Tuesday, October 28, 2008

എന്റെ മലയാളം

ആദ്യമേ പറയട്ടെ (മുന്‍‌കൂര്‍ ജാമ്യം എന്ന് മലയാളത്തിലും disclaimer എന്ന് ആംഗലേയത്തിലും) - ഈ കഥയിലെ സംഭവങ്ങളോ ഭാഷാപ്രയോഗമോ ആര്‍ക്കെങ്കിലും അധിക്ഷേപപരമായി തോന്നുന്നുവെങ്കില്‍ അത് വെറും സാങ്കല്പികം മാത്രമാകാനെ തരമുള്ളൂ, കാരണം ഞാനൊരു ഭാഷാപണ്ഡിതനല്ല.
മലയാളം സുന്ദരമായ ഒരു ഭാഷ തന്നെയാണ്. ഷോഡ, ഷ്കോള്, ആംപ്ലേറ്റ്, ലീസ്റ്റ് എന്നീ പദങ്ങള്‍ കേട്ടാല്‍ ഏത് മലയാളിക്കാണ് പുളകം വരാത്തത്!!!!!!
ഉച്ചാരണത്തില്‍ ഒട്ടും നിര്‍ബന്ധം പിടിക്കാത്ത ഒരു ഭാഷ ലോകത്ത് വേറെയുണ്ടോ എന്ന് തന്നെ സംശയം. "ഭാഷ" ബാഷയോ ഫാഷയോ ആകുന്നതും "ശ്രുതി" സ്രുദി എന്ന് ഉച്ചരിക്കപ്പെടുന്നതും ചിലര്‍ ശീലിച്ചിട്ടില്ലാത്തത് കൊണ്ടാണെന്ന് പറയാമെങ്കിലും "മകന്‍" മഗന്‍ ആകുന്നത് മലയാളിക്കു മാത്രമാകുന്നു. തമിഴിന്റെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല, മഹാന്‍ എന്ന്‍ കൃത്യമായി പറയാന്‍ സാധിക്കാത്ത ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്തിനേറെ, "കക്കഗഗ്ഗങ" എന്ന് പഠിപ്പിക്കുന്ന ടീച്ചര്‍മാരെവരെ ഞാന്‍ കണ്ടിട്ടുണ്ട്.
ഞാനിതില്‍നിന്നൊക്കെ വ്യത്യസ്തനാണെന്നല്ല പറഞ്ഞുവരുന്നത്, ചുറ്റും കാണാറുള്ള ചില കാര്യങ്ങള്‍, തമാശകള്‍ എഴുതിയെന്നുമാത്രം.
മലയാളിയുടെ ഭാഷയോ ഉച്ചാരണമോ അല്ല ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിച്ചത്, ഈ "ഠ" വട്ടത്തില്‍ സംസാരിക്കുന്ന മലയാള ശൈലികളെക്കുറിച്ചാണ്. ഇംഗ്ലീഷില്‍ സ്ലാങ് എന്ന് പറയാറില്ലേ, അതന്നെ വില്ലന്‍, സോറി നായകന്‍.
ഞാനറിയുന്ന, പ്രയോഗിക്കുന്ന ഭാഷകള്‍ ഇവ്വിധമാണ്.

  • വന്നില്ല്യാ, പോയില്ല്യാ എന്നിങ്ങനെ തുടങ്ങി ദെന്താങ്ങനെ, വര്വേരിക്കും എന്നീ രീതിയില്‍ മുന്നേറുന്ന വള്ളുവനാടന്‍ മലയാളം.
  • ശ്ശ്യോരൂട്ടം, നിശ്ശല്ല്യ, ധരിക്ക്ണ്ടായില്ല്യ എന്നുള്ള രീതിയില്‍ അന്ധാളിക്കാന്‍ വകയുള്ള നന്പൂരി മലയാളം.
  • അയ്‌ ചെക്കന്‍ എങ്ണ്ട് പോയീ എന്ന് അരിശത്തോടെ ചോദിക്കുന്ന പാലക്കാടന്‍ മലയാളം.
  • ജ്ജാതി സ്റ്റൈലിസ്റ്റോ എന്ന് അദ്ഭുതത്തോടെ തകര്‍ക്കുന്ന മ്മടെ ശ്ശൂര് ഭാഷ.
  • ഇതിലൊന്നും പെടാതെ, എന്നാല്‍ ഇതിലെല്ലാം പെടാവുന്ന അങ്ങ്ട്ടും ഇങ്ങ്ട്ടും എന്നിങ്ങനെ, കടിച്ചുപൊട്ടിക്കും എന്ന മട്ടില്‍, എന്റെ ചില സുഹൃത്തുക്കള്‍ പ്രയോഗിക്കുന്ന ഏതോ തരം മലയാളം.

വലിയ പ്രാവീണ്യമൊന്നുമില്ലെങ്കിലും കേട്ടാല്‍ കുറച്ചൊക്കെ മനസിലാക്കാന്‍ ശ്രമിക്കാവുന്ന (മുഴുവന്‍ മനസിലാകാന്‍ ഇത്തിരിയിലധികം പാടുപെടേണ്ടിവരുന്ന) രണ്ടു മലയാളഭാഷാശാഖകളും എനിക്ക് പരിചയമുണ്ട്.

  • ഊനിയേറ്റന് കോര്ച് കോര്ചായി കാര്യങ്ങല്‍ പര്ഞ്ഞുകോറ്റ്ക്കുന്ന രഞ്ജിനീമയമായ മലയാളം.... സോറി മല്യാലം
  • അന്തരാളങ്ങളില്‍ നിന്നും ബഹിര്‍ഗ്ഗമിക്കുന്ന ചിന്താസരണികളിലൂടെ സഹജീവികളില്‍ സമഭാവനയും പ്രബുദ്ധതയും ആവിര്‍ഭവിക്കാനുതകുന്ന അത്യുന്നതമായ ജീവിതം നയിക്കുന്ന മഹദ് വ്യക്തികള്‍ സ്റ്റേജില്‍ നില്‍ക്കുന്പോള്‍ മാത്രം പറയുന്ന മലയാളം.
ജഗതി ശ്രീകുമാര്‍ ആണ് ഈ തിരുവനന്തപുരം ഭാഷ എനിക്ക് ആദ്യമായി പറഞ്ഞുതന്നത്, ബഹുഭൂരിപക്ഷം മലയാളികളെയും പോലെ സിനിമയിലൂടെ തന്നെ (ജഗതിയെ നേരിട്ട് പരിചയമുണ്ട് എന്ന് പറഞ്ഞാല്‍ കിട്ടുന്ന വെയ്റ്റ് എനിക്കുവേണ്ട, കാരണം അതില്ല).
പിന്നീട് സുരാജ് വെഞ്ഞാറമൂട് എന്ന നടനിലൂടെ ഈപ്പറഞ്ഞ "തിരോന്തരം ഫാഷ" ഞാന്‍ കുറച്ചൊക്കെ പഠിച്ചതായിരുന്നു.
പക്ഷെ ഇന്നാട്ടിലെത്തിയപ്പോള്‍ മനസിലായി ഞാന്‍ കണ്ടും കേട്ടും പഠിച്ചതൊന്നും കംപ്ലീറ്റ് അല്ലെന്ന്. വിദ്യാഭ്യാസവിശാരദര്‍ പറയുന്നതുപോലെ അനുഭവങ്ങളില്‍ നിന്നാണ് ഒരാള്‍ ജീവിതത്തെക്കുറിച്ച് ഏറ്റവുമധികം പഠിക്കുന്നത്, പാഠപുസ്തകങ്ങളില്‍ നിന്നല്ല.
ഒരു പാവം വള്ളുവനാടനായ ഞാന്‍ തിരുവനന്തപുരത്ത് എത്തിപ്പെട്ടപ്പോള്‍ ചില്ലറ ചെറിയ ഭാഷാപ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ചില കഥകള്‍ താഴെക്കൊടുക്കുന്നു.
**********************
വാടകക്കൊരു വീട് അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ഞാന്‍ ..... സ്ഥലത്തെ വീടിനെക്കുറിച്ച് കേട്ടത്. (പേരുകളെല്ലാം സാങ്കല്‍പ്പികം എന്നാണല്ലോ പണ്ടുമുതല്കേ മലയാളവാര്‍ത്താസാഹിത്യത്തിന്റെ ഒരു ഗമ, അതിനാല്‍ സ്ഥലപ്പേര് തല്‍ക്കാലം പറയുന്നില്ല, സൌകര്യത്തിനുവേണ്ടി നമുക്ക് "അമേരിക്കന്‍ ജങ്ങ്ഷനിലെ" "കൂര്‍ക്കപ്പാറ റോഡിലെ" "പ്രഭാതം" വീടെന്ന് ഈ വീടിനെ വിശേഷിപ്പിക്കാം)
ഈ അമേരിക്കന്‍ ജങ്ങ്ഷന്‍ കണ്ടുപിടിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി, ഏതാണ്ടെത്ര ദൂരം കാണുമെന്നറിയണമല്ലൊ. ഏറ്റവുമെളുപ്പം വല്ല പെട്ടിക്കടയിലും ചോദിക്കുക എന്നതുതന്നെ. അങ്ങിനെ എന്റെ തിരുവനന്തപുരം ഭാഷയുമായുള്ള ആദ്യ മല്‍പ്പിടുത്തം സംഭവിച്ചു. ആദ്യം കണ്ട പെട്ടിക്കടയില്‍ വെച്ച് ഇനി പറയുന്ന സംഭാഷണം എന്ന സംഭവം നടന്നു.
കഥാപാത്രങ്ങള്‍ - അപ്പൂട്ടന്‍ (അതായത് ഞാന്‍), വേലായുധന്‍ എന്ന പെട്ടിക്കടക്കാരന്‍ (name changed എന്ന് പറയാമെങ്കിലും പേരറിയില്ലെന്നതാണ് വാസ്തവം), പേരറിയാത്ത ഏതോ സഖാവ് (അവിടെ ബീഡി വലിച്ചുകൊണ്ടിരുന്ന ഒരാള്‍, അദ്ദേഹത്തിന് തല്‍ക്കാലം പേരു വേണ്ട).
- ചേട്ടാ, ഈ അമേരിക്കന്‍ ജങ്ങ്ഷനിലേക്ക് എങ്ങന്യാ പൂവ്വ്വാ?
വേ - യെന്തര്?
- അല്ല ചേട്ടാ, ഈ അമേരിക്കന്‍ ജങ്ങ്ഷനിലേക്ക് ഏദ്യാ വഴി?
വേ (തിരിഞ്ഞ് സഖാവിനോട്) - അണ്ണാ... ഇത് യേത് സ്തലം?
- വോ അമേരിക്കന്‍ ജന്ഷനിലാട്ട് തന്നേ? ദോണ്ട് റ്വാട്ടീ നൂത്ത് പ്വാണം.
- എത്ര ദൂരം ണ്ടാവും?
- വോ, ഒത്തിരീന്നും യില്ല.
- ഈ വഴീല് നേരെ പോയാ അവ്ടെത്ത്വോ
- യീ വഴീ നൂത്ത് പ്വായാ ____ജന്ഷനീ യെത്തും. അവ്ടെ യാരോടേലും ച്വാദീര്, അപ്പ പര്‍ഞ് തരും.
പെട്ടിക്കടയില്‍ നിന്നും സഖാവ് കാണിച്ചുതന്ന റോഡിലൂടെ നേരെ വെച്ചുപിടിച്ച ഞാന്‍ ____ ജങ്ങ്ഷന്‍ കണ്ടുപിടിച്ചു. അവിടെ നിന്നും വെറൊരാളോട് ചോദിച്ച് അമേരിക്കന്‍ ജങ്ങ്ഷനിലേക്കുള്ള വഴി മനസിലാക്കി വെച്ചു. പിന്നീട് വീട് പോയി കാണുകയും ഉറപ്പിക്കുകയും ചെയ്തു.
++++++++++++++++++++
അടുത്തയാഴ്ച ഈ വീട് ഒന്നുകൂടി കാണാന്‍ ഞാന്‍ എന്റെ കസിനെയും കൂട്ടി യാത്രയായി. ആദ്യയാത്ര വീട്ടുടമസ്ഥന്റെ കൂടെ ആയതിനാല്‍ വഴി ശരിക്കും പഠിച്ചിരുന്നില്ല, അതിനാല്‍ പ്രതീക്ഷിച്ചതുപോലെ വഴി തെറ്റി. ചോദിക്കാതെ ഇനി പോകുന്നതില്‍ അര്‍ത്ഥമില്ലെന്നു മനസിലായപ്പോള്‍ ഞങ്ങള്‍ ഒരു കടയില്‍ കയറി വഴി ചോദിച്ചു മനസിലാക്കി.... താഴെ പറയുന്ന തിരക്കഥയിലെ രംഗം ഇവിടെ നടമാടി.
രംഗത്തുള്ള താരങ്ങള്‍ - അപ്പൂട്ടന്‍, ഗോപിയണ്ണന്‍ (Name changed എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)
- ചേട്ടാ, ഈ കൂര്‍ക്കപ്പാറ റോഡ് എവട്യാ?
ഗോ - കൂര്‍ക്കപ്പാറ റോഡാ? ദോണ്ടിങ്ങനെ പ്വായി റെയ്റ്റ്. എന്തരിനാണ്?
- ഏയ്. ഒരു വീട് വാടകക്ക് എട്ത്ണ്ടേയ്. പ്പ വഴി തെറ്റി. അപ്പൊന്ന് ചോയ്ക്കാം ച്ച് കേറീതാ.
ഗോ - അവ്ടെ യാത് വീട്?
- പ്രഭാതം ന്ന്‍ പേര്ള്ള വീട്.
ഗോ - വോ, പ്രഫാതം.... വൊരു പുതീ വീട് തന്നേ?
- അതന്നെ.
ഗോ - ആ വഴീ പ്വായാ വൊരു പള്ളി കാണും. അതിന്റെ വാപ്പാസിറ്റ് തന്നേ വീട്.
അങ്ങിനെ പള്ളീടെ "വാപ്പാസിറ്റുള്ള വീട്" അന്വേഷിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
********************************
ഇനിയുള്ള കഥ തിരുവനന്തപുരം അഡ്വെഞ്ചര്‍ അല്ല, ഒരു തെക്കനും ഞാനെന്ന വടക്കനും തമ്മിലുണ്ടായ ഒരു ചെറിയ തെറ്റിദ്ധാരണയാണ്. പറഞ്ഞുവരുന്പോള്‍ ഒരു ചെറിയ ഭാഷാപ്രയോഗപ്രശ്നം.
ഞങ്ങളുടെ ഓഫീസില്‍ ഒരു പ്രോജക്ടില്‍ അത്യാവശ്യമായി _____ skill ഉള്ള ഒരാള്‍ വേണം. ആവശ്യം ഒരു കാഷ്വല്‍ എന്ക്വയറി ആയി ഞങ്ങളുടെ പിഎം (പ്രോജക്റ്റ് മാനേജര്‍) ന്റെ അടുത്തെത്തി.
പിന്നീട് എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. "നിങ്ങളുടെ ഡിപ്പാര്‍ട്മെന്റില് _____ അറിയാവുന്ന ആള്‍ ഉണ്ടോ?"എനിക്കറിയാവുന്ന ഒരു പേര് പറഞ്ഞുകൊടുത്ത് ഞാന്‍ എന്റെ പണി തുടര്‍ന്നു.
പിറ്റേന്ന് ഊണ് കഴിക്കുന്പോള്‍ എനിക്കൊരു കോള്‍, പിഎം ആണ്.
"അല്ല, നമ്മടെ _____ അറിയാവുന്ന ആളുടെ കാര്യം എന്തായീ? ഞാന്‍ ഇന്നലെ പറഞ്ഞിരുന്നതല്ലേ?"
എനിക്കതുകേട്ടപ്പോള്‍ ആദ്യം വന്നത് ദേഷ്യമാണ്.
ഒന്നാമതായി എനിക്ക് ഇതില്‍ ഔദ്യോഗികമായി ഉത്തരവാദിത്തം ഒന്നുമില്ല. പിന്നെ, ആവശ്യക്കാരന്‍ ഒരു രീതിയിലും ഇതില്‍ അന്വേഷണം നടത്തിയിട്ടുമില്ല. ഞാനെന്തിനു പാടുപെടണം? ഇത് സ്വാഭാവികമായ ചിന്ത മാത്രം.
എന്നാല്‍ എന്നെ അലട്ടിയത് വേറൊരു കാര്യമാണ്, എന്നോട് പിഎം ചോദിച്ച ചോദ്യം. "ഇന്നലെ പറഞ്ഞിരുന്നതല്ലേ", എന്ന് വെച്ചാല്‍ ഇന്നലെ ഞാന്‍ പറഞ്ഞിട്ടും നിനക്കൊരു കുലുക്കവുമില്ലല്ലോ എന്നല്ലേ പിഎം അര്‍ത്ഥമാക്കുന്നത്.
ഞാനധികം സംസാരിക്കാന്‍ നിന്നില്ല, നോക്കാം എന്നുപറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.

പിന്നീടാണ് പിഎം പറഞ്ഞതിന്റെ ധ്വനി എനിക്ക് മനസിലായത് (അത് പിഎംനെ വ്യക്തിപരമായി അറിയാവുന്നതിലാണ് സാധ്യമായതെന്നുകൂടി പറയട്ടെ)
തലേദിവസം പറഞ്ഞ ഒരു കാര്യം ഒന്നുകൂടി ഓര്‍മിപ്പിക്കുന്നതിന് വള്ളുവനാടന്‍ ശൈലിയില്‍ സാധാരണയായി പറയുന്നത് "ഇന്നലെ പറഞ്ഞില്ലേ..... " എന്ന മട്ടിലാണ് (ന്നലെ പര്‍ഞ്ഞില്ല്യേ എന്ന് തന്നെ പറയണം, എന്നാലേ ശരിയാവൂ).
"ഇന്നലെ പറഞ്ഞിരുന്നതല്ലേ" എന്ന പ്രയോഗം അവിടുത്തുകാര്‍ക്ക് ഒരു കുറ്റപ്പെടുത്തലാണ്, ഓര്‍മിപ്പിക്കലല്ല. ആ രീതിയില്‍ പറയുന്പോള്‍ സാധാരണയായി സംസാരത്തിന്റെ ടോണ്‍ തന്നെ മാറും.

സത്യത്തില്‍ പിഎം ഉദ്ദേശിച്ചത് "ഇന്നലെ പറഞ്ഞില്ലേ..." എന്നുതന്നെ ആയിരുന്നു. ഇത്തിരി തെക്കോട്ടുവന്നതിനാല്‍ വാക്കുകള്‍ ഇത്തിരി മാറിപ്പോയി, എന്റെ സംസാരരീതി വേറെയായിരുന്നതിനാല്‍ അര്‍ത്ഥവും.
പിന്നീട് കാര്യങ്ങള്‍ ഒരുവിധം സെറ്റപ്പ് ആക്കിയതിനുശേഷം ഞാനും പിഎമ്മും ഇതുപറഞ്ഞു ചിരിച്ചു.
**************
കേള്‍ക്കുന്നവനുള്ളതാണ് ഭാഷ. ഭാഷ സംവദിക്കാനുള്ളതുതന്നെ, ഉച്ചാരണവും വ്യാകരണവും ഒന്നും ഇവിടെ പ്രസക്തമല്ല. പക്ഷെ ഭാഷാശൈലികള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ ചിരിപ്പിക്കാനും കരയിക്കാനുമൊക്കെയായി ഭാഷകള്‍ ഉള്ളിടത്തോളം കാലം നമ്മുടെയിടയില്‍ നിലനില്‍ക്കും. ആര്‍ക്കും കരയാനിടവരുത്താതെ അത് നില്ക്കുമെന്ന് നമുക്ക് വിശ്വസിക്കാം. അതുവരെ നമുക്കു ചിരിക്കാം, ഓര്‍ത്തോര്‍ത്തുചിരിക്കാം

0 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു: