

മെയിന്‍ വിദ്യാര്‍ത്ഥി - മധു. (ഇനിമേല്‍ നായകന്‍ എന്ന്‍ വിളിക്കപ്പെടും)
അദ്ധ്യാപകന്‍ - ഞാന്‍
വിദ്യാര്‍ത്ഥിയുടെ വ്യാജനായ അച്ഛന്‍ - വിധു (ഇനിമേല്‍ വ്യാജന്‍ എന്ന്‍ വിളിക്കപ്പെടും)
വിദ്യാര്‍ത്ഥിയുടെ ഒറിജിനല്‍ അച്ഛന്‍ - മധു. (ഇനിമേല്‍ നായകന്റെ അച്ഛന്‍ എന്ന്‍ വിളിക്കപ്പെടും)
മരണമറിയിക്കാന്‍ വരുന്നയാള്‍ - വിധു.
ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി - സുനില്‍. (ഇനിമേല്‍ വിദ്യാര്‍ത്ഥി എന്ന്‍ വിളിക്കപ്പെടും, ഈ കുട്ടിയാണ് നായകന്റെ വികൃതിയുടെ ഇര)
ഡോക്ടര്‍ - ഏട്ടന്‍.

കഥാപാത്രങ്ങളുടെ വേഷവിധാനങ്ങള്‍ - (അന്ന്‍ പട്ടണം റഷീദ് തിരക്കിലല്ലേ, മേക്കപ്പെല്ലാം ഞങ്ങള്‍ തന്നെ)
അദ്ധ്യാപകന്‍ - ഒരു മുണ്ട് (അന്നും ഇന്നും മുണ്ട് അരയില്‍ ഉറച്ചിരിക്കാതതിനാല്‍ ഞാന്‍ വളരെയധികം ബുദ്ധിമുട്ടിയാണ് ഞാന്‍ ഈ കലാപരിപാടിക്ക് തയ്യാറെടുത്തത്), എവിടുന്നോ ഒപ്പിച്ചൊരു കണ്ണട (കണ്ണടയുടെ പവറെന്താണെന്നോ അത് സ്ത്രീയുടേതാണോ പുരുഷന്റെതാണോ എന്നൊന്നും നോക്കിയില്ല, കിട്ടിയതൊരെണ്ണം, അത്രതന്നെ)
നായകന്‍ - നടന്റെ പ്രായം വെച്ച് അന്ന്‍ ട്രൌസര്‍ പ്രായം കഴിഞ്ഞിരുന്നു. പക്ഷെ ഈ കഥാപാത്രത്തിന്റെ പൂര്‍ണതക്കുവേണ്ടി മധു ട്രൌസര്‍ ഇട്ടുവോ, ഓര്‍മയില്ല.
വിദ്യാര്‍ത്ഥി - ട്രൌസര്‍, ഷര്‍ട്ട്.
അച്ഛന്‍ - നായകന്റെ സീന്‍ കഴിഞ്ഞാല്‍ ട്രൌസറിനുമുകളില്‍ ഒരു മുണ്ട് ചുറ്റിയാല്‍ അച്ഛനായി.
ഡോക്ടര്‍ - ആ സമയത്ത് ഏട്ടന്റെ കൈവശം ആവശ്യത്തിന് പാന്റ് ഉണ്ടായിരുന്നു, പ്രശ്നമില്ല.
വ്യാജന്‍ - വേഷം പ്രസക്തമല്ല :).
*************************************

രംഗം ഒന്ന്‍ - ക്ലാസുമുറി.
സജ്ജീകരണങ്ങള്‍ - രണ്ടു കസേര, അത്രമാത്രം.
രംഗത്ത് പ്രത്യക്ഷപ്പെടുന്നവര്‍ - അദ്ധ്യാപകന്‍, നായകന്‍, വിദ്യാര്‍ത്ഥി.
അന്ന്‍ കേരളത്തിലൊരിടത്തും കുട്ടികള്‍ കസേരയിലിരിക്കുന്ന ഏര്‍പ്പാടില്ലായിരുന്നു. അങ്ങിനെ രണ്ടു കുട്ടികള്‍ (അതും കസേരയിലിരിക്കുന്ന) മാത്രമുള്ള, ബ്ലാക്ക് ബോര്‍ഡില്ലാത്ത ഒരു ക്ലാസുമുറി കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഞങ്ങളാണ്.
നായകന്‍ വിദ്യാര്‍ത്ഥിയുടെ പേന എടുക്കുന്നു. അത് നായകനും വിദ്യാര്‍ത്ഥിയും തമ്മില്‍ സംസാരത്തിനിടവരുത്തുന്നു. അദ്ധ്യാപകന്‍ രണ്ടുപേരെയും ചോദ്യം ചെയ്യുന്നു. നായകന്റെതാണ് കുരുത്തക്കേടെന്നു മനസിലാക്കുന്ന അദ്ധ്യാപകന്‍ "നാളെ അച്ഛനെ വിളിച്ചുകൊണ്ടുവന്നതിനുശേഷം ക്ലാസില്‍ കയറിയാല്‍ മതി" എന്ന ശാസനയോടെ നായകനെ പറഞ്ഞയക്കുന്നു.
അവതരണം നന്നായി, തുടക്കത്തിലെ ടെന്‍ഷന്‍ ഒഴിഞ്ഞുകിട്ടി.
യവനിക താഴ്ന്നു, സോറി, ഉയര്‍ന്നു.
++++++++++++++++++++++++++++

രംഗം രണ്ട് - പഴയ "കുട്ടികള്‍ കസേരയിലിരിക്കുന്ന കേരളത്തിലെ ആദ്യത്തെ" ക്ലാസുമുറി തന്നെ. ഇത്തവണ അദ്ധ്യാപകന്‍ ഒരേയൊരു കുട്ടിക്കുവേണ്ടി ക്ലാസെടുക്കുന്നു.
വ്യാജനും നായകനും കൂടി ക്ലാസിലേക്ക് വരുന്നു. നായകന്റെ പ്രവൃത്തിയില്‍ തനിക്ക് ഖേദമുണ്ടെന്നും നിരുപാധികം മാപ്പുചോദിക്കുന്നുവെന്നും വ്യാജന്‍ അദ്ധ്യാപകനെ അറിയിക്കുന്നു. ഇനിയൊരിക്കല്‍ കൂടി ഇജ്ജാതി നന്പരെടുത്താല്‍ നായകന് കിട്ടാവുന്ന ശിക്ഷ എന്തെന്ന് അദ്ധ്യാപകന്‍ വ്യാജനെ അറിയിക്കുന്നു. "അതൊന്നുമുണ്ടാവില്ല സാര്‍, ഇനിയവന്‍ പ്രശ്നമുണ്ടാക്കില്ല" എന്ന്‍ വ്യാജന്‍ ഉണര്‍ത്തിക്കുന്നു.
യവനിക വീണ്ടും "ഉയരുന്നു"

അന്നൊക്കെ ശിവരാത്രിക്ക് സ്പെഷല്‍ ആയി തേഡ് ഷോ പതിവായിരുന്നു തിയേറ്ററുകളില്‍. അന്ന്‍ തേഡ് ഷോ കഴിഞ്ഞു പോകുന്ന ചിലര്‍ "അവ്വ്വോ.... നാഡഗാണ്???... ന്നാ നോക്കിക്കളയാ....." എന്ന ചിന്തയോടെ മതിലിനുചുറ്റും നിന്നു. അങ്ങിനെ വീടിനുമുന്പില്‍ നല്ല ജനക്കൂട്ടം. ഞങ്ങള്‍ക്ക് കൂടുതല്‍ "ആരാധകര്‍", ആവേശത്തിനിനിയെന്തുവേണം.
+++++++++++++++++++++++++++

രംഗം മൂന്ന്‍ - പൊതുവഴി. (ഇവിടെയാണ് നാടകത്തിലെ ടേണിങ് പോയിന്റ്)
രംഗസജ്ജീകരണങ്ങള്‍ക്കായി അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ക്ലാസിലെ രണ്ടു കസേരകള്‍ എടുത്തുമാറ്റിയാല്‍ റോഡായി. (അല്ലെങ്കിലും സ്കൂളും പൊതുവഴിയും തമ്മില്‍ അത്രയേ വ്യത്യാസമുള്ളൂ എന്ന്‍ ആവശ്യത്തിലധികം വിദ്യാഭ്യാസം കിട്ടിയവരും ഒട്ടും കിട്ടാത്തവരും പറയും, അതത്ര കാര്യമാക്കേണ്ട)
വഴിയിലൂടെ നടന്നു പോകുന്ന ആളെ ലോറി ഇടിക്കണം. നായകന്റെ അച്ഛന്‍ ഇടി കൊണ്ടുവീഴാന്‍ റെഡിയാണ്, ലോറിയോ?
അതിനും ഞങ്ങള്‍ വഴി കണ്ടിരുന്നു. സ്റ്റേജ് മുഴുവന്‍ ഇരുട്ടാക്കി (ലൈറ്റ് ഓഫ് ചെയ്തു). രണ്ടു കയ്യിലും ഓരോ ടോര്‍ച്ച് പിടിച്ച് ഒരാള്‍ ഓടി, അതാണ് ഞങ്ങളുടെ ലോറി (ഇതു നാട്ടുകാര്‍ക്ക് മനസിലായോ ആവോ).
നായകന്റെ അച്ഛന്‍ "ലോറി"യുടെ എതിരെ നടക്കുന്നു. "ലോറി"യും നായകന്റെ അച്ഛനും മുട്ടുന്നു. (ഒന്നു കൂടി ശക്തിയില്‍ മുട്ടിയാല്‍ നായകന്റെ അച്ഛനുപകരം ലോറി വീണേനെ). "അയ്യോ" എന്ന നിലവിളിയോടെ നായകന്റെ അച്ഛന്‍ വീഴുന്നു. ആക്സിഡന്റ് കലക്കി.
ഇനിയാണ് അദ്ധ്യാപകന്റെ മനുഷ്യകാരുണ്യപ്രവൃത്തി. നായകന്റെ അച്ഛനെ പൊക്കിയെടുക്കലാണ് ആദ്യപടി. എന്നെക്കാള്‍ തടിയും പൊക്കവും ഭാരവുമുള്ള "പാവത്തിനെ" പൊക്കിയെടുക്കാന്‍ ഞാന്‍ പെട്ട പാട്.... ഹൊ ഒന്നും പറയണ്ട. മധുവാണെങ്കില്‍ അഭിനയം ഗംഭീരമാക്കുന്ന തിരക്കില്‍ എന്റെ ശാരീരികക്ഷമതയെക്കുറിച്ച് അത്ര ചിന്തിച്ചിട്ടുണ്ടാവില്ല.

അദ്ധ്യാപകന്‍ നായകന്റെ അച്ഛനെ പൊക്കിയെടുക്കുന്നതിനിടയിലാണ് ഡോക്ടര്‍ക്ക് താന്‍ രംഗത്ത് വരാറായി എന്ന്‍ ഓര്‍മ വന്നത്. ഡോക്ടര്‍മാര്‍ എപ്പോഴും കര്‍ത്തവ്യനിരതരായിരിക്കുമല്ലോ, കര്‍ട്ടനിടുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു കസേരയുമായി ഡോക്ടര്‍ രംഗത്ത് (നടുറോട്ടില്‍) പ്രത്യക്ഷപ്പെട്ടു, "ഞ്ഞി ആസ്പത്ര്യാണ്" എന്ന പ്രസ്താവനയുമായി.

ഇടിയുടെ ആഘാതത്തില്‍ വീണ് ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്ന നായകന്റെ അച്ഛന് ഡോക്ടരുടെ ഈ അക്ഷമ സഹിച്ചില്ല. ആക്സിഡന്റ് ഇര അനിയന്ത്രിതമായ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു.
"ദെന്താടാ, വീണാളെ ഞീം റോട്ട്ന്ന് എട്ത്തിട്ടില്ല. അയ്ന്റെട്ക്ക് ന്താണ്ടാ ത്ര തെര്ക്ക്" എന്ന്‍ ഡോക്ടറെ നോക്കി ആക്രോശിച്ചു. അഭിനയം മുഴുവനാകാന്‍ പറ്റാതിരുന്നതിന്റെ വിഷമം മുഴുവന്‍ ആ മുഖത്തുണ്ടായിരുന്നു.
അസഹ്യതയോടെ നായകന്റെ അച്ഛന്‍ പറഞ്ഞു "അയ്യേ, ഈ സീന്‍ ഞീം എട്ക്കണം, സരിയായില്ല"

ഡോക്ടര്‍ കസേരയുമായി തിരിച്ച് ഗ്രീന്‍റൂമിലേക്ക് മടങ്ങി (രക്ഷപ്പെട്ടു എന്നും പറയാം). വീണ്ടും നായകന്റെ അച്ഛന്‍ നടപ്പ് തുടങ്ങി. വീണ്ടും ലോറി ഓടി. വീണ്ടും ഇടിച്ചു. അദ്ധ്യാപകന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. നായകന്റെ അച്ഛനെ ഒരിക്കല്‍ക്കൂടി കഷ്ടപ്പെട്ട് പൊക്കിയെടുത്തു. ഇത്തവണ ഡോക്ടര്‍ സംയമനം പാലിച്ചു, അതിനാല്‍ നായകന്റെ അച്ഛനെ ലോറി മൂന്നാമത് ഇടിച്ചില്ല, അദ്ധ്യാപകന്റെ ഭാഗ്യം.
+++++++++++++++++++++++

രംഗം നാല്. ആശുപത്രി.
നടുറോട്ടില്‍ കസേരയിട്ടാല്‍ ആശുപത്രിയാകുമോ, ആകുമായിരിക്കാം.
അദ്ധ്യാപകനും ഡോക്ടറും മാത്രം.
രോഗിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍. "വേഗം എവിടെനിന്നെങ്കിലും രക്തം കൊണ്ടുവരൂ, ഓ നെഗറ്റീവാണ് വേണ്ടത്" (ഈ ഓ നെഗറ്റീവ് എന്നാല്‍ എന്താണെന്ന് എനിക്ക് അന്ന്‍ വല്യ പിടിയില്ലായിരുന്നു, നാടകത്തില്‍ സഹകരിച്ച മറ്റുള്ളവര്‍ക്ക് ഉണ്ടായിരുന്നോ എന്നറിയില്ല).
കാര്യമാത്രപ്രസക്തനായ "ഡോക്ടര്‍" തന്റെ ഡയലോഗ് ധൃതിയില്‍ പറഞ്ഞുതീര്‍ത്തശേഷം യവനികക്ക് കാത്തുനില്‍ക്കാതെ ഗ്രീന്‍റൂമിലേക്ക് മടങ്ങി. ഒരുപക്ഷെ കാണികള്‍ ഇത് ഡോക്ടര്‍ കഥാപാത്രത്തിന്റെ തിരക്കായി മനസിലാക്കിയിരിക്കാം.
+++++++++++++++++++++++++++++++++

രംഗം അഞ്ച് - ആശുപത്രി തന്നെ.
അദ്ധ്യാപകന്‍ രക്തവുമായി ഓടിക്കിതച്ച് വരുന്നു. (അന്ന്‍ കയ്യില്‍ ഒരു പൊതി ആയിരുന്നുവെന്നാണ് എന്റെ ഓര്‍മ, രക്തം പൊതിഞ്ഞുകൊടുക്കുന്ന ബ്ലഡ് ബാങ്ക്!!!!).
ദുഃഖിതനായിരിക്കുന്ന ഡോക്ടറാണ് അപ്പോള്‍ സ്റ്റേജില്‍.
"സോറി, അയാള്‍ മരിച്ചുപോയി, കുറച്ചു നേരത്തെ രക്തവുമായി വന്നിരുന്നെങ്കില്‍ അയാളെ രക്ഷിക്കാമായിരുന്നു" എന്ന്‍ ഡോക്ടര്‍ അതീവദുഃഖത്തോടെ പറയുന്നു.
കര്‍ട്ടന്‍.....
+++++++++++++++++++++++

രംഗം ആറ് - ക്ലാസുമുറി.
മരണമറിയിച്ച് ഒരാള്‍ ക്ലാസില്‍ വരുന്നു.
"സാര്‍, ഇവന്റെ അച്ഛന്‍ ഇന്നലെ ഒരു ലോറിയിടിച്ച് മരിച്ചുപോയി. ഇവനെ കൊണ്ടുപോകാനാണ് ഞാന്‍ വന്നത്" എന്ന്‍ ആഗതന്‍.
അദ്ധ്യാപകന്‍ നെടുവീര്‍പ്പോടെ "ഹൊ, അത് ഈ കുട്ടിയുടെ അച്ഛനായിരുന്നൊ? ഞാനാണയാളെ ആശുപത്രിയിലാക്കിയത്. ഈ കുട്ടിയുടെ അച്ഛനാണെന്നറിഞ്ഞിരുന്നുവെങ്കില്‍ രക്തത്തിനുവേണ്ടി ഇത്രയധികം ബുദ്ധിമുട്ടേണ്ടിവരില്ലായിരുന്നു"

ഇത്രയും പറഞ്ഞതിന് ശേഷം അദ്ധ്യാപകന് പെട്ടെന്ന്‍ ഒരു കാര്യം ഓര്‍മ വരണം. ഒരു മൂഡ് സ്വിച്ച്. അതിന് ഒരു സ്വാഭാവികത വരുത്തണം. ഞാന്‍ കണ്ണട ഒന്ന്‍ പൊക്കി ഉറപ്പിച്ചു. റിഹേഴ്സല്‍ ചെയ്യുന്പോള്‍ തോന്നാതിരുന്ന ഒരു ആക്ഷന്‍ ആയിരുന്നു അത്. സ്റ്റേജില്‍ എന്റെ ആദ്യത്തെ ഇംപ്രോവൈസേഷന്‍. ഇന്നും ആ രംഗം എനിക്ക് കൃത്യമായി ഓര്‍മയുണ്ട്.
"പക്ഷെ ഞാനയാളെ ഇതിനുമുന്‍പ് കണ്ടിട്ടില്ലല്ലോ. അപ്പോള്‍ ഇന്നലെ അച്ഛനാണെന്ന് പറഞ്ഞ് ഈ കുട്ടി കൊണ്ടുവന്നത് വേറെ ആരെയോ ആയിരുന്നു." എന്ന ഉറക്കെയുള്ള ആത്മഗതവുമായി അദ്ധ്യാപകന്‍ കുറച്ചുനേരം അങ്ങിനെ നില്ക്കുന്നു.
പെട്ടെന്ന്‍ നായകന്‍ അദ്ധ്യാപകന്റെ കാല്‍ക്കല്‍ വീഴുന്നു. "ഞാന്‍ തെറ്റുകാരനാണ് സാര്‍, ഞാനിന്നലെ കൊണ്ടുവന്നത് എന്റെ അച്ഛനേയല്ല. ഞാന്‍ എന്റെ അച്ഛന്റെ ഘാതകനാണ്. എനിക്ക് മാപ്പു തരൂ....."
+++++++++++++++++++++++++

ഈ രംഗം കഴിഞ്ഞ് തിരശ്ശീല താഴുന്പോള്‍ (ഉയരുന്പോള്‍) പ്രേക്ഷകര്‍ കയ്യടിച്ചോ? അറിഞ്ഞുകൂടാ.

ഏതായാലും ഞങ്ങളുടെ ഈ ചെറിയ സംരംഭം ശ്രദ്ധിക്കപ്പെട്ടു. പ്രതീക്ഷിച്ചതിലധികം കാണികള്‍ ഈ നാടകം കണ്ടു എന്നതുതന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിജയമായിരുന്നു.
=================================

നാടകതിനുശേഷം വീണ്ടും കലാപരിപാടികള്‍ തുടര്‍ന്നു. സൂരജിന്റെ ഡാന്‍സ് വീണ്ടും വേദി കീഴടക്കി. ഡിസ്ക്കോ ഡാന്‍സര്‍ സിനിമയില്‍ വേറെയും പാട്ടുകളുണ്ടല്ലോ, എല്ലാ പാട്ടിനും ഡാന്‍സ് മാറ്റണമെന്ന് എവിടെയും എഴുതിവെച്ചിട്ടുമില്ല, പിന്നെന്താ പ്രശ്നം?
=================================

അവസാനം, നട്ടപ്പാതിര കഴിഞ്ഞ് എപ്പോഴോ കയ്യിലെ സ്റ്റോക്ക് തീര്‍ന്നപ്പോള്‍.....
"ഇതോടുകൂടി ഞങ്ങളുടെ ഈ കലാപരിപാടി ഇവിടെ അവസാനിക്കുന്നു. ഇത്രയും നേരം ഞങ്ങളോട് സഹകരിച്ച മാന്യ പ്രേക്ഷകര്‍ക്ക് ഞങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു" എന്ന അനൌണ്സ്മന്റില്ലാതെ വളരെ ലളിതമായ രീതിയില്‍ "കയ്ഞ്ഞു" എന്ന്‍ പറഞ്ഞ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
*****************************************

അന്നത്തെ പ്രായവും വിവരവും ലോകപരിചയവും വെച്ച് ഞങ്ങള്‍ ചെയ്തത് വലിയൊരു കാര്യം തന്നെയായിരുന്നു. തിരിഞ്ഞുനോക്കുന്പോള്‍ ഓര്‍ത്തുചിരിക്കാന്‍ ഒരുപാട് പാകപ്പിഴകളും ഈ സംരംഭത്തിലുണ്ടായിരുന്നു. രണ്ടുപേര്‍ മാത്രമുള്ള ക്ലാസ് (പേരിനെങ്കിലും കുറച്ചുപേരെക്കൂടി ഇരുത്താമായിരുന്നു), രണ്ടുതവണ നടത്തിയ ആക്സിഡന്റ് (ഓണ്‍ സ്റ്റേജ് റീടേക്ക്, മുതിര്‍ന്നവരുടെ നാടകമായിരുന്നെങ്കില്‍ അടി എപ്പ കിട്ടീന്ന്‍ ചോയ്ച്ചാ മതി) അദ്ധ്യാപകനെക്കാള്‍ വലിയ വിദ്യാര്‍ത്ഥി...... ഓര്‍ക്കുന്പോള്‍ ഒരു രസം.

*****************************************

ഈ വിജയത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് അടുത്ത വര്‍ഷവും നാടകസംഘം ഒത്തുചേര്‍ന്നു.
ഇത്തവണ കയ്യില്‍ കിട്ടിയത് "ദാവീദും ഗോലിയാത്തും" എന്ന നാടകമാണ്.
താരനിര്‍ണയം നടത്തി.

ദാവീദ് - മധു
ഗോലിയാത്ത് - വിധു.
ഇസ്രായേലിലെ രാജാവ് - ഞാന്‍.

രാജാവിനെക്കാള്‍ വലിയ, ഗോലിയാത്തിനേക്കാള്‍ വലിയ ദാവീദും സംഘവും നാടകത്തിന് തയ്യാറെടുത്തുതുടങ്ങി.

ശിവരാത്രിനാള് വന്നു. ഈ ശിവരാത്രിക്കും ജനങ്ങളെ ആവേശഭരിതരാക്കാന്‍ പോന്ന കഥയുമായി ഞങ്ങള്‍.....

ഒരേയൊരു കുഴപ്പമേയുള്ളു. അത് ശിവരാത്രിനാള് രാവിലെ ഞങ്ങള്‍ക്ക് മനസിലായി.

അന്ന്‍ നടത്തിയ റിഹേഴ്സലില്‍ ഒരു കാര്യം വ്യക്തമായി.

ഗോലിയാത്ത് മാത്രമാണ് തന്റെ ഡയലോഗ് പഠിച്ചിട്ടുള്ളത്. അതും തന്റെ ആദ്യഡയലോഗ് മാത്രം. ബാക്കിയാരും ഒന്നും പഠിച്ചിട്ടില്ല.

**************************************

അങ്ങിനെ നാടകകന്പനി പൂട്ടി (തുറന്നാലല്ലേ പൂട്ടേണ്ടതുള്ളൂ എന്ന അസൂയാലുക്കളുടെ ചോദ്യം ഞങ്ങള്‍ തൃണവല്‍ഗണിക്കുന്നു)
പിന്നീടൊരിക്കലും ഞങ്ങള്‍ ശിവരാത്രിക്ക് ഉറക്കമൊഴിച്ചിട്ടില്ല.
കഷ്ടം...... കലാകേരളത്തിന്റെ നഷ്ടം!!!!!!!!!!!

ഇല്ലാത്ത നാടകകന്പനിയുടെ കളിക്കാനിടയില്ലാത്ത നാടകത്തിന്റെ ബുക്കിങ്ങിന് സമീപിക്കുക....
അപ്പൂട്ടന്‍.

0 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു: