Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Tuesday, August 10, 2010

ബ്ലോഗ്‌ മീറ്റിൽ നിന്നും.



ദേ... ഇദ്ദാണ്‌ സംഭവം. പിന്നെ അറിഞ്ഞില്ലാ പറഞ്ഞില്ലാ ന്നൊന്നും പറഞ്ഞിട്ട്‌ കാര്യല്ല്യ.

എവന്മാരൊക്കെ കൂടി ഒരു ഫ്രെയിമിൽ എത്തിക്കാൻ പെട്ട ഒരു പാടേയ്‌... ആദ്യം എല്ലാവർക്കും ഇരുന്നാ മതി, പിന്നെ നിന്നാ മതി. അപ്പൊ പറഞ്ഞു കുറച്ചുപേർ മുന്നിൽ (തറയിൽ) ഇരിക്കട്ടേ എന്ന്‌. അപ്പൊ കാണാം തറയാവാൻ ഒരു തല്ലുകൂട്ടം. ഒടുക്കം ഇരുത്തി ഒരു വഴിക്കാക്കി.
ഒറ്റ ഫ്രെയിമിൽ ക്ലോസപ്പിൽ കിട്ടാത്തവർ അധികമുണ്ടായിരുന്നില്ല എന്നത്‌ വലിയ ഭാഗ്യം തന്ന്യാണേയ്‌.



ഞാൻ തന്നെയായാൽ മുഷിയുമോ?


മത്താപ്പ്‌, കൂതറഹാഷിം, പ്രവീൺ വട്ടപ്പറമ്പത്ത്‌, ചാണ്ടിക്കുഞ്ഞ്‌ (ഒരുത്തൻ പോലും എന്റെ ക്യാമറയിലേയ്ക്ക്‌ നോക്കുന്നില്ല. വല്ല്യ വല്ല്യ ഫോട്ടന്മാർ അപ്രത്ത്‌ പഢം പിഢിക്ക്യല്ലേ)

യെവനാണ്‌ ടെക്നിക്കൽ അഡ്വൈസർ-കം-ടെക്നീഷ്യൻ-കം-ലൈവ്‌സ്ട്രീമർ-കം-കഥാകാരൻ-കം-.........മുള്ളൂക്കാരൻ


ഹബാക്കുക്‌ ആന്റ്‌ ഏയ്ഞ്ചൽ പോലെ വിരുദ്ധദിശകളിലേയ്ക്ക്‌.... ദെന്താപ്പൊ ഇങ്ങനെ വരാനാവോ... ഹരീഷ്‌ എന്തായാലും ഡീസന്റ്‌ ആയി, അബദ്ധത്തിൽ എത്തിപ്പെട്ട ഒരു ലുക്ക്‌ ഉണ്ടെങ്കിലും
മനോരാജ്‌, ഹരീഷ്‌, പ്രവീൺ


പത്രക്കാരനാത്രെ... ന്ന്ട്ടെന്താ കാര്യം. നമ്മക്കും ണ്ട്‌ പത്രോം പത്രാസ്വൊക്കെ.
സന്ദീപ്‌ സലിം.


എന്റീശോ, പ്രസംഗം കൊള്ളാം
ഷിബു മാത്യു ഈശോ തെക്കേടത്ത്‌
 
 
സജ്ജീവേട്ടൻ, വരയിൽ മാത്രമല്ല ചളമടിയിലും (സോറി, പ്രസംഗത്തിലും) മിടുക്കനാണേ...



ജയൻൻൻൻൻൻൻ
ഒരു മൈക്ക്‌ കിട്ടിയിരുന്നെങ്കിൽൽൽൽൽൽൽൽ ചെവി തോണ്ടാമായിരുന്നൂ........


ഷെരീഫ്‌ മാഷ്‌ പിന്നെ കാര്യമേ പറയൂ. കൈകെട്ടി നിന്ന്‌ കേട്ടോളൂ


ഇതിലേതാ സംസാരിക്കാനുള്ള കുന്ത്രാണ്ടം? ആകെ കൺഫൂഷൻ
ഹരീഷ്‌ തൊടുപുഴ



കണ്ണടകൾ വേണോ?
ഇല്ല, പടം അത്ര മങ്ങിയതല്ല.


കുമാരസംഭവങ്ങൾ വായിച്ചേപ്പിന്ന്യാ ഞാൻ പാവപ്പെട്ടവനായത്‌.... ജീവിതാനുഭവങ്ങൾ.....


കൂടെ നിന്ന്‌ ഒരു പടം പിടിക്കണം ന്ന്‌ മുള്ളൂക്കാരനും മുരുകനും തോന്നിയാൽ വേണ്ടാ ന്ന്‌ പറയാനുള്ള അഹങ്കാരമൊന്നും യൂസഫിനില്ലാ... ആളൊരു പാവാണേയ്‌.
 
 
സെയിം സൈസ്‌ ജീവികൾ... (ഞാനാർന്നു കുറേക്കൂടി ചേർച്ച)



സെയിന്റ്‌ ചാണ്ടി ന്നൊരു ജഗതിയൻ കഥാപാത്രമുണ്ട്‌. ഇത്‌ പെയിന്റ്‌ ചാണ്ടി. എന്റിസ്റ്റോ... ന്തോരം പെയിന്റാ, ട്രാൻസ്പാരൻസിയിൽ നിന്നും ഇത്തിരി മാത്രം പിഴച്ചുപോയി. ആ ഷർട്ടിന്റെ കളർ ഒന്നുകൊണ്ട്‌ മാത്രമാ പടം പതിഞ്ഞേ....


മുരുഹാ..... നീ ഇന്ത അളവുക്ക്‌ വന്തിര്‌ക്ക്‌.



നന്തനാർ.... അഥവാ നന്ദനാരാ മോൻ



സാദിക്‌, പാവപ്പെട്ടവൻ, മുരുകൻ കാട്ടാക്കട.


സജ്ജീവേട്ടന്റെ ക്രൂരകൃത്യം. എനിക്ക്‌ ഒരു കുറിയും ചെവിയിലൊരു പൂവും വെച്ചുതന്നു (ചെമ്പരത്തിയാണോ ന്ന്‌ ചോദിച്ചതിന്‌ ഒരു ചിരിയായിരുന്നു മറുപടി).
ഇത്തവണ എന്തായാലും പ്രത്യേകം വിളിച്ചിരുത്തി വരച്ചുതന്നു.

നേരിട്ട്‌ കാണണത്രേം ബോറില്ല പടം.

സാദിക്‌ മാഷ്‌

ഒരു പാര കൂടി ജന്മമെടുക്കുന്നു........

അനന്തരം സ്ക്രീനിൽ ഇങ്ങിനെ


വക്കാ വക്കാ




കാപ്പിൽക്കേച്ചർ

Monday, January 4, 2010

കുഞ്ഞന്റെ ഉത്തരം മുട്ടിക്കാത്ത കുഞ്ഞുചോദ്യങ്ങൾ.

കുഞ്ഞനെന്നാൽ എന്റെ നാലുവയസുകാരൻ മകൻ.

കുട്ടികളുടെ നിഷ്കളങ്കചോദ്യങ്ങൾക്കുമുന്നിൽ ചിലപ്പോൾ നാം ചിലപ്പോൾ ഉത്തരം പറയാനാവാതെ നിന്നുപോകും. ഈ പ്രായത്തിൽ ഉത്തരം പറഞ്ഞാൽ അവർക്ക്‌ മനസിലാകുമോ, വേറെന്തെങ്കിലുമായി മനസിലാക്കുമോ എന്നിങ്ങിനെ പല പ്രശ്നങ്ങളും വന്നേയ്ക്കാം.പക്ഷെ ചില ചോദ്യങ്ങൾ നമ്മെ മണ്ടന്മാർ (മണ്ടികളും) ആക്കും. അതുവരെ പറഞ്ഞുവന്ന കാര്യമെല്ലാം മറന്ന് നാം പൊട്ടിച്ചിരിയ്ക്കും, അതോടൊപ്പം നമ്മുടെ സ്വന്തം ചമ്മലോർത്ത്‌ വീണ്ടും ചിരിയ്ക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും.

എന്റെ വീട്ടിൽ ഈയടുത്തു നടന്ന രണ്ടുസംഭവങ്ങളാണ്‌ ഇവിടെ.
**************************************
സംഭവം നന്പ്ര ഒന്ന്.
എന്റെ ഭാര്യ കുഞ്ഞനെ തിരക്കിട്ട്‌ ഇംഗ്ലീഷ്‌ പഠിപ്പിക്കുകയാണ്‌.
What is your name?
പ്രതീക്ഷിക്കുന്ന മറുപടി (വന്നാലായി, ഇല്ലെങ്കിൽ വീണ്ടും ഇതേ ചോദ്യം ആവർത്തിക്കപ്പെടും)
My name is Haridathan
How old are you?

ഇടയ്ക്കിടെ കുഞ്ഞൻ ഇടങ്കോലിടും.
your name ന്ന് പറഞ്ഞില്ല്യ, അല്ലെങ്കിൽ you-ന്ന് പറഞ്ഞില്ല്യ.

അവസാനം ശ്രീമതി ഓരോ വാക്കിന്റേയും അർത്ഥം പറയാൻ തുടങ്ങി.
I ന്ന് പറഞ്ഞാൽ ഞാൻ.....
You ന്ന് പറഞ്ഞാ നീ......
We ന്ന് പറഞ്ഞാ നമ്മൾ......

പെട്ടെന്ന് കുഞ്ഞന്റെ അടുത്ത ചോദ്യം
അപ്പൊ ഡബ്ലിയൂ ന്ന് പർഞ്ഞാലോ?

U, V കഴിഞ്ഞു, അപ്പോ W-നും വേണമല്ലൊ ഒരർത്ഥം.
************************************

സംഭവം നന്പ്ര രണ്ട്‌.

അമ്മ കഥ പറയുന്നു, കുഞ്ഞൻ കേട്ടിരിക്കുന്നു, ഞാൻ പുസ്തകത്തിൽ ആണ്ടിരിക്കുന്നു.
പറയുന്നത്‌ അയ്യപ്പന്റെ കഥയാണ്‌.

പന്തളം ന്ന്ള്ള ഒരു സ്ഥലത്ത്‌ ഒരു രാജാവ്ണ്ടാർന്നു. രാജാവിനും രാജ്ഞിക്കും കുഞ്ഞാവ ണ്ടാർന്നില്ല്യ. രാജാവിനും രാജ്ഞിക്കും കുഞ്ഞാവല്ല്യലോ ന്ന്ള്ള സങ്കടാർന്നു.
ഒരൂസം രാജാവ്‌ ഒരു കാട്ടില്‌ങ്ങനെ കുതിരേല്‌ പൂവ്വാർന്നു (പോകുകയായിരുന്നു എന്നതിനുള്ള വള്ളുവനാടൻ ഭാഷ്യം).
അപ്പൊ ഒരു കരച്ചില്‌ കേട്ടു. ആരാത്‌ കരേണത്‌ ന്ന് നോക്കി രാജാവ്‌ ചെന്നപ്പഴെന്താ കാണണേ...
ഒരു തുണീൽ ങ്ങനെ കെടക്കാ ഒരു കുഞ്ഞാവ. അടുത്തൊന്നും ആൾക്കാരില്ല്യ.
രാജാവ്‌ വേഗം കുഞ്ഞാവേ വാരി എട്ത്തു, ന്ന്ട്ട്‌ കൊട്ടാരത്തിൽക്ക്‌ കൊണ്ടോയി.....

കുഞ്ഞന്റെ അടുത്ത ഒരു ചോദ്യത്തോടുകൂടി കുറച്ചുനേരം വർത്തമാനം ഒന്നുമുണ്ടായില്ല, വായന നിർത്തി ഞാനും കഥ നിർത്തി ശ്രീമതിയും ചിരി തന്നെ ചിരി.

കുഞ്ഞന്റെ ചോദ്യം ഇതായിരുന്നു.
അപ്പൊ തുണ്യോ?

കുഞ്ഞാവേ എട്ത്തോണ്ട്‌ പോയപ്പൊ രാജാവെന്താ തുണി എട്ത്തോണ്ട്‌ പൂവാത്തെ? ന്യായമായ സംശയം തന്നെ.
-----------------------------
അടുത്തദിവസം മുതൽ ഒരു കുഞ്ഞൻസ്‌ കഥ വീട്ടിൽ സീരിയൽ ആയി ഓടി.

ടോമെഞ്ചെറിയ്ക്ക്‌ (ടോം ആൻഡ്‌ ജെറി) കുട്ട്യോളൊന്നും ണ്ടാർന്നില്ല്യ. ഒരൂസം ടോമെഞ്ചെറി ങ്ങനെ പൂവുംബൊ ഒരു കരച്ചില്‌ കേട്ടു. നോക്കീപ്പൊ ന്താ കണ്ടേ....
ഒരു കുഞ്ഞാവ ങ്ങനെ കെടന്ന് കരേണു.
ടോമെഞ്ചെറി വേഗം കുഞ്ഞാവേ എട്ത്ത്‌ വീട്ടിൽക്ക്‌ പോയി.
അവ്ടെ ചെന്ന് കുഞ്ഞാവയ്ക്ക്‌ വല്ല്യ വട്ടത്തില്‌ള്ള വെറും ദോശ
(ദോശപ്പൊടിയോ ചട്ട്ണിയോ കൂട്ടാത്ത ദോശ മാത്രമായി കൊടുക്കുന്നതാണ്‌ വെറും ദോശ) കൊട്ത്തു.
കുഞ്ഞാവ സ്കൂള്‌ലൊക്കെ പോയി വല്ല്യ കുട്ട്യായി.

അത്രേള്ളു കഥ.

സിംഹം അച്ഛനും അമ്മേം എന്ന വേർഷനും ഇപ്പോൾ സക്സസ്‌ഫുൾ ആയി ഓടുന്നുണ്ട്‌.

ചിലപ്പോൾ ടോമെഞ്ചെറി കുന്തത്തിലും കയറി പറക്കും.
കുഞ്ഞന്റെ ഭാവനകളും.....

Friday, July 10, 2009

എന്റെ നല്ല കണ്ണാടി ..... (പാക്കരചരിതം രണ്ടാംഖണ്ഡം)

പാക്കരന്റെ ഇൻട്രൊഡക്ഷൻ വായിച്ചുകാണുമെന്നു പ്രതീക്ഷിക്കുന്നു.

പാക്കരന്റെ പോസ്റ്റ്‌ ബാംഗ്ലൂർ വിശേഷങ്ങളും ഇത്തിരി ചരിത്രവും ആണിനി.

ബാംഗ്ലൂർ വിട്ടതിനുശേഷം കുറച്ചുകാലം പാക്കരന്റെ വാർത്തകൾ അധികമൊന്നും കേൾക്കാനില്ലായിരുന്നു. ബോംബെ, ഡല്‍ഹി, പാലക്കാട്‌ തുടങ്ങിയ മഹാനഗരങ്ങളിൽ അവൻ മാറിമാറി യാത്രചെയ്തു, ജോലിതെണ്ടി.

അവനെ ജോലിക്കെടുത്തവർ തെണ്ടിയോ എന്നറിയില്ല.

ഇടയ്ക്കെപ്പോഴോ ശുക്രന്റെ മുൻഗണനാലിസ്റ്റിൽ അവന്റെ പേരു പരിഗണനയ്ക്കു വന്നപ്പോൾ അവൻ ബിലാത്തിയ്ക്കു വണ്ടി (സോറി വിമാനം) കയറി.

ശീമക്കൊന്നയുടെ നാട്ടിൽ കിട്ടാത്ത വില അവന്‌ ശീമയിൽ കിട്ടി. സായിപ്പുമായി കുറച്ചുകാലം ഷുൾഡ്‌ കുൾഡ്‌ അടിച്ചു അവരെ നിലംപരിശാക്കി. അവിടിനി പരിശാവാൻ സായിപ്പന്മാരൊന്നും ബാക്കിയില്ലെന്നു ഉറപ്പുവരുത്തിയതിനുശേഷം വീണ്ടും ഗോസായിമാരെ കുരിശിലാക്കാൻ അവൻ ഭാരതമാതാക്കീജെയ്‌ വിളിച്ചു.

ബിലാത്തിയിൽ നിന്നും പാക്കരൻ തിരിച്ചത്‌ ഹൈദരാബാദിലേക്കാണ്‌.

ഹൈദരാബാദും പാക്കരനും തമ്മിൽ ഒരു അഭേദ്യബന്ധം ഉണ്ട്‌. അതറിയാനായി പാക്കരന്റെ പൂർവ്വികരുടെ ചരിത്രം അറിയണം.

പരശുരാമൻ മഴുവിന്‌ ഓർഡർ കൊടുത്ത്‌ കരുവാന്റെ ആലയിൽ കുത്തിയിരിക്കുന്ന കാലം. അപ്പോൾ പാക്കരന്റെ പൂർവ്വികർ "ഏമണ്ടി ചെപ്പെണ്ടി" പറഞ്ഞു നടക്കുന്ന കാലമായിരുന്നു. ആന്ധ്രയാണോ തെലുങ്കാനയാണോ എന്നതിനു കൃത്യമായി രേഖകളില്ല.
പിന്നീട്‌ കരുവാൻ പണി തീർത്ത്‌ മഴു സെറ്റപ്പാക്കി കൊടുത്തപ്പോൾ അതിനെ വലിച്ചെറിഞ്ഞ്‌ പരശുവേട്ടൻ കേരളമുണ്ടാക്കി.
ഗാഡ്സ്‌ ആൺ കണ്ട്രി റെഡിയെന്ന് കേട്ടപ്പോൾ പാക്കരന്റെ പൂർവ്വികരിൽ ചിലർ കേരളം ലക്ഷ്യമാക്കി തെലുങ്കുനാട്ടിൽ നിന്നും യാത്രതിരിച്ചു.
നിർഭാഗ്യവശാൽ അന്ന് സർവ്വെ ഓഫ്‌ ഇൻഡ്യ രൂപപ്പെട്ടിട്ടില്ല്ലാതിരുന്നതിനാൽ ഭൂപടങ്ങൾ ഒന്നും ഇല്ലായിരുന്നു. അതിനാൽ അവർക്ക്‌ പാലക്കാടൻ ചുരം ലൊക്കേറ്റ്‌ ചെയ്യാൻ സാധിച്ചില്ല. അങ്ങിനെ അവർ തമിഴ്‌നാട്ടിൽ കുടുങ്ങിപ്പോയി, സംസാരഭാഷ തമിഴായി.
പിന്നീടെപ്പോഴോ ഒരു ഭാഗ്യവാന്റെ കയ്യിൽ ഭൂപടം എത്തിപ്പെട്ടു, പാലക്കാടൻ ചുരം കടന്ന് അവർ പാലക്കാട്‌ വരെ എത്തി. അപ്പോഴേക്കും തന്നെ മലയാളിയുടെ കൊണം മനസിലായതിനാൽ അവർ കൂടുതൽ യാത്രചെയ്ത്‌ ബുദ്ധിമുട്ടേണ്ട എന്നു തീരുമാനിച്ചു. അങ്ങിനെ പാക്കരന്റെ ഇമ്മീഡിയറ്റ്‌ ആൻസെസ്റ്റേഴ്സ്‌ പാലക്കാട്ടുകാരായി, പാക്കരനും.

ഇപ്പറഞ്ഞ ചരിത്രം ഉള്ളതിനാൽ പാക്കരന്‌ തന്റെ പൂർവ്വികരുടെ ഭാഷയായ തെലുങ്ക്‌ ഒരു വസ്തു മനസിലാവില്ല. കുട്ടിക്കാലത്ത്‌ പഠിച്ചത്‌ മലയാളം ആൻഡ്‌ തമിഴ്‌ ഒള്ളി. പൂർവ്വികർ എന്നേ ഹൈദരാബാദത്തിൽ നിന്നും കുടിയേറിയതാണല്ലൊ (സത്യം പറഞ്ഞാൽ കുടിയേറുന്നതാണത്രെ ഈ ലോകത്തെ സമസ്ത പ്രശ്നങ്ങൾക്കും കാരണം, കുടിയേറി കുടിയേറി മുഴുക്കുടിയിൽ എത്തിയാൽ പിന്നെ രക്ഷയില്ല)

തെലുങ്ക്‌ ഒരു വകയ്ക്ക്‌ മനസിലാവില്ലെങ്കിലും പാക്കരൻ ഹൈദരാബാദിൽ കുറച്ചുകാലം തന്പടിച്ചു. കൂടെ പണിയെടുക്കുന്ന ഒരു കൊച്ച്‌ ഏമണ്ടീ (മലയാളത്തിൽ എന്താഹേ എന്നു ചോദിക്കുന്നതിന്റെ ഒരു ഗുൾട്ട്‌ വകഭേദം ആണെന്നാണ്‌ എന്റെ അറിവ്‌, തെലുങ്കറിയുന്നവർ തിരുത്തണേ) എന്നു ചോദിച്ചപ്പോൾ ഏമണ്ടനല്ല ഏ ബുദ്ധിമാൻ ആണ്‌ എന്നു തിരിച്ചടിച്ചെന്നാണ്‌ സിയൈഡി റിപ്പോർട്ട്‌

കുറച്ചു കഴിഞ്ഞപ്പോൾ തന്പെല്ലാം അഴിച്ചു ബാംഗ്ലൂരിൽ വന്നു കെട്ടിപ്പൊക്കി.

ഈ കാലയളവിൽ അവനൊരിക്കൽ എന്നെ ഒരു റെഡ്ഡി ബിൽഡർക്ക്‌ പരിചയപ്പെടുത്തി. നേരത്തെ പറഞ്ഞതുപോലെ, സൗഹൃദങ്ങൾ ഉണ്ടാക്കാനും നിലനിർത്താനും അന്യാദൃശമായൊരു കഴിവുള്ള അവൻ ഓഫീസിൽ പോകുന്ന വഴി കണ്ടു പരിചയപ്പെട്ടതാണ്‌ ഈ റെഡ്ഡിയെ. ഞങ്ങളുടെ ബാഗ്ലൂരിലുള്ള ഫ്ലാറ്റ്‌ ആ പരിചയം വഴി വാങ്ങിയതാണ്‌.

കുറച്ചുകാലം മാതൃഭൂമിയിൽ നിന്നു സേവിച്ചതിനു ശേഷം അവൻ വീണ്ടും പറക്കാൻ തീരുമാനിച്ചു. ബിലാത്തിയിലെ സായിപ്പന്മാരെ എല്ലാം പരിശാക്കി കഴിഞ്ഞല്ലൊ, അതിനാൽ ഇത്തവണ അവന്റെ യാത്ര ഐക്യനാടുകളിലേക്കായിരുന്നു.

ക്രോണിക്‌ ബാച്ചിലറാവാൻ വല്യ താൽപര്യമില്ലാതിരുന്നതിനാൽ അവൻ പെണ്ണു കെട്ടി. ഇപ്പോൾ ഭാര്യയും കുഞ്ഞുമായി ഒബാമയുടെ നാട്ടിൽ അമേരിക്കൻ ജങ്ങ്ഷനിൽ ഏതെങ്കിലും പെട്ടിക്കടയിൽ നിന്നും നാരങ്ങസോഡ കുടിക്കുന്നുണ്ടാവും അവൻ. ഏതെങ്കിലും സായിപ്പിനോട്‌ "നിയ്ക്കെന്താണ്ടാ പിരാന്ത്ണ്ടാ" എന്നു ചോദിക്കുന്നുണ്ടോ ആവോ?

ഇപ്പോഴും ഇടയ്ക്കിടെ അവൻ വിളിക്കാറുണ്ട്‌. നമസ്കാരം എന്ന നീട്ടിയുള്ള തുടക്കം കേട്ടാൽ അറിയാം അടുത്ത ഇരുപതുമിനിറ്റിനു ഇനിയൊന്നും നോക്കേണ്ട എന്ന്.
പാക്കരന്റെ കഥ ഇവിടെ പൂർണ്ണമാകുന്നില്ല. ഇനിയുമൊരുപാടുകാലം ഞങ്ങൾക്കിടയിൽ സ്നേഹവുമായി അവൻ വരും. ചെറിയ ചെറിയ മണ്ടത്തരങ്ങളും തമാശകളും ജീവിതപാഠങ്ങളുമായി.
ആ നല്ല കണ്ണാടിയുടെ അടുത്ത ഇൻഡ്യൻ യാത്രയ്ക്കായി കാത്തിരിക്കാം.

Friday, July 3, 2009

എന്റെ നല്ല കണ്ണാടി .....

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നാണല്ലോ പണ്ടു വിവരമുണ്ടായിരുന്നവര് പറഞ്ഞത്. ഞാനും എന്റെ ഒരു നല്ല ചങ്ങാതിയെക്കുറിച്ച് ഇവിടെ കുറിക്കട്ടെ.

ഒരു ബാക്ക്ഗ്രൌണ്ട് പറഞ്ഞു കഥ തുടങ്ങാം.

കൃസ്തുവിനു ശേഷം ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ബാംഗ്ലൂരില്‍ കാലുകുത്തുന്നത്. കൊല്ലവര്‍ഷം വല്യ പിടിയില്ലാത്തോണ്ടു കണക്കുകൂട്ടാന്‍ വയ്യ. (ഇത്രേം വര്‍ഷം എന്ത് ചെയ്തോണ്ടിരിക്കുവാരുന്നെടാ കെഴങ്ങാ എന്ന് ചോദിക്കല്ലേ)

കഷ്ടി രണ്ടുകൊല്ലം പാലക്കാട്ട് തന്നെ ജോലി ചെയ്തു ഒരുവഴിയ്ക്കായതിനുശേഷമാണ് ഞാന്‍ ബാംഗ്ലൂരില്‍ എത്തുന്നത്‌, അതും ജോലി രാജി വെച്ച്. കന്പനിയുടെ പേര് നിങ്ങള്‍ കേട്ടുകാണും, ഇന്ന് ആ പേര് സ്വന്തം റേഷന്‍ കാര്‍ഡില്‍ അടിച്ചു കിട്ടാന്‍ പല കള്ളക്കളികളും നാട്ടാര് നടത്തുന്നുണ്ട്.

ജോലി ഇല്ലാതെ ബാംഗ്ലൂരില്‍ കുറച്ചുകാലം കറങ്ങി, അവസാനം IISc എന്ന ആ വലിയ ലോകത്ത് ഒരു പ്രോജക്റ്റ്‌ അസിസ്റ്റന്റ് ആയി പണി ഒപ്പിച്ചു. സന്പാദ്യം എന്ന് പറയാന്‍ കാര്യമായി ഒന്നുമില്ല, വല്ലതും കിട്ടിയാലല്ലേ. ലക്ഷ്മിയുമായി മുട്ടന്‍ ഒടക്ക്.

അന്നു ഞാൻ താമസിച്ചിരുന്നതു എന്റെ വല്ല്യേട്ടന്റെ കൂടെ ആയിരുന്നു. വല്ല്യേട്ടന്റെ ഭാര്യാസഹോദരൻ ആയ ദിലീപും അവിടെ തന്നെ ആയിരുന്നു താമസിച്ചിരുന്നത്‌. ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്വെയർ കന്പനിയില്‍ ഗുമസ്തപ്പണി ആയിരുന്നു അന്നു ദിലീപിന്‌. ഞാൻ ഐ ഐ എസ്‌ സിയിൽ കയറിപ്പറ്റിയപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടി യശ്വന്ത്പുര എന്ന സ്ഥലത്ത് വാടകയ്ക്കൊരു വീടെടുത്തു താമസിക്കാൻ തീരുമാനിച്ചു നേരത്തെ പറഞ്ഞതുപോലെ, ഞാനും ലക്ഷ്മിയും മുട്ടൻ ഒടക്കായിരുന്നല്ലോ, ദിലീപാണു ഞങ്ങൾക്കിടയിലെ മധ്യസ്ഥൻ. ദിലീപിനെക്കുറിച്ചും പറയേണ്ടതുണ്ട്‌. ആളു കണ്ടാൽ എന്നെപ്പോലെ അല്ല. ഞങ്ങൾ രണ്ടുപേരും യശ്വന്തപുരയിലെ ലോറൽ-ഹാർഡി ആയാണു അറിയപ്പെട്ടിരുന്നത്‌. പ്രൊഫെയിലിലെ എന്റെ പടം കണ്ടാൽ നിങ്ങൾക്ക്‌ മനസിലാവും ആരാണു ലോറൽ എന്ന്.

ആ വീടിന്റെ മുതലാളിക്ക്‌ അതേ ലെയിനിൽ രണ്ട്‌ വീടുകൾ കൂടി ഉണ്ടായിരുന്നു, ആകെ നാലും രണ്ടും ആറു മെയിൻ ചുവരുകൾ. ഒരു ദീര്‍ഘചതുരപ്പെട്ടി മൂന്നാക്കി ഭാഗിച്ചതുപോലിരിക്കും.
ആദ്യത്തെ വീട്ടിൽ ഒരു വലിയ ഫാമിലി ആണു താമസം. രണ്ടാമത്തേതിൽ ഭാര്യ, ഭർത്താവ്‌, കുഞ്ഞ്‌ എന്നിങ്ങിനെയുള്ള ചെറിയ കുടുംബം, മൂന്നാമത്തേതിൽ ഞങ്ങൾ രണ്ട്‌ അവിവാഹിതർ.

മാസവാടക അറുനൂറു രൂഭാ.... സിക്സ് ഹണ്ട്രഡ് ബക്സ് എന്ന് ഇന്നത്തെ തലമുറയിലെ മല്ലൂസ് പറയും.
വീടിനെക്കുറിച്ച്‌ ഒരു ഏകദേശധാരണ തരാം.

ഒരു മുറി, സിമന്റിട്ട തറ. ഒരു അടുക്കള, അങ്ങിനെ പറഞ്ഞറിയിക്കണം. ഒരു സ്റ്റവ്‌ വെച്ചാൽ അടുക്കളയാകും എങ്കിൽ ഇതൊരു അടുക്കള തന്നെ. വാതിൽ പ്രത്യേകമായില്ല. ഒരു കുളിമുറി. ഇതിനു വാതിലുണ്ട്‌. മുറിയുടെ മുക്കാൽ ഭാഗം ഒരു സിമന്റ്‌ തൊട്ടിയാണ്‌. അതിൽ വെള്ളം നിറച്ചു വെയ്ക്കണം. വേറെ പൈപ്പ്‌ ഒന്നും ഇല്ല. ഈ സിമന്റ്‌ തൊട്ടി കഴിഞ്ഞാൽ പിന്നെ ഒരു ബക്കറ്റ്‌ വെയ്ക്കാനുള്ള സ്ഥലം കൂടി ഈ കുളിമുറിയിൽ ഉണ്ട്‌.

ബാംഗ്ലൂരിൽ, പ്രത്യേകിച്ചും നവംബർ ഡിസംബർ മാസങ്ങളിൽ സാമാന്യം നല്ല തണുപ്പാണ്‌. അന്നത്തെ സ്റ്റാൻഡേർഡിൽ അസാമാന്യതണുപ്പ്‌. തൃശ്ശൂരിൽ ഇതിനു "ചുട്ട തണുപ്പിസ്റ്റാ" എന്നും പറയും.
നമുക്കാണെങ്കിൽ സിമന്റ്‌ തറ, സിമന്റ്‌ തൊട്ടി.... ആകെപ്പാടെ തണുപ്പ്‌ ശരീരത്തിൽ സൂചിതുളയ്കുംവിധം കയറാനുള്ള സെറ്റപ്പ്‌ മുഴുവൻ ഉണ്ട്‌. വെള്ളത്തിൽ തൊട്ടാൽ തന്നെ കുളിക്കാനുള്ള സകല മൂഡും പോയിക്കിട്ടും. "ഈശ്വരാ, ഇനിയെന്നാണാവോ ഒരു കുളി തരാവ്വാ" എന്ന് ചിന്തിച്ച ദിവസങ്ങൾ കുറവല്ല (കടപ്പാട്‌ - എന്റെ കസിൻ ശങ്കറിന്‌)
ലണ്ടൻ വിദേശത്തായിരുന്നു. (മനസ്സിലാകാത്തവർക്ക്‌ വേണ്ടി മലയാളത്തിൽ തന്നെ പറയാം - പ്രാഥമികകൃത്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യം വീടിനു പുറത്തായിരുന്നു. ഞങ്ങൾ അടക്കം രണ്ടു വീട്ടുകാർ ഈ സൗകര്യം ഉപയോഗിച്ചിരുന്നു)

ഏതാണ്ട് കാര്യങ്ങള്‍ മനസിലായല്ലോ. ഇനി വരുന്നൂ വെള്ളത്തിന്റെ കഥ.

മൂന്നു വീടുകള്‍ക്കുമായി ഒരു പൈപ്പുണ്ട്. മലയാളീകരിച്ചാല്‍ കോമന്റെ കണക്ഷന്‍. ബിഎംപി വെള്ളം അതില്‍ ഒന്നരാടം ദിവസങ്ങളില്‍ ചീറ്റും. (ചീറ്റല്‍??? അതിത്തിരി ആഡംബരം ആയോ എന്നൊരു സംശയം ഇല്ലാതില്ല. ഞങ്ങള്‍ നൂലുപോലുള്ള രൂപമാണ് അധികം കണ്ടിട്ടുള്ളത്, കാരണം പിന്നീട് പറയുന്നുണ്ട്. ഒഴുകും എന്ന് പറഞ്ഞാല്‍ മതി).

മൂന്നു വീട്ടുകാര്‍ക്കുമായി ഒരു കോമന്‍ എന്ന് പറഞ്ഞാല്‍ നിങ്ങള് വിചാരിക്കും കോമന്റെ പേരില്‍ എന്നും തമ്മില്‍തല്ലാണെന്നു. അടുത്ത രണ്ടു ദിവസത്തിനുള്ള പല്ലുതേപ്പ്‌, കുളി, പാചകം, ലണ്ടൻ തുടങ്ങിയ ആവശ്യങ്ങൾ എല്ലാം ഇപ്പറഞ്ഞ വെള്ളത്തിൽ വേണമെന്നിരിക്കെ ആ സംശയം ന്യായം തന്നെ. പക്ഷെ അങ്ങിനെയൊരു പരിപാടി അവിടെ നടന്നിട്ടേയില്ല. ഞങ്ങൾ മൂന്നു വീട്ടുകാരും അസാമാന്യമായ സ്നേഹസാഹോദര്യസമാധാനരമ്യതയാദികളോടെയാണു (ഹൊ, പറഞ്ഞു കഴിഞ്ഞപ്പോൾ എന്തൊരാശ്വാസം) ജീവിച്ചിരുന്നത്‌.

വെള്ളം വരുന്ന സമയമാണ്‌ ഏകപാര. അതിരാവിലെ മൂന്നു മൂന്നരയ്ക്കാണ്‌ വെള്ളം വരുന്നത്‌. പണ്ടുമുതൽക്കേ ഉദയസൂര്യനെ ഇലക്ഷൻ കാലത്തു പോസ്റ്ററില്‍ മാത്രം കണ്ടുശീലിച്ച ഞങ്ങൾക്ക്‌ ഇതെങ്ങിനെ നേരിടാനാവും?

സൊല്യൂഷൻ ഇപ്രകാരം
ഫാമിലി ആയി താമസിക്കുന്ന ആള്‍ക്കാര്‍ക്കാണല്ലോ വെള്ളത്തിന്റെ ഏറ്റവും കൂടുതല്‍ ആവശ്യം. അതിനാല്‍ ആദ്യം ഏറ്റവും മുന്നിലത്തെ വീട്ടില്‍ താമസിക്കുന്നവര്‍ വെള്ളം പിടിക്കും. അവരുടെ ആവശ്യം കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലെ ആള്‍ക്കാര്‍ക്കാണ് അവസരം. അത് കഴിഞ്ഞു അവര്‍ ഞങ്ങളുടെ വീടിന്റെ വാതില്‍ക്കല്‍ തട്ടി ഞങ്ങളെ വിളിച്ചുണര്‍ത്തും. ഞങ്ങള്‍ രണ്ടു ബക്കറ്റുമായി ഇറങ്ങിച്ചെന്നു വെള്ളം പിടിക്കും. വെള്ളത്തിന്റെ ഒഴുക്ക് ഒരു നൂലിന്റെ രൂപമാകാന്‍ അധികം താമസം കാണില്ല അപ്പോഴേക്കും. ഞങ്ങൾക്കു പാചകം എന്ന കലാപരിപാടി അനാവശ്യമായിരുന്നതിനാൽ അത്ര തിരക്കില്ല. പിന്നെ കുളി.... അതിന്റെ കാര്യം നേരത്തെ പറഞ്ഞതാണല്ലൊ.

ഇതിലെന്തു കഥ എന്നു മാന്യവായനക്കാർ ചിന്തിക്കാൻ വരട്ടെ. ആദ്യമേ പറഞ്ഞല്ലൊ, ഇതു വെറും ബാക്ക്ഗ്രൗണ്ട്‌.... കഥ വരുന്നേയുള്ളു.

ഇത്രയും പറഞ്ഞത്‌ വിജയഭാസ്കർ എന്ന ചരിത്രപുരുഷനെ പരിചയപ്പെടുത്താനാണ്‌. തൽക്കാലം സൗകര്യത്തിനായി നമുക്കവനെ പാക്കരൻ എന്നു വിളിക്കാം. (സൗകര്യത്തിനു എന്നു പറഞ്ഞുവെന്നേയുള്ളു, അനാദികാലം മുതൽ അവനും അവനേപ്പോലുള്ള ഭാസ്കരന്മാരും കേൾക്കുന്നതാണ്‌ പാക്കരോ എന്ന വിളി)

പാക്കരൻ എന്റെ കലാലയസുഹൃത്താണ്‌. എഞ്ചിനീയറിങ്ങിനു പഠിക്കുന്പോള്‍ ഉള്ള സഹപാഠി.

സാധാരണഗതിയിൽ വഴിയിൽ വെച്ചു കണ്ടാൽ ഓർമ്മിക്കാൻ തക്ക താരപരിവേഷമൊന്നുമില്ലാത്ത സാധാരണക്കാരൻ. ദൃഷ്ടിദോഷം കാരണം കാലം ഏല്‍പ്പിച്ച മുറിപ്പാടിന്റെ യാതന അവന്റെ മുഖത്ത് നോക്കിയാലറിയാം. (മനസിലായില്ലല്ലെ.... നല്ലൊരു കട്ടിക്കണ്ണട ഉണ്ട്‌ അവന്‌, അതിന്റെ പാട്‌ മൂക്കിൽ കാണാം)

പക്ഷെ ഒരിക്കൽ പരിചയപ്പെട്ടാൽ, സൗഹൃദമായാൽ, ഒരുവിധം ജനമൊന്നും അവനെ അത്ര പെട്ടെന്ന് മറക്കില്ല, മറക്കാൻ അവൻ അനുവദിക്കുകയുമില്ല. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ ഒരു സ്പെഷൽ സിദ്ധി ഉണ്ടായിരുന്നു അവന്‌. എനിക്കൊക്കെ മൊത്തം ജീവിതത്തിൽ അറിയാവുന്നതിൽ കൂടുതൽ കൂട്ടുകാർ അവന്‌ പാലക്കാട്ടെ മൂത്താന്തറയിൽ തന്നെ ഉണ്ട്‌.

ഭാഷ തനി പാലക്കാടനാണ്‌. അതെഴുതി ഫലിപ്പിക്കാൻ ഇത്തിരി പാടാണ്‌, ശ്രമിക്കാം എന്നേ പറയാനാവൂ. സാക്ഷാൽ ഓ വി വിജയൻ എഴുതിയിട്ടുപോലും ഒരു പാലക്കാടനല്ലാതെ ആ ഭാഷ ശരിക്കു മനസിലാക്കി രസിച്ചു വായിക്കാനാവില്ല, പിന്നല്ലേ ഞാൻ.

എഞ്ചിനീയറിങ്ങ്‌ കഴിഞ്ഞ്‌ രണ്ടുവർഷമായിട്ടും ഒരു ജോലി സന്പാദിക്കാന്‍ അവന്‌ കഴിഞ്ഞില്ല. ഒരുവർഷം പാലക്കാട്ടെ ഒരു പൊതുമേഖലാസ്ഥാപനത്തിൽ അപ്രന്റീസ്‌ ആയി ജോലി ചെയ്തതും അൽപം ഒറാക്കിൾ പരിജ്ഞാനവുമായാണ്‌ പാക്കരൻ ബാംഗ്ലൂരിലേക്ക്‌ വണ്ടികയറിയത്‌. കുറച്ചു ദിവസം ബാംഗ്ലൂരിൽ ഭാഗ്യം പരീക്ഷിക്കാം എന്ന ചിന്തയുമായാണ്‌ പാക്കരന്റെ ബാംഗ്ലൂർ ആഗമനം. സ്വാഭാവികമായും, താമസം ഞങ്ങളുടെ കൂടെ. അവിടെ അവന്‌ വേറെ ആരെയും പരിചയമില്ല. അവിടെയാകട്ടെ ഞാൻ ജോലി എന്നു പറയാൻ മാത്രമുള്ള ഒന്നും കയ്യിലില്ലാതെ ദിലീപിന്റെ സഹായത്താൽ ഒപ്പിച്ചു കൂടുന്നു. നല്ല ബെസ്റ്റ്‌ ഉരലും മദ്ദളവും.

ഈ വെള്ളം പിടിയും പാക്കരനും തമ്മിൽ എന്തു ബന്ധം? അതു പറയണമെങ്കിൽ പാക്കരന്റെ മറ്റൊരു സവിശേഷത കൂടി പറയണം.

കിടന്നാലുടനെ ഉറങ്ങാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്‌.
ഈ ഭാഗ്യം വേണ്ടുവോളം കോരിച്ചൊരിയപ്പെട്ട ഒരു അസുലഭമനുഷ്യനാണ്‌ നമ്മുടെ പാക്കരൻ. ഞാനും ദിലീപും അക്കാര്യത്തിൽ വളരെ നിർഭാഗ്യവാന്മാർ ആയിരുന്നു.

ദിവസേനയെന്നോണം നടന്നിരുന്ന ഒരു സംഭവശ്രേണി പറയാം, പാക്കരന്റെ ഉറക്കത്തിനു ഉദാഹരണമായിട്ട്‌.

കിടക്കാൻ നേരം അൽപം വായനയോ കത്തിയോ ആയി കുറച്ച്‌ സമയം ചിലവഴിക്കൽ എന്റെയും ദിലീപിന്റെയും ഒരു സ്വഭാവമാണ്‌. കിടന്നാൽ ഉറക്കം വരാൻ ഒരുപാട്‌ സമയമെടുക്കും എന്നതും ഇതിനൊരു കാരണമായിരുന്നു.

ഇടയ്ക്ക്‌ ഞങ്ങളൊന്നു വിളിക്കും.... പാക്കരാ....

അവിടുന്നു മറുപടിയും കിട്ടും... വോ വോ.... ഞാ ഒർങ്ങീട്ടില്ല......

ഒരുമിനിറ്റ്‌ കഴിഞ്ഞ്‌ ഒരു വിളി കൂടി.... പാക്കരാ....

നയൻ ഔട്ട്‌ ഓഫ്‌ ടെൻ...... മറുപടി കാണില്ല.

പരിപൂർണ്ണ ബോധത്തിൽ നിന്നും ഉറക്കത്തിലേക്ക്‌ മാറാൻ അവനു ഇത്ര സമയം മതി.
ഞങ്ങൾ അസൂയയോടെ അവനെ നോക്കും, അല്ലാതെന്തു ചെയ്യാൻ.

ഇനിയാണു വെള്ളം പിടി.

അതിരാവിലെ എഴുന്നേൽക്കുന്ന കാര്യം പറഞ്ഞല്ലൊ. അടുത്ത വീട്ടുകാർ വന്നു വാതിലിൽ തട്ടിയാണു ഞങ്ങളെ വിളിക്കാറ്‌. അതുതന്നെ നല്ലൊരു ശബ്ദത്തിലാണു തട്ടൽ.
ഞങ്ങൾ എഴുന്നേറ്റ്‌ രണ്ട്‌ ബക്കറ്റുമായി ചെന്നു പൈപ്പിനുകീഴിൽ വെച്ച്‌ വെള്ളം നിറയ്ക്കും. തിരിച്ചു വന്നു കുളിമുറിയിലെ സിമന്റ്‌ തൊട്ടിയിൽ ഒഴിക്കും. ഒരു പത്തിരുപതു ബക്കറ്റ്‌ വെള്ളം കൊണ്ടേ ടാങ്ക്‌ നിറയൂ. അതു ടാങ്ക്‌ അത്ര വലുതായതിനാലല്ല, ബക്കറ്റിന്റെ വലിപ്പം അത്രയേ ഉള്ളു എന്നതിനാലാണ്‌.

ഇതിനും അസാരം ശബ്ദമുണ്ട്‌. ബക്കറ്റിന്റെ തട്ടലും മുട്ടലും, വെള്ളം ഒഴിക്കുന്നതിന്റെ ശബ്ദം, ഇടയ്ക്കിടെ ഞങ്ങളുടെ സംസാരം.... ആകെ കോലാഹലം. ഒരുവിധം അയൽക്കാരൊക്കെ ഈ ശബ്ദം കൊണ്ടുമാത്രം ഉണരും.

നമ്മുടെ പാക്കരനു മാത്രം ഒരു കുലുക്കവുമില്ല. ആശാൻ നല്ല സുഖമായി തന്നെ തന്റെ ഉറക്കം തുടരും. ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോട്ടെ എന്നു കരുതി ഞങ്ങൾ വിളിക്കില്ല, എന്നാൽ ഉണരുന്നെങ്കിൽ ഉണർന്നോട്ടെ എന്ന ചിന്തയിൽ പരമാവധി ശബ്ദമുണ്ടാക്കുകയും ചെയ്യും.

ങ്ങേഹെ...... പാക്കരന്റെ ഉറക്കം അനുസ്യൂതം തുടരും.

രാവിലെ കിഴക്ക്‌ വെള്ള കീറി കംപ്ലീറ്റ്‌ നാശകോടാലി ആയിക്കഴിഞ്ഞാലേ പാക്കരന്റെ ഉറക്കം തീരൂ. ഞങ്ങളുടെ തത്രപ്പാടിന്റെ കാര്യം അവനറിയാം. അതിനാൽ സഹായിക്കാനായില്ലല്ലൊ എന്ന നിരാശയിൽ അവൻ പറയും.

അയ്യേ.... ഞാൻ അർഞ്ഞും കൂടി ഇല്ല. എന്താണ്ടാ... വിൾക്കാർന്നില്ലേ

ഹാവൂ... ഇത്ര ശബ്ദമുണ്ടാക്കിയിട്ടും എഴുന്നേൽക്കാത്ത പാക്കരനല്ലെ പാക്കരാ എന്ന ഒറ്റ വിളിക്ക്‌ എഴുന്നേൽക്കുന്നത്‌.... അല്ലപിന്നെ.

പാക്കരന്റെ വിശേഷങ്ങൾ ഇനിയുമുണ്ട്‌.

ഒരുദിവസം ഉച്ചയ്ക്ക്‌ ജോലിതെണ്ടൽ കഴിഞ്ഞു വന്ന പാക്കരൻ അതിഗംഭീരമായൊരു താത്വികസംശയം ചോദിച്ചു.

ഡാ... ഇന്ന് അയ്‌ ഹോട്ടൽ-ല്‌ ഊണു കഴ്ഞ്ഞപ്പളെയ്‌ ഒരു പാത്രത്തില്‌ ചുടുവെള്ളൂം നാരങ്ങേം കൊണ്ടുവെച്ചെഡാ.... അതെന്തിനാണ്ടാ???

അന്ന് ഞാനും ദിലീപും ചിരിച്ചതിനു കണക്കില്ല.

പാക്കരൻ അവന്റെ കട്ടിക്കണ്ണടയ്ക്കിടയിലൂടെ ഞങ്ങളെ കൂടുതൽ തുറിച്ചുനോക്കി. (അവൻ സാധാരണരീതിയിൽ നോക്കിയാലും തുറിച്ചുനോട്ടം ആയേ തോന്നൂ, അതിനാലാണു കൂടുതൽ തുറിച്ചുനോക്കി എന്നു പറയേണ്ടിവരുന്നത്‌)

ഒരു പൊതുവിജ്ഞാനം - ബാംഗ്ലൂരിൽ ചെറിയ ഹോട്ടലുകളിൽ പോലും ഫിംഗർബൗൾ എന്നറിയപ്പെടുന്ന "ചുടുവെള്ളൂം നാരങ്ങേം" കിട്ടും.

അന്നു തുറിച്ചു നോക്കിയ പാക്കരനെ എന്റെ വിവാഹശേഷം ആദ്യമായി കാണുന്പോള്‍ കത്തിയും മുള്ളും എങ്ങിനെയാണ്‌ ഉപയോഗിക്കേണ്ടത്‌ എന്ന് എന്നെയും എന്റെ സഹധർമ്മിണിയേയും പഠിപ്പിച്ചു എന്നത്‌ ആ നല്ല സുഹൃത്തിന്റെ പുരോഗതി എത്രയെന്ന് മനസിലാക്കാൻ നമ്മെ സഹായിക്കും.

ഏതൊരു ക്വാളിഫൈഡ്‌ മലയാളിയേയും പോലെ പാക്കരനും ബാംഗ്ലൂരിൽ എത്തിയത്‌ ഒരു ജോലി അന്വേഷിച്ചു തന്നെയായിരുന്നു. രണ്ടാഴ്ചത്തെ ബാംഗ്ലൂർ വാസം അവന്റെ ശുഭപ്രതീക്ഷകളെ തല്ലിക്കെടുത്തിയോ എന്നറിയില്ല.
ഏതായാലും അധികം വൈകാതെ അവൻ ബാംഗ്ലൂരിലെ തെണ്ടൽ അവസാനിപ്പിച്ച്‌ ബോംബേയ്ക്ക്‌ വണ്ടികയറി.

ആകസ്മികമാവാം, ഞങ്ങൾ ആ വീട്ടിൽ നിന്നും മാറി മറ്റൊരു വീട്ടിലേക്കു താമസം മാറ്റുന്ന ദിവസം തന്നെയായിരുന്നു അവൻ ബാംഗ്ലൂർ വിടാൻ തീരുമാനിച്ചത്‌.

ബാംഗ്ലൂർ വിടുന്പോള്‍ അവന്റെ പേഴ്സ്‌ സമകാലീനമായിരുന്നു, എന്നു വെച്ചാൽ കാലിയായതിനു സമമായിരുന്നു. കയ്യിൽ കാര്യമായി കാശൊന്നും നീക്കിയിരിപ്പില്ലായിരുന്നു അവന്‌. ഞാൻ എന്റെ കയ്യിലുള്ള 500 രൂപ അവനു കൊടുത്തു.

(വർഷങ്ങൾക്കു ശേഷം അവൻ ഒരിക്കൽ വീട്ടിൽ വന്നപ്പോൾ എന്നോട്‌ ചോദിച്ചു
എടാ.... നിന്റേല്‌ ഒരു പത്തുർപ്പ്യ ണ്ടോ
ഞാൻ ഒരു പത്തുരൂപ അവനു കൊടുത്തു.
തിരിച്ചവൻ 500 രൂപ എന്റെ കയ്യിൽ തന്നിട്ടു പറഞ്ഞു
ദൊരു വെറും കടം വീട്ടൽ ആയി കാണാണ്ടിരിക്കാനാ ഞാൻ നിന്റേന്ന് പത്തുർപ്പ്യ വാങ്ങീത്‌)

********************************************************************
ഇതുവരെ സമൂഹത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ പാടുപെടുന്ന ഒരു പാവത്തിനേയാണ്‌ നാം കണ്ടത്‌.

പാക്കരന്റെ ബാക്കി കഥയുമായി വീണ്ടും വരാം,

അപ്പോ.... പണ്ടു എംജിയാറു പറഞ്ഞതുപോലെ

വീണ്ടും സന്തിക്കും വരൈ..... വണക്കം.

ലാലേട്ടൻ പറഞ്ഞതുപോലെ

ഗോ ടു യുവർ ക്ലാസസ്‌