Monday, September 15, 2008

"ഞാന്‍" ഗന്ധര്‍വന്‍

ഈ കഥയില്‍ രണ്ട് നായകന്മാരുണ്ട്. പേരില്ലെങ്കില്‍ കഥ പൂര്‍ണ്ണമാകില്ലെന്ന നിയമം നമ്മുടെ സാഹിത്യസാംസ്കാരികനായകന്മാര്‍ നടപ്പിലാക്കിയതോടെ ഇവര്‍ക്ക് പേരുകള്‍ കൊടുക്കാതെ രക്ഷയില്ലെന്നായി. പേരുകൊടുത്തില്ലെങ്കില്‍ എന്നെ അവര്‍ വിലക്കിയാലോ എന്ന ഭയം മൂലം ഞാനവര്‍ക്ക് പേരു കൊടുക്കാന്‍ തീരുമാനിച്ചു. തല്‍ക്കാലം അവര്‍ക്ക് ഇഷ്ടനെന്നും വിശിഷ്ടനെന്നും പേരുകള്‍ കൊടുക്കാം. ഇനി ഈ പേരുകള്‍ കോപ്പിറൈറ്റ് ഉള്ളതാണെങ്കില്‍ ആ പേരുകള്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്നും വേറെ പേരുകള്‍ ലിസ്റ്റ് ചെയ്തുവെച്ചിട്ടുണ്ടെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.


ഇഷ്ടന്‍ ആളൊരു മടിയനാണ്. മടിയന്‍ എന്ന് വെച്ചാല്‍ കുഴിമടിയന്‍, തനിക്കുവേണ്ടി വേറെയാരെങ്കിലും ശ്വാസം വലിച്ചാല്‍ മതിയെന്ന്‍ ദൈവം കല്പിച്ചാല്‍ ഭൂമിയില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഈ മാന്യവ്യക്തിയായിരിക്കും. ഇഷ്ടന് ജോലിയൊന്നുമില്ലായിരുന്നു എന്ന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. സന്പാദ്യമില്ലാതെ കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നത്, എന്നാലും ജോലി..... ഇത്രേം അലര്‍ജി വേറൊന്നിനോടുമില്ല.

വിശിഷ്ടന്‍ മനുഷ്യജന്മമല്ല, ഒരു ഗന്ധര്‍വനാണ്. അനാശ്യാസങ്ങള്‍ക്കായുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്പോള്‍ പുള്ളി താമസിച്ചിരുന്നത് ഒരു വലിയ ആല്‍മരത്തിലാണ്.

ഇഷ്ടന്‍ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ ഈ ആല്‍ച്ചുവട്ടിലാണ് കഴിഞ്ഞിരുന്നത്. അടുത്തുതന്നെ പൊതുജനഭോജനശാല (ഓട്ടല്‍ എന്ന്‍ മാവേലിനാട്ടില്‍) ഉള്ളതും ആല്‍മരത്തിന് നല്ല തണല്‍ നല്‍കാന്‍ കഴിവുള്ളതുമാണ് ആകര്‍ഷണങ്ങള്‍, അല്ലാതെ ആലിനോട് പ്രത്യേകിച്ച് ഇഷ്ടന് ഇഷ്ടമൊന്നുമുണ്ടായിരുന്നില്ല. ഇഷ്ടന് വന്ന്‍ അവിടെ കിടന്നറങ്ങുന്നതില്‍ വിശിഷ്ടന് പ്രത്യേകിച്ചൊരു വിരോധവുമുണ്ടായിരുന്നില്ല, ഉപദ്രവമൊന്നുമില്ലല്ലോ.

കഥ ഇതു വരെ എത്തി നില്ക്കുന്നു.

ഒരു ദിവസം ഇഷ്ടന്‍ തന്റെ ഇഷ്ടപ്രവൃത്തിയില്‍ (ഉറക്കം) ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ വല്ലാത്തൊരു വിശപ്പോടെ ഇഷ്ടന്‍ എഴുന്നേറ്റു. കയ്യില്‍ ദന്പിടി നഹി നഹി, പൊതുജനഭോജനശാലയുടെ ഉടമ ഇന്നലെത്തന്നെ പറ്റിന്റെ കാര്യം പറഞ്ഞ തന്നെ ഒന്ന്‍ താക്കീത് ചെയ്തതാണ്, അതുകൊണ്ട് അങ്ങോട്ട് പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

എന്തുചെയ്യും?

പിച്ചയെടുക്കാമെന്നു വെച്ചാല്‍ തന്നെയറിയുന്നവരാരും തനിക്കൊന്നും തരില്ല. പെട്ടെന്നാണ് ഒരു ബുദ്ധി തോന്നിയത്.

പാട്ടുപാടുക.

അപ്പോള്‍ ആ വഴി വരുന്നവര്‍ ദയ തോന്നി വല്ലതും തരും. അത് കുറച്ച് അദ്ധ്വാനമുള്ള പണിയാണ്, പക്ഷെ തല്‍ക്കാലം അദ്ധ്വാനിച്ചേ പറ്റൂ.

ഇഷ്ടന്‍ പാട്ടു തുടങ്ങി. ആ വഴി പോയ നാട്ടുകാര്‍ ചെവിപൊത്തി ഓടുന്ന അവസ്ഥയിലായി. പലരും ഇഷ്ടനെ തുറിച്ചുനോക്കി, തടസ്സപ്പെടുത്തി നോക്കി, പക്ഷെ വയറിന്റെ കാര്യമോര്‍ത്ത് ഇഷ്ടന്‍ പാട്ടു നിര്‍ത്തിയില്ല. അവസാനം ഗത്യന്തരമില്ലാതെ ചിലര്‍ ഇഷ്ടന് നാണയത്തുട്ടുകള്‍ എറിഞ്ഞുകൊടുത്തു. ഒരു നല്ല ഊണിനുള്ള വകയായപ്പോള്‍ ഇഷ്ടന് പാട്ടുനിര്‍ത്തി. ഇത്രേം അദ്ധ്വാനിച്ചതു തന്നെ ധാരാളം. ശാപ്പാടടിച്ചു, തന്റെ ജോലി തുടര്‍ന്നു (എന്താന്ന്‍ പറയേണ്ടതില്ലല്ലോ).

വീട് വരെ ജപ്തിയില്‍ പോയിക്കഴിഞ്ഞിരുന്ന ഇഷ്ടന്‍ അന്ന് രാത്രിയും അവിടെയാണ് കിടന്നുറങ്ങിയത്.

രാവേറെ ചെന്നപ്പോള്‍ ഇഷ്ടന് വീണ്ടും വിശന്നു. രാത്രിയില്‍ അധികമാരും ആ ഭാഗത്തേക്ക് വരില്ല, എന്നാലും വല്ല വഴിപോക്കാരെയും കിട്ടിയാലായി. വെറുതെയല്ലല്ലോ പൊതുജനഭോജനശാല രാത്രിയും തുറന്നുവെക്കുന്നത്.

ഇഷ്ടന്‍ വീണ്ടും പാട്ടുതുടങ്ങി.

ഒരു നിശാസഞ്ചാരത്തിനുശേഷം ആല്‍മരത്തില്‍ വിശ്രമിക്കാന്‍ കയറിയതായിരുന്നു വിശിഷ്ടന്‍. പെട്ടെന്നാണ് ഇഷ്ടന്റെ പാട്ട് കേട്ടുതുടങ്ങിയത്. ശുദ്ധസംഗീതത്തിന്റെ ആരാധകനായ വിശിഷ്ടന് ഈ അപശബ്ദം സഹിക്കാവുന്നതിലധികമായിരുന്നു. വിശിഷ്ടന്‍ ഉടനെതന്നെ മരത്തില്‍ നിന്ന താഴോട്ടിറങ്ങി ഇഷ്ടന്റെ മുന്നില്‍ പ്രത്യക്ഷനായി.

വിശിഷ്ടന്‍ ദേഷ്യത്തോടെ ഇഷ്ടനോട് ചോദിച്ചു - ഹേ മനുഷ്യാ, താങ്കളെന്താണ് ഇങ്ങിനെ അപശബ്ദത്തില്‍ പാടുന്നത്? ഇങ്ങിനെ സംഗീതത്തെ വധിക്കാന്‍ താങ്കള്‍ക്കെങ്ങിനെ ധൈര്യം വന്നു?

ഇഷ്ടന്‍ ശാന്തനായി പറഞ്ഞു - എനിക്ക് വിശക്കുന്നു. ആഹാരം വാങ്ങാന്‍ കയ്യില്‍ പണമില്ല. അതിനാല്‍ പട്ടുപാടിയാല്‍ ആരെങ്കിലും പണം തരുമെന്നുകരുതി പാടുന്നു.

വിശിഷ്ടന്‍ - എങ്കില്‍ വീട്ടിലിരുന്നു പാടിക്കൂടെ?

ഇഷ്ടന്‍ - അതിനെനിക്ക് വീടില്ലല്ലോ. കൂടാതെ ഏറ്റവുമധികം ആളുകള്‍ വരുന്നത് ഇവിടെയാണ്, അപ്പോള്‍ ഇവിടിരുന്നു പാടുന്നതാണ് എനിക്ക് നല്ലത്

വിശിഷ്ടന്‍ ഒരു ഞെട്ടലോടെ കാര്യം മനസിലാക്കി, ഇവന്‍ ഇവിടിരുന്നു പാടുന്നത് ഒരു സ്ഥിരം കലാപരിപാടി ആയിരിക്കും. ഇങ്ങിനെ പോയാല്‍ തന്റെ വിശ്രമം ശ്രമകരം. ഇവന് വിശക്കാതിരിക്കാനുള്ള പരിപാടി വല്ലതും ഒപ്പിച്ചുകൊടുത്തേ മതിയാവൂ.

വിശിഷ്ടന്‍ - നിനക്ക് വിശക്കാതിരിക്കാനുള്ള വക വല്ലതും തന്നാല്‍ നീ ഈ വധം നിര്‍ത്തുമോ?

ഇഷ്ടന്‍ - നിര്‍ത്താം. പക്ഷെ എനിക്ക് പണിയെടുക്കാനൊന്നും വയ്യ.

വിശിഷ്ടന്‍ - ശരി, ഞാനൊരു ഉപായം പറഞ്ഞുതരാം. ഞാന്‍ ഇവിടുത്തെ രാജകുമാരിയുടെ ദേഹത്ത് ഒരു ബാധയായി കൂടാം. രാജാവ് പല വൈദ്യന്മാരെയും വരുത്തും. പക്ഷെ കുമാരിയുടെ ഭ്രാന്ത് മാറില്ല. അവസാനം ഗതികെട്ട് രാജാവ് സമര്‍ത്ഥരായ വൈദ്യന്മാരെ അന്വേഷിച്ച് വിളംബരം നടത്തും. വലിയ സമ്മാനങ്ങളും വാഗ്ദാനം ചെയ്യും. അപ്പോള്‍ നീ വന്ന്‍ "ഓം ഹ്രീം നിമാഹനസായ നമഃ" (നീ മഹത്തായ ഒരു നോസ്സായതിനാല്‍ നോം നമിക്കുന്നു) എന്ന്‍ ചൊല്ലിയാല്‍ മതി, ഞാന്‍ ശരീരം വിട്ടു പൊയ്ക്കൊള്ളാം. നിനക്ക് ഭാവിയില്‍ ഒരിക്കലും പണത്തിന് ആവശ്യം വരില്ല.

ഇഷ്ടന്‍ സസന്തോഷം സമ്മതിച്ചു. പണിയെടുക്കാതെ ജീവിക്കാന്‍ അവസരം കിട്ടുന്നത് എന്തിന് നഷ്ടപ്പെടുത്തണം.

പിറ്റേന്ന് രാജകുമാരി ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി.

പരിഭ്രാന്തനായ രാജാവ് കൊട്ടാരം വൈദ്യനെ വിളിച്ചു, നാട്ടിലുള്ള വൈദ്യന്മാരെയെല്ലാം വിളിച്ചു. മാത്യൂ വേല്ലൂരുമായി കൂടിയാലോചിച്ചു.

ഫലം നാസ്തി എന്ന് പറയാനാവില്ല, ഫലമുണ്ടായി, കുമാരിയുടെ ഭ്രാന്ത് കൂടി.

രാജാവ് അവസാനം വിളംബരം ചെയ്തു, ഭ്രാന്ത് മാറുന്നവര്‍ക്ക് 1000 പൊന്‍പണം സമ്മാനം.

പല വൈദ്യന്മാരും വന്നു. പക്ഷെ രക്ഷയുണ്ടായില്ല.

വിശിഷ്ടനും ചെറിയ പേടി തുടങ്ങി. ഇഷ്ടന്‍ പറ്റിച്ചോ? ഇനി തനിയെ ഇറങ്ങേണ്ടി വരുമോ? എന്നാല്‍ തന്റെ വാസസ്ഥലം നഷ്ടപെട്ടതുതന്നെ.

സമ്മാനത്തുക വര്‍ദ്ധിച്ചു, രാജാവിന്റെ ആധിയും വിശിഷ്ടന്റെ പേടിയും.

അവസാനം അറ്റകൈക്ക് രാജാവ് പ്രഖ്യാപിച്ചു, കുമാരിയുടെ ഭ്രാന്ത് മാറ്റുന്നവര്‍ക്ക് ചോദിക്കുന്നതെന്തും സമ്മാനമായി നല്കും.

ഇതാണ് സമയം, ഇഷ്ടന്‍ പ്രത്യക്ഷനായി.

പാതി രാജ്യമാണ് ഇഷ്ടന്‍ ആവശ്യപ്പെട്ടത്.

വേറെ വഴിയില്ല, രാജാവ് സമ്മതിച്ചു.

ഇഷ്ടന്‍ രാജകുമാരിയുടെ അന്തപുരത്തില്‍ സന്നിഹിതനായി. ആദ്യമേ തന്നെ വൈകിയെത്തിയതിന് ഇഷ്ടന്‍ വിശിഷ്ടനോട് ക്ഷമ ചോദിച്ചു. വിശിഷ്ടന് കാര്യം മനസിലായി, ഹീ ഈസ് കാച്ചിങ്ങ് ദ ടാമറിന്റ് ബ്രാഞ്ച്, പുളിങ്കൊന്പ് തന്നെയാണ് ഇഷ്ടന്‍ പിടിക്കുന്നത്.

വിരോധമില്ല, എങ്ങിനെയെങ്കിലും പാട്ട് ഒഴിവാക്കിയാല്‍ മതിയല്ലോ.

ഇഷ്ടന്‍ മന്ത്രം ചൊല്ലി, വിശിഷ്ടന്‍ വാക്കുപാലിച്ചു, രാജകുമാരിയുടെ ഭ്രാന്ത് മാറി.

കുറെ ദിവസങ്ങള്‍ കഴിഞ്ഞു. വിശിഷ്ടന്‍ തന്റെ വാസസ്ഥലത്ത് സുഖമായി താമസിച്ചു. ഇഷ്ടനും പരമസുഖമായിരുന്നു, ആവശ്യമുള്ളപ്പോഴൊക്കെ ആഹാരം, എതാവശ്യത്തിനും പരിചാരകര്‍, ഭൂമിയില്‍ കിട്ടാവുന്ന എല്ലാ സുഖഭോഗങ്ങളും.

ഒരു ദിവസം ഇഷ്ടന്‍ വീണ്ടും ആല്‍ച്ചുവട്ടില്‍ പ്രത്യക്ഷപ്പെട്ടു.

ഇത്തവണ പഴയ മെലിഞ്ഞുക്ഷീണിച്ച രൂപമായിരുന്നില്ല, ആവശ്യത്തിനും അതിലധികവും കഴിച്ച് മദ്യപാനത്തിന്റെ കൂടി ഫലമായി തടിച്ച് കൊഴുത്ത് ഉരുണ്ട ദേഹം.

ആല്‍ച്ചുവട്ടിലെത്തിയ ഉടന്‍ ഇഷ്ടന്‍ പാട്ടു തുടങ്ങി. പഴയതിലും കഠോരമായ സ്വരത്തില്‍.

വിശിഷ്ടന്റെ എല്ലാ ക്ഷമയും നശിച്ചു. വിശിഷ്ടന്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് കോപത്തോടെ ഇഷ്ടനോട് ചോദിച്ചു

"ഇപ്പോള്‍ നിനക്ക് ആവശ്യമുള്ളതെല്ലാം ഉണ്ടല്ലോ, പിന്നെയെന്തിന് ഇവിടെയിരുന്നു പാടുന്നു?"

ഇഷ്ടന്‍ - ഇപ്പോള്‍ എല്ലാ സുഖങ്ങളുമുണ്ട്, പക്ഷെ ചെയ്യാനും ചിന്തിക്കാനും ഒന്നുമില്ലാതെ ഒരു ബോറടി. ദിവസവും ഒരേ രീതി, എഴുന്നേല്‍ക്കുക, കഴിക്കുക, കുടിക്കുക, ഉറങ്ങുക. കുളിപ്പിക്കാന്‍ പോലും പരിചാരികമാര്‍. വെറുതെയിരുന്നു മതിയായി. ഇപ്പോള്‍ കഴിക്കുന്നത് പോലും ആസ്വദിക്കാന്‍ പറ്റുന്നില്ല. ഉറക്കമാണെങ്കില്‍ വരുന്നുമില്ല. എന്തെങ്കിലും ചെയ്യേണ്ടെ. അതിനാണ് ഇവിടെ വന്നത്.

വിശിഷ്ടന്റെ കോപം ഇരട്ടിച്ചു - അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല. നീ ഇപ്പോള്‍ത്തന്നെ ഇവിടുന്നു പോയേ തീരൂ.

ഇഷ്ടന്‍ സമ്മതിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വിശിഷ്ടന്‍ - നിന്നെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന്‍ എനിക്കറിയാം. നിന്റെ കഴുത്തില്‍ ഇനി തല കാണില്ല.

പിറ്റേദിവസം നാട്ടില്‍ വാര്‍ത്ത പരന്നു, രാജകുമാരിക്ക് വീണ്ടും ഭ്രാന്തിളകി.

ഇത്തവണ രാജാവ് ഒട്ടും തന്നെ സംശയിച്ചില്ല. നേരെ ഇഷ്ടനെ ആളയച്ചുവരുത്തി. ഭ്രാന്ത് മാറിയാല്‍ തന്റെ മകളെ വിവാഹം ചെയ്തുകൊടുക്കാമെന്നും വാഗ്ദാനം ചെയ്തു, അങ്ങിനെ ഇഷ്ടന് രാജ്യം മുഴുവന്‍ കിട്ടും. പക്ഷെ ഭ്രാന്ത് മാറ്റാന്‍ ഇഷ്ടന് കഴിഞ്ഞില്ലെങ്കില്‍ അത് ഇഷ്ടന്റെ അവസാനമായിരിക്കും.

ഇഷ്ടന് താനകപ്പെട്ട കുരുക്കിനെക്കുറിച്ച് മനസിലായി. തനിക്കിനി അധികം ജീവിതം ബാക്കിയില്ല. എന്തായാലും വരുന്നത് വരട്ടെ.

ഇഷ്ടന്‍ രാജകുമാരിയുടെ അന്തപുരത്തിലേക്ക് നീങ്ങി. അവിടെ ചെന്നപ്പോള്‍ രാജകുമാരിയിലുടെ വിശിഷ്ടന്‍ അലറി

"നിനക്കിനി രക്ഷപ്പെടാനാവില്ല. നീ എന്ത് മന്ത്രം ചൊല്ലിയാലും ഞാന്‍ ഒഴിഞ്ഞു പോകില്ല. നിന്റെ തല ഉടലില്‍ നിന്ന്‍ വേര്‍പെടുന്ന നിമിഷം ഞാന്‍ ഈ ദേഹത്തില്‍ നിന്നിറങ്ങും, അതു വരെ രാജകുമാരിയുടെ ഭ്രാന്ത് മാറില്ല"

ഇഷ്ടന്‍ പല വഴികളും നോക്കി. യാചന, ഭീഷണി, കരച്ചില്‍ എല്ലാമെല്ലാം.....

രക്ഷയില്ല. വിശിഷ്ടന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു തന്നെ. അവസാനം ഇഷ്ടന്‍ തന്റെ പത്തൊന്പതാമത്തെ അടവെടുത്തു.

പറ്റാവുന്നത്ര ഉച്ചത്തില്‍ പാട്ടു തുടങ്ങി.

പിന്നീട് രാജകുമാരിക്കൊരിക്കലും ഭ്രാന്ത് വന്നിട്ടില്ല.

ഇഷ്ടന്‍ അന്പതിലധികം വര്‍ഷങ്ങള്‍ രാജകീയമായിത്തന്നെ ജീവിച്ചു.

ദേവലോകത്തിന്റെ റെക്കോഡ് ബുക്കുകള്‍ കോണ്ഫിഡന്ഷ്യല്‍ ആയതിനാല്‍ വിശിഷ്ടന് എന്ത് സംഭവിച്ചു എന്നറിയില്ല.

***********************************************************************

ഇതൊരു പഴയ കഥയാണ്.

പക്ഷെ ഇഷ്ടനും വിശിഷ്ടനും തമ്മിലുള്ള അനിഷ്ടം ജന്മജന്മാന്തരങ്ങള്‍ തുടര്‍ന്നു. അവസാനം കലിയുഗത്തിലുമെത്തി.

കലിയുഗത്തില്‍ ഇഷ്ടനും വിശിഷ്ടനും ജന്മമെടുത്തു. പഴയ കഥകളിലെ പോലെ തോല്‍വി ഒരിക്കലുമുണ്ടാകരുതെന്ന് കരുതിയാവാം, ഇഷ്ടന്‍ രണ്ടു മനുഷ്യജന്മങ്ങളായാണ് അവതരിച്ചത്. രണ്ടു അവതാരങ്ങളും കേരളത്തിലെ രണ്ടു വള്ളുവനാടന്‍ ഗ്രാമങ്ങളിലാണ് ജനിച്ചത്. വിശിഷ്ടനും കിട്ടി ഒരു മനുഷ്യജന്മം.

കലിയുഗത്തില്‍ എല്ലാ കാര്യങ്ങളും തലതിരിഞ്ഞാണല്ലോ. വേനലില്‍ ധാരാളം മഴ പെയ്യുന്നതും മഴക്കാലത്ത് വരള്‍ച്ചയുണ്ടാവുന്നതും രാജാവിനുപകാരം രാജീവ് ഭരിക്കുന്നതും കുബേരന്‍ എന്ന പിച്ചക്കാരനുണ്ടാവുന്നതും എല്ലാമെല്ലാം. കലിയുഗത്തില്‍ ചക്കരക്കുടത്തില്‍ കയ്യിടുന്നവര്‍ കൈ നക്കുമത്രേ, ഓര്‍ക്കുടത്തില്‍ കയ്യിടുന്നവര്‍ സ്ക്രാപ്പുമത്രെ.

അങ്ങിനെ കലിയുഗത്തില്‍ ഒരു ചെറിയ റോള്‍ ചെയ്ഞ്ച് വന്നുഭവിച്ചു.

വിശിഷ്ടന്‍ ഒരു സംഗീതവിരോധിയായി.

ഇഷ്ടന്റെ ജന്മങ്ങളാകട്ടെ സംഗീതം എന്ന്‍ കേട്ടാല്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാന്‍ മാത്രം കെല്‍പ്പുള്ളവരുമായി. അവര്‍ ശെമ്മാങ്കുടി ബാബുരാജഭാഗവതര്‍ എന്നും ബാലസജീകൃഷ്ണ എന്നും പേരുകള്‍ സ്വീകരിച്ചു. സൌകര്യത്തിന് നമുക്കവരെ ഇഷ്ടന്‍ വണ്‍ എന്നും ഇഷ്ടന്‍ ടൂ എന്നും വിളിക്കാം.

മുന്‍ജന്മങ്ങളിലേപോലെ ഇഷ്ടന്മാര്‍ പാവപ്പെട്ടവരായിരുന്നില്ല, ജന്മിമാരായിരുന്നു. മടിയന്മാരായിരുന്നില്ല, അത്യുല്സാഹികളായിരുന്നു.

വിശിഷ്ടന്‍ എഞ്ചിനീയറായി സെന്റിമീറ്റര്‍ (സെന്റി അളക്കാനുള്ള ഉപകരണം) എന്ന ഉപകരണം കണ്ടുപിടിച്ചു. നേരത്തെ പറഞ്ഞതുപോലെ, വിശിഷ്ടന് പാട്ടെന്ന്‍ പറഞ്ഞാല്‍ വലിയ പാടു തന്നെയായിരുന്നു. ഏറ്റവും മഹത്തരമായ രാഗം അനുരാഗമാണെന്നാണ് വിശിഷ്ടന്‍ ധരിച്ചുവെച്ചിരിക്കുന്നത്.

പഴയതുപോലെ അന്നും ഇഷ്ടന്മാര്‍ വിശിഷ്ടന്റെ വാസസ്ഥലം കയ്യേറി. പഴയ കഥയിലെപ്പോലെത്തന്നെ പാട്ടു തുടങ്ങി.

ഇഷ്ടന്‍ വണ്‍ ഒരു സംഗീത ആരാധകനാണ്. ഒരു നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ ആരെങ്കിലും കച്ചേരി നടത്തുന്നുണ്ടെന്ന് ആരെങ്കിലും സംശയം പറഞ്ഞാല്‍ ഇഷ്ടന്‍ വണ്‍ അവിടെയെത്തിയിരിക്കും. കൂടെയിരിക്കുന്നയാള്‍ക്ക് സംഗീതത്തില്‍ എന്തെങ്കിലും അറിവുണ്ടെന്ന് തോന്നിയാല്‍ (രാഗങ്ങളുടെ പേര് പറയാന്‍ കഴിഞ്ഞാലും മതി) അവരോടൊപ്പം പാടാനും സംസാരിക്കാനും ഇഷ്ടന്‍ വണ്‍ എത്രനേരം വേണമെങ്കിലും നീക്കി വെക്കും.

ഇഷ്ടന്‍ ടൂവിന്റെ സംഗീതപരിജ്ഞാനം സംശയമാണ്. രാഗം രോഗമാണ്, പക്ഷെ ഏതെന്ന് ഉറപ്പിച്ചു പറയില്ല. പാടുന്നതെല്ലാം ഒരേ രാഗത്തിലാണ്, ശുദ്ധതാന്തോന്നി രാഗത്തില്‍.

അന്ന്‍ നടന്ന പാട്ടുകച്ചേരിയും പക്കവാദ്യങ്ങളും ഒരു സാധാരണക്കാരന് കണ്ണുബള്ബാക്കാന്‍ മാത്രം ഗംഭീരമായിരുന്നു. രംഗം ഏതാണ്ടിങ്ങനെ.

ഇഷ്ടന്‍ വണ്‍ പാട്ടു തുടങ്ങുന്നു.

ഇഷ്ടന്‍ ടൂ "ഇത് ബബ്ബബ്ബ രാഗമല്ലേ" എന്ന്‍ ചോദിക്കുന്നു.

ഇഷ്ടന്‍ വണ്‍ "ബാലസജീ, മരത്തലയാ, അതല്ല, ആ രാഗം ഇങ്ങിനെ" എന്ന്‍ പറഞ്ഞ് ബബ്ബബ്ബ രാഗത്തില്‍ വിസ്താരം തുടങ്ങുന്നു.

ഇഷ്ടന്‍ ടൂ പിന്നെ തന്റെ പക്കവാദ്യങ്ങള്‍ വായിക്കാന്‍ തുടങ്ങുന്നു.

ചമ്രം പടിഞ്ഞിരുന്ന്‍ രണ്ടു കാല്‍മുട്ടുകളും സാങ്കല്പിക മൃദംഗമാക്കി മെക്കിട്ടുകേറുന്നു, തന്റെ കുടവയര്‍ ഘടമാക്കി മണ്ടക്ക് മേടുന്നു, പുറത്ത് നില്ക്കുന്ന ആരെയോ മാടിവിളിക്കുന്നു എന്ന്‍ തോന്നിക്കുന്ന വിധത്തില്‍ വലതുകൈയിലെ തള്ളവിരലില്‍ മറ്റു വിരലുകള്‍ ഒന്നൊന്നായി മുട്ടിച്ച് കൈകളിളക്കുന്നു, പാഞ്ചാലീവസ്ത്രാക്ഷേപസമയത്ത് ദുര്യോധനന്റെ ചേഷ്ടകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ തുടകളിലടിച്ച് ശബ്ദമുണ്ടാക്കുന്നു..... അങ്ങിനെയങ്ങിനെ.

വിശിഷ്ടന്‍ സംഭവദിവസം തന്റെ സെന്റിമീറ്ററില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. സ്വതേ സംഗീതവിരോധിയായ വിശിഷ്ടന് ഈ കച്ചേരി അത്ര ബോധിച്ചില്ല.

എന്ത് ചെയ്യാം, പാട്ടു നിര്‍ത്താനുള്ള ഓഫറുകള്‍ ഒന്നും തന്നെ കയ്യിലില്ലായിരുന്നു.

രാജാവില്ല, രാജകുമാരിയുമില്ല. പിന്നെ വല്ല റ്റാറ്റായോ ബിര്‍ലയോ അംബാനിയോ ആയി വല്ലവരുടെയും മക്കളുടെ മേല്‍ ബാധയായി കയറാം എന്ന്‍ വിചാരിച്ചാല്‍ അവരൊക്കെ മക്കള്‍ക്ക് ഭ്രാന്ത് പിടിച്ചാല്‍ കന്പനി ചെയര്‍മാനാക്കും എന്നല്ലാതെ ചികില്‍സിക്കില്ല.

പിന്നെന്ത് ചെയ്യും? നിര്‍ത്താന്‍ ആവശ്യപ്പെടുക തന്നെ.

വിശിഷ്ടന്‍ തന്റെ ശ്രമം തുടങ്ങി. "ഹൈ ഹൈ, പാട്ട് ഒന്നു നിര്‍ത്തികൂടെ" എന്ന്‍ ചോദിച്ചു. "നിര്‍ത്തിസ്റ്റാ" എന്ന്‍ പറഞ്ഞു. "എനിക്ക് ദേഷ്യം വര്ണ്ട്ട്ടോ" എന്ന്‍ വിരട്ടി....

യെവടെ. ബാധ ഇപ്പോള്‍ ഇഷ്ടന്മാരുടെ ദേഹത്താണെന്ന് തോന്നി.

ഇനി വേറെ വഴിയില്ല. വിശിഷ്ടന്‍ പുറത്തിറങ്ങി. വാസസ്ഥലം നഷ്ടപ്പെട്ടാല്‍ പിന്നെ ഉറങ്ങാനൊരു സ്ഥലം വേണമല്ലോ. നോക്കുന്പോള്‍ ഒരു പോംവഴിയെ കാണാനുള്ളൂ, തന്റെ രഥം.

ഒറ്റക്കുതിരയെ (കുതിരക്ക് കലിയുഗത്തില്‍ എഞ്ചിന്‍ എന്ന്‍ പറയും) കെട്ടിയ രഥം. 100 സിസി, ഹീറോ.

പാവം, ഇഷ്ടന്മാര്‍ തളരുന്നതും കാത്ത് അവിടെയിരുന്നു

വിശിഷ്ടന്‍ അങ്ങിനെ ഇറങ്ങിപ്പോകുമെന്ന്‍ ഇഷ്ടന്മാര്‍ കരുതാത്തതുകൊണ്ടാണോ എന്തോ, അവര്‍ പാട്ട് നിര്‍ത്തി. പിന്നെ ചര്‍ച്ചകളായി.

ഇഷ്ടന്‍ വണ്‍ ഒറാക്കിളിനെക്കുറിച്ച് പറയുന്നു, ഇഷ്ടന്‍ ടൂ കാംപോസേടോമിന്‍ മരുന്നിനെക്കുറിച്ച് പറയുന്നു. അങ്ങിനെ അവരുടെ പാട്ടുകളെപോലെ തന്നെ, നല്ല ആശയ ഐക്യം.

ഐന്സ്റ്റീനും മഡോണയും പോലെ, ഗാന്ധിജിയും ലാദനും പോലെ, നല്ല ഐക്യം.

സമാധാനമായി എന്ന്‍ വിചാരിച്ച് വിശിഷ്ടന്‍ തന്റെ വാസസ്ഥലത്തേക്ക് തിരിച്ചെത്തി. മുന്‍ജന്മങ്ങളിലെപ്പോലെ, ഇഷ്ടന് തന്നെ ഉപദ്രവിക്കണമെന്നില്ല, ഭാഗ്യം.

ഇവിടെയാണ് വിശിഷ്ടന് ഒരിക്കല്‍ക്കൂടി തെറ്റിയത്. സ്വിച്ചിട്ട പോലെ ഇഷ്ടന്മാര്‍ പാട്ടുതുടങ്ങി, ഇഷ്ടന്‍ വണ്‍ പാടുന്നു, ഇഷ്ടന്‍ ടൂ പക്കവാദ്യങ്ങളുമായി അരങ്ങ് തകര്‍ക്കുന്നു.

ഇത്തവണ ഭ്രാന്തായി, നമ്മുടെ വിശിഷ്ടന്. പുള്ളി വന്ന വഴിക്ക് തന്നെ തിരിച്ചു നീങ്ങി.

കലാപരമായി ഒന്നും നടന്നില്ലെങ്കിലും ഒരു കലാപരിപാടി നടന്നു. ആ ശൃംഖല ഈവിധം

ഇഷ്ടന്മാര്‍ പാടുന്നു, വിശിഷ്ടന്‍ ഓടുന്നു, രഥത്തില്‍ ഇരിക്കുന്നു, ഇഷ്ടന്മാര്‍ പാട്ടു നിര്‍ത്തുന്നു, ആശ്വാസമായി വിശിഷ്ടന്‍ തിരിച്ച് വാസസ്ഥലത്തേക്ക് വരുന്നു, വിശിഷ്ടനെ കാണുന്നമാത്രയില്‍ ഇഷ്ടന്മാര്‍ വീണ്ടും പാട്ടു തുടങ്ങുന്നു, വിശിഷ്ടന്‍ ഓടുന്നു, ..........

ഒരു മു‌ന്നുനാല് റൌണ്ട് ആയപ്പോഴേക്കും വിശിഷ്ടന്റെ ആപ്പിളകി. തന്റെ ശത്രുക്കളെ രൂക്ഷമായി നോക്കിയതിനുശേഷം വിശിഷ്ടന്‍ വീണ്ടും ഒരിക്കല്‍ക്കൂടി പുറത്തേക്കിറങ്ങി, ഇത്തവണ തന്റെ പുതപ്പുമായി.

പിന്നീട് അവിടെ നടന്നത് ചരിത്രരേഖകളില്‍ കരിക്കട്ടലിപികളില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.

വിശിഷ്ടന്‍ കിടന്നു, രഥത്തില്‍ തന്നെ.

ആ രഥത്തിലും, അങ്ങിനെയുള്ള എത് രഥത്തിലും കിടക്കുവാന്‍ കഴിവുള്ള ഒരേയൊരു വ്യക്തിയാകുന്നു ശ്രീമാന്‍ വിശിഷ്ടന്‍. ഭാരതപ്പുഴപോലെ വളഞ്ഞുള്ള ആ കിടപ്പ് കാണേണ്ടത് തന്നെ, അതിലൊരു കലയുണ്ട്.

ഈ പാട്ടുപരിപാടി അധികം നീണ്ടില്ല. വിശിഷ്ടന്റെ ഇത്തവണത്തെ യാത്രക്കുശേഷവും പതിവുപോലെ ഇഷ്ടന്മാര്‍ പാട്ടു നിര്‍ത്തി "പ്പ വരും, അപ്പ പാടാം" എന്ന ചിന്തയില്‍.

പക്ഷെ വിശിഷ്ടന്‍ ഇത്തവണ റിസ്ക് എടുക്കാന്‍ തയ്യാറല്ലായിരുന്നു. അവര് പാട്വോ പാടാന്റിര്ക്യോ ചെയ്തോട്ടെ, എനിക്ക് കിടക്കാന്‍ ഈ രഥമുണ്ടല്ലോ, അത് തന്നെ ധാരാളം.

രാവേറെച്ചെന്ന് തിരിച്ച് ഹോസ്റ്റല്‍ പറ്റാന്‍ ഇഷ്ടന്‍ ടൂ പുറത്തിറങ്ങിയപ്പോള്‍ കണ്ടത് KL9B9035 എന്ന തേരില്‍ കിടന്നുറങ്ങുന്ന പുതച്ചുമൂടിയ വിശിഷ്ടനെയാണ്.

ഇത് അടൂര്‍ സാര്‍ സംവിധാനം ചെയ്‌താല്‍ കഥ താഴെ കാണുന്നത്രയേ വരൂ. തിരക്കഥ ആയിവരുന്പോള്‍ രണ്ടുമണിക്കൂര്‍ ആയാല്‍ അതു പാട്ടുകളുടെ നീളം കാരണം മാത്രമായിരിക്കും. അല്ലാതെ കഥയില്‍ മറ്റൊന്നുമില്ല.

സജിത്ത്, ബാബുരാജ് തുടങ്ങിയവര്‍ യശ്വന്തപുരത്തെ വീട്ടിലേക്ക് വരുന്നു. അവിടെയിരുന്നു സംസാരിക്കുന്നതിനിടയില്‍ ബാബുരാജ് പാടുന്നു. സജിത്ത് ഏറ്റുപാടുന്നു. അപ്പൂട്ടന്‍ നിര്‍ത്താനാവശ്യപ്പെടുന്നു. പാട്ടുകാര്‍ കേള്‍ക്കുന്നില്ല. അവസാനം ഗത്യന്തരമില്ലാതെ അപ്പൂട്ടന്‍ പുറത്തേക്ക് പോകുന്നു. കുറച്ചു കഴിഞ്ഞ് തിരിച്ചു വരുന്പോള്‍ സജിത്തും ബാബുരാജും പാട്ടു നിര്‍ത്തിയില്ലെന്ന് കണ്ട് തന്റെ പുതപ്പെടുത്ത് പുറത്തിറങ്ങി ബൈക്കില്‍ ചെന്ന്‍ കിടക്കുന്നു. കുറച്ചു കഴിഞ്ഞ് അപ്പൂട്ടനെ കാണാത്തതിനാല്‍ സജിത്ത് ഇറങ്ങി വന്ന്‍ അപ്പൂട്ടനെ സമാധാനിപ്പിച്ച് അകത്തേക്ക് വിളിച്ചു കൊണ്ടുപോകുന്നു.

ശുഭം.

കഥാപാത്രങ്ങള്‍ -

സജിത്ത് - സജിയേട്ടന്‍ തന്നെ. ഈ കഥയില്‍ ബാലസജീകൃഷ്ണ ആയി അഭിനയിക്കുന്നു.

ബാബുരാജ് - ഞങ്ങള്‍ അപ്പുവേട്ടന്‍ എന്ന്‍ വിളിക്കും. അമ്മയുടെ കസിന്‍ ആണ്. ഞങ്ങളുടെ ഒരു നല്ല സുഹൃത്തും ഗൈഡും ഒക്കെയാണ്.

അപ്പൂട്ടന്‍ - ഞാന്‍.

0 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു: