Thursday, September 18, 2008

മലയാളം സിനിമാ മാനിഫെസ്റ്റൊ - ഭാഗം രണ്ട്.

സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെട്ടല്ലോ, ഇനി കഥ.

ഈ ടെംപ്ലേറ്റില്‍ ഏഴ് സെക്ഷനുകളുണ്ട്. ഇതില്‍ നിന്നാണ് 17 സിനിമകള്‍ക്കുള്ള കഥകള്‍ ഉണ്ടാക്കുന്നത്.

സെക്ഷന്‍ ഒന്ന്‍.

നായകന്റെ കുട്ടിക്കാലം. വില്ലന്‍ (അല്ലെങ്കില്‍ വില്ലന്റെ അച്ഛന്‍) നായകന്റെ അച്ഛനെ അല്ലെങ്കില്‍ കുടുംബത്തെ ഒതുക്കുന്നു (വധിക്കാലോ വിധിക്കാലോ ഒക്കെ തിരക്കഥാകൃത്തിന്റെ സൌകര്യം പോലെ). സ്വത്ത് കൈക്കലാക്കുന്നു. നായകന്‍ വഴിയാധാരം എന്ന ആധാരം (ടോംസിനോട് കടപ്പാട്) മാത്രം സ്വന്തമാക്കി ദുരിതപൂര്‍ണമായ കുട്ടിക്കാലം കഴിക്കുന്നു. നോക്കി നടത്താന്‍ വലിയൊരു കുടുംബം (അമ്മ, അനിയന്‍, അനിയത്തി അങ്ങിനെ അങ്ങിനെ), കടബാദ്ധ്യത, പ്രാരാബ്ധം.... ഇനി ഇല്ലാത്തതൊന്നുമില്ല.

സെക്ഷന്‍ രണ്ട്.

നായകന്റെ വര്‍ത്തമാനകാലം - നായകന്‍ മിടുക്കനായതിനാല്‍ കടബാദ്ധ്യതകള്‍ എല്ലാം തീര്‍ക്കുന്നു. കഠിനമായ അദ്ധ്വാനത്തിലൂടെ സ്വന്തം തട്ടകത്ത് പൊന്നുവിളയിക്കുന്നു. ഇന്നൊരു ആദരണീയനായ വ്യക്തിയാണ് നായകന്‍. വില്ലനാകട്ടെ സ്വത്തുണ്ടെങ്കിലും വെറും രണ്ടാമന്‍.

സെക്ഷന്‍ മൂന്ന്‍.

വില്ലന്‍ നായകനെ തകര്‍ക്കാന്‍ പല വഴികളും നോക്കുന്നു. ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം, പോലീസ് കേസ്, ലിറ്റിഗേഷന്‍, സ്റ്റേ, ഭീഷണി, പണ്ടെങ്ങാണ്ട് പണയം വെച്ചിരുന്ന ആധാരം ഉപയോഗിച്ച് കുടിയൊഴിപ്പിക്കല്‍ ശ്രമം...... എന്തെല്ലാം തള്ളിക്കേറ്റാമോ, അതെല്ലാം.

എന്തൊക്കെ ശ്രമിച്ചാലും വില്ലന് നായകനെ ഒരു ചുക്കും ചെയ്യാന്‍ കഴിയുന്നില്ല. നായകന്‍ ശക്തിമാനായതിനാല്‍ ഗുണ്ടകള്‍ ഭദ്രമായി അടിമേടിച്ച് ഉഴിച്ചിലും പിഴിച്ചിലുമായി കഴിയുന്നു. പോലീസുകാരന്‍ അടിയോടൊപ്പം ഡയലോഗ് കേള്‍ക്കുക കൂടി ചെയ്യുന്നതിനാല്‍ പുതിയ ജ്ഞാനസന്പത്തുമായി (എന്നാലും നന്നാവാതെ) കസേരയിലിരുന്നു അടുത്ത കള്ളക്കേസുണ്ടാക്കുന്നതിനെ കുറിച്ചോര്‍ത്ത് തല പുണ്ണാക്കുന്നു. ലിറ്റിഗേഷന്‍ മുഴുവന്‍ ജഡ്ജിയുടെ ഓഡര്‍ ഓഡറിനു മുന്നില്‍ തകര്‍ന്നിടിയുന്നു. ഭീഷണികള്‍ക്ക് മറുഭീഷണി കൊടുത്ത് നായകന്‍ കൂടെ നില്ക്കുന്ന ജനങ്ങളെ (ഷൂട്ടിംഗ് കാണാന്‍ വന്നവരുമാകാം) കയ്യടിപ്പിക്കുന്നു. പഴയ പണയാധാരം നായകന്‍ ഫുള്‍കാഷ് കൊടുത്ത് സ്വന്തമാക്കുന്നു. അങ്ങിനെ വില്ലന്റെ എല്ലാ തന്ത്രങ്ങളും തോല്‍ക്കുന്നു. (ഈ സീനുകളിലൂടെ ഐപിസി 302, 420, 707, 912 തുടങ്ങിയ വകുപ്പുകളെക്കുറിച്ച് ക്ലാസെടുത്ത് പ്രേക്ഷകരുടെ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കാം എന്നൊരു ഗുണം കൂടിയുണ്ട്).

സെക്ഷന്‍ നാല്.

ഇവിടെയാണ് മെയിന്‍ അനിയന്റെ പ്രസക്തി. നായകനെ തോല്‍പ്പിക്കാനുള്ള ഏക വഴി നായകന്റെ കുടുംബം തകര്‍ക്കുക മാത്രമാണെന്നുള്ള ആശയം വില്ലന്റെ കുരുട്ടുബുദ്ധിയില്‍ തെളിയുന്നു. അങ്ങിനെ വില്ലനും കൂട്ടാളികളും പുതിയൊരു പ്ലാനുമായി രംഗത്തെത്തുന്നു. നായകന്റെ അനിയന്‍ചെക്കനെ അവര്‍ വശത്താക്കുന്നു.

ഇതു പല രീതിയിലാവാം. വില്ലന്റെ പെങ്ങളെ വിവാഹം ചെയ്തുകൊടുക്കാം, വില്ലന്റെ പാര്‍ട്ണറാക്കാം, നായകന്റെ "പെരനിറഞ്ഞുനില്ക്കുന്ന" (അനിയന്‍ചെക്കന്റെയും) പെങ്ങള്‍ക്കൊരു വരനെ കണ്ടെത്താം, ഇതിന്റെയെല്ലാം കോന്പിനേഷന്‍ ശ്രമിക്കാം.... ഒന്നുമില്ലെങ്കില്‍ കുറഞ്ഞപക്ഷം നായകനെക്കുറിച്ചുള്ള പരദൂഷണം പറഞ്ഞ് അനിയന്റെ ചെവിതിന്നാം, തെറ്റിദ്ധാരണ ഉണ്ടാക്കാമെന്നര്‍ത്ഥം.

അനിയത്തി കഥാപാത്രമാണെങ്കില്‍ ഇത്രയും വെറൈറ്റി ഇല്ല. വില്ലന്റെ സഹോദരനും നായകന്റെ മെയിന്‍ സഹോദരിയും തമ്മില്‍ പ്രേമം ആണ് ഏക സാധ്യത. പെങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന നായകന്‍ സമ്മതം മൂളും, തീര്‍ച്ച.

വില്ലന്റെ റൂട്ട് ഏതായാലും അനിയന്‍ചെക്കനോടുള്ള ഉപദേശം ഒന്നുമാത്രം ലക്ഷ്യമാക്കിയാണ്. നായകന്റെ സ്വത്ത്.

സെക്ഷന്‍ അഞ്ച്.

അനിയന്‍ തന്റെ കരുക്കള്‍ നീക്കുന്നു, അഥവാ വില്ലന്‍ നീക്കിക്കുന്നു. അത്രയും കാലം സമാധാനപരമായി കഴിഞ്ഞ നായകന്റെ വീട്ടില്‍ വാഗ്വാദം, അടി, കരച്ചില്‍, മൂക്കുപിഴിച്ചില്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറുന്നു. നായകന്റെ കുടുംബാംഗങ്ങള്‍ തരം പോലെ ഇരുവശത്തുമായി നിലയുറപ്പിക്കുന്നു. ഇവിടെയാണ് അമ്മ കഥാപാത്രത്തിന്റെ ചായ്‌വ് പ്രകടമാകുന്നത്. അനിയന്റെ ഭാഗത്താണ് അമ്മയെങ്കില്‍ നായകനെ നോക്കി "നീ പണ്ടാറടങ്ങും" എന്ന്‍ അനുഗ്രഹിക്കും, ഏട്ടന്റെ ഭാഗത്താണെങ്കില്‍ ഗ്ലിസറിന്‍ ചെലവുമാത്രം. എന്തൊക്കെയായാലും പതിനെട്ടു അക്ഷൌഹിണികളുമായി പൊരിഞ്ഞ സെന്റിയുദ്ധം. ഇതിനിടെ ത്യാഗരാജന്‍ മാസ്റ്റരുടെ ശിഷ്യന്മാരെ ഇടിച്ചു നിരത്താം, പോലീസിനെ സാക്ഷി നിര്‍ത്തി ഡയലോഗടിക്കാം, അമ്മാമേ എന്ന്‍ നീട്ടിവിളിക്കാം, നിങ്ങള്‍ക്കാര്‍ക്കും എന്നെ മനസിലാവില്ല എന്ന്‍ പയ്യാരം പറയാം.... സാധ്യതകള്‍ അനന്തം. നായകന്റെ വക ലോക്കപ്പില്‍ കിടക്കാലോ കോടതിവരാന്ത നിരങ്ങലോ ഉണ്ടെങ്കില്‍ സംഗതി ജോര്‍, ഇംഗ്ലീഷുകാരുടെ ഭാഷയില്‍ കേക്കിനുമുകളില്‍ ഐസുകട്ട ഇട്ടപോലിരിക്കും.

ഒരു ശോകഗാനം അത്യാവശ്യമായും വേണം, ദാസേട്ടന്‍ നെഞ്ചുപൊട്ടിപ്പാടിയാല്‍ കരയാത്ത മലയാളിയുണ്ടോ.

സെക്ഷന്‍ ആറ്. - ഇവിടെ മു‌ന്നു രീതിയില്‍ കാര്യങ്ങള്‍ നീക്കാം.

  1. മനസ്സാക്ഷിബാങ്ക് പ്രത്യക്ഷപ്പെടുന്നു, പഴയ കഥകള്‍ പറയുന്നു. നീയൊക്കെ ജീവനോടിരിക്കുന്നതുതന്നെ നായകന്‍ എന്ന മഹാമനുഷ്യന്റെ നല്ലമനസ്സ് കൊണ്ടാണെന്ന് ഉദാഹരണസഹിതം സ്ഥാപിക്കുന്നു. എന്തുകൊണ്ട് നായകന്‍ ഈ രീതിയിലായി എന്നതിന് വില്ലന്റെ ക്രൂരതകളും വീട്ടുകാരുടെ കൊള്ളരുതായ്മകളും അമേരിക്ക-ഇറാക്ക് യുദ്ധവും അടക്കം എല്ലാ കാര്യങ്ങളും പറഞ്ഞു കുടുംബക്കാരെ കംപ്ലീറ്റ് ഒരു വഴിക്കാക്കുന്നു. നീയൊക്കെ നൂറു ജന്മമെടുത്താലും ആ മനുഷ്യന്റെ കാലുകഴുകാനുള്ള യോഗ്യത പോലും നേടില്ലെന്ന് പറഞ്ഞ് അനിയന്‍ചെക്കനെ ഡെസ്പടിപ്പിക്കുന്നു. (വിധിയാണ് വില്ലനെങ്കില്‍ ഈ ടെക്നിക് നന്നായി ഉപയോഗിക്കാം)
  2. വില്ലന്‍ പുതിയ തന്ത്രങ്ങള്‍ ഒരു ഗോഡൌണിലിരുന്നു മെനയുന്നു. സ്വത്ത് കംപ്ലീറ്റ് അടിച്ചുമാറ്റിയതിനുശേഷം അനിയന്‍ചെക്കനെ കൊന്ന് കായലില്‍ത്തള്ളാം എന്ന മട്ടില്‍ സഹവില്ലന്മാരെയും ഗുണ്ടകളെയും ഇരുത്തി പ്രഭാഷണം നടത്തുന്നു. അനിയന്‍ ഇതു ഒളിച്ചുനിന്നു കേട്ട് ഞെട്ടുന്നു. മണ്ടന്‍, നേരെപോയി ഏട്ടനെ വിളിച്ചുകൊണ്ടുവരേണ്ടതിനുപകരം "എടാ" എന്ന വിളിയോടെ വില്ലനെ ആക്രമിക്കുന്നു. വില്ലനും ഗുണ്ടകളും ആദ്യമൊക്കെ കുറച്ചു അടി വാങ്ങിവെക്കും, പിന്നീട് എല്ലാവരുംകൂടി അനിയനെ കീഴ്പ്പെടുത്തി പിടിച്ചുകെട്ടുന്നു. അതിനുശേഷം വില്ലന്റെ അടുത്ത പ്രഭാഷണം തുടങ്ങുന്നു. തന്റെ ലക്ഷ്യമെന്താണെന്നും പഴയ വില്ലത്തരങ്ങളെന്തായിരുന്നെന്നും ഇനിയുള്ള പ്ലാനുകളെന്താണെന്നും ഒക്കെ പറഞ്ഞ് അനിയന്റെ നേരെ അട്ടഹസിക്കുന്നു. ഇടയ്ക്കിടെ അനിയനിട്ടൊരു അടിയും കൊടുത്തെന്നിരിക്കും. സ്വത്തുവകകള്‍ വല്ലതും അനിയന്റെ കയ്യിലുണ്ടെങ്കില്‍ അത് കൈക്കലാക്കാനും കുറച്ച് ഇടികള്‍ ചെലവാക്കിയേക്കാം. ഇതിനിടെ നായകന്‍ എത്തുന്നു. (നായകന് ഗോഡൌണിലേക്കുള്ള