ജീവിതത്തിലെ ആദ്യപ്രേമം, അതെത്ര ചെറുപ്രായത്തിലുള്ളതാണെങ്കിലും, ആരും മറക്കില്ല എന്നാണു കേട്ടിട്ടുള്ളത് (ശ്.... ആരോടും പറയല്ലെ....അനുഭവിച്ചിട്ടുള്ളതും!!!!).
നാലാംക്ലാസിൽ പഠിക്കുമ്പോൾ അവൾ ചിരിച്ചതോ പത്താംക്ലാസിൽ പഠിക്കുന്പോള്‍ പ്രേമലേഖനം എഴുതിയതോ ഒക്കെ മതി പലർക്കും ഓർക്കാൻ.
പറഞ്ഞുവരുന്നത് എന്റെ ആദ്യപ്രേമത്തെക്കുറിച്ചോ, ടൈറ്റിൽ വായിച്ചപ്പോൾ തോന്നിയതുപോലെ എന്റെ ആദ്യപ്രേമവഞ്ചനയെക്കുറിച്ചോ അല്ല. നിരാശ തോന്നിയോ..... അതല്ലെ അപ്പൂട്ടന്റെ ഒരു ലൈൻ.
പറഞ്ഞുവരുന്നത് എന്റെ ജീവിതത്തിലെ ആദ്യ ചതിയെക്കുറിച്ചാണ്. അതും പലരും ഓർക്കുന്ന ഒന്നായിരിക്കും, പ്രേമം ഒരു അനലോജി ആയി പറഞ്ഞുവെന്നേയുള്ളു.
*******************************************************
ഈ സംഭവം ഞാൻ അഞ്ചാംക്ലാസിൽ പഠിക്കുന്ന കാലത്തുള്ളതാണ്. ഈ കഥ പറയുന്നതിനുമുൻപ് ഭൂമിശാസ്ത്രപരമായ ചെറിയൊരു ബാക്ക്ഗ്രൗണ്ട് ആവശ്യമാണ്.
പാലക്കാട്ട് എന്റെ വീട് വടക്കന്തറ എന്ന സ്ഥലത്തായിരുന്നു. പഠിച്ചിരുന്നത് കല്ലേക്കുളങ്ങര റെയിൽവേ കോളനി റോഡിലുള്ള സെന്റ് തോമസ് സ്കൂളിലും. ഒരു ഗേൾസ് ഹൈസ്കൂളാണ്, ഏഴാംക്ലാസ് വരെ ആൺകുട്ടികൾക്കും പഠിക്കാം.
എന്റെ വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള വഴി ഏതാണ്ടീ ചിത്രത്തിൽ കാണുന്നതുപോലിരിക്കും.
ചിത്രം അത്ര നന്നല്ല, പക്ഷെ ഒരു ഏകദേശരൂപം കിട്ടിയേക്കും. (വഴികളിൽ അത്യാവശ്യം വളവും തിരിവുമൊക്കെ ഉണ്ട്, വളവൊക്കെ നിന്റെ മറ്റവൻ തിരിക്ക്വോടാ എന്നു ചോദിയ്ക്കരുത്)
വീട്ടിൽ നിന്നും ചുണ്ണാന്പുത്തറ എന്ന ജങ്ങ്ഷൻ വരെ നടക്കും (അക്കാലത്ത് വടക്കന്തറ വഴി ബസുകൾ ഇല്ലായിരുന്നു, ഇന്നുണ്ട്). അവിടെ നിന്നും നേരിട്ടുള്ള ബസ് കിട്ടിയാൽ അതിൽ സ്കൂളിലേക്ക്, ഇല്ലെങ്കിൽ ഒലവക്കോട് വരെ ഒരു ബസ്, അവിടെ നിന്നും അടുത്തബസിൽ സ്കൂളിലേക്ക്.
വൈകുന്നേരവും അപ്പടിയേ സാമീ.
പലപ്പോഴും നേരിട്ടുള്ള ബസ് കിട്ടാത്തതാണ് വില്ലന്മാരിൽ പ്രധാനി.
പാലക്കാട് ടൗണിൽ നിന്നും റെയിൽവേ കോളനിയിലേക്ക് പോകുന്ന ബസുകൾക്ക് രണ്ട് റൂട്ടുണ്ട്. വിക്റ്റോറിയ കോളേജ് ജങ്ങ്ഷനിൽ നിന്നാണ് ഈ രണ്ടു റൂട്ടുകളും വഴി പിരിയുന്നത്. ഒലവക്കോട്ട് രണ്ടു റൂട്ടുകളും ഒന്നിക്കും. ഒന്ന് ചുണ്ണാന്പുത്തറ വഴി ജയിനിമേട്, ഒട്ടുകന്പനി വഴി ഒലവക്കോട്ടെത്തും. രണ്ടാമത്തേത് പുതിയപാലം വഴി ഒലവക്കോട്ടെത്തും.
ചുണ്ണാന്പുത്തറ വഴി വരുന്ന വണ്ടികൾക്ക് രണ്ടു റെയിൽവേ ഗേറ്റുകൾ കടന്നു വേണം വരാൻ, ഒന്ന് വിക്റ്റോറിയ കോളേജിനും ചുണ്ണാന്പുത്തറയ്ക്കും ഇടയ്ക്കുള്ളത്.
ഹൊ, മറന്നു, അവിടേം ഉണ്ടൊരു കഥയില്ലായ്മ
അവിടെ ഒരു മേൽപ്പാലം പണിയുന്നുണ്ട്, ഒരു പത്ത് കൊല്ലമായിക്കാണും. റെയിൽ പാളത്തിനുമുകളിൽ മാത്രം ഇല്ല പാലം, അതിനാൽ ബസുകൾ സൂപ്പർ മാരിയോ ചാടുന്നതുപോലെ ചാടിക്കോട്ടെ എന്നാണ് അധികൃതർ പറയുന്നത്. ഇപ്പോൾ അതൊരു വനംഭൂമിയായി പരിരക്ഷിക്കണമെന്ന് പരിസ്ഥിതിസ്നേഹികൾ പറയുന്നുണ്ട്, അത്രയും റെയർ മരങ്ങൾ അവിടെ വളരുന്നുണ്ട്. മുൻ റെയിൽ സഹമന്ത്രി സാക്ഷാൽ രാജഗോപാൽ നിരാഹാരം കിടന്നിട്ടും സൂപ്പർ മാരിയോ പരിപാടി ബസുകൾ പഠിച്ചിട്ടില്ലാത്തതിനാൽ ഇപ്പോൾ ഞെങ്ങി ഞെരുങ്ങി വഴി കണ്ടുപിടിക്കുക മോഡലിൽ മേൽപ്പാലത്തിനു കീഴ്പ്പാലത്തിലൂടെയാണ് ബസുകളും മറ്റുവാഹനങ്ങളും യാത്ര ചെയ്യുന്നത്.
രണ്ടാമത്തെ റെയിൽവേ ഗേറ്റ് ഓട്ടുകന്പനി ജങ്ങ്ഷനിലാണ്.
ഇത്രയും ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ പൊതുവേ ഈ റൂട്ടിൽ ഓടാൻ ബസുകാർക്ക് മടിയാണ്. എന്നാലും സർക്കാർ റൂട്ട് തരുന്നതിനനുസരിച്ചല്ലെ ഓടാനാവൂ. സഹിക്ക്യന്നെ.
പുതിയപാലം ബസുകൾ ഞങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്തവയാണ്. അവയിൽ കയറിയാൽ ഒന്നുകിൽ കൽപ്പാത്തിയ്ക്കു പോകുന്ന ജങ്ങ്ഷനിൽ ഇറങ്ങണം, അല്ലെങ്കിൽ വിക്റ്റോറിയ കോളേജ് സ്റ്റോപ്പിൽ ഇറങ്ങണം. ഏതുതന്നെയായാലും ഒരു പത്ത് മിനിറ്റ് നടത്തം എക്സ്ട്രാ. അതിനാൽ കഴിവതും ചുണ്ണാന്പുത്തറ വഴിയുള്ള ബസ് പിടിക്കണം.
രാവിലെ വലിയ പ്രശ്നമില്ല. ആർഎംഎസ് എന്ന ബസ് കൃത്യം സ്കൂൾ സമയത്തു തന്നെ വരും. വേറെ ബുദ്ധിമുട്ടുകൾ ഒന്നുമില്ല. അതു കിട്ടിയില്ലെങ്കിൽ വേറെ ബസിൽ (അതു മിക്കവാറും മലന്പുഴ ബസ് ആയിരിക്കും, ദീര്‍ഘദൂര ബസുകൾ കുട്ടികളെ കയറ്റാറില്ല, അന്നും) ഒലവക്കോട്ടേയ്ക്ക് കയറി പുതിയപാലം വഴി വരുന്ന ബസിൽ സ്കൂളിലേക്ക് പോകുക.
വൈകുന്നേരം പരിപാടി അത്ര എളുപ്പമല്ല. മൂന്നരയ്ക്ക് സ്കൂൾ വിടും. ആദ്യം വരുന്ന ബസ് സുരേഷ് ആണ്, ഏതാണ്ട് മൂന്ന് നാൽപ്പതിന്. പക്ഷെ സുരേഷേട്ടൻ പുതിയപാലം വഴിയാണ് പോക്ക്. ആർഎംഎസ് വരാൻ നാലുമണിയാകും. അതുവരെ കാത്തിരിക്കണം. പിന്നെ ഒരു ഇരുപതുമിനിറ്റോളം വരുന്ന യാത്ര, പത്ത് മിനിറ്റ് വീട്ടിലേക്കുള്ള നടത്തം, എല്ലാം കൂടി വീട്ടിലെത്താൻ ഒരു നാല് നാൽപ്പതാവും.
നേരത്തെ വീട്ടിലെത്തണമെങ്കിൽ ഒരു വഴി ഉണ്ട്, സുരേഷിൽ കയറി ഒലവക്കോട്ടിറങ്ങുക, പിന്നെ മലന്പുഴയില്‍ നിന്നോ വരുന്ന ചുണ്ണാന്പുത്തറ വഴിയുള്ള ബസിൽ കയറി യാത്ര തുടരുക. ഒരു പത്ത്-പതിനഞ്ച് മിനിറ്റ് ലാഭിക്കാം.
സാന്പത്തികം ഇവ്വിധം.
ചുണ്ണാന്പുത്തറ മുതൽ സ്കൂൾ വരെ പതിനഞ്ച് പൈസയാണ് യാത്രാക്കൂലി. സ്കൂൾ-ഒലവക്കോട്-ചുണ്ണാന്പുത്തറ എന്നിങ്ങിനെ സ്പ്ലിറ്റ് ചെയ്ത് യാത്ര ചെയ്താൽ രണ്ട് മിനിമം ചാർജ്ജ്, അതായത് പത്തും പത്തും ഇരുപതുപൈസ. ഒറ്റബസിൽ യാത്രചെയ്താൽ അഞ്ചുപൈസ ലാഭിക്കാമെന്നർത്ഥം.
ഇനിയാണ് ബാക്ക്ഗ്രൗണ്ട് കഥയുടെ പ്രധാനഭാഗം വരുന്നത്.
സ്കൂൾ വിട്ടാലാദ്യം വരുന്ന ബസ് പുതിയപാലം വഴിയ്ക്കാണെന്നു പറഞ്ഞല്ലൊ. അതിൽ കയറിയാൽ ഒലവക്കോട്ടിറങ്ങണം, വേറെ ബസ് പിടിയ്ക്കണം. മലന്പുഴയില്‍ നിന്നും വരുന്ന ബസുകളിൽ ചിലപ്പോൾ നല്ല തിരക്കായിരിയ്ക്കും, എന്റേതുപോലെ സ്ഥൂലശരീരവുമായി ദുർബലനായ ഒരു വിദ്യാർത്ഥിയ്ക്ക് എളുപ്പം കയറാനാവില്ല. കാത്തിരുന്നു കാത്തിരുന്നു ചിലപ്പോൾ കിട്ടുന്ന ബസ് ആർഎംഎസ് തന്നെയാണെങ്കിൽ ഒലവക്കോട്ട് വരെ വന്നത് വെറും വേസ്റ്റ്. അഞ്ച്പൈസ നഷ്ടം മാത്രം ബാക്കി.
ആർഎംഎസിൽ വരാം എന്നു വെച്ചാലോ... ഉദ്ദേശം നാലേമുക്കാൽ ആകും വീട്ടിലെത്താൻ. കളിച്ചുതകർക്കാനുള്ള അരമണിക്കൂറോളം വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുന്നത്, ഹോ, അത്രയും സമയം പാഴാകുന്നത് ഓർക്കാൻ കൂടി വയ്യ.
അങ്ങിനെയാണ് ചില അതിബുദ്ധികൾ ഒരു വഴി കണ്ടെത്തിയത്.
സ്കൂൾ വിട്ടാലുടനെ ഒലവക്കോട് വരെ നടക്കുക.
ബസ് പോകുന്ന വഴി തന്നെ നടക്കണമെന്നില്ല. ഇടയ്ക്ക് വഴിയൊന്നു പിരിഞ്ഞ് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോകുന്നുണ്ട്. അന്ന് വണ്ടികളൊന്നും കാര്യമായി ആ വഴി പോകാറില്ലായിരുന്നെങ്കിലും നടക്കാൻ പാകം. റെയിൽവേ സ്റ്റേഷനകത്തുകൂടി നടന്ന് പുറത്തുകടന്നാൽ ഒലവക്കോട് ജങ്ങ്ഷൻ എത്താൻ അധികം ബുദ്ധിമുട്ടില്ല. (ഈ സ്റ്റേഷനാണ് പണ്ട് ഏറെ പ്രാധാന്യമുണ്ടായിരുന്ന പാലക്കാട് ജങ്ങഷൻ എന്ന സ്റ്റേഷൻ). സ്റ്റേഷന്റെ പുറത്തുകടക്കാനും ഒട്ടും ബുദ്ധിമുട്ടേണ്ട, ടിക്കറ്റ് ചെക്കർമ്മാരെ പറ്റിച്ചുകടക്കാനുള്ള ഇഷ്ടം പോലെ വിടവുകൾ അന്ന് ആ സ്റ്റേഷനുണ്ടായിരുന്നു. ആകെ പതിനഞ്ച് മിനിറ്റ് നടത്തം, ഒന്നു വലിഞ്ഞു നടന്നാൽ മൂന്നേമുക്കാലാകുന്പോഴേയ്ക്കും ഒലവക്കോട്ടെത്തിയിരിക്കും. സുരേഷ് അപ്പോഴും സ്കൂളിനു മുൻപിൽ വലിയുകയായിരിക്കും. ഒലവക്കോട്ടു നിന്നും പത്ത് പൈസ കൊടുത്താൽ ചുണ്ണാന്പുത്തറ എത്തും.
ഹാ.... എന്ത് ലാഭകരമായ ഏർപ്പാട്....സമയം ലാഭം, പൈസ ലാഭം.
വൈകീട്ട് നാലുമണി-നാല് പത്ത് ആകുന്പോഴെയ്ക്കും വീട്ടിലെത്താം. കളിയ്ക്കാൻ ഇഷ്ടം പോലെ സമയം. അതിനേക്കാൾ അട്രാക്റ്റീവ് ആയ മറ്റൊന്ന് അഞ്ചുപൈസ ലാഭം.
സംഗതി പലരും നടപ്പിലാക്കിത്തുടങ്ങി നാളേറെ കഴിഞ്ഞാണ് ഞാനും ഇതു തുടങ്ങിയത്. സംഗതി എന്തായാലും ജോർ. അത്യാവശ്യം കയ്യിൽ പൈസയും നീക്കിയിരിപ്പ് ഉണ്ടായിത്തുടങ്ങി.
കഥ ഇവിടെ തുടങ്ങുന്നു.
----------------------------------------------
ഒരുദിവസം പതിവുപോലെ ഞാൻ എന്റെ യാത്ര (നടത്തം) തുടങ്ങി. കയ്യിൽ ഒരു ഒറ്റരൂപാ നോട്ടുണ്ട്, കുറച്ച് ചില്ലറയും. എണ്ണിപ്പെറുക്കിയാൽ ഏകദേശം ഒരുരൂപാ നാൽപ്പതുപൈസ കാണും.
റെയിൽവെ ഡിവിഷണൽ ആപ്പീസിനു മുൻപിലുള്ള ഒരു പെട്ടിക്കടയിലെത്തിയപ്പോൾ ഒന്നു കയറിക്കളയാം എന്നു തോന്നി. (പടത്തിൽ ചുവന്നകളറിൽ മാർക്ക് ചെയ്തയിടം)
കയ്യിൽ ലാവിഷ് ആയി ചെലവാക്കാനുള്ള കാശുണ്ട്, ഒരു പണക്കാരനല്ലെ ഞാൻ.
കയറി, ഒരു സോഡാ സർബ്ബത്ത്, ഒന്നോ രണ്ടോ ഗ്യാസ് മിഠായി, ഇത്തിരി കപ്പലണ്ടിമിഠായി.... ഹൊ പൊടിക്കാൻ കയ്യിൽ ജോർജ്ജ്കുട്ടി ഉണ്ടെങ്കിൽ എന്തിനു കുറയ്ക്കണം.
ബില്ലടയ്ക്കാൻ സമയമായി. ഏതാണ്ട് എഴുപതു പൈസ.
അഭിമാനത്തോടെ ഞാൻ എന്റെ കയ്യിലുള്ള ഒറ്റരൂപ നോട്ട് കടക്കാരനെ ഏൽപ്പിച്ചു.
എന്റെ ഹൃദയം തകർക്കുന്ന ഒരു മറുപടി വന്നു.
ഈ നോട്ട് എട്ക്കില്ല.
ഡും...... എന്റെ സപ്തനാഡികളും തളർന്നു, തകർന്നു.
സോഡ സർബ്ബത്ത് കുടിച്ചുകഴിഞ്ഞു.
പതുക്കെ ഞാൻ മിഠായികൾ തിരിച്ചേൽപ്പിച്ചു. (കാബൂളിവാലയിൽ ഇന്നസെന്റ് പുട്ടിന്റെ പാഴ്സൽ തിരിച്ചുകൊടുക്കുന്ന രംഗം കാണുമ്പോൾ എന്റെ മനസിൽ ഈ ഓർമ്മകൾ റീപ്ലേ ചെയ്യാറുണ്ട്).
എന്നാലും കാര്യമില്ല, തിന്ന മിഠായികളുടേയും കുടിച്ച സർബ്ബത്തിന്റേയും വില കൊടുക്കണ്ടേ.
കയ്യിലെ ചില്ലറകൾ എണ്ണി. വീട്ടിൽ തിരിച്ചെത്താനുള്ള ഇരുപതുപൈസ മാറ്റി ബാക്കി നോക്കിയാൽ ഒരു ഇരുപത്-ഇരുപത്തഞ്ച് പൈസ കാണും. എന്നാലും ബാക്കി???
കടക്കാരന്റെ ശബ്ദം കർക്കശമായി.
പേന ഇവിടെ വെച്ചിട്ടു പൊയ്ക്കൊ. നാളെ കാശു തന്നാൽ തിരിച്ചുതരാം.
ഒന്നാമത് ഇങ്ങിനെ കടയിൽ കയറി സർബ്ബത്തും മിഠായിയും വാങ്ങി എന്ന കാര്യം തന്നെ വീട്ടിൽ പറയാൻ വയ്യ. പുതിയ ഹീറോ പേനയാണ്. അതെങ്ങാനും കടയിൽ പണയം വെച്ചിരിക്കുകയാണെന്ന് വീട്ടിലറിഞ്ഞാൽ അതുമതി....
ഞാൻ കരച്ചിലിന്റെ വക്കത്തായി.
എന്റെ ഭാവം കണ്ടാവണം, കുറച്ചുകഴിഞ്ഞപ്പോൾ കടക്കാരന്റെ മനസലിഞ്ഞു.
സ്വരത്തിന്റെ കാർക്കശ്യം ഒട്ടും കുറയ്ക്കാതെ അയാൾ പറഞ്ഞു.
ഇപ്പൊ പൊയ്ക്കൊ, നാളെ പൈസ കൊണ്ടുവരണം. പേന വേണ്ട.
സത്യത്തിൽ അപ്പോഴാണ് ശ്വാസം നേരെ വീണത്. കയ്യിലെ ചില്ലറ കടക്കാരനു കൊടുത്തു.
പിറ്റേദിവസം തന്നെ ബാക്കി (ഏതാണ്ട് അൻപത് പൈസ കടം) തരാം എന്ന ഉറപ്പിൽ അയാളെന്നെ വിട്ടു. (ഈ കലാപരിപാടി ഏകദേശം പത്ത് മിനിറ്റ് എടുത്തുകാണും, അത്രയും നേരം എന്റെ കട്ടയും പടവും അടവുകളും ഒക്കെ ഇളകിക്കിടക്കുകയായിരുന്നു)
അന്നു ഞാൻ ഒലവക്കോട് വരെ നടന്നില്ല. ഡിവിഷണൽ ആപ്പീസിനുമുൻപിൽ നിന്നു അടുത്ത ബസിൽ കയറി യാത്ര തുടർന്നു.
പിറ്റേദിവസം തന്നെ ഞാൻ കണക്കുതീർത്തു. അതാണെന്റെ ആദ്യചതി.
പിറ്റേദിവസം ഞാൻ ഒലവക്കോട്ടേയ്ക്ക് നടന്നില്ല.
പിന്നീടൊരിക്കലും ഞാൻ ഒലവക്കോട്ടേയ്ക്കു നടന്നിട്ടില്ല. ആ പെട്ടിക്കടക്കാരനെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടുമില്ല.
ഒന്നുകിൽ സുരേഷിൽ കയറി ഒലവക്കോട്ടേയ്ക്ക്, അല്ലെങ്കിൽ ആർ എം എസിൽ നേരെ ചുണ്ണാന്പുത്തറയ്ക്ക്.
അന്ന് ആ കടക്കാരൻ കാണിച്ച സൗമനസ്യം എനിക്കു മനസിലായിരുന്നില്ല. എന്നെ വിശ്വസിച്ച് അയാൾ വെറുതെ വിട്ടെങ്കിലും മനസിൽ അപ്പോഴും അയാളുടെ കർക്കശമായ സ്വരവും പേന ആവശ്യപ്പെട്ടതും ആയിരുന്നു.
അടുത്ത കൊല്ലം ഞാൻ സ്കൂൾ മാറി. ചന്ദ്രനഗറിൽ ഉള്ള ഭാരതമാതാ ബോയ്സ് ഹൈസ്കൂളിലാണ് എന്റെ പിന്നീടുള്ള പഠനം. അത് ഈ വഴിയുടെ നേരെ എതിർ ദിശയിലുള്ളതാകയാൽ പിന്നീട് ആ ഭാഗത്തേയ്ക്ക് പോകേണ്ട ആവശ്യം വന്നിട്ടില്ല, അങ്ങിനെ ആ കടക്കാരന്റെ മുന്നിൽ ചെന്നുപെടേണ്ട സാഹചര്യവും വന്നില്ല.
**************************************************
പിന്നീടെപ്പോഴോ ആ വഴിയ്ക്ക് പോകേണ്ട ആവശ്യം വന്നു. ബസ് ഡിവിഷണൽ ഓഫീസിന്റെ മുന്നിൽ എത്തിയപ്പോൾ ഞാൻ പുറത്തേയ്ക്ക് നോക്കി.
ആ പെട്ടിക്കട അവിടെനിന്നും പൊളിച്ചുമാറ്റിയിരുന്നു. അവിടെ ഒരു പലചരക്കുകട സ്ഥാനം പിടിച്ചിരിക്കുന്നു.
പിന്നീട് കുറച്ചുകൂടി റെഗുലർ ആയി ഞാൻ ആ വഴിയ്ക്കു പോകുന്നത് എഞ്ചിനീയറിങ്ങിന് (പാലക്കാട്ടെ എൻ എസ് എസ് എഞ്ചിനീയറിങ്ങ് കോളേജിലാണ് ഞാൻ പഠിച്ചത്) പഠനകാലത്താണ്. ഇടയ്ക്കൊക്കെ ബസ് കിട്ടാതെ വരുന്പോള്‍ റെയിൽവെ കോളനി വരെ നടന്ന് ബസ് പിടിക്കുന്നത് ഒരു പരിപാടി ആയിരുന്നു ഞങ്ങൾക്ക്.
ഓരോ തവണ ആ വഴി പോകുന്പോഴും ഡിവിഷണൽ ഓഫീസിനു മുന്നിൽ ബസ് നിര്‍ത്തുന്പോള്‍ ഞാൻ പുറത്തേയ്ക്കു നോക്കും, പഴയ ഓർമ്മകളുമായി.
*******************************************************
ആദ്യമായി അറിഞ്ഞുകൊണ്ട് ഒരാളെ പറ്റിക്കുന്ന സംഭവം ഇതാണ്, പ്രത്യേകിച്ചും പണമിടപാടുകളിൽ. പിന്നീടൊരിക്കലും ആരെയും പറ്റിച്ചിട്ടില്ല എന്ന് പറയില്ല, പക്ഷെ എന്റെ ചെയ്തി മറ്റൊരാൾക്ക് ദോഷം മാത്രമെ ചെയ്യൂ എന്ന് ഉറപ്പുള്ള കാര്യം ഒഴിവാക്കാനാണ് ഞാൻ ശ്രമിക്കാറ്. പൈസയുടെ കാര്യം വരുമ്പോൾ സത്യസന്ധത കാണിക്കാനും ഞാൻ ശ്രദ്ധിക്കാറുണ്ട്.
ഈ സംഭവം എന്റെ മനസിൽ ഇന്നും ഒരു നൊന്പരമായി അവശേഷിക്കുന്നു.
എന്റെ ആദ്യചതി.... അതൊരിക്കലും എനിക്കു മറക്കാനാവില്ല, ആദ്യപ്രേമം പോലെത്തന്നെ.