Tuesday, October 28, 2008

എന്റെ മലയാളം

ആദ്യമേ പറയട്ടെ (മുന്‍‌കൂര്‍ ജാമ്യം എന്ന് മലയാളത്തിലും disclaimer എന്ന് ആംഗലേയത്തിലും) - ഈ കഥയിലെ സംഭവങ്ങളോ ഭാഷാപ്രയോഗമോ ആര്‍ക്കെങ്കിലും അധിക്ഷേപപരമായി തോന്നുന്നുവെങ്കില്‍ അത് വെറും സാങ്കല്പികം മാത്രമാകാനെ തരമുള്ളൂ, കാരണം ഞാനൊരു ഭാഷാപണ്ഡിതനല്ല.
മലയാളം സുന്ദരമായ ഒരു ഭാഷ തന്നെയാണ്. ഷോഡ, ഷ്കോള്, ആംപ്ലേറ്റ്, ലീസ്റ്റ് എന്നീ പദങ്ങള്‍ കേട്ടാല്‍ ഏത് മലയാളിക്കാണ് പുളകം വരാത്തത്!!!!!!
ഉച്ചാരണത്തില്‍ ഒട്ടും നിര്‍ബന്ധം പിടിക്കാത്ത ഒരു ഭാഷ ലോകത്ത് വേറെയുണ്ടോ എന്ന് തന്നെ സംശയം. "ഭാഷ" ബാഷയോ ഫാഷയോ ആകുന്നതും "ശ്രുതി" സ്രുദി എന്ന് ഉച്ചരിക്കപ്പെടുന്നതും ചിലര്‍ ശീലിച്ചിട്ടില്ലാത്തത് കൊണ്ടാണെന്ന് പറയാമെങ്കിലും "മകന്‍" മഗന്‍ ആകുന്നത് മലയാളിക്കു മാത്രമാകുന്നു. തമിഴിന്റെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല, മഹാന്‍ എന്ന്‍ കൃത്യമായി പറയാന്‍ സാധിക്കാത്ത ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്തിനേറെ, "കക്കഗഗ്ഗങ" എന്ന് പഠിപ്പിക്കുന്ന ടീച്ചര്‍മാരെവരെ ഞാന്‍ കണ്ടിട്ടുണ്ട്.
ഞാനിതില്‍നിന്നൊക്കെ വ്യത്യസ്തനാണെന്നല്ല പറഞ്ഞുവരുന്നത്, ചുറ്റും കാണാറുള്ള ചില കാര്യങ്ങള്‍, തമാശകള്‍ എഴുതിയെന്നുമാത്രം.
മലയാളിയുടെ ഭാഷയോ ഉച്ചാരണമോ അല്ല ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിച്ചത്, ഈ "ഠ" വട്ടത്തില്‍ സംസാരിക്കുന്ന മലയാള ശൈലികളെക്കുറിച്ചാണ്. ഇംഗ്ലീഷില്‍ സ്ലാങ് എന്ന് പറയാറില്ലേ, അതന്നെ വില്ലന്‍, സോറി നായകന്‍.
ഞാനറിയുന്ന, പ്രയോഗിക്കുന്ന ഭാഷകള്‍ ഇവ്വിധമാണ്.

  • വന്നില്ല്യാ, പോയില്ല്യാ എന്നിങ്ങനെ തുടങ്ങി ദെന്താങ്ങനെ, വര്വേരിക്കും എന്നീ രീതിയില്‍ മുന്നേറുന്ന വള്ളുവനാടന്‍ മലയാളം.
  • ശ്ശ്യോരൂട്ടം, നിശ്ശല്ല്യ, ധരിക്ക്ണ്ടായില്ല്യ എന്നുള്ള രീതിയില്‍ അന്ധാളിക്കാന്‍ വകയുള്ള നന്പൂരി മലയാളം.
  • അയ്‌ ചെക്കന്‍ എങ്ണ്ട് പോയീ എന്ന് അരിശത്തോടെ ചോദിക്കുന്ന പാലക്കാടന്‍ മലയാളം.
  • ജ്ജാതി സ്റ്റൈലിസ്റ്റോ എന്ന് അദ്ഭുതത്തോടെ തകര്‍ക്കുന്ന മ്മടെ ശ്ശൂര് ഭാഷ.
  • ഇതിലൊന്നും പെടാതെ, എന്നാല്‍ ഇതിലെല്ലാം പെടാവുന്ന അങ്ങ്ട്ടും ഇങ്ങ്ട്ടും എന്നിങ്ങനെ, കടിച്ചുപൊട്ടിക്കും എന്ന മട്ടില്‍, എന്റെ ചില സുഹൃത്തുക്കള്‍ പ്രയോഗിക്കുന്ന ഏതോ തരം മലയാളം.

വലിയ പ്രാവീണ്യമൊന്നുമില്ലെങ്കിലും കേട്ടാല്‍ കുറച്ചൊക്കെ മനസിലാക്കാന്‍ ശ്രമിക്കാവുന്ന (മുഴുവന്‍ മനസിലാകാന്‍ ഇത്തിരിയിലധികം പാടുപെടേണ്ടിവരുന്ന) രണ്ടു മലയാളഭാഷാശാഖകളും എനിക്ക് പരിചയമുണ്ട്.

  • ഊനിയേറ്റന് കോര്ച് കോര്ചായി കാര്യങ്ങല്‍ പര്ഞ്ഞുകോറ്റ്ക്കുന്ന രഞ്ജിനീമയമായ മലയാളം.... സോറി മല്യാലം
  • അന്തരാളങ്ങളില്‍ നിന്നും ബഹിര്‍ഗ്ഗമിക്കുന്ന ചിന്താസരണികളിലൂടെ സഹജീവികളില്‍ സമഭാവനയും പ്രബുദ്ധതയും ആവിര്‍ഭവിക്കാനുതകുന്ന അത്യുന്നതമായ ജീവിതം നയിക്കുന്ന മഹദ് വ്യക്തികള്‍ സ്റ്റേജില്‍ നില്‍ക്കുന്പോള്‍ മാത്രം പറയുന്ന മലയാളം.
ജഗതി ശ്രീകുമാര്‍ ആണ് ഈ തിരുവനന്തപുരം ഭാഷ എനിക്ക് ആദ്യമായി പറഞ്ഞുതന്നത്, ബഹുഭൂരിപക്ഷം മലയാളികളെയും പോലെ സിനിമയിലൂടെ തന്നെ (ജഗതിയെ നേരിട്ട് പരിചയമുണ്ട് എന്ന് പറഞ്ഞാല്‍ കിട്ടുന്ന വെയ്റ്റ് എനിക്കുവേണ്ട, കാരണം അതില്ല).
പിന്നീട് സുരാജ് വെഞ്ഞാറമൂട് എന്ന നടനിലൂടെ ഈപ്പറഞ്ഞ "തിരോന്തരം ഫാഷ" ഞാന്‍ കുറച്ചൊക്കെ പഠിച്ചതായിരുന്നു.
പക്ഷെ ഇന്നാട്ടിലെത്തിയപ്പോള്‍ മനസിലായി ഞാന്‍ കണ്ടും കേട്ടും പഠിച്ചതൊന്നും കംപ്ലീറ്റ് അല്ലെന്ന്. വിദ്യാഭ്യാസവിശാരദര്‍ പറയുന്നതുപോലെ അനുഭവങ്ങളില്‍ നിന്നാണ് ഒരാള്‍ ജീവിതത്തെക്കുറിച്ച് ഏറ്റവുമധികം പഠിക്കുന്നത്, പാഠപുസ്തകങ്ങളില്‍ നിന്നല്ല.
ഒരു പാവം വള്ളുവനാടനായ ഞാന്‍ തിരുവനന്തപുരത്ത് എത്തിപ്പെട്ടപ്പോള്‍ ചില്ലറ ചെറിയ ഭാഷാപ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ചില കഥകള്‍ താഴെക്കൊടുക്കുന്നു.
**********************
വാടകക്കൊരു വീട് അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ഞാന്‍ ..... സ്ഥലത്തെ വീടിനെക്കുറിച്ച് കേട്ടത്. (പേരുകളെല്ലാം സാങ്കല്‍പ്പികം എന്നാണല്ലോ പണ്ടുമുതല്കേ മലയാളവാര്‍ത്താസാഹിത്യത്തിന്റെ ഒരു ഗമ, അതിനാല്‍ സ്ഥലപ്പേര് തല്‍ക്കാലം പറയുന്നില്ല, സൌകര്യത്തിനുവേണ്ടി നമുക്ക് "അമേരിക്കന്‍ ജങ്ങ്ഷനിലെ" "കൂര്‍ക്കപ്പാറ റോഡിലെ" "പ്രഭാതം" വീടെന്ന് ഈ വീടിനെ വിശേഷിപ്പിക്കാം)
ഈ അമേരിക്കന്‍ ജങ്ങ്ഷന്‍ കണ്ടുപിടിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി, ഏതാണ്ടെത്ര ദൂരം കാണുമെന്നറിയണമല്ലൊ. ഏറ്റവുമെളുപ്പം വല്ല പെട്ടിക്കടയിലും ചോദിക്കുക എന്നതുതന്നെ. അങ്ങിനെ എന്റെ തിരുവനന്തപുരം ഭാഷയുമായുള്ള ആദ്യ മല്‍പ്പിടുത്തം സംഭവിച്ചു. ആദ്യം കണ്ട പെട്ടിക്കടയില്‍ വെച്ച് ഇനി പറയുന്ന സംഭാഷണം എന്ന സംഭവം നടന്നു.
കഥാപാത്രങ്ങള്‍ - അപ്പൂട്ടന്‍ (അതായത് ഞാന്‍), വേലായുധന്‍ എന്ന പെട്ടിക്കടക്കാരന്‍ (name changed എന്ന് പറയാമെങ്കിലും പേരറിയില്ലെന്നതാണ് വാസ്തവം), പേരറിയാത്ത ഏതോ സഖാവ് (അവിടെ ബീഡി വലിച്ചുകൊണ്ടിരുന്ന ഒരാള്‍, അദ്ദേഹത്തിന് തല്‍ക്കാലം പേരു വേണ്ട).
- ചേട്ടാ, ഈ അമേരിക്കന്‍ ജങ്ങ്ഷനിലേക്ക് എങ്ങന്യാ പൂവ്വ്വാ?
വേ - യെന്തര്?
- അല്ല ചേട്ടാ, ഈ അമേരിക്കന്‍ ജങ്ങ്ഷനിലേക്ക് ഏദ്യാ വഴി?
വേ (തിരിഞ്ഞ് സഖാവിനോട്) - അണ്ണാ... ഇത് യേത് സ്തലം?
- വോ അമേരിക്കന്‍ ജന്ഷനിലാട്ട് തന്നേ? ദോണ്ട് റ്വാട്ടീ നൂത്ത് പ്വാണം.
- എത്ര ദൂരം ണ്ടാവും?
- വോ, ഒത്തിരീന്നും യില്ല.
- ഈ വഴീല് നേരെ പോയാ അവ്ടെത്ത്വോ
- യീ വഴീ നൂത്ത് പ്വായാ ____ജന്ഷനീ യെത്തും. അവ്ടെ യാരോടേലും ച്വാദീര്, അപ്പ പര്‍ഞ് തരും.
പെട്ടിക്കടയില്‍ നിന്നും സഖാവ് കാണിച്ചുതന്ന റോഡിലൂടെ നേരെ വെച്ചുപിടിച്ച ഞാന്‍ ____ ജങ്ങ്ഷന്‍ കണ്ടുപിടിച്ചു. അവിടെ നിന്നും വെറൊരാളോട് ചോദിച്ച് അമേരിക്കന്‍ ജങ്ങ്ഷനിലേക്കുള്ള വഴി മനസിലാക്കി വെച്ചു. പിന്നീട് വീട് പോയി കാണുകയും ഉറപ്പിക്കുകയും ചെയ്തു.
++++++++++++++++++++
അടുത്തയാഴ്ച ഈ വീട് ഒന്നുകൂടി കാണാന്‍ ഞാന്‍ എന്റെ കസിനെയും കൂട്ടി യാത്രയായി. ആദ്യയാത്ര വീട്ടുടമസ്ഥന്റെ കൂടെ ആയതിനാല്‍ വഴി ശരിക്കും പഠിച്ചിരുന്നില്ല, അതിനാല്‍ പ്രതീക്ഷിച്ചതുപോലെ വഴി തെറ്റി. ചോദിക്കാതെ ഇനി പോകുന്നതില്‍ അര്‍ത്ഥമില്ലെന്നു മനസിലായപ്പോള്‍ ഞങ്ങള്‍ ഒരു കടയില്‍ കയറി വഴി ചോദിച്ചു മനസിലാക്കി.... താഴെ പറയുന്ന തിരക്കഥയിലെ രംഗം ഇവിടെ നടമാടി.
രംഗത്തുള്ള താരങ്ങള്‍ - അപ്പൂട്ടന്‍, ഗോപിയണ്ണന്‍ (Name changed എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)
- ചേട്ടാ, ഈ കൂര്‍ക്കപ്പാറ റോഡ് എവട്യാ?
ഗോ - കൂര്‍ക്കപ്പാറ റോഡാ? ദോണ്ടിങ്ങനെ പ്വായി റെയ്റ്റ്. എന്തരിനാണ്?
- ഏയ്. ഒരു വീട് വാടകക്ക് എട്ത്ണ്ടേയ്. പ്പ വഴി തെറ്റി. അപ്പൊന്ന് ചോയ്ക്കാം ച്ച് കേറീതാ.
ഗോ - അവ്ടെ യാത് വീട്?
- പ്രഭാതം ന്ന്‍ പേര്ള്ള വീട്.
ഗോ - വോ, പ്രഫാതം.... വൊരു പുതീ വീട് തന്നേ?
- അതന്നെ.
ഗോ - ആ വഴീ പ്വായാ വൊരു പള്ളി കാണും. അതിന്റെ വാപ്പാസിറ്റ് തന്നേ വീട്.
അങ്ങിനെ പള്ളീടെ "വാപ്പാസിറ്റുള്ള വീട്" അന്വേഷിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
********************************
ഇനിയുള്ള കഥ തിരുവനന്തപുരം അഡ്വെഞ്ചര്‍ അല്ല, ഒരു തെക്കനും ഞാനെന്ന വടക്കനും തമ്മിലുണ്ടായ ഒരു ചെറിയ തെറ്റിദ്ധാരണയാണ്. പറഞ്ഞുവരുന്പോള്‍ ഒരു ചെറിയ ഭാഷാപ്രയോഗപ്രശ്നം.
ഞങ്ങളുടെ ഓഫീസില്‍ ഒരു പ്രോജക്ടില്‍ അത്യാവശ്യമായി _____ skill ഉള്ള ഒരാള്‍ വേണം. ആവശ്യം ഒരു കാഷ്വല്‍ എന്ക്വയറി ആയി ഞങ്ങളുടെ പിഎം (പ്രോജക്റ്റ് മാനേജര്‍) ന്റെ അടുത്തെത്തി.
പിന്നീട് എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. "നിങ്ങളുടെ ഡിപ്പാര്‍ട്മെന്റില് _____ അറിയാവുന്ന ആള്‍ ഉണ്ടോ?"എനിക്കറിയാവുന്ന ഒരു പേര് പറഞ്ഞുകൊടുത്ത് ഞാന്‍ എന്റെ പണി തുടര്‍ന്നു.
പിറ്റേന്ന് ഊണ് കഴിക്കുന്പോള്‍ എനിക്കൊരു കോള്‍, പിഎം ആണ്.
"അല്ല, നമ്മടെ _____ അറിയാവുന്ന ആളുടെ കാര്യം എന്തായീ? ഞാന്‍ ഇന്നലെ പറഞ്ഞിരുന്നതല്ലേ?"
എനിക്കതുകേട്ടപ്പോള്‍ ആദ്യം വന്നത് ദേഷ്യമാണ്.
ഒന്നാമതായി എനിക്ക് ഇതില്‍ ഔദ്യോഗികമായി ഉത്തരവാദിത്തം ഒന്നുമില്ല. പിന്നെ, ആവശ്യക്കാരന്‍ ഒരു രീതിയിലും ഇതില്‍ അന്വേഷണം നടത്തിയിട്ടുമില്ല. ഞാനെന്തിനു പാടുപെടണം? ഇത് സ്വാഭാവികമായ ചിന്ത മാത്രം.
എന്നാല്‍ എന്നെ അലട്ടിയത് വേറൊരു കാര്യമാണ്, എന്നോട് പിഎം ചോദിച്ച ചോദ്യം. "ഇന്നലെ പറഞ്ഞിരുന്നതല്ലേ", എന്ന് വെച്ചാല്‍ ഇന്നലെ ഞാന്‍ പറഞ്ഞിട്ടും നിനക്കൊരു കുലുക്കവുമില്ലല്ലോ എന്നല്ലേ പിഎം അര്‍ത്ഥമാക്കുന്നത്.
ഞാനധികം സംസാരിക്കാന്‍ നിന്നില്ല, നോക്കാം എന്നുപറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.

പിന്നീടാണ് പിഎം പറഞ്ഞതിന്റെ ധ്വനി എനിക്ക് മനസിലായത് (അത് പിഎംനെ വ്യക്തിപരമായി അറിയാവുന്നതിലാണ് സാധ്യമായതെന്നുകൂടി പറയട്ടെ)
തലേദിവസം പറഞ്ഞ ഒരു കാര്യം ഒന്നുകൂടി ഓര്‍മിപ്പിക്കുന്നതിന് വള്ളുവനാടന്‍ ശൈലിയില്‍ സാധാരണയായി പറയുന്നത് "ഇന്നലെ പറഞ്ഞില്ലേ..... " എന്ന മട്ടിലാണ് (ന്നലെ പര്‍ഞ്ഞില്ല്യേ എന്ന് തന്നെ പറയണം, എന്നാലേ ശരിയാവൂ).
"ഇന്നലെ പറഞ്ഞിരുന്നതല്ലേ" എന്ന പ്രയോഗം അവിടുത്തുകാര്‍ക്ക് ഒരു കുറ്റപ്പെടുത്തലാണ്, ഓര്‍മിപ്പിക്കലല്ല. ആ രീതിയില്‍ പറയുന്പോള്‍ സാധാരണയായി സംസാരത്തിന്റെ ടോണ്‍ തന്നെ മാറും.

സത്യത്തില്‍ പിഎം ഉദ്ദേശിച്ചത് "ഇന്നലെ പറഞ്ഞില്ലേ..." എന്നുതന്നെ ആയിരുന്നു. ഇത്തിരി തെക്കോട്ടുവന്നതിനാല്‍ വാക്കുകള്‍ ഇത്തിരി മാറിപ്പോയി, എന്റെ സംസാരരീതി വേറെയായിരുന്നതിനാല്‍ അര്‍ത്ഥവും.
പിന്നീട് കാര്യങ്ങള്‍ ഒരുവിധം സെറ്റപ്പ് ആക്കിയതിനുശേഷം ഞാനും പിഎമ്മും ഇതുപറഞ്ഞു ചിരിച്ചു.
**************
കേള്‍ക്കുന്നവനുള്ളതാണ് ഭാഷ. ഭാഷ സംവദിക്കാനുള്ളതുതന്നെ, ഉച്ചാരണവും വ്യാകരണവും ഒന്നും ഇവിടെ പ്രസക്തമല്ല. പക്ഷെ ഭാഷാശൈലികള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ ചിരിപ്പിക്കാനും കരയിക്കാനുമൊക്കെയായി ഭാഷകള്‍ ഉള്ളിടത്തോളം കാലം നമ്മുടെയിടയില്‍ നിലനില്‍ക്കും. ആര്‍ക്കും കരയാനിടവരുത്താതെ അത് നില്ക്കുമെന്ന് നമുക്ക് വിശ്വസിക്കാം. അതുവരെ നമുക്കു ചിരിക്കാം, ഓര്‍ത്തോര്‍ത്തുചിരിക്കാം

Tuesday, October 7, 2008

കഥകളി വേഷങ്ങള്‍.

ഞാന്‍ ഒരു കഥകളി ഭ്രാന്തനല്ല. നന്പൂരാര്ടെ ഭാഷയില്‍ പറഞ്ഞാല്‍ "അശേഷം കളിഭ്രാന്തില്ല്യാന്നര്‍ത്ഥം". പച്ച, കത്തി, കരി, താടി, മിനുക്ക്‌ ഇത്യാദി ശ്ശ്യൊരൂട്ടം കേട്ട്ണ്ട് ന്നല്ലാണ്ടെ ദൊക്കെന്താ ന്ന് ചോയ്ച്ചാ ഒന്നന്ധാളിക്കും, നിശ്ശം.

ഈ ലോകവിവരം മാത്രം കയ്യില്‍ വെച്ചാണ് ഈ കഥ എഴുതുന്നത്, തെറ്റുകള്‍ സദയം മാപ്പാക്കുമല്ലോ.

ഞാന്‍ ഐഐഎസ് സിയില്‍ പ്രോജക്റ്റ് അസിസ്റ്റന്റ് ആയി പണിയെടുക്കുന്ന കാലം. എന്റെ പഴയ ഒട്ടുമിക്ക കഥകളിലും ഈ കാലമാണ് വരച്ചിട്ടുള്ളത്. ഇതും ആ സമയത്തുണ്ടായ ഒരു ചെറിയ കഥയാണ്.
++++++++++++++++++++++++++++++
കഥ തുടങ്ങുന്നതിനുമുന്പ് നായകനെ ഒന്നു പരിചയപ്പെടേണ്ടെ. നായകന്റെ പേര് തല്‍ക്കാലം പറയുന്നില്ല, ഇനി അവനെങ്ങാന്‍ ഇതു വായിച്ചാലോ. സൌകര്യത്തിന് നമുക്കവനെ സഖാവ് എന്ന് വിളിക്കാം, കാരണം അവന്‍ ഒരു സിപിഎം അനുഭാവി ആയിരുന്നു. സഖാവിനെ അറിയുന്നവര്‍ക്ക് അവനാണ് ഈ പാവം ഇര എന്ന്‍ മനസിലാവും, കാരണം അവനെ ആര്‍ക്കും മറക്കാനാവില്ല എന്നത് തന്നെ.

അവന്റെ കാര്യങ്ങള്‍ പറ്റാവുന്നത്ര പറയാം, എന്നാലേ കഥ മുഴുവനാവൂ.

ലോകത്തെയും മാലോകരെയും ഒരുപാട് സ്നേഹിക്കുന്നവനാണ് സഖാവ് എന്നാണ് എന്റെ വിലയിരുത്തല്‍. സ്വന്തം സന്തോഷങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനും സങ്കടങ്ങള്‍ പറഞ്ഞു നെടുവീര്‍പ്പെടാനും മടിയില്ലാത്ത ഒരു പാവം. അവന്റെ മനസിലുള്ളത് പുറത്തുവരാന്‍ അധികമൊന്നും ക്ലേശിക്കേണ്ടിവരില്ല സാധാരണയായി.
ആധുനിക വൈദ്യശാസ്ത്രം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലാത്ത പവറുള്ള ഒരു കണ്ണടയാണ് ആശാന്റെ മുഖമുദ്ര, എന്നുവെച്ചാല്‍ കുറേക്കാലമായി കണ്ണട വെച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ മുഖത്ത്, കൃത്യമായി പറഞ്ഞാല്‍ മൂക്കില്‍, നല്ലൊരു മുദ്ര, അഥവാ പാട് ഉണ്ടെന്നുതന്നെ. അന്ന്‍ സഖാവ് മെലിഞ്ഞ ശരീരപ്രകൃതിക്കാരനായിരുന്നു. ഇപ്പോള്‍ എന്താണ് അവതാരരൂപം എന്നറിയില്ല, ഒരു കുടവയറൊക്കെ ചാടിയിട്ടുണ്ടായിരിക്കാം.
ആ കാലഘട്ടത്തില്‍ ഒരു താടിയുമായാണ് സഖാവ് നടന്നിരുന്നത്. "തടി വരുന്നില്ല, എന്നാല്‍ താടി വരട്ടെ" എന്ന സിദ്ധാന്തമാണോ അതോ താടി വടിക്കാന്‍ മിനക്കിടാത്തതാണോ, അതോ സമൃദ്ധമായ സ്വന്തം താടിയില്‍ അഭിമാനം തോന്നിയിട്ടാണോ.... എന്തൊക്കെയായാലും സഖാവ് എന്നാല്‍ "ആ താടി വെച്ച പയ്യനല്ലേ" എന്ന്‍ ചെറിയ പരിചയം മാത്രമുള്ളവര്‍ പറയും. (പിന്നീടെപ്പോഴോ കണ്ടപ്പോള്‍ അവന്‍ താടി വടിച്ചുകളഞ്ഞതായി കണ്ടു. തടി വന്നതിലാവാം താടി വേണ്ടെന്നുവെച്ചത്).
ശരീരപ്രകൃതി അവിടെ നില്‍ക്കട്ടെ, സ്വഭാവമാണ് കൂടുതല്‍ പറയേണ്ടത്. അതാകുന്നു കഥയിലെ ആണിക്കല്ല്.

അസാധ്യമായൊരു ഓര്‍മശക്തിയാണ് സഖാവിന്.
നമ്മള്‍ ഒരാളെക്കുറിച്ച് അബദ്ധവശാല്‍ എങ്ങാനും പറഞ്ഞുപോയാല്‍ കുറേദിവസങ്ങള്‍ക്കുശേഷവും ആ വ്യക്തിയെപറ്റിയുള്ള വിവരണം അവന്റെ ഡേറ്റാബേസില്‍ കിടക്കുന്നുണ്ടാവും. "ആങ്.... നീയന്നു പറഞ്ഞ സജീവല്ലേ.... ആ എംഏ മലയാളം കഴിഞ്ഞ് നാട്ടില്‍ മാഷായി പണിയെടുത്തതിനുശേഷം സോഫ്റ്റ്വെയറിലേക്ക് ചാടി ഇപ്പൊ വിപ്രോയില്‍ വര്‍ക്ക് ചെയ്യുന്നവന്‍" എന്ന മട്ടിലാണ് ഗഡിയുടെ സംസാരം. ഈ സജീവിനെക്കുറിച്ച് എപ്പോഴാണ് ഞാന്‍ ഇവനോട് പറഞ്ഞതെന്ന്‍ എനിക്കുപോലും ഓര്‍മയുണ്ടാവില്ല.

ഇങ്ങിനെയുള്ള ഒരുത്തന്‍ സംസാരപ്രിയനായതില്‍ വലിയ അദ്ഭുതം തോന്നേണ്ടതില്ലല്ലൊ. ഒരു സംസാരപ്രിയന്‍ തന്നെയാണ് നമ്മുടെ സഖാവ്.
ഒരുപാട് സംസാരിക്കും എന്നതുകൊണ്ടുതന്നെ സംസാരത്തിനിടക്ക് നല്ല "വെടി"കളും വരും സഖാവില്‍ നിന്ന്‍. വിശ്വസിക്കണമെങ്കില്‍ കേള്‍ക്കുന്നവന്‍ മന്ദബുദ്ധിയായിരിക്കണം എന്ന കണ്ടീഷന്‍ വെക്കാന്‍ പാകത്തില്‍ ചില കഥകള്‍ ഇവന്റെ വകയായിട്ടുണ്ട്. പരത്തി പറയുന്നില്ല, എന്നാലും ഒരു ചെറിയ, വളരെ ചെറിയ, സാന്പിള്‍ തരാം.
1985 ഇന്ത്യാ-ഓസ്ട്രേലിയാ മാച്ചില്‍ ഭയങ്കര സ്ലെഡ്ജിംഗ്. സഹിക്കാന്‍ പറ്റാതായപ്പോള്‍ ബാറ്റു ചെയ്യുകയായിരുന്ന മൊഹിന്ദര്‍ അമര്‍നാഥ് തിരിഞ്ഞുനിന്ന്‍ ഫസ്റ്റ്‌ സ്ലിപ്പില്‍ നിക്കുന്ന ജെഫ് മാര്‍ഷിനെ നോക്കി "ഫ__ യൂ ബാസ്___" എന്ന് ഒറ്റ പറച്ചില്‍... ബാറ്റു ചൂണ്ടിക്കൊണ്ട്. പിന്നെ ആ ടെസ്റ്റ് കഴിയുന്നതുവരെ മാര്‍ഷ് മിണ്ടിയിട്ടില്ല.
അന്നത്തെ സ്റ്റംപ് മൈക്രോഫോണിന് അത്ര ശക്തിയുണ്ടായിരുന്നോ എന്നറിയില്ല, അന്പയറോ മറ്റു ഒഫീഷ്യല്‍സോ ഇതു കേട്ടതായും വാര്‍ത്ത കണ്ടിട്ടില്ല. ഏതായാലും വേറെയാരും കേള്‍ക്കാത്തൊരു കാര്യം ഇവന്‍ മൈക്രോഫോണിന്റെ സഹായമില്ലാതെ തന്നെ കേട്ടു. ജഫ് മാര്‍ഷും കേട്ടുകാണണം, അതാണല്ലോ അങ്ങേരു പിന്നെ മിണ്ടാണ്ടായത്. ഏതായാലും ടെസ്റ്റിന്റെ ബാക്കി സമയം മുഴുവന്‍ മാര്‍ഷ് മിണ്ടാതിരുന്നു എന്നതും മാര്‍ഷും സഖാവും മാത്രം അറിഞ്ഞിട്ടുള്ള കാര്യമാണ്, ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പോലും അറിഞ്ഞുകാണില്ല.

സഖാവും കഥകളിയും തമ്മിലെന്ത് ബന്ധം? വലിയ ബന്ധമൊന്നുമില്ല. പക്ഷെ സഖാവും കഥകളിവേഷങ്ങളും തമ്മില്‍ ബന്ധമുണ്ട്. ഇത്രയും പറഞ്ഞതില്‍ നിന്ന്‍ ഒന്നും മനസിലായില്ലെങ്കില്‍ വിശദമാക്കാം.
സഖാവ് സമൃദ്ധമായി താടി വളര്‍ത്തിയിരുന്നു എന്ന്‍ നേരത്തെ പറഞ്ഞല്ലോ.
സ്വഭാവം കൊണ്ട് കത്തിയുമാണ്.
അപ്പോള്‍ കത്തി, താടി തുടങ്ങിയ വേഷങ്ങള്‍ സഖാവിന്റെ കയ്യില്‍ ഭദ്രം.
ഇനിയാണ് അടുത്ത വേഷം വരുന്നത്.

ഈ കഥ നടക്കുന്ന കാലത്തെ സഖാവിന്റെ അവസ്ഥയില്‍ നിന്നും തുടങ്ങാം ആദ്യം.

സഖാവും എന്നെപ്പോലെ ജോലി തെണ്ടിയാണ് ബാംഗ്ലൂരില്‍ എത്തിപ്പെട്ടത്. ഞങ്ങളുടെ രണ്ടുപേരുടെയും ചങ്ങാതിയായിരുന്നു പ്രേം. ഈ പ്രേം വഴിയാണ് ഞാന്‍ ഐഐഎസ് സിയില്‍ എത്തുന്നതും ഒരു പ്രോജക്റ്റ് അസിസ്റ്റന്റ് എന്ന താല്‍ക്കാലിക ജോലി തരപ്പെടുത്തുന്നതും. സഖാവും അങ്ങിനെത്തന്നെ. കുറച്ചുകഴിഞ്ഞപ്പോള്‍ പ്രേം തന്റെ ഐഐഎസ് സിയിലെ പിഎച്ച്ഡി മതിയാക്കി ജോലിയുമായി ഐക്യനാടുകളിലേക്ക് പറന്നു. തന്റെ ഹോസ്റ്റല്‍ മുറി ഒഴിയാതെയാണ് പ്രേം പോയത്. ആ മുറിയിലാണ് നമ്മുടെ സഖാവ് താമസിച്ചിരുന്നത്. എപ്പോള്‍ വേണമെങ്കിലും ഒരു ചെക്കിംഗ് നടന്നേക്കാമെന്നും അങ്ങിനെ നടന്നാല്‍ തന്റെ ഐഐഎസ് സി വാസം തീരുമെന്നും സഖാവ് വല്ലാതെ പേടിച്ചിരുന്നു. പിടിക്കപ്പെടുമെന്നു മാത്രമല്ല, നിയമവിരുദ്ധമായി താമസിക്കുന്നതിന്റെ പേരില്‍ വേറെ പുലിവാലുകള്‍ക്കും സാധ്യതയുണ്ട്. അതിനാല്‍ വളരെ സൂക്ഷിച്ചാണ് പേടിച്ചാണ് തന്റെ ജീവിതം സഖാവ് നയിച്ചിരുന്നത്.

അങ്ങിനെ, നമ്മുടെ നായകന്‍ പുതിയ അങ്കത്തിന് തയ്യാറെടുത്തുനില്ക്കുന്നു.
ആ അങ്കമാണ് ഈ കഥ.

************************************************

ഒരുദിവസം ലാബിലെത്തിയ എനിക്ക് ഒരു ഫോണ്‍. സഖാവാണ് മറുവശത്ത്.
വളരെ ദയനീയസ്വരം."അപ്പൂട്ടാ, ആകെ പ്രശ്നമായി. റൂം മുഴുവന്‍ കരിപിടിച്ച് നാശമായി കിടക്ക്വാ. എന്ത് ചെയ്യണം എന്നൊരു പിടീല്ല"
സംഭവത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചപ്പോഴാണ് കാര്യമറിഞ്ഞത്. അതീവിധം.

തലേദിവസം സഖാവും വിനയനും തമ്മില്‍ വൈകുന്നേരം കുറേനേരം സംസാരിച്ചിരുന്നു. ഒടുവില്‍ നേരം വല്ലാതെ വൈകി എന്ന് മനസിലാക്കിയപ്പോള്‍ രണ്ടുപേരും എഴുന്നേറ്റ് മെസില്‍ ഡിന്നറടിക്കാന്‍ പോയി.
തിരിച്ചുവന്നപ്പോള്‍ മുറി മുഴുവന്‍ പുക, കട്ടപ്പൊക.
പോകുന്ന നേരത്ത് വലിച്ചുതീരാറായ സിഗരറ്റ് കുറ്റി ചവറ്റുകൊട്ടയില്‍ ഇട്ടിരുന്നു, അത് കടലാസിലെല്ലാം കത്തിപ്പിടിച്ച് പതുക്കെ ബെഡ്ഷീറ്റിലേക്കും മറ്റും പടര്‍ന്ന്‍ ആകെ പുകമയം ആയി നില്ക്കുന്നു. ഭാഗ്യത്തിന് സാധനങ്ങള്‍ അധികമൊന്നും കത്തിയിരുന്നില്ല, പക്ഷെ മുറി മുഴുവന്‍ പുകയായിരിക്കുന്നു.
രാത്രി ഒന്നും ചെയ്യാനില്ലാതിരുന്നതിനാല്‍ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റപ്പോഴാണ് യാഥാര്‍ത്ഥപ്രശ്നം തലപൊക്കി വരുന്നത്. ചുവരുകളിലും മുകളിലുമെല്ലാം കരി. കരിയെന്നുപറഞ്ഞാല് മഞ്ഞ ചുവരുകള്‍ മുഴുവന്‍ കറുത്തിരിക്കുന്നു. മുന്‍പേയുള്ള കേസുകളുടെ കൂട്ടത്തില്‍ ഇതുകൂടി വന്നാല്‍ സഖാവിന്റെ കാര്യം മുറിയിലുണ്ടായിരുന്നതുപോലെത്തന്നെ "കംപ്ലീറ്റ് കട്ടപ്പൊക" ആയിത്തീരും.

എന്തുചെയ്യും എന്നാലോചിച്ച് സഖാവിന് കരച്ചില്‍ വന്നിരിക്കുന്ന സമയം. ഉള്ള കൂട്ടുകാരെല്ലാം രാവിലെതന്നെ അവരവരുടെ ലാബുകളിലെത്തി ഗൈഡുകളുമായി വാഗ്വാദത്തിലാണ്, അവരെ വിളിക്കാന്‍ വയ്യ. ഒറ്റക്ക് ആ യുദ്ധം നയിക്കാന്‍ ത്രാണിയില്ലാതെയാണ് സഖാവിന്റെ ദയനീയാവസ്ഥ.

ഇത്തിരി പണികളുണ്ടായിരുന്നത് തീര്‍ത്ത്‌ ഗൈഡിന്റെ അനുവാദം വാങ്ങി ഞാന്‍ ഹോസ്റ്റല്‍ ലക്ഷ്യമാക്കി നടന്നു. അവിടെ ചെന്നപ്പോള്‍ രംഗം കുറച്ചുകൂടി ശാന്തമായിരിക്കുന്നു.
സഖാവിന് ഒരു തമിഴന്റെ സഹായം കിട്ടിയിട്ടുണ്ട്. സഖാവും തമിഴനും കൂടി ചുവരായ ചുവരുമുഴുവന്‍ വെള്ളമൊഴിച്ചും ചകിരി കൊണ്ടു ഉരച്ചും കരിയിളക്കിക്കൊണ്ടിരിക്കുകയാണ്. ഒരുവിധം ആള്‍പ്പൊക്കത്തിലുള്ള കരി കഴുകി ലെവലാക്കിയിട്ടുണ്ട്. ഇനി പ്രശ്നം അതിന് മുകളിലും ഉത്തരത്തിലുമുള്ള കരിയാണ്.

അതിനായി എവിടെനിന്നോ ഒരു ഏണി (ഞങ്ങളുടെ നാട്ടില്‍ കോണി എന്ന് പറയും, മലയാളത്തില്‍ ലാഡേഴ്സ് എന്നും) സംഘടിപ്പിച്ചിട്ടുണ്ട്. പക്ഷെ നിലം മുഴുവന്‍ വെള്ളമായതിനാല്‍ വഴുക്കുമോ എന്ന പേടി കാരണം തമിഴന്‍ വായപൊളിച്ചിരിക്കുകയാണ്.

ഞാന്‍ ചെന്ന സമയം നന്നായി എന്ന് തോന്നി. ഏണി ചുവരില്‍ ചാരി തമിഴന്‍ അതില്‍ കയറി ചുവര്‍ വൃത്തിയാക്കിത്തുടങ്ങി. ഞാന്‍ ഏണി വഴുക്കാതെ പിടിച്ചു നില്‍പ്പും. സഖാവ് വേറെ ഭാഗങ്ങളിലേക്ക് തന്റെ ശ്രദ്ധ പതിപ്പിച്ചു. അങ്ങിനെ പതുക്കെ പതുക്കെ "ഓപ്പറേഷന്‍ കരികളയല്‍" പുരോഗമിച്ചു.

കഷ്ടകാലം എന്നല്ലാതെ എന്തുപറയാന്‍. സഖാവിന് ഒരു ബക്കറ്റ് ആവശ്യം വന്നു, "അപ്പൂട്ടാ, അതൊന്ന്‍ എടുത്തുതര്വോ" എന്ന്‍ ചോദിക്കാന്‍ തോന്നി. ബക്കറ്റ് എടുക്കാനായി ഞാന്‍ ഏണിയില്‍ നിന്നും പിടിവിട്ടതും ഏണി വഴുക്കി തമിഴനും ഏണിയും ഒന്നിച്ച് നിലത്തുവീണതും ഞൊടിയിടക്കുള്ളില്‍ കഴിഞ്ഞു, എനിക്കൊന്ന്‍ പ്രതികരിക്കാന്‍ പോലും സമയം തരാതെ. തമിഴന്റെ ആര്‍ത്തനാദത്തിനും ഏണി നിലത്തുവീഴുന്നതിന്റെ ശബ്ദത്തിനും ഒരേ ഫ്രീക്വെന്‍സി ആയിരുന്നു. (പറയുന്നത് ക്രൂരമാണോ, സോറി)

സഖാവിന്റെ മനസ്സില്‍ ഇപ്പോള്‍ കരിയോ പുകയോ ഒന്നുമല്ലായിരുന്നു. തമിഴന്റെ അവസ്ഥ എവിടേക്കുമെത്താം. വല്ല എല്ലും ഒടിഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ പുകില് വേറെ. അടിച്ചുഫിറ്റായവനെ ഒരു ജീവിയുടെ പേരുചേര്‍ത്തു പറയാറില്ലേ, ആ ജീവി ഇടിവെട്ടിയവന്റെ തലയില്‍ കടിച്ചാല്‍ എങ്ങിനെയിരിക്കും, അതായിരുന്നു സഖാവിന്റെ അപ്പോഴത്തെ അവസ്ഥ. ഏണി യഥാര്‍ത്ഥത്തില് "ഏണി" ആയ കണ്ടീഷന്‍. ആള്‍ ലാഡേഴ്സ്.

ഒന്നു രണ്ടു നോട്ടുകള്‍ കൊടുത്ത് തമിഴനെ ഒരുവിധത്തില്‍ പറഞ്ഞയച്ചു. "ഉങ്കളുക്ക് വലിക്കിതാ വലിക്കിതാ" എന്ന്‍ ഞാന്‍ രണ്ടുമൂന്നുതവണ ചോദിച്ചു. (പോടാ പുല്ലേ... ഒന്നു വലിച്ചിട്ടല്ലെടാ ഈ കുരിശുമുഴുവന്‍ ഉണ്ടായത്, ഇനി ഈ തമിഴനെക്കൂടി വലിപ്പിക്കണോ എന്ന്‍ സഖാവ് ചിന്തിച്ചോ ആവോ, ഉണ്ടാവാന്‍ വഴിയില്ല, അവന് അത്യാവശ്യം തമിഴറിയാം)

തമിഴന്‍ പോയി കുറച്ചുകഴിഞ്ഞപ്പോള്‍ ഐഐഎസ് സിയിലെ മറ്റു ചങ്ങാതിമാര്‍ തങ്ങളുടെ അത്യാവശ്യപണികള്‍ തീര്‍ത്ത് തിരിച്ചെത്തി. പിന്നീട് പണി എളുപ്പമായിരുന്നു. എല്ലാവരും കൂടി ഉത്സാഹിച്ച് കരി മുഴുവന്‍ കഴുകിക്കളഞ്ഞു. പാവം സഖാവ്, അതുവരെ ഉണ്ണാന്‍ പോലും കഴിയാതെ തന്റെ ഗതികേടിനെ ശപിച്ച് "പ്പ കരയും" എന്ന മട്ടില്‍ ഇരിക്കുകയായിരുന്നു. ഈ അങ്കമെല്ലാം ഒന്നു കഴിഞ്ഞപ്പോഴാന്‍ അവന്റെ മുഖം കുറച്ചെങ്കിലും ഒന്നു തെളിഞ്ഞത്.

**********************************

അങ്ങിനെ സഖാവ് പുതിയൊരു കഥകളി വേഷം കൂടി കെട്ടി. കരി.
കത്തി, കരി, താടി...... കഥകളിയിലെ വില്ലന്‍ വേഷങ്ങള്‍ എല്ലാം തികഞ്ഞു.
ജീവിതത്തില്‍ ഒരുപാട് പച്ചവേഷം സഖാവ് കെട്ടിയിട്ടുണ്ടാവാം, ചിലരെയെങ്കിലും തന്റെ പരിധിക്കകത്തുനിന്ന് സഹായിച്ചിട്ടുണ്ടാവാം, തീര്‍ച്ച. മനസിനകത്ത് ധാരാളം നന്മ സൂക്ഷിക്കുന്ന ഒരു പാവമാണ് അവന്‍.
ഇനി മിനുക്ക്‌.... അതിന്റെ കാര്യം അറിഞ്ഞുകൂടാ.


വേഷംകെട്ടില്ലാതെ ജീവിക്കുന്ന ആ നല്ല സുഹൃത്തിന് നന്മ മാത്രം ആശംസിക്കുന്നു.
അപ്പൂട്ടന്‍.

Monday, October 6, 2008

ചില നാടകാനുഭവങ്ങള്‍ - ഭാഗം രണ്ട്.

ഒന്നാം ഭാഗത്തില്‍ നിന്നും നാടകത്തിന്റെ കഥ കേട്ടല്ലോ, ഈ നാടകം അവതരിപ്പിക്കാന്‍ എത്ര സമയമെടുക്കും? കൂടിയാല്‍ പതിനഞ്ചുമിനിറ്റ്. രാത്രി മുഴുവന്‍ ചെലവാകാന്‍ ഇതു പോരല്ലോ. വേറെ ചില്ലറ ചെറിയ പരിപാടികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമെ ഇതൊരു ശിവരാത്രി ആക്കാന്‍ സാധിക്കൂ. കൂടാതെ വന്നിരിക്കുന്ന കാണികള്‍ക്ക് രസിക്കാനും എന്തെങ്കിലുമൊക്കെ വേണമല്ലോ.

സിനിമാതാരങ്ങള്‍ നടത്തുന്ന "സ്റ്റാര്‍ നൈറ്റ്" കണ്ടിട്ടില്ലേ. പാട്ട്, ഡാന്‍സ്, സ്കിറ്റ്, മിമിക്രി എന്നിങ്ങനെ പല പല പരിപാടികള്‍ ഒരു അവിയല്‍ പരുവത്തില്‍ കൂട്ടിക്കുഴച്ച് എല്ലാത്തരം നടന്മാര്‍ക്കും നടികള്‍ക്കും ഒരു ചാന്‍സ് കിട്ടുന്ന രീതിയില്‍ ഒരു തല്ലിക്കൂട്ട്. അത്തരത്തില്‍ ഒരു പരിപാടി ആണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. സിനിമാക്കാര്‍ ഈ ഐഡിയ ഇംപോര്‍ട്ട് ചെയ്തത് ഞങ്ങളുടെ പരിപാടി കണ്ടിട്ടാണെന്ന് എനിക്ക് ബലമായ സംശയമുണ്ട്. (അഭിപ്രായവ്യത്യാസം ഞങ്ങള്‍ക്ക് ഇരുന്പുലക്കയല്ല, തേങ്ങാക്കൊലയാണ്)

സൂരജ് എന്ന ഒരു അയല്‍വാസിപയ്യനാണ് ഞങ്ങളുടെ സഹായത്തിനെത്തിയത്. അന്നവന്‍ രണ്ടിലോ മൂന്നിലോ ആയിരിക്കണം പഠിക്കുന്നത്.

മിഥുന്‍ ചക്രവര്‍ത്തിയെ താരപദവിയിലെക്കുയര്‍ത്തിയ "ഡിസ്ക്കോ ഡാന്‍സര്‍" എന്ന സിനിമ ഇറങ്ങിയ കാലമാണ്. "അയാം ഏ ഡിസ്ക്കോ ഡാന്‍സര്‍" എന്ന പാട്ട് ഇന്ത്യയിലെങ്ങും തരംഗമായി ഓടുന്ന കാലം.
ആ പാട്ടിനൊത്ത് ഡാന്‍സ് ചെയ്യാന്‍ സൂരജ് തയ്യാറായി. സിനിമയുടെ ഓഡിയോ കാസറ്റും അവന്റെ കയ്യില്‍ ഉണ്ടായിരുന്നു. ഈ മോഹവും കാസറ്റുമൊക്കെ കയ്യില്‍ വെച്ച് സ്വന്തം കഴിവുതെളിയിക്കാന്‍ ഒരു വേദി കിട്ടാതെ വിഷമിക്കുകയായിരുന്നു ആ പാവം കൊച്ചു കലാഹൃദയം. അപ്പോഴാണ് ഞങ്ങളുടെ വേദി പരിപാടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വിവരം അവനറിഞ്ഞത്. അങ്ങിനെ ഒരു വിന്‍-വിന്‍ സിറ്റുവേഷന്‍ ഒത്തുവന്നു. ഞങ്ങള്‍ക്ക് ഒരു ഫില്ലര്‍ പരിപാടി കിട്ടിയ സന്തോഷം, അവനൊരു സ്റ്റേജ് കിട്ടിയ ആവേശം.
സൂരജിന്റെ വേഷങ്ങള്‍ക്കും ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. എന്നെങ്കിലും ഒരു സ്റ്റേജ് കിട്ടും എന്ന പ്രതീക്ഷയിലാണോ എന്നറിയില്ല, തിളങ്ങുന്ന കുറെ ഷര്‍ട്ടുകള്‍ അവന്റെ കയ്യില്‍ ഉണ്ടായിരുന്നു. കളര്‍ഫുള്‍ ആയൊരു ഷര്‍ട്ടും വെളുത്ത പാന്റും തലയിലൊരു കെട്ടും ഒക്കെ ആയപ്പോള്‍ അവന്‍ ചെറിയൊരു "മിദുന്‍ചക്കര്‍ത്തി" ആയി രൂപാന്തരപ്പെട്ടു.

കഴിഞ്ഞവര്‍ഷം സ്റ്റേജ് സെറ്റിംഗ് ഒന്നും ഇല്ലായിരുന്നു എന്ന്‍ പറഞ്ഞല്ലോ. ഇത്തവണയും അങ്ങിനെ ഒരു കാര്യം ഞങ്ങളുടെ മനസ്സില്‍ ഇല്ലായിരുന്നു. അതിനെക്കുറിച്ച് ഒരു ധാരണ തന്നെ മനസ്സില്‍ ഇല്ലായിരുന്നു എന്നതുതന്നെ കാരണം.

അപ്പോഴാണ് അടുത്ത സഹായിയുടെ രംഗപ്രവേശം. കുട്ടന്‍, മണിചേച്ചിയുടെ മകന്‍. ആള്‍ വളരെ സീനിയര്‍ ആണ്.

സിഗരറ്റ് പാക്കറ്റുകള്‍ ചേര്‍ത്തുണ്ടാക്കുന്ന കൂടുകള്‍ കണ്ടിട്ടില്ലേ, അതുപോലൊരെണ്ണം കുട്ടന്‍ എവിടെനിന്നോ സംഘടിപ്പിച്ചു. എല്ലാവശത്തും ഓരോ സ്ലോട്ടുകള്‍ കീറിയുണ്ടാക്കി. അതിനുള്ളിലേക്ക് ഒരു നിറമുള്ള സീറോവാട്ട് ബള്‍ബിട്ടു. കളര്‍ ലൈറ്റിങ് റെഡി, ഡാന്‍സ് കളിക്കാന്‍ പാടിയ തരം. "കെഡ്വാ ഓഫാവ്വാ കെഡ്വാ ഓഫാവ്വാ" എന്ന ഡിസ്കോലൈറ്റ് അല്ലെങ്കിലും ഞങ്ങളുടെ ചെറിയ സംരംഭത്തിന് ഇതു മതി.

ഇനി കര്‍ട്ടന്‍, കുട്ടനാണ് കര്‍ട്ടനും റെഡിയാക്കിയത്.
ഞങ്ങളുടെ വീടിന്റെ സിറ്റൌട്ടില്‍ ഗ്രില്‍ ഇട്ടിട്ടുണ്ടായിരുന്നു, കുറെ വളയങ്ങള്‍, ഓരോ വളയത്തിലും കൂട്ടിമുട്ടാത്ത നാല് സ്ട്രിപ്പുകള്‍. (ഇവയ്കിടയിലൂടെ കയ്യിട്ടാണ് ഞങ്ങള്‍ വീടിന്റെ വാതില്‍ തുറന്നിരുന്നത്) സിറ്റൌട്ടില്‍ വെച്ചാണ് ഞങ്ങളുടെ നാടകം അരങ്ങേറേണ്ടത്. അതിനുമുന്പിലുള്ള സ്ഥലത്ത് കാണികളിരിക്കും.നല്ല ഭംഗിയുള്ള ഒരു ബെഡ്ഷീറ്റ് കര്‍ട്ടന്‍ ആയി ഉപയോഗിക്കാന്‍ തെരഞ്ഞെടുത്തു. ഇടതുഭാഗത്തെ രണ്ടറ്റവും ഗ്രില്ലില്‍ കെട്ടി, വലതുഭാഗത്തെ മുകളിലെയറ്റത്ത് ഒരു കയറും കെട്ടി ഗ്രില്ലിനിടയിലൂടെ പുറത്തേക്കിട്ടു. കര്‍ട്ടന്‍ ഇടേണ്ട സമയത്ത് ഈ കയര്‍ പിടിച്ചുവലിക്കും. അപ്പോള്‍ ബെഡ്ഷീറ്റ് പൊങ്ങി സ്റ്റേജ് മറയ്ക്കും. കര്‍ട്ടന്‍ പൊക്കേണ്ട സമയത്ത് കയര്‍ അയച്ചുവിടും, അപ്പോള്‍ ബെഡ്ഷീറ്റ് താഴ്ന്നു കിടക്കും, കാണികള്‍ക്ക് സ്റ്റേജ് കാണാം. അടിപൊളി കര്‍ട്ടന്‍ റെഡി, ഒരു വ്യത്യാസം മാത്രം. യവനിക ഉയരുന്പോഴല്ല, താഴുന്പോഴാണ് നാടകം തുടങ്ങുന്നത്.

അങ്ങിനെ എല്ലാ തയ്യാറെടുപ്പുകളോടും കൂടി ഞങ്ങളുടെ വെറൈറ്റി എന്റര്‍ടൈന്മെന്റ് പ്രോഗ്രാം സ്റ്റേജിലേക്കെത്താന്‍ സജ്ജമായി.

രാത്രി പതിനൊന്നു പതിനൊന്നരയ്ക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്.
പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നു, ഈ അങ്കത്തിന് ഞങ്ങളും തയ്യാര്‍ എന്ന മട്ടില്‍ നാടകസംഘം, രംഗസജ്ജീകരണങ്ങളുമായി കുട്ടന്‍, ഉറക്കം കളയാന്‍ കട്ടന്‍കാപ്പിയുമായി അമ്മമ്മാര്‍, വേഷവിധാനങ്ങളുമായി മറ്റുള്ളവര്‍..... എല്ലാം റെഡി. ആള്‍ സെറ്റ് റ്റു ഗോ.

ആദ്യ പരിപാടി സൂരജിന്റെ ഡാന്‍സ് ആയിരുന്നു. ഞങ്ങള്‍ വിചാരിച്ചതിലധികം നന്നായിരുന്നു യുവ മിദുന്‍ചക്കര്‍ത്തി. ഹിറ്റായ ഒരു പാട്ടായതിനാല്‍ കാണികളും ആസ്വദിച്ചു.
**********************************
ഇനി നടക്കാനുള്ളത് നാടകമാണ്.

വായനക്കാരുടെ ഓര്‍മ പുതുക്കാന്‍വേണ്ടി കഥാപാത്രങ്ങളെയും താരങ്ങളെയും ഒന്നുകൂടി പരിചയപ്പെടുത്താം, കാരണം ഇനി പറയാന്‍ പോകുന്നതെല്ലാം കഥാപാത്രങ്ങളുടെ പേരിലാണ്, നടന്മാരുടെ പേരിലല്ല. ഇടക്കിടെ "അതാരാ ഇങ്ങിനെ പറഞ്ഞത്" എന്ന്‍ ചോദിക്കരുത്, പറഞ്ഞേക്കാം.

മെയിന്‍ വിദ്യാര്‍ത്ഥി - മധു. (ഇനിമേല്‍ നായകന്‍ എന്ന്‍ വിളിക്കപ്പെടും)
അദ്ധ്യാപകന്‍ - ഞാന്‍
വിദ്യാര്‍ത്ഥിയുടെ വ്യാജനായ അച്ഛന്‍ - വിധു (ഇനിമേല്‍ വ്യാജന്‍ എന്ന്‍ വിളിക്കപ്പെടും)
വിദ്യാര്‍ത്ഥിയുടെ ഒറിജിനല്‍ അച്ഛന്‍ - മധു. (ഇനിമേല്‍ നായകന്റെ അച്ഛന്‍ എന്ന്‍ വിളിക്കപ്പെടും)
മരണമറിയിക്കാന്‍ വരുന്നയാള്‍ - വിധു.
ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി - സുനില്‍. (ഇനിമേല്‍ വിദ്യാര്‍ത്ഥി എന്ന്‍ വിളിക്കപ്പെടും, ഈ കുട്ടിയാണ് നായകന്റെ വികൃതിയുടെ ഇര)
ഡോക്ടര്‍ - ഏട്ടന്‍.

കഥാപാത്രങ്ങളുടെ വേഷവിധാനങ്ങള്‍ - (അന്ന്‍ പട്ടണം റഷീദ് തിരക്കിലല്ലേ, മേക്കപ്പെല്ലാം ഞങ്ങള്‍ തന്നെ)
അദ്ധ്യാപകന്‍ - ഒരു മുണ്ട് (അന്നും ഇന്നും മുണ്ട് അരയില്‍ ഉറച്ചിരിക്കാതതിനാല്‍ ഞാന്‍ വളരെയധികം ബുദ്ധിമുട്ടിയാണ് ഞാന്‍ ഈ കലാപരിപാടിക്ക് തയ്യാറെടുത്തത്), എവിടുന്നോ ഒപ്പിച്ചൊരു കണ്ണട (കണ്ണടയുടെ പവറെന്താണെന്നോ അത് സ്ത്രീയുടേതാണോ പുരുഷന്റെതാണോ എന്നൊന്നും നോക്കിയില്ല, കിട്ടിയതൊരെണ്ണം, അത്രതന്നെ)
നായകന്‍ - നടന്റെ പ്രായം വെച്ച് അന്ന്‍ ട്രൌസര്‍ പ്രായം കഴിഞ്ഞിരുന്നു. പക്ഷെ ഈ കഥാപാത്രത്തിന്റെ പൂര്‍ണതക്കുവേണ്ടി മധു ട്രൌസര്‍ ഇട്ടുവോ, ഓര്‍മയില്ല.
വിദ്യാര്‍ത്ഥി - ട്രൌസര്‍, ഷര്‍ട്ട്.
അച്ഛന്‍ - നായകന്റെ സീന്‍ കഴിഞ്ഞാല്‍ ട്രൌസറിനുമുകളില്‍ ഒരു മുണ്ട് ചുറ്റിയാല്‍ അച്ഛനായി.
ഡോക്ടര്‍ - ആ സമയത്ത് ഏട്ടന്റെ കൈവശം ആവശ്യത്തിന് പാന്റ് ഉണ്ടായിരുന്നു, പ്രശ്നമില്ല.
വ്യാജന്‍ - വേഷം പ്രസക്തമല്ല :).
*************************************

രംഗം ഒന്ന്‍ - ക്ലാസുമുറി.
സജ്ജീകരണങ്ങള്‍ - രണ്ടു കസേര, അത്രമാത്രം.
രംഗത്ത് പ്രത്യക്ഷപ്പെടുന്നവര്‍ - അദ്ധ്യാപകന്‍, നായകന്‍, വിദ്യാര്‍ത്ഥി.
അന്ന്‍ കേരളത്തിലൊരിടത്തും കുട്ടികള്‍ കസേരയിലിരിക്കുന്ന ഏര്‍പ്പാടില്ലായിരുന്നു. അങ്ങിനെ രണ്ടു കുട്ടികള്‍ (അതും കസേരയിലിരിക്കുന്ന) മാത്രമുള്ള, ബ്ലാക്ക് ബോര്‍ഡില്ലാത്ത ഒരു ക്ലാസുമുറി കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഞങ്ങളാണ്.
നായകന്‍ വിദ്യാര്‍ത്ഥിയുടെ പേന എടുക്കുന്നു. അത് നായകനും വിദ്യാര്‍ത്ഥിയും തമ്മില്‍ സംസാരത്തിനിടവരുത്തുന്നു. അദ്ധ്യാപകന്‍ രണ്ടുപേരെയും ചോദ്യം ചെയ്യുന്നു. നായകന്റെതാണ് കുരുത്തക്കേടെന്നു മനസിലാക്കുന്ന അദ്ധ്യാപകന്‍ "നാളെ അച്ഛനെ വിളിച്ചുകൊണ്ടുവന്നതിനുശേഷം ക്ലാസില്‍ കയറിയാല്‍ മതി" എന്ന ശാസനയോടെ നായകനെ പറഞ്ഞയക്കുന്നു.
അവതരണം നന്നായി, തുടക്കത്തിലെ ടെന്‍ഷന്‍ ഒഴിഞ്ഞുകിട്ടി.
യവനിക താഴ്ന്നു, സോറി, ഉയര്‍ന്നു.
++++++++++++++++++++++++++++

രംഗം രണ്ട് - പഴയ "കുട്ടികള്‍ കസേരയിലിരിക്കുന്ന കേരളത്തിലെ ആദ്യത്തെ" ക്ലാസുമുറി തന്നെ. ഇത്തവണ അദ്ധ്യാപകന്‍ ഒരേയൊരു കുട്ടിക്കുവേണ്ടി ക്ലാസെടുക്കുന്നു.
വ്യാജനും നായകനും കൂടി ക്ലാസിലേക്ക് വരുന്നു. നായകന്റെ പ്രവൃത്തിയില്‍ തനിക്ക് ഖേദമുണ്ടെന്നും നിരുപാധികം മാപ്പുചോദിക്കുന്നുവെന്നും വ്യാജന്‍ അദ്ധ്യാപകനെ അറിയിക്കുന്നു. ഇനിയൊരിക്കല്‍ കൂടി ഇജ്ജാതി നന്പരെടുത്താല്‍ നായകന് കിട്ടാവുന്ന ശിക്ഷ എന്തെന്ന് അദ്ധ്യാപകന്‍ വ്യാജനെ അറിയിക്കുന്നു. "അതൊന്നുമുണ്ടാവില്ല സാര്‍, ഇനിയവന്‍ പ്രശ്നമുണ്ടാക്കില്ല" എന്ന്‍ വ്യാജന്‍ ഉണര്‍ത്തിക്കുന്നു.
യവനിക വീണ്ടും "ഉയരുന്നു"

അന്നൊക്കെ ശിവരാത്രിക്ക് സ്പെഷല്‍ ആയി തേഡ് ഷോ പതിവായിരുന്നു തിയേറ്ററുകളില്‍. അന്ന്‍ തേഡ് ഷോ കഴിഞ്ഞു പോകുന്ന ചിലര്‍ "അവ്വ്വോ.... നാഡഗാണ്???... ന്നാ നോക്കിക്കളയാ....." എന്ന ചിന്തയോടെ മതിലിനുചുറ്റും നിന്നു. അങ്ങിനെ വീടിനുമുന്പില്‍ നല്ല ജനക്കൂട്ടം. ഞങ്ങള്‍ക്ക് കൂടുതല്‍ "ആരാധകര്‍", ആവേശത്തിനിനിയെന്തുവേണം.
+++++++++++++++++++++++++++

രംഗം മൂന്ന്‍ - പൊതുവഴി. (ഇവിടെയാണ് നാടകത്തിലെ ടേണിങ് പോയിന്റ്)
രംഗസജ്ജീകരണങ്ങള്‍ക്കായി അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ക്ലാസിലെ രണ്ടു കസേരകള്‍ എടുത്തുമാറ്റിയാല്‍ റോഡായി. (അല്ലെങ്കിലും സ്കൂളും പൊതുവഴിയും തമ്മില്‍ അത്രയേ വ്യത്യാസമുള്ളൂ എന്ന്‍ ആവശ്യത്തിലധികം വിദ്യാഭ്യാസം കിട്ടിയവരും ഒട്ടും കിട്ടാത്തവരും പറയും, അതത്ര കാര്യമാക്കേണ്ട)
വഴിയിലൂടെ നടന്നു പോകുന്ന ആളെ ലോറി ഇടിക്കണം. നായകന്റെ അച്ഛന്‍ ഇടി കൊണ്ടുവീഴാന്‍ റെഡിയാണ്, ലോറിയോ?
അതിനും ഞങ്ങള്‍ വഴി കണ്ടിരുന്നു. സ്റ്റേജ് മുഴുവന്‍ ഇരുട്ടാക്കി (ലൈറ്റ് ഓഫ് ചെയ്തു). രണ്ടു കയ്യിലും ഓരോ ടോര്‍ച്ച് പിടിച്ച് ഒരാള്‍ ഓടി, അതാണ് ഞങ്ങളുടെ ലോറി (ഇതു നാട്ടുകാര്‍ക്ക് മനസിലായോ ആവോ).
നായകന്റെ അച്ഛന്‍ "ലോറി"യുടെ എതിരെ നടക്കുന്നു. "ലോറി"യും നായകന്റെ അച്ഛനും മുട്ടുന്നു. (ഒന്നു കൂടി ശക്തിയില്‍ മുട്ടിയാല്‍ നായകന്റെ അച്ഛനുപകരം ലോറി വീണേനെ). "അയ്യോ" എന്ന നിലവിളിയോടെ നായകന്റെ അച്ഛന്‍ വീഴുന്നു. ആക്സിഡന്റ് കലക്കി.
ഇനിയാണ് അദ്ധ്യാപകന്റെ മനുഷ്യകാരുണ്യപ്രവൃത്തി. നായകന്റെ അച്ഛനെ പൊക്കിയെടുക്കലാണ് ആദ്യപടി. എന്നെക്കാള്‍ തടിയും പൊക്കവും ഭാരവുമുള്ള "പാവത്തിനെ" പൊക്കിയെടുക്കാന്‍ ഞാന്‍ പെട്ട പാട്.... ഹൊ ഒന്നും പറയണ്ട. മധുവാണെങ്കില്‍ അഭിനയം ഗംഭീരമാക്കുന്ന തിരക്കില്‍ എന്റെ ശാരീരികക്ഷമതയെക്കുറിച്ച് അത്ര ചിന്തിച്ചിട്ടുണ്ടാവില്ല.

അദ്ധ്യാപകന്‍ നായകന്റെ അച്ഛനെ പൊക്കിയെടുക്കുന്നതിനിടയിലാണ് ഡോക്ടര്‍ക്ക് താന്‍ രംഗത്ത് വരാറായി എന്ന്‍ ഓര്‍മ വന്നത്. ഡോക്ടര്‍മാര്‍ എപ്പോഴും കര്‍ത്തവ്യനിരതരായിരിക്കുമല്ലോ, കര്‍ട്ടനിടുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു കസേരയുമായി ഡോക്ടര്‍ രംഗത്ത് (നടുറോട്ടില്‍) പ്രത്യക്ഷപ്പെട്ടു, "ഞ്ഞി ആസ്പത്ര്യാണ്" എന്ന പ്രസ്താവനയുമായി.

ഇടിയുടെ ആഘാതത്തില്‍ വീണ് ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്ന നായകന്റെ അച്ഛന് ഡോക്ടരുടെ ഈ അക്ഷമ സഹിച്ചില്ല. ആക്സിഡന്റ് ഇര അനിയന്ത്രിതമായ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു.
"ദെന്താടാ, വീണാളെ ഞീം റോട്ട്ന്ന് എട്ത്തിട്ടില്ല. അയ്ന്റെട്ക്ക് ന്താണ്ടാ ത്ര തെര്ക്ക്" എന്ന്‍ ഡോക്ടറെ നോക്കി ആക്രോശിച്ചു. അഭിനയം മുഴുവനാകാന്‍ പറ്റാതിരുന്നതിന്റെ വിഷമം മുഴുവന്‍ ആ മുഖത്തുണ്ടായിരുന്നു.
അസഹ്യതയോടെ നായകന്റെ അച്ഛന്‍ പറഞ്ഞു "അയ്യേ, ഈ സീന്‍ ഞീം എട്ക്കണം, സരിയായില്ല"

ഡോക്ടര്‍ കസേരയുമായി തിരിച്ച് ഗ്രീന്‍റൂമിലേക്ക് മടങ്ങി (രക്ഷപ്പെട്ടു എന്നും പറയാം). വീണ്ടും നായകന്റെ അച്ഛന്‍ നടപ്പ് തുടങ്ങി. വീണ്ടും ലോറി ഓടി. വീണ്ടും ഇടിച്ചു. അദ്ധ്യാപകന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. നായകന്റെ അച്ഛനെ ഒരിക്കല്‍ക്കൂടി കഷ്ടപ്പെട്ട് പൊക്കിയെടുത്തു. ഇത്തവണ ഡോക്ടര്‍ സംയമനം പാലിച്ചു, അതിനാല്‍ നായകന്റെ അച്ഛനെ ലോറി മൂന്നാമത് ഇടിച്ചില്ല, അദ്ധ്യാപകന്റെ ഭാഗ്യം.
+++++++++++++++++++++++

രംഗം നാല്. ആശുപത്രി.
നടുറോട്ടില്‍ കസേരയിട്ടാല്‍ ആശുപത്രിയാകുമോ, ആകുമായിരിക്കാം.
അദ്ധ്യാപകനും ഡോക്ടറും മാത്രം.
രോഗിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍. "വേഗം എവിടെനിന്നെങ്കിലും രക്തം കൊണ്ടുവരൂ, ഓ നെഗറ്റീവാണ് വേണ്ടത്" (ഈ ഓ നെഗറ്റീവ് എന്നാല്‍ എന്താണെന്ന് എനിക്ക് അന്ന്‍ വല്യ പിടിയില്ലായിരുന്നു, നാടകത്തില്‍ സഹകരിച്ച മറ്റുള്ളവര്‍ക്ക് ഉണ്ടായിരുന്നോ എന്നറിയില്ല).
കാര്യമാത്രപ്രസക്തനായ "ഡോക്ടര്‍" തന്റെ ഡയലോഗ് ധൃതിയില്‍ പറഞ്ഞുതീര്‍ത്തശേഷം യവനികക്ക് കാത്തുനില്‍ക്കാതെ ഗ്രീന്‍റൂമിലേക്ക് മടങ്ങി. ഒരുപക്ഷെ കാണികള്‍ ഇത് ഡോക്ടര്‍ കഥാപാത്രത്തിന്റെ തിരക്കായി മനസിലാക്കിയിരിക്കാം.
+++++++++++++++++++++++++++++++++

രംഗം അഞ്ച് - ആശുപത്രി തന്നെ.
അദ്ധ്യാപകന്‍ രക്തവുമായി ഓടിക്കിതച്ച് വരുന്നു. (അന്ന്‍ കയ്യില്‍ ഒരു പൊതി ആയിരുന്നുവെന്നാണ് എന്റെ ഓര്‍മ, രക്തം പൊതിഞ്ഞുകൊടുക്കുന്ന ബ്ലഡ് ബാങ്ക്!!!!).
ദുഃഖിതനായിരിക്കുന്ന ഡോക്ടറാണ് അപ്പോള്‍ സ്റ്റേജില്‍.
"സോറി, അയാള്‍ മരിച്ചുപോയി, കുറച്ചു നേരത്തെ രക്തവുമായി വന്നിരുന്നെങ്കില്‍ അയാളെ രക്ഷിക്കാമായിരുന്നു" എന്ന്‍ ഡോക്ടര്‍ അതീവദുഃഖത്തോടെ പറയുന്നു.
കര്‍ട്ടന്‍.....
+++++++++++++++++++++++

രംഗം ആറ് - ക്ലാസുമുറി.
മരണമറിയിച്ച് ഒരാള്‍ ക്ലാസില്‍ വരുന്നു.
"സാര്‍, ഇവന്റെ അച്ഛന്‍ ഇന്നലെ ഒരു ലോറിയിടിച്ച് മരിച്ചുപോയി. ഇവനെ കൊണ്ടുപോകാനാണ് ഞാന്‍ വന്നത്" എന്ന്‍ ആഗതന്‍.
അദ്ധ്യാപകന്‍ നെടുവീര്‍പ്പോടെ "ഹൊ, അത് ഈ കുട്ടിയുടെ അച്ഛനായിരുന്നൊ? ഞാനാണയാളെ ആശുപത്രിയിലാക്കിയത്. ഈ കുട്ടിയുടെ അച്ഛനാണെന്നറിഞ്ഞിരുന്നുവെങ്കില്‍ രക്തത്തിനുവേണ്ടി ഇത്രയധികം ബുദ്ധിമുട്ടേണ്ടിവരില്ലായിരുന്നു"

ഇത്രയും പറഞ്ഞതിന് ശേഷം അദ്ധ്യാപകന് പെട്ടെന്ന്‍ ഒരു കാര്യം ഓര്‍മ വരണം. ഒരു മൂഡ് സ്വിച്ച്. അതിന് ഒരു സ്വാഭാവികത വരുത്തണം. ഞാന്‍ കണ്ണട ഒന്ന്‍ പൊക്കി ഉറപ്പിച്ചു. റിഹേഴ്സല്‍ ചെയ്യുന്പോള്‍ തോന്നാതിരുന്ന ഒരു ആക്ഷന്‍ ആയിരുന്നു അത്. സ്റ്റേജില്‍ എന്റെ ആദ്യത്തെ ഇംപ്രോവൈസേഷന്‍. ഇന്നും ആ രംഗം എനിക്ക് കൃത്യമായി ഓര്‍മയുണ്ട്.
"പക്ഷെ ഞാനയാളെ ഇതിനുമുന്‍പ് കണ്ടിട്ടില്ലല്ലോ. അപ്പോള്‍ ഇന്നലെ അച്ഛനാണെന്ന് പറഞ്ഞ് ഈ കുട്ടി കൊണ്ടുവന്നത് വേറെ ആരെയോ ആയിരുന്നു." എന്ന ഉറക്കെയുള്ള ആത്മഗതവുമായി അദ്ധ്യാപകന്‍ കുറച്ചുനേരം അങ്ങിനെ നില്ക്കുന്നു.
പെട്ടെന്ന്‍ നായകന്‍ അദ്ധ്യാപകന്റെ കാല്‍ക്കല്‍ വീഴുന്നു. "ഞാന്‍ തെറ്റുകാരനാണ് സാര്‍, ഞാനിന്നലെ കൊണ്ടുവന്നത് എന്റെ അച്ഛനേയല്ല. ഞാന്‍ എന്റെ അച്ഛന്റെ ഘാതകനാണ്. എനിക്ക് മാപ്പു തരൂ....."
+++++++++++++++++++++++++

ഈ രംഗം കഴിഞ്ഞ് തിരശ്ശീല താഴുന്പോള്‍ (ഉയരുന്പോള്‍) പ്രേക്ഷകര്‍ കയ്യടിച്ചോ? അറിഞ്ഞുകൂടാ.

ഏതായാലും ഞങ്ങളുടെ ഈ ചെറിയ സംരംഭം ശ്രദ്ധിക്കപ്പെട്ടു. പ്രതീക്ഷിച്ചതിലധികം കാണികള്‍ ഈ നാടകം കണ്ടു എന്നതുതന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിജയമായിരുന്നു.
=================================

നാടകതിനുശേഷം വീണ്ടും കലാപരിപാടികള്‍ തുടര്‍ന്നു. സൂരജിന്റെ ഡാന്‍സ് വീണ്ടും വേദി കീഴടക്കി. ഡിസ്ക്കോ ഡാന്‍സര്‍ സിനിമയില്‍ വേറെയും പാട്ടുകളുണ്ടല്ലോ, എല്ലാ പാട്ടിനും ഡാന്‍സ് മാറ്റണമെന്ന് എവിടെയും എഴുതിവെച്ചിട്ടുമില്ല, പിന്നെന്താ പ്രശ്നം?
=================================

അവസാനം, നട്ടപ്പാതിര കഴിഞ്ഞ് എപ്പോഴോ കയ്യിലെ സ്റ്റോക്ക് തീര്‍ന്നപ്പോള്‍.....
"ഇതോടുകൂടി ഞങ്ങളുടെ ഈ കലാപരിപാടി ഇവിടെ അവസാനിക്കുന്നു. ഇത്രയും നേരം ഞങ്ങളോട് സഹകരിച്ച മാന്യ പ്രേക്ഷകര്‍ക്ക് ഞങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു" എന്ന അനൌണ്സ്മന്റില്ലാതെ വളരെ ലളിതമായ രീതിയില്‍ "കയ്ഞ്ഞു" എന്ന്‍ പറഞ്ഞ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
*****************************************

അന്നത്തെ പ്രായവും വിവരവും ലോകപരിചയവും വെച്ച് ഞങ്ങള്‍ ചെയ്തത് വലിയൊരു കാര്യം തന്നെയായിരുന്നു. തിരിഞ്ഞുനോക്കുന്പോള്‍ ഓര്‍ത്തുചിരിക്കാന്‍ ഒരുപാട് പാകപ്പിഴകളും ഈ സംരംഭത്തിലുണ്ടായിരുന്നു. രണ്ടുപേര്‍ മാത്രമുള്ള ക്ലാസ് (പേരിനെങ്കിലും കുറച്ചുപേരെക്കൂടി ഇരുത്താമായിരുന്നു), രണ്ടുതവണ നടത്തിയ ആക്സിഡന്റ് (ഓണ്‍ സ്റ്റേജ് റീടേക്ക്, മുതിര്‍ന്നവരുടെ നാടകമായിരുന്നെങ്കില്‍ അടി എപ്പ കിട്ടീന്ന്‍ ചോയ്ച്ചാ മതി) അദ്ധ്യാപകനെക്കാള്‍ വലിയ വിദ്യാര്‍ത്ഥി...... ഓര്‍ക്കുന്പോള്‍ ഒരു രസം.

*****************************************

ഈ വിജയത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് അടുത്ത വര്‍ഷവും നാടകസംഘം ഒത്തുചേര്‍ന്നു.
ഇത്തവണ കയ്യില്‍ കിട്ടിയത് "ദാവീദും ഗോലിയാത്തും" എന്ന നാടകമാണ്.
താരനിര്‍ണയം നടത്തി.

ദാവീദ് - മധു
ഗോലിയാത്ത് - വിധു.
ഇസ്രായേലിലെ രാജാവ് - ഞാന്‍.

രാജാവിനെക്കാള്‍ വലിയ, ഗോലിയാത്തിനേക്കാള്‍ വലിയ ദാവീദും സംഘവും നാടകത്തിന് തയ്യാറെടുത്തുതുടങ്ങി.

ശിവരാത്രിനാള് വന്നു. ഈ ശിവരാത്രിക്കും ജനങ്ങളെ ആവേശഭരിതരാക്കാന്‍ പോന്ന കഥയുമായി ഞങ്ങള്‍.....

ഒരേയൊരു കുഴപ്പമേയുള്ളു. അത് ശിവരാത്രിനാള് രാവിലെ ഞങ്ങള്‍ക്ക് മനസിലായി.

അന്ന്‍ നടത്തിയ റിഹേഴ്സലില്‍ ഒരു കാര്യം വ്യക്തമായി.

ഗോലിയാത്ത് മാത്രമാണ് തന്റെ ഡയലോഗ് പഠിച്ചിട്ടുള്ളത്. അതും തന്റെ ആദ്യഡയലോഗ് മാത്രം. ബാക്കിയാരും ഒന്നും പഠിച്ചിട്ടില്ല.

**************************************

അങ്ങിനെ നാടകകന്പനി പൂട്ടി (തുറന്നാലല്ലേ പൂട്ടേണ്ടതുള്ളൂ എന്ന അസൂയാലുക്കളുടെ ചോദ്യം ഞങ്ങള്‍ തൃണവല്‍ഗണിക്കുന്നു)
പിന്നീടൊരിക്കലും ഞങ്ങള്‍ ശിവരാത്രിക്ക് ഉറക്കമൊഴിച്ചിട്ടില്ല.
കഷ്ടം...... കലാകേരളത്തിന്റെ നഷ്ടം!!!!!!!!!!!

ഇല്ലാത്ത നാടകകന്പനിയുടെ കളിക്കാനിടയില്ലാത്ത നാടകത്തിന്റെ ബുക്കിങ്ങിന് സമീപിക്കുക....
അപ്പൂട്ടന്‍.