ഒരു ശ്വാനമരണം
സംഭവസ്ഥലം - ഞാനും ദിലീപും താമസിച്ചിരുന്ന യശ്വന്തപുരത്തെ ആ വീട്.
യശ്വന്തപുരത്തെ ഞങ്ങളുടെ വീട്ടുടമസ്ഥന്‍ ഒരു പട്ടിയെ വളര്‍ത്തിയിരുന്നു. രാത്രിയാവുന്പോള്‍ വീട്ടുടമ പട്ടിയെ ടെറസിനുമുകളില്‍് ഉള്ള കൂട്ടിലാക്കി പൂട്ടിയിടും. സാമാന്യം ആരോഗ്യവും വലിപ്പവുമുള്ള കരിക്കട്ട പോലെ വെളുത്ത ശ്വാനന്‍. പകലുമുഴുവന്‍ കുരയെടുത്ത് കിട്ടണ കീച്ചിന് മോങ്ങലെടുത്ത്..... അങ്ങിനെ സുന്ദരസുരഭിലജീവിതം. എന്നെ കടിച്ചാല്‍ കയ്യിലിരുപ്പായാലൊ എന്ന പേടിയാലും ദിലീപിനെ കടിക്കാന്‍ മാത്രം വായക്ക് വലിപ്പമില്ലാത്തതിനാലും ഞങ്ങളോട് അധികം ഞഞ്ഞാ പിഞ്ഞാ കാണിച്ചിട്ടില്ല.
ഞങ്ങളെ കാണുന്പോഴൊക്കെ പട്ടിക്ക് ഒരു കാര്യം മാത്രമെ പറയാനുണ്ടായിരുന്നുള്ളു, ബൌ ബൌ.
ഇടക്കൊരു കുറച്ചു ദിവസം പട്ടിയെ കാണാനില്ലായിരുന്നു. ഞങ്ങള്‍ ചെന്ന് വീട്ടുടമസ്ഥനോട് കാര്യം ചോദിച്ചു. പട്ടി അള്ളാ കോ പ്യാരാ (തിരോന്തരം സ്റ്റൈല്‍ അല്ല) ഹോഗയ എന്ന് അദ്ദേഹം ഞങ്ങളെ അറിയിച്ചു.
മനുഷ്യരുടെ കാര്യമാണെങ്കില്‍ മരിച്ചു, അന്തരിച്ചു, കാലം ചെയ്തു, നാടുനീങ്ങി, സമാധിയായി, വടിയായി, കാറ്റുപോയി, കഴിഞ്ഞു, പെട്ടിയിലായി, ചീട്ടുകീറി, മേലോട്ടെടുത്തു, തെക്കോട്ടെടുത്തു, പടമായി, ചുവരില്‍തൂങ്ങി, വിസ കിട്ടി, കലിപ്പ് തീര്‍ന്നു എന്നിങ്ങനെ പല വാക്കുകളും ഉപയോഗിക്കാം. മൃഗമായതിനാല്‍ ചത്തു എന്ന് മാത്രമെ പറയാനാവൂ. ഇല്ലെങ്കില്‍ മൃഗസ്നേഹികള്‍ വീടിനുമുന്നില്‍ നിരാഹാരം കിടന്നു ഗ്വാ ഗ്വാ വിളിക്കും.
ഒരൂസം രാവിലെ കൂട്ടില്‍ നിന്ന് ഇറക്കാന്‍ ചെന്നപ്പോള്‍ അത് ചത്തുകിടക്കുന്നതാണത്രെ കണ്ടത്. പാവം, നല്ല ഭാവിയുള്ള ഒരു ശുനകനായിരുന്നു. കനകസിംഹാസനത്തില്‍ കയറിയിരുന്നേനെ, ശുംഭന്മാര്‍ ഇപ്പോള്‍ സോഫ്റ്റ്വെയറിലേക്ക് കൂട്ടം കൂട്ടമായി ചേക്കേറിയതിനാല്‍ പിന്നെ കനകസിംഹാസനത്തിന് ശുനകന്‍ തന്നെ ശരണം.
ശുനകവീരന്റെ മരണവാര്‍ത്ത താമസിയാതെ നാടുമുഴുവന്‍ ചപ്പാത്തിപോലെ പരന്നു. ശുനകന്റെ അസ്വാഭാവികമാരണം അയല്ക്കാര്‍ക്കിടയില് ചര്‍ച്ചാവിഷയമായി. സന്നദ്ധസംഘടനകള്‍ മുന്നിട്ടിറങ്ങി. ശുനകമരണം കൊലപാതകമാണെന്ന് അവര്‍ ആരോപിച്ചും പേയും പറഞ്ഞു. വെള്ളസാരിയുടുത്ത ഒരു രൂപം ടെറസിലേക്ക് കയറിപ്പോകുന്നത് കണ്ടവരുണ്ടത്രേ. ശുനകന്റെ ഘാതകരെ കണ്ടുപിടിക്കുക എന്ന മുദ്രാവാക്യവുമായി അവര്‍ തെരുവിലിറങ്ങി (തെരുവിലിറങ്ങല്‍ ആദ്യാനുഭവമാകയാല്‍ നാറ്റം സഹിക്കവയ്യാതെ മൂക്കുപൊത്തിയാണ് ജാഥക്കാര്‍ വന്നത് എന്ന് അസൂയാലുക്കള്‍ പറഞ്ഞേക്കാം). നാടൊട്ടുക്ക് കോളിളക്കം സൃഷ്ടിച്ചു. ഇളക്കം പോരാ എന്ന് തോന്നിയ സ്ഥലത്തെല്ലാം വീന്പിളക്കി. അങ്ങിനെ ഇളക്കം കംപ്ലീറ്റ് ചെയ്തു. അവര്‍ അടുത്ത ഷാപ്പ് മൈതാനിയില്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു, കണ്ണീരൊഴുക്കി, കൂടെയൊഴുകിയ ആ കളറുള്ള ദ്രാവകത്തിന് കണക്കില്ല. പ്രസംഗതൊഴിലാളികള്‍ തങ്ങളുടെ പ്രസംഗം പോസ്റ്റല്‍ ആയി അയച്ചുകൊടുത്തു, അത് ഒരു സഹൃദയന്‍ ജനങ്ങളെ വായിച്ചുകേള്‍പ്പിച്ചു. സര്‍ക്കാരിലേക്ക് ഹര്‍ജിയും വയറിലേക്ക് ബുര്‍ജിയും അയച്ചു.
ഇത്രയുമായപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു, ബെഡ്കോഫി കുടിച്ചു. മറ്റു പ്രഭാതകൃത്യങ്ങള്‍ക്കിടെ ക്രൈം വാരിക ശ്രദ്ധിച്ചുവായിച്ചു. തുന്പൊന്നും കിട്ടാഞ്ഞതിനാല്‍ ഇളക്കക്കാരെ ചര്‍ച്ചക്കുവിളിച്ചു. ക്രൈംബ്രാഞ്ച്, ക്രൈംഹെഡോഫീസ്, സിബിഐ തുടങ്ങിയ പല നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചു. ഇളക്കക്കാര്‍ ഇത്തവണ ഇളകിയില്ല. ക്രൈം വാരികക്ക് പോലും തുന്പുണ്ടാക്കാന്‍ പറ്റാത്ത ഈ കേസില്‍ ക്രൈംബ്രാഞ്ച് എന്തുചെയ്യും എന്നായിരുന്നു അവരുടെ ചോദ്യം. ഇന്റര്‍പോളിനെയോ മിനിമം ജോണ്‍പോളിനെയെങ്കിലുമോ കേസ് എല്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇന്റര്‍പോളിനെ എല്പിച്ചാല്‍ അവരുടെ രീതികള്‍ പഠിക്കാനായി അമേരിക്കയിലേക്കും കാനഡയിലേക്കും (നയാഗ്ര കാണാനുള്ള ആഗ്രഹം ഒരു മന്ത്രിപത്നി പ്രകടിപ്പിച്ചിട്ടുണ്ടത്രേ) ഓരോ സംഘത്തെ അയക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ഇളക്കക്കാര്‍ അത് വേണ്ടെന്ന് പറഞ്ഞു. അങ്ങിനെ സര്‍ക്കാര്‍ സുഖിക്കേണ്ട (ഒരുത്തനേം നന്നാവാന്‍ സമ്മതിക്കില്ല, ദുഷ്ടന്മാര്‍). അവസാനം ഒത്തുതീര്‍പ്പെന്ന നിലയില്‍ തമിഴ്നാട് സിഐഡിമാരായ ദാസനെയും വിജയനെയും ഈ കേസ് ഏല്‍പ്പിക്കാന്‍ ധാരണയായി. എത് വെന്തുകുഴഞ്ഞുമറിഞ്ഞ കേസിലും തുന്പും കൊന്പും ദന്പിടിയും ഉണ്ടാക്കിയവരാണല്ലൊ അവര്‍.
ദാസനും വിജയനും മദ്രാസില്‍ നിന്ന് ദുബായ് വഴി ബാംഗ്ലുരിലെത്തി.
നാല് മാസം അവര്‍ കേസിനെപ്പറ്റി പഠിച്ചു.
മൂന്നു മാസം പലരെയും ചോദ്യം ചെയ്തു. "ഊട്ടിയിലേക്ക് എവിടുന്നാ ബസ് കിട്ടുക?", "ഏറ്റവും നല്ല പബ് എവിടെയാ?" "ചായക്കെന്തടോ മധുരമില്ലാത്തെ?" തുടങ്ങിയ ബുദ്ധിപരമായ ചോദ്യങ്ങള്‍ ചോദിച്ച് അവര്‍ കേസിന് തുമ്പുണ്ടാക്കി.
അതില്‍ പിടിച്ച് അവര്‍ പടിപടിയായി മുന്നേറി. ഒരു എസ്കലേറ്റര്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ പടിപടിയായി മുന്നേറാതെ പെട്ടെന്ന് മുകളിലെത്തുമായിരുന്നു. എന്ത് ചെയ്യാം, അന്ന് ടെക്നോളജി അത്രയല്ലേ മുന്നേറിയിരുന്നുള്ളു.
അവസാനം അവര്‍ വിശദമായ പഠനത്തിനു ശേഷം റിപ്പോര്‍ട്ടെഴുതി സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ അത് വായിച്ചു ഞെട്ടിപ്പോയി, കണ്ണുതള്ളി. തള്ളിയ കണ്ണ് തിരിച്ചെടുത്തു വീണ്ടും തള്ളി.
ഹാന്‍ഡ് റൈറ്റിംഗ് അത്ര മോശമായിരുന്നു.
അവസാനം ഫയല്‍ Alt F4 അടിച്ചു ക്ലോസ് ചെയ്തു.
ഇളക്കക്കാരുണ്ടോ വെറുതെയിരിക്കുന്നു. അവര്‍ വീണ്ടും ഇളക്കി. അവസാനം സര്‍ക്കാര്‍ ഭാഷാവിദഗ്ദ്ധരെ വിളിച്ച് റിപ്പോര്‍ട്ട് തര്‍ജ്ജമ ചെയ്യിച്ചു.റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം താഴെകൊടുക്കുന്നു.
രാത്രി അപ്പൂട്ടനും ദിലീപും ആഹാരശേഷം വീട്ടിലേക്ക് വന്നു. എന്നത്തെയും പോലെ അന്നും അപ്പൂട്ടന്‍ തന്റെ സെന്റി തുടങ്ങി. സെന്റിനൊരു സെന്റി എന്ന കണക്കില്‍ ബാംഗ്ലൂര്‍ മുഴുവന്‍ വാങ്ങിച്ചു. എന്നിട്ടും കൊതിതീരാഞ്ഞ് ബൊമ്മനഹള്ളി അക്വയര്‍ ചെയ്തു. അപ്പോഴേക്കും ദിലിപ് ഉറക്കമായി, പാവം, ക്ഷമക്കുമില്ലേ അതിര്.
അത്തിബെല്ലേ വാങ്ങാന്‍ എന്ത് ചെയ്യും എന്നാലോചിച്ച് അപ്പൂട്ടന് ഉറക്കം വന്നില്ല.
ആ സമയത്ത് ഉണര്‍ന്നിരിക്കുന്ന ഒരു ജന്തുവിനെ അന്വേഷിച്ച് പുറത്തിറങ്ങി. ആകെ കാണാന്‍ സാധിച്ചത് നമ്മുടെ ശ്വാനവീരനെ. ഒട്ടും അമാന്തിച്ചില്ല, അപ്പൂട്ടന്‍ തന്റെ സെന്റി കഥ പറഞ്ഞുതുടങ്ങി. വൈകാതെ സ്റ്റഡിക്ളാസ് തീര്‍ത്ത് തികഞ്ഞ ആത്മസംതൃപ്തിയോടെ അപ്പൂട്ടന്‍ തിരിച്ച് വീട്ടില്‍ ചെന്ന് കിടന്നുറങ്ങി.
പാവം ശ്വാനനായകന്‍, സങ്കടം സഹിക്കവയ്യാതെ തര്‍ക്കൊലൈ പണ്ണീട്ടാന്‍.
മൃഗസ്നേഹികളേ... ഇതു വെറും കഥയാണേ... ആത്മഹത്യപ്രേരണ എന്ന് പറഞ്ഞ എന്നെ പുലിവാല് പിടിപ്പിക്കല്ലേ...
2 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു:
Let me take the privilege to be first one to comment - I am sure that lots and lots (of comments and appreciations) will follow...
Great beginning... :-)
:) kollaam..ithishtappettu
Post a Comment