വഴി എങ്ങിനെ മനസിലായി എന്ന്‍ ചോദിക്കരുത്, അതാണ് ആര്‍ടിസ്റ്റിക് ഫ്രീഡം) പിന്നെ അടി, പൊരിഞ്ഞ അടി. നായകന്‍ പത്തുമിനിറ്റ് മുന്പ് പഠിച്ച കരാട്ടെ, കുങ്ങ്ഫൂ എന്നിവ പ്രയോഗിക്കുന്നു. ഒടിഞ്ഞ എല്ലുകള്‍ വകവെക്കാതെ അനിയനും പങ്കെടുക്കുന്നു. നായകന്റെ തറവാട്ടില്‍ ആണായ്പ്പിറന്നവരെല്ലാം നേരത്തെപറഞ്ഞ ആര്‍ടിസ്റ്റിക് ഫ്രീഡം ഉപയോഗിച്ച് ഗോഡൌണ്‍ കണ്ടുപിടിച്ച് യുദ്ധത്തില്‍ പങ്കുചേരുന്നു. ഗോതന്പുപോടി മുഖത്ത് വാരിത്തേച്ചിട്ടൊ, ചാക്കുകള്‍ക്കിടയിലിരുന്ന് ദീനരോദനം മുഴക്കിയിട്ടൊ ഗുണ്ടയെ തല്ലുന്നതിനിടയില്‍ ഇന്നലെ പഠിച്ച തമാശ പറഞ്ഞൊ വഴിയെപോകുന്ന ഗുണ്ടയെപിടിച്ചുനിര്‍ത്തി വെറുതെ ഒരു തല്ലു മേടിച്ചോ, എങ്ങിനെയായാലും വേണ്ടില്ല, ജനത്തെ ചിരിപ്പിക്കണം, അതാണവരുടെ കര്‍ത്തവ്യം. അവസാനം വില്ലന്‍ ബെയ്ഗന്‍ കാ ബര്‍ത്തായിലെ വഴുതനങ്ങ പോലെ മുറിഞ്ഞും ഉണങ്ങിയും വീഴുന്നു. ഇവിടെ നായകന്റെ വക നാലു ഡയലോഗ്. "നിന്നെ വെറുതെ വിടുന്നു, പക്ഷെ ഇനിയെങ്ങാന്‍ എന്നെയോ എന്റെ കുടുംബത്തെയോ തൊട്ടാല്‍ അപ്പ തട്ടും" എന്ന മട്ടില്‍ ഭീഷണി. (ഇവിടെ വില്ലന്റെ സ്റ്റാറ്റസും നായകന്റെ വീരപരിവേഷത്തിന്റെ കനവും അനുസരിച്ച് വില്ലന്‍ വടിയായ പോലെ അവിടെത്തന്നെ കിടക്കുകയോ വീണ്ടും എഴുന്നേറ്റ് നായകന്‍ കൊടുക്കാന്‍ മറന്നുപോയ അടി കൂടി വാങ്ങിവെച്ച് സമാധിയാവുകയോ ചെയ്യാം)
  3. കൂട്ടത്തിലൊരാള്‍ തന്നെ ഒറ്റുകൊടുക്കുമോ എന്ന സംശയം വില്ലനുണ്ടാകുന്നു. വില്ലന്‍ ഈ സഹായിയെ തട്ടാന്‍ പ്ലാന്‍ ചെയ്യുന്നു, ക്രൂരമായി മര്‍ദ്ദിക്കുന്നു. ഈ നിര്‍ഭാഗ്യവാന്‍ മരിക്കുന്നതിന് കൃത്യം 12 സെക്കെന്റ് ബാക്കിയുള്ളപ്പോള്‍ അനിയന്‍ചെക്കന്‍ ആ വഴി വരുന്നു (അപ്പോഴാണ് മായാവി അതുവഴി വന്നത് എന്ന് പറയുന്നപോലെ) . വില്ലന്റെ വഞ്ചനയുടെ കഥകളെല്ലാം പറഞ്ഞുകൊടുത്ത് നായകന്റെ മഹത്വത്തെക്കുറിച്ച് ക്ലാസ്സെടുത്തശേഷം സഹായി മരിക്കുന്നു. സത്യം മനസ്സിലാക്കുന്ന അനിയന്‍ എട്ടനുമായി ചേര്‍ന്ന വില്ലനെ ഒതുക്കുന്നു.

സെക്ഷന്‍ ഏഴ്.

അനിയന്റെ പശ്ചാത്താപം - അനിയന്‍ കുടുംബാംഗങ്ങളോടൊപ്പം വന്ന്‍ നായകനോട് മാപ്പിരക്കുന്നു, ഓരോരുത്തരായി ക്യൂ ആയി നിന്നാണ് ഈ കലാപരിപാടി. ഓരോരുത്തരും വരുന്പോള്‍ നായകന്റെ വക സമാധാനിപ്പിക്കല്‍ വേണം. കൂടാതെ നിനക്കൊര്‍മ്മയുണ്ടോ എന്ന് തുടങ്ങുന്ന നെടുങ്കന്‍ ഡയലോഗും. അനിയന്‍ കാലില്‍ വീണു മാപ്പിരക്കുന്നതാണ് ഉത്തമം. ഇതോടെ നായകന്റെ മഹത്വം പൂര്‍ണ്ണതയിലെത്തുന്നു. ടെറിഫിക് എന്റിംഗ്.

ഈ പറഞ്ഞതില്‍ നിന്നും പതിനേഴുകഥകള്‍ എങ്ങിനെയുണ്ടാക്കും എന്നാണ് വായനക്കാരുടെ സംശയമെങ്കില്‍ ഇപ്പോള്‍ത്തന്നെ തീര്‍ത്തുതരാം. സംഗതി വളരെയെളുപ്പം.

ലോകത്ത് എത്ര തൊഴിലുകളുണ്ട് ചെയ്യാന്‍.

ഒരെണ്ണത്തില്‍ നായകന്‍ കൃഷിക്കാരനാണെങ്കില്‍ അടുത്തതില്‍ ബിസിനസ്, പിന്നെ എക്സ്പോര്‍ട്ടിംഗ്..... അങ്ങിനെ അങ്ങിനെ. ബിസിനസില്‍ തന്നെ എത്ര തരം ബിസിനസ് ഉണ്ട്, തുണിക്കട, സ്വര്‍ണക്കട....... അങ്ങിനെ പോകും കാര്യങ്ങള്‍.

അപ്പോള്‍ പിന്നെ പതിനെഴല്ല, ആയിരത്തെഴുനൂറു പടം പിടിക്കാം. ലുങ്കിയുടുത്താലും കോട്ടിട്ടാലും ഒരുപോലെ ചേരുന്ന മമ്മുക്കയും മലയാളിയുടെ തൊട്ടയല്‍വീട്ടുകാരനായ ലാലേട്ടനും ബോറടിക്കാത്തോളം കാലം എന്തിന് വിഷമിക്കണം.

വാല്‍സല്യം, വേഷം, ബാലേട്ടന്‍, ഹിറ്റ്ലര്‍, വല്യേട്ടന്‍, സ്നേഹം..... ഓര്‍മയില്‍ ഓടിയെത്തുന്ന ചില സിനിമകള്‍. ഒന്നു തിരഞ്ഞുനോക്കിയാല്‍ ഇനിയും കണ്ടേക്കാം.

ഒരുവിധം കഴിഞ്ഞൂന്ന്‍ നിരീച്ചപ്പോ ദാ വര്ണൂ മാടന്പി.

ഒന്നു നോക്കൂ സഖാക്കളെ.... ഈ പറഞ്ഞ കഥ തന്നെയല്ലേ ഇവിടെയും. നായകന്‍ ആള് പലിശക്കാരനാണെന്നുമാത്രം.

ഇതേ കഥ എന്ന്‍ സോഫ്റ്റ്വെയറിലേക്ക് വരും ആവോ.

നാളെ മോഹന്‍ലാലും സായികുമാറും രണ്ട് പ്രോജക്റ്റ് മാനേജര്‍മാരായും സുധീഷോ ഇന്ദ്രജിത്തോ ഡെവലപ്പറായും വന്ന്‍ കശപിശയുണ്ടാക്കിയാലും കണ്ടിരിക്കണേ... പ്ലീസ്.
മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഡേറ്റ് കൈവശമുള്ള സംവിധായകരോ നിര്‍മ്മാതാക്കളോ കഥ അന്വേഷിച്ചുനടക്കുന്നുണ്ടെങ്കില്‍ എന്നെ സമീപിച്ചാല്‍ മതി.

അപ്പൂട്ടന്‍.

0 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു: