Showing posts with label ക്രിക്കറ്റ്. Show all posts
Showing posts with label ക്രിക്കറ്റ്. Show all posts

Friday, March 6, 2009

രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം രണ്ട് (ഞാനും ക്രിക്കറ്റും വേറെ ചിലതും)

ഇത്തിരി സീരിയസ് ആയൊരു പോസ്റ്റിട്ടപ്പൊ ചെലരൊക്കെ എന്നെ ഇടിച്ചു നിരപ്പാക്കാന്‍ വന്നു. ഇതൊക്കെ എഴുതാന്‍ അപ്പൂട്ടന്‍സ് ബ്ലോഗ് വേണ്ട, വേണങ്കില്‍ ഒരു അപ്പൂപ്പന്‍സ് ബ്ലോഗ് തുടങ്ങാന്‍ പറഞ്ഞു. എന്താ ചെയ്യാ.... നന്നാവാന്‍ സമ്മതിക്കില്ല.
എന്നാ ശരി, പിടിച്ചോ അടുത്ത തറ എന്ന് ഞമ്മളങ്ങ് തീരുമാനിച്ച്. തമാശ മതിയെങ്കീ തമാശ തന്നെ, അല്ലാതെന്ത്.... സഹിച്ചോ വായനക്കാരാ.....


കുട്ടിക്കാലത്തെ ചില കളികള്‍ കഴിഞ്ഞ പോസ്റ്റില്‍ പറയുകയുണ്ടായി. ഒരു തുടര്‍ച്ച.
ക്രിക്കറ്റിലെ എന്റെ ആദ്യനാളുകളെക്കുറിച്ചും ഞാന്‍ മുന്പ് പറയുകയുണ്ടായി.


ഇത്തവണ ക്രിക്കറ്റ് ആണ് വിഷയം. ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ചില സംഭവങ്ങള്‍ ആണ് ഈ പോസ്റ്റില്‍.
++++++++++++++++++++++++++++++++++

എന്റെ ക്രിക്കറ്റ് സംബന്ധമായ കഴിവുകളെക്കുറിച്ച് ഒരു ധാരണ തരാം.
ഞാന്‍ ബാംഗ്ലൂരിലായിരുന്നപ്പോള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഞാനൊരു ലെഗ് ബ്രെയ്ക്ക് ബൌളര്‍ ആയാണ് അറിയപ്പെട്ടിരുന്നത് (അല്ലെങ്കില്‍ പരിഹസിക്കപ്പെട്ടിരുന്നത്). ഷെയ്ന്‍ വോണ്‍ പന്ത് സ്പിന്‍ ചെയ്തിരുന്നത് പോലെ എനിക്കും സാധിച്ചിരുന്നു എന്ന്‍ ഇതിനര്‍ത്ഥമില്ല. ഷെയ്ന്‍ വോണ്‍ പോയിട്ട് കുംബ്ലെ സ്പിന്‍ ചെയ്ത അത്രയും പോലും എന്റെ പന്തുകള്‍ തിരിയാറില്ലായിരുന്നു. ഒരു ആക്സിഡന്റില്‍ പെട്ട് എന്റെ ഇടത്തെ കാല്‍ ഒടിഞ്ഞ സംഭവത്തിനു ശേഷം ഞാനടങ്ങുന്ന സമൂഹം എനിക്ക് ചാര്‍ത്തിത്തന്ന ലേബല്‍ ആണ് ഇപ്പറഞ്ഞ ലെഗ് ബ്രെയ്ക്ക് ബൌളര്‍ എന്നത്.
++++++++++++++++++++++++++++++


ഇന്ത്യയുടെ ലോകകപ്പ് ജയമാണ് എന്നെ ക്രിക്കറ്റിലേക്കടുപ്പിച്ചത്. എന്നാല്‍ അതിനുശേഷവും കുറച്ചുകാലം കഴിഞ്ഞാണ് ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. കൃത്യം പറഞ്ഞാല്‍ എന്റെ ഏഴാം ക്ലാസില്‍. ഏഴാം ക്ലാസ് ആയപ്പോഴേക്കും അത്യാവശ്യം പന്ത് തട്ടാം എന്ന നിലയിലേക്കുയര്‍ന്നിരുന്നു ഞാന്‍.


പാലക്കാട്ടെ ഒരു പ്രമുഖ ബോയ്സ് ഹൈസ്കൂള്‍ ആയിരുന്ന ഭാരതമാത-ല്‍ ആണ് ഞാന്‍ എന്റെ ആറാം ക്ലാസ് മുതല്‍ പഠിച്ചത്. ഞങ്ങളുടെ ക്ലാസില്‍ 2 ക്രിക്കറ്റ് ടീമുകള്‍ ഉണ്ടായിരുന്നു. A ടീം എന്ന മിടുക്കന്മാരുടെ ടീം. അത്യാവശ്യം കൈമുട്ടുമടക്കാതെ എറിയാനോ പന്ത് വരുന്ന വഴി ബാറ്റ് വീശാനോ അറിയാവുന്ന ഒരു B ടീം. Strictly speaking, ഇതു രണ്ടും എന്റെ കാര്യത്തില്‍ പരുങ്ങലായിരുന്നെങ്കിലും ഏഴാം ക്ലാസില്‍ തുടക്കത്തിലെപ്പോഴോ അറിയാതെ ഞാന്‍ ക്ലാസിലെ ബി-ടീമില്‍ അംഗമായി. മൂക്കില്ലാരാജ്യത്ത് പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞവന്‍...


കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പലര്‍ക്കും ഈ കളിയുടെ ഗുട്ടന്‍സ് പിടികിട്ടിത്തുടങ്ങി. അപ്പോള്‍ കളിക്കാരുടെ എണ്ണവും കൂടി. A, B, C....... ടീമുകളുടെ എണ്ണവും കൂടി.


ഞങ്ങളുടെ സ്കൂളിന് നല്ലൊരു ഗ്രൌണ്ട് ഉണ്ടായിരുന്നു, അവിടെ എത്താന്‍ ഇത്തിരി നടക്കണമെന്ന് മാത്രം. ഉച്ചക്ക് ഒരുമണിക്ക് ലഞ്ച് ബ്രേക്ക് ആണ്. അപ്പോഴാണ് കളികള്‍ എല്ലാം നടക്കുന്നത്.


എല്ലാവരും കളിക്കാരല്ലേ, ഗ്രൌണ്ടിന് ഒരുപാടവകാശികള്‍ ഉണ്ട്. കുറെ കളികള്‍ നടത്താം, പക്ഷെ സപ്ലൈ-ഡിമാന്റ് അന്തരം വളരെ വലുതായിരുന്നു. അപ്പോഴെന്തുചെയ്യും?


ആദ്യം എത്തുന്നവര്‍ ഗ്രൌണ്ടിന്റെ ഒരു ഭാഗം (അഥവാ സ്വന്തം പിച്ച്, അത്രയ്ക്കുള്ള ലക്ഷ്വറി മതി) കയ്യടക്കും, അത്ര തന്നെ. എല്ലാ ടീമിനും ഇതുപോലെ ഒരു ബുക്കര്‍ ഉണ്ടായിരിക്കും. ഞങ്ങളുടെ ബുക്കര്‍ ദിനേശ് ആയിരുന്നു.


ദിനേശ് ഉച്ചക്ക് കഴിക്കാന്‍ നെയ്യൊഴിച്ച് പഞ്ചസാരയിട്ട് മൊരിച്ച റൊട്ടി ആണ് ക്ലാസില്‍ കൊണ്ടുവന്നിരുന്നത്. രാവിലെ എത്തുന്പോള്‍ തന്നെ കൂട്ടുകാര്‍ ഈ റൊട്ടിക്ക് വേണ്ടി ബുക്ക് ചെയ്യും, കാരണം അത്ര സ്വാദായിരുന്നു അതിന്. അവന്‍ ഒരെണ്ണം ഒഴിച്ച് ബാക്കിയെല്ലാം വിതരണം ചെയ്യും. അതിനാല്‍ അവന്റെ ഉച്ചഭക്ഷണം ബെല്ലടിച്ച് ഒരു മിനിറ്റിനകം കഴിയും. പിന്നെ ഒരു ഓട്ടമാണ്, ഗ്രൌണ്ട് ബുക്ക് ചെയ്യാന്‍.


സമയത്തിന് ഗ്രൗണ്ടില്‍ എത്തി പിച്ച് ബുക്ക് ചെയ്യാനാവാത്തവര്‍ പോകുന്ന വഴിയിലും കിട്ടിയ മറ്റു സ്ഥലങ്ങളിലുമായി ഒപ്പിക്കും.


ആ ഒരു ഗ്രൗണ്ടില്‍ ഒരേ സമയം ഒരു അഞ്ചാറു കളികളെങ്കിലും നടക്കുന്നുണ്ടാവും. ഒരു കളിയിലെ ബൌണ്ടറി ഫീല്ഡര്‍ ചിലപ്പോള്‍ വേറൊരു കളിയിലെ ബാറ്റ്സ്മാന്റെ തൊട്ടടുത്താവും നില്ക്കുന്നുണ്ടാവുക (ഫോര്‍വേഡ് ഷോര്‍ട്ട് ലെഗ് എന്നും പറയാം). ഓഫ് സൈഡിലോ ലെഗ് സൈഡിലോ മാത്രം റണ്‍ അനുവദിക്കുന്ന കളികളും ഉണ്ടാവും, ഗ്രൌണ്ടിന്റെ ഒരു അറ്റത്തു പിച്ച് ബുക്ക് ചെയ്യുന്നവര്‍. ഇത്രയധികം കളികള്‍ നടക്കുമെങ്കിലും ആരും ടെന്നീസ്‌ അല്ലെങ്കില്‍ റബ്ബര്‍ പന്തുപയോഗിച്ചല്ല കളിക്കുന്നത്, എല്ലാവരും കോര്‍ക്ക് ബാളിലാണ് കളി. ദേഹത്ത് കൊണ്ടാല്‍ ഒരു ക്രിക്കറ്റ് പന്തിനേക്കാള്‍ വേദനിക്കും. വലിയ പരുക്കുകള്‍ കണ്ടിട്ടില്ല, പക്ഷെ ആരോ അവരുടെ ബൌണ്ടറിയില്‍ നിന്നും എറിഞ്ഞ പന്ത് തലക്കുകൊണ്ട് കിറുങ്ങിവീണ സാബുവിന്റെ രൂപം എനിക്കിന്നും ഓര്‍മയുണ്ട്.


ഏറ്റവും വലിയ പ്രശ്നം സ്വന്തം കളി ട്രാക്ക് ചെയ്യുക എന്നത് തന്നെയായിരുന്നു. ചിലപ്പോള്‍ നമ്മുടെ നേരെ വരുന്ന പന്ത് പിടിച്ചാല്‍ ചീത്തവിളി കേള്‍ക്കാം "യെന്തഡാ, ഫോര്‍ ആവണ്ടതായിരുന്നു, യെന്തിനാഡാ പിടിച്ചത്". ഇനി പിടിച്ചില്ലെങ്കിലോ.... അപ്പൊ കേള്‍ക്കാം "യെവഡ നോക്കി നിക്കാഡാ .... മോനേ"
---------------------------------------------------------------


ഒരു ബാറ്റ് സ്വന്തമായി കയ്യിലെത്തുന്നതോടെയാണ് ഞാന്‍ ഒരു രാജാവാകുന്നത്. ഒരു ക്വിസ് മല്‍സരത്തിലെ ജയത്തിനു സമ്മാനമായി അച്ഛന്‍ 50 രൂപയ്ക്ക് വാങ്ങിതന്നതാണ് ആ ബാറ്റ്. കപില്‍ദേവിന്റെ പടം ആയിരുന്നു അതില്‍ എന്നാണ് എന്റെ ഓര്‍മ.


അന്നൊക്കെ റാങ്ക് കിട്ടിയ കുട്ടികള്‍ അഭിമാനപൂര്‍വ്വം നെഞ്ചില്‍ ബാഡ്ജ് കുത്തിനടക്കുന്നത്‌ പോലെയായിരുന്നു ആ ഭാഗ്യം (അല്ലെങ്കില്‍ കഴിവ്) സിദ്ധിച്ചിട്ടില്ലാത്തവന്മാര്‍ ബാറ്റുമേന്തി നടക്കുന്നത്. തോളില്‍ സ്കൂള്‍ ബാഗ്, കയ്യില്‍ ബാറ്റ്, അതായിരുന്നു ഒരു ഹീറോയുടെ ലക്ഷണം. ബസിലെ കണ്ടക്ടര്‍മാര്‍ പല്ലുകടിച്ചാണെങ്കിലും ഈ മാരണം സഹിക്കും, ക്ലാസിലെ ഹീറോ അല്ലെ, ഒടക്കിയാല്‍ പുലിവാലായാലൊ. നടക്കുന്ന വഴിക്ക് ഇടക്കിടെ സാങ്കല്‍പ്പിക ബാള്‍ അടിക്കും, കൂടെ നാക്കുപയോഗിച്ച് ഒരു ശബ്ദവും പുറപ്പെടുവിക്കും, ടക്. (സോറി, അക്ഷരങ്ങള്‍ക്ക് ആ ശബ്ദം കൃത്യമായി പ്രകടിപ്പിക്കാനാവില്ല, ഭാവന തന്നെ ശരണം).


താമസിയാതെ ഞാന്‍ ഏതോ ഒരു ടീമിന്റെ ക്യാപ്റ്റന്‍ ആയി. പുതിയ ചില താരങ്ങളും വന്നു, പക്ഷെ അവരൊക്കെ എന്നെ ക്യാപ്റ്റന്‍ ആക്കി, ആയുധം എന്റെ കയ്യിലാണല്ലോ. അവിടിവിടെ ചില മാച്ചുകളൊക്കെ കളിച്ചു.


അന്നത്തെ എന്റെ ഉയര്‍ന്ന സ്കോര്‍ 28 ആണ്, ഇതുവരെയും ആ റെക്കോഡ് തകര്‍ക്കാന്‍ എനിക്കായിട്ടില്ല :). അന്ന്‍ 25 തികച്ചപ്പോള്‍ സെഞ്ച്വറി അടിച്ച സന്തോഷമായിരുന്നു എനിക്കും എന്റെ ടീമംഗങ്ങള്‍ക്കും.


ഏഴാംക്ലാസ് വേനല്‍ പരീക്ഷ കഴിഞ്ഞതിനുശേഷം വീട്ടിലും കളി തുടര്‍ന്നു. പ്രധാനമായും അയല്‍വാസി സുനിലിന്റെ വീട്ടിലാണ് കളി. സൂക്ഷിച്ചുവേണം, ഇല്ലെങ്കില്‍ ഉടഞ്ഞ ചില്ലിന് സമാധാനം പറയേണ്ടിവരും. അങ്ങിനെ ലാലുവിന്റെ വീട്ടിലെ ചില്ലിനു എന്റെ അമ്മ സമാധാനം പറഞ്ഞിട്ടുണ്ട്, എക്സ്ട്രാ കവര്‍ ഡ്രൈവ് കുറച്ചു എക്സ്ട്രാവഗന്റ് ആയിപ്പോയി. റബ്ബര്‍ പന്തുപയോഗിച്ചാണ് കളി, അതിനാല്‍ പരുക്കുന്ന പ്രശ്നമേയില്ല.


എന്റെ വീടിന്റെ ടെറസിലും ഞങ്ങള്‍ കളിച്ചു. പുറത്തേക്ക് പോയാല്‍ ഔട്ട്. ചുവരില്‍ മുട്ടിയാല്‍ ഔട്ട്. ഒരു കുത്തിനുശേഷം പന്ത് പിടിച്ചാല്‍ ഔട്ട്. മിണ്ടിയാല്‍ ഔട്ട്.... അങ്ങിനെ അങ്ങിനെ ആയിരക്കണക്കിന് നിയമങ്ങള്‍ വെച്ച് ഞങ്ങള്‍ കളിച്ചു.... സ്കോര്‍ എഴുതി.... എത്രയോ തവണ അവിടെ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമായി ടെസ്റ്റ് കളിച്ചു....
-------------------------------------


പ്രതീക്ഷയോടെ എട്ടാം ക്ലാസില്‍. അപ്പോഴേക്കും എന്റെ ബാറ്റ് എന്നെ വിട്ടു പിരിഞ്ഞിരുന്നു, എന്ന് വെച്ചാല്‍ പിടി പൊട്ടിയെന്നര്‍ത്ഥം. നമ്മടെ സ്ഥാനം ശൂ ന്ന്‍ പോകുമെന്നറിയാം, എന്നാലും പഴയ ക്യാപ്റ്റനെ അവര്‍ അങ്ങിനെ മറക്കുമോ?

മറന്നില്ല, പക്ഷെ.....
അവരൊക്കെ കളി പഠിച്ചു, നന്നായിത്തന്നെ. രമേഷ് ബാബുവും രൂപേഷും കൃഷ്ണകുമാറും ഒക്കെ വളരെ നന്നായി ബാറ്റ് ചെയ്യുന്നു, ബൌള്‍ ചെയ്യുന്നു. ഞാനപ്പോഴും പഴയ ശങ്കേഴ്സ് വീക്ക് ലി തന്നെ, വളരെ വീക്ക്, സ്റ്റില്‍ ഇന്‍ ദ കോക്കനട്ട് ട്രീ. ലക്ഷപ്രഭു ആയിരുന്ന ഞാന്‍ ഒറ്റ സമ്മറു കൊണ്ട് വെറും പിച്ചക്കാരനായഡേ.

പിന്നെ സ്കൂളില്‍ അധികം കളിക്കേണ്ടി വന്നിട്ടില്ല, പഴയ ഗഡി അല്ലെ എന്ന മട്ടില്‍ ആരെങ്കിലും ടീമില്‍ എടുത്താലായി, അത്ര തന്നെ. അതിനാല്‍ ദിനേശിന്റെ റൊട്ടി എന്നെ കൊതിപ്പിച്ചുമില്ല.
--------------------------------

പിന്നെ ശ്രദ്ധ വീട്ടിലും ചുറ്റിലുമുള്ള കളിയിലായിരുന്നു.

എന്റെ ടീമംഗങ്ങള്‍ താഴെപ്പറയുന്നവരാണ്.
മധു-വിധു സഹോദരര്‍.
സുനില്‍ - ഗുജറാത്തി ആണ്, ഇപ്പോള്‍ ഒരു ടിപ്പിക്കല്‍ ഗുജ്ജു ആയി കാനഡയിലേക്ക് കുടിയേറിയിരിക്കുന്നു.
ബാബു എന്ന വിനോദ് - ഇപ്പൊ ആള് ഫിലോസഫി-യില്‍ ഉന്നതവിദ്യാഭ്യാസവും റിസേര്‍ച്ചുമായി നെതര്‍ലാണ്ട്സില്.
അനില്‍-സുനില്‍-ഷനില്‍ എന്നീ പേരുള്ള മൂന്നു സഹോദരന്മാര്‍ (ഒരു മലയാളി ടച്ച് കൊടുത്താല്‍ അനി-സുനി-ഷനി) - ഇപ്പോള്‍ പല പല ജോലികളുമായി കേരളത്തില്‍ തന്നെ.
സുജിത് (സുജി) - ഇപ്പോള്‍ എവിടെയെന്നറിയില്ല, പിന്നീടധികം കണ്ടിട്ടില്ല.
കണ്ണന്‍ അഥവാ കൃഷ്ണകുമാര്‍ - മധുവിന്റെയും വിധുവിന്റെയും അനിയന്‍.

ഇടക്കെപ്പോഴോ ഞങ്ങള്‍ വീടിനടുത്ത് ഒരു ഗ്രൌണ്ട് കണ്ടെത്തി. എന്റെ വീട്ടില്‍ നിന്നു രണ്ടു മിനിറ്റ് നടന്നാല്‍ സുജിത്തിന്റെ വീട് കാണാം. അതിന്റെ സൈഡില്‍, അനിയുടെ വളപ്പിലൂടെ കുറച്ചുദൂരം നടന്ന്‍ ഒരു വയല്‍ കടന്നാല്‍ ഇപ്പറഞ്ഞ ഗ്രൌണ്ട് ആയി.
ഞങ്ങളതിന് അമ്മു ഗ്രൌണ്ട് എന്ന് പേരിട്ടു. ആ സ്ഥലം ആരുടേതാണെന്നൊ എന്തിനാണത് ഒഴിച്ചിട്ടിരിക്കുന്നതെന്നോ ഒന്നും എനിക്കന്നും ഇന്നും അറിയില്ല.







അമ്മു ഗ്രൌണ്ട് ഏതാണ്ട് ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലിരിക്കും. (Not drawn to scale, തെറ്റുകുറ്റങ്ങള്‍ എന്റെ ചിത്രരചനാപാടവത്തിന്റേതാണ്)


നീളത്തിലധികം വീതിയില്‍ ഒരു ദീര്‍ഘചതുരം, പുല്ലില്ലാത്തത്, അതിനുചുറ്റും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ട് തോറ്റുപോകുന്ന വിധം പുല്ലു വളര്‍ന്ന ഭാഗങ്ങള്‍. വലതുവശത്ത് കുറെ സ്ഥലം ഉണ്ടെങ്കിലും കുറച്ചു പൊക്കത്തിലാണ്, അവിടെ ചില പനകളും ഉണ്ട് (മരം എന്ന representation). ഇടതുവശത്തും മുകളിലും കുറെ കുറ്റിച്ചെടികളുമുണ്ട്. Grey കളറില്‍ കാണിച്ചിരിക്കുന്നിടത്താണ് ഞങ്ങളുടെ പിച്ച്. Arrow ഉപയോഗിച്ച് മാര്‍ക്ക് ചെയ്തിടത്തേക്ക് ബൌളിംഗ് (ഇടതുവശം ഓഫ് സൈഡ്, വലതു വശം ഓണ്‍ സൈഡ്).

അമ്മു ഗ്രൌണ്ട് ചുറ്റുവട്ടത്തുള്ള ചില വീട്ടുകാര്‍ പ്രകൃതിയുമായി സംവദിക്കാനും ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ച് കുട്ടികള്‍. അതിനാല്‍ ഗ്രൗണ്ടില്‍ കളിക്കുന്പോള്‍ കുറച്ചു സൂക്ഷിക്കണം, ഇല്ലെങ്കില്‍ പന്തിന്റെ കൂടെ കുറച്ചു ജിലേബി കൂടി കിട്ടിയെന്നിരിക്കും. ഈ ജിലേബി പുല്ലില്‍ ഉരച്ചുകളഞ്ഞു വീണ്ടും കളി തുടരും, അല്ലാതെ ഓരോ ജിലേബിക്കും ഓരോ പന്ത് എന്ന നിയമം പാസാക്കിയാല്‍ അച്ഛനും അമ്മയ്ക്കും കൂടി കിട്ടുന്ന ശന്പളം പന്ത് മേടിക്കാനെ തികയൂ. അത്രയും വലിയൊരു ബേക്കറി ആയിരുന്നു ഞങ്ങളുടെ അമ്മു ഗ്രൌണ്ട്.

ഈ സമയത്തൊരിക്കലാണ് "ഒരു സിബിഐ ഡയറിക്കുറിപ്പ്" സംഭവിച്ചത്.
സംഭവം (കഥ) ഇപ്രകാരം.
ബൌള്‍ ചെയ്തപ്പോള്‍ പന്ത് പിന്നിലെ കുറ്റിക്കാടുകള്‍ക്കിടയില് പോയി. എത്ര തിരഞ്ഞിട്ടും ആശാനെ കാണുന്നില്ല.
അവസാനം ഒരു ഐഡിയ, ഡമ്മി മെതഡോളജി.
അതേ വേഗതയില്‍ അതേ ബൌളര്‍ വീണ്ടും ബൌള്‍ ചെയ്യുക. ഇത്തവണ പന്തിന്റെ ഗതി നല്ലവണ്ണം നിരീക്ഷിക്കുക. അപ്പോള്‍ ആദ്യം പോയ പന്തും കണ്ടുപിടിക്കാം.


ആശയം നടപ്പിലാക്കി.
ഞങ്ങള്‍ ഒരു കാര്യം കണ്ടുപിടിച്ചു.
വേറെ പന്ത് വാങ്ങാറായി.


ഈ കഥ നിങ്ങളുടെ നാട്ടിലും പലരും കേട്ടുകാണും. ഞങ്ങളും ശ്രമിച്ചു എന്നൊരു കഥ ഉണ്ടാക്കിയെടുത്തു. (സത്യമല്ല, അത്രേം പൊട്ടന്മാരല്ലാത്തതിനാല്‍ രക്ഷപ്പെട്ടു)

ഹൈസ്കൂള്‍ കാലത്തും പ്രീഡിഗ്രി കാലത്തുമായി ഒരുപാട് കാലം ഞങ്ങളവിടെ കളിച്ചിട്ടുണ്ട്. കാലക്രമേണ ആ വിനോദം ഇല്ലാതായി, ചങ്ങാതിക്കൂട്ടം പിരിഞ്ഞു, പലരും ജോലികളും മറ്റു പഠിപ്പുകളുമായി പലവഴിക്ക് പോയി. ആ ഗ്രൌണ്ട് ഇപ്പോള്‍ ഓര്‍മയില്‍ മാത്രം.

കുറച്ചുകാലം മുന്പ് ഞാന്‍ നാട്ടില്‍ പോയിരുന്നപ്പോള്‍ അമ്മു ഗ്രൌണ്ട് ഒരിക്കല്‍ കൂടി കാണാന്‍ ഒരു ശ്രമം നടത്തി. ഇപ്പോള്‍ അത് കാണാനില്ല, ചുറ്റും വീടുകളും മറ്റുമായി ആ ഭാഗം കാഴ്ചയില്‍ നിന്നു മറഞ്ഞിരിക്കുന്നു. അങ്ങോട്ട്‌ പോകാനുള്ള വഴി അതിന്റെ ഉടമസ്ഥര്‍ വേലി കെട്ടി ഭദ്രമാക്കിയതിനാല്‍ പിന്നീടുള്ള വഴി കണ്ടെത്താന്‍ പഴയ ബാലരമ ടെക്നിക് (വഴി കണ്ടു പിടിക്കുക എന്ന കളി) വേണ്ടി വരും.
---------------------------------------------------

പിന്നീട് ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് ബാംഗ്ലൂരിലെത്തിയ ശേഷമാണ്. IISc-ല്‍ ഉണ്ടായിരുന്ന കാലത്ത്. ദ്രാവിഡ് ഓടിപ്പഠിച്ച ഗ്രൌണ്ട് ആണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, ആ ഗ്രൌണ്ടിലൂടെ ഓടാന്‍ എനിക്കും യോഗമുണ്ട്, ഞാനും ഒരു മഹാനല്ലേ.

ഐടി മേഖലയിലെത്തിയതിനു ശേഷവും ഞാന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്. ടീമില്‍ നിലനിന്നിരുന്നത് ബൌളര്‍ ആയോ ബാറ്റ്സ്മാന്‍ ആയോ അല്ല, പതിനൊന്നാമന്‍ ആയിട്ടാണ്, എന്നുവെച്ചാല്‍ ഞങ്ങളുടെ ടീമില്‍ പതിനൊന്നു പേര്‍ ഒക്കാത്ത സമയത്ത് ഞാനും ഇത്തിരി കളിച്ചിട്ടുണ്ട് എന്നര്‍ത്ഥം. പതിനൊന്നാമനായി ഇറങ്ങി അവസാന ഓവറിലെ അഞ്ചാമത്തെ പന്ത് ഫോര്‍ അടിച്ച് കളി ജയിപ്പിച്ചതാണ് എന്റെ ഏറ്റവും വലിയ achievment.
+++++++++++++++++++++++++++++++++++++++++++++++++++++


ഞാനിപ്പോള്‍ ക്രിക്കറ്റ് കളിക്കാറില്ല, സ്വന്തം ശാരീരിക പരിമിതികള്‍ അറിഞ്ഞത് കൊണ്ടാവാം.



ഡേവിഡ് ഗവറിന്റെയും മുഹമ്മദ് അസറുദ്ദീന്റെയും ഇന്‍സമാം ഉള്‍ ഹക്കിന്റെയും മാര്‍ക്ക് വോയുടേയും വിവിയന്‍ റിച്ചാഡ്സിന്റെയും ഒക്കെ പഴയകാല കളികള്‍ കാണാനിഷ്ടപ്പെടുന്ന, വാസിം അക്രത്തിന്റെയും വഖാര്‍ യൂനിസിന്റെയും ഷെയ്ന്‍ വോണിന്റെയും മുരളീധരന്റെയും ഡാനിയേല്‍ വെറ്റോറിയുടെയും ഒക്കെ ബൌളിംഗ് അദ്ഭുതത്തോടെ വീക്ഷിക്കുന്ന, സച്ചിന്റെയും പോണ്ടിങ്ങിന്റെയും സ്റ്റാറ്റിസ്റ്റിക്സ് സൂക്ഷിക്കുന്ന, സിംബാബ്‌വെ-ബംഗ്ലാദേശ് കളി പോലും കാണാനിരിക്കുന്ന ഒരു ക്രിക്കറ്റ് പ്രേമിയായി ഞാന്‍ കഴിയുന്നു.......

ബൈ ദ ബൈ... സ്കോര്‍ എന്തായീ?

Tuesday, December 9, 2008

ഇന്ത്യാ ഇംഗ്ലണ്ട് ടെസ്റ്റ്.... മാറിയ സാഹചര്യങ്ങളില്‍

ഇന്ത്യയും ഇംഗ്ളണ്ടും ടെസ്റ്റ് കളിക്കാന്‍ പോകുന്നു. കളിക്കാരുടെ സുരക്ഷക്കായി വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നതത്രേ. സ്പെഷല്‍ കമാന്റോകള്‍ കളിക്കാരെ സംരക്ഷിക്കാനായി സദാസമയവും ഉണ്ടായിരിക്കും എന്നാണ് വാര്‍ത്ത.

ഇതാ ആദ്യ ടെസ്റ്റിന്റെ തല്‍സമയ കമന്ററി. (മലയാളത്തിലാണ്, മറുഭാഷകള്‍ വലിയ പിടി പോരാ)

അതാ താരങ്ങള്‍ കമാന്റോ അകന്പടിയോടെ കളിക്കളത്തിലേക്കിറങ്ങിക്കഴിഞ്ഞു. അന്പയര്‍മാരുടെ കമാന്റോകള്‍ അവരവരുടെ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ക്യാപ്ടന്‍ പീറ്റേഴ്സണ്‍ തന്റെ കമാന്റോകളുടെ കൂടെ അന്പയര്‍ ബില്ലി ബൌഡന് സമീപത്തേക്ക് നീങ്ങുകയാണ്.

ബൌഡന്റെ കമാന്റോ പീറ്റേഴ്സനെ ഫ്രിസ്ക് ചെയ്യുന്നു. പീറ്റേഴ്സന്റെ കമാന്റോ ബൌഡനെ ഫ്രിസ്ക് ചെയ്യുന്നു. ഇപ്പോള്‍ എല്ലാം ശാന്തം.

ഹാര്‍മിസന്‍ ബൌള്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നു. തന്റെ തൊപ്പി ബൌഡനെ ഏല്‍പ്പിക്കുന്നു. ഈയവസരത്തില്‍ കമാന്റോകള്‍ കളിക്കാരനെയും അന്പയറേയും ഫ്രിസ്ക് ചെയ്ത് കുഴപ്പമൊന്നുമില്ല എന്ന്‍ ഉറപ്പുവരുത്തുന്നു.

സേവാഗും ഗംഭീറും ക്രീസില്‍ തയ്യാറെടുത്തുകഴിഞ്ഞു.

ബാറ്റിങ് ക്രീസിന്റെ രണ്ടറ്റത്തും ഓരോ കമാന്റോ വീതം നിലയുറപ്പിച്ചിട്ടുണ്ട്. ബൌളിംഗ് ക്രീസിനരികിലും സെവാഗിന്റെ ഇരുവശത്തുമായി രണ്ടു കമാന്റോകള്‍. (ഇരുവരുടെയും ഫ്രിസ്കിംഗ് കഴിഞ്ഞിരിക്കുന്നു).

മൂന്ന് സ്ലിപ്, അവരുടെ കമാന്റോകള്‍, അങ്ങിനെ സ്ലിപ്പില്‍ ആകെ ഒന്‍പതുപേര്‍.

അതാ ഹാര്‍മിസന്‍ തന്റെ റണ്ണപ്പില്‍ നിന്നും ഓട്ടം തുടങ്ങി. കൂടെ കമാന്റൊകളും. ഹാര്‍മിസന്‍ അതാ ബൌള്‍ ചെയ്യുന്നു. അദ്ദേഹത്തിന്റെ ചാട്ടത്തിനൊപ്പം കമാന്റൊകളും ചാടുന്നു.

ഓഫ് സ്റ്റന്പിനു തൊട്ടുപുറത്തുള്ള ബാള്‍. ഗംഭീര്‍ അത് പതുക്കെ മുട്ടിയിടുന്നു. ഗംഭീറിന്റെയും ഹാര്‍മിസന്റെയും കമാന്റോകള്‍ ഓടിചെന്ന് പന്തെടുത്ത് പരിശോധിക്കുന്നു.

ഹാര്‍മിസന്റെ അടുത്ത പന്ത്.... ഓ.... ഇന്ത്യയുടെ ആദ്യ റണ്‍. പന്ത് വൈഡ് ആയിരുന്നു. അത് ചെന്നു കൊണ്ടത് ഗംഭീറിന്റെ കമാന്റൊയുടെ ദേഹത്താണ്. അങ്ങിനെ അഞ്ചു റണ്‍.

മൂന്നാം പന്ത്.... ഗംഭീറിന്റെ ബാറ്റിലുരസി മൂന്നാം സ്ലിപ്പിന്റെ നേര്‍ക്കാണ് പോയത്. അവിടെ നിന്നിരുന്ന ഫ്ലിന്റൊഫിന്റെ കമാന്റോ പന്ത് ചാടിപ്പിടിച്ചു, ഫ്ലിന്റൊഫിനെ രക്ഷിക്കാന്‍. എന്നിട്ട് അത് പിടിച്ച് തിരിച്ചെറിഞ്ഞു, ഗംഭീറിന്റെ നേര്‍ക്ക്. ഇപ്പോള്‍ ഗംഭീറിന്റെ കമന്റൊകളും ഫ്ലിന്റൊഫിന്റെ കമാന്റൊകളും പരസ്പരം തോക്കുചൂണ്ടി നില്‍പ്പാണ്. ബൌഡന്‍ ഓടിയെത്തി രംഗം ശാന്തമാക്കി.

++++++++++++++++++++++++++++

ഒന്നര ദിവസത്തിന് ശേഷം കേട്ടത്.

ഇന്ത്യ ഇന്നിംഗ്സ് അങ്ങിനെ 614 റണ്‍സിന് അവസാനിച്ചിരിക്കുകയാണ്.

സ്കോര്‍ കാര്‍ഡ് ഇപ്രകാരം.

സെവാഗ് - സി ഫ്ലിന്റോഫ് ബി ഹാര്‍മിസന്‍ - 152 (15x4 2x6 5x5)

(അടിച്ച പന്ത് കമാന്റോകളുടെ ദേഹത്ത് മുട്ടിയതിന് 5 റണ്‍)

ഗംഭീര്‍ - സി കമാന്റോ (ഹാര്‍മിസന്‍) ബി ഫ്ലിന്റോഫ് - 32 (2x5)

ദ്രാവിഡ് - സി പീറ്റേഴ്സന്‍ ബി പാനെസര്‍ - 40 (3x4)

സച്ചിന്‍ - ബി ഹാര്‍മിസന്‍ - 132 (10x4 4x5)

ലക്ഷ്മണ്‍ - ബി ആണ്ടെഴ്സന്‍ - 84 (10x4)

യുവരാജ് - എല്‍ബിഡബ്ലിയു പാനെസര്‍ - 52 (3x6, 2x5)

ധോണി - ബി സ്വാന്‍ - 38 (3x5)

ഹര്‍ഭജന്‍ - സി കമാന്റോ (കുക്ക്) ബി ഹാര്‍മിസന്‍ - 9

സഹീര്‍ - കമാന്റോ റണ്‍ ഔട്ട് - 0 (കമാന്റോ ക്രീസിലേക്ക് ഓടിയെത്തിയില്ല)

മിശ്ര - ബി പാനെസര്‍ - 2

ഇഷാന്ത് - നോട്ട് ഔട്ട് - 3

എക്സ്ട്രാസ് - 20

പെനാല്‍റ്റി - 50 (കമാന്റോകളുടെ ദേഹത്ത് മുട്ടിയതിന്)

ആകെ - 614.

നല്ലൊരു ഇന്നിംഗ്സായിരുന്നു ഇന്ത്യയുടേത്.

കളിക്കളത്തില്‍ ഇംഗ്ലണ്ട് നിറഞ്ഞു നിന്നു, കമാന്റോകളുടെ സഹായത്തോടെ. ഗ്രൌണ്ടില്‍ ആകെ 45പേര്‍ എപ്പോഴും ഉണ്ടായിരുന്നു. ഇടക്ക് യുവരാജ് ഓടാന്‍ വയ്യാതെ റണ്ണര്‍ വേണമെന്നപേക്ഷിച്ചിരുന്നു. പക്ഷെ മൂന്നുപേര്‍ കൂടി ഗ്രൌണ്ടില്‍ വന്നാലുള്ള ബുദ്ധിമുട്ടുകാരണം ആ അപേക്ഷ ഇംഗ്ലണ്ട് ക്യാപ്ടന്‍ നിരസിക്കുകയായിരുന്നു.

ഇന്ത്യന്‍ ഇന്നിംഗ്സിനിടയില്‍ ഫ്ലിന്റൊഫിന്റെ കമാന്റോ ഹര്‍ഭജന്റെ കമാന്റൊയെ സ്ലെഡ്ജ് ചെയ്തതിനെത്തുടര്‍ന്ന് കളി കുറച്ചുനേരം തടസപ്പെട്ടു. ഹര്‍ഭജന്റെ കമാന്റോ ഫ്ലിന്റൊഫിന്റെ കമാന്റൊയെ നോക്കി എന്തോ പറഞ്ഞുവെന്നും അത് കളിയുടെ അന്തസിനെ മോശമായ രീതിയില്‍ ബാധിക്കുന്നുവെന്നും ഇംഗ്ലണ്ട് ടീം കമാന്റോ മാനേജര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇംഗ്ലണ്ട് ഇന്നിംഗ്സ് തുടങ്ങാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ കൂടിയുണ്ട്. ഒരു ചെറിയ ഇടവേളക്കുശേഷം കമന്ററി വീണ്ടും തുടരുന്നതായിരിക്കും

...........................

ദിസ് പാര്‍ട്ട് ഓഫ് ദ പ്രോഗ്രാം ബ്രോട്ട് ടു യു ബൈ........ നോണ്‍സെന്‍സ് ആന്റ് നോണ്‍സെന്‍സ്

Friday, December 5, 2008

ഹമാരാ രാഷ്ട്രഭാഷ........

ഹിന്ദി ഹേ, ഹൂം, ഹോ, ഹൈ...... ഹൌ..... പോകാന്‍ പറ.....

നന്പൂതിരിമാരാണത്രേ കേരളത്തില്‍ ആദ്യമായി ഹിന്ദി പറഞ്ഞവര്‍. ഒരു മധ്യവയസ്കന്‍ മുതല്‍ മുകളിലുള്ള ടിപ്പിക്കല്‍ നന്പൂതിരിയോട് സംസാരിച്ചാല്‍ ഇതു മനസിലാവും. "എന്താഹേ", "ഒന്നൂല്ല്യാഹേ" തുടങ്ങിയ യൂസേജ് ധാരാളം കേള്‍ക്കാം.

ഇപ്പോള്‍ സാമാന്യം നന്നായിത്തന്നെ ഹിന്ദി മനസിലാക്കാനും സംസാരിക്കാനും കഴിയുമെങ്കിലും കുട്ടിക്കാലത്ത് ഹിന്ദി ഒരു കുരിശു തന്നെയായിരുന്നു. സ്കൂളില്‍ അത്യാവശ്യം പഠിച്ചതിനുശേഷവും കുറച്ചുകാലം കിലുക്കത്തിലെ ജഗതിയുടെ അവസ്ഥ തന്നെയായിരുന്നു എനിക്ക്. കംപ്ലീറ്റ് ജഗഡ ജഗഡ.

എന്റെ ചില ഹിന്ദി അനുഭവങ്ങളാണ് താഴെ.


ആദ്യാക്ഷരം കുറിക്കുന്നു.


ഹിന്ദിയില്‍ ഞാന്‍ ആദ്യം കേട്ട വാക്കെന്താണെന്നോ? മുംബൈ ആക്രമണത്തിനു ശേഷം അച്യുതാനന്ദനും ഉണ്ണികൃഷ്ണനും തമ്മില്‍ ഉണ്ടെന്നു ചാനലുകാരും പ്രതിപക്ഷവും പറയുന്ന ഒരു മൃഗമില്ലേ..... ഹോ, എന്താ അതിന്റെ പേര്...... അതന്നെ.

അന്നെനിക്ക് അധികം പ്രായം കാണില്ല, എത്രയായെന്ന് ഓര്‍ക്കുന്നുമില്ല. ഒരു അഞ്ച് വയസു കാണും. ഞങ്ങളുടെ അടുത്ത വീട്ടില്‍ വാടകക്ക് പുതിയ താമസക്കാര്‍ വന്നു. അവര്‍ പണ്ട് ജംഷഡ്പൂരിലായിരുന്നത്രേ.
തുടക്കത്തില്‍ തന്നെ ആ വീട്ടിലെ പിള്ളേരെ ഞങ്ങള്‍ക്ക് (ഞാനും എന്റെ ചില സമപ്രായക്കാരും, എന്നുവെച്ചാല്‍ പാലക്കാട്ട് തന്നെ വളര്‍ന്നവര്‍, മണ്ണിന്റെ മക്കള്‍) അത്ര സുഖിച്ചില്ല. അല്ലെങ്കിലും പൊട്ടക്കിണറിലെ തവളക്ക് പണ്ടെ വിസിറ്റേഴ്സ് പറ്റില്ലല്ലോ. അവര്‍ മൂന്നുപേരാണ്, സുരേഷ്, മണി, ബാബു എന്നീ മൂന്നു സഹോദരങ്ങള്‍.
ഞങ്ങളുടെ ഗ്രൂപ്പും അത്ര ചെറുതല്ല. ലോക്കല്‍ ഗുണ്ടാസല്ലെ, കൂട്ടമായേ ആക്രമിക്കൂ.
എന്റെ വീട്ടിലെ മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്നാണ് വാഗ്വാദം. "നീയാരെടാ", "ഞാന്‍ തന്നെടാ" എന്ന മട്ടില്‍ വന്‍ തര്‍ക്കം. അവരുടെ ഒരു ഗോളിന് ഞങ്ങളുടെ മറുഗോള്‍. അതിനിടക്കതാ വരുന്നു ഞങ്ങളെ തളര്‍ത്തിയ ഒരു വാക്ക്.
അവരിലാരോ (മൂത്തവന്‍ സുരേഷ്, അവന്‍ എതാണ്ടെന്റെ അതേ പ്രായമാണ്, ആണെന്നാണ് ഓര്‍മ) ഞങ്ങളുടെ നേരെ നോക്കി കുത്ത എന്ന്‍ ആക്രോശിച്ചു.


അത് വരെ ഈവന്‍-ഈവന്‍ ആയി പോകുകയായിരുന്ന യുദ്ധം പെട്ടെന്ന്‍ കയ്യില്‍ നിന്നു പോയി.

കുത്ത എന്ന വാക്കിന്റെ അര്‍ത്ഥം ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. "സന്ദേശം" സിനിമയില്‍ കേസി പൊതുവാള്‍ പറഞ്ഞതുപോലെ "വിദ്യാഭ്യാസം ഉള്ള ഒരുത്തന്‍ പോലും ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലായിരുന്നു". അവന്‍ ഗോള്‍ഡന്‍ ഗോള്‍ അടിച്ചു. ഞങ്ങള്‍ തളര്‍ന്നു. ഫൈനല്‍ വിസിലടിച്ച് ഞങ്ങള്‍ മാളത്തിലേക്ക് മടങ്ങി. ബാക്ക് ടു ദ പടവലന്‍.
താമസിയാതെ ഞങ്ങള്‍ ഒരു ചാരനെ ഒപ്പിച്ചെടുത്തു. ശത്രുപാളയത്തിലെ ഇളയവനായ ബാബുവിനെ ഞങ്ങള്‍ കയ്യും കലാശവും കാണിച്ചു വശീകരിച്ചു. ചില്ലറ പ്രലോഭനങ്ങള്‍ക്കൊടുവില്‍ അവന്‍ ഡാവിഞ്ചികോഡ് പൊളിച്ചു. കുത്ത എന്നാല്‍ നായ എന്നാണര്‍ത്ഥം എന്നവന്‍ പറഞ്ഞുതന്നു.

അടുത്തദിവസം മുതല്‍ കളികള്‍ എല്ലാം ഡ്രോ ആയിരുന്നു. കുത്ത എന്ന്‍ അവര്‍ പറഞ്ഞാല്‍ "നീയ്യന്നടാ കുത്ത" എന്ന്‍ തിരിച്ചുപറയാന്‍ ഞങ്ങള്‍ പഠിച്ചു.

ബോളിവുഡ്.

അന്നങ്ങിനെ ഒരു പേരുണ്ടായിരുന്നോ, സംശയമാണ്.
പാലക്കാട്ടെ അരോമ തിയേറ്ററിലാണ് ഞാന്‍ ആദ്യമായി ഒരു ഹിന്ദി സിനിമ കാണുന്നത്. അന്ന്‍ ഞാന്‍ തീരെ കൊച്ചുകുട്ടിയാണ്. "ഹം കിസി സെ കം നഹി" എന്ന സിനിമയാണ് ഞാന്‍ ആദ്യം കാണുന്ന ഗോസായി സിനിമ.
ഇപ്പോള്‍ അതിലെ ഒരു രംഗമൊഴിച്ച് ഒന്നും ഓര്‍മയില്ല. കുറെ നിറങ്ങള്‍, അത്ര മാത്രം. ആ സിനിമ അരോമ തിയേറ്റിറിലെ ആദ്യത്തെ സിനിമയാണോ എന്നും സംശയമുണ്ട്.
പിന്നെ എല്‍പി കാലമായപ്പോള്‍ കാണാന്‍ ഒരുപാട് മോഹിച്ച് സിനിമയാണ് ഷോലെ.
അരോമയില്‍ ഞങ്ങള്‍ രണ്ടുതവണ മുട്ടിനോക്കി.... നഹീ നഹീ. ടിക്കറ്റ് കിട്ടാതെ മടങ്ങി.
പാലക്കാട്ട് ബള്‍ക്കീസ് എന്നൊരു തിയേറ്ററുണ്ട് (ഉണ്ടായിരുന്നു എന്ന് വേണം പറയാന്‍, ഇപ്പോള്‍ അതില്ല). ടൌണില്‍ വന്ന സിനിമകള്‍ ഒലവക്കോട്ടുകാരുടെ സൌകര്യാര്‍ത്ഥം വീണ്ടും കാണിക്കും. 18 റീല്‍ എന്നത് 14 റീല്‍ ആയി ചുരുങ്ങിയേക്കും എന്ന് മാത്രം. ഒരു മാതിരി ഹൈലൈറ്റ്സ്.
അവിടെ സിനിമ വന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും ഒരു ശ്രമം കൂടി നടത്തി. ഇത്തവണ ടിക്കറ്റ് കിട്ടി. ആകാംക്ഷയോടെ സിനിമ കാണാനിരുന്നു.
ഹാ.... ബോധം വെച്ചതിനുശേഷമുള്ള (ഇതില്‍ ഇത്തിരി നുണയില്ലേ എന്ന ചോദ്യം പരിഗണിക്കുന്നില്ല, ചോദിച്ചാല്‍ ഞാന്‍ കൊഞ്ഞനം കാണിക്കും, പറഞ്ഞില്ലാന്നു വേണ്ട) കാണുന്ന ആദ്യ ഹിന്ദി സിനിമ.......
ഒന്നും മനസിലായില്ല. ഹഷ് ബഷ് ഗുഷ് മുഷ് എന്ന രീതിയിലുള്ള വര്‍ത്താനം. ഇടക്കിടെ പാട്ട്. ഇടി വെടി കൊടി..... പൊട്ടിച്ചിരി, അലര്‍ച്ച, തേങ്ങല്‍. ട്രെയിന്‍ ഓടുന്നു, കുതിര ഓടുന്നു, ആള്‍ക്കാര്‍ ഓടുന്നു. ഇത്രേ ഉള്ളു.
അമിതാഭ് ബച്ചനെയും ധര്‍മെന്ദ്രയേയും ഹെമമാലിനിയെയും മനസിലായി, പേപ്പറില്‍ പരസ്യം കണ്ടതിനാല്‍. ഇവരൊക്കെ എന്തിനാ ഓടുന്നതെന്നോ ഇടിക്കുന്നതെന്നോ ഒന്നും മനസിലായില്ല.
പടം കണ്ട് പിറ്റേദിവസം സ്കൂളില്‍ ചെന്നപ്പോള്‍ അടുത്തിരിക്കുന്നവന്‍ പറഞ്ഞു അവന്‍ "അങ്ങാടി" സിനിമ കണ്ടെന്ന്. അതിലെ രസികന്‍ ഒരു പാട്ടും പാടി. അതോടെ എന്റെ എല്ലാ ആവേശവും പോയി. അത് കാണാനുള്ള ചാന്‍സ് ആണ് ഷോലെക്കുവേണ്ടി ഞാന്‍ കളഞ്ഞു കുളിച്ചത്.

അതോടെ ഇനി ജീവന്‍ പോയാലും ഹിന്ദി പടം കാണില്ലെന്ന് ഞാന്‍ തീരുമാനിച്ചു.

ഈ ഒരു തീരുമാനം കാരണമായിരിക്കാം, ഖുര്‍ബാനി എന്ന പ്രശസ്ത സിനിമ ഞാന്‍ ഇതുവരെ മുഴുവന്‍ കണ്ടിട്ടില്ല.
ഖുര്‍ബാനി സിനിമ പാട്ടുകളാല്‍ പ്രശസ്തമായിരുന്നല്ലോ. വീട്ടില്‍ ആദ്യമായി ടേപ് റെക്കോഡര്‍ വാങ്ങിയപ്പോള്‍ അതിന്റെ കൂടെ ഫ്രീ ആയി കിട്ടിയ കാസറ്റിനുപുറത്ത് ഗുര്‍ഭാനി എന്നെഴുതിവെച്ചിരുന്നു. അതിലെ കുറെ പാട്ടുകള്‍ അന്നെനിക്ക് കാണാപ്പാഠമായിരുന്നു, ഞങ്ങള്‍ കുട്ടികള്‍ അര്‍ത്ഥമറിയാതെ ആ പാട്ടുകള്‍ ധാരാളം പാടിയിട്ടുണ്ട്.
അതില്‍ പ്രധാനം "ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ" എന്ന പാട്ടായിരുന്നു. അത് പല വാക്കുകളും പിടിപ്പിച്ച് ഞങ്ങള്‍ പാടിയിട്ടുണ്ട്. ചില സാന്പിളുകള്‍.

  • ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ...തോ പാപ്പഞ്ചായെ.... എന്നതായിരുന്നു ഏറ്റവും ഡീസന്റ് വേര്‍ഷന്‍.
  • മിമിക്രി വേര്‍ഷന്‍ - ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ...തോ ആപ്പോം ചായേം.
  • ഹിന്ദി അറിഞ്ഞതിനുശേഷവും എന്റെ ഒരു കസിന്‍ പാടിക്കേട്ട വേര്‍ഷന്‍ - ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ...തോ ബാപ് ബന്‍ ജായെ.... (ഇതില്‍ അവിഹിതം കിടക്കുന്നതിനാല്‍ സെന്‍സര്‍ ചെയ്യേണ്ടതായിരുന്നു)
ലേലാ മലേലാ എന്നൊരു പാട്ടും ഇതില്‍ ഉണ്ടായിരുന്നു. മലയില്‍ കയറിയിരിക്കുന്ന ലൈല പാടുന്ന പാട്ടാണല്ലെ.... നല്ല രസം.
ഇത് "ലൈല മയ് ലൈലാ" എന്നാണെന്ന് വളരെക്കഴിഞ്ഞാണ് ഞാന്‍ മനസിലാക്കിയത്.

എന്റെ ഈ ഭീഷ്മപ്രതിജ്ഞ നിലനില്ക്കുന്ന കാലത്ത് ഒരു സിനിമ കൂടി വന്നു. ഷാന്‍.
അന്നേയ്ക്കായപ്പോഴേക്കും എനിക്കത്യാവശ്യം ഹിന്ദി അറിയാം എന്ന സ്ഥിതി ആയിരുന്നു. ഷാന്‍ എന്ന പേരു കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു അത് ഒരു കഥാപാത്രത്തിന്റെ പേരായിരിക്കും എന്ന്‍.
പോരാത്തതിന് ഒരു പാട്ടും ഉണ്ട് സിനിമയില്‍. "പ്യാര്‍ കര്‍നെ വാലെ..... പ്യാര്‍ കര്‍ത്തെ ഹെ.... ഷാന്‍ സെ".
സ്നേഹിക്കുന്നവരെല്ലാം ഷാന്‍ എന്ന മനുഷ്യനെ സ്നേഹിക്കുന്നു. അര്‍ത്ഥം എത്ര ലളിതം.
അപ്പോള്‍ വരുന്നു ഒരു സംശയം. സിനിമയില്‍ മൂന്നു നായകന്മാര്‍. അമിതാഭ്, ശശികപൂര്‍, ശത്രുഘ്നന്‍ സിന്‍ഹ. ഇവരിലാരായിരിക്കും ഷാന്‍?

കാലം ചെല്ലുന്തോറും എന്റെ ഹിന്ദി പരിജ്ഞാനം മെച്ചപ്പെട്ടു. ഇന്നും ഞാന്‍ അധികം ഹിന്ദി സിനിമ കാണാറില്ല. കാരണം ഇത്ര കാലമായിട്ടും അവര്‍ക്ക് നേരാംവണ്ണം പടം പിടിക്കാനറിയില്ല എന്നതുതന്നെ. പ്രേമം ഇല്ലാത്ത ഒരു പടം ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. പ്രേമത്തിനോട് എതിര്‍പ്പ് തോന്നിയിട്ടല്ല, പക്ഷെ ഇവര്‍ കാണിക്കുന്നത് കണ്ടാല്‍ അതിനോട് എതിര്‍പ്പ് തോന്നിപ്പോകും. എല്ലാ പടങ്ങളും അങ്ങിനെയാണെന്ന് പറയുന്നില്ല, പക്ഷെ ഇക്കാര്യത്തില്‍ മാത്രം ഞാന്‍ ഇത്തിരി സെലക്ടീവ് ആണ്.

ക്രിക്കറ്റും ഹിന്ദിയും.

റേഡിയോ, ദൂരദര്‍ശന്‍ തുടങ്ങിയവയില്‍ നിന്നാണ് ഞാന്‍ പിന്നീട് ഹിന്ദി കേള്‍ക്കുന്നത്.
നേരത്തെ ഒരു പോസ്റ്റില്‍ പറഞ്ഞതുപോലെ, ഹിന്ദി കമന്ററി ഒരു വസ്തു മനസിലാകില്ലായിരുന്നു. അന്നൊക്കെ 15 മിനിറ്റ് ഇടവിട്ട് കമന്ററി ഭാഷ മാറും. ഇംഗ്ലീഷ് വല്യ കുഴപ്പമില്ല, ഹിന്ദി ആയാല്‍ പ്രശ്നമായി.
ഏക് ദോ ചാര്‍ എന്നൊക്കെ മനസിലാവും, പക്ഷെ മറ്റുപലതും തലയില്‍ കയറില്ല. പിന്നെ സമയവും സാഹചര്യവും ഒക്കെ നോക്കി ബാക്കിയുള്ളതെല്ലാം അങ്ങ് ഊഹിച്ചെടുക്കും, അത്ര തന്നെ.
ചാര്‍ റണ്‍ കേലിയെ എന്ന് വെച്ചാല്‍ എന്താ? ചാര്‍ എന്നാല്‍ നാല്, റണ്‍ റണ്‍ തന്നെ, അപ്പോള്‍ കേലിയെ? സംശയമെന്താ.... സാഹചര്യപ്രകാരം ബാറ്റ്സ്മാന് നാലുറണ്‍ കിട്ടി, അപ്പോള്‍ കേലിയെ എന്നതിന്റെ അര്‍ത്ഥം കിട്ടി എന്നതുതന്നെ. (ഉപ്പുമാവിന് ഇംഗ്ലീഷ്....., അതന്നെ ടെക്നിക്)
ഇതൊന്ന്‍ പഠിച്ചെടുക്കാന്‍ ഒരുപാട് സമയം എടുത്തു.
ദൂരദര്‍ശനിലും ഇതുതന്നെ കഥ. ഹിന്ദി കമന്ററി വന്നാല്‍ പിന്നെ അവിടെ ആകെ ബഹളമാണ്, ആളുകള്‍ തമ്മില്‍ തമ്മില്‍ സംസാരിക്കും, കാരണം ആര്‍ക്കും ഹിന്ദി അറിയില്ല, അപ്പോള്‍ പിന്നെ കേട്ടാലെന്ത്, കേട്ടില്ലെങ്കിലെന്ത്. (ഇതൊരു ചെറിയ എക്സാജറേഷന്‍ ആണ്, ടിവി വന്ന കാലമാകുന്പോഴേക്കും ഞങ്ങളെല്ലാം ഹിന്ദിയില്‍ പ്രവീണ്‍കുമാര്‍ ആയിരുന്നു. കമന്ററി അത്രേം ബോര്‍ ആയിരുന്നു എന്നതാണ് ശരിയായ കാരണം)

ഗോസായിമാര്‍ വിഡ്ഢിപ്പെട്ടിയില്‍.

അന്നത്തെ വീടുകളില്‍ സാധാരണയായി റേഡിയോ സമയമറിയാന്‍കൂടി ഉപയോഗിച്ചിരുന്നു. യെ ആകാശവാണി ഹേ, ഥോഡി ദേര്‍ മേ ആപ് സമാചാര്‍ സുനേംഗെ എന്ന് കേട്ടാല്‍ മനസിലാക്കണം, സ്കൂളില്‍ പോകാന്‍ സമയമായി.
പാലക്കാട്ട് ദൂരദര്‍ശനകേന്ദ്രം തുടങ്ങിയത് 84 85 കാലഘട്ടത്തിലാണെന്ന് തോന്നുന്നു. ഡല്‍ഹി പരിപാടികള്‍ ആണ് സംപ്രേക്ഷണം, അതിനാല്‍ കംപ്ലീറ്റ് ഹിന്ദി, ഹിന്ദി മാത്രം.
ലോകകപ്പ് ഫുട്ബാള്‍ കാണാന്‍ വേണ്ടിയാണ് ഞങ്ങളുടെ വീട്ടില്‍ ടിവി വാങ്ങിയത്. അന്നത്തെ കാലത്ത് ടിവി ഒരു പുതുമ ആയിരിന്നതിനാല്‍ എല്ലാ പരിപാടിയും ഇരുന്നു കാണും. കൃഷിദര്‍ശന്‍ അടക്കം. ഒന്നും മനസിലാവില്ല, പക്ഷെ ........
ഏക് ഏക് ശൂന്യ് ശൂന്യ് ആട്ട് ആട്ട് ..... ഹൊ.... ഇങ്ങിനെ ശൂന്യത്തെ ആട്ടുന്ന പരിപാടി ബഹുരസം.

ടിവിയില്‍ ഒരുപാട് സിനിമകള്‍ കാണും. സാഹചര്യം വെച്ച് പലതും മനസിലാക്കും. കുറച്ചൊക്കെ ഹിന്ദി മനസിലായിത്തുടങ്ങിയിരുന്നു അപ്പോഴേക്കും. അനാമിക എന്ന സിനിമയാണ് എന്റെ ഓര്‍മയിലെ ആദ്യ ടിവി സിനിമ. അതിലെ പാട്ട് മാത്രമാണ് ഇപ്പോള്‍ മനസിലുള്ളത്, കാരണം വേറൊന്നും മനസിലായില്ല. മേരീ ബീഗി ബീഗി സീ എന്നൊക്കെ ഒരുപാട് പാടി നടന്നിട്ടുണ്ട്.
ചിത്രഹാര്‍ എന്ന പരിപാടിയാണ് എല്ലാവരും ഇഷ്ടപ്പെട്ടിരുന്നത്. കാരണം ഡാന്‍സ് കണ്ടാല്‍ മതിയല്ലോ, അര്‍ത്ഥം ആര്‍ക്കു മനസിലാവണം.

ക്ലാസിലെ (ദുര്‍)അനുഭവങ്ങള്‍......

ഹിന്ദി അദ്ധ്യാപകന്‍ ക്ലാസെടുത്തുകൊണ്ടിരിക്കുന്നു. ഇടക്കൊരു വിദ്യാര്‍ത്ഥിക്ക് സംശയം. അവനുറക്കെ ചോദിച്ചു "സാര്‍, തേല്‍ എന്നുവെച്ചാല്‍ എന്താ?" എനിക്കറിയാം ഉത്തരം, ഞാന്‍ അതിലുമുച്ചത്തില് വിളിച്ചുപറഞ്ഞു "എണ്ണ, എണ്ണ". സാറിന് ഇതത്ര പിടിച്ചില്ല. ഞാന്‍ ക്ലാസിനു പുറത്ത്. ഈ സംശയം ചോദിച്ചവനും താമസിയാതെ മറ്റെന്തോ കുരുത്തക്കേടിന് പുറത്തെത്തി. ഇത്തരം പിള്ളേരുടെ ചന്തി പൊളിക്കാന്‍ വടിയുമായി ഹെഡ് മാസ്റ്റര്‍ നടക്കുന്ന സമയമായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കിട്ടി പെട. അങ്ങിനെ സത്യം അറിയുന്നവനും അറിയാത്തവനും ശിക്ഷ കിട്ടി.

ഇടക്കെപ്പോഴോ ഞാന്‍ ഹിന്ദി വിദ്യാലയത്തില്‍ ചേര്‍ന്നു, പൊരിഞ്ഞ ഹിന്ദി പഠനം. പ്രാഥമിക് വലിയ പ്രയാസമില്ലാതെ പാസായി. മാധ്യമ ആയപ്പോഴേക്കും സ്റ്റൈലായി ഉഴപ്പി, അതിനാല്‍ കഷ്ടിച്ചാണ് പാസായത്. ഇല്ലായിരുന്നെങ്കില്‍ ഞാനൊരു ഹിന്ദി വാദ്ധ്യാരായേനെ, കാരണം എന്റെ അമ്മാമന്‍ ഒരു ഹിന്ദി മാഷാണ്, അമ്മക്ക് വലിയ മോഹമായിരുന്നിരിക്കാം ഞാനും ഒരു ഹിന്ദി മാഷാവണമെന്ന്.

പത്താംക്ലാസിലെ ഹിന്ദി പരീക്ഷ കഴിഞ്ഞപ്പോള്‍ വലിയ ആശ്വാസമായിരുന്നു, ഇനി ഈ ഭാരം ഞാന്‍ ചുമക്കേണ്ടല്ലൊ. പ്രീഡിഗ്രിക്ക് മലയാളം സെക്കന്റ് ലാംഗ്വേജ് ആയി എടുക്കാനായിരുന്നു പ്ലാന്‍. പക്ഷെ മലയാളം എന്നെ ചതിച്ചു. എല്ലാ പേപ്പറുകളിലും വെച്ച് ഏറ്റവും കുറവ് മാര്‍ക്ക് മലയാളത്തിന്. അതോടെ അമ്മ കാലുമാറി. ഹിന്ദി എടുത്താല്‍ മതി എന്ന ആജ്ഞ. വേറെ വഴിയില്ല, രണ്ടുകൊല്ലം കൂടി ഞാന്‍ അവനെ സഹിച്ചു. (പ്രീഡിഗ്രിക്ക് ഏറ്റവും കുറവുമാര്‍ക്ക് ഹിന്ദിക്ക് നേടിക്കൊടുത്ത് ഞാന്‍ പകരം വീട്ടി എന്നത് ചരിത്രം)

മാതൃഭാഷാ മേ അനുവാദ് കരോ (മാതൃഭാഷയെ അനുവദിക്കൂ...... പ്ലീസ്)

ഒരു പരീക്ഷയിലെ ചോദ്യം.
വാക്ക് - ആഭാസ്.
ഞാനാദ്യം എഴുതി ...... ആഭാസം.
പിന്നീട് തോന്നി അതത്ര ശരിയാവില്ലെന്ന്. അത് തിരുത്തിയെഴുതി ..... അഭ്യാസം.
രണ്ടും ശരിയല്ലെന്ന് മാര്‍ക്ക് വന്നപ്പോള്‍ മനസിലായി.

സജിയേട്ടനാണ് ഹിന്ദി-മലയാളം അനുവാദത്തിലെ എക്സ്പ്പര്‍ട്ട്. ചില സാന്പിളുകള്‍ താഴെക്കൊടുക്കുന്നു(നോട്ട് എക്സ്ക്ലൂസിവ്)
ഏക് ഡോക്ടര്‍ കി മൌത്ത് എന്ന സിനിമ കണ്ടുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍. സജിയേട്ടന്‍ അക്ഷമനായി കാത്തിരിക്കുന്നു. കാരണം ലളിതം, ഒരു ഡോക്ടരുടെ വായ എന്ന സിനിമയില്‍ ഡോക്ടര്‍ വായ പോയിട്ട് പല്ലുപോലും കാണിക്കുന്നില്ല.
സജിയേട്ടന്റെ ഏറ്റവും പ്രശസ്തമായ തര്‍ജ്ജമ കേട്ടതിനുശേഷം നമുക്കു ഈ പോസ്റ്റ് ചുരുട്ടിമടക്കാം.
ഒരു പാട്ടാണ് ഇവിടെ പ്രസ്തവ്യമാകുന്നത്. അതിപ്രകാരം.
ഘുങ്ഗ്രൂ കീ തരാഹ്, ബജ്താ ഹി രഹാ ഹൂം മേ.
കഭി ഇസ് പഗ് പേ, കഭി അസ്‌ പഗ് പേ.....ബജ്താ ഹി രഹാ ഹൂം മേ.
ഇതില്‍ പല വാക്കുകളുടെയും അര്‍ത്ഥം മനസിലാക്കാം. പക്ഷെ ഘുങ്ഗ്രൂ എന്നാല്‍?? ഇതാണ് സജിയേട്ടനെ കുഴക്കിയത്.
അവസാനം സജിയേട്ടന്‍ കണ്ടുപിടിച്ചു......
ഘുങ്ഗ്രൂ എന്നാല്‍ കൊറ്റി, അഥവാ കൊക്ക്.
അപ്പോള്‍ എല്ലാം ശരിയായി.
പാട്ടിന്റെ തര്‍ജ്ജമ ഇപ്രകാരം.
ഒരു കൊക്കിനെപ്പോലെ ഞാന്‍ ഭജിക്കുന്നു. ചിലപ്പോള്‍ ഈ കാലില്‍ നിന്നു ഭജിക്കുന്നു, ചിലപ്പോള്‍ കാല് മാറ്റി മറ്റേക്കാലില് നിന്നു ഭജിക്കുന്നു.
+++++++++++++++++++++++++++++++++++++
നിങ്ങള്‍ക്കെന്നോട് ഇപ്പോള്‍ ധൈര്യമായി ഹിന്ദി പറയാം. എനിക്ക് മറുപടി പറയാന്‍ കഴിയും.


നാരിയല്‍ കാ പാനീ ചാഹിയെ.....
ക്യാ ഫുള്‍ ബോട്ടല്‍ ക്യാ ഹാഫ് ബോട്ടല്‍???

Wednesday, November 12, 2008

ഞാനും ക്രിക്കറ്റും - ആദ്യ നാളുകള്‍.

ദാദാ, സാദാ, ജംബോ സര്‍ക്കസ്, വാണ്‍, കോണ്‍ തുടങ്ങി വിരലിലെണ്ണാവുന്നതും അല്ലാത്തതുമായ കാക്കത്തൊള്ളായിരവും അതിലധികവും ആയ മഹാരഥന്മാര്‍ കളിക്കളം ഒഴിയുന്ന ഈ കാലഘട്ടത്തില്‍, ലെജന്റ് എന്നും ഐക്കണ്‍ എന്നുമൊക്കെ നെറ്റിപ്പട്ടം ചാര്‍ത്തിക്കിട്ടിയ പലരും വിരമിച്ചു വീട്ടില്‍ കുത്തിയിരിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന ഈ സമയത്ത്, ദാദയും കോതയും അണ്ടനും അടകോടനുമെല്ലാം തിരക്കിട്ട് കണ്ണീരൊഴുക്കലും ഫീച്ചറെഴുതലും ആയി താളുകളില്‍ സ്ഥാനം പിടിക്കുന്പോള്‍ ഞാനായിട്ടെന്തിന് വെറുതെയിരിക്കണം, ന്നാ പിടിച്ചോ എന്റെ വക ഒരു വധം. എല്ലാരും എഴുതുന്നു, എന്നാല്‍ ഞാനും തുടങ്ങാം.

പലരെയും പോലെ ഞാനും കുട്ടിയും കോലും കളിച്ച് ക്രിക്കറ്റിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടവനാണ്. പക്ഷെ കുട്ടിയും കോലും എന്നേ ഒതുക്കിവെച്ച ഞാന്‍ ഇന്നും ക്രിക്കറ്റ് ആസ്വദിക്കുന്നു, പഴയതിലും വാശിയോടെ. എന്റെ ക്രിക്കറ്റ് ഭ്രാന്ത് ഏറ്റവുമധികം സഹിക്കുന്നത് എന്റെ സഹധര്‍മ്മിണിയാണ്, പാവം, ഇവിടെ ഒന്നും പറയാനാവാതെ കുഴങ്ങുന്നു.

ക്രിക്കറ്റ് എന്ന കളിയെക്കുറിച്ച് ആദ്യമായി ഞാനറിയുന്നത് എന്റെ അയല്‍ക്കാരനായ മിനേഷിലൂടെയാണ്. 1983ല്‍ ഇന്ത്യ വെസ്റ്റിഡീസിലേക്ക് പോയ കാലം. ഗവാസ്കര്‍ (ഗവാസ്കര്‍ എന്നത് ഗാവസ്കര്‍ ആകാന്‍ കുറെയധികം കാലമെടുത്തു), കപില്‍ദേവ് (അന്നത്തെ അലിഖിത ഭാഷാഗ്രന്ഥങ്ങള്‍ പ്രകാരം കപില്‍ദ്) തുടങ്ങിയ പേരുകള്‍ ഞാന്‍ കേട്ടിരുന്നു. മോഹിന്ദര്‍ അമര്‍നാഥ് എന്നൊരു പേരുകൂടി മിനേഷ്‌ എനിക്ക് പരിചയപ്പെടുത്തി. അമര്‍നാഥ് ഇല്ലെങ്കില്‍ ഇന്ത്യ നൂറു റണ്ണിന് ആളൌട്ടാവും എന്നും പൊട്ടി പാളീസാവും എന്നും മിനേഷ്‌ പറഞ്ഞപ്പോള്‍ ഞാനൊരു കാര്യം മനസിലാക്കി, അമര്‍നാഥ് എന്നാല്‍ ഒരു ഭയങ്കരന്‍ സംഭവമാകുന്നു, നൂറിനും ആയിരത്തിനുമിടയ്ക്ക് നില്ക്കുന്ന ഏതോ ഒരു അദ്ഭുദജീവി. ഇതില്‍ റണ്‍ എന്നാല്‍ എന്താണെന്നോ സാധാരണയായി ഒരു ടീം എത്ര റണ്ണടിക്കുമെന്നോ ഔട്ടാവുന്നതും ആളൌട്ടാവുന്നതും എങ്ങിനെയെന്നോ അറിഞ്ഞിട്ടല്ല, എന്നാലും ........

പിന്നീട് ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഞാന്‍ പഠിച്ചു. രണ്ടു മരക്കോല്‍ കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിനാണ് റണ്‍ എന്ന് പറയുന്നതെന്നും ഈ ഓട്ടത്തിനിടയില്‍ പലരീതിയിലും ആള്‍ ഔട്ടാവാമെന്നും ആള്‍ക്കാരെല്ലാം ഈ രീതിയില്‍ ഔട്ടായാല്‍ ആളൌട്ടാവുമെന്നും എല്ലാം മിനേഷ്‌ എന്നെ ധരിപ്പിച്ചു.

എനിക്കെന്തോ ഇതത്ര സുഖിച്ചില്ല, മനസിലാകാത്തതിനാലാവാം. അല്ലെങ്കിലും മുന്തിരിക്കിത്തിരി പുളി കൂടുതലല്ലേ. ആളൌട്ടാവണ്ട, ആളെ വിട്ടാല്‍ മതി എന്ന മൂഡിലായിരുന്നു ഞാന്‍.

മേല്‍പ്പറഞ്ഞ പരന്പരയിലെ ഒരു ടെസ്റ്റ് നടക്കുന്ന സമയം. അന്ന്‍ ഞങ്ങളുടെ വല്യേട്ടന്‍ വീട്ടിലുണ്ട്. വല്യേട്ടന്‍ റേഡിയോ ചെവിയില്‍ വെച്ച് കമന്ററി കേള്‍ക്കുകയാണ്.

എനിക്കുള്ള പാതി വിവരം പരീക്ഷിക്കാന്‍ പറ്റിയ സമയം. ഞാന്‍ ചെന്ന്‍ വല്യ ജാഡയില് വല്യേട്ടനോട് ചോദിച്ചു "സ്കോറെന്തായീ?" മറുപടി വന്നു "ഫോര്‍ട്ടി ഫോര്‍ വണ്‍". ഒരുത്തന്‍ ഔട്ടായി എന്ന് തീരുമാനം (ഛെ തീരെ കപ്പാസിറ്റി ഇല്ല). ജാഡ കുറക്കരുതല്ലോ, അടുത്ത ചോദ്യം വിട്ടു "ആരാ ഔട്ടയേ" അതിനും മറുപടി വന്നു "അന്ഷുമന്‍ ഗെയ്കവാദ്". ഹൊ, ഒരു പേരു കൂടി പഠിച്ചു.
ആ പരന്പരയേക്കുറിച്ച് എനിക്ക് വലിയ ഓര്‍മകളൊന്നുമില്ല. ആകെയുള്ളത് രണ്ടു തലക്കെട്ടുകള്‍ മാത്രം. ഒന്ന്‍ ഗവാസ്കര്‍ തന്റെ ഇരുപത്തെട്ടാം സെഞ്ച്വറി അടിച്ചു റെക്കോഡ് തകര്‍ത്തു (ബ്രാഡ്മാന്‍ എന്ന പേരില്‍ ഒരു മഹാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു, സെഞ്ച്വറി എന്നാല്‍ നൂറടിക്കലാണെന്നുമാത്രം അറിയാം). പിന്നൊന്ന് ഇന്ത്യ ലോകചാന്പ്യന്മാരെ തോല്‍പ്പിച്ചു എന്നതും. ആദ്യമായാണത്രേ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ഏകദിനത്തില്‍ തോല്‍പ്പിക്കുന്നത്. കൊള്ളാം, ഇന്ത്യാന്ന്‍ പറഞ്ഞാല്‍ അത്ര മോശോന്നൂല്ല്യ.
ഇടക്ക് ഞാനും ഒന്നു കമന്ററി കേട്ടുനോക്കി. ദോഷം പറയരുതല്ലോ, ഒരു വസ്തു മനസിലായില്ല. ഫോര്‍ റണ്‍സ് എന്ന് കേട്ടാല്‍ ആരോ നാലു റണ്‍ ഒപ്പിച്ചെടുത്തു എന്ന് മനസിലാവാം, പക്ഷെ ചാര്‍ റണ്‍ കേലിയെ എന്ന് പറഞ്ഞാല്‍ അതെന്തു കുന്തം? അന്നത്തെ പാവം അഞ്ചാം ക്ലാസുകാരന്‍ ഹിന്ദിയറിയാതെ കുഴങ്ങി.
ക്രിക്കറ്റില്‍ എനിക്ക് താല്‍പ്പര്യം ജനിക്കുന്നത് ആ പരന്പരക്കുശേഷമുണ്ടായ ലോകകപ്പോടെ ആണ്. അന്ന്‍ ന്യൂസ് പേപ്പറില്‍ വലിയൊരു പടം കണ്ടു, എല്ലാ ടീമുകളും നിരനിരയായി നില്ക്കുന്നു. കപില്‍ദേവിന്റെ പിന്നില്‍ അതാ വലിയൊരു ഇന്ത്യന്‍ പട. ഇത്രേം ആളുകള്‍ തമ്മില്‍തല്ലുന്നതല്ലേ, ഇനി ഞാനായിട്ട് അവഗണിക്കണ്ട.
അന്ന്‍ പേപ്പറില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമായിരുന്നു ആധാരം, നേരത്തെ പറഞ്ഞപോലെ കമന്ററി അധികം മനസിലാവാത്തതിനാല്‍ ഞാനധികം പരിശ്രമിച്ചില്ല.
ആദ്യ മല്‍സരത്തില്‍ ഇന്ത്യ (വീണ്ടും) ലോകചാന്പ്യന്മാരെ ഞെട്ടിച്ചുവത്രേ. അന്ന്‍ പുതിയ ചില പേരുകള്‍ കൂടി ഞാന്‍ കേട്ടു. യശ്പാല്‍ ശര്‍മ ആണ് എന്റെ ആദ്യ ആരാധ്യതാരം. കാരണം ആ കളിയില്‍ എറ്റവുമധികം രണ്ണടിച്ചത് ഇദ്ദേഹമായിരുന്നു. അത് ഒരു ഇന്ത്യന്‍ റെക്കോഡ് ആയിരുന്നുവത്രേ. ഇതു കൊള്ളാല്ലോ എന്ന് വിചാരിച്ചിരിക്കുന്പോഴാണ് അടുത്ത മല്‍സരത്തിന്റെ സ്കോര്‍ അപ്ഡേറ്റുമായി മിനേഷ്‌ പ്രത്യക്ഷപ്പെടുന്നത്. സിംബാബ്വേ എന്ന ടീമുമായി കളിക്കുന്ന ഇന്ത്യ എഴുപത്തിചില്വാനം രണ്‍സിന് ഏഴ് വിക്കറ്റ് തുലച്ചു നില്ക്കുകയാണത്രെ. പൊട്ടി നാശമാകാന്‍ ഇനിയെന്തുവേണം? പിന്നീട് ഫൈനല്‍ സ്കോര്‍ അറിഞ്ഞപ്പോള്‍ അദ്ഭുദം, ആവേശം, ആശ്വാസം. കപില്‍ദേവ് അടിച്ചു പരത്തി. 175 റണ്‍സ്, അതും വേറൊരു റെക്കോഡ് (ഇന്ത്യാക്കാര്‍ക്ക് റെക്കോഡ് തകര്‍ക്കല്‍ തന്നെ പണി). ഇന്ത്യ വീണ്ടും ജയിച്ചു.
സന്തോഷം അധികം നീണ്ടില്ല, ഇന്ത്യ ആസ്ത്രേലിയയോടും വെസ്റ്റിന്‍ഡീസിനോടും തോറ്റു. ഇനിയധികം ആവേശം വേണ്ട, കളിക്കാനറിയാവുന്ന ആണുങ്ങള്‍ വേറെയുമുണ്ട്. എന്നാലും പ്രതീക്ഷ ബാക്കി.
അടുത്ത മത്സരം വീണ്ടും സിംബാബ്വേ. ജയിച്ചു. സമാധാനം.
പിന്നെ ആസ്ത്രേലിയ. അത് ജയിച്ചാല്‍ സെമിയിലെത്താം. ജയിക്കുമോ?
ജയിച്ചു. പുതിയ ചില പേരുകള്‍. ബിന്നി, മദന്‍ലാല്‍, സന്ദീപ് പാട്ടീല്‍. ഇത്രയും കാലം ഇവരെ ശ്രദ്ധിക്കാതിരുന്നതില്‍ സങ്കടം തോന്നി.
ജീവിതത്തില്‍ ആദ്യമായി കുറച്ചധികം നേരം കമന്ററി കേട്ടിരുന്നത് ഇന്ത്യയുടെ സെമിഫൈനല്‍ മത്സരത്തിലായിരുന്നു. വില്ലീസ്, ബോതം, ഗവര്‍ തുടങ്ങിയ ഭീമാകാരന്മാര്‍ അടങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ പുഷ്പം പോലെ തോല്‍പ്പിച്ചു.
ആദ്യമായി ക്രിക്കറ്റ് എന്ന കളി ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി. എനിക്ക് പരിചയമുള്ള കളിക്കാരുടെ പേരുകളുടെ ലിസ്റ്റ് വലുതായിതുടങ്ങി. ഇന്ത്യന്‍ താരങ്ങളുടെ പേരുകള്‍ക്ക് പുറമെ റിച്ചാഡ്സ്, ലോയിഡ്, മാര്‍ഷല്‍, ഹോള്‍ഡിംഗ് എന്നീ പേരുകളും എനിക്ക് കേട്ടാല്‍ മനസിലാവും എന്ന സ്ഥിതി വന്നു. ശ്രീകാന്ത്, കിര്‍മാനി, സന്ധു തുടങ്ങിയ പേരുകള്‍ എനിക്കിഷ്ടപ്പെട്ടു.
അങ്ങിനെ ഫൈനല്‍ എത്തി. ക്രിക്കറ്റ് അരച്ചുകലക്കി കുടിച്ചുകഴിഞ്ഞവര്‍ മുതല്‍ എന്നെപ്പോലുള്ള ചിന്നപയ്യന്‍സ് വരെ ആകാംക്ഷയോടെ കാത്തിരുന്ന ദിവസം.
ഉച്ചക്ക് കളി തുടങ്ങി. കമന്ററി കേള്‍ക്കുന്പോള്‍ ഇടക്കിടെ "ഔട്ട്" "ഔട്ട്" എന്ന് കേള്‍ക്കാം, ആവേശം പതുക്കെ തണുത്തു തുടങ്ങി. അവസാനം 183 എന്ന സ്കോറിന് ഇന്ത്യ വട്ടത്തിലായപ്പോള്‍ സുനിലിന്റെ പപ്പ പറഞ്ഞു "രക്ഷയില്ല, ഇതവര് ഈസിയായി അടിക്കും"
വെറുമൊരു കൌതുകം, ചെറിയൊരു ശുഭപ്രതീക്ഷ, ഞാന്‍ കമന്ററി കേള്‍ക്കാനിരുന്നു. വെസ്റ്റിന്‍ഡീസിന്റെ ഇന്നിങ്ങ്സ് തുടങ്ങി. ഏറെ താമസമില്ലാതെ ആദ്യ വിക്കറ്റ് വീണു, ഗ്രീനിഡ്ജ് ഔട്ട്. പിന്നെ വരുന്നു ഭയങ്കരന്‍, റിച്ചാഡ്സ്. വന്ന പാടെ റിച്ചാഡ്സ് അടി തുടങ്ങി. ഫോറുകളുടെ ബഹളം. എനിക്ക് മടുത്തു തുടങ്ങി. വീട്ടിലാരോ ഗസ്റ്റ് വന്നതിനാല്‍ അച്ഛന്‍ അദ്ദേഹവുമായി സംസാരിച്ചിരിക്കുകയാണ്. ഇടക്കെപ്പോഴോ രണ്ടാം വിക്കറ്റും വീണു, എന്നാല്‍ റിച്ചാഡ്സ് ഉള്ളിടത്തോളം കാലം രക്ഷയില്ല. സമയം ഏറെ വൈകിയതിനാല്‍ ഞാന്‍ ചെന്നു കിടന്നു, സ്കോര്‍ അന്പത്തിചില്വാനം. വിക്കറ്റ്, രണ്ട്. തോല്ക്കുമെന്ന് ഉറപ്പ്.
പിറ്റേന്നുരാവിലെ ഞാനെഴുനേല്ക്കുന്നത് ആ വലിയ വാര്‍ത്ത കേട്ടുകൊണ്ടാണ്. ഇന്ത്യ ജയിച്ചു. വെസ്റ്റിന്‍ഡീസിനെ 140 റണ്‍സിനു പുറത്താക്കി ഇന്ത്യ ചരിത്രം തിരുത്തി, ലോകചാന്പ്യന്മാരായി. അച്ഛന്‍ എന്നെ ഈ വിവരം അറിയിച്ചപ്പോള്‍ ക്രിക്കറ്റില്‍ എന്റെ ആദ്യ പുളകം.
പിന്നീട് പലതവണ ഞാന്‍ അനുഭവിച്ച ആ സുഖകരമായ ആ ഒരു വികാരം അവിടെ തുടങ്ങി.
അന്നാദ്യമായി എനിക്ക് ഇന്ത്യന്‍ ടീമില്‍ വിശ്വാസം ജനിച്ചു. ക്രിക്കറ്റ് എന്ന കളി ഇഷ്ടപ്പെട്ടു തുടങ്ങി. അന്നുവരെ ബാറ്റിങ്ങും ബൌളിങ്ങും ഒരിക്കല്‍പ്പോലും കാണാത്ത ഞാന്‍ ആ കളിയെ കേട്ടുകൊണ്ട് ഇഷ്ടപ്പെട്ടു. പതുക്കെ പതുക്കെ എന്റെ താത്പര്യം വളര്‍ന്നു.
ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരുപാടൊരുപാട് കാര്യങ്ങള്‍ പറയണമെന്നുണ്ട്. എല്ലാം പറയാന്‍ ഒരു ബ്ലോഗ് പോരാ. ഇനിയും കഥകളുമായി തിരിച്ചുവരാം.