Tuesday, September 8, 2009

ഞാനെന്ന ചിത്രകാരൻ

അയ്യോ, തലക്കെട്ട്‌ കണ്ട്‌ തെറ്റിദ്ധരിക്കല്ലേ.... ചിത്രകാരനെന്ന ബ്ലോഗർ ഞാനല്ല.

ചിത്രകാരനെന്ന ബ്ലോഗറെ ഞാൻ കണ്ടിട്ടുണ്ട്‌, ചെറായി മീറ്റിൽ വെച്ച്‌, അതല്ലാതെ ചിത്രകാരനെക്കുറിച്ച്‌ എനിക്കൊരു രൂപവുമില്ല.
ചിത്രകാരനെന്ന ബ്ലോഗറുടെ ബ്ലോഗുകൾ/കമന്റുകൾ പലതും വായിച്ചിട്ടുണ്ട്‌. അതല്ലാതെ ചിത്രകാരന്റെ മനോവ്യാപാരങ്ങളെക്കുറിച്ച്‌ എനിക്കധികം അറിയില്ല.
ചിത്രകാരന്റെ ഒരു പോസ്റ്റിൽ പണ്ടെങ്ങാണ്ടോ ഞാനൊരു കമന്റിട്ടിട്ടുണ്ട്‌, അതല്ലാതെ അദ്ദേഹവുമായി എനിക്കൊരു ബന്ധവുമില്ല.
ചിത്രകാരന്റെ ബ്ലോഗിൽ എന്റെ ബ്ലോഗിന്റെ പേര്‌ കണ്ടിട്ടുണ്ട്‌, അതല്ലാതെ ചിത്രകാരന്‌ എന്നെ കൂടുതൽ അറിയുമെന്ന്‌ ഞാൻ കരുതുന്നുമില്ല.
ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടുമല്ല.

എന്റെ ചിത്രരചനാപാടവത്തെക്കുറിച്ച്‌ പറയാനും, ആ സിദ്ധി കാരണം ലോകത്തിനു സംഭവിച്ച ചരിത്രവ്യതിയാനവുമാണ്‌ ഞാൻ ഇവിടെ പറയാൻ തുടങ്ങുന്നത്‌.

പടം വരപ്പിനുള്ള എന്റെ കഴിവ്‌ എന്റെ സുഹൃത്തുക്കൾക്കിടയിൽ പ്രശസ്തമാണ്‌. ചപ്പാത്തി പരത്തുമ്പോൾ മാത്രമല്ല, ഇന്ത്യയുടെ ഭൂപടം വരയ്ക്കുന്പോഴും ഇത്‌ ആഫ്രിക്കയുടെ പടമല്ലേ എന്ന്‌ നാട്ടുകാർ ചോദിക്കും, അത്ര ഗംഭീരമാണ്‌ എന്റെ ഈ മേഖലയിലെ കഴിവുകൾ.
പേരിനൊപ്പം ചിത്രൻ എന്നുകൂടി ഉണ്ട്‌ എന്നതാണ്‌ ചിത്രവുമായി എനിക്കുള്ള ബന്ധം.
ചിത്രൻ എന്നത്‌ അച്ഛന്റെ പേരാണ്‌, അച്ഛൻ സാമാന്യം നന്നായി ചിത്രം വരയ്ക്കും. അച്ഛന്റെ ഇളയസഹോദരൻ അതീവ കഴിവുള്ള ഒരു ചിത്രകാരനായിരുന്നുവത്രെ.
ഈ പാരന്പര്യമൊക്കെ അവകാശപ്പെടാമെങ്കിലും പടം വര വാസ്‌ ബിയോണ്ട്‌ മീ.

അതിനാൽ ഒരു ജാഡയ്ക്ക്‌ പറയും, എന്റെ ചിത്രങ്ങൾ എന്റെ മനസിൽ മാത്രമേ ഉള്ളു, അതാരും കണ്ടിട്ടില്ല എന്ന്‌.

എന്റെ ഈ സിദ്ധി കൂടിയതിനാൽ ലോകത്തിന്‌ എന്താണ്‌ നഷ്ടപ്പെട്ടത്‌? ഒന്നുമില്ല എന്ന്‌ നിങ്ങൾക്ക്‌ തോന്നാം, പക്ഷെ ......
നഷ്ടം വൈദ്യലോകത്തിനാണ്‌. എന്റെ ചിത്രരചനാപാടവം മൂലം ലോകത്തിന്‌ നഷ്ടമായത്‌ ഒരു ഡോക്ടറെ ആണ്‌.

കുട്ടിക്കാലത്ത്‌ ഞാൻ ഏറെ ആരാധനയോടെ കണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു വടക്കന്തറ (പാലക്കാട്ടെ ഒരു അഗ്രഹാരം) താമസിച്ചിരുന്ന നാരായണൻ ഡോക്ടർ. സാമാന്യം ആരോഗ്യം ഉണ്ടായിരുന്നതിനാൽ (കളി പറയുകയല്ല, എനിക്കത്രപെട്ടെന്നൊന്നും അസുഖങ്ങൾ വരാറില്ല) ഡോക്ടറെ കാണേണ്ട ആവശ്യം കുറവായിരുന്നു, പക്ഷെ എങ്ങാനും പനി പിടിച്ചാൽ പിന്നെ കാര്യം പോക്കാണ്‌. പനി വന്ന്‌ വല്ലാതെ ക്ഷീണിതനാകുന്പോള്‍ അച്ഛൻ എന്നെ ഡോക്ടറെ കാണിക്കും. ഡോക്ടറെ കണ്ട്‌ ഒന്നുരണ്ട്‌ ദിവസം മരുന്നു കഴിച്ചാൽ പനി അശേഷം മാറുകയും ചെയ്യും. ഡോക്ടറെ കാണുന്നത്‌ അത്രയും പരിതാപകരമായ അവസ്ഥയിലായിരുന്നതിനാൽ സ്വാഭാവികമായും പനി മാറ്റുന്ന ഡോക്ടറെ ഞാൻ ഇഷ്ടപ്പെട്ടു, വലുതായാൽ ഞാനും ഒരു ഡോക്ടറാകും എന്ന്‌ തീരുമാനിച്ചു.

ഇതുകൂടാതെ മറ്റൊരാകർഷണം കൂടി ഉണ്ടായിരുന്നു ഡോക്ടർ ആകുന്നതിൽ. എന്റെ കൂടെ പഠിച്ചിരുന്ന ഷാഹുൽ ഹമീദിന്റെ അച്ഛൻ ഒരു പ്രശസ്തഡോക്ടർ ആയിരുന്നു. ഒരിക്കൽ അവൻ പറഞ്ഞുകേട്ടിട്ടുണ്ട്‌, അവന്റെ അച്ഛൻ ഒരുദിവസം ആയിരം രൂപ സന്പാദിക്കുമെന്ന് (ഇതിനൊരു കാൽ നൂറ്റാണ്ടിലധികം പഴക്കമുണ്ട്‌, അന്ന്‌ ആയിരം രൂപ വലിയൊരു സംഖ്യ തന്നെയായിരുന്നു). ഒരു ഡോക്ടർക്ക്‌ നല്ലവണ്ണം പണം സന്പാദിക്കാനും കഴിയും എന്ന്‌ ഞാൻ മനസിലാക്കിയിരുന്നു.

പത്താം ക്ലാസിലെത്തിയപ്പോഴേക്കും ഡോക്ടറാകണം എന്ന മോഹം വല്ലാതെ ഉണ്ടായിരുന്നു. കണക്കിൽ മിടുക്കനായിരുന്നു ഞാൻ, ബയോളജിയിൽ സാമാന്യം മോശവും (ബയോളജി ഒരു കണക്കാണെന്ന്‌ പറയാം).
എന്നാലും മോഹം മോഹം തന്നെയല്ലെ...... എന്ത്‌ ബുദ്ധിമുട്ട്‌ സഹിച്ചാലും ഡോക്ടറായേ തീരൂ.
പത്താം ക്ലാസ്‌ കഴിഞ്ഞാൽ പ്രീഡിഗ്രിക്ക്‌ ഏതു ഗ്രൂപ്പ്‌ എടുക്കണം എന്ന കാര്യത്തിൽ സംശയമേയുണ്ടായിരുന്നില്ല. സെക്കന്റ്‌ ഗ്രൂപ്പ്‌ തന്നെ.(ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി എന്നിവയാണ്‌ സെക്കന്റ്‌ ഗ്രൂപ്പിലെ വിഷയങ്ങൾ. ഫസ്റ്റ്‌ ഗ്രൂപ്പിൽ ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ്‌).
*******************************************************

ഞാൻ പത്താം ക്ലാസിലെത്തിയപ്പോഴാണ്‌ എന്റെ കസിൻ സജിത്‌ (സജിയേട്ടൻ) ഞങ്ങളുടെ വീട്ടിൽ താമസിച്ച്‌ കോളേജിൽ പോയിത്തുടങ്ങിയത്‌. അന്ന്‌ സജിയേട്ടൻ പ്രീഡിഗ്രിക്ക്‌ (ഫൈനൽ ഇയർ) പഠിക്കുകയാണ്‌. സജിയേട്ടനും സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്താണ്‌ പഠിക്കുന്നത്‌.

ഇടയ്ക്കിടെ പാറ്റ (കൂറ എന്ന്‌ വടക്കുള്ളവർ പറയും), മണ്ണിര, തവള തുടങ്ങിയവയെ പിടിച്ച്‌ കീറും, ലാബിലെ പരീക്ഷണങ്ങളുടെ ഹോംവർക്ക്‌. (പാറ്റയേയും മണ്ണിരയേയുമൊക്കെ കൈകൊണ്ട്‌ പിടിക്കാൻ അറപ്പില്ലാത്ത അന്നാട്ടിലെ ഏകവ്യക്തി ഞാനായിരുന്നു).
കൊല്ലുന്ന പരിപാടി അത്ര സുഖിച്ചില്ലെങ്കിലും ശാസ്ത്രീയവിശകലനം ക്ഷ പിടിച്ചു. ഒന്നുരണ്ടുകൊല്ലം കഴിഞ്ഞാൽ ഞാനും ഈ പരിപാടി ചെയ്യും എന്നോർത്ത്‌ ഞാൻ എന്റെ മനസിനെ പാകപ്പെടുത്തിവെച്ചു.

ചരിത്രവ്യതിയാനത്തിന്റെ കഥ ഇവിടെ തുടങ്ങുന്നു.

അച്ഛന്‌ അത്യാവശ്യം വീട്‌ കോൺട്രാക്റ്റ്‌ പണി ഉണ്ടായിരുന്നു. പാലക്കാട്ട്‌ കുറേ വീടുകൾ അച്ഛൻ നിർമ്മിച്ചതായുണ്ട്‌. വീടുകളുടെ പ്ലാൻ വരയ്ക്കുന്നതും അച്ഛൻ തന്നെയാണ്‌. പ്ലാൻ വരയ്ക്കാനായി ധാരാളം അമോണിയ പേപ്പറും ട്രേസിങ്ങ്‌ പേപ്പറും വീട്ടിൽ ഉണ്ടാകും, എപ്പോഴും. ട്രേസിങ്ങ്‌ പേപ്പർ എന്നത്‌ ഒരു സുതാര്യമായ പേപ്പർ ആണ്‌. ഏതെങ്കിലും പുസ്തകത്തിന്റെ മുകളിൽ വെച്ചാൽ എഴുത്തുകളും ചിത്രങ്ങളും ഒക്കെ തെളിഞ്ഞ്‌ കാണാം. പ്ലാനിൽ ചെറിയ തിരുത്തലുകൾ വേണ്ടിവരുന്പോള്‍ പഴയത്‌ വരച്ചെടുക്കാനാണ്‌ ഈ ട്രേസിങ്ങ്‌ പേപ്പർ ഉപയോഗിക്കുന്നത്‌.

ഇത്രയുമാണ്‌ ബാക്ക്ഗ്രൗണ്ട്‌.

ഒരുദിവസം ഞാൻ സജിയേട്ടന്റെ പഠനമേശയുടെ മുകളിൽ ട്രേസിങ്ങ്‌ പേപ്പർ കിടക്കുന്നതുകണ്ടു. ചെറിയൊരു കൗതുകത്തോടെ ചെന്നുനോക്കിയപ്പോൾ കണ്ടത്‌ ഒരു തവളയുടെ ചിത്രമാണ്‌. സാമാന്യം നന്നായിത്തന്നെ വരച്ചിട്ടുണ്ട്‌. (എട ഭയങ്കരാ, ങ്ങളിത്രേം മഹാനാണെന്ന്‌ ഞാനറിഞ്ഞില്ല).

പക്ഷെ ട്രേസിങ്ങ്‌ പേപ്പറിൽ വരച്ചതെന്തിന്‌ എന്ന്‌ എനിക്ക്‌ പിടികിട്ടിയില്ല.

പിന്നീടൊരുദിവസം......
സജിയേട്ടൻ ട്രേസിങ്ങ്‌ പേപ്പറിൽ വരയ്ക്കുന്നതെന്തിന്‌ എന്ന്‌ ഞാൻ കണ്ടുപിടിച്ചു. ചരിത്രം മാറിയത്‌ അന്നാണ്‌.

ഈ പടങ്ങളെല്ലാം വരയ്ക്കേണ്ടത്‌ ബയോളജി റെക്കോഡ്‌ ബുക്കിലാണ്‌. സജിയേട്ടന്റെ വര അതിഗംഭീരമായിരുന്നതിനാൽ (ഇവിടേം കാണാം ആഫ്രിക്ക) സജിയേട്ടൻ കണ്ടുപിടിച്ച എളുപ്പവഴിയാണ്‌ ട്രേസിങ്ങ്‌ പേപ്പർ വഴിയുള്ള വര.
സജിയേട്ടന്റെ കൂടെ പഠിച്ചിരുന്ന ജവഹർ നന്നായി വരയ്ക്കും. തവള തവളയായിത്തന്നെ കാണുമെന്നർത്ഥം, അത്യാവശ്യം ഷേഡിങ്ങും ഒക്കെ കഴിഞ്ഞാൽ തവളയ്ക്ക്‌ ജീവനില്ല എന്നൊരു കുറവ്‌ മാത്രമേ കാണാനാവൂ.
സജിയേട്ടൻ ജവഹറിന്റെ റെക്കോഡ്‌ ബുക്ക്‌ കടം വാങ്ങും. വീട്ടിൽ വന്നിരുന്ന്‌ ഓരോ പടത്തിനുമുകളിലും ട്രേസിങ്ങ്‌ പേപ്പർ വെച്ച്‌ പകർത്തിയെടുക്കും. പിന്നീട്‌ ട്രേസിങ്ങ്‌ പേപ്പർ സ്വന്തം റെക്കോഡ്‌ ബുക്കിൽ വെച്ച്‌ അമർത്തിവരയ്ക്കും, അങ്ങിനെ ഒരു ഔട്‌ലൈൻ ഉണ്ടാക്കും. പിന്നീട്‌ പെൻസിൽ ഉപയോഗിച്ച്‌ വര മുഴുമിക്കും. ഒറിജിനലിന്റെ ഭംഗി ഇല്ലെങ്കിലും സാമാന്യം നല്ല ഒരു ചിത്രം സജിയേട്ടന്റെ സ്വന്തം.

ഈ സംഭവം ലോകത്ത്‌ ആർക്കും ഒരു ചലനവും സൃഷ്ടിച്ചില്ല. പക്ഷെ ആശങ്കാഭരിതനായൊരു പത്താംക്ലാസുകാരൻ ഉണ്ടായിരുന്നു ഇതിന്റെ ഇരയായി.
ഞാനെന്ന ചിത്രകാരൻ

സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്താൽ ഇത്രയധികം വരയ്ക്കേണ്ടിവരും എന്നത്‌ എനിക്കൊരു പുതിയ അറിവായിരുന്നു, ഭയപ്പെടുത്തുന്നതും. അല്ലെങ്കിൽത്തന്നെ ബയോളജിയിലെ ചില്ലറ ചിത്രങ്ങൾ തന്നെ വരയ്ക്കാൻ പാടുപെടുന്ന ഞാൻ സെക്കന്റ്‌ ഗ്രൂപ്പെടുത്ത്‌ പ്രീഡിഗ്രിക്ക്‌ ചേർന്നാൽ എന്തുചെയ്യും? എന്റെ പടംവര കണ്ട്‌ ഒരു ടീച്ചറും എന്നെ പാസാക്കില്ല എന്ന അറിവ്‌ നേരത്തെ ഉണ്ട്‌, അപ്പോൾ പ്രീഡിഗ്രി പാസാവണമെങ്കിൽ .....

അന്നു തീരുമാനിച്ചു.

സെക്കന്റ്‌ ഗ്രൂപ്പ്‌ വേണ്ട. ഡോക്ടർ ആയില്ലെങ്കിലും വേണ്ടില്ല, വരയ്ക്കാനും അതിന്റെ പേരിൽ തോൽക്കാനും വയ്യ.
ഇഷ്ടവിഷയമായ കണക്കുമായി മുന്നോട്ടുപോകാൻ തന്നെ ഞാൻ തീരുമാനിച്ചു.
പ്രീഡിഗ്രിക്ക്‌ ഫസ്റ്റ്‌ ഗ്രൂപ്പെടുത്തു, പിന്നീട്‌ എഞ്ചിനീയറിങ്ങിന്‌ ചേർന്നു, എഞ്ചിനീയർ എന്ന ആ പറഞ്ഞ സാധനം ആയിത്തീർന്നു.

അങ്ങിനെ വൈദ്യശാസ്ത്രത്തിന്‌ ഒരു ബുദ്ധിമാനായ, സഹൃദയനായ, മനസലിവുള്ള ഡോക്ടറെ നഷ്ടപ്പെട്ടു.
ആയില്ലല്ലൊ, അപ്പോൾ എന്തും പറയാം
എപ്പിലോഗ്‌
  • ഏതാണ്ട്‌ ഒന്നര വർഷം മുൻപ്‌ എന്റെ മകനെ കാണിക്കാൻ ഞാൻ നാരായണൻ ഡോക്ടറുടെ അടുത്ത്‌ പോയി. അദ്ദേഹം എന്നെ മറന്നിരുന്നില്ല, വിശേഷങ്ങൾ ചോദിച്ചു.
    എന്നെപ്പോലുള്ള ഒരുപാട്‌ അപ്പൂട്ടന്മാർ ആ നല്ല മനുഷ്യനെ നന്ദിയോടെ ഓർക്കുന്നുണ്ടാവും.
  • സജിയേട്ടനും ഡോക്ടറായില്ല, സൈക്കോളജിസ്റ്റായി
അനുബന്ധം
ലോകത്തിൽ എനിക്ക്‌ അസൂയ തോന്നിയിട്ടുള്ള ഒരു വർഗ്ഗമേയുള്ളു.
അത്‌ ചിത്രം വരയ്ക്കുന്നവരാണ്‌, അതിനു കഴിവുള്ളവരാണ്‌.
യേശുദാസിനോ സചിൻ ടെണ്ടുൽക്കർക്കോ സഞ്ജീവ്‌ കുമാറിനോ നെടുമുടി വേണുവിനോ തിലകനോ ഫെഡറർക്കോ പത്മരാജനോ ബഷീറിനോ ഒന്നും എന്നെ ഇത്രയധികം അസൂയക്കാരനാക്കാൻ കഴിഞ്ഞിട്ടില്ല.
നന്പൂതിരിയെ ഒറ്റയ്ക്കൊന്നു കിട്ടട്ടെ (പല വിശേഷങ്ങള്‍ക്കുമായി ധാരാളം കണ്ടിട്ടുണ്ട്), നല്ല നുള്ളുവെച്ചുകൊടുക്കും.... ങ്‌ഹാ
വാൽക്കഷണം
ചെറായി മീറ്റിനു പോയപ്പോൾ, സജ്ജീവേട്ടൻ അവിടെ വന്ന എല്ലാവരുടേയും ക്യാരിക്കേച്ചർ വരച്ചതു കണ്ടപ്പോൾ, ഓർമ്മക്കുറിപ്പായി എഴുതണം എന്നു കരുതിയതാണ്‌. അതിങ്ങിനെ നീണ്ടുനീണ്ടുപോയി.
സജ്ജീവേട്ടനോടുള്ള എന്റെ നന്ദിയും അസൂയയും (തിരിച്ചു നുള്ളുകിട്ടും എന്നുള്ളതുകൊണ്ട്‌ അന്ന്‌ നുള്ളിയില്ല) അറിയിച്ചുകൊണ്ട്‌ അദ്ദേഹം വരച്ചുതന്ന എന്റെ ക്യാരിക്കേച്ചർ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഞാനിവിടെ ഇടട്ടെ. (സജ്ജീവേട്ടൻ എന്നെക്കുറിച്ചെഴുതിയത്‌ ഇവിടെ കാണാം)



ഡോക്ടറാകാതെപോയ അസൂയക്കാരൻ

Monday, August 10, 2009

എന്റെ ആദ്യചതി

ജീവിതത്തിലെ ആദ്യപ്രേമം, അതെത്ര ചെറുപ്രായത്തിലുള്ളതാണെങ്കിലും, ആരും മറക്കില്ല എന്നാണു കേട്ടിട്ടുള്ളത്‌ (ശ്‌.... ആരോടും പറയല്ലെ....അനുഭവിച്ചിട്ടുള്ളതും!!!!).

നാലാംക്ലാസിൽ പഠിക്കുമ്പോൾ അവൾ ചിരിച്ചതോ പത്താംക്ലാസിൽ പഠിക്കുന്പോള്‍ പ്രേമലേഖനം എഴുതിയതോ ഒക്കെ മതി പലർക്കും ഓർക്കാൻ.

പറഞ്ഞുവരുന്നത്‌ എന്റെ ആദ്യപ്രേമത്തെക്കുറിച്ചോ, ടൈറ്റിൽ വായിച്ചപ്പോൾ തോന്നിയതുപോലെ എന്റെ ആദ്യപ്രേമവഞ്ചനയെക്കുറിച്ചോ അല്ല. നിരാശ തോന്നിയോ..... അതല്ലെ അപ്പൂട്ടന്റെ ഒരു ലൈൻ.

പറഞ്ഞുവരുന്നത്‌ എന്റെ ജീവിതത്തിലെ ആദ്യ ചതിയെക്കുറിച്ചാണ്‌. അതും പലരും ഓർക്കുന്ന ഒന്നായിരിക്കും, പ്രേമം ഒരു അനലോജി ആയി പറഞ്ഞുവെന്നേയുള്ളു.

*******************************************************
ഈ സംഭവം ഞാൻ അഞ്ചാംക്ലാസിൽ പഠിക്കുന്ന കാലത്തുള്ളതാണ്‌. ഈ കഥ പറയുന്നതിനുമുൻപ്‌ ഭൂമിശാസ്ത്രപരമായ ചെറിയൊരു ബാക്ക്ഗ്രൗണ്ട്‌ ആവശ്യമാണ്‌.

പാലക്കാട്ട്‌ എന്റെ വീട്‌ വടക്കന്തറ എന്ന സ്ഥലത്തായിരുന്നു. പഠിച്ചിരുന്നത്‌ കല്ലേക്കുളങ്ങര റെയിൽവേ കോളനി റോഡിലുള്ള സെന്റ്‌ തോമസ്‌ സ്കൂളിലും. ഒരു ഗേൾസ്‌ ഹൈസ്കൂളാണ്‌, ഏഴാംക്ലാസ്‌ വരെ ആൺകുട്ടികൾക്കും പഠിക്കാം.
എന്റെ വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള വഴി ഏതാണ്ടീ ചിത്രത്തിൽ കാണുന്നതുപോലിരിക്കും.


ചിത്രം അത്ര നന്നല്ല, പക്ഷെ ഒരു ഏകദേശരൂപം കിട്ടിയേക്കും. (വഴികളിൽ അത്യാവശ്യം വളവും തിരിവുമൊക്കെ ഉണ്ട്‌, വളവൊക്കെ നിന്റെ മറ്റവൻ തിരിക്ക്വോടാ എന്നു ചോദിയ്ക്കരുത്‌)

വീട്ടിൽ നിന്നും ചുണ്ണാന്പുത്തറ എന്ന ജങ്ങ്ഷൻ വരെ നടക്കും (അക്കാലത്ത്‌ വടക്കന്തറ വഴി ബസുകൾ ഇല്ലായിരുന്നു, ഇന്നുണ്ട്‌). അവിടെ നിന്നും നേരിട്ടുള്ള ബസ്‌ കിട്ടിയാൽ അതിൽ സ്കൂളിലേക്ക്‌, ഇല്ലെങ്കിൽ ഒലവക്കോട്‌ വരെ ഒരു ബസ്‌, അവിടെ നിന്നും അടുത്തബസിൽ സ്കൂളിലേക്ക്‌.
വൈകുന്നേരവും അപ്പടിയേ സാമീ.

പലപ്പോഴും നേരിട്ടുള്ള ബസ്‌ കിട്ടാത്തതാണ്‌ വില്ലന്മാരിൽ പ്രധാനി.

പാലക്കാട്‌ ടൗണിൽ നിന്നും റെയിൽവേ കോളനിയിലേക്ക്‌ പോകുന്ന ബസുകൾക്ക്‌ രണ്ട്‌ റൂട്ടുണ്ട്‌. വിക്റ്റോറിയ കോളേജ്‌ ജങ്ങ്ഷനിൽ നിന്നാണ്‌ ഈ രണ്ടു റൂട്ടുകളും വഴി പിരിയുന്നത്‌. ഒലവക്കോട്ട്‌ രണ്ടു റൂട്ടുകളും ഒന്നിക്കും. ഒന്ന് ചുണ്ണാന്പുത്തറ വഴി ജയിനിമേട്‌, ഒട്ടുകന്പനി വഴി ഒലവക്കോട്ടെത്തും. രണ്ടാമത്തേത്‌ പുതിയപാലം വഴി ഒലവക്കോട്ടെത്തും.
ചുണ്ണാന്പുത്തറ വഴി വരുന്ന വണ്ടികൾക്ക്‌ രണ്ടു റെയിൽവേ ഗേറ്റുകൾ കടന്നു വേണം വരാൻ, ഒന്ന് വിക്റ്റോറിയ കോളേജിനും ചുണ്ണാന്പുത്തറയ്ക്കും ഇടയ്ക്കുള്ളത്‌.

ഹൊ, മറന്നു, അവിടേം ഉണ്ടൊരു കഥയില്ലായ്മ
അവിടെ ഒരു മേൽപ്പാലം പണിയുന്നുണ്ട്‌, ഒരു പത്ത്‌ കൊല്ലമായിക്കാണും. റെയിൽ പാളത്തിനുമുകളിൽ മാത്രം ഇല്ല പാലം, അതിനാൽ ബസുകൾ സൂപ്പർ മാരിയോ ചാടുന്നതുപോലെ ചാടിക്കോട്ടെ എന്നാണ്‌ അധികൃതർ പറയുന്നത്‌. ഇപ്പോൾ അതൊരു വനംഭൂമിയായി പരിരക്ഷിക്കണമെന്ന് പരിസ്ഥിതിസ്നേഹികൾ പറയുന്നുണ്ട്‌, അത്രയും റെയർ മരങ്ങൾ അവിടെ വളരുന്നുണ്ട്‌. മുൻ റെയിൽ സഹമന്ത്രി സാക്ഷാൽ രാജഗോപാൽ നിരാഹാരം കിടന്നിട്ടും സൂപ്പർ മാരിയോ പരിപാടി ബസുകൾ പഠിച്ചിട്ടില്ലാത്തതിനാൽ ഇപ്പോൾ ഞെങ്ങി ഞെരുങ്ങി വഴി കണ്ടുപിടിക്കുക മോഡലിൽ മേൽപ്പാലത്തിനു കീഴ്പ്പാലത്തിലൂടെയാണ്‌ ബസുകളും മറ്റുവാഹനങ്ങളും യാത്ര ചെയ്യുന്നത്‌.

രണ്ടാമത്തെ റെയിൽവേ ഗേറ്റ്‌ ഓട്ടുകന്പനി ജങ്ങ്ഷനിലാണ്‌.
ഇത്രയും ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ പൊതുവേ ഈ റൂട്ടിൽ ഓടാൻ ബസുകാർക്ക്‌ മടിയാണ്‌. എന്നാലും സർക്കാർ റൂട്ട്‌ തരുന്നതിനനുസരിച്ചല്ലെ ഓടാനാവൂ. സഹിക്ക്യന്നെ.

പുതിയപാലം ബസുകൾ ഞങ്ങൾക്ക്‌ ഒരു ഉപകാരവുമില്ലാത്തവയാണ്‌. അവയിൽ കയറിയാൽ ഒന്നുകിൽ കൽപ്പാത്തിയ്ക്കു പോകുന്ന ജങ്ങ്ഷനിൽ ഇറങ്ങണം, അല്ലെങ്കിൽ വിക്റ്റോറിയ കോളേജ്‌ സ്റ്റോപ്പിൽ ഇറങ്ങണം. ഏതുതന്നെയായാലും ഒരു പത്ത്‌ മിനിറ്റ്‌ നടത്തം എക്സ്ട്രാ. അതിനാൽ കഴിവതും ചുണ്ണാന്പുത്തറ വഴിയുള്ള ബസ്‌ പിടിക്കണം.

രാവിലെ വലിയ പ്രശ്നമില്ല. ആർഎംഎസ്‌ എന്ന ബസ്‌ കൃത്യം സ്കൂൾ സമയത്തു തന്നെ വരും. വേറെ ബുദ്ധിമുട്ടുകൾ ഒന്നുമില്ല. അതു കിട്ടിയില്ലെങ്കിൽ വേറെ ബസിൽ (അതു മിക്കവാറും മലന്പുഴ ബസ്‌ ആയിരിക്കും, ദീര്‍ഘദൂര ബസുകൾ കുട്ടികളെ കയറ്റാറില്ല, അന്നും) ഒലവക്കോട്ടേയ്ക്ക്‌ കയറി പുതിയപാലം വഴി വരുന്ന ബസിൽ സ്കൂളിലേക്ക്‌ പോകുക.

വൈകുന്നേരം പരിപാടി അത്ര എളുപ്പമല്ല. മൂന്നരയ്ക്ക്‌ സ്കൂൾ വിടും. ആദ്യം വരുന്ന ബസ്‌ സുരേഷ്‌ ആണ്‌, ഏതാണ്ട്‌ മൂന്ന് നാൽപ്പതിന്‌. പക്ഷെ സുരേഷേട്ടൻ പുതിയപാലം വഴിയാണ്‌ പോക്ക്‌. ആർഎംഎസ്‌ വരാൻ നാലുമണിയാകും. അതുവരെ കാത്തിരിക്കണം. പിന്നെ ഒരു ഇരുപതുമിനിറ്റോളം വരുന്ന യാത്ര, പത്ത്‌ മിനിറ്റ്‌ വീട്ടിലേക്കുള്ള നടത്തം, എല്ലാം കൂടി വീട്ടിലെത്താൻ ഒരു നാല്‌ നാൽപ്പതാവും.

നേരത്തെ വീട്ടിലെത്തണമെങ്കിൽ ഒരു വഴി ഉണ്ട്‌, സുരേഷിൽ കയറി ഒലവക്കോട്ടിറങ്ങുക, പിന്നെ മലന്പുഴയില്‍ നിന്നോ വരുന്ന ചുണ്ണാന്പുത്തറ വഴിയുള്ള ബസിൽ കയറി യാത്ര തുടരുക. ഒരു പത്ത്‌-പതിനഞ്ച്‌ മിനിറ്റ്‌ ലാഭിക്കാം.

സാന്പത്തികം ഇവ്വിധം.
ചുണ്ണാന്പുത്തറ മുതൽ സ്കൂൾ വരെ പതിനഞ്ച്‌ പൈസയാണ്‌ യാത്രാക്കൂലി. സ്കൂൾ-ഒലവക്കോട്‌-ചുണ്ണാന്പുത്തറ എന്നിങ്ങിനെ സ്പ്ലിറ്റ്‌ ചെയ്ത്‌ യാത്ര ചെയ്താൽ രണ്ട്‌ മിനിമം ചാർജ്ജ്‌, അതായത്‌ പത്തും പത്തും ഇരുപതുപൈസ. ഒറ്റബസിൽ യാത്രചെയ്താൽ അഞ്ചുപൈസ ലാഭിക്കാമെന്നർത്ഥം.

ഇനിയാണ്‌ ബാക്ക്ഗ്രൗണ്ട്‌ കഥയുടെ പ്രധാനഭാഗം വരുന്നത്‌.

സ്കൂൾ വിട്ടാലാദ്യം വരുന്ന ബസ്‌ പുതിയപാലം വഴിയ്ക്കാണെന്നു പറഞ്ഞല്ലൊ. അതിൽ കയറിയാൽ ഒലവക്കോട്ടിറങ്ങണം, വേറെ ബസ്‌ പിടിയ്ക്കണം. മലന്പുഴയില്‍ നിന്നും വരുന്ന ബസുകളിൽ ചിലപ്പോൾ നല്ല തിരക്കായിരിയ്ക്കും, എന്റേതുപോലെ സ്ഥൂലശരീരവുമായി ദുർബലനായ ഒരു വിദ്യാർത്ഥിയ്ക്ക്‌ എളുപ്പം കയറാനാവില്ല. കാത്തിരുന്നു കാത്തിരുന്നു ചിലപ്പോൾ കിട്ടുന്ന ബസ്‌ ആർഎംഎസ്‌ തന്നെയാണെങ്കിൽ ഒലവക്കോട്ട്‌ വരെ വന്നത്‌ വെറും വേസ്റ്റ്‌. അഞ്ച്പൈസ നഷ്ടം മാത്രം ബാക്കി.
ആർഎംഎസിൽ വരാം എന്നു വെച്ചാലോ... ഉദ്ദേശം നാലേമുക്കാൽ ആകും വീട്ടിലെത്താൻ. കളിച്ചുതകർക്കാനുള്ള അരമണിക്കൂറോളം വിലപ്പെട്ട സമയമാണ്‌ നഷ്ടപ്പെടുന്നത്‌, ഹോ, അത്രയും സമയം പാഴാകുന്നത്‌ ഓർക്കാൻ കൂടി വയ്യ.

അങ്ങിനെയാണ്‌ ചില അതിബുദ്ധികൾ ഒരു വഴി കണ്ടെത്തിയത്‌.

സ്കൂൾ വിട്ടാലുടനെ ഒലവക്കോട്‌ വരെ നടക്കുക.
ബസ്‌ പോകുന്ന വഴി തന്നെ നടക്കണമെന്നില്ല. ഇടയ്ക്ക്‌ വഴിയൊന്നു പിരിഞ്ഞ്‌ റെയിൽവേ സ്റ്റേഷനിലേയ്ക്ക്‌ പോകുന്നുണ്ട്‌. അന്ന് വണ്ടികളൊന്നും കാര്യമായി ആ വഴി പോകാറില്ലായിരുന്നെങ്കിലും നടക്കാൻ പാകം. റെയിൽവേ സ്റ്റേഷനകത്തുകൂടി നടന്ന് പുറത്തുകടന്നാൽ ഒലവക്കോട്‌ ജങ്ങ്ഷൻ എത്താൻ അധികം ബുദ്ധിമുട്ടില്ല. (ഈ സ്റ്റേഷനാണ്‌ പണ്ട്‌ ഏറെ പ്രാധാന്യമുണ്ടായിരുന്ന പാലക്കാട്‌ ജങ്ങഷൻ എന്ന സ്റ്റേഷൻ). സ്റ്റേഷന്റെ പുറത്തുകടക്കാനും ഒട്ടും ബുദ്ധിമുട്ടേണ്ട, ടിക്കറ്റ്‌ ചെക്കർമ്മാരെ പറ്റിച്ചുകടക്കാനുള്ള ഇഷ്ടം പോലെ വിടവുകൾ അന്ന് ആ സ്റ്റേഷനുണ്ടായിരുന്നു. ആകെ പതിനഞ്ച്‌ മിനിറ്റ്‌ നടത്തം, ഒന്നു വലിഞ്ഞു നടന്നാൽ മൂന്നേമുക്കാലാകുന്പോഴേയ്ക്കും ഒലവക്കോട്ടെത്തിയിരിക്കും. സുരേഷ്‌ അപ്പോഴും സ്കൂളിനു മുൻപിൽ വലിയുകയായിരിക്കും. ഒലവക്കോട്ടു നിന്നും പത്ത്‌ പൈസ കൊടുത്താൽ ചുണ്ണാന്പുത്തറ എത്തും.

ഹാ.... എന്ത്‌ ലാഭകരമായ ഏർപ്പാട്‌....സമയം ലാഭം, പൈസ ലാഭം.
വൈകീട്ട്‌ നാലുമണി-നാല്‌ പത്ത്‌ ആകുന്പോഴെയ്ക്കും വീട്ടിലെത്താം. കളിയ്ക്കാൻ ഇഷ്ടം പോലെ സമയം. അതിനേക്കാൾ അട്രാക്റ്റീവ്‌ ആയ മറ്റൊന്ന് അഞ്ചുപൈസ ലാഭം.

സംഗതി പലരും നടപ്പിലാക്കിത്തുടങ്ങി നാളേറെ കഴിഞ്ഞാണ്‌ ഞാനും ഇതു തുടങ്ങിയത്‌. സംഗതി എന്തായാലും ജോർ. അത്യാവശ്യം കയ്യിൽ പൈസയും നീക്കിയിരിപ്പ്‌ ഉണ്ടായിത്തുടങ്ങി.

കഥ ഇവിടെ തുടങ്ങുന്നു.
----------------------------------------------

ഒരുദിവസം പതിവുപോലെ ഞാൻ എന്റെ യാത്ര (നടത്തം) തുടങ്ങി. കയ്യിൽ ഒരു ഒറ്റരൂപാ നോട്ടുണ്ട്‌, കുറച്ച്‌ ചില്ലറയും. എണ്ണിപ്പെറുക്കിയാൽ ഏകദേശം ഒരുരൂപാ നാൽപ്പതുപൈസ കാണും.
റെയിൽവെ ഡിവിഷണൽ ആപ്പീസിനു മുൻപിലുള്ള ഒരു പെട്ടിക്കടയിലെത്തിയപ്പോൾ ഒന്നു കയറിക്കളയാം എന്നു തോന്നി. (പടത്തിൽ ചുവന്നകളറിൽ മാർക്ക്‌ ചെയ്തയിടം)

കയ്യിൽ ലാവിഷ്‌ ആയി ചെലവാക്കാനുള്ള കാശുണ്ട്‌, ഒരു പണക്കാരനല്ലെ ഞാൻ.
കയറി, ഒരു സോഡാ സർബ്ബത്ത്‌, ഒന്നോ രണ്ടോ ഗ്യാസ്‌ മിഠായി, ഇത്തിരി കപ്പലണ്ടിമിഠായി.... ഹൊ പൊടിക്കാൻ കയ്യിൽ ജോർജ്ജ്കുട്ടി ഉണ്ടെങ്കിൽ എന്തിനു കുറയ്ക്കണം.

ബില്ലടയ്ക്കാൻ സമയമായി. ഏതാണ്ട്‌ എഴുപതു പൈസ.

അഭിമാനത്തോടെ ഞാൻ എന്റെ കയ്യിലുള്ള ഒറ്റരൂപ നോട്ട്‌ കടക്കാരനെ ഏൽപ്പിച്ചു.

എന്റെ ഹൃദയം തകർക്കുന്ന ഒരു മറുപടി വന്നു.
ഈ നോട്ട്‌ എട്ക്കില്ല.
ഡും...... എന്റെ സപ്തനാഡികളും തളർന്നു, തകർന്നു.

സോഡ സർബ്ബത്ത്‌ കുടിച്ചുകഴിഞ്ഞു.
പതുക്കെ ഞാൻ മിഠായികൾ തിരിച്ചേൽപ്പിച്ചു. (കാബൂളിവാലയിൽ ഇന്നസെന്റ്‌ പുട്ടിന്റെ പാഴ്സൽ തിരിച്ചുകൊടുക്കുന്ന രംഗം കാണുമ്പോൾ എന്റെ മനസിൽ ഈ ഓർമ്മകൾ റീപ്ലേ ചെയ്യാറുണ്ട്‌).

എന്നാലും കാര്യമില്ല, തിന്ന മിഠായികളുടേയും കുടിച്ച സർബ്ബത്തിന്റേയും വില കൊടുക്കണ്ടേ.
കയ്യിലെ ചില്ലറകൾ എണ്ണി. വീട്ടിൽ തിരിച്ചെത്താനുള്ള ഇരുപതുപൈസ മാറ്റി ബാക്കി നോക്കിയാൽ ഒരു ഇരുപത്‌-ഇരുപത്തഞ്ച്‌ പൈസ കാണും. എന്നാലും ബാക്കി???

കടക്കാരന്റെ ശബ്ദം കർക്കശമായി.
പേന ഇവിടെ വെച്ചിട്ടു പൊയ്ക്കൊ. നാളെ കാശു തന്നാൽ തിരിച്ചുതരാം.

ഒന്നാമത്‌ ഇങ്ങിനെ കടയിൽ കയറി സർബ്ബത്തും മിഠായിയും വാങ്ങി എന്ന കാര്യം തന്നെ വീട്ടിൽ പറയാൻ വയ്യ. പുതിയ ഹീറോ പേനയാണ്‌. അതെങ്ങാനും കടയിൽ പണയം വെച്ചിരിക്കുകയാണെന്ന് വീട്ടിലറിഞ്ഞാൽ അതുമതി....
ഞാൻ കരച്ചിലിന്റെ വക്കത്തായി.

എന്റെ ഭാവം കണ്ടാവണം, കുറച്ചുകഴിഞ്ഞപ്പോൾ കടക്കാരന്റെ മനസലിഞ്ഞു.
സ്വരത്തിന്റെ കാർക്കശ്യം ഒട്ടും കുറയ്ക്കാതെ അയാൾ പറഞ്ഞു.
ഇപ്പൊ പൊയ്ക്കൊ, നാളെ പൈസ കൊണ്ടുവരണം. പേന വേണ്ട.

സത്യത്തിൽ അപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌. കയ്യിലെ ചില്ലറ കടക്കാരനു കൊടുത്തു.
പിറ്റേദിവസം തന്നെ ബാക്കി (ഏതാണ്ട്‌ അൻപത്‌ പൈസ കടം) തരാം എന്ന ഉറപ്പിൽ അയാളെന്നെ വിട്ടു. (ഈ കലാപരിപാടി ഏകദേശം പത്ത്‌ മിനിറ്റ്‌ എടുത്തുകാണും, അത്രയും നേരം എന്റെ കട്ടയും പടവും അടവുകളും ഒക്കെ ഇളകിക്കിടക്കുകയായിരുന്നു)

അന്നു ഞാൻ ഒലവക്കോട്‌ വരെ നടന്നില്ല. ഡിവിഷണൽ ആപ്പീസിനുമുൻപിൽ നിന്നു അടുത്ത ബസിൽ കയറി യാത്ര തുടർന്നു.

പിറ്റേദിവസം തന്നെ ഞാൻ കണക്കുതീർത്തു. അതാണെന്റെ ആദ്യചതി.

പിറ്റേദിവസം ഞാൻ ഒലവക്കോട്ടേയ്ക്ക്‌ നടന്നില്ല.

പിന്നീടൊരിക്കലും ഞാൻ ഒലവക്കോട്ടേയ്ക്കു നടന്നിട്ടില്ല. ആ പെട്ടിക്കടക്കാരനെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടുമില്ല.

ഒന്നുകിൽ സുരേഷിൽ കയറി ഒലവക്കോട്ടേയ്ക്ക്‌, അല്ലെങ്കിൽ ആർ എം എസിൽ നേരെ ചുണ്ണാന്പുത്തറയ്ക്ക്.


അന്ന്
ആ കടക്കാരൻ കാണിച്ച സൗമനസ്യം എനിക്കു മനസിലായിരുന്നില്ല. എന്നെ വിശ്വസിച്ച്‌ അയാൾ വെറുതെ വിട്ടെങ്കിലും മനസിൽ അപ്പോഴും അയാളുടെ കർക്കശമായ സ്വരവും പേന ആവശ്യപ്പെട്ടതും ആയിരുന്നു.

അടുത്ത കൊല്ലം ഞാൻ സ്കൂൾ മാറി. ചന്ദ്രനഗറിൽ ഉള്ള ഭാരതമാതാ ബോയ്സ്‌ ഹൈസ്കൂളിലാണ്‌ എന്റെ പിന്നീടുള്ള പഠനം. അത്‌ ഈ വഴിയുടെ നേരെ എതിർ ദിശയിലുള്ളതാകയാൽ പിന്നീട്‌ ആ ഭാഗത്തേയ്ക്ക്‌ പോകേണ്ട ആവശ്യം വന്നിട്ടില്ല, അങ്ങിനെ ആ കടക്കാരന്റെ മുന്നിൽ ചെന്നുപെടേണ്ട സാഹചര്യവും വന്നില്ല.

**************************************************
പിന്നീടെപ്പോഴോ ആ വഴിയ്ക്ക്‌ പോകേണ്ട ആവശ്യം വന്നു. ബസ്‌ ഡിവിഷണൽ ഓഫീസിന്റെ മുന്നിൽ എത്തിയപ്പോൾ ഞാൻ പുറത്തേയ്ക്ക്‌ നോക്കി.

ആ പെട്ടിക്കട അവിടെനിന്നും പൊളിച്ചുമാറ്റിയിരുന്നു. അവിടെ ഒരു പലചരക്കുകട സ്ഥാനം പിടിച്ചിരിക്കുന്നു.

പിന്നീട്‌ കുറച്ചുകൂടി റെഗുലർ ആയി ഞാൻ ആ വഴിയ്ക്കു പോകുന്നത്‌ എഞ്ചിനീയറിങ്ങിന്‌ (പാലക്കാട്ടെ എൻ എസ്‌ എസ്‌ എഞ്ചിനീയറിങ്ങ്‌ കോളേജിലാണ്‌ ഞാൻ പഠിച്ചത്‌) പഠനകാലത്താണ്‌. ഇടയ്ക്കൊക്കെ ബസ്‌ കിട്ടാതെ വരുന്പോള്‍ റെയിൽവെ കോളനി വരെ നടന്ന് ബസ്‌ പിടിക്കുന്നത്‌ ഒരു പരിപാടി ആയിരുന്നു ഞങ്ങൾക്ക്‌.

ഓരോ തവണ ആ വഴി പോകുന്പോഴും ഡിവിഷണൽ ഓഫീസിനു മുന്നിൽ ബസ്‌ നിര്‍ത്തുന്പോള്‍ ഞാൻ പുറത്തേയ്ക്കു നോക്കും, പഴയ ഓർമ്മകളുമായി.

*******************************************************
ആദ്യമായി അറിഞ്ഞുകൊണ്ട്‌ ഒരാളെ പറ്റിക്കുന്ന സംഭവം ഇതാണ്‌, പ്രത്യേകിച്ചും പണമിടപാടുകളിൽ. പിന്നീടൊരിക്കലും ആരെയും പറ്റിച്ചിട്ടില്ല എന്ന് പറയില്ല, പക്ഷെ എന്റെ ചെയ്തി മറ്റൊരാൾക്ക്‌ ദോഷം മാത്രമെ ചെയ്യൂ എന്ന് ഉറപ്പുള്ള കാര്യം ഒഴിവാക്കാനാണ്‌ ഞാൻ ശ്രമിക്കാറ്‌. പൈസയുടെ കാര്യം വരുമ്പോൾ സത്യസന്ധത കാണിക്കാനും ഞാൻ ശ്രദ്ധിക്കാറുണ്ട്‌.

ഈ സംഭവം എന്റെ മനസിൽ ഇന്നും ഒരു നൊന്പരമായി അവശേഷിക്കുന്നു.

എന്റെ ആദ്യചതി.... അതൊരിക്കലും എനിക്കു മറക്കാനാവില്ല, ആദ്യപ്രേമം പോലെത്തന്നെ.

Friday, July 10, 2009

എന്റെ നല്ല കണ്ണാടി ..... (പാക്കരചരിതം രണ്ടാംഖണ്ഡം)

പാക്കരന്റെ ഇൻട്രൊഡക്ഷൻ വായിച്ചുകാണുമെന്നു പ്രതീക്ഷിക്കുന്നു.

പാക്കരന്റെ പോസ്റ്റ്‌ ബാംഗ്ലൂർ വിശേഷങ്ങളും ഇത്തിരി ചരിത്രവും ആണിനി.

ബാംഗ്ലൂർ വിട്ടതിനുശേഷം കുറച്ചുകാലം പാക്കരന്റെ വാർത്തകൾ അധികമൊന്നും കേൾക്കാനില്ലായിരുന്നു. ബോംബെ, ഡല്‍ഹി, പാലക്കാട്‌ തുടങ്ങിയ മഹാനഗരങ്ങളിൽ അവൻ മാറിമാറി യാത്രചെയ്തു, ജോലിതെണ്ടി.

അവനെ ജോലിക്കെടുത്തവർ തെണ്ടിയോ എന്നറിയില്ല.

ഇടയ്ക്കെപ്പോഴോ ശുക്രന്റെ മുൻഗണനാലിസ്റ്റിൽ അവന്റെ പേരു പരിഗണനയ്ക്കു വന്നപ്പോൾ അവൻ ബിലാത്തിയ്ക്കു വണ്ടി (സോറി വിമാനം) കയറി.

ശീമക്കൊന്നയുടെ നാട്ടിൽ കിട്ടാത്ത വില അവന്‌ ശീമയിൽ കിട്ടി. സായിപ്പുമായി കുറച്ചുകാലം ഷുൾഡ്‌ കുൾഡ്‌ അടിച്ചു അവരെ നിലംപരിശാക്കി. അവിടിനി പരിശാവാൻ സായിപ്പന്മാരൊന്നും ബാക്കിയില്ലെന്നു ഉറപ്പുവരുത്തിയതിനുശേഷം വീണ്ടും ഗോസായിമാരെ കുരിശിലാക്കാൻ അവൻ ഭാരതമാതാക്കീജെയ്‌ വിളിച്ചു.

ബിലാത്തിയിൽ നിന്നും പാക്കരൻ തിരിച്ചത്‌ ഹൈദരാബാദിലേക്കാണ്‌.

ഹൈദരാബാദും പാക്കരനും തമ്മിൽ ഒരു അഭേദ്യബന്ധം ഉണ്ട്‌. അതറിയാനായി പാക്കരന്റെ പൂർവ്വികരുടെ ചരിത്രം അറിയണം.

പരശുരാമൻ മഴുവിന്‌ ഓർഡർ കൊടുത്ത്‌ കരുവാന്റെ ആലയിൽ കുത്തിയിരിക്കുന്ന കാലം. അപ്പോൾ പാക്കരന്റെ പൂർവ്വികർ "ഏമണ്ടി ചെപ്പെണ്ടി" പറഞ്ഞു നടക്കുന്ന കാലമായിരുന്നു. ആന്ധ്രയാണോ തെലുങ്കാനയാണോ എന്നതിനു കൃത്യമായി രേഖകളില്ല.
പിന്നീട്‌ കരുവാൻ പണി തീർത്ത്‌ മഴു സെറ്റപ്പാക്കി കൊടുത്തപ്പോൾ അതിനെ വലിച്ചെറിഞ്ഞ്‌ പരശുവേട്ടൻ കേരളമുണ്ടാക്കി.
ഗാഡ്സ്‌ ആൺ കണ്ട്രി റെഡിയെന്ന് കേട്ടപ്പോൾ പാക്കരന്റെ പൂർവ്വികരിൽ ചിലർ കേരളം ലക്ഷ്യമാക്കി തെലുങ്കുനാട്ടിൽ നിന്നും യാത്രതിരിച്ചു.
നിർഭാഗ്യവശാൽ അന്ന് സർവ്വെ ഓഫ്‌ ഇൻഡ്യ രൂപപ്പെട്ടിട്ടില്ല്ലാതിരുന്നതിനാൽ ഭൂപടങ്ങൾ ഒന്നും ഇല്ലായിരുന്നു. അതിനാൽ അവർക്ക്‌ പാലക്കാടൻ ചുരം ലൊക്കേറ്റ്‌ ചെയ്യാൻ സാധിച്ചില്ല. അങ്ങിനെ അവർ തമിഴ്‌നാട്ടിൽ കുടുങ്ങിപ്പോയി, സംസാരഭാഷ തമിഴായി.
പിന്നീടെപ്പോഴോ ഒരു ഭാഗ്യവാന്റെ കയ്യിൽ ഭൂപടം എത്തിപ്പെട്ടു, പാലക്കാടൻ ചുരം കടന്ന് അവർ പാലക്കാട്‌ വരെ എത്തി. അപ്പോഴേക്കും തന്നെ മലയാളിയുടെ കൊണം മനസിലായതിനാൽ അവർ കൂടുതൽ യാത്രചെയ്ത്‌ ബുദ്ധിമുട്ടേണ്ട എന്നു തീരുമാനിച്ചു. അങ്ങിനെ പാക്കരന്റെ ഇമ്മീഡിയറ്റ്‌ ആൻസെസ്റ്റേഴ്സ്‌ പാലക്കാട്ടുകാരായി, പാക്കരനും.

ഇപ്പറഞ്ഞ ചരിത്രം ഉള്ളതിനാൽ പാക്കരന്‌ തന്റെ പൂർവ്വികരുടെ ഭാഷയായ തെലുങ്ക്‌ ഒരു വസ്തു മനസിലാവില്ല. കുട്ടിക്കാലത്ത്‌ പഠിച്ചത്‌ മലയാളം ആൻഡ്‌ തമിഴ്‌ ഒള്ളി. പൂർവ്വികർ എന്നേ ഹൈദരാബാദത്തിൽ നിന്നും കുടിയേറിയതാണല്ലൊ (സത്യം പറഞ്ഞാൽ കുടിയേറുന്നതാണത്രെ ഈ ലോകത്തെ സമസ്ത പ്രശ്നങ്ങൾക്കും കാരണം, കുടിയേറി കുടിയേറി മുഴുക്കുടിയിൽ എത്തിയാൽ പിന്നെ രക്ഷയില്ല)

തെലുങ്ക്‌ ഒരു വകയ്ക്ക്‌ മനസിലാവില്ലെങ്കിലും പാക്കരൻ ഹൈദരാബാദിൽ കുറച്ചുകാലം തന്പടിച്ചു. കൂടെ പണിയെടുക്കുന്ന ഒരു കൊച്ച്‌ ഏമണ്ടീ (മലയാളത്തിൽ എന്താഹേ എന്നു ചോദിക്കുന്നതിന്റെ ഒരു ഗുൾട്ട്‌ വകഭേദം ആണെന്നാണ്‌ എന്റെ അറിവ്‌, തെലുങ്കറിയുന്നവർ തിരുത്തണേ) എന്നു ചോദിച്ചപ്പോൾ ഏമണ്ടനല്ല ഏ ബുദ്ധിമാൻ ആണ്‌ എന്നു തിരിച്ചടിച്ചെന്നാണ്‌ സിയൈഡി റിപ്പോർട്ട്‌

കുറച്ചു കഴിഞ്ഞപ്പോൾ തന്പെല്ലാം അഴിച്ചു ബാംഗ്ലൂരിൽ വന്നു കെട്ടിപ്പൊക്കി.

ഈ കാലയളവിൽ അവനൊരിക്കൽ എന്നെ ഒരു റെഡ്ഡി ബിൽഡർക്ക്‌ പരിചയപ്പെടുത്തി. നേരത്തെ പറഞ്ഞതുപോലെ, സൗഹൃദങ്ങൾ ഉണ്ടാക്കാനും നിലനിർത്താനും അന്യാദൃശമായൊരു കഴിവുള്ള അവൻ ഓഫീസിൽ പോകുന്ന വഴി കണ്ടു പരിചയപ്പെട്ടതാണ്‌ ഈ റെഡ്ഡിയെ. ഞങ്ങളുടെ ബാഗ്ലൂരിലുള്ള ഫ്ലാറ്റ്‌ ആ പരിചയം വഴി വാങ്ങിയതാണ്‌.

കുറച്ചുകാലം മാതൃഭൂമിയിൽ നിന്നു സേവിച്ചതിനു ശേഷം അവൻ വീണ്ടും പറക്കാൻ തീരുമാനിച്ചു. ബിലാത്തിയിലെ സായിപ്പന്മാരെ എല്ലാം പരിശാക്കി കഴിഞ്ഞല്ലൊ, അതിനാൽ ഇത്തവണ അവന്റെ യാത്ര ഐക്യനാടുകളിലേക്കായിരുന്നു.

ക്രോണിക്‌ ബാച്ചിലറാവാൻ വല്യ താൽപര്യമില്ലാതിരുന്നതിനാൽ അവൻ പെണ്ണു കെട്ടി. ഇപ്പോൾ ഭാര്യയും കുഞ്ഞുമായി ഒബാമയുടെ നാട്ടിൽ അമേരിക്കൻ ജങ്ങ്ഷനിൽ ഏതെങ്കിലും പെട്ടിക്കടയിൽ നിന്നും നാരങ്ങസോഡ കുടിക്കുന്നുണ്ടാവും അവൻ. ഏതെങ്കിലും സായിപ്പിനോട്‌ "നിയ്ക്കെന്താണ്ടാ പിരാന്ത്ണ്ടാ" എന്നു ചോദിക്കുന്നുണ്ടോ ആവോ?

ഇപ്പോഴും ഇടയ്ക്കിടെ അവൻ വിളിക്കാറുണ്ട്‌. നമസ്കാരം എന്ന നീട്ടിയുള്ള തുടക്കം കേട്ടാൽ അറിയാം അടുത്ത ഇരുപതുമിനിറ്റിനു ഇനിയൊന്നും നോക്കേണ്ട എന്ന്.
പാക്കരന്റെ കഥ ഇവിടെ പൂർണ്ണമാകുന്നില്ല. ഇനിയുമൊരുപാടുകാലം ഞങ്ങൾക്കിടയിൽ സ്നേഹവുമായി അവൻ വരും. ചെറിയ ചെറിയ മണ്ടത്തരങ്ങളും തമാശകളും ജീവിതപാഠങ്ങളുമായി.
ആ നല്ല കണ്ണാടിയുടെ അടുത്ത ഇൻഡ്യൻ യാത്രയ്ക്കായി കാത്തിരിക്കാം.

Friday, July 3, 2009

എന്റെ നല്ല കണ്ണാടി .....

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നാണല്ലോ പണ്ടു വിവരമുണ്ടായിരുന്നവര് പറഞ്ഞത്. ഞാനും എന്റെ ഒരു നല്ല ചങ്ങാതിയെക്കുറിച്ച് ഇവിടെ കുറിക്കട്ടെ.

ഒരു ബാക്ക്ഗ്രൌണ്ട് പറഞ്ഞു കഥ തുടങ്ങാം.

കൃസ്തുവിനു ശേഷം ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ബാംഗ്ലൂരില്‍ കാലുകുത്തുന്നത്. കൊല്ലവര്‍ഷം വല്യ പിടിയില്ലാത്തോണ്ടു കണക്കുകൂട്ടാന്‍ വയ്യ. (ഇത്രേം വര്‍ഷം എന്ത് ചെയ്തോണ്ടിരിക്കുവാരുന്നെടാ കെഴങ്ങാ എന്ന് ചോദിക്കല്ലേ)

കഷ്ടി രണ്ടുകൊല്ലം പാലക്കാട്ട് തന്നെ ജോലി ചെയ്തു ഒരുവഴിയ്ക്കായതിനുശേഷമാണ് ഞാന്‍ ബാംഗ്ലൂരില്‍ എത്തുന്നത്‌, അതും ജോലി രാജി വെച്ച്. കന്പനിയുടെ പേര് നിങ്ങള്‍ കേട്ടുകാണും, ഇന്ന് ആ പേര് സ്വന്തം റേഷന്‍ കാര്‍ഡില്‍ അടിച്ചു കിട്ടാന്‍ പല കള്ളക്കളികളും നാട്ടാര് നടത്തുന്നുണ്ട്.

ജോലി ഇല്ലാതെ ബാംഗ്ലൂരില്‍ കുറച്ചുകാലം കറങ്ങി, അവസാനം IISc എന്ന ആ വലിയ ലോകത്ത് ഒരു പ്രോജക്റ്റ്‌ അസിസ്റ്റന്റ് ആയി പണി ഒപ്പിച്ചു. സന്പാദ്യം എന്ന് പറയാന്‍ കാര്യമായി ഒന്നുമില്ല, വല്ലതും കിട്ടിയാലല്ലേ. ലക്ഷ്മിയുമായി മുട്ടന്‍ ഒടക്ക്.

അന്നു ഞാൻ താമസിച്ചിരുന്നതു എന്റെ വല്ല്യേട്ടന്റെ കൂടെ ആയിരുന്നു. വല്ല്യേട്ടന്റെ ഭാര്യാസഹോദരൻ ആയ ദിലീപും അവിടെ തന്നെ ആയിരുന്നു താമസിച്ചിരുന്നത്‌. ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്വെയർ കന്പനിയില്‍ ഗുമസ്തപ്പണി ആയിരുന്നു അന്നു ദിലീപിന്‌. ഞാൻ ഐ ഐ എസ്‌ സിയിൽ കയറിപ്പറ്റിയപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടി യശ്വന്ത്പുര എന്ന സ്ഥലത്ത് വാടകയ്ക്കൊരു വീടെടുത്തു താമസിക്കാൻ തീരുമാനിച്ചു നേരത്തെ പറഞ്ഞതുപോലെ, ഞാനും ലക്ഷ്മിയും മുട്ടൻ ഒടക്കായിരുന്നല്ലോ, ദിലീപാണു ഞങ്ങൾക്കിടയിലെ മധ്യസ്ഥൻ. ദിലീപിനെക്കുറിച്ചും പറയേണ്ടതുണ്ട്‌. ആളു കണ്ടാൽ എന്നെപ്പോലെ അല്ല. ഞങ്ങൾ രണ്ടുപേരും യശ്വന്തപുരയിലെ ലോറൽ-ഹാർഡി ആയാണു അറിയപ്പെട്ടിരുന്നത്‌. പ്രൊഫെയിലിലെ എന്റെ പടം കണ്ടാൽ നിങ്ങൾക്ക്‌ മനസിലാവും ആരാണു ലോറൽ എന്ന്.

ആ വീടിന്റെ മുതലാളിക്ക്‌ അതേ ലെയിനിൽ രണ്ട്‌ വീടുകൾ കൂടി ഉണ്ടായിരുന്നു, ആകെ നാലും രണ്ടും ആറു മെയിൻ ചുവരുകൾ. ഒരു ദീര്‍ഘചതുരപ്പെട്ടി മൂന്നാക്കി ഭാഗിച്ചതുപോലിരിക്കും.
ആദ്യത്തെ വീട്ടിൽ ഒരു വലിയ ഫാമിലി ആണു താമസം. രണ്ടാമത്തേതിൽ ഭാര്യ, ഭർത്താവ്‌, കുഞ്ഞ്‌ എന്നിങ്ങിനെയുള്ള ചെറിയ കുടുംബം, മൂന്നാമത്തേതിൽ ഞങ്ങൾ രണ്ട്‌ അവിവാഹിതർ.

മാസവാടക അറുനൂറു രൂഭാ.... സിക്സ് ഹണ്ട്രഡ് ബക്സ് എന്ന് ഇന്നത്തെ തലമുറയിലെ മല്ലൂസ് പറയും.
വീടിനെക്കുറിച്ച്‌ ഒരു ഏകദേശധാരണ തരാം.

ഒരു മുറി, സിമന്റിട്ട തറ. ഒരു അടുക്കള, അങ്ങിനെ പറഞ്ഞറിയിക്കണം. ഒരു സ്റ്റവ്‌ വെച്ചാൽ അടുക്കളയാകും എങ്കിൽ ഇതൊരു അടുക്കള തന്നെ. വാതിൽ പ്രത്യേകമായില്ല. ഒരു കുളിമുറി. ഇതിനു വാതിലുണ്ട്‌. മുറിയുടെ മുക്കാൽ ഭാഗം ഒരു സിമന്റ്‌ തൊട്ടിയാണ്‌. അതിൽ വെള്ളം നിറച്ചു വെയ്ക്കണം. വേറെ പൈപ്പ്‌ ഒന്നും ഇല്ല. ഈ സിമന്റ്‌ തൊട്ടി കഴിഞ്ഞാൽ പിന്നെ ഒരു ബക്കറ്റ്‌ വെയ്ക്കാനുള്ള സ്ഥലം കൂടി ഈ കുളിമുറിയിൽ ഉണ്ട്‌.

ബാംഗ്ലൂരിൽ, പ്രത്യേകിച്ചും നവംബർ ഡിസംബർ മാസങ്ങളിൽ സാമാന്യം നല്ല തണുപ്പാണ്‌. അന്നത്തെ സ്റ്റാൻഡേർഡിൽ അസാമാന്യതണുപ്പ്‌. തൃശ്ശൂരിൽ ഇതിനു "ചുട്ട തണുപ്പിസ്റ്റാ" എന്നും പറയും.
നമുക്കാണെങ്കിൽ സിമന്റ്‌ തറ, സിമന്റ്‌ തൊട്ടി.... ആകെപ്പാടെ തണുപ്പ്‌ ശരീരത്തിൽ സൂചിതുളയ്കുംവിധം കയറാനുള്ള സെറ്റപ്പ്‌ മുഴുവൻ ഉണ്ട്‌. വെള്ളത്തിൽ തൊട്ടാൽ തന്നെ കുളിക്കാനുള്ള സകല മൂഡും പോയിക്കിട്ടും. "ഈശ്വരാ, ഇനിയെന്നാണാവോ ഒരു കുളി തരാവ്വാ" എന്ന് ചിന്തിച്ച ദിവസങ്ങൾ കുറവല്ല (കടപ്പാട്‌ - എന്റെ കസിൻ ശങ്കറിന്‌)
ലണ്ടൻ വിദേശത്തായിരുന്നു. (മനസ്സിലാകാത്തവർക്ക്‌ വേണ്ടി മലയാളത്തിൽ തന്നെ പറയാം - പ്രാഥമികകൃത്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യം വീടിനു പുറത്തായിരുന്നു. ഞങ്ങൾ അടക്കം രണ്ടു വീട്ടുകാർ ഈ സൗകര്യം ഉപയോഗിച്ചിരുന്നു)

ഏതാണ്ട് കാര്യങ്ങള്‍ മനസിലായല്ലോ. ഇനി വരുന്നൂ വെള്ളത്തിന്റെ കഥ.

മൂന്നു വീടുകള്‍ക്കുമായി ഒരു പൈപ്പുണ്ട്. മലയാളീകരിച്ചാല്‍ കോമന്റെ കണക്ഷന്‍. ബിഎംപി വെള്ളം അതില്‍ ഒന്നരാടം ദിവസങ്ങളില്‍ ചീറ്റും. (ചീറ്റല്‍??? അതിത്തിരി ആഡംബരം ആയോ എന്നൊരു സംശയം ഇല്ലാതില്ല. ഞങ്ങള്‍ നൂലുപോലുള്ള രൂപമാണ് അധികം കണ്ടിട്ടുള്ളത്, കാരണം പിന്നീട് പറയുന്നുണ്ട്. ഒഴുകും എന്ന് പറഞ്ഞാല്‍ മതി).

മൂന്നു വീട്ടുകാര്‍ക്കുമായി ഒരു കോമന്‍ എന്ന് പറഞ്ഞാല്‍ നിങ്ങള് വിചാരിക്കും കോമന്റെ പേരില്‍ എന്നും തമ്മില്‍തല്ലാണെന്നു. അടുത്ത രണ്ടു ദിവസത്തിനുള്ള പല്ലുതേപ്പ്‌, കുളി, പാചകം, ലണ്ടൻ തുടങ്ങിയ ആവശ്യങ്ങൾ എല്ലാം ഇപ്പറഞ്ഞ വെള്ളത്തിൽ വേണമെന്നിരിക്കെ ആ സംശയം ന്യായം തന്നെ. പക്ഷെ അങ്ങിനെയൊരു പരിപാടി അവിടെ നടന്നിട്ടേയില്ല. ഞങ്ങൾ മൂന്നു വീട്ടുകാരും അസാമാന്യമായ സ്നേഹസാഹോദര്യസമാധാനരമ്യതയാദികളോടെയാണു (ഹൊ, പറഞ്ഞു കഴിഞ്ഞപ്പോൾ എന്തൊരാശ്വാസം) ജീവിച്ചിരുന്നത്‌.

വെള്ളം വരുന്ന സമയമാണ്‌ ഏകപാര. അതിരാവിലെ മൂന്നു മൂന്നരയ്ക്കാണ്‌ വെള്ളം വരുന്നത്‌. പണ്ടുമുതൽക്കേ ഉദയസൂര്യനെ ഇലക്ഷൻ കാലത്തു പോസ്റ്ററില്‍ മാത്രം കണ്ടുശീലിച്ച ഞങ്ങൾക്ക്‌ ഇതെങ്ങിനെ നേരിടാനാവും?

സൊല്യൂഷൻ ഇപ്രകാരം
ഫാമിലി ആയി താമസിക്കുന്ന ആള്‍ക്കാര്‍ക്കാണല്ലോ വെള്ളത്തിന്റെ ഏറ്റവും കൂടുതല്‍ ആവശ്യം. അതിനാല്‍ ആദ്യം ഏറ്റവും മുന്നിലത്തെ വീട്ടില്‍ താമസിക്കുന്നവര്‍ വെള്ളം പിടിക്കും. അവരുടെ ആവശ്യം കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലെ ആള്‍ക്കാര്‍ക്കാണ് അവസരം. അത് കഴിഞ്ഞു അവര്‍ ഞങ്ങളുടെ വീടിന്റെ വാതില്‍ക്കല്‍ തട്ടി ഞങ്ങളെ വിളിച്ചുണര്‍ത്തും. ഞങ്ങള്‍ രണ്ടു ബക്കറ്റുമായി ഇറങ്ങിച്ചെന്നു വെള്ളം പിടിക്കും. വെള്ളത്തിന്റെ ഒഴുക്ക് ഒരു നൂലിന്റെ രൂപമാകാന്‍ അധികം താമസം കാണില്ല അപ്പോഴേക്കും. ഞങ്ങൾക്കു പാചകം എന്ന കലാപരിപാടി അനാവശ്യമായിരുന്നതിനാൽ അത്ര തിരക്കില്ല. പിന്നെ കുളി.... അതിന്റെ കാര്യം നേരത്തെ പറഞ്ഞതാണല്ലൊ.

ഇതിലെന്തു കഥ എന്നു മാന്യവായനക്കാർ ചിന്തിക്കാൻ വരട്ടെ. ആദ്യമേ പറഞ്ഞല്ലൊ, ഇതു വെറും ബാക്ക്ഗ്രൗണ്ട്‌.... കഥ വരുന്നേയുള്ളു.

ഇത്രയും പറഞ്ഞത്‌ വിജയഭാസ്കർ എന്ന ചരിത്രപുരുഷനെ പരിചയപ്പെടുത്താനാണ്‌. തൽക്കാലം സൗകര്യത്തിനായി നമുക്കവനെ പാക്കരൻ എന്നു വിളിക്കാം. (സൗകര്യത്തിനു എന്നു പറഞ്ഞുവെന്നേയുള്ളു, അനാദികാലം മുതൽ അവനും അവനേപ്പോലുള്ള ഭാസ്കരന്മാരും കേൾക്കുന്നതാണ്‌ പാക്കരോ എന്ന വിളി)

പാക്കരൻ എന്റെ കലാലയസുഹൃത്താണ്‌. എഞ്ചിനീയറിങ്ങിനു പഠിക്കുന്പോള്‍ ഉള്ള സഹപാഠി.

സാധാരണഗതിയിൽ വഴിയിൽ വെച്ചു കണ്ടാൽ ഓർമ്മിക്കാൻ തക്ക താരപരിവേഷമൊന്നുമില്ലാത്ത സാധാരണക്കാരൻ. ദൃഷ്ടിദോഷം കാരണം കാലം ഏല്‍പ്പിച്ച മുറിപ്പാടിന്റെ യാതന അവന്റെ മുഖത്ത് നോക്കിയാലറിയാം. (മനസിലായില്ലല്ലെ.... നല്ലൊരു കട്ടിക്കണ്ണട ഉണ്ട്‌ അവന്‌, അതിന്റെ പാട്‌ മൂക്കിൽ കാണാം)

പക്ഷെ ഒരിക്കൽ പരിചയപ്പെട്ടാൽ, സൗഹൃദമായാൽ, ഒരുവിധം ജനമൊന്നും അവനെ അത്ര പെട്ടെന്ന് മറക്കില്ല, മറക്കാൻ അവൻ അനുവദിക്കുകയുമില്ല. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ ഒരു സ്പെഷൽ സിദ്ധി ഉണ്ടായിരുന്നു അവന്‌. എനിക്കൊക്കെ മൊത്തം ജീവിതത്തിൽ അറിയാവുന്നതിൽ കൂടുതൽ കൂട്ടുകാർ അവന്‌ പാലക്കാട്ടെ മൂത്താന്തറയിൽ തന്നെ ഉണ്ട്‌.

ഭാഷ തനി പാലക്കാടനാണ്‌. അതെഴുതി ഫലിപ്പിക്കാൻ ഇത്തിരി പാടാണ്‌, ശ്രമിക്കാം എന്നേ പറയാനാവൂ. സാക്ഷാൽ ഓ വി വിജയൻ എഴുതിയിട്ടുപോലും ഒരു പാലക്കാടനല്ലാതെ ആ ഭാഷ ശരിക്കു മനസിലാക്കി രസിച്ചു വായിക്കാനാവില്ല, പിന്നല്ലേ ഞാൻ.

എഞ്ചിനീയറിങ്ങ്‌ കഴിഞ്ഞ്‌ രണ്ടുവർഷമായിട്ടും ഒരു ജോലി സന്പാദിക്കാന്‍ അവന്‌ കഴിഞ്ഞില്ല. ഒരുവർഷം പാലക്കാട്ടെ ഒരു പൊതുമേഖലാസ്ഥാപനത്തിൽ അപ്രന്റീസ്‌ ആയി ജോലി ചെയ്തതും അൽപം ഒറാക്കിൾ പരിജ്ഞാനവുമായാണ്‌ പാക്കരൻ ബാംഗ്ലൂരിലേക്ക്‌ വണ്ടികയറിയത്‌. കുറച്ചു ദിവസം ബാംഗ്ലൂരിൽ ഭാഗ്യം പരീക്ഷിക്കാം എന്ന ചിന്തയുമായാണ്‌ പാക്കരന്റെ ബാംഗ്ലൂർ ആഗമനം. സ്വാഭാവികമായും, താമസം ഞങ്ങളുടെ കൂടെ. അവിടെ അവന്‌ വേറെ ആരെയും പരിചയമില്ല. അവിടെയാകട്ടെ ഞാൻ ജോലി എന്നു പറയാൻ മാത്രമുള്ള ഒന്നും കയ്യിലില്ലാതെ ദിലീപിന്റെ സഹായത്താൽ ഒപ്പിച്ചു കൂടുന്നു. നല്ല ബെസ്റ്റ്‌ ഉരലും മദ്ദളവും.

ഈ വെള്ളം പിടിയും പാക്കരനും തമ്മിൽ എന്തു ബന്ധം? അതു പറയണമെങ്കിൽ പാക്കരന്റെ മറ്റൊരു സവിശേഷത കൂടി പറയണം.

കിടന്നാലുടനെ ഉറങ്ങാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്‌.
ഈ ഭാഗ്യം വേണ്ടുവോളം കോരിച്ചൊരിയപ്പെട്ട ഒരു അസുലഭമനുഷ്യനാണ്‌ നമ്മുടെ പാക്കരൻ. ഞാനും ദിലീപും അക്കാര്യത്തിൽ വളരെ നിർഭാഗ്യവാന്മാർ ആയിരുന്നു.

ദിവസേനയെന്നോണം നടന്നിരുന്ന ഒരു സംഭവശ്രേണി പറയാം, പാക്കരന്റെ ഉറക്കത്തിനു ഉദാഹരണമായിട്ട്‌.

കിടക്കാൻ നേരം അൽപം വായനയോ കത്തിയോ ആയി കുറച്ച്‌ സമയം ചിലവഴിക്കൽ എന്റെയും ദിലീപിന്റെയും ഒരു സ്വഭാവമാണ്‌. കിടന്നാൽ ഉറക്കം വരാൻ ഒരുപാട്‌ സമയമെടുക്കും എന്നതും ഇതിനൊരു കാരണമായിരുന്നു.

ഇടയ്ക്ക്‌ ഞങ്ങളൊന്നു വിളിക്കും.... പാക്കരാ....

അവിടുന്നു മറുപടിയും കിട്ടും... വോ വോ.... ഞാ ഒർങ്ങീട്ടില്ല......

ഒരുമിനിറ്റ്‌ കഴിഞ്ഞ്‌ ഒരു വിളി കൂടി.... പാക്കരാ....

നയൻ ഔട്ട്‌ ഓഫ്‌ ടെൻ...... മറുപടി കാണില്ല.

പരിപൂർണ്ണ ബോധത്തിൽ നിന്നും ഉറക്കത്തിലേക്ക്‌ മാറാൻ അവനു ഇത്ര സമയം മതി.
ഞങ്ങൾ അസൂയയോടെ അവനെ നോക്കും, അല്ലാതെന്തു ചെയ്യാൻ.

ഇനിയാണു വെള്ളം പിടി.

അതിരാവിലെ എഴുന്നേൽക്കുന്ന കാര്യം പറഞ്ഞല്ലൊ. അടുത്ത വീട്ടുകാർ വന്നു വാതിലിൽ തട്ടിയാണു ഞങ്ങളെ വിളിക്കാറ്‌. അതുതന്നെ നല്ലൊരു ശബ്ദത്തിലാണു തട്ടൽ.
ഞങ്ങൾ എഴുന്നേറ്റ്‌ രണ്ട്‌ ബക്കറ്റുമായി ചെന്നു പൈപ്പിനുകീഴിൽ വെച്ച്‌ വെള്ളം നിറയ്ക്കും. തിരിച്ചു വന്നു കുളിമുറിയിലെ സിമന്റ്‌ തൊട്ടിയിൽ ഒഴിക്കും. ഒരു പത്തിരുപതു ബക്കറ്റ്‌ വെള്ളം കൊണ്ടേ ടാങ്ക്‌ നിറയൂ. അതു ടാങ്ക്‌ അത്ര വലുതായതിനാലല്ല, ബക്കറ്റിന്റെ വലിപ്പം അത്രയേ ഉള്ളു എന്നതിനാലാണ്‌.

ഇതിനും അസാരം ശബ്ദമുണ്ട്‌. ബക്കറ്റിന്റെ തട്ടലും മുട്ടലും, വെള്ളം ഒഴിക്കുന്നതിന്റെ ശബ്ദം, ഇടയ്ക്കിടെ ഞങ്ങളുടെ സംസാരം.... ആകെ കോലാഹലം. ഒരുവിധം അയൽക്കാരൊക്കെ ഈ ശബ്ദം കൊണ്ടുമാത്രം ഉണരും.

നമ്മുടെ പാക്കരനു മാത്രം ഒരു കുലുക്കവുമില്ല. ആശാൻ നല്ല സുഖമായി തന്നെ തന്റെ ഉറക്കം തുടരും. ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോട്ടെ എന്നു കരുതി ഞങ്ങൾ വിളിക്കില്ല, എന്നാൽ ഉണരുന്നെങ്കിൽ ഉണർന്നോട്ടെ എന്ന ചിന്തയിൽ പരമാവധി ശബ്ദമുണ്ടാക്കുകയും ചെയ്യും.

ങ്ങേഹെ...... പാക്കരന്റെ ഉറക്കം അനുസ്യൂതം തുടരും.

രാവിലെ കിഴക്ക്‌ വെള്ള കീറി കംപ്ലീറ്റ്‌ നാശകോടാലി ആയിക്കഴിഞ്ഞാലേ പാക്കരന്റെ ഉറക്കം തീരൂ. ഞങ്ങളുടെ തത്രപ്പാടിന്റെ കാര്യം അവനറിയാം. അതിനാൽ സഹായിക്കാനായില്ലല്ലൊ എന്ന നിരാശയിൽ അവൻ പറയും.

അയ്യേ.... ഞാൻ അർഞ്ഞും കൂടി ഇല്ല. എന്താണ്ടാ... വിൾക്കാർന്നില്ലേ

ഹാവൂ... ഇത്ര ശബ്ദമുണ്ടാക്കിയിട്ടും എഴുന്നേൽക്കാത്ത പാക്കരനല്ലെ പാക്കരാ എന്ന ഒറ്റ വിളിക്ക്‌ എഴുന്നേൽക്കുന്നത്‌.... അല്ലപിന്നെ.

പാക്കരന്റെ വിശേഷങ്ങൾ ഇനിയുമുണ്ട്‌.

ഒരുദിവസം ഉച്ചയ്ക്ക്‌ ജോലിതെണ്ടൽ കഴിഞ്ഞു വന്ന പാക്കരൻ അതിഗംഭീരമായൊരു താത്വികസംശയം ചോദിച്ചു.

ഡാ... ഇന്ന് അയ്‌ ഹോട്ടൽ-ല്‌ ഊണു കഴ്ഞ്ഞപ്പളെയ്‌ ഒരു പാത്രത്തില്‌ ചുടുവെള്ളൂം നാരങ്ങേം കൊണ്ടുവെച്ചെഡാ.... അതെന്തിനാണ്ടാ???

അന്ന് ഞാനും ദിലീപും ചിരിച്ചതിനു കണക്കില്ല.

പാക്കരൻ അവന്റെ കട്ടിക്കണ്ണടയ്ക്കിടയിലൂടെ ഞങ്ങളെ കൂടുതൽ തുറിച്ചുനോക്കി. (അവൻ സാധാരണരീതിയിൽ നോക്കിയാലും തുറിച്ചുനോട്ടം ആയേ തോന്നൂ, അതിനാലാണു കൂടുതൽ തുറിച്ചുനോക്കി എന്നു പറയേണ്ടിവരുന്നത്‌)

ഒരു പൊതുവിജ്ഞാനം - ബാംഗ്ലൂരിൽ ചെറിയ ഹോട്ടലുകളിൽ പോലും ഫിംഗർബൗൾ എന്നറിയപ്പെടുന്ന "ചുടുവെള്ളൂം നാരങ്ങേം" കിട്ടും.

അന്നു തുറിച്ചു നോക്കിയ പാക്കരനെ എന്റെ വിവാഹശേഷം ആദ്യമായി കാണുന്പോള്‍ കത്തിയും മുള്ളും എങ്ങിനെയാണ്‌ ഉപയോഗിക്കേണ്ടത്‌ എന്ന് എന്നെയും എന്റെ സഹധർമ്മിണിയേയും പഠിപ്പിച്ചു എന്നത്‌ ആ നല്ല സുഹൃത്തിന്റെ പുരോഗതി എത്രയെന്ന് മനസിലാക്കാൻ നമ്മെ സഹായിക്കും.

ഏതൊരു ക്വാളിഫൈഡ്‌ മലയാളിയേയും പോലെ പാക്കരനും ബാംഗ്ലൂരിൽ എത്തിയത്‌ ഒരു ജോലി അന്വേഷിച്ചു തന്നെയായിരുന്നു. രണ്ടാഴ്ചത്തെ ബാംഗ്ലൂർ വാസം അവന്റെ ശുഭപ്രതീക്ഷകളെ തല്ലിക്കെടുത്തിയോ എന്നറിയില്ല.
ഏതായാലും അധികം വൈകാതെ അവൻ ബാംഗ്ലൂരിലെ തെണ്ടൽ അവസാനിപ്പിച്ച്‌ ബോംബേയ്ക്ക്‌ വണ്ടികയറി.

ആകസ്മികമാവാം, ഞങ്ങൾ ആ വീട്ടിൽ നിന്നും മാറി മറ്റൊരു വീട്ടിലേക്കു താമസം മാറ്റുന്ന ദിവസം തന്നെയായിരുന്നു അവൻ ബാംഗ്ലൂർ വിടാൻ തീരുമാനിച്ചത്‌.

ബാംഗ്ലൂർ വിടുന്പോള്‍ അവന്റെ പേഴ്സ്‌ സമകാലീനമായിരുന്നു, എന്നു വെച്ചാൽ കാലിയായതിനു സമമായിരുന്നു. കയ്യിൽ കാര്യമായി കാശൊന്നും നീക്കിയിരിപ്പില്ലായിരുന്നു അവന്‌. ഞാൻ എന്റെ കയ്യിലുള്ള 500 രൂപ അവനു കൊടുത്തു.

(വർഷങ്ങൾക്കു ശേഷം അവൻ ഒരിക്കൽ വീട്ടിൽ വന്നപ്പോൾ എന്നോട്‌ ചോദിച്ചു
എടാ.... നിന്റേല്‌ ഒരു പത്തുർപ്പ്യ ണ്ടോ
ഞാൻ ഒരു പത്തുരൂപ അവനു കൊടുത്തു.
തിരിച്ചവൻ 500 രൂപ എന്റെ കയ്യിൽ തന്നിട്ടു പറഞ്ഞു
ദൊരു വെറും കടം വീട്ടൽ ആയി കാണാണ്ടിരിക്കാനാ ഞാൻ നിന്റേന്ന് പത്തുർപ്പ്യ വാങ്ങീത്‌)

********************************************************************
ഇതുവരെ സമൂഹത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ പാടുപെടുന്ന ഒരു പാവത്തിനേയാണ്‌ നാം കണ്ടത്‌.

പാക്കരന്റെ ബാക്കി കഥയുമായി വീണ്ടും വരാം,

അപ്പോ.... പണ്ടു എംജിയാറു പറഞ്ഞതുപോലെ

വീണ്ടും സന്തിക്കും വരൈ..... വണക്കം.

ലാലേട്ടൻ പറഞ്ഞതുപോലെ

ഗോ ടു യുവർ ക്ലാസസ്‌

Tuesday, June 9, 2009

കാല്‍വിന്‍ അഥവാ ശ്രീഹരി ഒപ്പിച്ച പാര

സുഹൃത്തുക്കളെ....

മുഴുവിന്‍ (formerly കാല്‍വിന്‍) എന്ന ചീള് പയ്യന്‍ സിനിമാക്കാരന്‍ ആസ്ത്രേലിയന്‍ ടീമിന്റെ പരാജയത്തിനു ശേഷം പുറത്തുവിട്ട രഹസ്യ വീഡിയോ തിരക്കഥയ്ക്കു ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ പോണ്ടഡ് (formerly പോണ്ടിംഗ്) നല്‍കിയ മറുപടി.

ടീമിലെ പ്രമുഖ ഫാസ്റ്റ്‌ ബൌളറായ ഇഡ്ലിയും ടീമില്‍ വലിയ താല്‍പര്യമില്ലാതെ മീന്‍ പിടിക്കാന്‍ പോയ സായിമണ്ടനും തമ്മില്‍ നടന്നു എന്ന് പറയപ്പെടുന്ന ഫോണ്‍ സംസാരം ആണത്രേ ഈ വീഡിയോയില്‍.

മറുപടിയുടെ ചെറിയൊരു ഭാഗം മാത്രമേ അവിടെ പ്രതികരണത്തില്‍ കാണാനുള്ളൂ, ആരോ എഡിറ്റ്‌ ചെയ്തു വെടിപ്പാക്കിയിട്ടുണ്ട്. സത്യം എല്ലാവരും അറിയാന്‍ വേണ്ടി ഞങ്ങള്‍ അത് ഇവിടെ ഇടുന്നു.
എല്ലാ പത്രപ്രവര്‍ത്തകരെയും വിളിച്ചറിയിച്ചു ഈ കത്തിന് പരമാവധി പബ്ലിസിറ്റി കൊടുക്കാന്‍ നാട്ടുകാരോടു അപേക്ഷ.

മുഴുവിന്‍-ന്റെ ആസ്ത്രവിരോധത്തിനും കിരാതനടപടിക്കുമെതിരെ പ്രതിഷേധിക്കുവാനും ഞങ്ങള്‍ അപേക്ഷിക്കുന്നു.

സിനിമാക്കാരന്റെ ശ്രദ്ധക്ക്‌......

ഇന്നലെ ഇംഗ്ലണ്ടില്‍ തെണ്ടി-തെണ്ടി നടക്കുന്ന ലോകകപ്പില്‍ ശ്രീലങ്കയോട് തോറ്റു തുന്നംപാടി നില്‍ക്കുന്പോള്‍ താങ്കള്‍ സായിമണ്ടന്റെ വീട്ടില്‍ രഹസ്യക്യാമറ വെച്ച് പടം പിടിച്ചു എന്നും അതൊരു സിനിമയാക്കി ഇറക്കാനുള്ള ശ്രമമാണെന്നും താങ്കളുടെ വെബ്സൈറ്റില്‍ നിന്നും അറിഞ്ഞു. ഞങ്ങളുടെ ടീമിനെക്കുറിച്ച്‌ താങ്കള്‍ക്കു ഒരു ചുക്കും അറിയാത്തതിനാലാണ് താങ്കള്‍ അത്തരത്തില്‍ ഒരു നീച പ്രവൃത്തി ചെയ്യുന്നത്. സായിമണ്ടനും ഇഡ്ലിയും കോഡുഭാഷയിലാണ് സംസാരിച്ചത്‌ എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും തെളിഞ്ഞില്ലേ നിങ്ങള്‍ സിനിമാക്കാര്‍ക്ക്‌?

ഞങ്ങള്‍ അനര്‍ഗ്ഗളനിര്‍ഗ്ഗളം റണ്ണുകള്‍ പ്രവഹിപ്പിക്കാന്‍ കഴിവുള്ള ഒരു ടീമാണെന്ന് താങ്കള്‍ മനസിലാക്കുന്നത്‌ നന്ന്. പണ്ടു ബാറ്റ്‌ ചെയ്യുന്പോഴായിരുന്നു റണ്ണുകള്‍ വന്നിരുന്നത്, ഇപ്പോള്‍ ഞങ്ങള്‍ ബൌള്‍ ചെയ്യുന്പോഴാണ്, അത്രയുമേ ഇവിടെ സംഭവിക്കുന്നുള്ളൂ. എന്തായാലും പ്രവഹിക്കുന്നുണ്ടല്ലൊ, പിന്നെന്താണ് താങ്കള്‍ക്കു പ്രശ്നം?
എന്ന് വെച്ച് ഞങ്ങളുടെ കാലം കഴിഞ്ഞു എന്ന് ചിന്തിക്കരുത്. മേലാല്‍ ഇജ്ജാതി പടങ്ങള്‍ എടുക്കരുത്, ഞങ്ങളും കരയും..... ങ്ഹാ.....

തെണ്ടി-തെണ്ടി നടക്കുന്ന ഈ ലോകകപ്പില്‍ ആദ്യകളിയില്‍ ക്രോസ് പൈലി കാരണമാണ് ഞങ്ങള്‍ തോറ്റതു. വൃത്തികെട്ടവന്‍, ഇങ്ങിനെയും ആസ്ത്രേലിയാ വിരോധമോ? നന്നായി ബൌള്‍ ചെയ്തില്ലെന്ന് വെച്ച് ഇങ്ങിനെ അടിക്കാന്‍ പാടുമോ?

രണ്ടാമത്തെ കളിയില്‍ ഞങ്ങള്‍ മോശമായി എന്ന് അര്‍ത്ഥം വരുന്ന രീതിയിലാണ് താങ്കള്‍ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. അതെന്താ ഇതെന്താ പാന്റീസും അവന്റെ മൂത്തവന്‍ ബെര്‍ളിത്തരനും ഞങ്ങളെ വട്ടം കറക്കി എന്നത് ശരി തന്നെ. കുമാരന്റെ സംഘത്തലവനും തിലകനും ഞങ്ങക്കിട്ടു പണിഞ്ഞു എന്നതും ശരി തന്നെ. എന്നാലും ഞങ്ങള് നന്നായി കളിച്ചില്ലേ? പന്ത് പിടിക്കാന്‍ ഞങ്ങള്‍ എത്ര ഓടി. അതെന്താ ആരും കാണാത്തത്?

ഞാന്‍ ക്യാപ്റ്റന്‍ ആയതിനു ശേഷം എന്തെങ്കിലും പ്രശ്നം ടീമിന് ഉണ്ടായിട്ടുണ്ടോ? ഇന്ത്യ, ഇംഗ്ലണ്ട്, സൌത്ത് ആഫ്രിക്ക, ശ്രീലങ്ക, പാക്കിസ്ഥാന്‍, ന്യൂസിലാന്റ്, വെസ്റ്റിഡീസ്, ബംഗ്ലാദേശ്‌ എന്നീ ടീമുകളോടല്ലാതെ വേറെ ഏതെങ്കിലും ടീമിനോട് ഞങ്ങള്‍ തോറ്റിട്ടുണ്ടോ?

ഞങ്ങള്‍ കളിയില്‍ ചതിച്ചു എന്ന് പണ്ടു അനില്‍ വെള്ളരിക്കേ പറഞ്ഞു. അതെന്തു ന്യായം. പന്ത് നിലത്തു മുട്ടിയാല്‍ പിടിച്ചില്ല എന്നാവുമോ? പാഡില്‍ കൊണ്ടാല്‍ എല്‍ബിഡബ്ലിയു എന്നതാണ് ഞങ്ങളുടെ നാട്ടിലെ നിയമം. ഏതു രാജ്യത്ത് ചെന്നാലും ആ രാജ്യത്തെ നിയമം അനുസരിക്കണം, അത് കളിക്കാരായാലും അന്പയറായാലും വന്‍പയറായാലും കുന്പളമായാലും.

സൌത്ത് ആഫ്രിക്കയോടു തോറ്റതു ജമിനി സര്‍ക്കസില്‍ നിന്നും വന്ന ഒരു പയ്യന്‍ ഗ്രൗണ്ടില്‍ സര്‍ക്കസ്‌ കളിച്ചതിനാലാണ്, അല്ലാതെ ഞങ്ങളുടെ ടീമിന് കുഴപ്പമുണ്ടായിട്ടല്ല.

ഞങ്ങള് ഗ്രൗണ്ടില്‍ വെച്ച് കളിക്കാരെ തെറി വിളിക്കും എന്നൊരു ആരോപണം ഉണ്ടത്രേ. ഞങ്ങള് മാത്രമാണോ സാര്‍ തെറിവിളിക്കുന്നത്? ഗുര്‍ബച്ചന്‍ സായിമണ്ടനെ വീട്ടുപേര് വിളിച്ചില്ലേ? അത് ആരും കാണാത്തതെന്താ?

പിന്നെ നിങ്ങളുടെ നാട്ടില്‍ ഒരുത്തന്‍ വന്നു കാശ് കൊടുക്കാതെ നൂറടിച്ചാല്‍ ഷാപ്പുകാരന്‍ എന്ത് പറയും? അത് മാത്രമേ ഞങ്ങള്‍ കൊച്ചിനോടും ഭരതനോടും പറഞ്ഞിട്ടുള്ളൂ. അതിനെ സ്ലെഡ്ജിംഗ് എന്നൊക്കെ പറയുന്നത് അതിക്രമമല്ലെ.

കഴിഞ്ഞത് കഴിഞ്ഞു. നമ്മള്‍ തമ്മില്‍ വിരോധം എന്തിനാ? ഞങ്ങളെക്കുറിച്ച്‌ താങ്കള്‍ക്കു ശരിയായൊരു ധാരണ തരാം.

മത്തായി വൈക്കൊല്‍ഗുഹയും ആദാമന്‍ ഗില്‍പിശാചും ഷെയിം പോര്‍ണും ഗ്ലാനി മകരന്തവുമൊക്കെ പോയി, എന്നുവെച്ചു ഞങ്ങള്‍ക്ക് ശക്തി ക്ഷയിച്ചിട്ടൊന്നുമില്ല.
സൈക്കിള്‍ പ്യൂണ്‍ ബാറ്റു ചെയ്യാനും താങ്കള്‍ ജെറ്റ്ലീ എന്ന് വിളിച്ച ഇഡ്ലി ഒന്ന് ബൌള്‍ ചെയ്യാനും പഠിച്ചോട്ടെ, അപ്പോള്‍ കാണാം കളി (ഇനിയെന്നാണാവോ).

മിഖായേല്‍ കുശി, ദാവീദ്‌ കുശി, ഷെയിം എന്തുമകന്‍ തുടങ്ങിയവര്‍ പുസ്തകം വായിച്ചും ഇന്റര്‍നെറ്റില്‍ കളിച്ചും കളി പഠിച്ചു കഴിഞ്ഞു, ഇനി ഗ്രൗണ്ടില്‍ ഇറങ്ങി പരിശീലിച്ചാല്‍ മാത്രം മതി. സായിമണ്ടന്‍ പുഴക്കരയിലും ഞാന്‍ നല്ലയിനം പബ്ബിലും നന്നായി കളിക്കുന്നുണ്ട്, അതിനാല്‍ ഇനി കൂടുതല്‍ കളി പഠിക്കേണ്ടതില്ല.

എല്ലാം ശരിയായാല്‍ ഞങ്ങളും മുന്‍പറഞ്ഞ കിഴവന്മാരില്ലാതെ തന്നെ ലോകകപ്പ്‌ നേടും.

ഞങ്ങള്‍ സിംഹങ്ങളാണ്...... ഗര്‍ര്‍ര്‍ (കേട്ടില്ലേ അലര്‍ച്ച)

സ്വന്തം,

പോണ്ടഡ് (പോണ്ടിങ്ങിന്റെ ഭാവി)

ഒപ്പ്‌

PS: ഞങ്ങള് മീന്‍പിടിക്കാനൊന്നും പോകുന്നില്ല. ഇവിടെ ചാരപ്പണിയും കഴിഞ്ഞു ആറ് ടെസ്റ്റ്‌ കളിച്ചു നശിച്ചു നാറാണക്കോലെടുത്ത് പണ്ടാറടങ്ങിയതിനു ശേഷമേ ശീമ വിടൂ. അല്ല പിന്നെ....

Friday, June 5, 2009

എന്റെ ഏകാന്തത (രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം മൂന്ന്)

ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചില്ലേ....
ഇനി മൂന്നാം ഭാഗം. തിരശീല വീഴാന്‍ സമയമായി.

എന്റെ ചില എകാന്തകിറുക്കുകള്‍ ആണിവിടെ.

ഏകാന്തത എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യമായിരുന്നു, കല്യാണം കഴിയുന്നതുവരെ.... (കിടക്കട്ടെ ഭാര്യയ്ക്കും ഒരു സോപ്പ്‌). കുറെ സ്വപ്നം കാണാനും അത്യാവശ്യം ചില കിറുക്കുകള്‍ നടപ്പിലാക്കാനും ഏകാന്തത എന്നെ സഹായിച്ചിട്ടുണ്ട്. അന്നൊക്കെ ഒരു introvert ആയിരുന്നു എന്നതും എന്റെ എകാന്തതയ്ക്കൊരു കാരണമായിരുന്നു. കൂട്ടുകാര്‍ ഇല്ലെന്നല്ല, പക്ഷെ ഒഴിവുസമയങ്ങള്‍ ഒറ്റയ്ക്കായും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്.

എന്റെ കുട്ടിവായന

ഒരുപാടു റേഞ്ച് അവകാശപ്പെടാനാവില്ലെങ്കിലും കുട്ടിക്കാലത്ത് ഞാന്‍ നന്നായി വായിക്കുമായിരുന്നു. ബാലരമ, പൂന്പാറ്റ, അന്പിളി അമ്മാവന്‍ എന്നീ ദ്വൈവാരികകള്‍ വീട്ടില്‍ വരുത്തിയിരുന്നു. ബാലമംഗളവും ഡിങ്കനുമൊക്കെ അന്നില്ലായിരുന്നു. പിന്നീട് വായന ഒന്നുകൂടി വികസിച്ചത് അമര്‍ ചിത്രകഥ (ഇംഗ്ലീഷ്‌, പിന്നീടത്‌ ബാലരമ അമര്‍ചിത്രകഥ എന്നാ പേരില്‍ മലയാളത്തിലും ലഭ്യമായിരുന്നു എന്ന് തോന്നുന്നു) ഇറങ്ങിയപ്പോഴാണ്. എല്ലാ മാസവും പലചരക്ക് വാങ്ങാന്‍ ഇറങ്ങുന്ന കൂട്ടത്തില്‍ ഒരു ട്രിപ്പ്‌ പാലക്കാട്ടെ ശാന്താ ബുക്ക്‌ ഡിപ്പോയിലേക്കും. ഒരെണ്ണം വിടാതെ എല്ലാ പതിപ്പുകളും വാങ്ങിക്കൂട്ടിയിരുന്നു. ഇത് കുറേക്കാലം തുടര്‍ന്നു, ഒരു ലൈബ്രറി തുടങ്ങാന്‍മാത്രം പുസ്തകങ്ങള്‍ എന്റെ വീട്ടില്‍ ഉണ്ടായിരുന്നു.

വിശ്വസാഹിത്യമാല എന്നൊരു സീരീസ്‌ (പ്രസാധകര്‍ ആരെന്നോര്‍മയില്ല) ഇറങ്ങിയതോടെ ആണ് ചില ലോകോത്തര ക്ലാസിക്കുകള്‍ ഞാന്‍ വായിക്കുന്നത്. സംക്ഷിപ്തരൂപത്തില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട ആ ക്ലാസിക്കുകള്‍ എന്നെ ഒരുപാടു ആകര്‍ഷിച്ചവ ആയിരുന്നു. നോത്രദാമിലെ കൂനന്‍ ആയിരുന്നു ആ സീരീസിലെ ആദ്യ പുസ്തകം. ശാന്താ ബുക്ക്‌ ഡിപ്പോയിലേക്ക് ഉള്ള യാത്രയില്‍ വാങ്ങേണ്ട ബുക്കുകളുടെ എണ്ണം കൂടി.കുറെ പുരാണകഥകള്‍ അടങ്ങിയ ഒരു സെറ്റ് പുസ്തകങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു, അവയുടെ പേരോ പ്രസാധകരുടെ പേരോ ഒന്നും ഓര്‍മയില്ല.

പറഞ്ഞുവന്നത് വായനയെക്കുറിച്ചാണല്ലോ. വായിക്കുന്പോള്‍ ഞാന്‍ വളരെ സീരിയസ്‌ ആയി വായിക്കുമായിരുന്നു. ആ സമയത്ത് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറേ ഇല്ലായിരുന്നു. ഒരിക്കല്‍ (വടക്കന്തറ വേല സമയത്ത്) വീട്ടിനരികിലൂടെ ഒരു ആന പോകുന്നുണ്ടായിരുന്നു. ആ ചുറ്റുവട്ടത്തുള്ളവരെല്ലാം ആനയെ കാണാന്‍ വീട്ടിനു പുറത്തേക്കിറങ്ങി, ഒരാളൊഴിച്ച്. അത് അപ്പൂട്ടന്‍ മാത്രമായിരുന്നു. ആശാന്‍ ഏതോ പുസ്തകത്തില്‍ മുഴുകി ഇരുപ്പായിരുന്നു. വേണമെങ്കില്‍ ആന ഇങ്ങോട്ട് വന്നു എന്നെ കണ്ടു പൊയ്ക്കോട്ടേ എന്ന ഭാവത്തില്‍ അകത്തു തന്നെ ഇരുപ്പ്.

അത്തരം മോഹങ്ങള്‍ ആനയ്ക്കും ഉണ്ടായിരുന്നോ എന്നറിയില്ല, ഏതായാലും അപ്പൂട്ടനെ കാണണം എന്ന് ആന വാശി പിടിക്കാതിരുന്നതിനാല്‍ ഞങ്ങളുടെ വീടും വാതിലുകളുമൊക്കെ യഥാസ്ഥാനത്തു തന്നെ അവശേഷിച്ചു.

ഇനി ചില കഥകളിലേക്ക്....

മഹര്‍ഷി അപ്പൂട്ടന്‍.....

പുരാണ കഥകള്‍ ധാരാളം വായിച്ചുകൂട്ടിയിരുന്നു എന്ന് പറഞ്ഞല്ലോ. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി തപസ്സായിരുന്നു.

തപസ്സ്‌ എന്ന സ്പോണ്‍സരന്മാരില്ലാത്ത പരിപാടി എന്തെന്നറിയാത്തവരുടെ വിജ്ഞാനകോശത്തിനായി....

ഓരോ ടീംസ്‌ വെറുതെ ഇരിക്കുന്പോള്‍ അങ്ങ് തപസ്സു ചെയ്യും, ഇഷ്ടദൈവത്തിനെ. ചമ്രം പടിഞ്ഞോ യോഗാ പോസ്ചറിലോ ഒറ്റക്കാലിലോ ഇരുന്നോ കിടന്നോ മറിഞ്ഞോ എങ്ങിനെ വേണമെങ്കിലും കാര്യം നടത്താം, ഒന്ന് മാത്രം ശ്രദ്ധിച്ചാല്‍ മതി, വരാന്‍ സാധ്യതയുള്ള ദൈവത്തിനെ ആദ്യമേ അങ്ങ് ബുക്ക്‌മാര്‍ക്ക്‌ ചെയ്തിരിക്കണം. ഒരു സെറ്റപ്പില് എത്തിക്കഴിഞ്ഞാല്‍ പിന്നെ ആ ദൈവത്തിനെ വിളിയോടുവിളി. അത്രേ ഉള്ളു...... കാര്യം നിസ്സാരം.

ദൈവം ആദ്യം ഇത്തരം മെയിലുകള്‍ എല്ലാം ഇഗ്നോര്‍ ചെയ്യും. അവസാനം മെയില്‍ ബോക്സ്‌ ഫുള്ളായെന്നു സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ വിളിച്ചു പറഞ്ഞാല്‍ ഇതെന്തു പണ്ടാറം എന്ന് പറഞ്ഞു ഗത്യന്തരമില്ലാതെ പുള്ളി ഫീല്‍ഡിലിറങ്ങും. "വത്സാ, തപസ്സേട്ടേയ് (പാലക്കാടന്‍ സ്റ്റൈലില്‍ അങ്ങിനെയും വിളിക്കാം)............ നിന്നില്‍ നാം പ്രസന്നനും ശിവനും (മഞ്ജുളചേച്ചിയുടെ മക്കളുടെ പേരാണ്) ഒക്കെ ആയിരിക്കുന്നു" എന്ന് പറഞ്ഞു തപസ്സന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും. (ബെസ്റ്റ്....നുണ പറയാന്‍ ഈ ദൈവങ്ങളെ കഴിഞ്ഞേ വേറെ ആളുള്ളൂ. പൊറുതിമുട്ടി വന്നതാണെങ്കിലും അന്നെ ഞമ്മക്ക്‌ പെരുത്തിഷ്ടായീ എന്നേ പറയൂ)

ദൈവം പ്രത്യക്ഷപ്പെട്ടാല്‍ തപസ്സേട്ട തന്റെ ഡിമാന്റ്സ് അങ്ങ് വെക്കും, ഒരുമാതിരി യൂണിയന്‍ നേതാക്കളുടെ മട്ടില്‍.
ദൈവം "ലത് വ്യാണോഡേയ്.... ആകെ കലിപ്പാകുവല്ല്" എന്ന് പറഞ്ഞു കയ്ചിലാവാന്‍ നോക്കിയേക്കും, വിടരുത്........
"പിന്നെന്തരിനു വന്നഡേയ്" എന്നൊരു ചോദ്യം തിരിച്ചും എറിഞ്ഞാല്‍ മതി. ദൈവം വീണോളും. അപ്പൊ ചോയ്ച്ച വരം ഗംപ്ലീറ്റ്‌ തരും.

ചില വിരുതന്മാരുണ്ട്, കുനിഷ്ടു പിടിച്ച വരമേ ചോദിക്കൂ എന്ന് ദൈവത്തിനു ഉറപ്പുള്ള ടീംസ്‌.

അവന്മാര് ചുമ്മാ തപസു ചെയ്താലൊന്നും ദൈവം പ്രത്യക്ഷപ്പെടില്ല. എന്നിട്ടെന്താ കാര്യം, ഇത്തരം ടീംസ്‌ ദൈവത്തിനെ വെറുതെ വിടുമോ. കുറച്ചധികം നേരം തപസ്സു ചെയ്യും, എന്നിട്ടും വന്നില്ലെങ്കില്‍ അവസാനം ആത്മഹത്യ എന്ന ഭീഷണി മുഴക്കും. സ്വയം കഴുത്തില്‍ വാള് വെയ്ക്കും (തെറ്റിദ്ധരിക്കല്ലെ, വാള്‍ കഴുത്തില്‍ വെയ്ക്കും എന്നെ ഉദ്ദേശ്യമുള്ളു).

അപ്പൊ ദൈവം വരും. ഇനി ആത്മഹത്യക്കുറിപ്പെങ്ങാന്‍ എഴുതിവെച്ചാല്‍ കുറ്റം ദൈവത്തിന്റെ പിടലിക്കിരിക്കും. പിന്നെ കേസ്, കോടതി, ഇണ്ടാസ്‌, യുവര്‍ ഓണര്‍, ഓഡര്‍ ഓഡര്‍.... അമ്മോ.... ദൈവത്തിന്റെ ചെരുപ്പ് തേയും വക്കീലാപ്പീസില്‍ കയറിയിറങ്ങി. ദൈവത്തിനു പോലും നമ്മുടെ വക്കീലന്മാരെ പേടിയാ.

ആലോചിച്ചപ്പോള്‍ എനിക്കും തോന്നി ഇത് കൊള്ളാമല്ലോ എന്ന്. ഇത്തിരി തപസ്സു ചെയ്‌താല്‍, ദൈവമെങ്ങാന്‍ പ്രത്യക്ഷപ്പെട്ടാല്‍..... ഹാവൂ, പിന്നെ .........

ഞാനും തുടങ്ങി ഒരു തപസ്സ്‌. എന്താണ് വരം ചോദിക്കേണ്ടത്‌ എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നോ എന്ന് ഓര്‍മയില്ല. പരീക്ഷയില്‍ മുഴുവന്‍ അന്‍പതില്‍ അന്‍പതു എന്നോ മറ്റോ ആയിരിക്കണം.

ഏതായാലും ഗംഭീരമായി തന്നെ കട്ടിലില്‍ ഇരുന്നു തപസ്സു ചെയ്തു.
(സ്ഥലത്തിനു പേര് പാല"ക്കാട്" എന്നാണെങ്കിലും കാടു ഞാന്‍ കണ്ടിട്ടില്ല. വല്ല സൈലന്റ് വാലിയിലും പോകാമെന്ന് വെച്ചാല്‍ കയ്യില്‍ റെഡികാഷില്ല. അതിനാല്‍ കാട്ടില്‍ പോയി തപസ്സു ചെയ്യാനൊന്നും വയ്യ. പിന്നെന്തു ചെയ്യും? ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യുക, അത്ര തന്നെ. ദൈവത്തിനു അറിയുമായിരിക്കും എന്റെ ലിമിറ്റേഷന്‍സ്)

ഏതാണ്ട് പതിനഞ്ചു സെക്കന്റ് കഠിനതപസ്സ് അനുഷ്ഠിച്ചു കാണും. മന്ത്രമൊന്നും അറിയില്ല, ഓം....നമശ്ശിവായ എന്നോ മറ്റോ ജപിച്ചുകാണും. (അല്ലെങ്കിലും ശിവന്‍ ആണല്ലോ അപകടം പിടിച്ച വരം കൊടുക്കുന്നതിന്റെ ആശാന്‍. പുള്ളിക്ക് വരം എന്ന് കേട്ടാല്‍ പിന്നെ മുന്‍-പിന്‍ നോട്ടമൊന്നുമില്ല, അങ്ങ് കൊടുത്തുകളയും)

ദൈവത്തിന്റെ വരവിന്റെ ലക്ഷണം ഒന്നും കാണുന്നില്ല.

ഒരുപക്ഷെ തപസ്സിന്റെ രീതി ശരിയല്ലാത്തതിനാലാവുമോ? കഠിനം പോരേ.... ഘോരം വേണോ? ഓ.... ആയിക്കളയാം. നമ്മടേലാണോ ടെക്നിക്കില്ലാത്തത്?

അടുത്ത പടി.... ഒറ്റക്കാലില് നിന്ന് തപസ്സ്‌. ഘോരഘോരന്‍ തന്നെ. ഇതില്‍ ദൈവം വന്നില്ലെങ്കില്‍ എന്നെ ദാ.... ഇങ്ങിനെ വിളിച്ചോ.

ഏതാണ്ട് എട്ടു സെക്കന്റ്. ബാലന്‍സ്‌ ശരിയാവാഞ്ഞതിനാല്‍ ആ പരിപാടി നമ്മുക്ക് പറ്റിയതല്ലെന്നു മനസിലാക്കി. അപ്പൊ ഘോരന്‍ വേണ്ട, കഠിനന്‍ മതി.
കഠിനത്തിനു റിസല്‍റ്റ്‌ ഇല്ലാ....... സോ വാട്ട്..... ടെക്നിക്കുകള്‍ ഇനിയും കിടക്ക്വല്ലേ....

ഇനിയാണ് ഫൈനല്‍ ശ്രമം.

റെഡിയാക്കി വെച്ചിരുന്ന പിശ്ശാങ്കത്തി എടുത്തു കയ്യില്‍ പിടിച്ചു.

വരുമോ.......നീ വരുമോ.....
ഇല്ല, ആള്‍ പ്രസാദിച്ചിട്ടില്ല.

കത്തി ഒന്നുകൂടി കഴുത്തിനടുത്തേക്ക് നീങ്ങി. ഇടയ്ക്കൊന്നു ഇടങ്കണ്ണിട്ടു നോക്കി.... വരുന്നുണ്ടോ?
നഹീ നഹീ....

ഇപ്പോള്‍ കത്തി കഴുത്തിന്‌ വളരെ അടുത്താണ്..... ദൈവമേ.... മര്യാദയ്ക്ക് വന്നോ... ഇല്ലെങ്കില്‍.....
ഇല്ല. ദൈവം എന്നെ തിരിഞ്ഞു നോക്കുന്നതേ ഇല്ല.

കത്തി കഴുത്തില്‍ മുട്ടിച്ചു...... ബ്ലഡി ബാസ്കറ്റ്ബാള്‍ വന്നില്ലേ വെവരറിയും.....
യെവടെ..... ദൈവവുമില്ല ഒരു ...... ഇല്ല.

പിശ്ശാങ്കത്തി തട്ടി മുറിഞ്ഞാല്‍ ഉള്ള വേദന ഓര്‍ത്തപ്പോള്‍ വെട്ടാതിരിക്കുന്നതാണ് ബുദ്ധി എന്ന് തോന്നി, വെട്ടിയില്ല.

എന്റെ തപസ്സു അവിടെ അവസാനിച്ചു !!!!!!!!!!!!!!
അതോടെ ദൈവവുമായുള്ള എന്റെ കൂട്ട് ഞാന്‍ വെട്ടി. ഇനിയെങ്ങാന്‍ ദൈവം വന്നാല്‍ തന്നെ പുള്ളിയെ ഓടിച്ചുവിടാനും ഞാന്‍ തീരുമാനിച്ചു, ങാഹ, അത്രയ്ക്ക് അഹങ്കാരമോ..... വിളിച്ചാ വന്നൂടെ?

പിന്നീടെപ്പോഴോ അഗ്നിയ്ക്ക് നടുവില്‍ നിന്ന് തപസ്സുചെയ്ത ഒരു ഗഡിയുടെ കഥ വായിച്ചു. അപ്പോഴാണ്‌ മനസിലായത് what I was missing എന്നത്.

അന്ന് കത്തി പൊക്കിയ നേരം വീടിനു തീയിട്ടു തപസ്സു ചെയ്തിരുന്നെങ്കില്‍ എനിക്ക് പിന്നെ പരീക്ഷയുടെ കാര്യം ഓര്‍ക്കേണ്ട ആവശ്യമേ വരില്ലായിരുന്നു(തെറ്റിദ്ധരിക്കല്ലെ..... എല്ലാ പരീക്ഷയ്ക്കും റാങ്ക് കിട്ടും എന്നാ ഉദ്ദേശിച്ചത്, അല്ലാതെ....... അയ്യേ.... നിങ്ങളെന്താ മനസിലാക്കീത്?) .

കഷ്ടം.... ഈ കഥ അന്ന് വായിക്കാന്‍ പറ്റിയില്ലല്ലൊ......

ഭൂലോകത്തിന്റെ സ്പന്ദനം അഥവാ എന്റെയൊരു ഭ്രാന്ത്‌.

അരിതമെറ്റിക് (Arithmetic) എനിക്ക് വലിയ ഇഷ്ടമായിരുന്നു. ചില്ലറ നന്പറുകള്‍ ഇന്നും ഇഷ്ടമാണ്, പക്ഷെ ഒരുകാലത്ത് നന്പരുകളുടെ നന്‍പന്‍ ആയിരുന്നു ഞാന്‍.

ഒരു ചെറിയ കണക്കുകഥയില്‍ നിന്നാണ് ഈ കഥയുടെ തുടക്കം. നിങ്ങളില്‍ പലരും ഈ കഥ കേട്ടിട്ടുണ്ടാവും.

ചതുരംഗത്തില്‍ തന്നെ തോല്പിച്ച വ്യക്തിയോട് രാജാവ് എന്തും ചോദിക്കാനുള്ള അനുവാദം കൊടുത്തു. ആ മഹാന്‍ ചോദിച്ചത് ഇത്രമാത്രം.


ബോര്‍ഡിന്റെ ആദ്യ കളത്തില്‍ ഒരു ഗോതന്പുമണി. രണ്ടാമത്തേതില്‍ രണ്ടു ഗോതന്പുമണി, മൂന്നാമത്തേതില്‍ നാല്, നാലാമത്തേതില്‍ എട്ട്, അങ്ങിനെ ഇരട്ടിച്ചു ഇരട്ടിച്ചു അറുപത്തിനാല് കളത്തിലുമായി എത്ര ഗോതന്പുമണി കിട്ടുമോ അത്രയും മതി.

രാജാവ് സസന്തോഷം സമ്മതിച്ചു. പത്തോ നൂറോ ആയിരമോ ലക്ഷമോ..... എത്രയുമായാലും ഗോതന്പുമണികളല്ലെ, ഇതിലിത്ര ചിന്തിക്കാനിരിക്കുന്നു.

എന്നാല്‍ ഗോതന്പുമണികള്‍ നിറഞ്ഞു തുടങ്ങിയപ്പോഴാണ് രാജാവിന് തന്റെ അബദ്ധം മനസിലായത്. ഇരുപത്തിയഞ്ച് കളം എത്തിയപ്പോഴേക്കും ഗോതന്പുമണികളുടെ എണ്ണം ഒരു കോടി കടന്നു. പത്തായത്തിലെ ഗോതന്പ് മുഴുവന്‍ കൊണ്ടുവന്നിട്ടും അടുത്ത കളം ഒക്കുന്ന ലക്ഷണമില്ല. പതിയെ പതിയെ രാജാവിന് മനസിലായി, രാജ്യത്തെ ഗോതന്പ് മുഴുവന്‍ ഉപയോഗിച്ചാലും താന്‍ നല്‍കിയ വാക്ക് നിറവേറ്റാന്‍ തനിക്കാവില്ലെന്ന്.

ഇത് രണ്ടു ഖാതം അറുപത്തിമൂന്ന്, അഥവാ 2 raised to 63 (2^63) എന്ന വലിയൊരു സംഖ്യ ആണ്. Microsoft Excel ഉപയോഗിച്ചാല്‍ പോലും ഇതിന്റെ ശരിയായ മൂല്യം കാണാനാവില്ല. 9,223,372,036,854,780,000 എന്നാണു Excel തരുന്ന ഉത്തരം, അതിലെ അവസാനം കാണുന്ന പൂജ്യങ്ങള്‍ ശരിയല്ല തന്നെ, കാരണം എക്സലിനു അത് calculate ചെയ്യാന്‍ കഴിയില്ല.

എനിക്കൊരു ഇത്തരത്തില്‍ ചെറിയ (വലിയ) ചിന്ത വന്നത് ഞാന്‍ പത്താംക്ലാസ് കഴിഞ്ഞു റിസല്‍റ്റ്‌ കാത്തിരിക്കുന്ന കാലത്താണ് (എന്നാണു ഓര്‍മ, പ്രീഡിഗ്രി കാലവുമാവാം). 10^63 എന്നാല്‍ എത്രയാണ്?

അന്ന് കന്പ്യൂട്ടര്‍ എന്നത് എനിക്ക് ഒട്ടും അറിയാത്ത ഒരു പിശാചാണ്. സ്കൂളില്‍ ഒരിക്കല്‍ ഒരാള്‍ ഇതേക്കുറിച്ച് പറഞ്ഞത് കേട്ടിട്ടുണ്ട് എന്നല്ലാതെ അത്തരത്തിലൊരു സാധനം ഞാന്‍ കണ്ടിട്ടില്ല, അക്കാലത്ത്.

ഇരുന്നു കണക്കുകൂട്ടാന്‍ തീരുമാനിച്ചു. അതിനായി ഞാന്‍ കുറച്ചു ഗ്രാഫ്‌ ഷീറ്റുകള്‍ വാങ്ങി. ക്രമത്തില്‍ വരി തെറ്റാതെ എഴുതാനാണിത്.
ഞാന്‍ എന്റെ കണക്കുകൂട്ടല്‍ ആരംഭിച്ചു. കാര്യം വളരെ എളുപ്പമാണ്. തൊട്ടു മുകളില്‍ കാണുന്ന അക്കത്തെ രണ്ടുകൊണ്ടു ഗുണിച്ചാല്‍ മതി, കൂട്ടാന്‍ ബാക്കി വല്ലതുമുണ്ടെങ്കില്‍ (അത് ഒന്നോ പൂജ്യമോ ആയിരിക്കും) അത് കൂട്ടുക, ഇവിടെ ബാക്കി വല്ലതുമുണ്ടെങ്കില്‍ അത് അടുത്ത അക്കം ഗുണിക്കുന്പോള്‍ ഉപയോഗിക്കുക, ചോ ചിന്പില്‍.....

ഇതൊരു ഹരമായി മാറാന്‍ അധികം സമയമെടുത്തില്ല. അറുപത്തിമൂന്ന് ലക്ഷ്യമാക്കി തുടങ്ങിയ ഞാന്‍ താമസിയാതെ അത് കടന്നു പായാന്‍ തുടങ്ങി. ഗ്രാഫ്‌ ഷീറ്റുകളുടെ എണ്ണം കൂടി. ഗ്രാഫ്‌ ഷീറ്റുകള്‍ ഒട്ടിച്ചു ചേര്‍ത്ത് വലിയ പായ പോലെ വീതിയുള്ളവ ആയി.
രാത്രിയില്‍ വൈകിയിരുന്നു (പലപ്പോഴും രണ്ടും മൂന്നും മണി വരെ) ഞാന്‍ എന്റെ യജ്ഞം തുടര്‍ന്നു. (ഹൊ.....ഇത് പഠിക്കുന്ന സമയത്ത് ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഐ ഏ എസ് സുഖമായി എഴുതിയെടുത്തേനെ).

ഇത് എത്ര എത്തി എന്ന് എനിക്കിന്നോര്‍മയില്ല. ആയിരം എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. ഒരു 600 വരെയെങ്കിലും ഞാന്‍ ഇത്തരത്തില്‍ കണക്കു കൂട്ടിയിട്ടുണ്ട്. എന്ന് വെച്ചാല്‍ 2^600. (4.1495E+180 എന്ന് Microsoft Excel പറയുന്നു)

ഈ ഭ്രാന്തിന്റെ റിസല്‍റ്റ്‌ എന്റെ കൈവശം ഇപ്പോഴില്ല. ഏതൊക്കെയോ വീട്പെയിന്റിംഗ് പരിപാടികള്‍ക്കിടയില്‍ ഇത് എനിക്ക് നഷ്ടമായി.
അന്നൊന്നും അത് വലിയ പ്രശ്നമായി തോന്നിയില്ല, പക്ഷെ ഇന്ന് ഓര്‍ക്കുന്പോള്‍ അതെല്ലാം ഞാന്‍ preserve ചെയ്യണമായിരുന്നു എന്ന് തോന്നിപ്പോകുന്നു. കുറഞ്ഞത് ഇത്തരത്തില്‍ ഒരു വട്ട് ഉണ്ടായിരുന്നു എന്ന് ഭാര്യയോടും മകനോടും പറഞ്ഞു ചിരിക്കാനെങ്കിലും.

സുഡോക്കു..... ഏകാന്തതയിലെ കൂട്ടുകാരന്‍.

സുഡോക്കു എന്ന കളി ഇപ്പോള്‍ സുപരിചിതമാണല്ലോ. അക്കങ്ങള്‍ എനിക്കെന്നും ഇഷ്ടമായിരുന്നതിനാല്‍ ഈ കളി പ്രചാരത്തില്‍ വന്ന നാള്‍ മുതല്‍ എന്റെ ഒരു ഫേവറിറ്റ്‌ ആയിരുന്നു.

ഒരു സമയം കൊല്ലി എന്ന നിലയില്‍ ഇതെന്നെ സഹായിച്ചത് ഞാന്‍ Onsite-ല്‍ ആയിരുന്നപ്പോഴാണ്.

വിവാഹത്തിന് ശേഷം ആദ്യമായി ഭാര്യയെ പിരിഞ്ഞിരിക്കുകയാണ്. അന്നേയ്ക്കു തന്നെ രണ്ടര വര്‍ഷം കഴിഞ്ഞിരുന്നുവെങ്കിലും പിരിയല്‍ എന്ന പരിപാടി ഇത്തിരി വിഷമം പിടിച്ചത് തന്നെയാണ്. ഈ വിഷമം കൂടി ഉള്ളതിനാല്‍ ഏകാന്തത വലിയൊരു ബുദ്ധിമുട്ട്‌ തന്നെയാണ്.

ഞാന്‍ എത്തിപ്പെട്ടത് ഇംഗ്ളണ്ടിലെ മാഞ്ചെസ്റ്റര്‍ എന്ന സ്ഥലത്താണ്. അവിടെ വീട്ടില്‍ ടിവി, കന്പ്യൂട്ടര്‍ തുടങ്ങിയ വിനോദോപാധികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. പകല്‍ ഓഫീസില്‍ തിരക്കായിരിക്കുമെങ്കിലും വൈകീട്ട് വീട്ടില്‍ എത്തിയാല്‍ എന്ത് ചെയ്യും?

തുടക്കത്തില്‍ വലിയ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. കൂടെ ഒരു സഹപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നതിനാല്‍ പാചകത്തില്‍ മുഴുകിയും തറയടിച്ചും പരസ്പരം കുറ്റം പറഞ്ഞും കഴിഞ്ഞു. ഇതെല്ലാം കേട്ട് കേട്ട് സമയം ആത്മഹത്യ ചെയ്തതിനാല്‍ രക്ഷപ്പെട്ടു.
ഞങ്ങള്‍ രണ്ടുപേരും ഉള്ള സമയത്ത് തന്നെ അത്യാവശ്യം കറക്കവും തീര്‍ത്തു. മാഞ്ചെസ്റ്റര്‍ നഗരവും ട്രഫോര്‍ഡ് സെന്റര്‍ എന്ന ഭീമാകാരന്‍ മാളും ലണ്ടനും ഷെഫീല്‍ഡും എല്ലാം. ഇനി വല്ലയിടവും കാണാനുണ്ടെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടും എന്ന നിലയിലേക്ക് ആയി.

താമസിയാതെ എന്റെ സഹപ്രവര്‍ത്തകന്‍ തിരിച്ചു യാത്രയായി. എന്റെ ബുദ്ധിമുട്ട്‌ കാലവും തുടങ്ങി.

കൂടെയുണ്ടായിരുന്നത് രണ്ടു പുസ്തകങ്ങള്‍ മാത്രം. അവയുടെ പേര് പറയുന്നില്ല, പറഞ്ഞാല്‍ ഞാന്‍ ഉന്നതമായ ചിന്തകള്‍ ഉള്ള ഒരു മഹാബുദ്ധിമാന്‍ ആണെന്ന് നിങ്ങള്‍ മനസിലാക്കിയാലോ? സമയത്തെ കൊല്ലാനുള്ള ആയുധമൊന്നും ഈ പുസ്തകങ്ങള്‍ക്ക് ഇല്ലായിരുന്നു എന്ന് മാത്രം മനസിലാക്കിയാല്‍ മതി.

പാചകവും ശാപ്പാടും ഒന്നും നമുക്ക് പണ്ടെ വല്യ കാര്യമൊന്നും ആയിരുന്നില്ലല്ലോ. (ഇഷ്ടഭോജ്യം ഏതാണെന്ന് ചോദിച്ചാല്‍ നാരങ്ങസോഡ ആണെന്ന് പറയും). അതിനാല്‍ അധികം സമയം അവിടെയും കളയാനില്ല. വാരാന്ത്യങ്ങളില്‍ മഹാ ബോറടി. ഇടയ്ക്ക് ട്രാഫോര്‍ഡ് സെന്ററില്‍ പോയി സിനിമ കാണാം (അതിലൊരു കഥയുണ്ട്, പിന്നെ പറയാം). ബാക്കി പിന്നേം കിടക്കുന്നു സമയം, ഒരു പാരാവാരം പോലെ. അങ്ങിനെയാണ് സുഡോക്കു എന്റെ പ്രിയമിത്രമാകുന്നത്.

ഡെയിലി സുഡോക്കു പബ്ലിഷ് ചെയ്യുന്ന രണ്ടു സൈറ്റുകള്‍ കണ്ടുപിടിച്ചു. ദിവസവും മൂന്നു പസിള്‍ വരും, ഈസി, മീഡിയം, ഹാര്‍ഡ്‌ എന്നിങ്ങിനെ.
എല്ലാ ദിവസവും ഈ രണ്ടു സൈറ്റിലേയും മൂന്നു കളികളും എക്സല്‍ വഴി എടുക്കും, പ്രിന്റ്‌ ചെയ്തു സൂക്ഷിക്കും. വൈകീട്ട് വീട്ടില്‍ എത്തിയാല്‍ ഈസി രണ്ടും സോള്‍വ്‌ ചെയ്യും. മീഡിയവും ഹാര്‍ഡും വാരാന്ത്യത്തിലെക്കുള്ളവ ആണ്. ഒരു ആഴ്ചയിലെ മുഴുവന്‍ സാധനങ്ങളും കൂട്ടി ആറെണ്ണം, ശനിയും ഞായറും ഇരുന്നു സോള്‍വ്‌ ചെയ്യും.

ബാക്കി സമയം കിട്ടിയാല്‍ യാത്ര, വല്ല സ്ഥലവും കാണാനോ സിനിമ കാണാനോ ആയി.

ഇനിയും സമയം ഉണ്ടെങ്കില്‍ ഉറക്കം.

ങേ.... ഇനിയും സമയം ബാക്കിയുണ്ടെന്നോ???? എന്നാലിത്തിരി ശാപ്പാട് ആയിക്കോട്ടെ.

ഈ യാത്രയ്ക്ക് ശേഷം ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞു ഒരിക്കല്‍ കൂടി ഞാന്‍ മാഞ്ചെസ്റ്ററിലേക്ക് പോയിട്ടുണ്ട്. ഇത്തവണ വിഷമം ഇത്തിരി കൂടുതലായിരുന്നു, കാരണം ഗര്‍ഭിണിയായ ഭാര്യയെ പിരിഞ്ഞാണ് ഞാന്‍ പോകുന്നത്.

സുഡോക്കു എന്നെ എത്ര സഹായിച്ചു എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ.
*******************************************************************************

ഇന്നും ഒറയ്ക്കുള്ള സമയം ഞാന്‍ ആസ്വദിക്കാറുണ്ട്, ഇത്തിരി വായനയും ഒത്തിരി ദിവാസ്വപ്നങ്ങളുമായി......

ഏകാന്തതയും ആസ്വദിക്കാം, ജീവിതത്തെ പോലെ തന്നെ, അല്ലെ.....

Friday, March 6, 2009

രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം രണ്ട് (ഞാനും ക്രിക്കറ്റും വേറെ ചിലതും)

ഇത്തിരി സീരിയസ് ആയൊരു പോസ്റ്റിട്ടപ്പൊ ചെലരൊക്കെ എന്നെ ഇടിച്ചു നിരപ്പാക്കാന്‍ വന്നു. ഇതൊക്കെ എഴുതാന്‍ അപ്പൂട്ടന്‍സ് ബ്ലോഗ് വേണ്ട, വേണങ്കില്‍ ഒരു അപ്പൂപ്പന്‍സ് ബ്ലോഗ് തുടങ്ങാന്‍ പറഞ്ഞു. എന്താ ചെയ്യാ.... നന്നാവാന്‍ സമ്മതിക്കില്ല.
എന്നാ ശരി, പിടിച്ചോ അടുത്ത തറ എന്ന് ഞമ്മളങ്ങ് തീരുമാനിച്ച്. തമാശ മതിയെങ്കീ തമാശ തന്നെ, അല്ലാതെന്ത്.... സഹിച്ചോ വായനക്കാരാ.....


കുട്ടിക്കാലത്തെ ചില കളികള്‍ കഴിഞ്ഞ പോസ്റ്റില്‍ പറയുകയുണ്ടായി. ഒരു തുടര്‍ച്ച.
ക്രിക്കറ്റിലെ എന്റെ ആദ്യനാളുകളെക്കുറിച്ചും ഞാന്‍ മുന്പ് പറയുകയുണ്ടായി.


ഇത്തവണ ക്രിക്കറ്റ് ആണ് വിഷയം. ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ചില സംഭവങ്ങള്‍ ആണ് ഈ പോസ്റ്റില്‍.
++++++++++++++++++++++++++++++++++

എന്റെ ക്രിക്കറ്റ് സംബന്ധമായ കഴിവുകളെക്കുറിച്ച് ഒരു ധാരണ തരാം.
ഞാന്‍ ബാംഗ്ലൂരിലായിരുന്നപ്പോള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഞാനൊരു ലെഗ് ബ്രെയ്ക്ക് ബൌളര്‍ ആയാണ് അറിയപ്പെട്ടിരുന്നത് (അല്ലെങ്കില്‍ പരിഹസിക്കപ്പെട്ടിരുന്നത്). ഷെയ്ന്‍ വോണ്‍ പന്ത് സ്പിന്‍ ചെയ്തിരുന്നത് പോലെ എനിക്കും സാധിച്ചിരുന്നു എന്ന്‍ ഇതിനര്‍ത്ഥമില്ല. ഷെയ്ന്‍ വോണ്‍ പോയിട്ട് കുംബ്ലെ സ്പിന്‍ ചെയ്ത അത്രയും പോലും എന്റെ പന്തുകള്‍ തിരിയാറില്ലായിരുന്നു. ഒരു ആക്സിഡന്റില്‍ പെട്ട് എന്റെ ഇടത്തെ കാല്‍ ഒടിഞ്ഞ സംഭവത്തിനു ശേഷം ഞാനടങ്ങുന്ന സമൂഹം എനിക്ക് ചാര്‍ത്തിത്തന്ന ലേബല്‍ ആണ് ഇപ്പറഞ്ഞ ലെഗ് ബ്രെയ്ക്ക് ബൌളര്‍ എന്നത്.
++++++++++++++++++++++++++++++


ഇന്ത്യയുടെ ലോകകപ്പ് ജയമാണ് എന്നെ ക്രിക്കറ്റിലേക്കടുപ്പിച്ചത്. എന്നാല്‍ അതിനുശേഷവും കുറച്ചുകാലം കഴിഞ്ഞാണ് ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. കൃത്യം പറഞ്ഞാല്‍ എന്റെ ഏഴാം ക്ലാസില്‍. ഏഴാം ക്ലാസ് ആയപ്പോഴേക്കും അത്യാവശ്യം പന്ത് തട്ടാം എന്ന നിലയിലേക്കുയര്‍ന്നിരുന്നു ഞാന്‍.


പാലക്കാട്ടെ ഒരു പ്രമുഖ ബോയ്സ് ഹൈസ്കൂള്‍ ആയിരുന്ന ഭാരതമാത-ല്‍ ആണ് ഞാന്‍ എന്റെ ആറാം ക്ലാസ് മുതല്‍ പഠിച്ചത്. ഞങ്ങളുടെ ക്ലാസില്‍ 2 ക്രിക്കറ്റ് ടീമുകള്‍ ഉണ്ടായിരുന്നു. A ടീം എന്ന മിടുക്കന്മാരുടെ ടീം. അത്യാവശ്യം കൈമുട്ടുമടക്കാതെ എറിയാനോ പന്ത് വരുന്ന വഴി ബാറ്റ് വീശാനോ അറിയാവുന്ന ഒരു B ടീം. Strictly speaking, ഇതു രണ്ടും എന്റെ കാര്യത്തില്‍ പരുങ്ങലായിരുന്നെങ്കിലും ഏഴാം ക്ലാസില്‍ തുടക്കത്തിലെപ്പോഴോ അറിയാതെ ഞാന്‍ ക്ലാസിലെ ബി-ടീമില്‍ അംഗമായി. മൂക്കില്ലാരാജ്യത്ത് പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞവന്‍...


കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പലര്‍ക്കും ഈ കളിയുടെ ഗുട്ടന്‍സ് പിടികിട്ടിത്തുടങ്ങി. അപ്പോള്‍ കളിക്കാരുടെ എണ്ണവും കൂടി. A, B, C....... ടീമുകളുടെ എണ്ണവും കൂടി.


ഞങ്ങളുടെ സ്കൂളിന് നല്ലൊരു ഗ്രൌണ്ട് ഉണ്ടായിരുന്നു, അവിടെ എത്താന്‍ ഇത്തിരി നടക്കണമെന്ന് മാത്രം. ഉച്ചക്ക് ഒരുമണിക്ക് ലഞ്ച് ബ്രേക്ക് ആണ്. അപ്പോഴാണ് കളികള്‍ എല്ലാം നടക്കുന്നത്.


എല്ലാവരും കളിക്കാരല്ലേ, ഗ്രൌണ്ടിന് ഒരുപാടവകാശികള്‍ ഉണ്ട്. കുറെ കളികള്‍ നടത്താം, പക്ഷെ സപ്ലൈ-ഡിമാന്റ് അന്തരം വളരെ വലുതായിരുന്നു. അപ്പോഴെന്തുചെയ്യും?


ആദ്യം എത്തുന്നവര്‍ ഗ്രൌണ്ടിന്റെ ഒരു ഭാഗം (അഥവാ സ്വന്തം പിച്ച്, അത്രയ്ക്കുള്ള ലക്ഷ്വറി മതി) കയ്യടക്കും, അത്ര തന്നെ. എല്ലാ ടീമിനും ഇതുപോലെ ഒരു ബുക്കര്‍ ഉണ്ടായിരിക്കും. ഞങ്ങളുടെ ബുക്കര്‍ ദിനേശ് ആയിരുന്നു.


ദിനേശ് ഉച്ചക്ക് കഴിക്കാന്‍ നെയ്യൊഴിച്ച് പഞ്ചസാരയിട്ട് മൊരിച്ച റൊട്ടി ആണ് ക്ലാസില്‍ കൊണ്ടുവന്നിരുന്നത്. രാവിലെ എത്തുന്പോള്‍ തന്നെ കൂട്ടുകാര്‍ ഈ റൊട്ടിക്ക് വേണ്ടി ബുക്ക് ചെയ്യും, കാരണം അത്ര സ്വാദായിരുന്നു അതിന്. അവന്‍ ഒരെണ്ണം ഒഴിച്ച് ബാക്കിയെല്ലാം വിതരണം ചെയ്യും. അതിനാല്‍ അവന്റെ ഉച്ചഭക്ഷണം ബെല്ലടിച്ച് ഒരു മിനിറ്റിനകം കഴിയും. പിന്നെ ഒരു ഓട്ടമാണ്, ഗ്രൌണ്ട് ബുക്ക് ചെയ്യാന്‍.


സമയത്തിന് ഗ്രൗണ്ടില്‍ എത്തി പിച്ച് ബുക്ക് ചെയ്യാനാവാത്തവര്‍ പോകുന്ന വഴിയിലും കിട്ടിയ മറ്റു സ്ഥലങ്ങളിലുമായി ഒപ്പിക്കും.


ആ ഒരു ഗ്രൗണ്ടില്‍ ഒരേ സമയം ഒരു അഞ്ചാറു കളികളെങ്കിലും നടക്കുന്നുണ്ടാവും. ഒരു കളിയിലെ ബൌണ്ടറി ഫീല്ഡര്‍ ചിലപ്പോള്‍ വേറൊരു കളിയിലെ ബാറ്റ്സ്മാന്റെ തൊട്ടടുത്താവും നില്ക്കുന്നുണ്ടാവുക (ഫോര്‍വേഡ് ഷോര്‍ട്ട് ലെഗ് എന്നും പറയാം). ഓഫ് സൈഡിലോ ലെഗ് സൈഡിലോ മാത്രം റണ്‍ അനുവദിക്കുന്ന കളികളും ഉണ്ടാവും, ഗ്രൌണ്ടിന്റെ ഒരു അറ്റത്തു പിച്ച് ബുക്ക് ചെയ്യുന്നവര്‍. ഇത്രയധികം കളികള്‍ നടക്കുമെങ്കിലും ആരും ടെന്നീസ്‌ അല്ലെങ്കില്‍ റബ്ബര്‍ പന്തുപയോഗിച്ചല്ല കളിക്കുന്നത്, എല്ലാവരും കോര്‍ക്ക് ബാളിലാണ് കളി. ദേഹത്ത് കൊണ്ടാല്‍ ഒരു ക്രിക്കറ്റ് പന്തിനേക്കാള്‍ വേദനിക്കും. വലിയ പരുക്കുകള്‍ കണ്ടിട്ടില്ല, പക്ഷെ ആരോ അവരുടെ ബൌണ്ടറിയില്‍ നിന്നും എറിഞ്ഞ പന്ത് തലക്കുകൊണ്ട് കിറുങ്ങിവീണ സാബുവിന്റെ രൂപം എനിക്കിന്നും ഓര്‍മയുണ്ട്.


ഏറ്റവും വലിയ പ്രശ്നം സ്വന്തം കളി ട്രാക്ക് ചെയ്യുക എന്നത് തന്നെയായിരുന്നു. ചിലപ്പോള്‍ നമ്മുടെ നേരെ വരുന്ന പന്ത് പിടിച്ചാല്‍ ചീത്തവിളി കേള്‍ക്കാം "യെന്തഡാ, ഫോര്‍ ആവണ്ടതായിരുന്നു, യെന്തിനാഡാ പിടിച്ചത്". ഇനി പിടിച്ചില്ലെങ്കിലോ.... അപ്പൊ കേള്‍ക്കാം "യെവഡ നോക്കി നിക്കാഡാ .... മോനേ"
---------------------------------------------------------------


ഒരു ബാറ്റ് സ്വന്തമായി കയ്യിലെത്തുന്നതോടെയാണ് ഞാന്‍ ഒരു രാജാവാകുന്നത്. ഒരു ക്വിസ് മല്‍സരത്തിലെ ജയത്തിനു സമ്മാനമായി അച്ഛന്‍ 50 രൂപയ്ക്ക് വാങ്ങിതന്നതാണ് ആ ബാറ്റ്. കപില്‍ദേവിന്റെ പടം ആയിരുന്നു അതില്‍ എന്നാണ് എന്റെ ഓര്‍മ.


അന്നൊക്കെ റാങ്ക് കിട്ടിയ കുട്ടികള്‍ അഭിമാനപൂര്‍വ്വം നെഞ്ചില്‍ ബാഡ്ജ് കുത്തിനടക്കുന്നത്‌ പോലെയായിരുന്നു ആ ഭാഗ്യം (അല്ലെങ്കില്‍ കഴിവ്) സിദ്ധിച്ചിട്ടില്ലാത്തവന്മാര്‍ ബാറ്റുമേന്തി നടക്കുന്നത്. തോളില്‍ സ്കൂള്‍ ബാഗ്, കയ്യില്‍ ബാറ്റ്, അതായിരുന്നു ഒരു ഹീറോയുടെ ലക്ഷണം. ബസിലെ കണ്ടക്ടര്‍മാര്‍ പല്ലുകടിച്ചാണെങ്കിലും ഈ മാരണം സഹിക്കും, ക്ലാസിലെ ഹീറോ അല്ലെ, ഒടക്കിയാല്‍ പുലിവാലായാലൊ. നടക്കുന്ന വഴിക്ക് ഇടക്കിടെ സാങ്കല്‍പ്പിക ബാള്‍ അടിക്കും, കൂടെ നാക്കുപയോഗിച്ച് ഒരു ശബ്ദവും പുറപ്പെടുവിക്കും, ടക്. (സോറി, അക്ഷരങ്ങള്‍ക്ക് ആ ശബ്ദം കൃത്യമായി പ്രകടിപ്പിക്കാനാവില്ല, ഭാവന തന്നെ ശരണം).


താമസിയാതെ ഞാന്‍ ഏതോ ഒരു ടീമിന്റെ ക്യാപ്റ്റന്‍ ആയി. പുതിയ ചില താരങ്ങളും വന്നു, പക്ഷെ അവരൊക്കെ എന്നെ ക്യാപ്റ്റന്‍ ആക്കി, ആയുധം എന്റെ കയ്യിലാണല്ലോ. അവിടിവിടെ ചില മാച്ചുകളൊക്കെ കളിച്ചു.


അന്നത്തെ എന്റെ ഉയര്‍ന്ന സ്കോര്‍ 28 ആണ്, ഇതുവരെയും ആ റെക്കോഡ് തകര്‍ക്കാന്‍ എനിക്കായിട്ടില്ല :). അന്ന്‍ 25 തികച്ചപ്പോള്‍ സെഞ്ച്വറി അടിച്ച സന്തോഷമായിരുന്നു എനിക്കും എന്റെ ടീമംഗങ്ങള്‍ക്കും.


ഏഴാംക്ലാസ് വേനല്‍ പരീക്ഷ കഴിഞ്ഞതിനുശേഷം വീട്ടിലും കളി തുടര്‍ന്നു. പ്രധാനമായും അയല്‍വാസി സുനിലിന്റെ വീട്ടിലാണ് കളി. സൂക്ഷിച്ചുവേണം, ഇല്ലെങ്കില്‍ ഉടഞ്ഞ ചില്ലിന് സമാധാനം പറയേണ്ടിവരും. അങ്ങിനെ ലാലുവിന്റെ വീട്ടിലെ ചില്ലിനു എന്റെ അമ്മ സമാധാനം പറഞ്ഞിട്ടുണ്ട്, എക്സ്ട്രാ കവര്‍ ഡ്രൈവ് കുറച്ചു എക്സ്ട്രാവഗന്റ് ആയിപ്പോയി. റബ്ബര്‍ പന്തുപയോഗിച്ചാണ് കളി, അതിനാല്‍ പരുക്കുന്ന പ്രശ്നമേയില്ല.


എന്റെ വീടിന്റെ ടെറസിലും ഞങ്ങള്‍ കളിച്ചു. പുറത്തേക്ക് പോയാല്‍ ഔട്ട്. ചുവരില്‍ മുട്ടിയാല്‍ ഔട്ട്. ഒരു കുത്തിനുശേഷം പന്ത് പിടിച്ചാല്‍ ഔട്ട്. മിണ്ടിയാല്‍ ഔട്ട്.... അങ്ങിനെ അങ്ങിനെ ആയിരക്കണക്കിന് നിയമങ്ങള്‍ വെച്ച് ഞങ്ങള്‍ കളിച്ചു.... സ്കോര്‍ എഴുതി.... എത്രയോ തവണ അവിടെ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമായി ടെസ്റ്റ് കളിച്ചു....
-------------------------------------


പ്രതീക്ഷയോടെ എട്ടാം ക്ലാസില്‍. അപ്പോഴേക്കും എന്റെ ബാറ്റ് എന്നെ വിട്ടു പിരിഞ്ഞിരുന്നു, എന്ന് വെച്ചാല്‍ പിടി പൊട്ടിയെന്നര്‍ത്ഥം. നമ്മടെ സ്ഥാനം ശൂ ന്ന്‍ പോകുമെന്നറിയാം, എന്നാലും പഴയ ക്യാപ്റ്റനെ അവര്‍ അങ്ങിനെ മറക്കുമോ?

മറന്നില്ല, പക്ഷെ.....
അവരൊക്കെ കളി പഠിച്ചു, നന്നായിത്തന്നെ. രമേഷ് ബാബുവും രൂപേഷും കൃഷ്ണകുമാറും ഒക്കെ വളരെ നന്നായി ബാറ്റ് ചെയ്യുന്നു, ബൌള്‍ ചെയ്യുന്നു. ഞാനപ്പോഴും പഴയ ശങ്കേഴ്സ് വീക്ക് ലി തന്നെ, വളരെ വീക്ക്, സ്റ്റില്‍ ഇന്‍ ദ കോക്കനട്ട് ട്രീ. ലക്ഷപ്രഭു ആയിരുന്ന ഞാന്‍ ഒറ്റ സമ്മറു കൊണ്ട് വെറും പിച്ചക്കാരനായഡേ.

പിന്നെ സ്കൂളില്‍ അധികം കളിക്കേണ്ടി വന്നിട്ടില്ല, പഴയ ഗഡി അല്ലെ എന്ന മട്ടില്‍ ആരെങ്കിലും ടീമില്‍ എടുത്താലായി, അത്ര തന്നെ. അതിനാല്‍ ദിനേശിന്റെ റൊട്ടി എന്നെ കൊതിപ്പിച്ചുമില്ല.
--------------------------------

പിന്നെ ശ്രദ്ധ വീട്ടിലും ചുറ്റിലുമുള്ള കളിയിലായിരുന്നു.

എന്റെ ടീമംഗങ്ങള്‍ താഴെപ്പറയുന്നവരാണ്.
മധു-വിധു സഹോദരര്‍.
സുനില്‍ - ഗുജറാത്തി ആണ്, ഇപ്പോള്‍ ഒരു ടിപ്പിക്കല്‍ ഗുജ്ജു ആയി കാനഡയിലേക്ക് കുടിയേറിയിരിക്കുന്നു.
ബാബു എന്ന വിനോദ് - ഇപ്പൊ ആള് ഫിലോസഫി-യില്‍ ഉന്നതവിദ്യാഭ്യാസവും റിസേര്‍ച്ചുമായി നെതര്‍ലാണ്ട്സില്.
അനില്‍-സുനില്‍-ഷനില്‍ എന്നീ പേരുള്ള മൂന്നു സഹോദരന്മാര്‍ (ഒരു മലയാളി ടച്ച് കൊടുത്താല്‍ അനി-സുനി-ഷനി) - ഇപ്പോള്‍ പല പല ജോലികളുമായി കേരളത്തില്‍ തന്നെ.
സുജിത് (സുജി) - ഇപ്പോള്‍ എവിടെയെന്നറിയില്ല, പിന്നീടധികം കണ്ടിട്ടില്ല.
കണ്ണന്‍ അഥവാ കൃഷ്ണകുമാര്‍ - മധുവിന്റെയും വിധുവിന്റെയും അനിയന്‍.

ഇടക്കെപ്പോഴോ ഞങ്ങള്‍ വീടിനടുത്ത് ഒരു ഗ്രൌണ്ട് കണ്ടെത്തി. എന്റെ വീട്ടില്‍ നിന്നു രണ്ടു മിനിറ്റ് നടന്നാല്‍ സുജിത്തിന്റെ വീട് കാണാം. അതിന്റെ സൈഡില്‍, അനിയുടെ വളപ്പിലൂടെ കുറച്ചുദൂരം നടന്ന്‍ ഒരു വയല്‍ കടന്നാല്‍ ഇപ്പറഞ്ഞ ഗ്രൌണ്ട് ആയി.
ഞങ്ങളതിന് അമ്മു ഗ്രൌണ്ട് എന്ന് പേരിട്ടു. ആ സ്ഥലം ആരുടേതാണെന്നൊ എന്തിനാണത് ഒഴിച്ചിട്ടിരിക്കുന്നതെന്നോ ഒന്നും എനിക്കന്നും ഇന്നും അറിയില്ല.







അമ്മു ഗ്രൌണ്ട് ഏതാണ്ട് ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലിരിക്കും. (Not drawn to scale, തെറ്റുകുറ്റങ്ങള്‍ എന്റെ ചിത്രരചനാപാടവത്തിന്റേതാണ്)


നീളത്തിലധികം വീതിയില്‍ ഒരു ദീര്‍ഘചതുരം, പുല്ലില്ലാത്തത്, അതിനുചുറ്റും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ട് തോറ്റുപോകുന്ന വിധം പുല്ലു വളര്‍ന്ന ഭാഗങ്ങള്‍. വലതുവശത്ത് കുറെ സ്ഥലം ഉണ്ടെങ്കിലും കുറച്ചു പൊക്കത്തിലാണ്, അവിടെ ചില പനകളും ഉണ്ട് (മരം എന്ന representation). ഇടതുവശത്തും മുകളിലും കുറെ കുറ്റിച്ചെടികളുമുണ്ട്. Grey കളറില്‍ കാണിച്ചിരിക്കുന്നിടത്താണ് ഞങ്ങളുടെ പിച്ച്. Arrow ഉപയോഗിച്ച് മാര്‍ക്ക് ചെയ്തിടത്തേക്ക് ബൌളിംഗ് (ഇടതുവശം ഓഫ് സൈഡ്, വലതു വശം ഓണ്‍ സൈഡ്).

അമ്മു ഗ്രൌണ്ട് ചുറ്റുവട്ടത്തുള്ള ചില വീട്ടുകാര്‍ പ്രകൃതിയുമായി സംവദിക്കാനും ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ച് കുട്ടികള്‍. അതിനാല്‍ ഗ്രൗണ്ടില്‍ കളിക്കുന്പോള്‍ കുറച്ചു സൂക്ഷിക്കണം, ഇല്ലെങ്കില്‍ പന്തിന്റെ കൂടെ കുറച്ചു ജിലേബി കൂടി കിട്ടിയെന്നിരിക്കും. ഈ ജിലേബി പുല്ലില്‍ ഉരച്ചുകളഞ്ഞു വീണ്ടും കളി തുടരും, അല്ലാതെ ഓരോ ജിലേബിക്കും ഓരോ പന്ത് എന്ന നിയമം പാസാക്കിയാല്‍ അച്ഛനും അമ്മയ്ക്കും കൂടി കിട്ടുന്ന ശന്പളം പന്ത് മേടിക്കാനെ തികയൂ. അത്രയും വലിയൊരു ബേക്കറി ആയിരുന്നു ഞങ്ങളുടെ അമ്മു ഗ്രൌണ്ട്.

ഈ സമയത്തൊരിക്കലാണ് "ഒരു സിബിഐ ഡയറിക്കുറിപ്പ്" സംഭവിച്ചത്.
സംഭവം (കഥ) ഇപ്രകാരം.
ബൌള്‍ ചെയ്തപ്പോള്‍ പന്ത് പിന്നിലെ കുറ്റിക്കാടുകള്‍ക്കിടയില് പോയി. എത്ര തിരഞ്ഞിട്ടും ആശാനെ കാണുന്നില്ല.
അവസാനം ഒരു ഐഡിയ, ഡമ്മി മെതഡോളജി.
അതേ വേഗതയില്‍ അതേ ബൌളര്‍ വീണ്ടും ബൌള്‍ ചെയ്യുക. ഇത്തവണ പന്തിന്റെ ഗതി നല്ലവണ്ണം നിരീക്ഷിക്കുക. അപ്പോള്‍ ആദ്യം പോയ പന്തും കണ്ടുപിടിക്കാം.


ആശയം നടപ്പിലാക്കി.
ഞങ്ങള്‍ ഒരു കാര്യം കണ്ടുപിടിച്ചു.
വേറെ പന്ത് വാങ്ങാറായി.


ഈ കഥ നിങ്ങളുടെ നാട്ടിലും പലരും കേട്ടുകാണും. ഞങ്ങളും ശ്രമിച്ചു എന്നൊരു കഥ ഉണ്ടാക്കിയെടുത്തു. (സത്യമല്ല, അത്രേം പൊട്ടന്മാരല്ലാത്തതിനാല്‍ രക്ഷപ്പെട്ടു)

ഹൈസ്കൂള്‍ കാലത്തും പ്രീഡിഗ്രി കാലത്തുമായി ഒരുപാട് കാലം ഞങ്ങളവിടെ കളിച്ചിട്ടുണ്ട്. കാലക്രമേണ ആ വിനോദം ഇല്ലാതായി, ചങ്ങാതിക്കൂട്ടം പിരിഞ്ഞു, പലരും ജോലികളും മറ്റു പഠിപ്പുകളുമായി പലവഴിക്ക് പോയി. ആ ഗ്രൌണ്ട് ഇപ്പോള്‍ ഓര്‍മയില്‍ മാത്രം.

കുറച്ചുകാലം മുന്പ് ഞാന്‍ നാട്ടില്‍ പോയിരുന്നപ്പോള്‍ അമ്മു ഗ്രൌണ്ട് ഒരിക്കല്‍ കൂടി കാണാന്‍ ഒരു ശ്രമം നടത്തി. ഇപ്പോള്‍ അത് കാണാനില്ല, ചുറ്റും വീടുകളും മറ്റുമായി ആ ഭാഗം കാഴ്ചയില്‍ നിന്നു മറഞ്ഞിരിക്കുന്നു. അങ്ങോട്ട്‌ പോകാനുള്ള വഴി അതിന്റെ ഉടമസ്ഥര്‍ വേലി കെട്ടി ഭദ്രമാക്കിയതിനാല്‍ പിന്നീടുള്ള വഴി കണ്ടെത്താന്‍ പഴയ ബാലരമ ടെക്നിക് (വഴി കണ്ടു പിടിക്കുക എന്ന കളി) വേണ്ടി വരും.
---------------------------------------------------

പിന്നീട് ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് ബാംഗ്ലൂരിലെത്തിയ ശേഷമാണ്. IISc-ല്‍ ഉണ്ടായിരുന്ന കാലത്ത്. ദ്രാവിഡ് ഓടിപ്പഠിച്ച ഗ്രൌണ്ട് ആണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, ആ ഗ്രൌണ്ടിലൂടെ ഓടാന്‍ എനിക്കും യോഗമുണ്ട്, ഞാനും ഒരു മഹാനല്ലേ.

ഐടി മേഖലയിലെത്തിയതിനു ശേഷവും ഞാന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്. ടീമില്‍ നിലനിന്നിരുന്നത് ബൌളര്‍ ആയോ ബാറ്റ്സ്മാന്‍ ആയോ അല്ല, പതിനൊന്നാമന്‍ ആയിട്ടാണ്, എന്നുവെച്ചാല്‍ ഞങ്ങളുടെ ടീമില്‍ പതിനൊന്നു പേര്‍ ഒക്കാത്ത സമയത്ത് ഞാനും ഇത്തിരി കളിച്ചിട്ടുണ്ട് എന്നര്‍ത്ഥം. പതിനൊന്നാമനായി ഇറങ്ങി അവസാന ഓവറിലെ അഞ്ചാമത്തെ പന്ത് ഫോര്‍ അടിച്ച് കളി ജയിപ്പിച്ചതാണ് എന്റെ ഏറ്റവും വലിയ achievment.
+++++++++++++++++++++++++++++++++++++++++++++++++++++


ഞാനിപ്പോള്‍ ക്രിക്കറ്റ് കളിക്കാറില്ല, സ്വന്തം ശാരീരിക പരിമിതികള്‍ അറിഞ്ഞത് കൊണ്ടാവാം.



ഡേവിഡ് ഗവറിന്റെയും മുഹമ്മദ് അസറുദ്ദീന്റെയും ഇന്‍സമാം ഉള്‍ ഹക്കിന്റെയും മാര്‍ക്ക് വോയുടേയും വിവിയന്‍ റിച്ചാഡ്സിന്റെയും ഒക്കെ പഴയകാല കളികള്‍ കാണാനിഷ്ടപ്പെടുന്ന, വാസിം അക്രത്തിന്റെയും വഖാര്‍ യൂനിസിന്റെയും ഷെയ്ന്‍ വോണിന്റെയും മുരളീധരന്റെയും ഡാനിയേല്‍ വെറ്റോറിയുടെയും ഒക്കെ ബൌളിംഗ് അദ്ഭുതത്തോടെ വീക്ഷിക്കുന്ന, സച്ചിന്റെയും പോണ്ടിങ്ങിന്റെയും സ്റ്റാറ്റിസ്റ്റിക്സ് സൂക്ഷിക്കുന്ന, സിംബാബ്‌വെ-ബംഗ്ലാദേശ് കളി പോലും കാണാനിരിക്കുന്ന ഒരു ക്രിക്കറ്റ് പ്രേമിയായി ഞാന്‍ കഴിയുന്നു.......

ബൈ ദ ബൈ... സ്കോര്‍ എന്തായീ?

Friday, February 6, 2009

എന്റെ (അ)വിശ്വാസം.

ജബ്ബാര്‍ മാഷിന്റെ യുക്തിവാദം ബ്ലോഗില്‍ കമന്റുകളും മറുകമന്റുകളും ആയി മുന്നേറുന്ന ചര്‍ച്ചക്കിടയില്‍ എന്റെ ഒരു അഭിപ്രായം ഞാന്‍ പറയുകയുണ്ടായി. വിസ്മൃതിയില്‍ എങ്ങോ മറഞ്ഞുപോകാതിരിക്കാന്‍ വേണ്ടി മാത്രം ഞാന്‍ അതിവിടെ ഒരു പോസ്റ്റ് ആയി ഇടുന്നു. ആരുടെയും ദൈവവിശ്വാസത്തിനു മുറിവേല്ക്കില്ല എന്ന വിശ്വാസത്തില്‍...

ഇതൊരു വലിയ ജീവിതവീക്ഷണം ആണെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. പലരും പറഞ്ഞിട്ടുണ്ടാവാം, ഞാന്‍ എഴുതിയത് മുഴുവന്‍ മണ്ടത്തരവും ആവാം. ശാസ്ത്രീയമായോ തത്വചിന്താപരമായോ ഒരു backing ഇതിനില്ല, അതിനാല്‍ തന്നെ പുസ്തകങ്ങളുടെയോ ലിങ്കുകളുടെയോ റഫറന്‍സ് ഇവിടെ ഇല്ല. എന്റെ തീരെ ചെറിയ യുക്തിയില്‍ തോന്നിയൊരു കാര്യം, അങ്ങിനെ മാത്രം കാണാന്‍ അപേക്ഷ.

യുക്തിവാദം ബ്ലോഗിലെ സാഹചര്യവും എന്റെ പുതിയ പോസ്റ്റിലെ നിങ്ങള്‍ വായിക്കുന്ന സാഹചര്യവും വ്യത്യസ്തമായതിനാല്‍ ചെറിയ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്.

പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടെന്നാണല്ലോ മതങ്ങള്‍ പറയുന്നത്. ശാസ്ത്രം അതിനെ പരിപൂര്‍ണമായി തള്ളിക്കളഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല, കാരണം ശാസ്ത്രത്തിനു ഇനിയും വിശദീകരിക്കാനാവാത്ത പ്രപഞ്ച രഹസ്യങ്ങള്‍ ഇപ്പോഴുമുണ്ട്. ആ സ്രഷ്ടാവിനു മനുഷ്യന്‍ പല സമയത്തായി അനവധി സങ്കല്പങ്ങള്‍ ഒരുക്കിയിട്ടുണ്ട്, രൂപമുള്ളതും ഇല്ലാത്തതും ആയി. ദൈവസങ്കല്‍പം അല്ലെങ്കില്‍ വിശ്വാസം ഏതായാലും എല്ലാ തത്വചിന്തകളിലും പൊതുവായി ഉള്ള കാര്യം സ്രഷ്ടാവിനു മനുഷ്യനുമായുള്ള സവിശേഷ ബന്ധമാണ്. അതിനെക്കുറിച്ച് ചില ചിന്തകള്‍.

*****************************************************
മനുഷ്യന് തന്റെ ദൈനംദിന നിലനില്‍പ്പിനുപരിയായി സാമൂഹികമായ ആവശ്യങ്ങള്‍ കൂടി വരുന്പോഴാണ് യുക്തിയും വിശ്വാസവും, എന്തിന്, ശാസ്ത്രം പോലും ആവശ്യമായി വരുന്നത്. അവിടെ തന്നെയാണ് നിയമങ്ങളും നന്മയും എല്ലാം പ്രസക്തമാകുന്നതും. വിധി, ഭാഗ്യം, നിര്‍ഭാഗ്യം, നന്മ, തിന്മ, ഞാന്‍, നീ, അവര്‍ എന്നീ വസ്തുതകളെല്ലാം (entities) വരുന്നതു സമൂഹത്തില്‍ തന്നെ, വ്യക്തിപരമായി മാത്രം എടുക്കുകയാണെങ്കില്‍ ആര്‍ക്കും ഇത് ആവശ്യമല്ല.

മനുഷ്യന്‍ വിധിയില്‍ വിശ്വസിക്കാന്‍ തുടങ്ങിയതുപോലും ഈയൊരു കാഴ്ചപ്പാടില്‍ മാത്രമാണ്. ഉദാഹരണത്തിന്, എന്നെ വണ്ടിയിടിച്ച് എന്റെ കാലൊടിഞ്ഞെന്നിരിക്കട്ടെ. എന്റെ ചുറ്റുമുള്ളവരും ബന്ധുക്കളും കാണുന്പോള്‍, എന്നോടു സഹതാപിക്കുന്പോള്‍ ആണ് എനിക്കത് നിര്‍ഭാഗ്യമായി തോന്നുക (ആ വണ്ടി എന്റെ മുകളിലൂടെ കയറി എന്നെ കൊന്നില്ലല്ലോ എന്ന ആശ്വാസം കേട്ടാല്‍ അതെന്റെ ഭാഗ്യമായും കാണാം). അത് നാം വിധി എന്ന് പറയും. പക്ഷെ പുറത്തു നിന്നു നോക്കിയാല്‍ എന്നെ വണ്ടിയിടിക്കുന്നത് ഒരു പട്ടിയെ വണ്ടിയിടിക്കുന്നത് പോലെ, അല്ലെങ്കില്‍ കാട്ടില്‍ ഒരു മാനിനെ സിംഹം തിന്നുന്നത് പോലെ വെറും സാധാരണ സംഭവം മാത്രമല്ലേ. എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്ന്.
വിധി എന്ന് പറഞ്ഞു നിശ്ചയിക്കുന്നത് ഞാനും എന്റെ സമൂഹവും മാത്രമാണ്. സാധാരണ മുറിവുകള്‍, എത്ര വേദനാജനകമാണെങ്കിലും, നാം വിധി എന്ന് പറയാറില്ലല്ലോ, സമൂഹം അവിടെ ഇടപെടുന്നില്ലെന്നത് തന്നെ കാരണം.

അതുപോലെതന്നെ ബുദ്ധിയും വിശ്വാസവും യുക്തിയും നാം ഉപയോഗിക്കുന്നത് നമ്മുടെ സാമൂഹികമായ വ്യവഹാരങ്ങള്‍ക്കാണ്. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും കാര്യം പറയേണ്ടതില്ലല്ലോ.

ഈ രീതിയില്‍ നോക്കുന്പോള്‍ മനുഷ്യന് ചിന്തിക്കാനുള്ള കഴിവുണ്ടായതിനാലല്ല ഭൌതികമായെങ്കിലും (മറ്റുജീവികളെ അപേക്ഷിച്ച്) ഭൂമിയെ ഏറ്റവുമധികം നിയന്ത്രിക്കുന്ന സവിശേഷ ജീവിയായത്, മറിച്ച്‌ സാമൂഹികമായി ജീവിക്കാനും സാമൂഹികമായി ഇടപെടാനും തുടങ്ങിയതിനാലാണ് എന്ന് എനിക്ക് തോന്നുന്നു. ശാസ്ത്രവും വളര്‍ന്നത് മനുഷ്യന്റെ സാമൂഹികമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സഹായി ആയിട്ടാണ്.

അതുകൊണ്ടുതന്നെ സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ ഒരു സ്പെഷല്‍ സൃഷ്ടി അല്ല. ഈ പ്രപഞ്ചത്തില്‍ മറ്റേതൊരു ജീവിയേയും പോലെ ഒന്ന്, അത്ര മാത്രമെ ആ സ്രഷ്ടാവ് മനുഷ്യനെയും കാണുന്നുള്ളൂ.

ആ സ്രഷ്ടാവ് മനുഷ്യന് വേണ്ടി മാത്രം ഒരു code of conduct ഉണ്ടാക്കും എന്ന് അതിനാല്‍ തന്നെ എനിക്ക് വിശ്വസിക്കാനും കഴിയില്ല. പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും ഒരുപോലെ കാണേണ്ട സ്രഷ്ടാവ് ഒരു വിഭാഗത്തിന് (അതും പ്രത്യേകതകള്‍ ഏതുമില്ലാത്ത ഒന്നിന്) മാത്രമായി ചില കാര്യങ്ങള്‍ പറഞ്ഞുകൊടുക്കില്ല.
മനുഷ്യനാണ്, മനുഷ്യന്റെ ബുദ്ധിയാണ് എല്ലാം, എന്ന് പറയുന്നതിനോടും എനിക്ക് യോജിപ്പില്ല, കാരണം നേരത്തെ പറഞ്ഞതു തന്നെ, മനുഷ്യന്‍ സ്പെഷല്‍ അല്ല.

എന്റെ കാഴ്ചപ്പാടില്‍ പണ്ടു ഒരു ദിനോസറോ അല്ലെങ്കില്‍ ഇന്നത്തെ കാലത്ത് ഒരു അമീബയോ ജീവിക്കുന്ന അത്ര പ്രസക്തി മാത്രമെ എനിക്കുമുള്ളു, ഏതൊരു മനുഷ്യനുമുള്ളു. ഇതെഴുതാന്‍ എന്നെ സഹായിക്കുന്ന കന്പ്യൂട്ടറും ഇന്റര്‍നെറ്റും എല്ലാം സമൂഹം എന്ന സ്ഥാപനവുമായി മനുഷ്യന്‍ നടത്തുന്ന ഇടപാടുകള്‍ക്കിടയില്‍ അവന്റെ ആവശ്യാര്‍ത്ഥം, ലഭ്യമായ വസ്തുക്കളും ജ്ഞാനവും ഉപയോഗിച്ച്, അവന്‍ കണ്ടുപിടിച്ച സാങ്കേതിക യന്ത്രങ്ങള്‍ മാത്രമാണ്, അല്ലാതെ മനുഷ്യവര്‍ഗ്ഗത്തിന്റെ ഒരു നിയോഗമായി വന്നു ഭവിച്ചവയല്ല.

Thursday, January 15, 2009

രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം ഒന്ന്‍

കുട്ടികള്‍ കളിച്ചു വളരണം എന്നാണല്ലോ കേട്ടിട്ടുള്ളത്.
കുട്ടിക്കാലത്തെ കളികള്‍ എന്നും നമുക്കൊരു തമാശയായി ഓര്‍മിക്കാവുന്ന ഒരു കാര്യമാണ്, പഴയ കൂട്ടുകാരെ കാണുന്പോള്‍ ഗൃഹാതുരത്വത്തോടെ പറഞ്ഞു രസിക്കാനുതകുന്നതാണ്.
പലപ്പോഴും നമ്മുടെ മക്കള്‍ക്ക് അവ വെറും ബോറുകളായിരിക്കാം, കാരണം അവര്‍ ഈ രീതിയിലല്ല അത് കളിക്കുക, ഉദാഹരണത്തിന് ഭാസ്കരമൂര്‍ത്തിയുടെ കള്ളനും പോലീസും വായിച്ചു നോക്കൂ

എന്റെ കുട്ടിക്കാലത്തെ ചില കുട്ടിക്കളികളാണ് ഈ ബോസ്റ്റില്‍.....

+++++++++++++++++++++++++++++++++++++++++++
എന്റെ ആദ്യകാല ഗെയിം ഒളിച്ചുകളി (അഥവാ ഹൈഡ് ആന്റ് സീക്ക്) തന്നെയായിരിക്കണം. പക്ഷെ അതില്‍ നന്നേ ചെറുപ്പത്തിലുള്ള ഓര്‍മകളൊന്നുമില്ല (ഇത്തിരി വലുതായതിനുശേഷം ഓര്‍ക്കാന്‍ പറ്റിയ സംഭവം ഉണ്ടുതാനും, അത് വഴിയേ പറയാം).
അതുപോലെ കുട്ടിയും കോലും (ഞങ്ങളുടെ നാട്ടില്‍ അതിന് കൊട്ടിയും പുള്ളും എന്നാണ് പറഞ്ഞിരുന്നത്) എന്ന കളി ഞാന്‍ പല പ്രായത്തിലും കളിച്ചിട്ടുണ്ട്, പ്രത്യേകിച്ച് സംഭവങ്ങള്‍ ഒന്നും പറയാനില്ല. അതും ഇവിടെ പ്രസ്തവ്യമല്ല.
അതിനാല്‍ രാജാപ്പാര്‍ട്ടില് നിന്നു തന്നെ തുടങ്ങാം.

പ്രജകളില്ലാത്ത മദോന്മത്തന്‍ രാജാവ്
കുട്ടിക്കാലത്ത് എന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന സുരേഷ്, മണി, ബാബു എന്ന സഹോദരന്മാരെപ്പറ്റി ഞാന്‍ വേറൊരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അവരാണ് ഈ അങ്കത്തിലെ എന്റെ താരങ്ങള്‍.

വീടിന്റെ പുറകുവശത്ത് ആരും ശ്രദ്ധിക്കാനില്ലാതെ കിടന്നിരുന്ന ഒരു തുറന്ന ചതുരപ്പെട്ടിയില്‍ നിന്നാണ് തുടക്കം. അതുകണ്ടപ്പോള്‍ ഒരു രാജസിംഹാസനം ആയി ഉപയോഗിക്കാം എന്ന്‍ ഞങ്ങളിലാര്‍ക്കോ തോന്നി. അങ്ങിനെ ആ കഥ, അഥവാ കളി അവിടെ ആരംഭിച്ചു.
എന്റെ വീട്ടില്‍ നിന്നാണല്ലോ പെട്ടി കിട്ടിയത്, അപ്പോള്‍ ഞാന്‍ തന്നെയാണ് ആ സിംഹാസനത്തിലിരിക്കാന്‍ യോഗ്യന്‍ (കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍...) അങ്ങിനെ ഞാന്‍ രാജാവായി.
സുരേഷ് (പഴയ ക്ലാ ക്ലാ ക്ലീ ക്ലീ സുരേഷ് അല്ല, ഇത് പുതിയ ജനറേഷന്‍) സ്വമേധയാ സര്‍വസൈന്യാധിപന്‍ ആയി.
മണി ആണ് മന്ത്രി.
ബാബു വെറും ചിന്നപ്പയ്യന്‍, അതിനാല്‍ അവന്‍ റോള്‍ ഒന്നുമില്ലാതെ ഒതുങ്ങിക്കൂടി. എന്നാലും ഒരു റോള്‍ ഇല്ലാതെ രാജസഭയില്‍ ഇരുന്നാലെങ്ങിനെ?, ശന്പളം വെറുതെ കിട്ടില്ലല്ലോ, അതിനാല്‍ രാജഗുരു എന്ന റോള്‍ ഇരിക്കട്ടെ, സൌകര്യത്തിന്.

അങ്ങിനെ ദിവസവും രാജാവ് സിംഹാസനത്തിലിരിക്കും. പ്രത്യേകിച്ച് പണിയൊന്നുമില്ല രാജാവിന്. വെറുതെ ഇരുന്നുകൊടുത്താല്‍ മതി. (പ്രജകള്‍ ഒന്നുമില്ലല്ലോ, അതിനാല്‍ പ്രശ്നങ്ങളുമില്ല)
സൈന്യാധിപന്‍ ഇടക്കിടെ വന്നു മുഖം കാണിക്കും.
രാജാവേ.... യുദ്ധത്തിന്നു പൊയ്ക്കോട്ടേ?
രാജാവ് സമ്മതം നല്കും. സൈന്യാധിപന്‍ യാത്രയാവും. പിന്നെ കുറച്ചു സമയം ഗഡിയെ കാണില്ല. രാജാവിനും വലിയ പരാതികളില്ല. മാതൃരാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യുകയല്ലേ.... പാവം ജീവിച്ചു പൊയ്ക്കോട്ടേ. (നാളിതുവരെക്കും സൈന്യാധിപനോ പടയാളികള്‍ക്കോ മൃത്യു സംഭവിച്ചതായോ പരിക്കേറ്റതായോ റിപ്പോര്‍ട്ടില്ല)
ഇടക്ക് രാജാവ് (ഇരുന്നു മടുത്തപ്പോള്‍) യുദ്ധരംഗം ഒന്നു വിലയിരുത്താന്‍ (ഒരുതരം inspection) ശ്രമിച്ചു. കണ്ട കാഴ്ച മനം കുളിര്‍പ്പിക്കുന്നതായിരുന്നു. സൈന്യാധിപന്‍ ഒറ്റക്കു നിന്ന്‍ ശത്രുക്കളോട് പൊരുതുന്നു. കയ്യില്‍ വാള്‍ മാത്രം (ഈര്‍ക്കിലിയുടെ കടക്കല്‍ കയറുകെട്ടി പിടിയുണ്ടാക്കിയതാണ് പ്രസ്തുത വാള്‍). ശത്രുക്കള്‍ എത്രപേരുണ്ടെന്ന് അറിയില്ല, കാരണം ആരെയും കാണാനില്ല

രാജാവിന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കലാണ് മന്ത്രിയുടെ പ്രധാനജോലി
മന്ത്രി ഇടക്കിടെ ചോദിക്കും...... "രാജാവേ... കാറ് കൊണ്ടുവരട്ടെ?"
രാജഗുരുവിന് ഇതത്ര ഇഷ്ടപ്പെടില്ല.... "പോടാ... രാജാവ് കാറിലൊന്ന്വല്ല പൂവ്വാ, രാജാവ് തേരിലാ പൂവ്വാ"
തേര് ഇല്ലാത്തതിനാലാണോ അതോ തേരിലേക്കുള്ള കുതിരകള്‍ ഡെങ്കി പിടിച്ചു കിടപ്പായതിനാലാണോ അതോ പൈസ ഇല്ലാത്തതിനാലാണോ എന്നറിയില്ല, മന്ത്രി ഇതുവരെ തേര് സെറ്റപ്പ് ചെയ്തിട്ടില്ല.

മന്ത്രി അടുത്ത ചോദ്യവുമായി എത്തും "രാജാവേ... ചായ കൊണ്ടുവരട്ടെ?"
ഉടനെ രാജഗുരു തിരുത്തും "പോടാ, രാജാവ് ചായ അല്ല കുടിക്ക്യാ... രാജാവ് തേനാ കുടിക്ക്യാ"

അതോടെ മന്ത്രി പത്തി മടക്കും, ഗുരുവായ്ക്കെതിര്‍വാ ഇല്ലല്ലോ.

ഏതായാലും ഫുള്‍ടൈം തേന്‍ കുടിച്ച് മത്തായി നടക്കുന്ന രാജാവിനെ നേരില്‍ കണ്ടിട്ടില്ലെങ്കില്‍ ഇങ്ങോട്ട് നോക്കൂ. (പടം വലുതായി പ്രൊഫൈലില്‍ കൊടുത്തിട്ടുണ്ട്)

ഈ രാജാവ് എത്രകാലം ഭരണത്തിലിരുന്നു എന്നും പ്രസ്തുത സൈന്യാധിപന്‍ എത്ര രാജ്യങ്ങള്‍ പിടിച്ചടക്കി എന്നും കൃത്യമായ രേഖകളില്ലാത്തതിനാല്‍ ചരിത്രവിശാരദന്മാര്‍ ആ പരീക്ഷ പാസായില്ല.

ഈ കൂട്ടുകാര്‍ കുറച്ചുകാലത്തിനുശേഷം ആ വീട് വിട്ടുപോയി. ആ രാജഭരണം അങ്ങിനെ അവസാനിച്ചു. (ഇപ്പോള്‍ അവര്‍ മൂന്നുപേരും കല്യാണം കഴിഞ്ഞ് കുട്ടികളായി എവിടെയൊക്കെയോ ജീവിക്കുന്നു, കൃത്യം വിവരം അറിയില്ല)

ഭാരതത്തിലെ വീരയോദ്ധാക്കള്‍.

വീരാരാധന തലയ്ക്കുപിടിച്ച ചില കുട്ടികള്‍, അവര്‍ക്ക് യുദ്ധം എന്നാല്‍ വലിയ ഹരം. അങ്ങിനെയാണ് കുരുക്ഷേത്രയുദ്ധം സംഭവിച്ചത്.

ഇത് സാക്ഷാല്‍ മഹാഭാരതമല്ല, ഞങ്ങളുടെ ഭാരതം. ഞാനും എന്റെ അടുത്തകൂട്ടുകാരന്‍ ചന്ദ്രന്‍ അഥവാ വിധുവും ആണ് ഇതിലെ യോദ്ധാക്കള്‍.

കുരുക്ഷേത്രയുദ്ധം ഞങ്ങള്‍ പലയാവര്‍ത്തി വായിച്ചിട്ടുണ്ട്. അതിലെ അര്‍ജ്ജുന-കര്‍ണ യുദ്ധമായിരുന്നു ഞങ്ങളുടെ സ്പെഷ്യലൈസേഷന്‍. മറ്റുയുദ്ധങ്ങളും രാമായണവുമൊന്നും ഇഷ്ടമാല്ലാഞ്ഞല്ല, അതിനൊന്നും അര്‍ജ്ജുന-കര്‍ണ യുദ്ധത്തിന്റെ ഗ്ലാമര്‍ ഇല്ല.

കുരുക്ഷേത്രമായി ഞങ്ങള്‍ തെരഞ്ഞെടുത്തത് എന്റെ വീടിന്റെ പിന്‍ഭാഗത്ത് ഉണ്ടാക്കിയിട്ടിരുന്ന ആശാരിപ്പുരയാണ്. അവിടെ ആശാരിമാര്‍ ഇല്ലാത്ത സമയം നോക്കി ഞങ്ങള്‍ യുദ്ധം ആരംഭിക്കും.
ഈര്‍ക്കിലിചൂല്‍ ധാരാളം ഉണ്ടായിരുന്നതിനാല്‍ ആയുധങ്ങള്‍ക്ക് പഞ്ഞമില്ല.
ഒരു ഈര്‍ക്കിലി വളച്ച് രണ്ടറ്റവും നൂലിട്ട്‌ കെട്ടിയാല്‍ വില്ലായി. അന്പിന് ഒന്നും ചെയ്യാനില്ല, ഈര്‍ക്കിലി straight ആയി ഉപയോഗിക്കാം. അങ്ങോട്ടും ഇങ്ങോട്ടും അന്പെയ്ത്ത്.

ഒരുദിവസം ഞാന്‍ അര്‍ജ്ജുനന്‍ അടുത്തദിവസം വിധു അര്‍ജ്ജുനന്‍.
കര്‍ണന്റെ തേര്‍ച്ചക്രം എല്ലാദിവസവും മണ്ണിലാണ്ടുപോകും.
എല്ലാദിവസവും അര്‍ജ്ജുനന്‍ കര്‍ണനെ വധിക്കും, ചതിച്ചുതന്നെ.

തേരില്ല എന്ന് പറയാനാവില്ല, സാങ്കല്പിക തേര്‍ ആണ് ഞങ്ങള്‍ ഓടിച്ചിരുന്നത്. തേരിന്റെ ചക്രം മണ്ണില്‍ പുതഞ്ഞു പോയതിനാലാണല്ലോ അര്‍ജ്ജുനന് കര്‍ണനെ വധിക്കാനുള്ള ഗ്യാപ് കിട്ടിയത്, അതിനാല്‍ തേര് വേണം.
ആവനാഴി പ്രത്യേകിച്ച് ഇല്ലായിരുന്നു. അസ്ത്രങ്ങളെല്ലാം യുദ്ധക്കളത്തില്‍ (നിലത്ത്) വെച്ചിരിക്കും.

വേദവ്യാസന്‍ എഴുതാത്ത ചില രഹസ്യങ്ങളുണ്ട് മഹാഭാരതത്തില്‍, അറിയാത്തവര്‍ക്കായി പറഞ്ഞുതരാം.

ആവനാഴികള്‍ ഒരിക്കലും ഒഴിയാറില്ല, അതായത് അന്പുകള്‍ക്ക് പഞ്ഞമില്ലെന്നര്‍ത്ഥം. കാരണമെന്തന്നല്ലേ, അര്‍ജ്ജുനന്റേയോ കര്‍ണന്റെയോ അന്പിന്റെ സ്റ്റോക്ക് കഴിഞ്ഞാല്‍ അവിടവിടെ വീണു കിടക്കുന്ന അന്പുകള്‍ പെറുക്കിയെടുത്താവും അവര്‍ യുദ്ധം തുടരുക.

ഇടക്കിടെ അര്‍ജ്ജുനന്‍ കര്‍ണനോട് പറയും (അഥവാ അപേക്ഷിക്കും)
ഡാ, എന്റെ അന്പൊക്കെ കെയ്ഞ്ഞു, രണ്ടെണ്ണം താഡാ.

കര്‍ണന്‍ അല്ലെ ആള്, ദാനശീലന്‍. അങ്ങോര് സസന്തോഷം അന്പ് ദാനം ചെയ്യും.
ഞങ്ങളുടെ അര്‍ജ്ജുനന്‍ മാത്രം ദാനശീലനായിരുന്നു, മഹാഭാരതത്തിലെ പോലെ അന്പിന്റെ കാര്യത്തില്‍ പിശുക്കില്ല. ഇത്രയും പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്, ഇടക്കിടെ വേണമെങ്കില്‍ ഈ വീരയോദ്ധാക്കള്‍ അങ്ങോട്ടുമിങ്ങോട്ടും അന്പുകള്‍ കടം കൊടുക്കുകയും ചെയ്തിരുന്നു.

ഒരു പെരുന്പാന്പിനെ കിട്ടിയിരുന്നെങ്കില്‍.......

ബാക്കിയൊന്നും പറയേണ്ടല്ലോ, ജയനാണ് താരം.

എന്റെയൊക്കെ കുട്ടിക്കാലത്തെ സഹകുട്ടികളെപ്പോലെ എന്റെയും ആരാധനാപാത്രമായിരുന്നു ജയന്‍, ഒരു വ്യത്യാസം മാത്രം, ഞാന്‍ ജയന്‍ നായകനായ ഒരു സിനിമ മാത്രമെ തിയേറ്ററില്‍ പോയി കണ്ടിട്ടുള്ളു. അത് മൂര്‍ഖന്‍ എന്ന സിനിമ ആണ്. ആരാധനയൊക്കെ നാട്ടുകാരും സഹപാഠികളും പറഞ്ഞ കഥകളില്‍ നിന്നും വന്നതാണ്.
മൂര്‍ഖന്‍ സിനിമ കണ്ടതില്‍പ്പിന്നെ കുറച്ചുകാലം അതായിരുന്നു ഞങ്ങളുടെ കളി. മൂര്‍ഖന്‍ സിനിമ ഞങ്ങള്‍ (ഞാനും വിധുവും) പലതവണ അഭിനയിച്ചിട്ടുണ്ട്, ചില അനിവാര്യമായ മാറ്റങ്ങള്‍ ഉണ്ടെന്നു മാത്രം.
വില്ലന്‍ ബാലന്‍ കെ നായര്‍ ആണ് (ഞങ്ങളുടെ അടുത്തൊരു വീട്ടിലെ ചേച്ചി പറഞ്ഞതുപോലെ ബാലങ്കെന്നായര്). ബാലങ്കെന്നായര് ജയന്റെ സഹോദരിയെ എന്തോ ചെയ്തു എന്നറിയാം, ഏതായാലും അവസാനം കൊന്നു. അതിന്റെ പ്രതികാരവുമായി നടക്കുകയാണ് നായകന്‍. ഈ പറഞ്ഞ "എന്തോ" ഞങ്ങളുടെ സിനിമയില്‍ വരുന്നില്ല, കാരണം അതെന്തെന്നറിയില്ല.

ഇന്നു ഞാന്‍ ജയന്‍, നീ ബാലങ്കെന്നായര്. നാളെ നീ ജയന്‍, ഞാന്‍ ബാലങ്കെന്നായര്. അതാണ് ഡീല്‍. അപ്പോള്‍ ജയന്റെ ഇന്നത്തെ പ്രകടനവും നാളത്തെ പ്രകടനവും തമ്മില്‍ ഒരു ബന്ധവും ഉണ്ടാകില്ല, കഥ ഒന്നുതന്നെ ആണെങ്കിലും.

നിറയെ കഥാപാത്രങ്ങളുള്ള സിനിമ, അഭിനയിക്കാന്‍ രണ്ടുപേര്‍ മാത്രം. അപ്പോള്‍ സീമയും പപ്പുവും ഒക്കെ ഈ രണ്ടുപേര്‍ അഭിനയിക്കും.

ഇടക്കുവെച്ച് ജയന്‍ ബാലങ്കെന്നായരുടെ ഫോട്ടോ കണ്ട് ഞെട്ടുന്ന ഒരു സീന്‍ ഉണ്ട് സിനിമയില്‍. അതാണ് സിനിമയിലെ ടേണിങ് പോയിന്റ്. ഞങ്ങളുടെ ഇഷ്ടസീനും അതായിരുന്നു. ഈ ഞെട്ടല്‍ ഞങ്ങള്‍ രണ്ടുപേരും മല്‍സരിച്ച് ഭംഗിയാക്കും (മാര്‍ക്കിടാന്‍ ആളില്ലാതിരുന്നതിനാല്‍ ആരാണ് കേമന്‍ എന്ന ഇതുവരെയും തീരുമാനമായിട്ടില്ല). ഒരു കുഴപ്പം മാത്രം, ബാലങ്കെന്നായരുടെ ഫോട്ടോ ഞങ്ങള്‍ക്കെവിടുന്നു കിട്ടാന്‍? അതിനാല്‍ ഗണപതിയുടെ ഒരു പടം വെച്ച് ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു.

മലയാളിക്ക് ജയന്‍ ഇന്നും ഒരു നൊന്പരമായി അവശേഷിക്കുന്നു, എനിക്ക് വിധുവും. അകാലത്തില്‍ ഞങ്ങളെയെല്ലാം വിട്ട് അവന്‍ പോയി. ഇന്നും ആ നല്ല നാളുകള്‍ വല്ലാത്തൊരു വികാരത്തോടെയാണ് ഞാന്‍ ഓര്‍ക്കുന്നത്.
+++++++++++++++++++++++++++++++++++++++++++
ഇടക്കൊരു നാടകം കളി എന്ന കളിയും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. അത് മുന്‍പൊരിക്കല്‍ പറഞ്ഞതാണ്.

ഹോ‌, ഇതിപ്പോഴൊന്നും തീരില്ല, ഇതിനെ ഒരു പോസ്റ്റില്‍ ഒതുക്കാന്‍ വയ്യ. അതിനാല്‍ ഇതിവിടെ കിടക്കട്ടെ, ബാക്കി പിന്നെ.

തുടര്‍ന്നാ വിരോധാവ്വോ ആവോ