Thursday, September 18, 2008

മലയാളം സിനിമാ മാനിഫെസ്റ്റൊ - ഭാഗം ഒന്ന്.

ഇതിത്തിരി പഴയതാണ്, കുറച്ച് കാലം മുന്പ് എന്റെ കൂട്ടുകാര്‍ക്കയച്ചത്. ഇത്തിരി ഔട്ട്ഡേറ്റഡ് ആണോ എന്നറിയില്ല, എന്തായാലും മലയാളസിനിമയ്ക്ക് എന്റെ വക കിടക്കട്ടെ ഒരു സമ്മാനം.

ഞാന്‍ 17 സിനിമകള്‍ സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം നിങ്ങളെ അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. വളരെയധികം വിജയസാധ്യതയുള്ള ഒരു ഫോര്‍മുലയാണിത്. ഒരു ടെംപ്ലേറ്റ് കഥ ഉണ്ടാക്കി അതില്‍ നിന്നാണ് ഈ 17 സിനിമകള്‍ ഉണ്ടാക്കുന്നത്.

എല്ലാം സഹിക്കുന്ന കുടുംബനാഥന്‍ പണ്ടുമുതല്‍ക്കെ മലയാളികളുടെ ഇഷ്ടകഥാപാത്രമാണ്. വില്ലനായി (സോറി, മറ്റുള്ളവരുടെ സ്വാധീനത്തില്‍ പെട്ട് വില്ലന്‍ സ്വഭാവമായി) ഒരു അടുത്ത ബന്ധു ഉണ്ടെങ്കില്‍ പടം ഓടും, നൂറും ഇരുനൂറും തികച്ചാലും കിതക്കില്ല. ഞാനും ആ വഴിക്കൊന്ന്‍ നോക്കട്ടെ.
ടെംപ്ലേറ്റ് കഥ താഴെ കൊടുക്കുന്നു. ഇതിന്റെ കോപ്പി എന്റെ കയ്യില്‍ റൈറ്റ് ചെയ്തിട്ടുണ്ട്. കോപ്പിറൈറ്റ് ഉള്ള സാധനം കോപ്പിയെടുക്കാന്‍ കോപ്പുകൂട്ടുന്ന ഗോപുക്കുട്ടന്മാരെ, ജാഗ്രതൈ, വെവരവറിയും.

നിയമങ്ങള്‍ -
ഏതൊരു മാനിഫെസ്റ്റോയിലും കാണുമല്ലോ ചില നിയമങ്ങള്‍. ഇത്തരം സിനിമകളുടെ നിയമാവലി താഴെ കൊടുത്തിരിക്കുന്നു.

  1. സിനിമയ്ക്ക് ഒറ്റവാക്ക് പേരുകളായിരിക്കണം. അത് നായകന്റെ പേരുതന്നെ ആയാലും കുഴപ്പമില്ല. കുറച്ച് സെന്റി ഉള്ള അല്ലെങ്കില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന പേരുകളാണെങ്കില്‍ ജോര്‍. തകര്‍ച്ച, പകര്‍ച്ച തുടങ്ങി രാമേട്ടന്‍, ഗോപാലേട്ടന്‍ തുടങ്ങിയ പേരുകള്‍.
  2. നായകനും വില്ലനും ഒരേ ജാതിക്കാരോ മതത്തിലുള്ളവരോ ജോലിയിലുള്ളവരോ ആയിരിക്കണം.
  3. നായകനും സഹോദരങ്ങള്‍ക്കുമിടയില്‍ സാമാന്യം നല്ല പ്രായവ്യത്യാസം വേണം.
  4. നായകന്‍ ഉന്നതകുലജാതനായിരിക്കുന്നതാണ് ഉത്തമം. ഐഡിയലി പേരിന്റെ അറ്റത്ത് വാലുള്ള ജാതി. വലിയൊരു തറവാട്ടിലാണ് ജനനമെങ്കില്‍ സൂപ്പര്‍.
  5. നായകന്റെ പേര് പഴമയുള്ള പേരായിരിക്കണം. "അജു" "കുജു" "വിജു" "സജു" തുടങ്ങിയ പേരുകള്‍ നിഷിദ്ധം. സാധാരണയായി ദൈവനാമങ്ങളാണ് നല്ലത്. രാഘവന്‍, നീലകണ്ഠന്‍, പരമേശ്വരന്‍, ഗോപാലകൃഷ്ണന്‍ തുടങ്ങിയ പേരുകള്‍. പേരിനറ്റത്ത് ജാതിപ്പേരുകൂടി വെയ്ക്കാമെങ്കില്‍ നല്ലത്. മറിച്ചായാല്‍ തറവാട്ടുമഹിമ കുറഞ്ഞേക്കാം.
  6. വരിക്കാശ്ശേരി അല്ലെങ്കില്‍ ഒളപ്പമണ്ണ മന നേരത്തെ ബുക്ക് ചെയ്തിരിക്കണം.
  7. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവരുടെ ഡേറ്റ് അല്ലെങ്കില്‍ ഫോട്ടോ സംഘടിപ്പിച്ചിരിക്കണം.
  8. നായകനും സഹോദരങ്ങളും വള്ളുവനാടന്‍ ഭാഷ തന്നെ ഉപയോഗിക്കണം. അതാണ് സിനിമ ഓടാന്‍ ഉത്തമം.

കഥാപാത്രങ്ങള്‍.

കഥാപാത്രങ്ങളെ ഒന്നു വിശദീകരിക്കാം. സിനിമാക്കഥ മനസിലാക്കാന്‍ ഇതുപകരിക്കും.

ഏട്ടന്‍ അഥവാ കഥാനായകന്‍.

ഇപ്പോള്‍ നായകന്‍ ഒരു ഏട്ടനാണ്. (താരങ്ങള്‍ സ്വന്തം പ്രായത്തിനനുസരിച്ച് റോളുകള്‍ ഏറ്റെടുക്കാന്‍ തുടങ്ങി‌യാല്‍ അച്ഛനാക്കാം. അവര് സമ്മതിക്കണ്ടേ. അതിനാല്‍ തല്‍ക്കാലം ഏട്ടനേ വഴിയുള്ളൂ.)

നായകന് ഒരു ഭൂതകാലം ഉണ്ട്. വില്ലന്റെ കുബുദ്ധിയാലോ സ്വന്തം കുടുംബക്കാരുടെ (മിക്കവാറും അച്ഛനായിരിക്കും പ്രതി) കയ്യിലിരിപ്പ് കാരണമോ തകര്‍ന്നടിഞ്ഞ ഒരു കുടുംബം മുഴുവന്‍ ചുമലിലേറ്റേണ്ടിവന്ന കഷ്ടകാലം. നന്നേ ചെറുപ്പത്തില്‍ തന്നെ പ്രരാബ്ദ്ധങ്ങളുടെ നടുവിലേക്ക് എടുത്തെറിയപ്പെട്ടതാണ് ഈ ജന്മം.

നായകന്റെ വര്‍ത്തമാനകാലത്ത് താരതമ്യേന ഭേദപ്പെട്ട അവസ്ഥയാണ്. നാട്ടുകാര്‍ക്കെല്ലാം ........ഏട്ടനാണ് (ഇവിടെ വള്ളുവനാടന്‍ ഭാഷയാണെങ്കില്‍ ഏട്ടന്‍ വിളിക്ക് ഒരു സുഖം ഇല്ലേ). കരയില്‍ പ്രമാണിയാണ്. ദുശ്ശീലങ്ങളില്ല. സാന്പത്തികമായി ഭദ്രമാണ് അവസ്ഥ (പുറത്തുള്ളവര്‍ക്കെങ്കിലും).

നായകന്റെ പ്രത്യേകതകള്‍ - നേരത്തെ പറഞ്ഞ പ്രാരാബ്ദ്ധങ്ങള്‍ കാരണം വിദ്യാഭ്യാസം ഇത്തിരി കുറവാണ് നായകന്. വിദ്യാഭ്യാസമില്ലെങ്കിലും മറ്റെല്ലാ അഭ്യാസങ്ങളും കൈമുതലായുണ്ട്. തറവാട് മുഴുവന്‍ ചെറുപ്പത്തിലേ കുളം തോണ്ടിയതിനാല്‍ ഏതാണ്ട് ഒരു മുപ്പത്തഞ്ച് വയസു വരെ (മമ്മൂട്ടിയോ മോഹന്‍ലാലോ ഇതിലും ചെറുപ്പമായാല്‍ കടുപ്പമല്ലേ) കഷ്ടപ്പെട്ടാണ് ജീവിച്ചത്. ഈ കാലയളവില്‍ തറവാട്ടിലായിരിക്കണമെന്നില്ല ജീവിതം. പക്ഷെ ഇപ്പോള്‍ തറവാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു നായകന്‍ (വരിക്കാശ്ശേരി അല്ലെങ്കില്‍ ഒളപ്പമണ്ണ മന റെഡി, ഈ തറവാടുകള്‍ കിട്ടിയില്ലെങ്കില്‍ മാത്രം വേറെ വീടന്വേഷിക്കുക). നായകന്റെ സാന്പത്തികസ്ഥിതി അനുസരിച്ച് വീട്ടില്‍ നിലവിളക്ക്, ചാരുകസേര, ആട്ടുകട്ടില്‍, കാര്‍, ആന, തറവാട്ടുവക അന്പലം, കുളം എന്നിവയൊക്കെ ചേര്‍ക്കാം. ആരോഗ്യപരമായി നാലഞ്ചുപേരെ അടിച്ചുനിരത്തും, ആവശ്യത്തിന് മാത്രമെ ഇതു പ്രയോഗിക്കൂ എന്ന വാശിയുണ്ട്. നാട്ടുകാരുടെ കണ്ണിലുണ്ണിയാണെങ്കിലും വീട്ടില്‍ കര്‍ക്കശക്കാരനാണ് നായകന്‍, സ്നേഹം കാണിക്കില്ല. മിണ്ടിയാല്‍ പൈസക്കണക്ക്, അല്ലെങ്കില്‍ പ്രാരാബ്ദ്ധക്കണക്ക്. അനിയന്‍ അല്ലെങ്കില്‍ അനിയത്തി ഏട്ടന്റെ അദൃശ്യസ്നേഹം കാണില്ല, പലപ്പോഴും.

താരം - സംശയമെന്ത്, മമ്മൂട്ടി അല്ലെങ്കില്‍ മോഹന്‍ലാല്‍. വേറെ ആരഭിനയിച്ചാലും പടം വെറും പോസ്റ്ററില്‍ മാത്രം ഓടും എന്നതിന് ചരിത്രം സാക്ഷി.

മെയിന്‍ അനിയന്‍ അഥവാ അനിയത്തി (അല്ലെങ്കില്‍ അടുത്ത ബന്ധു.)

ഏട്ടാ എന്ന്‍ നീട്ടിവിളിക്കാന്‍ മാത്രമല്ല ഈ കഥാപാത്രം. കഥയിലെ പ്രധാനപ്പെട്ട ട്വിസ്റ്റ് ഈ വകുപ്പില്‍ നിന്നാകുന്നു. ഈ കഥാപാത്രം അനിയനാണെങ്കില്‍ ഏട്ടനെപ്പോലെ നിരക്ഷരകക്ഷി അല്ല, വിദ്യാഭ്യാസമുണ്ട്. വക്കീലോ പോലീസോ എംബിഏ ബിരുദക്കാരനോ എന്തുമാവാം. (വിവരമില്ലെന്ന് നായകന്‍ പിന്നീട് തെളിയിക്കും). അനിയത്തിയാണ് ഈ ചുമതല നിര്‍വഹിക്കുന്നതെങ്കില് വിദ്യാഭ്യാസം പ്രസക്തമല്ല. ഇപ്പക്കെട്ടും എന്ന പ്രതിജ്ഞയുമായി ഇരുന്നുകൊടുത്താല്‍ മതി.

താരം - ആരുമാവാം. പ്രൊഡ്യൂസറുടെ മകന് അല്ലെങ്കില്‍ മകള്‍ക്ക് ഒരു ചാന്‍സ് കൊടുക്കാം. ഇപ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റ് ഇന്ദ്രജിത്തിനാണെന്നു തോന്നുന്നു.

സഹ അനിയന്‍/അനിയത്തി
അത്യാവശ്യമില്ല. പക്ഷെ മൂക്കുപിഴിയാനോ കുന്നായ്മ പറയാനോ ഇത്തരത്തില്‍ ഒരു കഥാപാത്രം ഉള്ളത് അമ്മ കഥാപാത്രത്തിന് ഒരു ആശ്വാസമായിരിക്കും. കുറച്ച് പണി അങ്ങോട്ട് ഓഫ് ലോഡ് ചെയ്യാമല്ലോ.

ഇവിടെ രണ്ടുതരം കഥാപാത്രങ്ങളണ്ടാവാം. നല്ലതും തരികിടയും.

തരികിടയാണെങ്കില്‍ എടത്തിയോ അനിയത്തിയോ ആവാം. (ഏടത്തിയാണെങ്കില്‍ ഓപ്പോളേ എന്ന്‍ വിളിക്കാനുള്ള ചാന്‍സ് കിട്ടും, വെറുതെ കളയണോ) ആര്‍ത്തിയുള്ള വിഭാഗം. സദാസമയവും തനിക്കായി ചെലവാക്കിയ സ്ത്രീധനക്കണക്ക് ഓര്‍ത്തുവെച്ചു നടക്കും. ഭര്‍ത്താവായി ഉപ്പുമാങ്ങയുടെ ഷേപ്പില്‍ മുഖമിരിക്കുന്ന ഒരു ഭര്‍ത്താവും കാണും. ഈ സഹോദരിയുടെ മക്കള്‍ക്കും മരുമക്കള്‍ക്കും അമ്മായിയമ്മക്കും പിന്നെ ആ ഏരിയയിലുള്ള എല്ലാവര്‍ക്കും ചെലവിനുകൊടുക്കുന്നത് നമ്മുടെ സര്‍വ്വംസഹനായ നായകനാകുന്നു. അളിയന്‍ ഉപ്പുമാങ്ങക്ക് തന്റെ തട്ടുകട ഒന്ന്‍ മെച്ചപ്പെടുത്തി താജ് ഹോട്ടല്‍ പണിയണമെന്ന ആഗ്രഹം കൂടിയുള്ളതിനാല്‍ പെങ്ങള്‍ക്ക് സ്ത്രീധനക്കണക്ക് അല്ലാതെന്ത് ചിന്ത.

തരികിടവേഷത്തില്‍ അനിയന് വലിയ സ്കോപ്പില്ല, എന്തെന്നാല്‍ പുരുഷധനം കേരളത്തില്‍ ആരും ഇതുവരെ കണക്കുപറഞ്ഞു വാങ്ങിയതായി കേട്ടിട്ടില്ല.

പാവം അനിയന്‍/അനിയത്തി വകുപ്പിലുള്ള കഥാപാത്രം വില്ലത്തരം ഒട്ടുമില്ലാത്ത പാവമാണ്. ഏട്ടന്‍ പറയുന്നതിന് അപ്പുറമൊന്നുമില്ല. ഇവിടെയും അധികം കാണാവുന്നത് അനിയത്തിമാരേയാണ്. ഞാനടക്കമുള്ള അനിയന്‍വര്‍ഗ്ഗം ഒരിക്കലും നല്ലവരാകാനിടയില്ലല്ലോ. ഇനി അഥവാ ഉണ്ടെങ്കില്‍ത്തന്നെ അനിയന്റെ റോള്‍ മെയിന്‍ അനിയനെ ചീത്തവിളിക്കുക, ഇടക്കിടെ വില്ലന്റെ അടികൊള്ളുക തുടങ്ങിയ കലാപരിപാടികളില്‍ ഒതുങ്ങും. വേണമെങ്കില്‍ ഈ താരത്തിനെ ക്ലൈമാക്സിന്റെ അടുത്തെവിടെയെങ്കിലും വെച്ച് കാച്ചിക്കളയാം, വില്ലന്റെ ക്രൂരതയ്ക്ക് ഉദാഹരണമായിട്ട്. നെഞ്ചത്തടിക്കരച്ചില്, മൂക്കുപിഴിയല് തുടങ്ങിയവയ്ക്ക് ഉചിതം.

ഇതത്ര അത്യാവശ്യമുള്ള കഥാപാത്രമല്ല, പ്രത്യേകിച്ച് മൂക്കുപിഴിയാന്‍ അമ്മയുള്ള സ്ഥിതിക്ക്.

താരം - തരികിടറോളില്‍ ഏറ്റവുമധികം നന്നാവുക ബിന്ദുപണിക്കരായിരിക്കും. പാവം റോളില്‍ 18 വയസു തോന്നിക്കുന്ന ആരെയും അനിയത്തിയാക്കാം. അനിയനായി ബൈജു, സുധീഷ്‌, വിജയകുമാര്‍ തുടങ്ങിയവരെ പരിഗണിക്കാവുന്നതാണ്.
അമ്മ/അച്ഛന്‍

ജീവിച്ചിരിക്കണമെന്നില്ല. ഫോട്ടോ ആയാലും മതി. പക്ഷെ സാന്നിധ്യം അത്യാവശ്യം തന്നെ.

നായകന്റെ എല്ലാ പ്രശ്നങ്ങളും അറിയുമായിരിക്കാം, ഇല്ലായിരിക്കാം. ഏതായാലും ചായ്‌വ് കൂടുതലും മെയിന്‍ അനിയന്റെ നേര്‍ക്കായിരിക്കും. ഏട്ടനോട് സ്നേഹമില്ലെന്നല്ല, കുടുംബനാഥന്‍ എന്ന നിലയ്ക്ക് അധികം കേറി ഇടയാറില്ല (അധികാരപരിധിയില്‍ കൈ കടത്താറില്ല എന്നര്‍ത്ഥം). ഈ കഥാപാത്രവും രുചിക്ക് വിനാഗിരി എന്ന പോലെ "വേണമെങ്കില്‍ ആവാം". സെന്റി ഇത്തിരി കൂട്ടാനാണ് ഉദ്ദേശമെങ്കില്‍ നായകന്റെ കുട്ടിക്കാലത്ത് തന്നെ ഈ താരത്തെ വധിക്കാം, വില്ലന്റെ ക്രൂരത കൂട്ടുകയുമാവാം.

താരം - അമ്മ റോളാണെങ്കില്‍ കവിയൂര്‍ പൊന്നമ്മ, അല്ലെങ്കില്‍ കെപിഎസി ലളിത. ഇവര്‍ രണ്ടുപേരും തിരക്കിലാണെങ്കില്‍ മിക്കവാറും അമ്മയെ സിനിമ തുടങ്ങുന്നതിനുമുന്പുതന്നെ കൊല്ലേണ്ടിവരും. അച്ഛന്‍ റോളിന് നടന്മാര്‍ ധാരാളമുണ്ട്.

മനസ്സാക്ഷിബാങ്ക്

ധാരാളം സിനിമകളില്‍ സഹറോളുകള്‍ ചെയ്ത് തഴക്കവും പഴക്കവും വന്ന ഒരു നടനായിരിക്കണം ഈ റോളില്‍.

നായകന്റെ ഉറ്റചങ്ങാതിയാണ്. എല്ലാ ദുഃഖവും അറിയുന്നവന്‍, സഹചാരി. പണ്ടെങ്ങോ നായകന്‍ നശിച്ച് നാറാണക്കോലില്‍ ട്രപ്പീസുകളിക്കുന്പോള്‍ താങ്ങും തണലുമായി നിന്നവന്‍. ഇപ്പോള്‍ പ്രധാനജോലി വളിപ്പടിക്കലാണ്, പണ്ടത്തെ ഉപകാരം ഓര്‍ത്ത് മാത്രം നായകന്‍ സഹിക്കുന്നു ഇയാളെ. അവിടിത്തിരി തമാശ (ചിരിച്ചോളൂ), ഇവിടിത്തിരി സെന്റി (കരഞ്ഞോളൂ), കിട്ടിയ ചാന്‍സില്‍ സാരോപദേശം (ചിന്തിച്ച് തീസിസെഴുതിക്കോളൂ) ..... അതാണ് സ്ക്രീനില്‍ വരുന്പോള്‍ ഇദ്ദേഹത്തിന് പറഞ്ഞിട്ടുള്ളത്.

താരം - മ്മടെ ഇരിങ്ങാലക്കുടക്കാരന്‍ റെഡ്യല്ലേ. ജഗതിയായാലും ഒപ്പിക്കാം.

നായകന്റെ ബാക്കി കുടുംബാംഗങ്ങള്‍ - ഇവര്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല, പക്ഷെ നായകന്റെ വിഷമഘട്ടത്തില്‍ ഏതെങ്കിലും പക്ഷം പിടിക്കണം.

തമാശക്കാരന്‍

മനസ്സാക്ഷിബാങ്ക് ഈ ജോലി എറ്റെടുക്കും സാധാരണഗതിയില്‍. പക്ഷെ അങ്ങോര്‍ക്ക് ആരെയെങ്കിലും അടിക്കണമെങ്കില്‍ അതിനായി ഒരു തമാശക്കാരനും വരും. എപ്പോഴും മനസ്സാക്ഷിബാങ്കുമായി സരസസംഭാഷണത്തിലായിരിക്കും ഈ പാത്രം.

താരം - ഇപ്പോള്‍ സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍ തുടങ്ങിയവര്‍ക്കാണ് മാര്‍ക്കറ്റ്. നായകന്‍ മമ്മൂട്ടിയെങ്കില്‍ തമാശക്കാരന്‍ സുരാജ് തന്നെ എന്നാണല്ലോ ഇപ്പോള്‍ അവസ്ഥ, അതിനാല്‍ ചോയ്സ് പോരാ.

ഭാര്യ/കാമുകി

നായകന്റെ ഇടംകൈ ആണെങ്കിലും ഈ കഥാപാത്രത്തിന് ഒരു ലോഡ് ഗ്ലിസറിന്‍ ചെലവാക്കുക എന്നതില്‍ക്കവിഞ്ഞ് ഒന്നും ചെയ്യാനില്ല. ശോകഗാനരംഗങ്ങളിലാണ് ആകെ ജോലി വരുന്നത്. നായകന്റെ പ്രായവും വൈവാഹികപദവിയും അനുസരിച്ച് കുട്ടികളുടെ എണ്ണം തീരുമാനിക്കാം.

താരം - ഇന്ന്‍ ആര്‍ക്കാണോ മാര്‍ക്കറ്റ്, അവരെ വിളിക്കൂ.

വില്ലന്‍ - ഇതാ വരുന്നു ട്വിസ്റ്റര്‍ (എന്നുവെച്ചാല്‍ ട്വിസ്റ്റുണ്ടാക്കുന്നവന്‍ ആരോ അവന്‍)

നായകന് ഇടിക്കാന്‍ പാകത്തില്‍ നിന്നു കൊടുക്കണം. ഇത് പുരുഷജന്മം തന്നെ വേണമെന്നില്ല. സ്ത്രീ കഥാപാത്രമാണെങ്കില്‍ നായകന്‍ ഇടിക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നായകനും വില്ലനും തമ്മില്‍ എന്തെങ്കിലും തരത്തില്‍ ബന്ധം കാണും. ഒന്നിച്ച് ഒരേ ഗ്രാമത്തില്‍ വളര്‍ന്നവര്‍, അല്ലെങ്കില്‍ ഒരേ തൊഴിലിലുള്ളവര്‍ അതുമല്ലെങ്കില്‍ കുടുംബത്തിലോ നാട്ടിലോ പ്രമാണിത്തം ഉള്ളവര്‍.... അങ്ങിനെ എന്തെങ്കിലും.

ഭൂതകാലത്ത് വില്ലന്‍ നായകനെ കണക്കറ്റ് പീഡിപ്പിച്ചവനാണ്. വില്ലനും നായകനും സമപ്രായക്കാരാണെങ്കില്‍ കുട്ടിക്കാലത്ത് മണ്ണപ്പം ചുടുന്നതിനിടയില്‍ അടിയുണ്ടാക്കി നായകനെ നാടുകടത്തിയിരിക്കും, ഇവിടെ നായകന്റെ അച്ഛനും പങ്കുണ്ടായിരിക്കും. വില്ലന്റെയോ അല്ലെങ്കില്‍ വില്ലന്റെ അച്ഛന്റെയോ ക്രൂരകൃത്യങ്ങള്‍ കാരണമാണ് നായകന്‍ നേരത്തെ പറഞ്ഞ കോലില്‍ ട്രപ്പീസുകളിച്ചത്. എന്തൊക്കെയായാലും നായകന്റെ കുട്ടിക്കാലം മുതല്‍ക്കുതന്നെ നായകനും വില്ലനും തമ്മില്‍ ബുഷും ലാദനും പോലെ ഐക്യമുള്ളവരാണ്, ചൊറിയാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കില്ല.

വര്‍ത്തമാനകാലത്ത് വില്ലന്‍ നായകന്റെ ഒരു പടി താഴെയാണ്. സാന്പത്തികമായി മാത്രം നായകനുമായി കട്ടയ്ക്ക് കട്ട പിടിക്കാന്‍ കെല്‍പ്പുള്ളവന്‍. നായകന്റെ ഒരു പടി താഴെയാണ് വില്ലന്റെ കറന്റ് സ്റ്റാറ്റസ്. അത്രയ്ക്കങ്ങ് ക്ലച്ച് പിടിക്കുന്നില്ല. വില്ലന്റെ വളര്‍ച്ചയില്‍ ഒരേയൊരു തടസ്സം നായകനാണ്. എത്ര നല്ല ഗുഡ് നൈറ്റ് വെച്ചിട്ടും വില്ലന്റെ ഉറക്കം അത്രയ്ക്കങ്ങ് ശരിയാവുന്നില്ല.

ചുരുക്കം ചില കേസുകളില്‍ വില്ലന്‍ വെറും വിധിയും ആവാം. അവിടെ വില്ലന്‍ എന്ന് പറയാന്‍ ഒരു ആള്‍രൂപം ഉണ്ടാവില്ല, എന്നാലും നായകന്റെ തൊണ്ടയിടറാന്‍ പാകത്തിന് ഒരു അമ്മാവനോ അമ്മായിയപ്പനോ ഒക്കെ കുനിഷ്ടുമായി റെഡിയായിരിക്കും. ഇത്തരം കഥകളില്‍ നായകന്‍ പരമ സാത്വികനായിരിക്കും.

താരം - സായികുമാര്‍, സിദ്ദിക്ക്, നാരായണന്‍ നായര്‍, സുരേഷ് കൃഷ്ണ, മേഘനാഥന്‍, റിയാസ് ഖാന്‍........

വില്ലന്റെ സഹായികള്‍ - ഇവരെ പൊതുവെ പുരുഷവില്ലനാണ് ആവശ്യം. അച്ഛനോ മകനോ സഹോദരങ്ങളോ ഒക്കെ ആവാം. (ഇതു പറയുന്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. ഒട്ടുമിക്ക കഥകളിലും വില്ലന്‍, അല്ലെങ്കില്‍ വില്ലന്റെ അച്ഛന്‍ പണ്ട് കുടുംബാസൂത്രണത്തിനൊന്നും പോയിട്ടില്ല. മൂന്നോ നാലോ മക്കള്‍ കാണും, എല്ലാം തലതിരിഞ്ഞവര്‍. വെളുത്തമുണ്ട് മടക്കിനടക്കും സദാസമയവും). അഴിമതിക്കാരായ പോലീസുകാരനും കാര്യം നടത്തും. നായകന്‍ സാത്വികനാണെങ്കില്‍ പോലീസില്ല, എന്നാല്‍ അടിക്കാന്‍ ഒട്ടും മടിക്കാത്ത നായകനെങ്കില്‍ ഈ പോലീസ് കഥാപാത്രം കൂടിയേ തീരൂ. നായകന്റെ സോഷ്യല്‍ സ്റ്റാറ്റസ് അനുസരിച്ച് പോലീസുകാരന്റെ റാങ്കും കൂടും, എസൈ മുതല്‍ കമ്മീഷണര്‍ വരെയാകാം. റാങ്കെന്തോ ആകട്ടെ, പ്രധാന ജോലികള്‍ വില്ലന്റെ വീട്ടിലിരുന്നു വെള്ളമടിയും കള്ളക്കേസുണ്ടാക്കലും നായകന്റെ ഉശിരുള്ള ഡയലോഗ് കേള്‍ക്കാന്‍ പാകത്തില്‍ നിന്നുകൊടുക്കലുമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ ഈ വര്‍ഗ്ഗത്തിന് ഒരു നിശ്ചിത എണ്ണം വെക്കരുതെന്നതാണ്. പ്രൊഡ്യൂസറുടെ കീശ വലിപ്പം അനുസരിച്ച് ഇതെത്ര വേണമെങ്കിലും ആവാം.
കുറെ ഗുണ്ടകള്‍ കൂടിയാവാം. നിര്‍ബന്ധമില്ല, എന്നാലും ഒരു വഴിക്ക് പോണതല്ലേ.


താരം - തണ്ടും തടിയുമുള്ള ആരും. ഭീമന്‍ രഘുവിനാണ് മാര്‍ക്കറ്റ്.

ഇനി കഥയിലേക്ക് കടക്കാം. അത് വഴിയേ പറയാം. പറയാന്‍ ഇത്തിര്യധികം ണ്ടേയ്.

അത് ഭാഗം രണ്ടില്‍ കാണാം

മലയാളം സിനിമാ മാനിഫെസ്റ്റൊ - ഭാഗം രണ്ട്.

സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെട്ടല്ലോ, ഇനി കഥ.

ഈ ടെംപ്ലേറ്റില്‍ ഏഴ് സെക്ഷനുകളുണ്ട്. ഇതില്‍ നിന്നാണ് 17 സിനിമകള്‍ക്കുള്ള കഥകള്‍ ഉണ്ടാക്കുന്നത്.

സെക്ഷന്‍ ഒന്ന്‍.

നായകന്റെ കുട്ടിക്കാലം. വില്ലന്‍ (അല്ലെങ്കില്‍ വില്ലന്റെ അച്ഛന്‍) നായകന്റെ അച്ഛനെ അല്ലെങ്കില്‍ കുടുംബത്തെ ഒതുക്കുന്നു (വധിക്കാലോ വിധിക്കാലോ ഒക്കെ തിരക്കഥാകൃത്തിന്റെ സൌകര്യം പോലെ). സ്വത്ത് കൈക്കലാക്കുന്നു. നായകന്‍ വഴിയാധാരം എന്ന ആധാരം (ടോംസിനോട് കടപ്പാട്) മാത്രം സ്വന്തമാക്കി ദുരിതപൂര്‍ണമായ കുട്ടിക്കാലം കഴിക്കുന്നു. നോക്കി നടത്താന്‍ വലിയൊരു കുടുംബം (അമ്മ, അനിയന്‍, അനിയത്തി അങ്ങിനെ അങ്ങിനെ), കടബാദ്ധ്യത, പ്രാരാബ്ധം.... ഇനി ഇല്ലാത്തതൊന്നുമില്ല.

സെക്ഷന്‍ രണ്ട്.

നായകന്റെ വര്‍ത്തമാനകാലം - നായകന്‍ മിടുക്കനായതിനാല്‍ കടബാദ്ധ്യതകള്‍ എല്ലാം തീര്‍ക്കുന്നു. കഠിനമായ അദ്ധ്വാനത്തിലൂടെ സ്വന്തം തട്ടകത്ത് പൊന്നുവിളയിക്കുന്നു. ഇന്നൊരു ആദരണീയനായ വ്യക്തിയാണ് നായകന്‍. വില്ലനാകട്ടെ സ്വത്തുണ്ടെങ്കിലും വെറും രണ്ടാമന്‍.

സെക്ഷന്‍ മൂന്ന്‍.

വില്ലന്‍ നായകനെ തകര്‍ക്കാന്‍ പല വഴികളും നോക്കുന്നു. ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം, പോലീസ് കേസ്, ലിറ്റിഗേഷന്‍, സ്റ്റേ, ഭീഷണി, പണ്ടെങ്ങാണ്ട് പണയം വെച്ചിരുന്ന ആധാരം ഉപയോഗിച്ച് കുടിയൊഴിപ്പിക്കല്‍ ശ്രമം...... എന്തെല്ലാം തള്ളിക്കേറ്റാമോ, അതെല്ലാം.

എന്തൊക്കെ ശ്രമിച്ചാലും വില്ലന് നായകനെ ഒരു ചുക്കും ചെയ്യാന്‍ കഴിയുന്നില്ല. നായകന്‍ ശക്തിമാനായതിനാല്‍ ഗുണ്ടകള്‍ ഭദ്രമായി അടിമേടിച്ച് ഉഴിച്ചിലും പിഴിച്ചിലുമായി കഴിയുന്നു. പോലീസുകാരന്‍ അടിയോടൊപ്പം ഡയലോഗ് കേള്‍ക്കുക കൂടി ചെയ്യുന്നതിനാല്‍ പുതിയ ജ്ഞാനസന്പത്തുമായി (എന്നാലും നന്നാവാതെ) കസേരയിലിരുന്നു അടുത്ത കള്ളക്കേസുണ്ടാക്കുന്നതിനെ കുറിച്ചോര്‍ത്ത് തല പുണ്ണാക്കുന്നു. ലിറ്റിഗേഷന്‍ മുഴുവന്‍ ജഡ്ജിയുടെ ഓഡര്‍ ഓഡറിനു മുന്നില്‍ തകര്‍ന്നിടിയുന്നു. ഭീഷണികള്‍ക്ക് മറുഭീഷണി കൊടുത്ത് നായകന്‍ കൂടെ നില്ക്കുന്ന ജനങ്ങളെ (ഷൂട്ടിംഗ് കാണാന്‍ വന്നവരുമാകാം) കയ്യടിപ്പിക്കുന്നു. പഴയ പണയാധാരം നായകന്‍ ഫുള്‍കാഷ് കൊടുത്ത് സ്വന്തമാക്കുന്നു. അങ്ങിനെ വില്ലന്റെ എല്ലാ തന്ത്രങ്ങളും തോല്‍ക്കുന്നു. (ഈ സീനുകളിലൂടെ ഐപിസി 302, 420, 707, 912 തുടങ്ങിയ വകുപ്പുകളെക്കുറിച്ച് ക്ലാസെടുത്ത് പ്രേക്ഷകരുടെ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കാം എന്നൊരു ഗുണം കൂടിയുണ്ട്).

സെക്ഷന്‍ നാല്.

ഇവിടെയാണ് മെയിന്‍ അനിയന്റെ പ്രസക്തി. നായകനെ തോല്‍പ്പിക്കാനുള്ള ഏക വഴി നായകന്റെ കുടുംബം തകര്‍ക്കുക മാത്രമാണെന്നുള്ള ആശയം വില്ലന്റെ കുരുട്ടുബുദ്ധിയില്‍ തെളിയുന്നു. അങ്ങിനെ വില്ലനും കൂട്ടാളികളും പുതിയൊരു പ്ലാനുമായി രംഗത്തെത്തുന്നു. നായകന്റെ അനിയന്‍ചെക്കനെ അവര്‍ വശത്താക്കുന്നു.

ഇതു പല രീതിയിലാവാം. വില്ലന്റെ പെങ്ങളെ വിവാഹം ചെയ്തുകൊടുക്കാം, വില്ലന്റെ പാര്‍ട്ണറാക്കാം, നായകന്റെ "പെരനിറഞ്ഞുനില്ക്കുന്ന" (അനിയന്‍ചെക്കന്റെയും) പെങ്ങള്‍ക്കൊരു വരനെ കണ്ടെത്താം, ഇതിന്റെയെല്ലാം കോന്പിനേഷന്‍ ശ്രമിക്കാം.... ഒന്നുമില്ലെങ്കില്‍ കുറഞ്ഞപക്ഷം നായകനെക്കുറിച്ചുള്ള പരദൂഷണം പറഞ്ഞ് അനിയന്റെ ചെവിതിന്നാം, തെറ്റിദ്ധാരണ ഉണ്ടാക്കാമെന്നര്‍ത്ഥം.

അനിയത്തി കഥാപാത്രമാണെങ്കില്‍ ഇത്രയും വെറൈറ്റി ഇല്ല. വില്ലന്റെ സഹോദരനും നായകന്റെ മെയിന്‍ സഹോദരിയും തമ്മില്‍ പ്രേമം ആണ് ഏക സാധ്യത. പെങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന നായകന്‍ സമ്മതം മൂളും, തീര്‍ച്ച.

വില്ലന്റെ റൂട്ട് ഏതായാലും അനിയന്‍ചെക്കനോടുള്ള ഉപദേശം ഒന്നുമാത്രം ലക്ഷ്യമാക്കിയാണ്. നായകന്റെ സ്വത്ത്.

സെക്ഷന്‍ അഞ്ച്.

അനിയന്‍ തന്റെ കരുക്കള്‍ നീക്കുന്നു, അഥവാ വില്ലന്‍ നീക്കിക്കുന്നു. അത്രയും കാലം സമാധാനപരമായി കഴിഞ്ഞ നായകന്റെ വീട്ടില്‍ വാഗ്വാദം, അടി, കരച്ചില്‍, മൂക്കുപിഴിച്ചില്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറുന്നു. നായകന്റെ കുടുംബാംഗങ്ങള്‍ തരം പോലെ ഇരുവശത്തുമായി നിലയുറപ്പിക്കുന്നു. ഇവിടെയാണ് അമ്മ കഥാപാത്രത്തിന്റെ ചായ്‌വ് പ്രകടമാകുന്നത്. അനിയന്റെ ഭാഗത്താണ് അമ്മയെങ്കില്‍ നായകനെ നോക്കി "നീ പണ്ടാറടങ്ങും" എന്ന്‍ അനുഗ്രഹിക്കും, ഏട്ടന്റെ ഭാഗത്താണെങ്കില്‍ ഗ്ലിസറിന്‍ ചെലവുമാത്രം. എന്തൊക്കെയായാലും പതിനെട്ടു അക്ഷൌഹിണികളുമായി പൊരിഞ്ഞ സെന്റിയുദ്ധം. ഇതിനിടെ ത്യാഗരാജന്‍ മാസ്റ്റരുടെ ശിഷ്യന്മാരെ ഇടിച്ചു നിരത്താം, പോലീസിനെ സാക്ഷി നിര്‍ത്തി ഡയലോഗടിക്കാം, അമ്മാമേ എന്ന്‍ നീട്ടിവിളിക്കാം, നിങ്ങള്‍ക്കാര്‍ക്കും എന്നെ മനസിലാവില്ല എന്ന്‍ പയ്യാരം പറയാം.... സാധ്യതകള്‍ അനന്തം. നായകന്റെ വക ലോക്കപ്പില്‍ കിടക്കാലോ കോടതിവരാന്ത നിരങ്ങലോ ഉണ്ടെങ്കില്‍ സംഗതി ജോര്‍, ഇംഗ്ലീഷുകാരുടെ ഭാഷയില്‍ കേക്കിനുമുകളില്‍ ഐസുകട്ട ഇട്ടപോലിരിക്കും.

ഒരു ശോകഗാനം അത്യാവശ്യമായും വേണം, ദാസേട്ടന്‍ നെഞ്ചുപൊട്ടിപ്പാടിയാല്‍ കരയാത്ത മലയാളിയുണ്ടോ.

സെക്ഷന്‍ ആറ്. - ഇവിടെ മു‌ന്നു രീതിയില്‍ കാര്യങ്ങള്‍ നീക്കാം.

  1. മനസ്സാക്ഷിബാങ്ക് പ്രത്യക്ഷപ്പെടുന്നു, പഴയ കഥകള്‍ പറയുന്നു. നീയൊക്കെ ജീവനോടിരിക്കുന്നതുതന്നെ നായകന്‍ എന്ന മഹാമനുഷ്യന്റെ നല്ലമനസ്സ് കൊണ്ടാണെന്ന് ഉദാഹരണസഹിതം സ്ഥാപിക്കുന്നു. എന്തുകൊണ്ട് നായകന്‍ ഈ രീതിയിലായി എന്നതിന് വില്ലന്റെ ക്രൂരതകളും വീട്ടുകാരുടെ കൊള്ളരുതായ്മകളും അമേരിക്ക-ഇറാക്ക് യുദ്ധവും അടക്കം എല്ലാ കാര്യങ്ങളും പറഞ്ഞു കുടുംബക്കാരെ കംപ്ലീറ്റ് ഒരു വഴിക്കാക്കുന്നു. നീയൊക്കെ നൂറു ജന്മമെടുത്താലും ആ മനുഷ്യന്റെ കാലുകഴുകാനുള്ള യോഗ്യത പോലും നേടില്ലെന്ന് പറഞ്ഞ് അനിയന്‍ചെക്കനെ ഡെസ്പടിപ്പിക്കുന്നു. (വിധിയാണ് വില്ലനെങ്കില്‍ ഈ ടെക്നിക് നന്നായി ഉപയോഗിക്കാം)
  2. വില്ലന്‍ പുതിയ തന്ത്രങ്ങള്‍ ഒരു ഗോഡൌണിലിരുന്നു മെനയുന്നു. സ്വത്ത് കംപ്ലീറ്റ് അടിച്ചുമാറ്റിയതിനുശേഷം അനിയന്‍ചെക്കനെ കൊന്ന് കായലില്‍ത്തള്ളാം എന്ന മട്ടില്‍ സഹവില്ലന്മാരെയും ഗുണ്ടകളെയും ഇരുത്തി പ്രഭാഷണം നടത്തുന്നു. അനിയന്‍ ഇതു ഒളിച്ചുനിന്നു കേട്ട് ഞെട്ടുന്നു. മണ്ടന്‍, നേരെപോയി ഏട്ടനെ വിളിച്ചുകൊണ്ടുവരേണ്ടതിനുപകരം "എടാ" എന്ന വിളിയോടെ വില്ലനെ ആക്രമിക്കുന്നു. വില്ലനും ഗുണ്ടകളും ആദ്യമൊക്കെ കുറച്ചു അടി വാങ്ങിവെക്കും, പിന്നീട് എല്ലാവരുംകൂടി അനിയനെ കീഴ്പ്പെടുത്തി പിടിച്ചുകെട്ടുന്നു. അതിനുശേഷം വില്ലന്റെ അടുത്ത പ്രഭാഷണം തുടങ്ങുന്നു. തന്റെ ലക്ഷ്യമെന്താണെന്നും പഴയ വില്ലത്തരങ്ങളെന്തായിരുന്നെന്നും ഇനിയുള്ള പ്ലാനുകളെന്താണെന്നും ഒക്കെ പറഞ്ഞ് അനിയന്റെ നേരെ അട്ടഹസിക്കുന്നു. ഇടയ്ക്കിടെ അനിയനിട്ടൊരു അടിയും കൊടുത്തെന്നിരിക്കും. സ്വത്തുവകകള്‍ വല്ലതും അനിയന്റെ കയ്യിലുണ്ടെങ്കില്‍ അത് കൈക്കലാക്കാനും കുറച്ച് ഇടികള്‍ ചെലവാക്കിയേക്കാം. ഇതിനിടെ നായകന്‍ എത്തുന്നു. (നായകന് ഗോഡൌണിലേക്കുള്ള വഴി എങ്ങിനെ മനസിലായി എന്ന്‍ ചോദിക്കരുത്, അതാണ് ആര്‍ടിസ്റ്റിക് ഫ്രീഡം) പിന്നെ അടി, പൊരിഞ്ഞ അടി. നായകന്‍ പത്തുമിനിറ്റ് മുന്പ് പഠിച്ച കരാട്ടെ, കുങ്ങ്ഫൂ എന്നിവ പ്രയോഗിക്കുന്നു. ഒടിഞ്ഞ എല്ലുകള്‍ വകവെക്കാതെ അനിയനും പങ്കെടുക്കുന്നു. നായകന്റെ തറവാട്ടില്‍ ആണായ്പ്പിറന്നവരെല്ലാം നേരത്തെപറഞ്ഞ ആര്‍ടിസ്റ്റിക് ഫ്രീഡം ഉപയോഗിച്ച് ഗോഡൌണ്‍ കണ്ടുപിടിച്ച് യുദ്ധത്തില്‍ പങ്കുചേരുന്നു. ഗോതന്പുപോടി മുഖത്ത് വാരിത്തേച്ചിട്ടൊ, ചാക്കുകള്‍ക്കിടയിലിരുന്ന് ദീനരോദനം മുഴക്കിയിട്ടൊ ഗുണ്ടയെ തല്ലുന്നതിനിടയില്‍ ഇന്നലെ പഠിച്ച തമാശ പറഞ്ഞൊ വഴിയെപോകുന്ന ഗുണ്ടയെപിടിച്ചുനിര്‍ത്തി വെറുതെ ഒരു തല്ലു മേടിച്ചോ, എങ്ങിനെയായാലും വേണ്ടില്ല, ജനത്തെ ചിരിപ്പിക്കണം, അതാണവരുടെ കര്‍ത്തവ്യം. അവസാനം വില്ലന്‍ ബെയ്ഗന്‍ കാ ബര്‍ത്തായിലെ വഴുതനങ്ങ പോലെ മുറിഞ്ഞും ഉണങ്ങിയും വീഴുന്നു. ഇവിടെ നായകന്റെ വക നാലു ഡയലോഗ്. "നിന്നെ വെറുതെ വിടുന്നു, പക്ഷെ ഇനിയെങ്ങാന്‍ എന്നെയോ എന്റെ കുടുംബത്തെയോ തൊട്ടാല്‍ അപ്പ തട്ടും" എന്ന മട്ടില്‍ ഭീഷണി. (ഇവിടെ വില്ലന്റെ സ്റ്റാറ്റസും നായകന്റെ വീരപരിവേഷത്തിന്റെ കനവും അനുസരിച്ച് വില്ലന്‍ വടിയായ പോലെ അവിടെത്തന്നെ കിടക്കുകയോ വീണ്ടും എഴുന്നേറ്റ് നായകന്‍ കൊടുക്കാന്‍ മറന്നുപോയ അടി കൂടി വാങ്ങിവെച്ച് സമാധിയാവുകയോ ചെയ്യാം)
  3. കൂട്ടത്തിലൊരാള്‍ തന്നെ ഒറ്റുകൊടുക്കുമോ എന്ന സംശയം വില്ലനുണ്ടാകുന്നു. വില്ലന്‍ ഈ സഹായിയെ തട്ടാന്‍ പ്ലാന്‍ ചെയ്യുന്നു, ക്രൂരമായി മര്‍ദ്ദിക്കുന്നു. ഈ നിര്‍ഭാഗ്യവാന്‍ മരിക്കുന്നതിന് കൃത്യം 12 സെക്കെന്റ് ബാക്കിയുള്ളപ്പോള്‍ അനിയന്‍ചെക്കന്‍ ആ വഴി വരുന്നു (അപ്പോഴാണ് മായാവി അതുവഴി വന്നത് എന്ന് പറയുന്നപോലെ) . വില്ലന്റെ വഞ്ചനയുടെ കഥകളെല്ലാം പറഞ്ഞുകൊടുത്ത് നായകന്റെ മഹത്വത്തെക്കുറിച്ച് ക്ലാസ്സെടുത്തശേഷം സഹായി മരിക്കുന്നു. സത്യം മനസ്സിലാക്കുന്ന അനിയന്‍ എട്ടനുമായി ചേര്‍ന്ന വില്ലനെ ഒതുക്കുന്നു.

സെക്ഷന്‍ ഏഴ്.

അനിയന്റെ പശ്ചാത്താപം - അനിയന്‍ കുടുംബാംഗങ്ങളോടൊപ്പം വന്ന്‍ നായകനോട് മാപ്പിരക്കുന്നു, ഓരോരുത്തരായി ക്യൂ ആയി നിന്നാണ് ഈ കലാപരിപാടി. ഓരോരുത്തരും വരുന്പോള്‍ നായകന്റെ വക സമാധാനിപ്പിക്കല്‍ വേണം. കൂടാതെ നിനക്കൊര്‍മ്മയുണ്ടോ എന്ന് തുടങ്ങുന്ന നെടുങ്കന്‍ ഡയലോഗും. അനിയന്‍ കാലില്‍ വീണു മാപ്പിരക്കുന്നതാണ് ഉത്തമം. ഇതോടെ നായകന്റെ മഹത്വം പൂര്‍ണ്ണതയിലെത്തുന്നു. ടെറിഫിക് എന്റിംഗ്.

ഈ പറഞ്ഞതില്‍ നിന്നും പതിനേഴുകഥകള്‍ എങ്ങിനെയുണ്ടാക്കും എന്നാണ് വായനക്കാരുടെ സംശയമെങ്കില്‍ ഇപ്പോള്‍ത്തന്നെ തീര്‍ത്തുതരാം. സംഗതി വളരെയെളുപ്പം.

ലോകത്ത് എത്ര തൊഴിലുകളുണ്ട് ചെയ്യാന്‍.

ഒരെണ്ണത്തില്‍ നായകന്‍ കൃഷിക്കാരനാണെങ്കില്‍ അടുത്തതില്‍ ബിസിനസ്, പിന്നെ എക്സ്പോര്‍ട്ടിംഗ്..... അങ്ങിനെ അങ്ങിനെ. ബിസിനസില്‍ തന്നെ എത്ര തരം ബിസിനസ് ഉണ്ട്, തുണിക്കട, സ്വര്‍ണക്കട....... അങ്ങിനെ പോകും കാര്യങ്ങള്‍.

അപ്പോള്‍ പിന്നെ പതിനെഴല്ല, ആയിരത്തെഴുനൂറു പടം പിടിക്കാം. ലുങ്കിയുടുത്താലും കോട്ടിട്ടാലും ഒരുപോലെ ചേരുന്ന മമ്മുക്കയും മലയാളിയുടെ തൊട്ടയല്‍വീട്ടുകാരനായ ലാലേട്ടനും ബോറടിക്കാത്തോളം കാലം എന്തിന് വിഷമിക്കണം.

വാല്‍സല്യം, വേഷം, ബാലേട്ടന്‍, ഹിറ്റ്ലര്‍, വല്യേട്ടന്‍, സ്നേഹം..... ഓര്‍മയില്‍ ഓടിയെത്തുന്ന ചില സിനിമകള്‍. ഒന്നു തിരഞ്ഞുനോക്കിയാല്‍ ഇനിയും കണ്ടേക്കാം.

ഒരുവിധം കഴിഞ്ഞൂന്ന്‍ നിരീച്ചപ്പോ ദാ വര്ണൂ മാടന്പി.

ഒന്നു നോക്കൂ സഖാക്കളെ.... ഈ പറഞ്ഞ കഥ തന്നെയല്ലേ ഇവിടെയും. നായകന്‍ ആള് പലിശക്കാരനാണെന്നുമാത്രം.

ഇതേ കഥ എന്ന്‍ സോഫ്റ്റ്വെയറിലേക്ക് വരും ആവോ.

നാളെ മോഹന്‍ലാലും സായികുമാറും രണ്ട് പ്രോജക്റ്റ് മാനേജര്‍മാരായും സുധീഷോ ഇന്ദ്രജിത്തോ ഡെവലപ്പറായും വന്ന്‍ കശപിശയുണ്ടാക്കിയാലും കണ്ടിരിക്കണേ... പ്ലീസ്.
മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഡേറ്റ് കൈവശമുള്ള സംവിധായകരോ നിര്‍മ്മാതാക്കളോ കഥ അന്വേഷിച്ചുനടക്കുന്നുണ്ടെങ്കില്‍ എന്നെ സമീപിച്ചാല്‍ മതി.

അപ്പൂട്ടന്‍.

Wednesday, September 17, 2008

എന്റെ സഹജീവികള്‍.

ഇതില്‍ പറയുന്നവര്‍ എന്റെ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന ചില താരങ്ങളാണ്. ഒന്നു പരിചയപ്പെടുത്താന്‍ വേണ്ടി ഒരു പ്രത്യേക സെക്ഷന്‍ വെച്ചു എന്നുമാത്രം.

ഞാന്‍ - ഞാനല്ലാതെ പിന്നാര്. എന്നാലും പറയാം. പേര് പ്രശാന്ത്. ഞാന്‍ പാലക്കാട്ട് വളര്‍ന്ന ഒരു പാവമാണ്. എഴുതി വലിയ ശീലമൊന്നുമില്ല, ജീവിതത്തില്‍ നടന്ന ചില സംഭവങ്ങള്‍ കുറച്ചു ഭാവന ചേര്‍ത്തെഴുതുന്നുവെന്നുമാത്രം. പാലക്കാട്ടെ 24 വര്‍ഷജീവിതത്തിനുശേഷം ബാംഗ്ലൂരില്‍ ഭാഗ്യം അന്വേഷിച്ചുനോക്കി. രണ്ടുകൊല്ലം ഇത്തിരിയിലധികം ബുദ്ധിമുട്ടിയതിനുശേഷം സോഫ്റ്റ്വെയറിലേക്ക് കയ്യും കാലും ഇട്ടു. പതിനൊന്നുകൊല്ലം ബാംഗ്ലൂരില്‍ ജീവിച്ചതിനുശേഷം ഇപ്പോള്‍ തിരുവനന്തപുരത്ത് ജീവിക്കുന്നു, നാടിനോടുള്ള സ്നേഹം കൊണ്ടുമാത്രം.
ദിലീപ് - എന്റെ ആത്മസുഹൃത്ത്. കയ്യില്‍ ദന്പിടി ഇല്ലാത്ത കാലത്ത് ഒരുപാട് സഹായിച്ചിട്ടുണ്ട്, സാന്പത്തികമായും മാനസികമായും. ഇപ്പോള്‍ കേരളത്തിലാണ് വാസം. ഞാനും ദിലീപും കൂടി നിന്നാല്‍ ലോറല്‍-ഹാര്‍ഡി കോന്പിനേഷന്‍ വരും, അത്രയ്ക്ക് തടിയുണ്ട് ദിലീപിന് (അപ്പോള്‍ എന്റെ കാര്യം പറയേണ്ടല്ലോ)
സജിയേട്ടന്‍ - എന്റെ ഒരു കസിന്‍ ആണ്. പക്ഷെ അത്രയും പോരാ സജിയേട്ടനെക്കുറിച്ച് പറയാന്‍. എന്റെ തത്വചിന്തകളില്‍ ഒരുപാട് സ്വാധീനം ചെലുത്തിയ ആളാണ് സജിയേട്ടന്‍. ബാംഗ്ലൂരിലെ ന്യൂറോ-മാനസിക ആരോഗ്യകേന്ദ്രമായ നിംഹാന്‍സില്‍ സൈക്കോളജിസ്റ്റ് ആണ്. മലയാളിക്ക് പരന്പരാഗതമായി കിട്ടിയിട്ടുള്ള "ജാഡയില്ലെങ്കില്‍ ഞാന്‍ പാടേയില്ല" എന്ന ഫിലോസഫി ജിവിതത്തില്‍ കുറച്ചൊക്കെ കൊണ്ടുനടക്കുന്നയാളാണ്. അത്യാവശ്യത്തിന് നിംഹാന്‍സ് ഐഡി കാര്‍ഡ് ഉപയോഗിക്കും, കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍.

ബാബുരാജ് - ഞങ്ങള്‍ അപ്പുവേട്ടന്‍ എന്ന്‍ വിളിക്കും. അമ്മയുടെ കസിന്‍ ആണ്. ഞങ്ങളുടെ ഒരു നല്ല സുഹൃത്തും ഗൈഡും ഒക്കെയാണ്.

Monday, September 15, 2008

"ഞാന്‍" ഗന്ധര്‍വന്‍

ഈ കഥയില്‍ രണ്ട് നായകന്മാരുണ്ട്. പേരില്ലെങ്കില്‍ കഥ പൂര്‍ണ്ണമാകില്ലെന്ന നിയമം നമ്മുടെ സാഹിത്യസാംസ്കാരികനായകന്മാര്‍ നടപ്പിലാക്കിയതോടെ ഇവര്‍ക്ക് പേരുകള്‍ കൊടുക്കാതെ രക്ഷയില്ലെന്നായി. പേരുകൊടുത്തില്ലെങ്കില്‍ എന്നെ അവര്‍ വിലക്കിയാലോ എന്ന ഭയം മൂലം ഞാനവര്‍ക്ക് പേരു കൊടുക്കാന്‍ തീരുമാനിച്ചു. തല്‍ക്കാലം അവര്‍ക്ക് ഇഷ്ടനെന്നും വിശിഷ്ടനെന്നും പേരുകള്‍ കൊടുക്കാം. ഇനി ഈ പേരുകള്‍ കോപ്പിറൈറ്റ് ഉള്ളതാണെങ്കില്‍ ആ പേരുകള്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്നും വേറെ പേരുകള്‍ ലിസ്റ്റ് ചെയ്തുവെച്ചിട്ടുണ്ടെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.


ഇഷ്ടന്‍ ആളൊരു മടിയനാണ്. മടിയന്‍ എന്ന് വെച്ചാല്‍ കുഴിമടിയന്‍, തനിക്കുവേണ്ടി വേറെയാരെങ്കിലും ശ്വാസം വലിച്ചാല്‍ മതിയെന്ന്‍ ദൈവം കല്പിച്ചാല്‍ ഭൂമിയില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഈ മാന്യവ്യക്തിയായിരിക്കും. ഇഷ്ടന് ജോലിയൊന്നുമില്ലായിരുന്നു എന്ന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. സന്പാദ്യമില്ലാതെ കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നത്, എന്നാലും ജോലി..... ഇത്രേം അലര്‍ജി വേറൊന്നിനോടുമില്ല.

വിശിഷ്ടന്‍ മനുഷ്യജന്മമല്ല, ഒരു ഗന്ധര്‍വനാണ്. അനാശ്യാസങ്ങള്‍ക്കായുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്പോള്‍ പുള്ളി താമസിച്ചിരുന്നത് ഒരു വലിയ ആല്‍മരത്തിലാണ്.

ഇഷ്ടന്‍ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ ഈ ആല്‍ച്ചുവട്ടിലാണ് കഴിഞ്ഞിരുന്നത്. അടുത്തുതന്നെ പൊതുജനഭോജനശാല (ഓട്ടല്‍ എന്ന്‍ മാവേലിനാട്ടില്‍) ഉള്ളതും ആല്‍മരത്തിന് നല്ല തണല്‍ നല്‍കാന്‍ കഴിവുള്ളതുമാണ് ആകര്‍ഷണങ്ങള്‍, അല്ലാതെ ആലിനോട് പ്രത്യേകിച്ച് ഇഷ്ടന് ഇഷ്ടമൊന്നുമുണ്ടായിരുന്നില്ല. ഇഷ്ടന് വന്ന്‍ അവിടെ കിടന്നറങ്ങുന്നതില്‍ വിശിഷ്ടന് പ്രത്യേകിച്ചൊരു വിരോധവുമുണ്ടായിരുന്നില്ല, ഉപദ്രവമൊന്നുമില്ലല്ലോ.

കഥ ഇതു വരെ എത്തി നില്ക്കുന്നു.

ഒരു ദിവസം ഇഷ്ടന്‍ തന്റെ ഇഷ്ടപ്രവൃത്തിയില്‍ (ഉറക്കം) ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ വല്ലാത്തൊരു വിശപ്പോടെ ഇഷ്ടന്‍ എഴുന്നേറ്റു. കയ്യില്‍ ദന്പിടി നഹി നഹി, പൊതുജനഭോജനശാലയുടെ ഉടമ ഇന്നലെത്തന്നെ പറ്റിന്റെ കാര്യം പറഞ്ഞ തന്നെ ഒന്ന്‍ താക്കീത് ചെയ്തതാണ്, അതുകൊണ്ട് അങ്ങോട്ട് പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

എന്തുചെയ്യും?

പിച്ചയെടുക്കാമെന്നു വെച്ചാല്‍ തന്നെയറിയുന്നവരാരും തനിക്കൊന്നും തരില്ല. പെട്ടെന്നാണ് ഒരു ബുദ്ധി തോന്നിയത്.

പാട്ടുപാടുക.

അപ്പോള്‍ ആ വഴി വരുന്നവര്‍ ദയ തോന്നി വല്ലതും തരും. അത് കുറച്ച് അദ്ധ്വാനമുള്ള പണിയാണ്, പക്ഷെ തല്‍ക്കാലം അദ്ധ്വാനിച്ചേ പറ്റൂ.

ഇഷ്ടന്‍ പാട്ടു തുടങ്ങി. ആ വഴി പോയ നാട്ടുകാര്‍ ചെവിപൊത്തി ഓടുന്ന അവസ്ഥയിലായി. പലരും ഇഷ്ടനെ തുറിച്ചുനോക്കി, തടസ്സപ്പെടുത്തി നോക്കി, പക്ഷെ വയറിന്റെ കാര്യമോര്‍ത്ത് ഇഷ്ടന്‍ പാട്ടു നിര്‍ത്തിയില്ല. അവസാനം ഗത്യന്തരമില്ലാതെ ചിലര്‍ ഇഷ്ടന് നാണയത്തുട്ടുകള്‍ എറിഞ്ഞുകൊടുത്തു. ഒരു നല്ല ഊണിനുള്ള വകയായപ്പോള്‍ ഇഷ്ടന് പാട്ടുനിര്‍ത്തി. ഇത്രേം അദ്ധ്വാനിച്ചതു തന്നെ ധാരാളം. ശാപ്പാടടിച്ചു, തന്റെ ജോലി തുടര്‍ന്നു (എന്താന്ന്‍ പറയേണ്ടതില്ലല്ലോ).

വീട് വരെ ജപ്തിയില്‍ പോയിക്കഴിഞ്ഞിരുന്ന ഇഷ്ടന്‍ അന്ന് രാത്രിയും അവിടെയാണ് കിടന്നുറങ്ങിയത്.

രാവേറെ ചെന്നപ്പോള്‍ ഇഷ്ടന് വീണ്ടും വിശന്നു. രാത്രിയില്‍ അധികമാരും ആ ഭാഗത്തേക്ക് വരില്ല, എന്നാലും വല്ല വഴിപോക്കാരെയും കിട്ടിയാലായി. വെറുതെയല്ലല്ലോ പൊതുജനഭോജനശാല രാത്രിയും തുറന്നുവെക്കുന്നത്.

ഇഷ്ടന്‍ വീണ്ടും പാട്ടുതുടങ്ങി.

ഒരു നിശാസഞ്ചാരത്തിനുശേഷം ആല്‍മരത്തില്‍ വിശ്രമിക്കാന്‍ കയറിയതായിരുന്നു വിശിഷ്ടന്‍. പെട്ടെന്നാണ് ഇഷ്ടന്റെ പാട്ട് കേട്ടുതുടങ്ങിയത്. ശുദ്ധസംഗീതത്തിന്റെ ആരാധകനായ വിശിഷ്ടന് ഈ അപശബ്ദം സഹിക്കാവുന്നതിലധികമായിരുന്നു. വിശിഷ്ടന്‍ ഉടനെതന്നെ മരത്തില്‍ നിന്ന താഴോട്ടിറങ്ങി ഇഷ്ടന്റെ മുന്നില്‍ പ്രത്യക്ഷനായി.

വിശിഷ്ടന്‍ ദേഷ്യത്തോടെ ഇഷ്ടനോട് ചോദിച്ചു - ഹേ മനുഷ്യാ, താങ്കളെന്താണ് ഇങ്ങിനെ അപശബ്ദത്തില്‍ പാടുന്നത്? ഇങ്ങിനെ സംഗീതത്തെ വധിക്കാന്‍ താങ്കള്‍ക്കെങ്ങിനെ ധൈര്യം വന്നു?

ഇഷ്ടന്‍ ശാന്തനായി പറഞ്ഞു - എനിക്ക് വിശക്കുന്നു. ആഹാരം വാങ്ങാന്‍ കയ്യില്‍ പണമില്ല. അതിനാല്‍ പട്ടുപാടിയാല്‍ ആരെങ്കിലും പണം തരുമെന്നുകരുതി പാടുന്നു.

വിശിഷ്ടന്‍ - എങ്കില്‍ വീട്ടിലിരുന്നു പാടിക്കൂടെ?

ഇഷ്ടന്‍ - അതിനെനിക്ക് വീടില്ലല്ലോ. കൂടാതെ ഏറ്റവുമധികം ആളുകള്‍ വരുന്നത് ഇവിടെയാണ്, അപ്പോള്‍ ഇവിടിരുന്നു പാടുന്നതാണ് എനിക്ക് നല്ലത്

വിശിഷ്ടന്‍ ഒരു ഞെട്ടലോടെ കാര്യം മനസിലാക്കി, ഇവന്‍ ഇവിടിരുന്നു പാടുന്നത് ഒരു സ്ഥിരം കലാപരിപാടി ആയിരിക്കും. ഇങ്ങിനെ പോയാല്‍ തന്റെ വിശ്രമം ശ്രമകരം. ഇവന് വിശക്കാതിരിക്കാനുള്ള പരിപാടി വല്ലതും ഒപ്പിച്ചുകൊടുത്തേ മതിയാവൂ.

വിശിഷ്ടന്‍ - നിനക്ക് വിശക്കാതിരിക്കാനുള്ള വക വല്ലതും തന്നാല്‍ നീ ഈ വധം നിര്‍ത്തുമോ?

ഇഷ്ടന്‍ - നിര്‍ത്താം. പക്ഷെ എനിക്ക് പണിയെടുക്കാനൊന്നും വയ്യ.

വിശിഷ്ടന്‍ - ശരി, ഞാനൊരു ഉപായം പറഞ്ഞുതരാം. ഞാന്‍ ഇവിടുത്തെ രാജകുമാരിയുടെ ദേഹത്ത് ഒരു ബാധയായി കൂടാം. രാജാവ് പല വൈദ്യന്മാരെയും വരുത്തും. പക്ഷെ കുമാരിയുടെ ഭ്രാന്ത് മാറില്ല. അവസാനം ഗതികെട്ട് രാജാവ് സമര്‍ത്ഥരായ വൈദ്യന്മാരെ അന്വേഷിച്ച് വിളംബരം നടത്തും. വലിയ സമ്മാനങ്ങളും വാഗ്ദാനം ചെയ്യും. അപ്പോള്‍ നീ വന്ന്‍ "ഓം ഹ്രീം നിമാഹനസായ നമഃ" (നീ മഹത്തായ ഒരു നോസ്സായതിനാല്‍ നോം നമിക്കുന്നു) എന്ന്‍ ചൊല്ലിയാല്‍ മതി, ഞാന്‍ ശരീരം വിട്ടു പൊയ്ക്കൊള്ളാം. നിനക്ക് ഭാവിയില്‍ ഒരിക്കലും പണത്തിന് ആവശ്യം വരില്ല.

ഇഷ്ടന്‍ സസന്തോഷം സമ്മതിച്ചു. പണിയെടുക്കാതെ ജീവിക്കാന്‍ അവസരം കിട്ടുന്നത് എന്തിന് നഷ്ടപ്പെടുത്തണം.

പിറ്റേന്ന് രാജകുമാരി ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി.

പരിഭ്രാന്തനായ രാജാവ് കൊട്ടാരം വൈദ്യനെ വിളിച്ചു, നാട്ടിലുള്ള വൈദ്യന്മാരെയെല്ലാം വിളിച്ചു. മാത്യൂ വേല്ലൂരുമായി കൂടിയാലോചിച്ചു.

ഫലം നാസ്തി എന്ന് പറയാനാവില്ല, ഫലമുണ്ടായി, കുമാരിയുടെ ഭ്രാന്ത് കൂടി.

രാജാവ് അവസാനം വിളംബരം ചെയ്തു, ഭ്രാന്ത് മാറുന്നവര്‍ക്ക് 1000 പൊന്‍പണം സമ്മാനം.

പല വൈദ്യന്മാരും വന്നു. പക്ഷെ രക്ഷയുണ്ടായില്ല.

വിശിഷ്ടനും ചെറിയ പേടി തുടങ്ങി. ഇഷ്ടന്‍ പറ്റിച്ചോ? ഇനി തനിയെ ഇറങ്ങേണ്ടി വരുമോ? എന്നാല്‍ തന്റെ വാസസ്ഥലം നഷ്ടപെട്ടതുതന്നെ.

സമ്മാനത്തുക വര്‍ദ്ധിച്ചു, രാജാവിന്റെ ആധിയും വിശിഷ്ടന്റെ പേടിയും.

അവസാനം അറ്റകൈക്ക് രാജാവ് പ്രഖ്യാപിച്ചു, കുമാരിയുടെ ഭ്രാന്ത് മാറ്റുന്നവര്‍ക്ക് ചോദിക്കുന്നതെന്തും സമ്മാനമായി നല്കും.

ഇതാണ് സമയം, ഇഷ്ടന്‍ പ്രത്യക്ഷനായി.

പാതി രാജ്യമാണ് ഇഷ്ടന്‍ ആവശ്യപ്പെട്ടത്.

വേറെ വഴിയില്ല, രാജാവ് സമ്മതിച്ചു.

ഇഷ്ടന്‍ രാജകുമാരിയുടെ അന്തപുരത്തില്‍ സന്നിഹിതനായി. ആദ്യമേ തന്നെ വൈകിയെത്തിയതിന് ഇഷ്ടന്‍ വിശിഷ്ടനോട് ക്ഷമ ചോദിച്ചു. വിശിഷ്ടന് കാര്യം മനസിലായി, ഹീ ഈസ് കാച്ചിങ്ങ് ദ ടാമറിന്റ് ബ്രാഞ്ച്, പുളിങ്കൊന്പ് തന്നെയാണ് ഇഷ്ടന്‍ പിടിക്കുന്നത്.

വിരോധമില്ല, എങ്ങിനെയെങ്കിലും പാട്ട് ഒഴിവാക്കിയാല്‍ മതിയല്ലോ.

ഇഷ്ടന്‍ മന്ത്രം ചൊല്ലി, വിശിഷ്ടന്‍ വാക്കുപാലിച്ചു, രാജകുമാരിയുടെ ഭ്രാന്ത് മാറി.

കുറെ ദിവസങ്ങള്‍ കഴിഞ്ഞു. വിശിഷ്ടന്‍ തന്റെ വാസസ്ഥലത്ത് സുഖമായി താമസിച്ചു. ഇഷ്ടനും പരമസുഖമായിരുന്നു, ആവശ്യമുള്ളപ്പോഴൊക്കെ ആഹാരം, എതാവശ്യത്തിനും പരിചാരകര്‍, ഭൂമിയില്‍ കിട്ടാവുന്ന എല്ലാ സുഖഭോഗങ്ങളും.

ഒരു ദിവസം ഇഷ്ടന്‍ വീണ്ടും ആല്‍ച്ചുവട്ടില്‍ പ്രത്യക്ഷപ്പെട്ടു.

ഇത്തവണ പഴയ മെലിഞ്ഞുക്ഷീണിച്ച രൂപമായിരുന്നില്ല, ആവശ്യത്തിനും അതിലധികവും കഴിച്ച് മദ്യപാനത്തിന്റെ കൂടി ഫലമായി തടിച്ച് കൊഴുത്ത് ഉരുണ്ട ദേഹം.

ആല്‍ച്ചുവട്ടിലെത്തിയ ഉടന്‍ ഇഷ്ടന്‍ പാട്ടു തുടങ്ങി. പഴയതിലും കഠോരമായ സ്വരത്തില്‍.

വിശിഷ്ടന്റെ എല്ലാ ക്ഷമയും നശിച്ചു. വിശിഷ്ടന്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് കോപത്തോടെ ഇഷ്ടനോട് ചോദിച്ചു

"ഇപ്പോള്‍ നിനക്ക് ആവശ്യമുള്ളതെല്ലാം ഉണ്ടല്ലോ, പിന്നെയെന്തിന് ഇവിടെയിരുന്നു പാടുന്നു?"

ഇഷ്ടന്‍ - ഇപ്പോള്‍ എല്ലാ സുഖങ്ങളുമുണ്ട്, പക്ഷെ ചെയ്യാനും ചിന്തിക്കാനും ഒന്നുമില്ലാതെ ഒരു ബോറടി. ദിവസവും ഒരേ രീതി, എഴുന്നേല്‍ക്കുക, കഴിക്കുക, കുടിക്കുക, ഉറങ്ങുക. കുളിപ്പിക്കാന്‍ പോലും പരിചാരികമാര്‍. വെറുതെയിരുന്നു മതിയായി. ഇപ്പോള്‍ കഴിക്കുന്നത് പോലും ആസ്വദിക്കാന്‍ പറ്റുന്നില്ല. ഉറക്കമാണെങ്കില്‍ വരുന്നുമില്ല. എന്തെങ്കിലും ചെയ്യേണ്ടെ. അതിനാണ് ഇവിടെ വന്നത്.

വിശിഷ്ടന്റെ കോപം ഇരട്ടിച്ചു - അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല. നീ ഇപ്പോള്‍ത്തന്നെ ഇവിടുന്നു പോയേ തീരൂ.

ഇഷ്ടന്‍ സമ്മതിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വിശിഷ്ടന്‍ - നിന്നെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന്‍ എനിക്കറിയാം. നിന്റെ കഴുത്തില്‍ ഇനി തല കാണില്ല.

പിറ്റേദിവസം നാട്ടില്‍ വാര്‍ത്ത പരന്നു, രാജകുമാരിക്ക് വീണ്ടും ഭ്രാന്തിളകി.

ഇത്തവണ രാജാവ് ഒട്ടും തന്നെ സംശയിച്ചില്ല. നേരെ ഇഷ്ടനെ ആളയച്ചുവരുത്തി. ഭ്രാന്ത് മാറിയാല്‍ തന്റെ മകളെ വിവാഹം ചെയ്തുകൊടുക്കാമെന്നും വാഗ്ദാനം ചെയ്തു, അങ്ങിനെ ഇഷ്ടന് രാജ്യം മുഴുവന്‍ കിട്ടും. പക്ഷെ ഭ്രാന്ത് മാറ്റാന്‍ ഇഷ്ടന് കഴിഞ്ഞില്ലെങ്കില്‍ അത് ഇഷ്ടന്റെ അവസാനമായിരിക്കും.

ഇഷ്ടന് താനകപ്പെട്ട കുരുക്കിനെക്കുറിച്ച് മനസിലായി. തനിക്കിനി അധികം ജീവിതം ബാക്കിയില്ല. എന്തായാലും വരുന്നത് വരട്ടെ.

ഇഷ്ടന്‍ രാജകുമാരിയുടെ അന്തപുരത്തിലേക്ക് നീങ്ങി. അവിടെ ചെന്നപ്പോള്‍ രാജകുമാരിയിലുടെ വിശിഷ്ടന്‍ അലറി

"നിനക്കിനി രക്ഷപ്പെടാനാവില്ല. നീ എന്ത് മന്ത്രം ചൊല്ലിയാലും ഞാന്‍ ഒഴിഞ്ഞു പോകില്ല. നിന്റെ തല ഉടലില്‍ നിന്ന്‍ വേര്‍പെടുന്ന നിമിഷം ഞാന്‍ ഈ ദേഹത്തില്‍ നിന്നിറങ്ങും, അതു വരെ രാജകുമാരിയുടെ ഭ്രാന്ത് മാറില്ല"

ഇഷ്ടന്‍ പല വഴികളും നോക്കി. യാചന, ഭീഷണി, കരച്ചില്‍ എല്ലാമെല്ലാം.....

രക്ഷയില്ല. വിശിഷ്ടന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു തന്നെ. അവസാനം ഇഷ്ടന്‍ തന്റെ പത്തൊന്പതാമത്തെ അടവെടുത്തു.

പറ്റാവുന്നത്ര ഉച്ചത്തില്‍ പാട്ടു തുടങ്ങി.

പിന്നീട് രാജകുമാരിക്കൊരിക്കലും ഭ്രാന്ത് വന്നിട്ടില്ല.

ഇഷ്ടന്‍ അന്പതിലധികം വര്‍ഷങ്ങള്‍ രാജകീയമായിത്തന്നെ ജീവിച്ചു.

ദേവലോകത്തിന്റെ റെക്കോഡ് ബുക്കുകള്‍ കോണ്ഫിഡന്ഷ്യല്‍ ആയതിനാല്‍ വിശിഷ്ടന് എന്ത് സംഭവിച്ചു എന്നറിയില്ല.

***********************************************************************

ഇതൊരു പഴയ കഥയാണ്.

പക്ഷെ ഇഷ്ടനും വിശിഷ്ടനും തമ്മിലുള്ള അനിഷ്ടം ജന്മജന്മാന്തരങ്ങള്‍ തുടര്‍ന്നു. അവസാനം കലിയുഗത്തിലുമെത്തി.

കലിയുഗത്തില്‍ ഇഷ്ടനും വിശിഷ്ടനും ജന്മമെടുത്തു. പഴയ കഥകളിലെ പോലെ തോല്‍വി ഒരിക്കലുമുണ്ടാകരുതെന്ന് കരുതിയാവാം, ഇഷ്ടന്‍ രണ്ടു മനുഷ്യജന്മങ്ങളായാണ് അവതരിച്ചത്. രണ്ടു അവതാരങ്ങളും കേരളത്തിലെ രണ്ടു വള്ളുവനാടന്‍ ഗ്രാമങ്ങളിലാണ് ജനിച്ചത്. വിശിഷ്ടനും കിട്ടി ഒരു മനുഷ്യജന്മം.

കലിയുഗത്തില്‍ എല്ലാ കാര്യങ്ങളും തലതിരിഞ്ഞാണല്ലോ. വേനലില്‍ ധാരാളം മഴ പെയ്യുന്നതും മഴക്കാലത്ത് വരള്‍ച്ചയുണ്ടാവുന്നതും രാജാവിനുപകാരം രാജീവ് ഭരിക്കുന്നതും കുബേരന്‍ എന്ന പിച്ചക്കാരനുണ്ടാവുന്നതും എല്ലാമെല്ലാം. കലിയുഗത്തില്‍ ചക്കരക്കുടത്തില്‍ കയ്യിടുന്നവര്‍ കൈ നക്കുമത്രേ, ഓര്‍ക്കുടത്തില്‍ കയ്യിടുന്നവര്‍ സ്ക്രാപ്പുമത്രെ.

അങ്ങിനെ കലിയുഗത്തില്‍ ഒരു ചെറിയ റോള്‍ ചെയ്ഞ്ച് വന്നുഭവിച്ചു.

വിശിഷ്ടന്‍ ഒരു സംഗീതവിരോധിയായി.

ഇഷ്ടന്റെ ജന്മങ്ങളാകട്ടെ സംഗീതം എന്ന്‍ കേട്ടാല്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാന്‍ മാത്രം കെല്‍പ്പുള്ളവരുമായി. അവര്‍ ശെമ്മാങ്കുടി ബാബുരാജഭാഗവതര്‍ എന്നും ബാലസജീകൃഷ്ണ എന്നും പേരുകള്‍ സ്വീകരിച്ചു. സൌകര്യത്തിന് നമുക്കവരെ ഇഷ്ടന്‍ വണ്‍ എന്നും ഇഷ്ടന്‍ ടൂ എന്നും വിളിക്കാം.

മുന്‍ജന്മങ്ങളിലേപോലെ ഇഷ്ടന്മാര്‍ പാവപ്പെട്ടവരായിരുന്നില്ല, ജന്മിമാരായിരുന്നു. മടിയന്മാരായിരുന്നില്ല, അത്യുല്സാഹികളായിരുന്നു.

വിശിഷ്ടന്‍ എഞ്ചിനീയറായി സെന്റിമീറ്റര്‍ (സെന്റി അളക്കാനുള്ള ഉപകരണം) എന്ന ഉപകരണം കണ്ടുപിടിച്ചു. നേരത്തെ പറഞ്ഞതുപോലെ, വിശിഷ്ടന് പാട്ടെന്ന്‍ പറഞ്ഞാല്‍ വലിയ പാടു തന്നെയായിരുന്നു. ഏറ്റവും മഹത്തരമായ രാഗം അനുരാഗമാണെന്നാണ് വിശിഷ്ടന്‍ ധരിച്ചുവെച്ചിരിക്കുന്നത്.

പഴയതുപോലെ അന്നും ഇഷ്ടന്മാര്‍ വിശിഷ്ടന്റെ വാസസ്ഥലം കയ്യേറി. പഴയ കഥയിലെപ്പോലെത്തന്നെ പാട്ടു തുടങ്ങി.

ഇഷ്ടന്‍ വണ്‍ ഒരു സംഗീത ആരാധകനാണ്. ഒരു നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ ആരെങ്കിലും കച്ചേരി നടത്തുന്നുണ്ടെന്ന് ആരെങ്കിലും സംശയം പറഞ്ഞാല്‍ ഇഷ്ടന്‍ വണ്‍ അവിടെയെത്തിയിരിക്കും. കൂടെയിരിക്കുന്നയാള്‍ക്ക് സംഗീതത്തില്‍ എന്തെങ്കിലും അറിവുണ്ടെന്ന് തോന്നിയാല്‍ (രാഗങ്ങളുടെ പേര് പറയാന്‍ കഴിഞ്ഞാലും മതി) അവരോടൊപ്പം പാടാനും സംസാരിക്കാനും ഇഷ്ടന്‍ വണ്‍ എത്രനേരം വേണമെങ്കിലും നീക്കി വെക്കും.

ഇഷ്ടന്‍ ടൂവിന്റെ സംഗീതപരിജ്ഞാനം സംശയമാണ്. രാഗം രോഗമാണ്, പക്ഷെ ഏതെന്ന് ഉറപ്പിച്ചു പറയില്ല. പാടുന്നതെല്ലാം ഒരേ രാഗത്തിലാണ്, ശുദ്ധതാന്തോന്നി രാഗത്തില്‍.

അന്ന്‍ നടന്ന പാട്ടുകച്ചേരിയും പക്കവാദ്യങ്ങളും ഒരു സാധാരണക്കാരന് കണ്ണുബള്ബാക്കാന്‍ മാത്രം ഗംഭീരമായിരുന്നു. രംഗം ഏതാണ്ടിങ്ങനെ.

ഇഷ്ടന്‍ വണ്‍ പാട്ടു തുടങ്ങുന്നു.

ഇഷ്ടന്‍ ടൂ "ഇത് ബബ്ബബ്ബ രാഗമല്ലേ" എന്ന്‍ ചോദിക്കുന്നു.

ഇഷ്ടന്‍ വണ്‍ "ബാലസജീ, മരത്തലയാ, അതല്ല, ആ രാഗം ഇങ്ങിനെ" എന്ന്‍ പറഞ്ഞ് ബബ്ബബ്ബ രാഗത്തില്‍ വിസ്താരം തുടങ്ങുന്നു.

ഇഷ്ടന്‍ ടൂ പിന്നെ തന്റെ പക്കവാദ്യങ്ങള്‍ വായിക്കാന്‍ തുടങ്ങുന്നു.

ചമ്രം പടിഞ്ഞിരുന്ന്‍ രണ്ടു കാല്‍മുട്ടുകളും സാങ്കല്പിക മൃദംഗമാക്കി മെക്കിട്ടുകേറുന്നു, തന്റെ കുടവയര്‍ ഘടമാക്കി മണ്ടക്ക് മേടുന്നു, പുറത്ത് നില്ക്കുന്ന ആരെയോ മാടിവിളിക്കുന്നു എന്ന്‍ തോന്നിക്കുന്ന വിധത്തില്‍ വലതുകൈയിലെ തള്ളവിരലില്‍ മറ്റു വിരലുകള്‍ ഒന്നൊന്നായി മുട്ടിച്ച് കൈകളിളക്കുന്നു, പാഞ്ചാലീവസ്ത്രാക്ഷേപസമയത്ത് ദുര്യോധനന്റെ ചേഷ്ടകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ തുടകളിലടിച്ച് ശബ്ദമുണ്ടാക്കുന്നു..... അങ്ങിനെയങ്ങിനെ.

വിശിഷ്ടന്‍ സംഭവദിവസം തന്റെ സെന്റിമീറ്ററില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. സ്വതേ സംഗീതവിരോധിയായ വിശിഷ്ടന് ഈ കച്ചേരി അത്ര ബോധിച്ചില്ല.

എന്ത് ചെയ്യാം, പാട്ടു നിര്‍ത്താനുള്ള ഓഫറുകള്‍ ഒന്നും തന്നെ കയ്യിലില്ലായിരുന്നു.

രാജാവില്ല, രാജകുമാരിയുമില്ല. പിന്നെ വല്ല റ്റാറ്റായോ ബിര്‍ലയോ അംബാനിയോ ആയി വല്ലവരുടെയും മക്കളുടെ മേല്‍ ബാധയായി കയറാം എന്ന്‍ വിചാരിച്ചാല്‍ അവരൊക്കെ മക്കള്‍ക്ക് ഭ്രാന്ത് പിടിച്ചാല്‍ കന്പനി ചെയര്‍മാനാക്കും എന്നല്ലാതെ ചികില്‍സിക്കില്ല.

പിന്നെന്ത് ചെയ്യും? നിര്‍ത്താന്‍ ആവശ്യപ്പെടുക തന്നെ.

വിശിഷ്ടന്‍ തന്റെ ശ്രമം തുടങ്ങി. "ഹൈ ഹൈ, പാട്ട് ഒന്നു നിര്‍ത്തികൂടെ" എന്ന്‍ ചോദിച്ചു. "നിര്‍ത്തിസ്റ്റാ" എന്ന്‍ പറഞ്ഞു. "എനിക്ക് ദേഷ്യം വര്ണ്ട്ട്ടോ" എന്ന്‍ വിരട്ടി....

യെവടെ. ബാധ ഇപ്പോള്‍ ഇഷ്ടന്മാരുടെ ദേഹത്താണെന്ന് തോന്നി.

ഇനി വേറെ വഴിയില്ല. വിശിഷ്ടന്‍ പുറത്തിറങ്ങി. വാസസ്ഥലം നഷ്ടപ്പെട്ടാല്‍ പിന്നെ ഉറങ്ങാനൊരു സ്ഥലം വേണമല്ലോ. നോക്കുന്പോള്‍ ഒരു പോംവഴിയെ കാണാനുള്ളൂ, തന്റെ രഥം.

ഒറ്റക്കുതിരയെ (കുതിരക്ക് കലിയുഗത്തില്‍ എഞ്ചിന്‍ എന്ന്‍ പറയും) കെട്ടിയ രഥം. 100 സിസി, ഹീറോ.

പാവം, ഇഷ്ടന്മാര്‍ തളരുന്നതും കാത്ത് അവിടെയിരുന്നു

വിശിഷ്ടന്‍ അങ്ങിനെ ഇറങ്ങിപ്പോകുമെന്ന്‍ ഇഷ്ടന്മാര്‍ കരുതാത്തതുകൊണ്ടാണോ എന്തോ, അവര്‍ പാട്ട് നിര്‍ത്തി. പിന്നെ ചര്‍ച്ചകളായി.

ഇഷ്ടന്‍ വണ്‍ ഒറാക്കിളിനെക്കുറിച്ച് പറയുന്നു, ഇഷ്ടന്‍ ടൂ കാംപോസേടോമിന്‍ മരുന്നിനെക്കുറിച്ച് പറയുന്നു. അങ്ങിനെ അവരുടെ പാട്ടുകളെപോലെ തന്നെ, നല്ല ആശയ ഐക്യം.

ഐന്സ്റ്റീനും മഡോണയും പോലെ, ഗാന്ധിജിയും ലാദനും പോലെ, നല്ല ഐക്യം.

സമാധാനമായി എന്ന്‍ വിചാരിച്ച് വിശിഷ്ടന്‍ തന്റെ വാസസ്ഥലത്തേക്ക് തിരിച്ചെത്തി. മുന്‍ജന്മങ്ങളിലെപ്പോലെ, ഇഷ്ടന് തന്നെ ഉപദ്രവിക്കണമെന്നില്ല, ഭാഗ്യം.

ഇവിടെയാണ് വിശിഷ്ടന് ഒരിക്കല്‍ക്കൂടി തെറ്റിയത്. സ്വിച്ചിട്ട പോലെ ഇഷ്ടന്മാര്‍ പാട്ടുതുടങ്ങി, ഇഷ്ടന്‍ വണ്‍ പാടുന്നു, ഇഷ്ടന്‍ ടൂ പക്കവാദ്യങ്ങളുമായി അരങ്ങ് തകര്‍ക്കുന്നു.

ഇത്തവണ ഭ്രാന്തായി, നമ്മുടെ വിശിഷ്ടന്. പുള്ളി വന്ന വഴിക്ക് തന്നെ തിരിച്ചു നീങ്ങി.

കലാപരമായി ഒന്നും നടന്നില്ലെങ്കിലും ഒരു കലാപരിപാടി നടന്നു. ആ ശൃംഖല ഈവിധം

ഇഷ്ടന്മാര്‍ പാടുന്നു, വിശിഷ്ടന്‍ ഓടുന്നു, രഥത്തില്‍ ഇരിക്കുന്നു, ഇഷ്ടന്മാര്‍ പാട്ടു നിര്‍ത്തുന്നു, ആശ്വാസമായി വിശിഷ്ടന്‍ തിരിച്ച് വാസസ്ഥലത്തേക്ക് വരുന്നു, വിശിഷ്ടനെ കാണുന്നമാത്രയില്‍ ഇഷ്ടന്മാര്‍ വീണ്ടും പാട്ടു തുടങ്ങുന്നു, വിശിഷ്ടന്‍ ഓടുന്നു, ..........

ഒരു മു‌ന്നുനാല് റൌണ്ട് ആയപ്പോഴേക്കും വിശിഷ്ടന്റെ ആപ്പിളകി. തന്റെ ശത്രുക്കളെ രൂക്ഷമായി നോക്കിയതിനുശേഷം വിശിഷ്ടന്‍ വീണ്ടും ഒരിക്കല്‍ക്കൂടി പുറത്തേക്കിറങ്ങി, ഇത്തവണ തന്റെ പുതപ്പുമായി.

പിന്നീട് അവിടെ നടന്നത് ചരിത്രരേഖകളില്‍ കരിക്കട്ടലിപികളില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.

വിശിഷ്ടന്‍ കിടന്നു, രഥത്തില്‍ തന്നെ.

ആ രഥത്തിലും, അങ്ങിനെയുള്ള എത് രഥത്തിലും കിടക്കുവാന്‍ കഴിവുള്ള ഒരേയൊരു വ്യക്തിയാകുന്നു ശ്രീമാന്‍ വിശിഷ്ടന്‍. ഭാരതപ്പുഴപോലെ വളഞ്ഞുള്ള ആ കിടപ്പ് കാണേണ്ടത് തന്നെ, അതിലൊരു കലയുണ്ട്.

ഈ പാട്ടുപരിപാടി അധികം നീണ്ടില്ല. വിശിഷ്ടന്റെ ഇത്തവണത്തെ യാത്രക്കുശേഷവും പതിവുപോലെ ഇഷ്ടന്മാര്‍ പാട്ടു നിര്‍ത്തി "പ്പ വരും, അപ്പ പാടാം" എന്ന ചിന്തയില്‍.

പക്ഷെ വിശിഷ്ടന്‍ ഇത്തവണ റിസ്ക് എടുക്കാന്‍ തയ്യാറല്ലായിരുന്നു. അവര് പാട്വോ പാടാന്റിര്ക്യോ ചെയ്തോട്ടെ, എനിക്ക് കിടക്കാന്‍ ഈ രഥമുണ്ടല്ലോ, അത് തന്നെ ധാരാളം.

രാവേറെച്ചെന്ന് തിരിച്ച് ഹോസ്റ്റല്‍ പറ്റാന്‍ ഇഷ്ടന്‍ ടൂ പുറത്തിറങ്ങിയപ്പോള്‍ കണ്ടത് KL9B9035 എന്ന തേരില്‍ കിടന്നുറങ്ങുന്ന പുതച്ചുമൂടിയ വിശിഷ്ടനെയാണ്.

ഇത് അടൂര്‍ സാര്‍ സംവിധാനം ചെയ്‌താല്‍ കഥ താഴെ കാണുന്നത്രയേ വരൂ. തിരക്കഥ ആയിവരുന്പോള്‍ രണ്ടുമണിക്കൂര്‍ ആയാല്‍ അതു പാട്ടുകളുടെ നീളം കാരണം മാത്രമായിരിക്കും. അല്ലാതെ കഥയില്‍ മറ്റൊന്നുമില്ല.

സജിത്ത്, ബാബുരാജ് തുടങ്ങിയവര്‍ യശ്വന്തപുരത്തെ വീട്ടിലേക്ക് വരുന്നു. അവിടെയിരുന്നു സംസാരിക്കുന്നതിനിടയില്‍ ബാബുരാജ് പാടുന്നു. സജിത്ത് ഏറ്റുപാടുന്നു. അപ്പൂട്ടന്‍ നിര്‍ത്താനാവശ്യപ്പെടുന്നു. പാട്ടുകാര്‍ കേള്‍ക്കുന്നില്ല. അവസാനം ഗത്യന്തരമില്ലാതെ അപ്പൂട്ടന്‍ പുറത്തേക്ക് പോകുന്നു. കുറച്ചു കഴിഞ്ഞ് തിരിച്ചു വരുന്പോള്‍ സജിത്തും ബാബുരാജും പാട്ടു നിര്‍ത്തിയില്ലെന്ന് കണ്ട് തന്റെ പുതപ്പെടുത്ത് പുറത്തിറങ്ങി ബൈക്കില്‍ ചെന്ന്‍ കിടക്കുന്നു. കുറച്ചു കഴിഞ്ഞ് അപ്പൂട്ടനെ കാണാത്തതിനാല്‍ സജിത്ത് ഇറങ്ങി വന്ന്‍ അപ്പൂട്ടനെ സമാധാനിപ്പിച്ച് അകത്തേക്ക് വിളിച്ചു കൊണ്ടുപോകുന്നു.

ശുഭം.

കഥാപാത്രങ്ങള്‍ -

സജിത്ത് - സജിയേട്ടന്‍ തന്നെ. ഈ കഥയില്‍ ബാലസജീകൃഷ്ണ ആയി അഭിനയിക്കുന്നു.

ബാബുരാജ് - ഞങ്ങള്‍ അപ്പുവേട്ടന്‍ എന്ന്‍ വിളിക്കും. അമ്മയുടെ കസിന്‍ ആണ്. ഞങ്ങളുടെ ഒരു നല്ല സുഹൃത്തും ഗൈഡും ഒക്കെയാണ്.

അപ്പൂട്ടന്‍ - ഞാന്‍.

Thursday, September 11, 2008

ചില നാടകാനുഭവങ്ങള്‍ - ഭാഗം ഒന്ന്‍.

ആദ്യമേ പറയട്ടെ, ആയിരത്തിലധികം വേദികള്‍ കയ്യടക്കി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഒരു നാടകാചാര്യനല്ല ഈ കഥകളെഴുതുന്നത്. ഞാന്‍ വെറും ശൂ. നാടകാനുഭവങ്ങള്‍ എന്നതിനേക്കാള്‍ സ്കിറ്റനുഭവങ്ങള്‍ എന്ന് പറയുന്നതാവും ഭംഗി. എന്നാല്‍ സ്കിറ്റ് എന്ന വാക്കിനിടയിലെവിടെയോ ഒരു R ചേര്‍ത്ത് ഇതിന് ഒരു വികൃതരൂപം നല്‍കാനുള്ള ചില തല്‍പരകക്ഷികളുടെ മനസിലിരിപ്പ് തകര്‍ക്കാനും കഥകള്‍ക്ക് ഒരു വെയ്റ്റ് കൊടുക്കാനും വേണ്ടി ഈ കൃതിയെ ഞാന്‍ നാടകാനുഭവങ്ങള്‍ എന്നുതന്നെ വിളിക്കട്ടെ.
++++++++++++++++++++++++++++++++++++
അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം. ശിവരാത്രിക്ക് ഉറക്കമൊഴിക്കണം എന്നാണ് നിയമം, ആയിക്കോട്ടെ. പക്ഷെ രാവിലെ വരെ എന്ത് ചെയ്യും? പണി ഒന്നും ചെയ്യാതെ ഇരുന്നാല്‍ ഉറക്കം തൂങ്ങിത്തൂങ്ങി അവസാനം തൂങ്ങും. പിന്നെ രാവിലെ (അല്ലെങ്കില്‍ ഉച്ചയാകാറാവുന്പോള്‍) എഴുന്നേല്ക്കുന്പോള്‍ നിരാശയായി, ഛെ, ഉറങ്ങിപ്പോയി.....

അതിന് പരിഹാരമായാണ് പുതിയൊരു ആശയം പൊങ്ങിവന്നത്.
നാടകം അവതരിപ്പിക്കുക.
++++++++++++++

നാടകസംഘത്തിലെ അംഗങ്ങള്‍ താഴെപ്പറയുന്നവരാണ്.
ഞാന്‍ - ഞാന്‍ തന്നെ
മധു - എന്റെ ഏട്ടന്റെ അടുത്തസുഹൃത്ത്, അവര്‍ ഏതാണ്ടൊരേ പ്രായക്കാരാണ്, എന്നെക്കാള്‍ രണ്ടുമൂന്നു വയസും ഇത്തിരിയിലധികം പൊക്കവും തടിയുമുള്ള ഹൈസ്കൂളുകാരന്‍
വിധു - മധുവിന്റെ അനിയനാണ്. ശരിയായ പേര് ചന്ദ്രന്‍. എന്നെക്കാള്‍ കഷ്ടിച്ച് ഒരു വയസ് കൂടും. പൊക്കവും തടിയും എന്നേക്കാളധികമുണ്ടെന്ന് പറയേണ്ടതില്ലല്ലൊ. (എന്നെ കണ്ടിട്ടുള്ളവര്‍ പറയും "ഓ, ഇവനെക്കാള്‍ തടി കുറഞ്ഞവനെ ഈ ഇന്ത്യാമാഹാരാജ്യത്തുതന്നെ കിട്ടില്ല")
സുനില്‍ - എന്റെ അടുത്ത സുഹൃത്താണ്. എന്നെക്കാള്‍ രണ്ടു വയസ് കുറയും, പക്ഷെ കയ്യിലിരിപ്പില്‍ രണ്ടുവയസ് കൂടും. ആള്‍ ഗുജറാത്തിയാണ്, പക്ഷെ കേരളത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ മലയാളം നല്ല മണി മണി കൂട്ടമണി ആയി പറയും.
സക്കു, റിങ്കു - അന്നത്തെ കാലത്ത് ഇജ്ജാതി പേരുകള്‍ കേട്ടാല്‍ തന്നെ ജനം അന്തംവിടും. അപ്പോള്‍ പേരുകേട്ടാല്‍ തന്നെ മനസിലാകും മലയാളികളല്ലെന്ന്. ഇവര്‍ സുനിലിന്റെ ജ്യേഷ്ഠസഹോദരിമാരാണ് (മലയാളത്തില്‍ സിസ്റ്റേഴ്സ് ആണെന്ന് പറയും). നാടകത്തില്‍ വലിയ റോളൊന്നുമില്ലെങ്കിലും ഞങ്ങളുടെ ഈ സംരംഭത്തില്‍ (സംഭ്രമത്തിലും) വലിയ പങ്ക് ഇവര്‍ക്കുണ്ട്.
എന്റെ ഏട്ടന്‍ - എന്നെക്കാള്‍ മൂന്നര വയസ് മൂത്തതാണ് ഏട്ടന്‍. തികച്ചും സാത്വികനാണ്. കാര്യമാത്രപ്രസക്തന്‍.

നാടകം കിട്ടാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. അക്കാലത്ത് ബാലരമയുടെ പല ലക്കങ്ങളിലുമായി ധാരാളം നാടകങ്ങള്‍ വന്നിരുന്നു. നല്ലൊരെണ്ണം പൊക്കിയെടുത്ത് നല്ലവണ്ണം റിഹേഴ്സല്‍ നടത്തി അവതരിപ്പിച്ചാല്‍ മതി

അങ്ങിനെ ഞങ്ങളുടെ നാടകസംഘത്തിന്റെ ആദ്യ നാടകം പിറന്നു.

ആദ്യത്തെ നാടകം വളരെ പരിമിതമായ സാഹചര്യങ്ങളിലാണ് അരങ്ങേറിയത്.സാക്ഷാല്‍ കെപിഎസി മുതല്‍ അല്‍വാല്തീസ് തിയ്യേറ്റേഴ്സ് വരെ ഈ ഒരു സാഹചര്യം നേരിട്ടിട്ടുണ്ടാവും. കന്നിസദസ്സ് ഏല്ലാവര്‍ക്കും ശുഷ്കം ആയിരിക്കും. നാടകത്തെക്കുറിച്ചോ നാടകസംഘത്തിലുള്ളവരെ നേരിട്ടോ അറിയുന്നവര്‍ മാത്രമെ നാടകം കാണാനുണ്ടാവൂ.
ഞങ്ങള്‍ക്കും അത് തന്നെയായിരുന്നു അനുഭവം. തൊട്ടയല്‍പക്കത്തെ നാലഞ്ച് പേരാണ് നാടകം കാണാനുണ്ടായിരുന്നത്. എന്‍റെ അമ്മ, ഗംഗമ്മ, സുജാത-ധനം-മിനി ചേച്ചിമാര്‍, സുനിലിന്റെ മമ്മി അങ്ങിനെ ചില മഹിളാരത്നങ്ങള്‍ മാത്രം. വേദി, എന്റെ വീടിന്റെ പിന്നിലുള്ള ആശാരിപ്പുര.
"അട്ഠുത്ത ഒരു ഭേല്ലോടു ഖൂടീ... യവനിഖ ഉയരുന്നഥായിരിഖും" എന്ന അനൌണ്സ്മെന്റ് ഉണ്ടായില്ല, കാരണങ്ങള്‍ മൂന്നായിരുന്നു.
ഒന്ന്, ഇതു പറയാന്‍ മാത്രം ബാസുള്ള ശബ്ദം സംഘത്തില്‍ ആര്‍ക്കും ഇല്ലായിരുന്നു.
രണ്ട്, ബെല്‍ ഇല്ലായിരുന്നു.
മൂന്ന്, യവനിക അഥവാ കര്‍ട്ടന്‍ ഇല്ലായിരുന്നു

കഥ എന്തായിരുന്നുവെന്ന്‍ ഓര്‍മയില്ല. അവതരണം നന്നായിരുന്നുവെന്ന്‍ കാണികളൊന്നടങ്കം പറഞ്ഞു. അല്ല, ഞങ്ങളെ ഇത്രയധികം ഓള്‍ അവര്‍ അത് പറഞ്ഞില്ലെങ്കിലെ അദ്ഭുതമുള്ളൂ

ഏതായാലും ഞങ്ങള്‍ക്കതൊരു പ്രചോദനമായിരുന്നു. അടുത്ത കൊല്ലം ഈ കലാപരിപാടി വീണ്ടും അരങ്ങേറുമെന്നും നാട്ടുകാരെ സിനിമയില്‍ നിന്നും നാടകം എന്ന സങ്കേതത്തിലേക്ക് ആകര്‍ഷിച്ച് നാടകം എന്ന കലയ്ക്ക് പുതിയൊരു ജീവന്‍ നല്‍കുമെന്നും ഇതിനേക്കാള്‍ ഗംഭീരമാക്കി ഭാവിയില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഓളം സൃഷ്ടിക്കുന്ന ഒരു നാടകസംഘമായി ഞങ്ങളുടെ സംരംഭം അറിയപ്പെടുമെന്നും ഞങ്ങള്‍ സ്വപ്നം കണ്ടുവോ...... അറിഞ്ഞുകൂടാ.

**********************

അടുത്ത വര്‍ഷം പിറന്നു, ശിവരാത്രി അടുക്കാറായി. ഈ സ്കൂള്‍ യൂണിഫോമിനുള്ളില്‍ ഒരു കലാകാരന്‍ ഒളിച്ചിരുപ്പുണ്ടെന്ന് ഞങ്ങളുടെ കലാഹൃദയം ഇടക്കിടെ ഞങ്ങളെ ഓര്‍മിപ്പിച്ചു.

നാടകസംഘം വീണ്ടും ഒത്തുചേര്‍ന്നു. ബാലരമകള്‍ അരിച്ചുപെറുക്കി ഒരു നാടകം തിരഞ്ഞെടുത്തു.

താഴെപ്പറയുന്ന കഥാപാത്രങ്ങളാണ് ഈ നാടകത്തിലുള്ളത്.

ഒരു അദ്ധ്യാപകന്‍, വികൃതിയായൊരു ഒരു വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിയുടെ ഒറിജിനലും വ്യാജനുമായി രണ്ട് അച്ഛന്മാര്‍, ഒരു ഡോക്ടര്‍.

കഥാസാരം ഏതാണ്ടിങ്ങിനെ.
നായകനായ വിദ്യാര്‍ത്ഥി ഒരു വികൃതിയാണ്. അവന്റെ ശല്യം സഹിക്കാതെ അദ്ധ്യാപകന്‍ അവനെ ക്ലാസില്‍ നിന്നും പുറത്താക്കുന്നു, അച്ഛനെ വിളിച്ചുകൊണ്ട് വന്നതിനുശേഷമേ ക്ലാസില്‍ കയറ്റൂ എന്ന ഉത്തരവോടെ.
അച്ഛനെ വിളിച്ചാല്‍ പുലിവാലാകുമെന്ന് വിദ്യാര്‍ത്ഥിക്കറിയാം. അതിനാല്‍ അവന്‍ ഒരു പരിചയക്കാരനെ വിളിച്ചുകൊണ്ടുവന്ന് അച്ഛനാണെന്ന് പറഞ്ഞ് അദ്ധ്യാപകന് പരിചയപ്പെടുത്തുന്നു. തുടര്‍ന്ന്‍ ക്ലാസില്‍ കയറാന്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ അനുവദിക്കുന്നു.

അന്ന്‍ രാത്രി വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഒരു ആക്സിഡെന്റില്‍ പെട്ട് മുറിവേറ്റുകിടക്കുന്നയാളെ അദ്ധ്യാപകന്‍ ആശുപത്രിയിലെത്തിക്കുന്നു. ഡോക്ടര്‍ ആവശ്യപ്പെട്ടതിനനുസരിച്ച് രക്തം സംഘടിപ്പിക്കാന്‍ പാവം അദ്ധ്യാപകന്‍ നെട്ടോട്ടമോടുന്നു. അവസാനം രക്തവുമായി തിരിച്ച് ആശുപത്രിയിലെത്തുന്പോഴേക്കും രോഗി മരിച്ചതായി ഡോക്ടര്‍ അറിയിക്കുന്നു. സമയത്തിന് രക്തം കിട്ടതെയാണ് ആ നിര്‍ഭാഗ്യവാന്‍ മരിച്ചതെന്നറിഞ്ഞ അദ്ധ്യാപകന്‍ വിഷമത്തോടെ തിരിച്ചുപോകുന്നു.

പിറ്റെദിവസം നായകന്‍ വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് ഒരാള്‍ വരുന്നു, അവന്റെ അച്ഛന്‍ ആക്സിഡെന്റില്‍ മരിച്ചെന്നും വിളിക്കാനാണ് അയാള്‍ വന്നതെന്നും അദ്ധ്യാപകനോട് പറയുന്നു. താന്‍ തലേദിവസം ആശുപത്രിയിലെത്തിച്ചത് ഈ വിദ്യാര്‍ത്ഥിയുടെ അച്ഛനായിരുന്നുവെന്ന് അദ്ധ്യാപകന്‍ മനസിലാക്കുന്നു.

പെട്ടെന്ന്‍ അദ്ധ്യാപകന്‍ ഒരു കാര്യം കൂടി ഓര്‍ത്തെടുക്കുന്നു, താന്‍ ആ മനുഷ്യനെ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ തലേദിവസം വിദ്യാര്‍ത്ഥിയുടെ അച്ഛനായി വന്നത് വേറെയാരോ ആയിരുന്നു എന്ന അദ്ധ്യാപകന്‍ ഒരു ഞെട്ടലോടെ മനസിലാക്കുന്നു.

തുടര്‍ന്ന്‍ തന്റെ തെറ്റു മനസിലാക്കുന്ന വിദ്യാര്‍ത്ഥി അതേറ്റു പറഞ്ഞ് അദ്ധ്യാപകന്റെ കാല്‍ക്കല്‍ വീഴുന്നു, പശ്ചാത്താപത്തോടെ.

ഉഗ്രന്‍ കഥ, നല്ല സാരോപദേശം. ഇതു തന്നെ മതി ഇത്തവണത്തെ നാടകത്തിന്.

ഇന്നത്തെ സിനിമകളില്‍ കാണുന്നതുപോലെ താരത്തെ തിരഞ്ഞെടുത്തതിനുശേഷം കഥ അന്വേഷിക്കുന്ന ഏര്‍പ്പാട് ഞങ്ങള്‍ക്കില്ലായിരുന്നു എന്ന്‍ ഇതിനകം മനസിലായിക്കാണുമല്ലോ. കഥ റെഡി, ഇനി താരനിര്‍ണയം, അതായിരുന്നു ഞങ്ങളുടെ ലൈന്‍.

താഴെപ്പറയുന്നു, കഥാപാത്രങ്ങളും അഭിനയിക്കുന്നവരും.

നായകന്‍ വിദ്യാര്‍ത്ഥി - ആ റോള്‍ മധു ഏറ്റെടുത്തു, എടുത്തു എന്നും വേണമെങ്കില്‍ പറയാം.

അദ്ധ്യാപകന്‍ - ഞാന്‍. " അത് ഞമ്മളുതന്നെ" എന്ന്‍ പറഞ്ഞതുകൊണ്ടല്ല എനിക്കീ റോള്‍ കിട്ടിയത്. ഭാഗം വെച്ചപ്പോള്‍ കിട്ടി, അത്ര തന്നെ.

വിദ്യാര്‍ത്ഥിയുടെ വ്യാജനായ അച്ഛന്‍ - വിധു.

വിദ്യാര്‍ത്ഥിയുടെ ഒറിജിനല്‍ അച്ഛന്‍ - മധു (നാടകത്തിലൊരു ഡബിള്‍ റോള്‍)

മരണമറിയിക്കാന്‍ വരുന്നയാള്‍ - വിധു (ഡബിള്‍ റോള്‍, വീണ്ടും)

ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി - സുനില്‍ (ഈ കുട്ടിയാണ് നായകന്റെ വികൃതിയുടെ ഇര)

ഡോക്ടര്‍ - ഏട്ടന്‍.

കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു ഇത്തവണ നാടകസംഘം പ്രദര്‍ശനത്തിനു തയ്യാറെടുത്തത്. കഴിഞ്ഞതവണ ഞങ്ങളുടെ നാടകത്തിന് വലിയ പബ്ലിസിറ്റി ഇല്ലായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഇത്തവണ പബ്ലിസിറ്റി ഒന്നു മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിനായി ഞങ്ങള്‍ ചില പരിപാടികളിട്ടു. പ്രധാനമായും നോട്ടീസടിക്കല്‍.

അന്നും ഇന്നും എന്നും നോട്ടീസടിക്കല്‍ തന്നെയാണല്ലോ പ്രധാന അവബോധനമാര്‍ഗം.

നോട്ടീസടിക്കല്‍ ചെലവുള്ള കാര്യമാണ്. എന്നാലും ജനമറിയണോ, നോട്ടീസടിച്ചേ തീരൂ (വാട്ടീസടിച്ചാലും ജനമറിയും, പക്ഷെ ഞങ്ങള്‍ കുട്ടികളല്ലേ, ക്ഷമി)

സുനിലിന്റെ പപ്പ ഒരു ബിസിനസുകാരനാണ്. വീട്ടില്‍ ധാരാളം ബില്‍ബുക്കുകള്‍. അതില്‍ രണ്ടുമൂന്നെണ്ണം ഞങ്ങള്‍ അടിച്ചുമാറ്റി. ഒരു സൈഡ് മുഴുവന്‍ പ്രിന്റ് ചെയ്തതാണ് ഈ ബില്ലുകള്‍, ഞങ്ങള്‍ മറുവശം പ്രയോജനപ്പെടുത്തി. (അല്ലെങ്കിലും ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഒരു മറുവശം ഉണ്ടാവുമെന്നാണല്ലോ വലിയ മഹാന്മാര്‍ പറഞ്ഞിട്ടുള്ളത്)

ഞങ്ങള്‍ നോട്ടീസെഴുതി. (ഐ റിപ്പീറ്റ്, എഴുതി). മേല്‍പ്പറഞ്ഞ ബില്ലുകളുടെ മറുവശത്ത് പേന കൊണ്ട് വാരിവലിച്ചെഴുതി. അന്നെന്റെ കയ്യക്ഷരം വലിയ മോശമൊന്നുമുണ്ടായിരുന്നില്ല. മധുവിന്റെതാകട്ടെ, വളരെ നല്ല കയ്യക്ഷരമായിരുന്നുതാനും. അങ്ങിനെ വലിയ വൃത്തികേടില്ലാതെ നോട്ടീസ് ഒപ്പിച്ചു. സുനിലിന്റെ പപ്പ ഉപയോഗിച്ചിരുന്ന ഡേറ്റ് സീല്‍ ഉപയോഗിച്ച് തിയതിയും.

നല്ല നോട്ടീസ് എഴുതാന്‍ റെഫെറന്‍സ് ആയി പഴയ സിനിമാ/സര്‍ക്കസ് നോട്ടീസുകളും വിവാഹ/ചരമ/അടിയന്തര അറിയിപ്പുകളും ഒക്കെ ഉണ്ടായിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഡീസന്റ് ആയ നോട്ടീസ്. ഏതാണ്ടിങ്ങിനെ....

ഈ വരുന്ന ....... തിയതി ശിവരാത്രിയോടനുബന്ധിച്ച് ഞങ്ങള്‍ നടത്തുന്ന നാടകപ്രദര്‍ശനത്തിന് നിങ്ങളെ ഏവരേയും ഞങ്ങള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയാണ്. ഈ നാടകപ്രദര്‍ശനത്തില് പങ്കെടുത്ത് ഞങ്ങളുടെ ഈ സംരഭം ഗംഭീരമായി വിജയിപ്പിക്കുവാന്‍ നിങ്ങളുടെ സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഈ നോട്ടീസടി സംരംഭത്തിനിടയില്‍ അക്ഷരതെറ്റുകളും മാറിപ്പോയ തിയതികളും കാരണം കീറിക്കളഞ്ഞ "നോട്ടീസുകള്‍" ധാരാളമുണ്ട്.

നോട്ടീസ് വിതരണം ഞങ്ങള്‍ ആവേശത്തോടെ തന്നെ നടത്തി. അയല്‍പക്കത്തുള്ള വീടുകളിലെല്ലാം ഞങ്ങള്‍ നടന്ന്‍ നോട്ടീസ് വിതരണം ചെയ്തു. ജനത്തിന്റെ പ്രതികരണം ആശാവഹമായിരുന്നു. "ദെന്താണ്ടാദ് മദ്വോ.... നിങ്ങ നാഡഗം കള്‍ക്ക്യാണ്..., ഔ... നല്ല രെസോണ്ടാഗും....." എന്ന "ടിപ്പിക്കല്‍" പാലക്കാടന്‍ പ്രോത്സാഹനപ്രസ്താവനകള്‍ ഞങ്ങള്‍ക്ക് കിട്ടി. "ഐ കുട്ട്യോള് നാഡഗം കള്‍ക്ക്യാണവേ...." എന്ന്‍ ഇതറിയാത്ത പലരോടും നോട്ടീസ് കിട്ടിയവര്‍ പറഞ്ഞുപോലും.

ഞങ്ങള്‍ അത്യാവേശപൂര്‍വം റിഹേഴ്സല്‍ നടത്തി. ഡയലോഗുകള്‍ പഠിച്ചു. മറക്കാന്‍ സാധ്യതയുള്ള ഡയലോഗുകളും അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ള രംഗങ്ങളും വീണ്ടും വീണ്ടും റിഹേഴ്സ് ചെയ്തു. നാടകം നല്ല നിലയില്‍ നടക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നിത്തുടങ്ങി.

അങ്ങിനെ ആ ദിവസമെത്തി. ശിവരാത്രി, ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ ദിവസം അങ്ങിനെ ആഗതമായിരിക്കുന്നു.

തുടരും.

Wednesday, September 10, 2008

ഒരു ശ്വാനമരണം

സംഭവസ്ഥലം - ഞാനും ദിലീപും താമസിച്ചിരുന്ന യശ്വന്തപുരത്തെ ആ വീട്.

യശ്വന്തപുരത്തെ ഞങ്ങളുടെ വീട്ടുടമസ്ഥന്‍ ഒരു പട്ടിയെ വളര്‍ത്തിയിരുന്നു. രാത്രിയാവുന്പോള്‍ വീട്ടുടമ പട്ടിയെ ടെറസിനുമുകളില്‍് ഉള്ള കൂട്ടിലാക്കി പൂട്ടിയിടും. സാമാന്യം ആരോഗ്യവും വലിപ്പവുമുള്ള കരിക്കട്ട പോലെ വെളുത്ത ശ്വാനന്‍. പകലുമുഴുവന്‍ കുരയെടുത്ത് കിട്ടണ കീച്ചിന് മോങ്ങലെടുത്ത്..... അങ്ങിനെ സുന്ദരസുരഭിലജീവിതം. എന്നെ കടിച്ചാല്‍ കയ്യിലിരുപ്പായാലൊ എന്ന പേടിയാലും ദിലീപിനെ കടിക്കാന്‍ മാത്രം വായക്ക് വലിപ്പമില്ലാത്തതിനാലും ഞങ്ങളോട് അധികം ഞഞ്ഞാ പിഞ്ഞാ കാണിച്ചിട്ടില്ല.

ഞങ്ങളെ കാണുന്പോഴൊക്കെ പട്ടിക്ക് ഒരു കാര്യം മാത്രമെ പറയാനുണ്ടായിരുന്നുള്ളു, ബൌ ബൌ.

ഇടക്കൊരു കുറച്ചു ദിവസം പട്ടിയെ കാണാനില്ലായിരുന്നു. ഞങ്ങള്‍ ചെന്ന് വീട്ടുടമസ്ഥനോട് കാര്യം ചോദിച്ചു. പട്ടി അള്ളാ കോ പ്യാരാ (തിരോന്തരം സ്റ്റൈല്‍ അല്ല) ഹോഗയ എന്ന് അദ്ദേഹം ഞങ്ങളെ അറിയിച്ചു.

മനുഷ്യരുടെ കാര്യമാണെങ്കില്‍ മരിച്ചു, അന്തരിച്ചു, കാലം ചെയ്തു, നാടുനീങ്ങി, സമാധിയായി, വടിയായി, കാറ്റുപോയി, കഴിഞ്ഞു, പെട്ടിയിലായി, ചീട്ടുകീറി, മേലോട്ടെടുത്തു, തെക്കോട്ടെടുത്തു, പടമായി, ചുവരില്‍തൂങ്ങി, വിസ കിട്ടി, കലിപ്പ് തീര്‍ന്നു എന്നിങ്ങനെ പല വാക്കുകളും ഉപയോഗിക്കാം. മൃഗമായതിനാല്‍ ചത്തു എന്ന് മാത്രമെ പറയാനാവൂ. ഇല്ലെങ്കില്‍ മൃഗസ്നേഹികള്‍ വീടിനുമുന്നില്‍ നിരാഹാരം കിടന്നു ഗ്വാ ഗ്വാ വിളിക്കും.

ഒരൂസം രാവിലെ കൂട്ടില്‍ നിന്ന് ഇറക്കാന്‍ ചെന്നപ്പോള്‍ അത് ചത്തുകിടക്കുന്നതാണത്രെ കണ്ടത്. പാവം, നല്ല ഭാവിയുള്ള ഒരു ശുനകനായിരുന്നു. കനകസിംഹാസനത്തില്‍ കയറിയിരുന്നേനെ, ശുംഭന്മാര്‍ ഇപ്പോള്‍ സോഫ്റ്റ്വെയറിലേക്ക് കൂട്ടം കൂട്ടമായി ചേക്കേറിയതിനാല്‍ പിന്നെ കനകസിംഹാസനത്തിന് ശുനകന്‍ തന്നെ ശരണം.

ശുനകവീരന്റെ മരണവാര്‍ത്ത താമസിയാതെ നാടുമുഴുവന്‍ ചപ്പാത്തിപോലെ പരന്നു. ശുനകന്റെ അസ്വാഭാവികമാരണം അയല്ക്കാര്‍ക്കിടയില് ചര്‍ച്ചാവിഷയമായി. സന്നദ്ധസംഘടനകള്‍ മുന്നിട്ടിറങ്ങി. ശുനകമരണം കൊലപാതകമാണെന്ന് അവര്‍ ആരോപിച്ചും പേയും പറഞ്ഞു. വെള്ളസാരിയുടുത്ത ഒരു രൂപം ടെറസിലേക്ക് കയറിപ്പോകുന്നത് കണ്ടവരുണ്ടത്രേ. ശുനകന്റെ ഘാതകരെ കണ്ടുപിടിക്കുക എന്ന മുദ്രാവാക്യവുമായി അവര്‍ തെരുവിലിറങ്ങി (തെരുവിലിറങ്ങല്‍ ആദ്യാനുഭവമാകയാല്‍ നാറ്റം സഹിക്കവയ്യാതെ മൂക്കുപൊത്തിയാണ് ജാഥക്കാര്‍ വന്നത് എന്ന് അസൂയാലുക്കള്‍ പറഞ്ഞേക്കാം). നാടൊട്ടുക്ക് കോളിളക്കം സൃഷ്ടിച്ചു. ഇളക്കം പോരാ എന്ന് തോന്നിയ സ്ഥലത്തെല്ലാം വീന്പിളക്കി. അങ്ങിനെ ഇളക്കം കംപ്ലീറ്റ് ചെയ്തു. അവര്‍ അടുത്ത ഷാപ്പ് മൈതാനിയില്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു, കണ്ണീരൊഴുക്കി, കൂടെയൊഴുകിയ ആ കളറുള്ള ദ്രാവകത്തിന് കണക്കില്ല. പ്രസംഗതൊഴിലാളികള്‍ തങ്ങളുടെ പ്രസംഗം പോസ്റ്റല്‍ ആയി അയച്ചുകൊടുത്തു, അത് ഒരു സഹൃദയന്‍ ജനങ്ങളെ വായിച്ചുകേള്‍പ്പിച്ചു. സര്‍ക്കാരിലേക്ക് ഹര്‍ജിയും വയറിലേക്ക് ബുര്‍ജിയും അയച്ചു.

ഇത്രയുമായപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു, ബെഡ്കോഫി കുടിച്ചു. മറ്റു പ്രഭാതകൃത്യങ്ങള്‍ക്കിടെ ക്രൈം വാരിക ശ്രദ്ധിച്ചുവായിച്ചു. തുന്പൊന്നും കിട്ടാഞ്ഞതിനാല്‍ ഇളക്കക്കാരെ ചര്‍ച്ചക്കുവിളിച്ചു. ക്രൈംബ്രാഞ്ച്, ക്രൈംഹെഡോഫീസ്, സിബിഐ തുടങ്ങിയ പല നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചു. ഇളക്കക്കാര്‍ ഇത്തവണ ഇളകിയില്ല. ക്രൈം വാരികക്ക് പോലും തുന്പുണ്ടാക്കാന്‍ പറ്റാത്ത ഈ കേസില്‍ ക്രൈംബ്രാഞ്ച് എന്തുചെയ്യും എന്നായിരുന്നു അവരുടെ ചോദ്യം. ഇന്റര്‍പോളിനെയോ മിനിമം ജോണ്‍പോളിനെയെങ്കിലുമോ കേസ് എല്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇന്റര്‍പോളിനെ എല്പിച്ചാല്‍ അവരുടെ രീതികള്‍ പഠിക്കാനായി അമേരിക്കയിലേക്കും കാനഡയിലേക്കും (നയാഗ്ര കാണാനുള്ള ആഗ്രഹം ഒരു മന്ത്രിപത്നി പ്രകടിപ്പിച്ചിട്ടുണ്ടത്രേ) ഓരോ സംഘത്തെ അയക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ഇളക്കക്കാര്‍ അത് വേണ്ടെന്ന് പറഞ്ഞു. അങ്ങിനെ സര്‍ക്കാര്‍ സുഖിക്കേണ്ട (ഒരുത്തനേം നന്നാവാന്‍ സമ്മതിക്കില്ല, ദുഷ്ടന്മാര്‍). അവസാനം ഒത്തുതീര്‍പ്പെന്ന നിലയില്‍ തമിഴ്നാട് സിഐഡിമാരായ ദാസനെയും വിജയനെയും ഈ കേസ് ഏല്‍പ്പിക്കാന്‍ ധാരണയായി. എത് വെന്തുകുഴഞ്ഞുമറിഞ്ഞ കേസിലും തുന്പും കൊന്പും ദന്പിടിയും ഉണ്ടാക്കിയവരാണല്ലൊ അവര്‍.

ദാസനും വിജയനും മദ്രാസില്‍ നിന്ന് ദുബായ് വഴി ബാംഗ്ലുരിലെത്തി.

നാല്‌ മാസം അവര്‍ കേസിനെപ്പറ്റി പഠിച്ചു.

മൂന്നു മാസം പലരെയും ചോദ്യം ചെയ്തു. "ഊട്ടിയിലേക്ക് എവിടുന്നാ ബസ് കിട്ടുക?", "ഏറ്റവും നല്ല പബ് എവിടെയാ?" "ചായക്കെന്തടോ മധുരമില്ലാത്തെ?" തുടങ്ങിയ ബുദ്ധിപരമായ ചോദ്യങ്ങള്‍ ചോദിച്ച് അവര്‍ കേസിന് തുമ്പുണ്ടാക്കി.

അതില്‍ പിടിച്ച് അവര്‍ പടിപടിയായി മുന്നേറി. ഒരു എസ്കലേറ്റര്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ പടിപടിയായി മുന്നേറാതെ പെട്ടെന്ന് മുകളിലെത്തുമായിരുന്നു. എന്ത് ചെയ്യാം, അന്ന് ടെക്നോളജി അത്രയല്ലേ മുന്നേറിയിരുന്നുള്ളു.

അവസാനം അവര്‍ വിശദമായ പഠനത്തിനു ശേഷം റിപ്പോര്‍ട്ടെഴുതി സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ അത് വായിച്ചു ഞെട്ടിപ്പോയി, കണ്ണുതള്ളി. തള്ളിയ കണ്ണ് തിരിച്ചെടുത്തു വീണ്ടും തള്ളി.

ഹാന്‍ഡ് റൈറ്റിംഗ് അത്ര മോശമായിരുന്നു.

അവസാനം ഫയല്‍ Alt F4 അടിച്ചു ക്ലോസ് ചെയ്തു.

ഇളക്കക്കാരുണ്ടോ വെറുതെയിരിക്കുന്നു. അവര്‍ വീണ്ടും ഇളക്കി. അവസാനം സര്‍ക്കാര്‍ ഭാഷാവിദഗ്ദ്ധരെ വിളിച്ച് റിപ്പോര്‍ട്ട് തര്‍ജ്ജമ ചെയ്യിച്ചു.റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം താഴെകൊടുക്കുന്നു.

രാത്രി അപ്പൂട്ടനും ദിലീപും ആഹാരശേഷം വീട്ടിലേക്ക് വന്നു. എന്നത്തെയും പോലെ അന്നും അപ്പൂട്ടന്‍ തന്റെ സെന്റി തുടങ്ങി. സെന്റിനൊരു സെന്റി എന്ന കണക്കില്‍ ബാംഗ്ലൂര്‍ മുഴുവന്‍ വാങ്ങിച്ചു. എന്നിട്ടും കൊതിതീരാഞ്ഞ് ബൊമ്മനഹള്ളി അക്വയര്‍ ചെയ്തു. അപ്പോഴേക്കും ദിലിപ് ഉറക്കമായി, പാവം, ക്ഷമക്കുമില്ലേ അതിര്.

അത്തിബെല്ലേ വാങ്ങാന്‍ എന്ത് ചെയ്യും എന്നാലോചിച്ച് അപ്പൂട്ടന് ഉറക്കം വന്നില്ല.

ആ സമയത്ത് ഉണര്‍ന്നിരിക്കുന്ന ഒരു ജന്തുവിനെ അന്വേഷിച്ച് പുറത്തിറങ്ങി. ആകെ കാണാന്‍ സാധിച്ചത് നമ്മുടെ ശ്വാനവീരനെ. ഒട്ടും അമാന്തിച്ചില്ല, അപ്പൂട്ടന്‍ തന്റെ സെന്റി കഥ പറഞ്ഞുതുടങ്ങി. വൈകാതെ സ്റ്റഡിക്ളാസ് തീര്‍ത്ത് തികഞ്ഞ ആത്മസംതൃപ്തിയോടെ അപ്പൂട്ടന്‍ തിരിച്ച് വീട്ടില്‍ ചെന്ന് കിടന്നുറങ്ങി.

പാവം ശ്വാനനായകന്‍, സങ്കടം സഹിക്കവയ്യാതെ തര്‍ക്കൊലൈ പണ്ണീട്ടാന്‍.

മൃഗസ്നേഹികളേ... ഇതു വെറും കഥയാണേ... ആത്മഹത്യപ്രേരണ എന്ന് പറഞ്ഞ എന്നെ പുലിവാല് പിടിപ്പിക്കല്ലേ...

Monday, September 8, 2008

ഞാനൊരു പാവം മലയാളിയാണേ, ഇത്തിരി ജാഡ കാണിച്ചോട്ടെ പ്ലീസ്.

ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് എന്നെ പറിച്ചുനടുന്പോള്‍ മനസ്സില്‍ ഒരുപാടൊരുപാട് പ്രതീക്ഷകളായിരുന്നു. ഞാനറിയുന്ന നാട്, ഭാഷ, മനുഷ്യര്‍. ജിവിതം യന്ത്രം കണക്കെ ഓടികൊണ്ടിരിക്കുന്ന ബാംഗ്ലൂരിലെ ജിവിതരീതിയില്‍ നിന്നും ഒരു മാറ്റം. കൂടാതെ ഞാനാഗ്രഹിച്ച പുസ്തകപ്പുഴു ജിവിതം. വരവേല്‍പ്പ് എന്ന സിനിമ മറന്ന മലയാളികള്‍ ഉണ്ടാവില്ല. ബാംഗ്ലൂരില്‍ നിന്നും കൂട്ടുകാരോട് താല്കാലികവിട പറയുന്പോള്‍ മുരളിയുടെ അനുഭവങ്ങളുമായി സാമ്യം വരും എന്റെ ജിവിതത്തിലും എന്ന തമാശയായി ഞാന്‍ കൂട്ടിചേര്‍ക്കാറുണ്ടായിരുന്നു. കേരളത്തിലെ ചില അനുഭവങ്ങള്‍ ഞാന്‍ ഒന്ന് കുറിക്കട്ടെ.

രംഗം ഒന്ന് - എന്റെ ഓഫീസ്

രാവിലെ ഞാന്‍ കാറുമായി പതിവുപോലെ ഓഫിസിലെത്തി. കുറച്ച് വൈകിയതിനാല്‍ പാര്‍ക്കിങ്ങ് അത്ര എളുപ്പമായിരുന്നില്ല. കെട്ടിടത്തിന്റെ ബേസ്മെന്റില്‍ കാറുമായി ഞാന്‍ ഒന്ന് കറങ്ങി. അവിടെ നില്ക്കുന്ന ഗാര്‍ഡിനെ ഞാന്‍ ദയനീയമായി നോക്കി, ഫലം നാസ്തി. ആ ഭാഗത്തൊന്നും പാര്‍ക്ക് ചെയ്യാനുള്ള ഇടം ഇല്ലാത്തതിനാലാവാം ആ മാന്യ സുഹൃത്ത് എന്റെ നോട്ടങ്ങള്‍ അവഗണിച്ചു. അവസാനം കിട്ടിയ ഗ്യാപ്പില്‍ വണ്ടി പാര്‍ക്ക് ചെയ്തു. വണ്ടി ലോക്ക് ചെയ്ത് ഞാന്‍ നടന്നു നീങ്ങി.

ഹലോ ഹലോ എന്ന വിളി കേട്ടാണ് ഞാന്‍ തിരിഞ്ഞത്. ഞാന്‍ നേരത്തെ കണ്ട സുഹൃത്ത് വേറെയൊരു സുഹൃത്തിനേയും കൂട്ടി എന്നെ കാണാന്‍ വന്നിരിക്കുകയാണ്‍്. എന്‍റെ സുഹൃദ് വലയം കുറച്ചുകൂടി വലുതായിരിക്കുന്നു. സുഹൃദ്സ്ക്വയര്‍ (സുഹൃത്തിന്റെ സുഹൃത്ത്) എന്നെ ഒന്ന് അടിമുടി നോക്കി (ചെറഞ്ഞു ഭാഗത്തുള്ളവര്‍ പറയും). ഇവനാരെടാ ഇവിടെ വണ്ടി വെച്ച് ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നുനീങ്ങുന്നത് എന്നായിരിക്കാം ഭാവം. എന്താണാവോ എന്ന മട്ടില്‍ ഞാനും തിരിച്ചുനോക്കി. ഒരു സെക്കന്‍റിനുശേഷം സുഹൃദ്സ്ക്വയര്‍ മൊഴിഞ്ഞു.
"ഇവിടെ വണ്ടി വെക്കാന്‍ പറ്റില്ല, റിസര്‍വ്ഡ് ആണ്".
വായില്‍ വന്ന വാക്ക് ഞാന്‍ വിഴുങ്ങി. എന്റെ അസഹ്യത പരമാവധി മറച്ചുവെച്ച് ഞാന്‍ ചോദിച്ചു.
"ഇത് വണ്ടി പാര്‍ക്ക് ചെയ്യുന്പോഴേ പറയാമായിരുന്നില്ലേ, ഇനി ഇവിടെ നിന്നും വണ്ടി എടുക്കാന്‍ ഞാനെത്ര പാടുപെടണം...."
സുഹൃദ്സ്ക്വയറിന്റെ നോട്ടം ഒന്നുകൂടി രൂക്ഷമായി.
"ഞാനവിടെ പണിയിലായിരുന്നില്ലേ, വേറുതെയിരിക്കുകയാണോ".
(സത്യം പറഞ്ഞാല്‍ അതുതന്നെയായിരുന്നു മാലോകരെ സുഹൃദ്സ്ക്വയറിന്റെ അവസ്ഥ, ഈ കറക്കത്തിനിടക്കെപ്പോഴോ ഞാന്‍ കണ്ടതാണ് അവിടെ വെറൊരുത്തനുമായി ഐന്സ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തം ചര്‍ച്ച ചെയ്യുന്നത്).
മറിച്ചൊരു ചോദ്യം എന്റെ മനസ്സില്‍ ഓടി വന്നു. ഈ സുഹൃത്തും വേറെന്തോ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നോ. അയാളിവിടെ വെറുതെ കുത്തിയിരിക്കുകയായിരുന്നല്ലോ. കുറഞ്ഞപക്ഷം അയാള്‍ക്കെങ്കിലും പറഞ്ഞുകുടെ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് . അപ്പോള്‍ തന്നെ പറഞ്ഞിരുന്നെങ്കില്‍ ഞാനീ മഹാപരാധം ചെയ്യില്ലായിരുന്നല്ലോ. ചോദിച്ചില്ല, ഭാഗ്യം. ചോദിച്ചിരുന്നെങ്കില്‍ ഇതെഴുതാനുള്ള മാനസികാവസ്ഥ എനിക്കുണ്ടാവുമായിരുന്നൊ എന്നെനിക്കറിയില്ല.
ഒന്നും മിണ്ടാതെ വണ്ടി പുറത്തെടുത്ത് ഞാന്‍ ഓഫീസിനുപുറത്ത് കിട്ടിയ ഒരു ചെറിയ സ്ഥലത്ത് തിരുകിക്കയറ്റി.
പണ്ട് ബാലരമയിലും മറ്റും കളിച്ചിട്ടുള്ള "വഴി കണ്ടുപിടിക്കുക" എന്ന കളി ജീവിതത്തില്‍ എത്രമാത്രം ബുദ്ധിമുട്ടുള്ളതാണെന്ന് ഞാന്‍ അന്ന് മനസിലാക്കി. പറയുന്പോള്‍ സത്യം പറയണമല്ലോ, വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നും പുറത്തെടുക്കുന്പോള്‍ എന്റെ ഈ ഉദ്യമത്തില്‍ എന്റെ സുഹൃത്ത് കുറച്ചൊക്കെ സഹായിച്ചു, വേറെ ഏതെങ്കിലും വണ്ടിയില്‍ മുട്ടാന്‍ ഇനി കൃത്യം 6 ഇഞ്ച് ബാക്കിയുള്ളപ്പോള്‍ വിളിച്ചുപറഞ്ഞുകൊണ്ട്.

പൊതുസ്ഥലങ്ങളില്‍ പോലും വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലം അന്വേഷിക്കുന്നവരെ വിസിലടിച്ച് ശ്രദ്ധ ആകര്‍ഷിക്കുന്ന കന്നഡിഗ ഗാര്‍ഡുമാരെ ഞാന്‍ അറിയാതെ ഒന്നോര്‍ത്തുപോയി.

രംഗം രണ്ട് - ബിഗ് ബസാര്‍

ആദ്യം ബാംഗ്ലൂര്‍ അനുഭവം.
ബാംഗ്ലൂരിലെ ബിഗ് ബസാറുകളില്‍ എത്രമാത്രം തിരക്കുണ്ടാവാറുണ്ടെന്ന് അവിടെ ഒരിക്കലെങ്കിലും കയറിയിട്ടുള്ളവര്‍ അറിഞ്ഞിട്ടുണ്ടാവും. എന്നാലും ഒരു കസ്റ്റമര്‍ എന്ന നിലക്ക് ക്യു‌വില്‍ നില്ക്കുന്പോഴല്ലാതെ ഒരിക്കലും ഒരു ബുദ്ധിമുട്ട് എനിക്ക് തോന്നിയിട്ടില്ല. ഏതെങ്കിലും സാധനം വേണോ, അവിടെ ജോലിക്ക് നില്ക്കുന്ന ആരോടെങ്കിലും ചോദിക്കൂ, നമ്മുടെ കൂടെ വന്ന് എടുത്തുതരും.
ഇനി കട്ട് റ്റു ദൈവത്തിന്റെ സ്വന്തം തലസ്ഥാനം.
ബിഗ് ബസാറില്‍ കുറച്ചധികം തിരക്കുള്ള സമയം. അങ്ങിങ്ങായി ചില സേല്‍സ് അസിസ്റ്റന്റുമാര്‍ വേറുതെയിരിക്കുന്നുണ്ട്. ഭാര്യക്ക് നിറപറ അരി വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. അതെവിടെ കിട്ടും?....ആ... വല്യ പിടിയില്ല.
അതാ ഒരു സുഹൃത്ത് (വിണ്ടും സുഹൃത്തോ എന്ന് ചോദിക്കല്ലേ, എല്ലാ ഇന്ത്യാക്കാരും എന്റെ സുഹൃത്തുക്കളാകുന്നു). സുഹൃത്ത് വലിയ പണിയൊന്നുമില്ലാതെ ആരോടോക്കെയോ സൊറ പറഞ്ഞിരിക്കുകയാണ്. ആപേക്ഷികതാസിദ്ധാന്തമായിരിക്കാം. ഏതായാലും ചെന്നു ചോദിക്കുക തന്നെ.
"ചേട്ടാ, ഇവിടെ എവിട്യാ നിറപറ അരി കിട്ട്വാ" എന്ന വള്ളുവനാടന്‍ ചോദ്യത്തൂവലുമായി (ശരമായാല്‍് വേദനിച്ചാലോ) ഞാന്‍ സുഹൃത്തിനെ നേരിട്ടു, അവിടുന്നും ഒരു തൂവല്‍് പ്രതീക്ഷിച്ചുകൊണ്ട്.
മറുപടി വാക്കാല്‍ അല്ലായിരുന്നു. ഒരു ചെറിയ അനക്കം മാത്രം. കഴുത്ത് ഉറപ്പിച്ച് തല രണ്ട് ഭാഗത്തേക്കും ഒന്നു തിരിച്ചു എന്‍റെ മാന്യസുഹൃത്ത്. (പണ്ട് ഒരു സിനിമയില്‍ ഇന്നസെന്‍റ് അവതരിപ്പിച്ച ഫാദര്‍ തറക്കണ്ടത്തിനെ ഓര്‍മയില്ലേ, പുള്ളീടെ ഞെട്ടുവാതം മട്ട് ഒരു ജെര്‍ക്ക്, ഇരുവശത്തേക്കും ഉണ്ട് ഞെട്ടല്‍ എന്ന് മാത്രം).
ഇതെന്തുത്തരം എന്നെനിക്ക് മനസിലായില്ല. ഇനിയിപ്പോ ഞാന്‍ പറഞ്ഞത് കേള്‍ക്കാഞ്ഞതാണോ. ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു . സുഹൃത്ത് ഉത്തരവും ആവര്‍ത്തിച്ചു. ഒരു ഉത്തരം കൂടി വന്നു, "ഇവിടെയില്ല".
ഇവിടെയില്ല എന്നതിനര്‍ത്ഥം ഈ ഫ്ലോറില്‍ ഇല്ല എന്നാണോ ബിഗ് ബസാറില്‍ ഇല്ല എന്നാണോ അതോ തിരുവനന്തപുരം നഗരത്തില്‍ തന്നെ ഈ പറഞ്ഞ ഐറ്റം കിട്ടാനില്ല എന്നാണോ..... എന്താണ് എന്റെ മാന്യസുഹൃത്ത് ഉദ്ദേശിച്ചതെന്ന് മുഴുവനായും മനസിലായില്ല. ഏതായാലും ആ ഉദ്യമം തലക്കാലം ഞങ്ങള്‍ ഉപേക്ഷിച്ചു.

രംഗം മൂന്ന് – ഗ്യാസ് ഏജന്‍സി

ഗ്യാസ് കണക്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാനായി ഞാനിത്തിരി ബുദ്ധിമുട്ടി. ആദ്യ ദുര്‍ഘടം ഏജന്‍സി കണ്ടുപിടിക്കലായിരുന്നു. "മലയാളത്തില്‍" പറഞ്ഞാല്‍ ഏതോ ഗുദാമില്‍ സ്ഥിതി ചെയ്യുന്ന ആ സ്ഥാപനം പല കറക്കങ്ങള്‍ക്കും ശേഷം ഞാന്‍ കണ്ടെത്തി. കെട്ടിടത്തിന്റെ അകത്തു ചെന്നപ്പോള്‍ ഒരു തൃശൂര്‍ പൂരം. ആനകളും അന്പാരികളുമൊക്കെ ദൈവത്തിന്റെ കൃപാകടാക്ഷം കാത്തുനില്‍ക്കുന്നത് പോലെ ഒരു വലിയ ജനക്കൂട്ടം. ഈ ദൈവമാകുന്നു എന്റെ പുതിയ സുഹൃത്ത്.
സുഹൃത്ത് തിരക്കിട്ട എഴുത്തിലാണ്, വിരോധമില്ല. ഞാന്‍ കാത്തു നിന്നു. അവസാനം അദ്ദേഹത്തിന് ഒന്ന് തലപോക്കാനായപ്പോള്‍ ഞാന്‍ എന്റെ പ്രശ്നം അവതരിപ്പിച്ചു. കടലാസുകള്‍ കാണിച്ചുകൊടുത്തു. ചോദ്യങ്ങള്‍ക്കുത്തരം കൊടുത്തു. അവസാനം സുഹൃത്ത് പറഞ്ഞു.
"ഇപ്പോള്‍ നടക്കില്ല. ഇവിടെ ഒരുപാട് ജോലിയുണ്ട്, കുറെയധികം കണക്ഷന്‍് കടലാസുകള്‍ കൊടുക്കാനുണ്ട്. താന്‍ പോയി വൈകുന്നേരം നാലുമണിക്ക് വാ."
എനിക്ക് പരാതിയുണ്ടായിരുന്നില്ല, പണി ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കരുതല്ലോ.
വൈകീട്ട് ഞാന്‍ വീണ്ടും സുഹൃത്തിനു മുന്പില്‍ ഹാജരായി. ഇത്തവണ സുഹൃത്തിന്റെ പ്രശ്നം വേറൊന്നായിരുന്നു.
"ഇപ്പോള്‍ സിലിണ്ടര്‍ ഇല്ല. സിലിണ്ടര്‍ ഇല്ലാതെ കണക്ഷന്‍് തരാന്‍ പറ്റില്ല. ഇവിടെ ഗോഡൌണ്‍് അല്ലാത്തതിനാല്‍ രാവിലെ കണ്‍സൈന്മെന്റ് വന്നാലെ തരാനൊക്കൂ. നാളെ രാവിലെ ഒരു പത്ത് മണിക്ക് വാ."
ഇത്തിരി വിഷമം തോന്നി. പക്ഷെ കാരണം ന്യായമാണല്ലൊ. ഞാന്‍ തിരിച്ചു യാത്രയായി.
എന്‍റെ ഭാര്യാപിതാവിന് പരിചയമുള്ള ഒരു ഓഫീസറുണ്ട്, അദ്ദേഹത്തെ വിളിച്ചു കാര്യം പറഞ്ഞു. കാര്യത്തിന്റെ അത്യാവശ്യവും. അദ്ദേഹം ഏജന്‍സിയില്‍ വിളിച്ച് പറയാം എന്ന് പറഞ്ഞു.അടുത്ത ദിവസം രാവിലെ ഏജന്‍സിയില്‍ ചെന്നപ്പോള്‍ കാര്യം നടന്നു. ഓഫീസറുടെ ഫോണ്കോള്‍് ആണോ അതോ രണ്ടു തവണ നടത്തിച്ചതിലുള്ള സുഹൃത്തിന്റെ വിഷമമാണോ എന്നറിയില്ല, കടലാസുകള്‍ പെട്ടെന്ന് തന്നെ കിട്ടി.
ഇനി സിലിണ്ടര്‍ എടുക്കണം.
കടലാസുമായി ഞാന്‍ കെട്ടിടത്തിന്റെ പുറത്തേക്ക് നടന്നു. അവിടെ ചെന്നപ്പോള്‍ എന്റെ പുതിയ സുഹൃത്ത് നില്‍്പ്പുണ്ട്. സിലിണ്ടറുകളുടെ ഒരു വരിക്കു മുകളില്‍ വേറൊരു വരി കൂടി ഒരുക്കിവെച്ച് അതിനുമുകളില്‍ നൃത്തച്ചുവടുകള്‍് വെക്കുകയാണ് സുഹൃത്ത്, സാഗരസംഗമത്തില്‍് കമലഹാസന്‍ കിണറിനുമുകളില്‍് നൃത്തം ചെയ്തതുപോലെ. കലാപരിപാടി കഴിയാനായി ഞാന്‍ കാത്തു നിന്നു. അവസാനം സുഹൃത്ത് കയ്യടികളേറ്റുവാങ്ങി താഴേക്കിറങ്ങി. ജനക്കൂട്ടത്തെ ഒന്ന് കടാക്ഷിച്ചു.ഞാന്‍ പതുക്കെ മുന്നോട്ടു നീങ്ങി, കടലാസുകളുമായി. ഓട്ടോഗ്രാഫിനോ എന്ന മട്ടില്‍ കലാകാരന്‍ എന്നെ നോക്കി. അതല്ല ഉദ്ദേശം എന്നറിഞ്ഞപ്പോഴുള്ള നിരാശയാണോ അതോ "നിനക്ക് ഒടുക്കത്തെ ഗ്ലാമറട പന്നീ" എന്ന് തോന്നിയിട്ടാണോ എന്തോ വലിയൊരു സന്തോഷമൊന്നും ആ മുഖത്ത് കണ്ടില്ല.
സിലിണ്ടര്‍ വേണമെന്ന ആവശ്യം ഞാനറിയിച്ചപ്പോള്‍് അതിനുമുന്പ്‌ പലതവണ കേട്ട് പരിചയിച്ച ആ ഉത്തരം തന്നെ കിട്ടി. "വെയ്റ്റ് ചെയ്യ്". ഹാ പുളകം.
രണ്ടുമൂന്ന് മിനിറ്റു നേരത്തെ സൊറപറ എന്ന കര്‍ത്തവ്യം നിറവേറ്റിയതിനുശേഷം സുഹൃത്ത് എന്റെയടുക്കലേക്ക് മടങ്ങിയെത്തി. മുകളിലത്തെ വരിയില്‍ നിന്നും രണ്ട് സിലിണ്ടറുകള്‍ എടുത്ത് താഴേക്കിട്ടു, "എടുത്തോ" എന്ന വിളംബരവും പുറപ്പെടുവിച്ചു. വേണങ്കില്‍ എന്നത് ഞാന്‍ കേള്‍ക്കാഞ്ഞതാണോ ആവോ.
ഇതൊന്ന് കാറിലേക്കെത്തിക്കണമല്ലോ എന്നോര്‍ത്ത് ഞാന്‍ വിഷണ്ണനായി. അന്പത് മീറ്ററെങ്കിലും അകലെയാണ് കാറ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ധാരാളം വണ്ടികള്‍ ആ മണ്‍വഴിയിലൂടെ ഓടിയതിന്റെ പാടുകള്‍ കാണാം. എന്റെ ശാരീരികക്ഷമത വെച്ച് ഈ രണ്ട് സിലിണ്ടറുകളും ഉരുട്ടി (ആവശ്യത്തിന് പൊക്കിയെടുത്ത്) കാറുവരെ എത്തിക്കുക എന്നത് ഒരു പണിതന്നെയാണ്. ഞാന്‍ ദയനീയമായി എന്റെ സുഹൃത്തിനെ നോക്കി. (ബൈ ദ ബൈ, ദയനീയമായി നോക്കുന്നത് എന്റെ മോന്തയുടെ ഷേപ്പിന് വളരേയെളുപ്പമാണെന്ന് എന്നെ കണ്ടിട്ടുള്ളവര്‍ക്കറിയാം). സുഹൃത്തിന്റെ നോട്ടം ഇപ്പോള്‍ എന്റെ നേര്‍ക്കല്ല, വിദൂരതയിലേക്കെങ്ങോ ആണ്. രക്ഷയില്ല, ഈ കുരിശ് ഞാന്‍ ചുമന്നേ പറ്റൂ.
ഏറെ അദ്ധ്വാനത്തിന് ശേഷം ഞാന്‍ രണ്ടു സിലിണ്ടറുകളും കാറിലേക്കെത്തിച്ചു. വഴിയുടെ ഗുണമേന്മ കാരണം ഓരോ സിലിണ്ടറും ഞാന്‍ പകുതിയിലധികം ദൂരം പൊക്കിയെടുത്ത് നടക്കുകയായിരുന്നു.
ഈ നേരമത്രയും എന്റെ മാന്യസുഹൃത്ത് എന്റെ ഈ പ്രകടനം നോക്കിനില്‍ക്കുകയായിരുന്നു. കയ്യടിച്ചില്ലെന്നുമാത്രം.
പുതിയ സിലിണ്ടറുകള്‍ സ്വയം പൊക്കിയെടുത്ത് ഓട്ടോറിക്ഷയിലേക്ക് വെച്ചുതന്ന ആ പാവം കന്നഡിഗയേക്കാള്‍് ഈ സുഹൃത്ത് ബൗദ്ധികമായി ഒരുപാട് മുന്നേറിയിരിക്കുന്നു എന്ന് വീണ്ടും തെളിയിച്ചു.

രംഗം നാല് - ഇലക്ട്രിസിറ്റി ഓഫീസ്

(ഇവിടെയാകുന്നു എന്റെ ഏറ്റവും നല്ല അനുഭവം)
വീട് വാടകയ്ക്കെടുക്കുന്പോള്‍ ഞങ്ങളുടെ വീട്ടുടമസ്ഥന്‍് ഞങ്ങളോട് പറഞ്ഞിരുന്നു
"നിങ്ങള്‍്ക്ക് തല്‍്ക്കാലം ഇലക്ട്രിസിറ്റി ബില്‍ അടക്കേണ്ടി വരില്ല. ഞാന്‍ ആദ്യമേ തന്നെ നാലായിരം രൂപ അടച്ചിട്ടുണ്ട്. മീറ്റര്‍് റെഗുലറൈസ് ചെയ്തിട്ടില്ല, അതിനാല്‍ ഇലക്ട്രിസിറ്റി ഉപയോഗം കൃത്യമായി അറിയില്ല, അതിനാലാണ് ഇതടച്ചത്. ബില്‍ വരുന്പോള്‍ എന്നെ അറിയിച്ചാല്‍് മതി"
കഴിഞ്ഞ ആഴ്ച ബില്‍ വന്നു. ഞാന് വീട്ടുടമസ്ഥനെ വിളിച്ചു, എന്ത് ചെയ്യണമെന്ന് ചോദിച്ചു.
അദ്ദേഹം ഇപ്രകാരം പറഞ്ഞു
"പഴയ നാലായിരത്തില്‍ എത്ര ബാക്കിയുണ്ടെന്ന് അറിയണം. എന്റെ കൂടെ പഠിച്ച മിസ്റ്റര്‍് പരസഹായമനസ്കന്‍് (ഇതു പറഞ്ഞൊപ്പിക്കാന്‍് ബുദ്ധിമുട്ടുള്ളവര്‍്ക്ക് സൌകര്യത്തിന് ബാബു എന്ന് വിളിക്കാം) ഇപ്പോള്‍ ഇലക്ട്രിസിറ്റി ഓഫീസില്‍് സബ് എഞ്ചിനീയറാണ്. ഞാന്‍ പുള്ളിയെ വിളിച്ച് പറയാം. അവിടെ ചെന്ന് പരസഹായമനസ്കനെ കണ്ടാല്‍ അയാള്‍ സഹായിക്കും"
ഞാന്‍ ആശ്വാസത്തോടെ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് യാത്ര തിരിച്ചു. അവിടെ ചെന്നപ്പോള്‍ വലിയ തിരക്കില്ല. സബ് എഞ്ചിനിയറുടെ മുറിയില്‍് ചെന്നപ്പോള്‍ ആളില്ല.
ഞാന്‍ നിന്ന് പരുങ്ങുന്നതുകണ്ടപ്പോള്‍് അവിടെ ഉള്ള ഒരു സുഹൃത്ത് മുകളിലേക്ക് തല വെട്ടിച്ച് ചോദിച്ചു "ഉം... എന്തുവേണം".
ഞാന്‍ - സബ്‌ എഞ്ചിനീയര്‍് പരസഹായമാനസ്കനെ ഒന്നു കാണണമായിരുന്നു.
സുഹൃത്ത് പറഞ്ഞു - ദോ നിക്കുന്ന്.
ഞാന്‍ എന്‍റെ മനസ്സില്‍ താഴെപ്പറയുന്ന ഡയലോഗ് വീണ്ടും വീണ്ടും പ്ലേ ചെയ്തു. (ഒരുപക്ഷെ ഈ സുഹൃത്ത് ഇങ്ങിനെ പറഞ്ഞിരിക്കാം.)
ഇവനെ അറിയില്ലേ, ആള് ഭയങ്കരനാ. ഇരുപതു കയ്യാ ഇവന്. ലോകപ്രശസ്ത പരസഹായശാസ്ത്രജ്ഞന്‍ ബ്രാറ്റ്ലി ഇവന്റെ ഗുരുവാണ്. പരസഹായത്തിലെ രണ്ട് ലോകപ്രശസ്ത പ്രബന്ധങ്ങള്‍ ഇവന്റേതായിട്ടുണ്ട്. ആളെ വല്യ പിടിയില്ല, അല്ലെ.
ഞാന്‍ തിരിഞ്ഞു നോക്കി. ശരിയാണ്, അതാ നില്ക്കുന്നു പരസഹായമനസ്കന്‍്. (മുന്‍്പരിചയമില്ല, എന്നാലും സുഹൃത്തുക്കള്‍് പറയുന്നത് അവിശ്വസിക്കേണ്ടതില്ലല്ലോ)
ഇത്രയും നേരം ഈ സംസാരം മുഴുവന്‍ അദ്ദേഹം കേട്ടതാണ്. തന്നെക്കുറിച്ചാണ് സംസാരം എന്നും മനസിലാക്കിയിട്ടുണ്ട്. എന്നാലും ആരെങ്കിലും "ഇദ്ദേഹമാണ് ആ മഹാന്‍" എന്ന് പരിചയപ്പെടുത്താതെ കയറി ഇടപെടുന്നതെങ്ങിനെ എന്ന പ്രത്യയശാസ്ത്രപ്രതിസന്ധിയില്‍് പെട്ട് മനസ് വേദനിച്ച് നില്‍ക്കുകയായിരിക്കാം. മഹാഭാരതം സീരിയലില്‍് ഭീമനും ദുര്യോധനനുമൊക്കെ നില്‍ക്കുന്നതുപോലെ അരക്കെട്ടില്‍ കൈകളുറപ്പിച്ച് "ഹള്‍ക്ക് ഹോഗനെ പോലും പുല്ലുപോലെ തോല്‍പ്പിക്കും" എന്ന മട്ടില്‍ ചിന്താമഗ്നനായി നിലയുറപ്പിച്ചിരിക്കുന്നു എന്‍റെ ഈ സുഹൃത്ത്.
ഞാന്‍ സുഹൃത്തിനു നേരെ തിരിഞ്ഞു. ചെറിയൊരു ഇടവേള. അദ്ദേഹം എന്നെ ഒന്ന് അവലോകനം ചെയ്തതായിരിക്കണം. ഇടവേളക്കുശേഷം ചോദ്യം. "യെന്ത് വേണം"
ഞാന്‍ പ്രശ്നമവതരിപ്പിച്ചു.
..... സ്ഥലത്ത് ജോണ്‍ ലാസറിന്റെ വീട്ടില്‍് വാടകക്ക് താമസിക്കുന്ന ഒരു പാവം പ്രജയാണെന്നും സാന്പത്തികമായ ഒരു സംശയം എന്നെക്കാള്‍ പാവമായ ജോണിനുണ്ടെന്നും താങ്കളെ കണ്ടാല്‍ അതിനൊരു പരിഹാരമുണ്ടാവുമെന്ന് ഞാനും ജോണും ഒരുപോലെ വിശ്വസിക്കുന്നുവെന്നും അതിലേക്കായി താങ്കള്‍ സഹായിക്കണമെന്നും ഞാന്‍ പറഞ്ഞൊപ്പിച്ചു. ഞാനൊരു ഹള്‍ക്ക് ഹോഗനല്ലാത്തതിനാല്‍് അപേക്ഷിക്കുകയേ വഴിയുള്ളൂ, അജ്ഞാപിക്കാനാവില്ലല്ലോ.
പരസഹായമനസ്കന്‍് ഇമവെട്ടാതെ പ്രഖ്യാപിച്ചു
"അഡ്വാന്‍സിന്റെ കാര്യമാണോ, അതിന് സൂപ്രണ്ടിനെ കാണണം".
ഞാന്‍ മനസ്സില്‍ പറഞ്ഞു "നന്ദി സഹോദരാ നന്ദി, ഭഗവത്ഗീതയിലോ ബൈബിളിലോ ഖുറാനിലോ ഒന്നും പ്രസ്താവിക്കാത്ത ഈ പരമസത്യം അറിയാനാണല്ലോ ജോണ്‍ എന്നെ താങ്കളുടെ അടുത്തേക്കയച്ചത്. താങ്കള്‍ ഇവിടെയില്ലായിരുന്നെങ്കില്‍് എന്തുചെയ്യണമെന്നിയാതെ ഞാനാകെ കുഴങ്ങിയേനെ. ഒരുപക്ഷെ ഈയൊരു സത്യം മനസിലാക്കാത്തതിനാല്‍് ഞാന്‍ ബില്‍ അടക്കാതെ മടങ്ങിയേനെ."
(സുഹൃത്ത് സഹോദരനായി മാറിയതെങ്ങിനെയെന്നാണോ ചിന്തിക്കുന്നത്, പറയാം. തൃശൂരുകാര്‍്ക്ക് "ഗഡി" "സോള്‍ ഗഡി" ആകുന്നതുപോലെയാണ് ഞങ്ങള്‍ക്ക് സുഹൃത്ത് സഹോദരനാകുന്നത്.)
ഞാനേതായാലും ആവശ്യത്തിനുള്ള വിശദാംശങ്ങള്‍് സൂപ്രണ്ടില്‍് നിന്നു ശേഖരിച്ചു, ബില്ലടച്ചു. അതിനുശേഷം വീട്ടുടമസ്ഥന്റെ വീട്ടിലേക്കു വിളിച്ചു.
ചേച്ചിയോട് പറഞ്ഞു. "ചേച്ചീ, ഞാന്‍ ബില്ലടച്ചു. ചേട്ടന്റെ കൂട്ടുകാരന്‍് ഒട്ടും സഹായിച്ചില്ല".
ചേച്ചി പറഞ്ഞു. "ഞാനുമൊരിക്കല്‍ ചെന്നപ്പോള്‍ അയാള്‍ കണ്ടഭാവം പോലും നടിച്ചില്ല. പറയുന്പോള്‍ ഞങ്ങളുടെ വീട്ടില്‍് പാലുകാച്ചലിനു വന്നതാണ്. ആ പരിചയം പോലും അന്ന് കണ്ടില്ല"
സാധാരണയായി ഒരാള്‍ നമ്മുടെ സഹായം ആവശ്യപ്പെട്ട് ഓഫീസില്‍് വന്നാല്‍ എന്ത് ചെയ്യും. കൂടെച്ചെന്ന് നമുക്കു പറ്റുന്ന സഹായം ചെയ്തുകൊടുക്കും എന്നാണ് എന്‍റെ പക്ഷം. ഇവിടെ എനിക്ക് കിട്ടിയത് ഒരു റീഡയറക്ഷന്‍് മാത്രം. അതിന് പരിചയക്കാരന്‍ വേണമെന്നില്ലല്ലോ.
********************************************************
വളരെ ചെറിയൊരു ശല്യത്തിന്‍റെ പേരില്‍ വഴിയിലുള്ളവനെ ഉറക്കെ തെറിവിളിച്ച് (നിര്‍ത്തിയാല്‍ അടികിട്ടുമോ എന്ന പേടിയാലാവാം) അതിവേഗം വണ്ടിയോടിച്ചു പോകുന്ന ഒട്ടോക്കാരനെയും റോഡിലൂടെ മറ്റുള്ളവര്‍്ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍് വണ്ടി പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി ആള്‍്ക്കാരോട് സംസാരിച്ചു നില്‍ക്കുന്ന കാറുകാരെയും ഇവിടെ ധാരാളം കാണാം. മദ്യപാനികളായ ഡ്രൈവര്‍മാരെ പിടിക്കാന്‍ നില്‍ക്കുന്ന ചെറുപ്പക്കാരനായ പോലീസുകാരന്‍് കാറുനിര്‍്ത്തിച്ച് "ഊതെടാ" എന്ന് ആക്രോശിച്ച കഥ എന്‍റെ ഭാര്യാപിതാവ് ഒരിക്കല്‍ പറയുകയുണ്ടായി. പ്രായത്തിനോടുള്ള ബഹുമാനം പോലും നല്‍കാന്‍ തയ്യാറല്ലാത്ത ആ പോലീസുകാരന്‍റെ മനോനില എന്തായിരിക്കാം?

ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. ഈ ചില സംഭവങ്ങളുടെ പേരില്‍ മലയാളികള്‍ മുഴുവന്‍ ഇത്തരക്കാരാണെന്ന് ഞാന്‍ പറയുന്നില്ല. മറ്റു സംസ്ഥാനങ്ങളിലും ഇത്തരക്കാരെ ധാരാളം കണ്ടേക്കാം.

എന്റെ പെരുമാറ്റവും വിലയിരുത്തലും കുറ്റമറ്റതും അല്ല.

എന്റെ ജീവിതം മുരളിയുടേതിനു സമാനമല്ല. എന്റെ കേരളം ഇന്നും എനിക്ക് പ്രിയപ്പെട്ടതുതന്നെയാണ്. കേരളത്തില്‍ നിന്നും തിരിച്ചുപോകുന്നതിനെക്കുറിച്ച് ഞാന്‍ ഇനിയും ചിന്തിച്ചു തുടങ്ങിയിട്ടുമില്ല.

എന്നാലും ചില സംശയങ്ങള്‍്.

  • കേരളത്തിനുപുറത്ത് കഷ്ടപ്പെട്ട് പണിയെടുക്കുന്ന മലയാളിയെന്തേ നാട്ടില്‍ ഇങ്ങിനെ പെരുമാറുന്നു?
  • ഗള്‍ഫിലും മറ്റും മര്യാദക്കാരനായ അവനെന്തേ കേരളത്തില്‍ ജാഡ കാണിക്കുന്നു?
  • നമ്മുടെ സഹായം ആവശ്യമുള്ളവരെ നാമെന്തേ അവജ്ഞയോടെ നോക്കുന്നു?
  • മറ്റൊരാളുടെ വ്യക്തിത്വം അംഗീകരിക്കാനും പരസ്പര ബഹുമാനത്തോടെ ഒന്നിച്ച് പ്രവര്‍ത്തിക്കാനും മലയാളി പഠിച്ചിരുന്നെങ്കില്‍്.....?
ചിന്തിക്കണമെന്നില്ല. ഇതൊന്നും ചിന്തിയ്ക്കാന്‍ നമുക്കു സമയവും മനസും ശീലവും ഇല്ലല്ലോ.

ഇനിയൊട്ടും ചിന്തിയ്ക്കാന്‍ ബാക്കി വെക്കാതെ നിര്‍ത്തുന്നു.
അപ്പൂട്ടന്‍.