ഞാനൊരു പാവം മലയാളിയാണേ, ഇത്തിരി ജാഡ കാണിച്ചോട്ടെ പ്ലീസ്.
ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് എന്നെ പറിച്ചുനടുന്പോള്‍ മനസ്സില്‍ ഒരുപാടൊരുപാട് പ്രതീക്ഷകളായിരുന്നു. ഞാനറിയുന്ന നാട്, ഭാഷ, മനുഷ്യര്‍. ജിവിതം യന്ത്രം കണക്കെ ഓടികൊണ്ടിരിക്കുന്ന ബാംഗ്ലൂരിലെ ജിവിതരീതിയില്‍ നിന്നും ഒരു മാറ്റം. കൂടാതെ ഞാനാഗ്രഹിച്ച പുസ്തകപ്പുഴു ജിവിതം. വരവേല്‍പ്പ് എന്ന സിനിമ മറന്ന മലയാളികള്‍ ഉണ്ടാവില്ല. ബാംഗ്ലൂരില്‍ നിന്നും കൂട്ടുകാരോട് താല്കാലികവിട പറയുന്പോള്‍ മുരളിയുടെ അനുഭവങ്ങളുമായി സാമ്യം വരും എന്റെ ജിവിതത്തിലും എന്ന തമാശയായി ഞാന്‍ കൂട്ടിചേര്‍ക്കാറുണ്ടായിരുന്നു. കേരളത്തിലെ ചില അനുഭവങ്ങള്‍ ഞാന്‍ ഒന്ന് കുറിക്കട്ടെ.
രംഗം ഒന്ന് - എന്റെ ഓഫീസ്
രാവിലെ ഞാന്‍ കാറുമായി പതിവുപോലെ ഓഫിസിലെത്തി. കുറച്ച് വൈകിയതിനാല്‍ പാര്‍ക്കിങ്ങ് അത്ര എളുപ്പമായിരുന്നില്ല. കെട്ടിടത്തിന്റെ ബേസ്മെന്റില്‍ കാറുമായി ഞാന്‍ ഒന്ന് കറങ്ങി. അവിടെ നില്ക്കുന്ന ഗാര്‍ഡിനെ ഞാന്‍ ദയനീയമായി നോക്കി, ഫലം നാസ്തി. ആ ഭാഗത്തൊന്നും പാര്‍ക്ക് ചെയ്യാനുള്ള ഇടം ഇല്ലാത്തതിനാലാവാം ആ മാന്യ സുഹൃത്ത് എന്റെ നോട്ടങ്ങള്‍ അവഗണിച്ചു. അവസാനം കിട്ടിയ ഗ്യാപ്പില്‍ വണ്ടി പാര്‍ക്ക് ചെയ്തു. വണ്ടി ലോക്ക് ചെയ്ത് ഞാന്‍ നടന്നു നീങ്ങി.
ഹലോ ഹലോ എന്ന വിളി കേട്ടാണ് ഞാന്‍ തിരിഞ്ഞത്. ഞാന്‍ നേരത്തെ കണ്ട സുഹൃത്ത് വേറെയൊരു സുഹൃത്തിനേയും കൂട്ടി എന്നെ കാണാന്‍ വന്നിരിക്കുകയാണ്‍്. എന്‍റെ സുഹൃദ് വലയം കുറച്ചുകൂടി വലുതായിരിക്കുന്നു. സുഹൃദ്സ്ക്വയര്‍ (സുഹൃത്തിന്റെ സുഹൃത്ത്) എന്നെ ഒന്ന് അടിമുടി നോക്കി (ചെറഞ്ഞു ഭാഗത്തുള്ളവര്‍ പറയും). ഇവനാരെടാ ഇവിടെ വണ്ടി വെച്ച് ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നുനീങ്ങുന്നത് എന്നായിരിക്കാം ഭാവം. എന്താണാവോ എന്ന മട്ടില്‍ ഞാനും തിരിച്ചുനോക്കി. ഒരു സെക്കന്‍റിനുശേഷം സുഹൃദ്സ്ക്വയര്‍ മൊഴിഞ്ഞു.
"ഇവിടെ വണ്ടി വെക്കാന്‍ പറ്റില്ല, റിസര്‍വ്ഡ് ആണ്".
വായില്‍ വന്ന വാക്ക് ഞാന്‍ വിഴുങ്ങി. എന്റെ അസഹ്യത പരമാവധി മറച്ചുവെച്ച് ഞാന്‍ ചോദിച്ചു.
"ഇത് വണ്ടി പാര്‍ക്ക് ചെയ്യുന്പോഴേ പറയാമായിരുന്നില്ലേ, ഇനി ഇവിടെ നിന്നും വണ്ടി എടുക്കാന്‍ ഞാനെത്ര പാടുപെടണം...."
സുഹൃദ്സ്ക്വയറിന്റെ നോട്ടം ഒന്നുകൂടി രൂക്ഷമായി.
"ഞാനവിടെ പണിയിലായിരുന്നില്ലേ, വേറുതെയിരിക്കുകയാണോ".
(സത്യം പറഞ്ഞാല്‍ അതുതന്നെയായിരുന്നു മാലോകരെ സുഹൃദ്സ്ക്വയറിന്റെ അവസ്ഥ, ഈ കറക്കത്തിനിടക്കെപ്പോഴോ ഞാന്‍ കണ്ടതാണ് അവിടെ വെറൊരുത്തനുമായി ഐന്സ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തം ചര്‍ച്ച ചെയ്യുന്നത്).
മറിച്ചൊരു ചോദ്യം എന്റെ മനസ്സില്‍ ഓടി വന്നു. ഈ സുഹൃത്തും വേറെന്തോ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നോ. അയാളിവിടെ വെറുതെ കുത്തിയിരിക്കുകയായിരുന്നല്ലോ. കുറഞ്ഞപക്ഷം അയാള്‍ക്കെങ്കിലും പറഞ്ഞുകുടെ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് . അപ്പോള്‍ തന്നെ പറഞ്ഞിരുന്നെങ്കില്‍ ഞാനീ മഹാപരാധം ചെയ്യില്ലായിരുന്നല്ലോ. ചോദിച്ചില്ല, ഭാഗ്യം. ചോദിച്ചിരുന്നെങ്കില്‍ ഇതെഴുതാനുള്ള മാനസികാവസ്ഥ എനിക്കുണ്ടാവുമായിരുന്നൊ എന്നെനിക്കറിയില്ല.
ഒന്നും മിണ്ടാതെ വണ്ടി പുറത്തെടുത്ത് ഞാന്‍ ഓഫീസിനുപുറത്ത് കിട്ടിയ ഒരു ചെറിയ സ്ഥലത്ത് തിരുകിക്കയറ്റി.
പണ്ട് ബാലരമയിലും മറ്റും കളിച്ചിട്ടുള്ള "വഴി കണ്ടുപിടിക്കുക" എന്ന കളി ജീവിതത്തില്‍ എത്രമാത്രം ബുദ്ധിമുട്ടുള്ളതാണെന്ന് ഞാന്‍ അന്ന് മനസിലാക്കി. പറയുന്പോള്‍ സത്യം പറയണമല്ലോ, വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നും പുറത്തെടുക്കുന്പോള്‍ എന്റെ ഈ ഉദ്യമത്തില്‍ എന്റെ സുഹൃത്ത് കുറച്ചൊക്കെ സഹായിച്ചു, വേറെ ഏതെങ്കിലും വണ്ടിയില്‍ മുട്ടാന്‍ ഇനി കൃത്യം 6 ഇഞ്ച് ബാക്കിയുള്ളപ്പോള്‍ വിളിച്ചുപറഞ്ഞുകൊണ്ട്.
പൊതുസ്ഥലങ്ങളില്‍ പോലും വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലം അന്വേഷിക്കുന്നവരെ വിസിലടിച്ച് ശ്രദ്ധ ആകര്‍ഷിക്കുന്ന കന്നഡിഗ ഗാര്‍ഡുമാരെ ഞാന്‍ അറിയാതെ ഒന്നോര്‍ത്തുപോയി.
രംഗം രണ്ട് - ബിഗ് ബസാര്‍
ആദ്യം ബാംഗ്ലൂര്‍ അനുഭവം.
ബാംഗ്ലൂരിലെ ബിഗ് ബസാറുകളില്‍ എത്രമാത്രം തിരക്കുണ്ടാവാറുണ്ടെന്ന് അവിടെ ഒരിക്കലെങ്കിലും കയറിയിട്ടുള്ളവര്‍ അറിഞ്ഞിട്ടുണ്ടാവും. എന്നാലും ഒരു കസ്റ്റമര്‍ എന്ന നിലക്ക് ക്യുവില്‍ നില്ക്കുന്പോഴല്ലാതെ ഒരിക്കലും ഒരു ബുദ്ധിമുട്ട് എനിക്ക് തോന്നിയിട്ടില്ല. ഏതെങ്കിലും സാധനം വേണോ, അവിടെ ജോലിക്ക് നില്ക്കുന്ന ആരോടെങ്കിലും ചോദിക്കൂ, നമ്മുടെ കൂടെ വന്ന് എടുത്തുതരും.
ഇനി കട്ട് റ്റു ദൈവത്തിന്റെ സ്വന്തം തലസ്ഥാനം.
ബിഗ് ബസാറില്‍ കുറച്ചധികം തിരക്കുള്ള സമയം. അങ്ങിങ്ങായി ചില സേല്‍സ് അസിസ്റ്റന്റുമാര്‍ വേറുതെയിരിക്കുന്നുണ്ട്. ഭാര്യക്ക് നിറപറ അരി വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. അതെവിടെ കിട്ടും?....ആ... വല്യ പിടിയില്ല.
അതാ ഒരു സുഹൃത്ത് (വിണ്ടും സുഹൃത്തോ എന്ന് ചോദിക്കല്ലേ, എല്ലാ ഇന്ത്യാക്കാരും എന്റെ സുഹൃത്തുക്കളാകുന്നു). സുഹൃത്ത് വലിയ പണിയൊന്നുമില്ലാതെ ആരോടോക്കെയോ സൊറ പറഞ്ഞിരിക്കുകയാണ്. ആപേക്ഷികതാസിദ്ധാന്തമായിരിക്കാം. ഏതായാലും ചെന്നു ചോദിക്കുക തന്നെ.
"ചേട്ടാ, ഇവിടെ എവിട്യാ നിറപറ അരി കിട്ട്വാ" എന്ന വള്ളുവനാടന്‍ ചോദ്യത്തൂവലുമായി (ശരമായാല്‍് വേദനിച്ചാലോ) ഞാന്‍ സുഹൃത്തിനെ നേരിട്ടു, അവിടുന്നും ഒരു തൂവല്‍് പ്രതീക്ഷിച്ചുകൊണ്ട്.
മറുപടി വാക്കാല്‍ അല്ലായിരുന്നു. ഒരു ചെറിയ അനക്കം മാത്രം. കഴുത്ത് ഉറപ്പിച്ച് തല രണ്ട് ഭാഗത്തേക്കും ഒന്നു തിരിച്ചു എന്‍റെ മാന്യസുഹൃത്ത്. (പണ്ട് ഒരു സിനിമയില്‍ ഇന്നസെന്‍റ് അവതരിപ്പിച്ച ഫാദര്‍ തറക്കണ്ടത്തിനെ ഓര്‍മയില്ലേ, പുള്ളീടെ ഞെട്ടുവാതം മട്ട് ഒരു ജെര്‍ക്ക്, ഇരുവശത്തേക്കും ഉണ്ട് ഞെട്ടല്‍ എന്ന് മാത്രം).
ഇതെന്തുത്തരം എന്നെനിക്ക് മനസിലായില്ല. ഇനിയിപ്പോ ഞാന്‍ പറഞ്ഞത് കേള്‍ക്കാഞ്ഞതാണോ. ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു . സുഹൃത്ത് ഉത്തരവും ആവര്‍ത്തിച്ചു. ഒരു ഉത്തരം കൂടി വന്നു, "ഇവിടെയില്ല".
ഇവിടെയില്ല എന്നതിനര്‍ത്ഥം ഈ ഫ്ലോറില്‍ ഇല്ല എന്നാണോ ബിഗ് ബസാറില്‍ ഇല്ല എന്നാണോ അതോ തിരുവനന്തപുരം നഗരത്തില്‍ തന്നെ ഈ പറഞ്ഞ ഐറ്റം കിട്ടാനില്ല എന്നാണോ..... എന്താണ് എന്റെ മാന്യസുഹൃത്ത് ഉദ്ദേശിച്ചതെന്ന് മുഴുവനായും മനസിലായില്ല. ഏതായാലും ആ ഉദ്യമം തലക്കാലം ഞങ്ങള്‍ ഉപേക്ഷിച്ചു.
രംഗം മൂന്ന് – ഗ്യാസ് ഏജന്‍സി
ഗ്യാസ് കണക്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാനായി ഞാനിത്തിരി ബുദ്ധിമുട്ടി. ആദ്യ ദുര്‍ഘടം ഏജന്‍സി കണ്ടുപിടിക്കലായിരുന്നു. "മലയാളത്തില്‍" പറഞ്ഞാല്‍ ഏതോ ഗുദാമില്‍ സ്ഥിതി ചെയ്യുന്ന ആ സ്ഥാപനം പല കറക്കങ്ങള്‍ക്കും ശേഷം ഞാന്‍ കണ്ടെത്തി. കെട്ടിടത്തിന്റെ അകത്തു ചെന്നപ്പോള്‍ ഒരു തൃശൂര്‍ പൂരം. ആനകളും അന്പാരികളുമൊക്കെ ദൈവത്തിന്റെ കൃപാകടാക്ഷം കാത്തുനില്‍ക്കുന്നത് പോലെ ഒരു വലിയ ജനക്കൂട്ടം. ഈ ദൈവമാകുന്നു എന്റെ പുതിയ സുഹൃത്ത്.
സുഹൃത്ത് തിരക്കിട്ട എഴുത്തിലാണ്, വിരോധമില്ല. ഞാന്‍ കാത്തു നിന്നു. അവസാനം അദ്ദേഹത്തിന് ഒന്ന് തലപോക്കാനായപ്പോള്‍ ഞാന്‍ എന്റെ പ്രശ്നം അവതരിപ്പിച്ചു. കടലാസുകള്‍ കാണിച്ചുകൊടുത്തു. ചോദ്യങ്ങള്‍ക്കുത്തരം കൊടുത്തു. അവസാനം സുഹൃത്ത് പറഞ്ഞു.
"ഇപ്പോള്‍ നടക്കില്ല. ഇവിടെ ഒരുപാട് ജോലിയുണ്ട്, കുറെയധികം കണക്ഷന്‍് കടലാസുകള്‍ കൊടുക്കാനുണ്ട്. താന്‍ പോയി വൈകുന്നേരം നാലുമണിക്ക് വാ."
എനിക്ക് പരാതിയുണ്ടായിരുന്നില്ല, പണി ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കരുതല്ലോ.
വൈകീട്ട് ഞാന്‍ വീണ്ടും സുഹൃത്തിനു മുന്പില്‍ ഹാജരായി. ഇത്തവണ സുഹൃത്തിന്റെ പ്രശ്നം വേറൊന്നായിരുന്നു.
"ഇപ്പോള്‍ സിലിണ്ടര്‍ ഇല്ല. സിലിണ്ടര്‍ ഇല്ലാതെ കണക്ഷന്‍് തരാന്‍ പറ്റില്ല. ഇവിടെ ഗോഡൌണ്‍് അല്ലാത്തതിനാല്‍ രാവിലെ കണ്‍സൈന്മെന്റ് വന്നാലെ തരാനൊക്കൂ. നാളെ രാവിലെ ഒരു പത്ത് മണിക്ക് വാ."
ഇത്തിരി വിഷമം തോന്നി. പക്ഷെ കാരണം ന്യായമാണല്ലൊ. ഞാന്‍ തിരിച്ചു യാത്രയായി.
എന്‍റെ ഭാര്യാപിതാവിന് പരിചയമുള്ള ഒരു ഓഫീസറുണ്ട്, അദ്ദേഹത്തെ വിളിച്ചു കാര്യം പറഞ്ഞു. കാര്യത്തിന്റെ അത്യാവശ്യവും. അദ്ദേഹം ഏജന്‍സിയില്‍ വിളിച്ച് പറയാം എന്ന് പറഞ്ഞു.അടുത്ത ദിവസം രാവിലെ ഏജന്‍സിയില്‍ ചെന്നപ്പോള്‍ കാര്യം നടന്നു. ഓഫീസറുടെ ഫോണ്കോള്‍് ആണോ അതോ രണ്ടു തവണ നടത്തിച്ചതിലുള്ള സുഹൃത്തിന്റെ വിഷമമാണോ എന്നറിയില്ല, കടലാസുകള്‍ പെട്ടെന്ന് തന്നെ കിട്ടി.
ഇനി സിലിണ്ടര്‍ എടുക്കണം.
കടലാസുമായി ഞാന്‍ കെട്ടിടത്തിന്റെ പുറത്തേക്ക് നടന്നു. അവിടെ ചെന്നപ്പോള്‍ എന്റെ പുതിയ സുഹൃത്ത് നില്‍്പ്പുണ്ട്. സിലിണ്ടറുകളുടെ ഒരു വരിക്കു മുകളില്‍ വേറൊരു വരി കൂടി ഒരുക്കിവെച്ച് അതിനുമുകളില്‍ നൃത്തച്ചുവടുകള്‍് വെക്കുകയാണ് സുഹൃത്ത്, സാഗരസംഗമത്തില്‍് കമലഹാസന്‍ കിണറിനുമുകളില്‍് നൃത്തം ചെയ്തതുപോലെ. കലാപരിപാടി കഴിയാനായി ഞാന്‍ കാത്തു നിന്നു. അവസാനം സുഹൃത്ത് കയ്യടികളേറ്റുവാങ്ങി താഴേക്കിറങ്ങി. ജനക്കൂട്ടത്തെ ഒന്ന് കടാക്ഷിച്ചു.ഞാന്‍ പതുക്കെ മുന്നോട്ടു നീങ്ങി, കടലാസുകളുമായി. ഓട്ടോഗ്രാഫിനോ എന്ന മട്ടില്‍ കലാകാരന്‍ എന്നെ നോക്കി. അതല്ല ഉദ്ദേശം എന്നറിഞ്ഞപ്പോഴുള്ള നിരാശയാണോ അതോ "നിനക്ക് ഒടുക്കത്തെ ഗ്ലാമറട പന്നീ" എന്ന് തോന്നിയിട്ടാണോ എന്തോ വലിയൊരു സന്തോഷമൊന്നും ആ മുഖത്ത് കണ്ടില്ല.
സിലിണ്ടര്‍ വേണമെന്ന ആവശ്യം ഞാനറിയിച്ചപ്പോള്‍് അതിനുമുന്പ് പലതവണ കേട്ട് പരിചയിച്ച ആ ഉത്തരം തന്നെ കിട്ടി. "വെയ്റ്റ് ചെയ്യ്". ഹാ പുളകം.
രണ്ടുമൂന്ന് മിനിറ്റു നേരത്തെ സൊറപറ എന്ന കര്‍ത്തവ്യം നിറവേറ്റിയതിനുശേഷം സുഹൃത്ത് എന്റെയടുക്കലേക്ക് മടങ്ങിയെത്തി. മുകളിലത്തെ വരിയില്‍ നിന്നും രണ്ട് സിലിണ്ടറുകള്‍ എടുത്ത് താഴേക്കിട്ടു, "എടുത്തോ" എന്ന വിളംബരവും പുറപ്പെടുവിച്ചു. വേണങ്കില്‍ എന്നത് ഞാന്‍ കേള്‍ക്കാഞ്ഞതാണോ ആവോ.
ഇതൊന്ന് കാറിലേക്കെത്തിക്കണമല്ലോ എന്നോര്‍ത്ത് ഞാന്‍ വിഷണ്ണനായി. അന്പത് മീറ്ററെങ്കിലും അകലെയാണ് കാറ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ധാരാളം വണ്ടികള്‍ ആ മണ്‍വഴിയിലൂടെ ഓടിയതിന്റെ പാടുകള്‍ കാണാം. എന്റെ ശാരീരികക്ഷമത വെച്ച് ഈ രണ്ട് സിലിണ്ടറുകളും ഉരുട്ടി (ആവശ്യത്തിന് പൊക്കിയെടുത്ത്) കാറുവരെ എത്തിക്കുക എന്നത് ഒരു പണിതന്നെയാണ്. ഞാന്‍ ദയനീയമായി എന്റെ സുഹൃത്തിനെ നോക്കി. (ബൈ ദ ബൈ, ദയനീയമായി നോക്കുന്നത് എന്റെ മോന്തയുടെ ഷേപ്പിന് വളരേയെളുപ്പമാണെന്ന് എന്നെ കണ്ടിട്ടുള്ളവര്‍ക്കറിയാം). സുഹൃത്തിന്റെ നോട്ടം ഇപ്പോള്‍ എന്റെ നേര്‍ക്കല്ല, വിദൂരതയിലേക്കെങ്ങോ ആണ്. രക്ഷയില്ല, ഈ കുരിശ് ഞാന്‍ ചുമന്നേ പറ്റൂ.
ഏറെ അദ്ധ്വാനത്തിന് ശേഷം ഞാന്‍ രണ്ടു സിലിണ്ടറുകളും കാറിലേക്കെത്തിച്ചു. വഴിയുടെ ഗുണമേന്മ കാരണം ഓരോ സിലിണ്ടറും ഞാന്‍ പകുതിയിലധികം ദൂരം പൊക്കിയെടുത്ത് നടക്കുകയായിരുന്നു.
ഈ നേരമത്രയും എന്റെ മാന്യസുഹൃത്ത് എന്റെ ഈ പ്രകടനം നോക്കിനില്‍ക്കുകയായിരുന്നു. കയ്യടിച്ചില്ലെന്നുമാത്രം.
പുതിയ സിലിണ്ടറുകള്‍ സ്വയം പൊക്കിയെടുത്ത് ഓട്ടോറിക്ഷയിലേക്ക് വെച്ചുതന്ന ആ പാവം കന്നഡിഗയേക്കാള്‍് ഈ സുഹൃത്ത് ബൗദ്ധികമായി ഒരുപാട് മുന്നേറിയിരിക്കുന്നു എന്ന് വീണ്ടും തെളിയിച്ചു.
രംഗം നാല് - ഇലക്ട്രിസിറ്റി ഓഫീസ്
(ഇവിടെയാകുന്നു എന്റെ ഏറ്റവും നല്ല അനുഭവം)
വീട് വാടകയ്ക്കെടുക്കുന്പോള്‍ ഞങ്ങളുടെ വീട്ടുടമസ്ഥന്‍് ഞങ്ങളോട് പറഞ്ഞിരുന്നു
"നിങ്ങള്‍്ക്ക് തല്‍്ക്കാലം ഇലക്ട്രിസിറ്റി ബില്‍ അടക്കേണ്ടി വരില്ല. ഞാന്‍ ആദ്യമേ തന്നെ നാലായിരം രൂപ അടച്ചിട്ടുണ്ട്. മീറ്റര്‍് റെഗുലറൈസ് ചെയ്തിട്ടില്ല, അതിനാല്‍ ഇലക്ട്രിസിറ്റി ഉപയോഗം കൃത്യമായി അറിയില്ല, അതിനാലാണ് ഇതടച്ചത്. ബില്‍ വരുന്പോള്‍ എന്നെ അറിയിച്ചാല്‍് മതി"
കഴിഞ്ഞ ആഴ്ച ബില്‍ വന്നു. ഞാന് വീട്ടുടമസ്ഥനെ വിളിച്ചു, എന്ത് ചെയ്യണമെന്ന് ചോദിച്ചു.
അദ്ദേഹം ഇപ്രകാരം പറഞ്ഞു
"പഴയ നാലായിരത്തില്‍ എത്ര ബാക്കിയുണ്ടെന്ന് അറിയണം. എന്റെ കൂടെ പഠിച്ച മിസ്റ്റര്‍് പരസഹായമനസ്കന്‍് (ഇതു പറഞ്ഞൊപ്പിക്കാന്‍് ബുദ്ധിമുട്ടുള്ളവര്‍്ക്ക് സൌകര്യത്തിന് ബാബു എന്ന് വിളിക്കാം) ഇപ്പോള്‍ ഇലക്ട്രിസിറ്റി ഓഫീസില്‍് സബ് എഞ്ചിനീയറാണ്. ഞാന്‍ പുള്ളിയെ വിളിച്ച് പറയാം. അവിടെ ചെന്ന് പരസഹായമനസ്കനെ കണ്ടാല്‍ അയാള്‍ സഹായിക്കും"
ഞാന്‍ ആശ്വാസത്തോടെ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് യാത്ര തിരിച്ചു. അവിടെ ചെന്നപ്പോള്‍ വലിയ തിരക്കില്ല. സബ് എഞ്ചിനിയറുടെ മുറിയില്‍് ചെന്നപ്പോള്‍ ആളില്ല.
ഞാന്‍ നിന്ന് പരുങ്ങുന്നതുകണ്ടപ്പോള്‍് അവിടെ ഉള്ള ഒരു സുഹൃത്ത് മുകളിലേക്ക് തല വെട്ടിച്ച് ചോദിച്ചു "ഉം... എന്തുവേണം".
ഞാന്‍ - സബ് എഞ്ചിനീയര്‍് പരസഹായമാനസ്കനെ ഒന്നു കാണണമായിരുന്നു.
സുഹൃത്ത് പറഞ്ഞു - ദോ നിക്കുന്ന്.
ഞാന്‍ എന്‍റെ മനസ്സില്‍ താഴെപ്പറയുന്ന ഡയലോഗ് വീണ്ടും വീണ്ടും പ്ലേ ചെയ്തു. (ഒരുപക്ഷെ ഈ സുഹൃത്ത് ഇങ്ങിനെ പറഞ്ഞിരിക്കാം.)
ഇവനെ അറിയില്ലേ, ആള് ഭയങ്കരനാ. ഇരുപതു കയ്യാ ഇവന്. ലോകപ്രശസ്ത പരസഹായശാസ്ത്രജ്ഞന്‍ ബ്രാറ്റ്ലി ഇവന്റെ ഗുരുവാണ്. പരസഹായത്തിലെ രണ്ട് ലോകപ്രശസ്ത പ്രബന്ധങ്ങള്‍ ഇവന്റേതായിട്ടുണ്ട്. ആളെ വല്യ പിടിയില്ല, അല്ലെ.
ഞാന്‍ തിരിഞ്ഞു നോക്കി. ശരിയാണ്, അതാ നില്ക്കുന്നു പരസഹായമനസ്കന്‍്. (മുന്‍്പരിചയമില്ല, എന്നാലും സുഹൃത്തുക്കള്‍് പറയുന്നത് അവിശ്വസിക്കേണ്ടതില്ലല്ലോ)
ഇത്രയും നേരം ഈ സംസാരം മുഴുവന്‍ അദ്ദേഹം കേട്ടതാണ്. തന്നെക്കുറിച്ചാണ് സംസാരം എന്നും മനസിലാക്കിയിട്ടുണ്ട്. എന്നാലും ആരെങ്കിലും "ഇദ്ദേഹമാണ് ആ മഹാന്‍" എന്ന് പരിചയപ്പെടുത്താതെ കയറി ഇടപെടുന്നതെങ്ങിനെ എന്ന പ്രത്യയശാസ്ത്രപ്രതിസന്ധിയില്‍് പെട്ട് മനസ് വേദനിച്ച് നില്‍ക്കുകയായിരിക്കാം. മഹാഭാരതം സീരിയലില്‍് ഭീമനും ദുര്യോധനനുമൊക്കെ നില്‍ക്കുന്നതുപോലെ അരക്കെട്ടില്‍ കൈകളുറപ്പിച്ച് "ഹള്‍ക്ക് ഹോഗനെ പോലും പുല്ലുപോലെ തോല്‍പ്പിക്കും" എന്ന മട്ടില്‍ ചിന്താമഗ്നനായി നിലയുറപ്പിച്ചിരിക്കുന്നു എന്‍റെ ഈ സുഹൃത്ത്.
ഞാന്‍ സുഹൃത്തിനു നേരെ തിരിഞ്ഞു. ചെറിയൊരു ഇടവേള. അദ്ദേഹം എന്നെ ഒന്ന് അവലോകനം ചെയ്തതായിരിക്കണം. ഇടവേളക്കുശേഷം ചോദ്യം. "യെന്ത് വേണം"
ഞാന്‍ പ്രശ്നമവതരിപ്പിച്ചു.
..... സ്ഥലത്ത് ജോണ്‍ ലാസറിന്റെ വീട്ടില്‍് വാടകക്ക് താമസിക്കുന്ന ഒരു പാവം പ്രജയാണെന്നും സാന്പത്തികമായ ഒരു സംശയം എന്നെക്കാള്‍ പാവമായ ജോണിനുണ്ടെന്നും താങ്കളെ കണ്ടാല്‍ അതിനൊരു പരിഹാരമുണ്ടാവുമെന്ന് ഞാനും ജോണും ഒരുപോലെ വിശ്വസിക്കുന്നുവെന്നും അതിലേക്കായി താങ്കള്‍ സഹായിക്കണമെന്നും ഞാന്‍ പറഞ്ഞൊപ്പിച്ചു. ഞാനൊരു ഹള്‍ക്ക് ഹോഗനല്ലാത്തതിനാല്‍് അപേക്ഷിക്കുകയേ വഴിയുള്ളൂ, അജ്ഞാപിക്കാനാവില്ലല്ലോ.
പരസഹായമനസ്കന്‍് ഇമവെട്ടാതെ പ്രഖ്യാപിച്ചു
"അഡ്വാന്‍സിന്റെ കാര്യമാണോ, അതിന് സൂപ്രണ്ടിനെ കാണണം".
ഞാന്‍ മനസ്സില്‍ പറഞ്ഞു "നന്ദി സഹോദരാ നന്ദി, ഭഗവത്ഗീതയിലോ ബൈബിളിലോ ഖുറാനിലോ ഒന്നും പ്രസ്താവിക്കാത്ത ഈ പരമസത്യം അറിയാനാണല്ലോ ജോണ്‍ എന്നെ താങ്കളുടെ അടുത്തേക്കയച്ചത്. താങ്കള്‍ ഇവിടെയില്ലായിരുന്നെങ്കില്‍് എന്തുചെയ്യണമെന്നിയാതെ ഞാനാകെ കുഴങ്ങിയേനെ. ഒരുപക്ഷെ ഈയൊരു സത്യം മനസിലാക്കാത്തതിനാല്‍് ഞാന്‍ ബില്‍ അടക്കാതെ മടങ്ങിയേനെ."
(സുഹൃത്ത് സഹോദരനായി മാറിയതെങ്ങിനെയെന്നാണോ ചിന്തിക്കുന്നത്, പറയാം. തൃശൂരുകാര്‍്ക്ക് "ഗഡി" "സോള്‍ ഗഡി" ആകുന്നതുപോലെയാണ് ഞങ്ങള്‍ക്ക് സുഹൃത്ത് സഹോദരനാകുന്നത്.)
ഞാനേതായാലും ആവശ്യത്തിനുള്ള വിശദാംശങ്ങള്‍് സൂപ്രണ്ടില്‍് നിന്നു ശേഖരിച്ചു, ബില്ലടച്ചു. അതിനുശേഷം വീട്ടുടമസ്ഥന്റെ വീട്ടിലേക്കു വിളിച്ചു.
ചേച്ചിയോട് പറഞ്ഞു. "ചേച്ചീ, ഞാന്‍ ബില്ലടച്ചു. ചേട്ടന്റെ കൂട്ടുകാരന്‍് ഒട്ടും സഹായിച്ചില്ല".
ചേച്ചി പറഞ്ഞു. "ഞാനുമൊരിക്കല്‍ ചെന്നപ്പോള്‍ അയാള്‍ കണ്ടഭാവം പോലും നടിച്ചില്ല. പറയുന്പോള്‍ ഞങ്ങളുടെ വീട്ടില്‍് പാലുകാച്ചലിനു വന്നതാണ്. ആ പരിചയം പോലും അന്ന് കണ്ടില്ല"
സാധാരണയായി ഒരാള്‍ നമ്മുടെ സഹായം ആവശ്യപ്പെട്ട് ഓഫീസില്‍് വന്നാല്‍ എന്ത് ചെയ്യും. കൂടെച്ചെന്ന് നമുക്കു പറ്റുന്ന സഹായം ചെയ്തുകൊടുക്കും എന്നാണ് എന്‍റെ പക്ഷം. ഇവിടെ എനിക്ക് കിട്ടിയത് ഒരു റീഡയറക്ഷന്‍് മാത്രം. അതിന് പരിചയക്കാരന്‍ വേണമെന്നില്ലല്ലോ.
********************************************************
വളരെ ചെറിയൊരു ശല്യത്തിന്‍റെ പേരില്‍ വഴിയിലുള്ളവനെ ഉറക്കെ തെറിവിളിച്ച് (നിര്‍ത്തിയാല്‍ അടികിട്ടുമോ എന്ന പേടിയാലാവാം) അതിവേഗം വണ്ടിയോടിച്ചു പോകുന്ന ഒട്ടോക്കാരനെയും റോഡിലൂടെ മറ്റുള്ളവര്‍്ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍് വണ്ടി പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി ആള്‍്ക്കാരോട് സംസാരിച്ചു നില്‍ക്കുന്ന കാറുകാരെയും ഇവിടെ ധാരാളം കാണാം. മദ്യപാനികളായ ഡ്രൈവര്‍മാരെ പിടിക്കാന്‍ നില്‍ക്കുന്ന ചെറുപ്പക്കാരനായ പോലീസുകാരന്‍് കാറുനിര്‍്ത്തിച്ച് "ഊതെടാ" എന്ന് ആക്രോശിച്ച കഥ എന്‍റെ ഭാര്യാപിതാവ് ഒരിക്കല്‍ പറയുകയുണ്ടായി. പ്രായത്തിനോടുള്ള ബഹുമാനം പോലും നല്‍കാന്‍ തയ്യാറല്ലാത്ത ആ പോലീസുകാരന്‍റെ മനോനില എന്തായിരിക്കാം?
ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. ഈ ചില സംഭവങ്ങളുടെ പേരില്‍ മലയാളികള്‍ മുഴുവന്‍ ഇത്തരക്കാരാണെന്ന് ഞാന്‍ പറയുന്നില്ല. മറ്റു സംസ്ഥാനങ്ങളിലും ഇത്തരക്കാരെ ധാരാളം കണ്ടേക്കാം.
എന്റെ പെരുമാറ്റവും വിലയിരുത്തലും കുറ്റമറ്റതും അല്ല.
എന്റെ ജീവിതം മുരളിയുടേതിനു സമാനമല്ല. എന്റെ കേരളം ഇന്നും എനിക്ക് പ്രിയപ്പെട്ടതുതന്നെയാണ്. കേരളത്തില്‍ നിന്നും തിരിച്ചുപോകുന്നതിനെക്കുറിച്ച് ഞാന്‍ ഇനിയും ചിന്തിച്ചു തുടങ്ങിയിട്ടുമില്ല.
എന്നാലും ചില സംശയങ്ങള്‍്.
- കേരളത്തിനുപുറത്ത് കഷ്ടപ്പെട്ട് പണിയെടുക്കുന്ന മലയാളിയെന്തേ നാട്ടില്‍ ഇങ്ങിനെ പെരുമാറുന്നു?
- ഗള്‍ഫിലും മറ്റും മര്യാദക്കാരനായ അവനെന്തേ കേരളത്തില്‍ ജാഡ കാണിക്കുന്നു?
- നമ്മുടെ സഹായം ആവശ്യമുള്ളവരെ നാമെന്തേ അവജ്ഞയോടെ നോക്കുന്നു?
- മറ്റൊരാളുടെ വ്യക്തിത്വം അംഗീകരിക്കാനും പരസ്പര ബഹുമാനത്തോടെ ഒന്നിച്ച് പ്രവര്‍ത്തിക്കാനും മലയാളി പഠിച്ചിരുന്നെങ്കില്‍്.....?
ഇനിയൊട്ടും ചിന്തിയ്ക്കാന്‍ ബാക്കി വെക്കാതെ നിര്‍ത്തുന്നു.
അപ്പൂട്ടന്‍.