Thursday, September 11, 2008

ചില നാടകാനുഭവങ്ങള്‍ - ഭാഗം ഒന്ന്‍.

ആദ്യമേ പറയട്ടെ, ആയിരത്തിലധികം വേദികള്‍ കയ്യടക്കി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഒരു നാടകാചാര്യനല്ല ഈ കഥകളെഴുതുന്നത്. ഞാന്‍ വെറും ശൂ. നാടകാനുഭവങ്ങള്‍ എന്നതിനേക്കാള്‍ സ്കിറ്റനുഭവങ്ങള്‍ എന്ന് പറയുന്നതാവും ഭംഗി. എന്നാല്‍ സ്കിറ്റ് എന്ന വാക്കിനിടയിലെവിടെയോ ഒരു R ചേര്‍ത്ത് ഇതിന് ഒരു വികൃതരൂപം നല്‍കാനുള്ള ചില തല്‍പരകക്ഷികളുടെ മനസിലിരിപ്പ് തകര്‍ക്കാനും കഥകള്‍ക്ക് ഒരു വെയ്റ്റ് കൊടുക്കാനും വേണ്ടി ഈ കൃതിയെ ഞാന്‍ നാടകാനുഭവങ്ങള്‍ എന്നുതന്നെ വിളിക്കട്ടെ.
++++++++++++++++++++++++++++++++++++
അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം. ശിവരാത്രിക്ക് ഉറക്കമൊഴിക്കണം എന്നാണ് നിയമം, ആയിക്കോട്ടെ. പക്ഷെ രാവിലെ വരെ എന്ത് ചെയ്യും? പണി ഒന്നും ചെയ്യാതെ ഇരുന്നാല്‍ ഉറക്കം തൂങ്ങിത്തൂങ്ങി അവസാനം തൂങ്ങും. പിന്നെ രാവിലെ (അല്ലെങ്കില്‍ ഉച്ചയാകാറാവുന്പോള്‍) എഴുന്നേല്ക്കുന്പോള്‍ നിരാശയായി, ഛെ, ഉറങ്ങിപ്പോയി.....

അതിന് പരിഹാരമായാണ് പുതിയൊരു ആശയം പൊങ്ങിവന്നത്.
നാടകം അവതരിപ്പിക്കുക.
++++++++++++++

നാടകസംഘത്തിലെ അംഗങ്ങള്‍ താഴെപ്പറയുന്നവരാണ്.
ഞാന്‍ - ഞാന്‍ തന്നെ
മധു - എന്റെ ഏട്ടന്റെ അടുത്തസുഹൃത്ത്, അവര്‍ ഏതാണ്ടൊരേ പ്രായക്കാരാണ്, എന്നെക്കാള്‍ രണ്ടുമൂന്നു വയസും ഇത്തിരിയിലധികം പൊക്കവും തടിയുമുള്ള ഹൈസ്കൂളുകാരന്‍
വിധു - മധുവിന്റെ അനിയനാണ്. ശരിയായ പേര് ചന്ദ്രന്‍. എന്നെക്കാള്‍ കഷ്ടിച്ച് ഒരു വയസ് കൂടും. പൊക്കവും തടിയും എന്നേക്കാളധികമുണ്ടെന്ന് പറയേണ്ടതില്ലല്ലൊ. (എന്നെ കണ്ടിട്ടുള്ളവര്‍ പറയും "ഓ, ഇവനെക്കാള്‍ തടി കുറഞ്ഞവനെ ഈ ഇന്ത്യാമാഹാരാജ്യത്തുതന്നെ കിട്ടില്ല")
സുനില്‍ - എന്റെ അടുത്ത സുഹൃത്താണ്. എന്നെക്കാള്‍ രണ്ടു വയസ് കുറയും, പക്ഷെ കയ്യിലിരിപ്പില്‍ രണ്ടുവയസ് കൂടും. ആള്‍ ഗുജറാത്തിയാണ്, പക്ഷെ കേരളത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ മലയാളം നല്ല മണി മണി കൂട്ടമണി ആയി പറയും.
സക്കു, റിങ്കു - അന്നത്തെ കാലത്ത് ഇജ്ജാതി പേരുകള്‍ കേട്ടാല്‍ തന്നെ ജനം അന്തംവിടും. അപ്പോള്‍ പേരുകേട്ടാല്‍ തന്നെ മനസിലാകും മലയാളികളല്ലെന്ന്. ഇവര്‍ സുനിലിന്റെ ജ്യേഷ്ഠസഹോദരിമാരാണ് (മലയാളത്തില്‍ സിസ്റ്റേഴ്സ് ആണെന്ന് പറയും). നാടകത്തില്‍ വലിയ റോളൊന്നുമില്ലെങ്കിലും ഞങ്ങളുടെ ഈ സംരംഭത്തില്‍ (സംഭ്രമത്തിലും) വലിയ പങ്ക് ഇവര്‍ക്കുണ്ട്.
എന്റെ ഏട്ടന്‍ - എന്നെക്കാള്‍ മൂന്നര വയസ് മൂത്തതാണ് ഏട്ടന്‍. തികച്ചും സാത്വികനാണ്. കാര്യമാത്രപ്രസക്തന്‍.

നാടകം കിട്ടാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. അക്കാലത്ത് ബാലരമയുടെ പല ലക്കങ്ങളിലുമായി ധാരാളം നാടകങ്ങള്‍ വന്നിരുന്നു. നല്ലൊരെണ്ണം പൊക്കിയെടുത്ത് നല്ലവണ്ണം റിഹേഴ്സല്‍ നടത്തി അവതരിപ്പിച്ചാല്‍ മതി

അങ്ങിനെ ഞങ്ങളുടെ നാടകസംഘത്തിന്റെ ആദ്യ നാടകം പിറന്നു.

ആദ്യത്തെ നാടകം വളരെ പരിമിതമായ സാഹചര്യങ്ങളിലാണ് അരങ്ങേറിയത്.സാക്ഷാല്‍ കെപിഎസി മുതല്‍ അല്‍വാല്തീസ് തിയ്യേറ്റേഴ്സ് വരെ ഈ ഒരു സാഹചര്യം നേരിട്ടിട്ടുണ്ടാവും. കന്നിസദസ്സ് ഏല്ലാവര്‍ക്കും ശുഷ്കം ആയിരിക്കും. നാടകത്തെക്കുറിച്ചോ നാടകസംഘത്തിലുള്ളവരെ നേരിട്ടോ അറിയുന്നവര്‍ മാത്രമെ നാടകം കാണാനുണ്ടാവൂ.
ഞങ്ങള്‍ക്കും അത് തന്നെയായിരുന്നു അനുഭവം. തൊട്ടയല്‍പക്കത്തെ നാലഞ്ച് പേരാണ് നാടകം കാണാനുണ്ടായിരുന്നത്. എന്‍റെ അമ്മ, ഗംഗമ്മ, സുജാത-ധനം-മിനി ചേച്ചിമാര്‍, സുനിലിന്റെ മമ്മി അങ്ങിനെ ചില മഹിളാരത്നങ്ങള്‍ മാത്രം. വേദി, എന്റെ വീടിന്റെ പിന്നിലുള്ള ആശാരിപ്പുര.
"അട്ഠുത്ത ഒരു ഭേല്ലോടു ഖൂടീ... യവനിഖ ഉയരുന്നഥായിരിഖും" എന്ന അനൌണ്സ്മെന്റ് ഉണ്ടായില്ല, കാരണങ്ങള്‍ മൂന്നായിരുന്നു.
ഒന്ന്, ഇതു പറയാന്‍ മാത്രം ബാസുള്ള ശബ്ദം സംഘത്തില്‍ ആര്‍ക്കും ഇല്ലായിരുന്നു.
രണ്ട്, ബെല്‍ ഇല്ലായിരുന്നു.
മൂന്ന്, യവനിക അഥവാ കര്‍ട്ടന്‍ ഇല്ലായിരുന്നു

കഥ എന്തായിരുന്നുവെന്ന്‍ ഓര്‍മയില്ല. അവതരണം നന്നായിരുന്നുവെന്ന്‍ കാണികളൊന്നടങ്കം പറഞ്ഞു. അല്ല, ഞങ്ങളെ ഇത്രയധികം ഓള്‍ അവര്‍ അത് പറഞ്ഞില്ലെങ്കിലെ അദ്ഭുതമുള്ളൂ

ഏതായാലും ഞങ്ങള്‍ക്കതൊരു പ്രചോദനമായിരുന്നു. അടുത്ത കൊല്ലം ഈ കലാപരിപാടി വീണ്ടും അരങ്ങേറുമെന്നും നാട്ടുകാരെ സിനിമയില്‍ നിന്നും നാടകം എന്ന സങ്കേതത്തിലേക്ക് ആകര്‍ഷിച്ച് നാടകം എന്ന കലയ്ക്ക് പുതിയൊരു ജീവന്‍ നല്‍കുമെന്നും ഇതിനേക്കാള്‍ ഗംഭീരമാക്കി ഭാവിയില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഓളം സൃഷ്ടിക്കുന്ന ഒരു നാടകസംഘമായി ഞങ്ങളുടെ സംരംഭം അറിയപ്പെടുമെന്നും ഞങ്ങള്‍ സ്വപ്നം കണ്ടുവോ...... അറിഞ്ഞുകൂടാ.

**********************

അടുത്ത വര്‍ഷം പിറന്നു, ശിവരാത്രി അടുക്കാറായി. ഈ സ്കൂള്‍ യൂണിഫോമിനുള്ളില്‍ ഒരു കലാകാരന്‍ ഒളിച്ചിരുപ്പുണ്ടെന്ന് ഞങ്ങളുടെ കലാഹൃദയം ഇടക്കിടെ ഞങ്ങളെ ഓര്‍മിപ്പിച്ചു.

നാടകസംഘം വീണ്ടും ഒത്തുചേര്‍ന്നു. ബാലരമകള്‍ അരിച്ചുപെറുക്കി ഒരു നാടകം തിരഞ്ഞെടുത്തു.

താഴെപ്പറയുന്ന കഥാപാത്രങ്ങളാണ് ഈ നാടകത്തിലുള്ളത്.

ഒരു അദ്ധ്യാപകന്‍, വികൃതിയായൊരു ഒരു വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിയുടെ ഒറിജിനലും വ്യാജനുമായി രണ്ട് അച്ഛന്മാര്‍, ഒരു ഡോക്ടര്‍.

കഥാസാരം ഏതാണ്ടിങ്ങിനെ.
നായകനായ വിദ്യാര്‍ത്ഥി ഒരു വികൃതിയാണ്. അവന്റെ ശല്യം സഹിക്കാതെ അദ്ധ്യാപകന്‍ അവനെ ക്ലാസില്‍ നിന്നും പുറത്താക്കുന്നു, അച്ഛനെ വിളിച്ചുകൊണ്ട് വന്നതിനുശേഷമേ ക്ലാസില്‍ കയറ്റൂ എന്ന ഉത്തരവോടെ.
അച്ഛനെ വിളിച്ചാല്‍ പുലിവാലാകുമെന്ന് വിദ്യാര്‍ത്ഥിക്കറിയാം. അതിനാല്‍ അവന്‍ ഒരു പരിചയക്കാരനെ വിളിച്ചുകൊണ്ടുവന്ന് അച്ഛനാണെന്ന് പറഞ്ഞ് അദ്ധ്യാപകന് പരിചയപ്പെടുത്തുന്നു. തുടര്‍ന്ന്‍ ക്ലാസില്‍ കയറാന്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ അനുവദിക്കുന്നു.

അന്ന്‍ രാത്രി വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഒരു ആക്സിഡെന്റില്‍ പെട്ട് മുറിവേറ്റുകിടക്കുന്നയാളെ അദ്ധ്യാപകന്‍ ആശുപത്രിയിലെത്തിക്കുന്നു. ഡോക്ടര്‍ ആവശ്യപ്പെട്ടതിനനുസരിച്ച് രക്തം സംഘടിപ്പിക്കാന്‍ പാവം അദ്ധ്യാപകന്‍ നെട്ടോട്ടമോടുന്നു. അവസാനം രക്തവുമായി തിരിച്ച് ആശുപത്രിയിലെത്തുന്പോഴേക്കും രോഗി മരിച്ചതായി ഡോക്ടര്‍ അറിയിക്കുന്നു. സമയത്തിന് രക്തം കിട്ടതെയാണ് ആ നിര്‍ഭാഗ്യവാന്‍ മരിച്ചതെന്നറിഞ്ഞ അദ്ധ്യാപകന്‍ വിഷമത്തോടെ തിരിച്ചുപോകുന്നു.

പിറ്റെദിവസം നായകന്‍ വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് ഒരാള്‍ വരുന്നു, അവന്റെ അച്ഛന്‍ ആക്സിഡെന്റില്‍ മരിച്ചെന്നും വിളിക്കാനാണ് അയാള്‍ വന്നതെന്നും അദ്ധ്യാപകനോട് പറയുന്നു. താന്‍ തലേദിവസം ആശുപത്രിയിലെത്തിച്ചത് ഈ വിദ്യാര്‍ത്ഥിയുടെ അച്ഛനായിരുന്നുവെന്ന് അദ്ധ്യാപകന്‍ മനസിലാക്കുന്നു.

പെട്ടെന്ന്‍ അദ്ധ്യാപകന്‍ ഒരു കാര്യം കൂടി ഓര്‍ത്തെടുക്കുന്നു, താന്‍ ആ മനുഷ്യനെ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ തലേദിവസം വിദ്യാര്‍ത്ഥിയുടെ അച്ഛനായി വന്നത് വേറെയാരോ ആയിരുന്നു എന്ന അദ്ധ്യാപകന്‍ ഒരു ഞെട്ടലോടെ മനസിലാക്കുന്നു.

തുടര്‍ന്ന്‍ തന്റെ തെറ്റു മനസിലാക്കുന്ന വിദ്യാര്‍ത്ഥി അതേറ്റു പറഞ്ഞ് അദ്ധ്യാപകന്റെ കാല്‍ക്കല്‍ വീഴുന്നു, പശ്ചാത്താപത്തോടെ.

ഉഗ്രന്‍ കഥ, നല്ല സാരോപദേശം. ഇതു തന്നെ മതി ഇത്തവണത്തെ നാടകത്തിന്.

ഇന്നത്തെ സിനിമകളില്‍ കാണുന്നതുപോലെ താരത്തെ തിരഞ്ഞെടുത്തതിനുശേഷം കഥ അന്വേഷിക്കുന്ന ഏര്‍പ്പാട് ഞങ്ങള്‍ക്കില്ലായിരുന്നു എന്ന്‍ ഇതിനകം മനസിലായിക്കാണുമല്ലോ. കഥ റെഡി, ഇനി താരനിര്‍ണയം, അതായിരുന്നു ഞങ്ങളുടെ ലൈന്‍.

താഴെപ്പറയുന്നു, കഥാപാത്രങ്ങളും അഭിനയിക്കുന്നവരും.

നായകന്‍ വിദ്യാര്‍ത്ഥി - ആ റോള്‍ മധു ഏറ്റെടുത്തു, എടുത്തു എന്നും വേണമെങ്കില്‍ പറയാം.

അദ്ധ്യാപകന്‍ - ഞാന്‍. " അത് ഞമ്മളുതന്നെ" എന്ന്‍ പറഞ്ഞതുകൊണ്ടല്ല എനിക്കീ റോള്‍ കിട്ടിയത്. ഭാഗം വെച്ചപ്പോള്‍ കിട്ടി, അത്ര തന്നെ.

വിദ്യാര്‍ത്ഥിയുടെ വ്യാജനായ അച്ഛന്‍ - വിധു.

വിദ്യാര്‍ത്ഥിയുടെ ഒറിജിനല്‍ അച്ഛന്‍ - മധു (നാടകത്തിലൊരു ഡബിള്‍ റോള്‍)

മരണമറിയിക്കാന്‍ വരുന്നയാള്‍ - വിധു (ഡബിള്‍ റോള്‍, വീണ്ടും)

ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി - സുനില്‍ (ഈ കുട്ടിയാണ് നായകന്റെ വികൃതിയുടെ ഇര)

ഡോക്ടര്‍ - ഏട്ടന്‍.

കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു ഇത്തവണ നാടകസംഘം പ്രദര്‍ശനത്തിനു തയ്യാറെടുത്തത്. കഴിഞ്ഞതവണ ഞങ്ങളുടെ നാടകത്തിന് വലിയ പബ്ലിസിറ്റി ഇല്ലായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഇത്തവണ പബ്ലിസിറ്റി ഒന്നു മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിനായി ഞങ്ങള്‍ ചില പരിപാടികളിട്ടു. പ്രധാനമായും നോട്ടീസടിക്കല്‍.

അന്നും ഇന്നും എന്നും നോട്ടീസടിക്കല്‍ തന്നെയാണല്ലോ പ്രധാന അവബോധനമാര്‍ഗം.

നോട്ടീസടിക്കല്‍ ചെലവുള്ള കാര്യമാണ്. എന്നാലും ജനമറിയണോ, നോട്ടീസടിച്ചേ തീരൂ (വാട്ടീസടിച്ചാലും ജനമറിയും, പക്ഷെ ഞങ്ങള്‍ കുട്ടികളല്ലേ, ക്ഷമി)

സുനിലിന്റെ പപ്പ ഒരു ബിസിനസുകാരനാണ്. വീട്ടില്‍ ധാരാളം ബില്‍ബുക്കുകള്‍. അതില്‍ രണ്ടുമൂന്നെണ്ണം ഞങ്ങള്‍ അടിച്ചുമാറ്റി. ഒരു സൈഡ് മുഴുവന്‍ പ്രിന്റ് ചെയ്തതാണ് ഈ ബില്ലുകള്‍, ഞങ്ങള്‍ മറുവശം പ്രയോജനപ്പെടുത്തി. (അല്ലെങ്കിലും ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഒരു മറുവശം ഉണ്ടാവുമെന്നാണല്ലോ വലിയ മഹാന്മാര്‍ പറഞ്ഞിട്ടുള്ളത്)

ഞങ്ങള്‍ നോട്ടീസെഴുതി. (ഐ റിപ്പീറ്റ്, എഴുതി). മേല്‍പ്പറഞ്ഞ ബില്ലുകളുടെ മറുവശത്ത് പേന കൊണ്ട് വാരിവലിച്ചെഴുതി. അന്നെന്റെ കയ്യക്ഷരം വലിയ മോശമൊന്നുമുണ്ടായിരുന്നില്ല. മധുവിന്റെതാകട്ടെ, വളരെ നല്ല കയ്യക്ഷരമായിരുന്നുതാനും. അങ്ങിനെ വലിയ വൃത്തികേടില്ലാതെ നോട്ടീസ് ഒപ്പിച്ചു. സുനിലിന്റെ പപ്പ ഉപയോഗിച്ചിരുന്ന ഡേറ്റ് സീല്‍ ഉപയോഗിച്ച് തിയതിയും.

നല്ല നോട്ടീസ് എഴുതാന്‍ റെഫെറന്‍സ് ആയി പഴയ സിനിമാ/സര്‍ക്കസ് നോട്ടീസുകളും വിവാഹ/ചരമ/അടിയന്തര അറിയിപ്പുകളും ഒക്കെ ഉണ്ടായിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഡീസന്റ് ആയ നോട്ടീസ്. ഏതാണ്ടിങ്ങിനെ....

ഈ വരുന്ന ....... തിയതി ശിവരാത്രിയോടനുബന്ധിച്ച് ഞങ്ങള്‍ നടത്തുന്ന നാടകപ്രദര്‍ശനത്തിന് നിങ്ങളെ ഏവരേയും ഞങ്ങള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയാണ്. ഈ നാടകപ്രദര്‍ശനത്തില് പങ്കെടുത്ത് ഞങ്ങളുടെ ഈ സംരഭം ഗംഭീരമായി വിജയിപ്പിക്കുവാന്‍ നിങ്ങളുടെ സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഈ നോട്ടീസടി സംരംഭത്തിനിടയില്‍ അക്ഷരതെറ്റുകളും മാറിപ്പോയ തിയതികളും കാരണം കീറിക്കളഞ്ഞ "നോട്ടീസുകള്‍" ധാരാളമുണ്ട്.

നോട്ടീസ് വിതരണം ഞങ്ങള്‍ ആവേശത്തോടെ തന്നെ നടത്തി. അയല്‍പക്കത്തുള്ള വീടുകളിലെല്ലാം ഞങ്ങള്‍ നടന്ന്‍ നോട്ടീസ് വിതരണം ചെയ്തു. ജനത്തിന്റെ പ്രതികരണം ആശാവഹമായിരുന്നു. "ദെന്താണ്ടാദ് മദ്വോ.... നിങ്ങ നാഡഗം കള്‍ക്ക്യാണ്..., ഔ... നല്ല രെസോണ്ടാഗും....." എന്ന "ടിപ്പിക്കല്‍" പാലക്കാടന്‍ പ്രോത്സാഹനപ്രസ്താവനകള്‍ ഞങ്ങള്‍ക്ക് കിട്ടി. "ഐ കുട്ട്യോള് നാഡഗം കള്‍ക്ക്യാണവേ...." എന്ന്‍ ഇതറിയാത്ത പലരോടും നോട്ടീസ് കിട്ടിയവര്‍ പറഞ്ഞുപോലും.

ഞങ്ങള്‍ അത്യാവേശപൂര്‍വം റിഹേഴ്സല്‍ നടത്തി. ഡയലോഗുകള്‍ പഠിച്ചു. മറക്കാന്‍ സാധ്യതയുള്ള ഡയലോഗുകളും അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ള രംഗങ്ങളും വീണ്ടും വീണ്ടും റിഹേഴ്സ് ചെയ്തു. നാടകം നല്ല നിലയില്‍ നടക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നിത്തുടങ്ങി.

അങ്ങിനെ ആ ദിവസമെത്തി. ശിവരാത്രി, ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ ദിവസം അങ്ങിനെ ആഗതമായിരിക്കുന്നു.

തുടരും.

0 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു: