Showing posts with label കുട്ടിക്കാലം. Show all posts
Showing posts with label കുട്ടിക്കാലം. Show all posts

Friday, June 5, 2009

എന്റെ ഏകാന്തത (രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം മൂന്ന്)

ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചില്ലേ....
ഇനി മൂന്നാം ഭാഗം. തിരശീല വീഴാന്‍ സമയമായി.

എന്റെ ചില എകാന്തകിറുക്കുകള്‍ ആണിവിടെ.

ഏകാന്തത എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യമായിരുന്നു, കല്യാണം കഴിയുന്നതുവരെ.... (കിടക്കട്ടെ ഭാര്യയ്ക്കും ഒരു സോപ്പ്‌). കുറെ സ്വപ്നം കാണാനും അത്യാവശ്യം ചില കിറുക്കുകള്‍ നടപ്പിലാക്കാനും ഏകാന്തത എന്നെ സഹായിച്ചിട്ടുണ്ട്. അന്നൊക്കെ ഒരു introvert ആയിരുന്നു എന്നതും എന്റെ എകാന്തതയ്ക്കൊരു കാരണമായിരുന്നു. കൂട്ടുകാര്‍ ഇല്ലെന്നല്ല, പക്ഷെ ഒഴിവുസമയങ്ങള്‍ ഒറ്റയ്ക്കായും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്.

എന്റെ കുട്ടിവായന

ഒരുപാടു റേഞ്ച് അവകാശപ്പെടാനാവില്ലെങ്കിലും കുട്ടിക്കാലത്ത് ഞാന്‍ നന്നായി വായിക്കുമായിരുന്നു. ബാലരമ, പൂന്പാറ്റ, അന്പിളി അമ്മാവന്‍ എന്നീ ദ്വൈവാരികകള്‍ വീട്ടില്‍ വരുത്തിയിരുന്നു. ബാലമംഗളവും ഡിങ്കനുമൊക്കെ അന്നില്ലായിരുന്നു. പിന്നീട് വായന ഒന്നുകൂടി വികസിച്ചത് അമര്‍ ചിത്രകഥ (ഇംഗ്ലീഷ്‌, പിന്നീടത്‌ ബാലരമ അമര്‍ചിത്രകഥ എന്നാ പേരില്‍ മലയാളത്തിലും ലഭ്യമായിരുന്നു എന്ന് തോന്നുന്നു) ഇറങ്ങിയപ്പോഴാണ്. എല്ലാ മാസവും പലചരക്ക് വാങ്ങാന്‍ ഇറങ്ങുന്ന കൂട്ടത്തില്‍ ഒരു ട്രിപ്പ്‌ പാലക്കാട്ടെ ശാന്താ ബുക്ക്‌ ഡിപ്പോയിലേക്കും. ഒരെണ്ണം വിടാതെ എല്ലാ പതിപ്പുകളും വാങ്ങിക്കൂട്ടിയിരുന്നു. ഇത് കുറേക്കാലം തുടര്‍ന്നു, ഒരു ലൈബ്രറി തുടങ്ങാന്‍മാത്രം പുസ്തകങ്ങള്‍ എന്റെ വീട്ടില്‍ ഉണ്ടായിരുന്നു.

വിശ്വസാഹിത്യമാല എന്നൊരു സീരീസ്‌ (പ്രസാധകര്‍ ആരെന്നോര്‍മയില്ല) ഇറങ്ങിയതോടെ ആണ് ചില ലോകോത്തര ക്ലാസിക്കുകള്‍ ഞാന്‍ വായിക്കുന്നത്. സംക്ഷിപ്തരൂപത്തില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട ആ ക്ലാസിക്കുകള്‍ എന്നെ ഒരുപാടു ആകര്‍ഷിച്ചവ ആയിരുന്നു. നോത്രദാമിലെ കൂനന്‍ ആയിരുന്നു ആ സീരീസിലെ ആദ്യ പുസ്തകം. ശാന്താ ബുക്ക്‌ ഡിപ്പോയിലേക്ക് ഉള്ള യാത്രയില്‍ വാങ്ങേണ്ട ബുക്കുകളുടെ എണ്ണം കൂടി.കുറെ പുരാണകഥകള്‍ അടങ്ങിയ ഒരു സെറ്റ് പുസ്തകങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു, അവയുടെ പേരോ പ്രസാധകരുടെ പേരോ ഒന്നും ഓര്‍മയില്ല.

പറഞ്ഞുവന്നത് വായനയെക്കുറിച്ചാണല്ലോ. വായിക്കുന്പോള്‍ ഞാന്‍ വളരെ സീരിയസ്‌ ആയി വായിക്കുമായിരുന്നു. ആ സമയത്ത് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറേ ഇല്ലായിരുന്നു. ഒരിക്കല്‍ (വടക്കന്തറ വേല സമയത്ത്) വീട്ടിനരികിലൂടെ ഒരു ആന പോകുന്നുണ്ടായിരുന്നു. ആ ചുറ്റുവട്ടത്തുള്ളവരെല്ലാം ആനയെ കാണാന്‍ വീട്ടിനു പുറത്തേക്കിറങ്ങി, ഒരാളൊഴിച്ച്. അത് അപ്പൂട്ടന്‍ മാത്രമായിരുന്നു. ആശാന്‍ ഏതോ പുസ്തകത്തില്‍ മുഴുകി ഇരുപ്പായിരുന്നു. വേണമെങ്കില്‍ ആന ഇങ്ങോട്ട് വന്നു എന്നെ കണ്ടു പൊയ്ക്കോട്ടേ എന്ന ഭാവത്തില്‍ അകത്തു തന്നെ ഇരുപ്പ്.

അത്തരം മോഹങ്ങള്‍ ആനയ്ക്കും ഉണ്ടായിരുന്നോ എന്നറിയില്ല, ഏതായാലും അപ്പൂട്ടനെ കാണണം എന്ന് ആന വാശി പിടിക്കാതിരുന്നതിനാല്‍ ഞങ്ങളുടെ വീടും വാതിലുകളുമൊക്കെ യഥാസ്ഥാനത്തു തന്നെ അവശേഷിച്ചു.

ഇനി ചില കഥകളിലേക്ക്....

മഹര്‍ഷി അപ്പൂട്ടന്‍.....

പുരാണ കഥകള്‍ ധാരാളം വായിച്ചുകൂട്ടിയിരുന്നു എന്ന് പറഞ്ഞല്ലോ. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി തപസ്സായിരുന്നു.

തപസ്സ്‌ എന്ന സ്പോണ്‍സരന്മാരില്ലാത്ത പരിപാടി എന്തെന്നറിയാത്തവരുടെ വിജ്ഞാനകോശത്തിനായി....

ഓരോ ടീംസ്‌ വെറുതെ ഇരിക്കുന്പോള്‍ അങ്ങ് തപസ്സു ചെയ്യും, ഇഷ്ടദൈവത്തിനെ. ചമ്രം പടിഞ്ഞോ യോഗാ പോസ്ചറിലോ ഒറ്റക്കാലിലോ ഇരുന്നോ കിടന്നോ മറിഞ്ഞോ എങ്ങിനെ വേണമെങ്കിലും കാര്യം നടത്താം, ഒന്ന് മാത്രം ശ്രദ്ധിച്ചാല്‍ മതി, വരാന്‍ സാധ്യതയുള്ള ദൈവത്തിനെ ആദ്യമേ അങ്ങ് ബുക്ക്‌മാര്‍ക്ക്‌ ചെയ്തിരിക്കണം. ഒരു സെറ്റപ്പില് എത്തിക്കഴിഞ്ഞാല്‍ പിന്നെ ആ ദൈവത്തിനെ വിളിയോടുവിളി. അത്രേ ഉള്ളു...... കാര്യം നിസ്സാരം.

ദൈവം ആദ്യം ഇത്തരം മെയിലുകള്‍ എല്ലാം ഇഗ്നോര്‍ ചെയ്യും. അവസാനം മെയില്‍ ബോക്സ്‌ ഫുള്ളായെന്നു സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ വിളിച്ചു പറഞ്ഞാല്‍ ഇതെന്തു പണ്ടാറം എന്ന് പറഞ്ഞു ഗത്യന്തരമില്ലാതെ പുള്ളി ഫീല്‍ഡിലിറങ്ങും. "വത്സാ, തപസ്സേട്ടേയ് (പാലക്കാടന്‍ സ്റ്റൈലില്‍ അങ്ങിനെയും വിളിക്കാം)............ നിന്നില്‍ നാം പ്രസന്നനും ശിവനും (മഞ്ജുളചേച്ചിയുടെ മക്കളുടെ പേരാണ്) ഒക്കെ ആയിരിക്കുന്നു" എന്ന് പറഞ്ഞു തപസ്സന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും. (ബെസ്റ്റ്....നുണ പറയാന്‍ ഈ ദൈവങ്ങളെ കഴിഞ്ഞേ വേറെ ആളുള്ളൂ. പൊറുതിമുട്ടി വന്നതാണെങ്കിലും അന്നെ ഞമ്മക്ക്‌ പെരുത്തിഷ്ടായീ എന്നേ പറയൂ)

ദൈവം പ്രത്യക്ഷപ്പെട്ടാല്‍ തപസ്സേട്ട തന്റെ ഡിമാന്റ്സ് അങ്ങ് വെക്കും, ഒരുമാതിരി യൂണിയന്‍ നേതാക്കളുടെ മട്ടില്‍.
ദൈവം "ലത് വ്യാണോഡേയ്.... ആകെ കലിപ്പാകുവല്ല്" എന്ന് പറഞ്ഞു കയ്ചിലാവാന്‍ നോക്കിയേക്കും, വിടരുത്........
"പിന്നെന്തരിനു വന്നഡേയ്" എന്നൊരു ചോദ്യം തിരിച്ചും എറിഞ്ഞാല്‍ മതി. ദൈവം വീണോളും. അപ്പൊ ചോയ്ച്ച വരം ഗംപ്ലീറ്റ്‌ തരും.

ചില വിരുതന്മാരുണ്ട്, കുനിഷ്ടു പിടിച്ച വരമേ ചോദിക്കൂ എന്ന് ദൈവത്തിനു ഉറപ്പുള്ള ടീംസ്‌.

അവന്മാര് ചുമ്മാ തപസു ചെയ്താലൊന്നും ദൈവം പ്രത്യക്ഷപ്പെടില്ല. എന്നിട്ടെന്താ കാര്യം, ഇത്തരം ടീംസ്‌ ദൈവത്തിനെ വെറുതെ വിടുമോ. കുറച്ചധികം നേരം തപസ്സു ചെയ്യും, എന്നിട്ടും വന്നില്ലെങ്കില്‍ അവസാനം ആത്മഹത്യ എന്ന ഭീഷണി മുഴക്കും. സ്വയം കഴുത്തില്‍ വാള് വെയ്ക്കും (തെറ്റിദ്ധരിക്കല്ലെ, വാള്‍ കഴുത്തില്‍ വെയ്ക്കും എന്നെ ഉദ്ദേശ്യമുള്ളു).

അപ്പൊ ദൈവം വരും. ഇനി ആത്മഹത്യക്കുറിപ്പെങ്ങാന്‍ എഴുതിവെച്ചാല്‍ കുറ്റം ദൈവത്തിന്റെ പിടലിക്കിരിക്കും. പിന്നെ കേസ്, കോടതി, ഇണ്ടാസ്‌, യുവര്‍ ഓണര്‍, ഓഡര്‍ ഓഡര്‍.... അമ്മോ.... ദൈവത്തിന്റെ ചെരുപ്പ് തേയും വക്കീലാപ്പീസില്‍ കയറിയിറങ്ങി. ദൈവത്തിനു പോലും നമ്മുടെ വക്കീലന്മാരെ പേടിയാ.

ആലോചിച്ചപ്പോള്‍ എനിക്കും തോന്നി ഇത് കൊള്ളാമല്ലോ എന്ന്. ഇത്തിരി തപസ്സു ചെയ്‌താല്‍, ദൈവമെങ്ങാന്‍ പ്രത്യക്ഷപ്പെട്ടാല്‍..... ഹാവൂ, പിന്നെ .........

ഞാനും തുടങ്ങി ഒരു തപസ്സ്‌. എന്താണ് വരം ചോദിക്കേണ്ടത്‌ എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നോ എന്ന് ഓര്‍മയില്ല. പരീക്ഷയില്‍ മുഴുവന്‍ അന്‍പതില്‍ അന്‍പതു എന്നോ മറ്റോ ആയിരിക്കണം.

ഏതായാലും ഗംഭീരമായി തന്നെ കട്ടിലില്‍ ഇരുന്നു തപസ്സു ചെയ്തു.
(സ്ഥലത്തിനു പേര് പാല"ക്കാട്" എന്നാണെങ്കിലും കാടു ഞാന്‍ കണ്ടിട്ടില്ല. വല്ല സൈലന്റ് വാലിയിലും പോകാമെന്ന് വെച്ചാല്‍ കയ്യില്‍ റെഡികാഷില്ല. അതിനാല്‍ കാട്ടില്‍ പോയി തപസ്സു ചെയ്യാനൊന്നും വയ്യ. പിന്നെന്തു ചെയ്യും? ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യുക, അത്ര തന്നെ. ദൈവത്തിനു അറിയുമായിരിക്കും എന്റെ ലിമിറ്റേഷന്‍സ്)

ഏതാണ്ട് പതിനഞ്ചു സെക്കന്റ് കഠിനതപസ്സ് അനുഷ്ഠിച്ചു കാണും. മന്ത്രമൊന്നും അറിയില്ല, ഓം....നമശ്ശിവായ എന്നോ മറ്റോ ജപിച്ചുകാണും. (അല്ലെങ്കിലും ശിവന്‍ ആണല്ലോ അപകടം പിടിച്ച വരം കൊടുക്കുന്നതിന്റെ ആശാന്‍. പുള്ളിക്ക് വരം എന്ന് കേട്ടാല്‍ പിന്നെ മുന്‍-പിന്‍ നോട്ടമൊന്നുമില്ല, അങ്ങ് കൊടുത്തുകളയും)

ദൈവത്തിന്റെ വരവിന്റെ ലക്ഷണം ഒന്നും കാണുന്നില്ല.

ഒരുപക്ഷെ തപസ്സിന്റെ രീതി ശരിയല്ലാത്തതിനാലാവുമോ? കഠിനം പോരേ.... ഘോരം വേണോ? ഓ.... ആയിക്കളയാം. നമ്മടേലാണോ ടെക്നിക്കില്ലാത്തത്?

അടുത്ത പടി.... ഒറ്റക്കാലില് നിന്ന് തപസ്സ്‌. ഘോരഘോരന്‍ തന്നെ. ഇതില്‍ ദൈവം വന്നില്ലെങ്കില്‍ എന്നെ ദാ.... ഇങ്ങിനെ വിളിച്ചോ.

ഏതാണ്ട് എട്ടു സെക്കന്റ്. ബാലന്‍സ്‌ ശരിയാവാഞ്ഞതിനാല്‍ ആ പരിപാടി നമ്മുക്ക് പറ്റിയതല്ലെന്നു മനസിലാക്കി. അപ്പൊ ഘോരന്‍ വേണ്ട, കഠിനന്‍ മതി.
കഠിനത്തിനു റിസല്‍റ്റ്‌ ഇല്ലാ....... സോ വാട്ട്..... ടെക്നിക്കുകള്‍ ഇനിയും കിടക്ക്വല്ലേ....

ഇനിയാണ് ഫൈനല്‍ ശ്രമം.

റെഡിയാക്കി വെച്ചിരുന്ന പിശ്ശാങ്കത്തി എടുത്തു കയ്യില്‍ പിടിച്ചു.

വരുമോ.......നീ വരുമോ.....
ഇല്ല, ആള്‍ പ്രസാദിച്ചിട്ടില്ല.

കത്തി ഒന്നുകൂടി കഴുത്തിനടുത്തേക്ക് നീങ്ങി. ഇടയ്ക്കൊന്നു ഇടങ്കണ്ണിട്ടു നോക്കി.... വരുന്നുണ്ടോ?
നഹീ നഹീ....

ഇപ്പോള്‍ കത്തി കഴുത്തിന്‌ വളരെ അടുത്താണ്..... ദൈവമേ.... മര്യാദയ്ക്ക് വന്നോ... ഇല്ലെങ്കില്‍.....
ഇല്ല. ദൈവം എന്നെ തിരിഞ്ഞു നോക്കുന്നതേ ഇല്ല.

കത്തി കഴുത്തില്‍ മുട്ടിച്ചു...... ബ്ലഡി ബാസ്കറ്റ്ബാള്‍ വന്നില്ലേ വെവരറിയും.....
യെവടെ..... ദൈവവുമില്ല ഒരു ...... ഇല്ല.

പിശ്ശാങ്കത്തി തട്ടി മുറിഞ്ഞാല്‍ ഉള്ള വേദന ഓര്‍ത്തപ്പോള്‍ വെട്ടാതിരിക്കുന്നതാണ് ബുദ്ധി എന്ന് തോന്നി, വെട്ടിയില്ല.

എന്റെ തപസ്സു അവിടെ അവസാനിച്ചു !!!!!!!!!!!!!!
അതോടെ ദൈവവുമായുള്ള എന്റെ കൂട്ട് ഞാന്‍ വെട്ടി. ഇനിയെങ്ങാന്‍ ദൈവം വന്നാല്‍ തന്നെ പുള്ളിയെ ഓടിച്ചുവിടാനും ഞാന്‍ തീരുമാനിച്ചു, ങാഹ, അത്രയ്ക്ക് അഹങ്കാരമോ..... വിളിച്ചാ വന്നൂടെ?

പിന്നീടെപ്പോഴോ അഗ്നിയ്ക്ക് നടുവില്‍ നിന്ന് തപസ്സുചെയ്ത ഒരു ഗഡിയുടെ കഥ വായിച്ചു. അപ്പോഴാണ്‌ മനസിലായത് what I was missing എന്നത്.

അന്ന് കത്തി പൊക്കിയ നേരം വീടിനു തീയിട്ടു തപസ്സു ചെയ്തിരുന്നെങ്കില്‍ എനിക്ക് പിന്നെ പരീക്ഷയുടെ കാര്യം ഓര്‍ക്കേണ്ട ആവശ്യമേ വരില്ലായിരുന്നു(തെറ്റിദ്ധരിക്കല്ലെ..... എല്ലാ പരീക്ഷയ്ക്കും റാങ്ക് കിട്ടും എന്നാ ഉദ്ദേശിച്ചത്, അല്ലാതെ....... അയ്യേ.... നിങ്ങളെന്താ മനസിലാക്കീത്?) .

കഷ്ടം.... ഈ കഥ അന്ന് വായിക്കാന്‍ പറ്റിയില്ലല്ലൊ......

ഭൂലോകത്തിന്റെ സ്പന്ദനം അഥവാ എന്റെയൊരു ഭ്രാന്ത്‌.

അരിതമെറ്റിക് (Arithmetic) എനിക്ക് വലിയ ഇഷ്ടമായിരുന്നു. ചില്ലറ നന്പറുകള്‍ ഇന്നും ഇഷ്ടമാണ്, പക്ഷെ ഒരുകാലത്ത് നന്പരുകളുടെ നന്‍പന്‍ ആയിരുന്നു ഞാന്‍.

ഒരു ചെറിയ കണക്കുകഥയില്‍ നിന്നാണ് ഈ കഥയുടെ തുടക്കം. നിങ്ങളില്‍ പലരും ഈ കഥ കേട്ടിട്ടുണ്ടാവും.

ചതുരംഗത്തില്‍ തന്നെ തോല്പിച്ച വ്യക്തിയോട് രാജാവ് എന്തും ചോദിക്കാനുള്ള അനുവാദം കൊടുത്തു. ആ മഹാന്‍ ചോദിച്ചത് ഇത്രമാത്രം.


ബോര്‍ഡിന്റെ ആദ്യ കളത്തില്‍ ഒരു ഗോതന്പുമണി. രണ്ടാമത്തേതില്‍ രണ്ടു ഗോതന്പുമണി, മൂന്നാമത്തേതില്‍ നാല്, നാലാമത്തേതില്‍ എട്ട്, അങ്ങിനെ ഇരട്ടിച്ചു ഇരട്ടിച്ചു അറുപത്തിനാല് കളത്തിലുമായി എത്ര ഗോതന്പുമണി കിട്ടുമോ അത്രയും മതി.

രാജാവ് സസന്തോഷം സമ്മതിച്ചു. പത്തോ നൂറോ ആയിരമോ ലക്ഷമോ..... എത്രയുമായാലും ഗോതന്പുമണികളല്ലെ, ഇതിലിത്ര ചിന്തിക്കാനിരിക്കുന്നു.

എന്നാല്‍ ഗോതന്പുമണികള്‍ നിറഞ്ഞു തുടങ്ങിയപ്പോഴാണ് രാജാവിന് തന്റെ അബദ്ധം മനസിലായത്. ഇരുപത്തിയഞ്ച് കളം എത്തിയപ്പോഴേക്കും ഗോതന്പുമണികളുടെ എണ്ണം ഒരു കോടി കടന്നു. പത്തായത്തിലെ ഗോതന്പ് മുഴുവന്‍ കൊണ്ടുവന്നിട്ടും അടുത്ത കളം ഒക്കുന്ന ലക്ഷണമില്ല. പതിയെ പതിയെ രാജാവിന് മനസിലായി, രാജ്യത്തെ ഗോതന്പ് മുഴുവന്‍ ഉപയോഗിച്ചാലും താന്‍ നല്‍കിയ വാക്ക് നിറവേറ്റാന്‍ തനിക്കാവില്ലെന്ന്.

ഇത് രണ്ടു ഖാതം അറുപത്തിമൂന്ന്, അഥവാ 2 raised to 63 (2^63) എന്ന വലിയൊരു സംഖ്യ ആണ്. Microsoft Excel ഉപയോഗിച്ചാല്‍ പോലും ഇതിന്റെ ശരിയായ മൂല്യം കാണാനാവില്ല. 9,223,372,036,854,780,000 എന്നാണു Excel തരുന്ന ഉത്തരം, അതിലെ അവസാനം കാണുന്ന പൂജ്യങ്ങള്‍ ശരിയല്ല തന്നെ, കാരണം എക്സലിനു അത് calculate ചെയ്യാന്‍ കഴിയില്ല.

എനിക്കൊരു ഇത്തരത്തില്‍ ചെറിയ (വലിയ) ചിന്ത വന്നത് ഞാന്‍ പത്താംക്ലാസ് കഴിഞ്ഞു റിസല്‍റ്റ്‌ കാത്തിരിക്കുന്ന കാലത്താണ് (എന്നാണു ഓര്‍മ, പ്രീഡിഗ്രി കാലവുമാവാം). 10^63 എന്നാല്‍ എത്രയാണ്?

അന്ന് കന്പ്യൂട്ടര്‍ എന്നത് എനിക്ക് ഒട്ടും അറിയാത്ത ഒരു പിശാചാണ്. സ്കൂളില്‍ ഒരിക്കല്‍ ഒരാള്‍ ഇതേക്കുറിച്ച് പറഞ്ഞത് കേട്ടിട്ടുണ്ട് എന്നല്ലാതെ അത്തരത്തിലൊരു സാധനം ഞാന്‍ കണ്ടിട്ടില്ല, അക്കാലത്ത്.

ഇരുന്നു കണക്കുകൂട്ടാന്‍ തീരുമാനിച്ചു. അതിനായി ഞാന്‍ കുറച്ചു ഗ്രാഫ്‌ ഷീറ്റുകള്‍ വാങ്ങി. ക്രമത്തില്‍ വരി തെറ്റാതെ എഴുതാനാണിത്.
ഞാന്‍ എന്റെ കണക്കുകൂട്ടല്‍ ആരംഭിച്ചു. കാര്യം വളരെ എളുപ്പമാണ്. തൊട്ടു മുകളില്‍ കാണുന്ന അക്കത്തെ രണ്ടുകൊണ്ടു ഗുണിച്ചാല്‍ മതി, കൂട്ടാന്‍ ബാക്കി വല്ലതുമുണ്ടെങ്കില്‍ (അത് ഒന്നോ പൂജ്യമോ ആയിരിക്കും) അത് കൂട്ടുക, ഇവിടെ ബാക്കി വല്ലതുമുണ്ടെങ്കില്‍ അത് അടുത്ത അക്കം ഗുണിക്കുന്പോള്‍ ഉപയോഗിക്കുക, ചോ ചിന്പില്‍.....

ഇതൊരു ഹരമായി മാറാന്‍ അധികം സമയമെടുത്തില്ല. അറുപത്തിമൂന്ന് ലക്ഷ്യമാക്കി തുടങ്ങിയ ഞാന്‍ താമസിയാതെ അത് കടന്നു പായാന്‍ തുടങ്ങി. ഗ്രാഫ്‌ ഷീറ്റുകളുടെ എണ്ണം കൂടി. ഗ്രാഫ്‌ ഷീറ്റുകള്‍ ഒട്ടിച്ചു ചേര്‍ത്ത് വലിയ പായ പോലെ വീതിയുള്ളവ ആയി.
രാത്രിയില്‍ വൈകിയിരുന്നു (പലപ്പോഴും രണ്ടും മൂന്നും മണി വരെ) ഞാന്‍ എന്റെ യജ്ഞം തുടര്‍ന്നു. (ഹൊ.....ഇത് പഠിക്കുന്ന സമയത്ത് ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഐ ഏ എസ് സുഖമായി എഴുതിയെടുത്തേനെ).

ഇത് എത്ര എത്തി എന്ന് എനിക്കിന്നോര്‍മയില്ല. ആയിരം എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. ഒരു 600 വരെയെങ്കിലും ഞാന്‍ ഇത്തരത്തില്‍ കണക്കു കൂട്ടിയിട്ടുണ്ട്. എന്ന് വെച്ചാല്‍ 2^600. (4.1495E+180 എന്ന് Microsoft Excel പറയുന്നു)

ഈ ഭ്രാന്തിന്റെ റിസല്‍റ്റ്‌ എന്റെ കൈവശം ഇപ്പോഴില്ല. ഏതൊക്കെയോ വീട്പെയിന്റിംഗ് പരിപാടികള്‍ക്കിടയില്‍ ഇത് എനിക്ക് നഷ്ടമായി.
അന്നൊന്നും അത് വലിയ പ്രശ്നമായി തോന്നിയില്ല, പക്ഷെ ഇന്ന് ഓര്‍ക്കുന്പോള്‍ അതെല്ലാം ഞാന്‍ preserve ചെയ്യണമായിരുന്നു എന്ന് തോന്നിപ്പോകുന്നു. കുറഞ്ഞത് ഇത്തരത്തില്‍ ഒരു വട്ട് ഉണ്ടായിരുന്നു എന്ന് ഭാര്യയോടും മകനോടും പറഞ്ഞു ചിരിക്കാനെങ്കിലും.

സുഡോക്കു..... ഏകാന്തതയിലെ കൂട്ടുകാരന്‍.

സുഡോക്കു എന്ന കളി ഇപ്പോള്‍ സുപരിചിതമാണല്ലോ. അക്കങ്ങള്‍ എനിക്കെന്നും ഇഷ്ടമായിരുന്നതിനാല്‍ ഈ കളി പ്രചാരത്തില്‍ വന്ന നാള്‍ മുതല്‍ എന്റെ ഒരു ഫേവറിറ്റ്‌ ആയിരുന്നു.

ഒരു സമയം കൊല്ലി എന്ന നിലയില്‍ ഇതെന്നെ സഹായിച്ചത് ഞാന്‍ Onsite-ല്‍ ആയിരുന്നപ്പോഴാണ്.

വിവാഹത്തിന് ശേഷം ആദ്യമായി ഭാര്യയെ പിരിഞ്ഞിരിക്കുകയാണ്. അന്നേയ്ക്കു തന്നെ രണ്ടര വര്‍ഷം കഴിഞ്ഞിരുന്നുവെങ്കിലും പിരിയല്‍ എന്ന പരിപാടി ഇത്തിരി വിഷമം പിടിച്ചത് തന്നെയാണ്. ഈ വിഷമം കൂടി ഉള്ളതിനാല്‍ ഏകാന്തത വലിയൊരു ബുദ്ധിമുട്ട്‌ തന്നെയാണ്.

ഞാന്‍ എത്തിപ്പെട്ടത് ഇംഗ്ളണ്ടിലെ മാഞ്ചെസ്റ്റര്‍ എന്ന സ്ഥലത്താണ്. അവിടെ വീട്ടില്‍ ടിവി, കന്പ്യൂട്ടര്‍ തുടങ്ങിയ വിനോദോപാധികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. പകല്‍ ഓഫീസില്‍ തിരക്കായിരിക്കുമെങ്കിലും വൈകീട്ട് വീട്ടില്‍ എത്തിയാല്‍ എന്ത് ചെയ്യും?

തുടക്കത്തില്‍ വലിയ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. കൂടെ ഒരു സഹപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നതിനാല്‍ പാചകത്തില്‍ മുഴുകിയും തറയടിച്ചും പരസ്പരം കുറ്റം പറഞ്ഞും കഴിഞ്ഞു. ഇതെല്ലാം കേട്ട് കേട്ട് സമയം ആത്മഹത്യ ചെയ്തതിനാല്‍ രക്ഷപ്പെട്ടു.
ഞങ്ങള്‍ രണ്ടുപേരും ഉള്ള സമയത്ത് തന്നെ അത്യാവശ്യം കറക്കവും തീര്‍ത്തു. മാഞ്ചെസ്റ്റര്‍ നഗരവും ട്രഫോര്‍ഡ് സെന്റര്‍ എന്ന ഭീമാകാരന്‍ മാളും ലണ്ടനും ഷെഫീല്‍ഡും എല്ലാം. ഇനി വല്ലയിടവും കാണാനുണ്ടെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടും എന്ന നിലയിലേക്ക് ആയി.

താമസിയാതെ എന്റെ സഹപ്രവര്‍ത്തകന്‍ തിരിച്ചു യാത്രയായി. എന്റെ ബുദ്ധിമുട്ട്‌ കാലവും തുടങ്ങി.

കൂടെയുണ്ടായിരുന്നത് രണ്ടു പുസ്തകങ്ങള്‍ മാത്രം. അവയുടെ പേര് പറയുന്നില്ല, പറഞ്ഞാല്‍ ഞാന്‍ ഉന്നതമായ ചിന്തകള്‍ ഉള്ള ഒരു മഹാബുദ്ധിമാന്‍ ആണെന്ന് നിങ്ങള്‍ മനസിലാക്കിയാലോ? സമയത്തെ കൊല്ലാനുള്ള ആയുധമൊന്നും ഈ പുസ്തകങ്ങള്‍ക്ക് ഇല്ലായിരുന്നു എന്ന് മാത്രം മനസിലാക്കിയാല്‍ മതി.

പാചകവും ശാപ്പാടും ഒന്നും നമുക്ക് പണ്ടെ വല്യ കാര്യമൊന്നും ആയിരുന്നില്ലല്ലോ. (ഇഷ്ടഭോജ്യം ഏതാണെന്ന് ചോദിച്ചാല്‍ നാരങ്ങസോഡ ആണെന്ന് പറയും). അതിനാല്‍ അധികം സമയം അവിടെയും കളയാനില്ല. വാരാന്ത്യങ്ങളില്‍ മഹാ ബോറടി. ഇടയ്ക്ക് ട്രാഫോര്‍ഡ് സെന്ററില്‍ പോയി സിനിമ കാണാം (അതിലൊരു കഥയുണ്ട്, പിന്നെ പറയാം). ബാക്കി പിന്നേം കിടക്കുന്നു സമയം, ഒരു പാരാവാരം പോലെ. അങ്ങിനെയാണ് സുഡോക്കു എന്റെ പ്രിയമിത്രമാകുന്നത്.

ഡെയിലി സുഡോക്കു പബ്ലിഷ് ചെയ്യുന്ന രണ്ടു സൈറ്റുകള്‍ കണ്ടുപിടിച്ചു. ദിവസവും മൂന്നു പസിള്‍ വരും, ഈസി, മീഡിയം, ഹാര്‍ഡ്‌ എന്നിങ്ങിനെ.
എല്ലാ ദിവസവും ഈ രണ്ടു സൈറ്റിലേയും മൂന്നു കളികളും എക്സല്‍ വഴി എടുക്കും, പ്രിന്റ്‌ ചെയ്തു സൂക്ഷിക്കും. വൈകീട്ട് വീട്ടില്‍ എത്തിയാല്‍ ഈസി രണ്ടും സോള്‍വ്‌ ചെയ്യും. മീഡിയവും ഹാര്‍ഡും വാരാന്ത്യത്തിലെക്കുള്ളവ ആണ്. ഒരു ആഴ്ചയിലെ മുഴുവന്‍ സാധനങ്ങളും കൂട്ടി ആറെണ്ണം, ശനിയും ഞായറും ഇരുന്നു സോള്‍വ്‌ ചെയ്യും.

ബാക്കി സമയം കിട്ടിയാല്‍ യാത്ര, വല്ല സ്ഥലവും കാണാനോ സിനിമ കാണാനോ ആയി.

ഇനിയും സമയം ഉണ്ടെങ്കില്‍ ഉറക്കം.

ങേ.... ഇനിയും സമയം ബാക്കിയുണ്ടെന്നോ???? എന്നാലിത്തിരി ശാപ്പാട് ആയിക്കോട്ടെ.

ഈ യാത്രയ്ക്ക് ശേഷം ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞു ഒരിക്കല്‍ കൂടി ഞാന്‍ മാഞ്ചെസ്റ്ററിലേക്ക് പോയിട്ടുണ്ട്. ഇത്തവണ വിഷമം ഇത്തിരി കൂടുതലായിരുന്നു, കാരണം ഗര്‍ഭിണിയായ ഭാര്യയെ പിരിഞ്ഞാണ് ഞാന്‍ പോകുന്നത്.

സുഡോക്കു എന്നെ എത്ര സഹായിച്ചു എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ.
*******************************************************************************

ഇന്നും ഒറയ്ക്കുള്ള സമയം ഞാന്‍ ആസ്വദിക്കാറുണ്ട്, ഇത്തിരി വായനയും ഒത്തിരി ദിവാസ്വപ്നങ്ങളുമായി......

ഏകാന്തതയും ആസ്വദിക്കാം, ജീവിതത്തെ പോലെ തന്നെ, അല്ലെ.....

Friday, March 6, 2009

രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം രണ്ട് (ഞാനും ക്രിക്കറ്റും വേറെ ചിലതും)

ഇത്തിരി സീരിയസ് ആയൊരു പോസ്റ്റിട്ടപ്പൊ ചെലരൊക്കെ എന്നെ ഇടിച്ചു നിരപ്പാക്കാന്‍ വന്നു. ഇതൊക്കെ എഴുതാന്‍ അപ്പൂട്ടന്‍സ് ബ്ലോഗ് വേണ്ട, വേണങ്കില്‍ ഒരു അപ്പൂപ്പന്‍സ് ബ്ലോഗ് തുടങ്ങാന്‍ പറഞ്ഞു. എന്താ ചെയ്യാ.... നന്നാവാന്‍ സമ്മതിക്കില്ല.
എന്നാ ശരി, പിടിച്ചോ അടുത്ത തറ എന്ന് ഞമ്മളങ്ങ് തീരുമാനിച്ച്. തമാശ മതിയെങ്കീ തമാശ തന്നെ, അല്ലാതെന്ത്.... സഹിച്ചോ വായനക്കാരാ.....


കുട്ടിക്കാലത്തെ ചില കളികള്‍ കഴിഞ്ഞ പോസ്റ്റില്‍ പറയുകയുണ്ടായി. ഒരു തുടര്‍ച്ച.
ക്രിക്കറ്റിലെ എന്റെ ആദ്യനാളുകളെക്കുറിച്ചും ഞാന്‍ മുന്പ് പറയുകയുണ്ടായി.


ഇത്തവണ ക്രിക്കറ്റ് ആണ് വിഷയം. ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ചില സംഭവങ്ങള്‍ ആണ് ഈ പോസ്റ്റില്‍.
++++++++++++++++++++++++++++++++++

എന്റെ ക്രിക്കറ്റ് സംബന്ധമായ കഴിവുകളെക്കുറിച്ച് ഒരു ധാരണ തരാം.
ഞാന്‍ ബാംഗ്ലൂരിലായിരുന്നപ്പോള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഞാനൊരു ലെഗ് ബ്രെയ്ക്ക് ബൌളര്‍ ആയാണ് അറിയപ്പെട്ടിരുന്നത് (അല്ലെങ്കില്‍ പരിഹസിക്കപ്പെട്ടിരുന്നത്). ഷെയ്ന്‍ വോണ്‍ പന്ത് സ്പിന്‍ ചെയ്തിരുന്നത് പോലെ എനിക്കും സാധിച്ചിരുന്നു എന്ന്‍ ഇതിനര്‍ത്ഥമില്ല. ഷെയ്ന്‍ വോണ്‍ പോയിട്ട് കുംബ്ലെ സ്പിന്‍ ചെയ്ത അത്രയും പോലും എന്റെ പന്തുകള്‍ തിരിയാറില്ലായിരുന്നു. ഒരു ആക്സിഡന്റില്‍ പെട്ട് എന്റെ ഇടത്തെ കാല്‍ ഒടിഞ്ഞ സംഭവത്തിനു ശേഷം ഞാനടങ്ങുന്ന സമൂഹം എനിക്ക് ചാര്‍ത്തിത്തന്ന ലേബല്‍ ആണ് ഇപ്പറഞ്ഞ ലെഗ് ബ്രെയ്ക്ക് ബൌളര്‍ എന്നത്.
++++++++++++++++++++++++++++++


ഇന്ത്യയുടെ ലോകകപ്പ് ജയമാണ് എന്നെ ക്രിക്കറ്റിലേക്കടുപ്പിച്ചത്. എന്നാല്‍ അതിനുശേഷവും കുറച്ചുകാലം കഴിഞ്ഞാണ് ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. കൃത്യം പറഞ്ഞാല്‍ എന്റെ ഏഴാം ക്ലാസില്‍. ഏഴാം ക്ലാസ് ആയപ്പോഴേക്കും അത്യാവശ്യം പന്ത് തട്ടാം എന്ന നിലയിലേക്കുയര്‍ന്നിരുന്നു ഞാന്‍.


പാലക്കാട്ടെ ഒരു പ്രമുഖ ബോയ്സ് ഹൈസ്കൂള്‍ ആയിരുന്ന ഭാരതമാത-ല്‍ ആണ് ഞാന്‍ എന്റെ ആറാം ക്ലാസ് മുതല്‍ പഠിച്ചത്. ഞങ്ങളുടെ ക്ലാസില്‍ 2 ക്രിക്കറ്റ് ടീമുകള്‍ ഉണ്ടായിരുന്നു. A ടീം എന്ന മിടുക്കന്മാരുടെ ടീം. അത്യാവശ്യം കൈമുട്ടുമടക്കാതെ എറിയാനോ പന്ത് വരുന്ന വഴി ബാറ്റ് വീശാനോ അറിയാവുന്ന ഒരു B ടീം. Strictly speaking, ഇതു രണ്ടും എന്റെ കാര്യത്തില്‍ പരുങ്ങലായിരുന്നെങ്കിലും ഏഴാം ക്ലാസില്‍ തുടക്കത്തിലെപ്പോഴോ അറിയാതെ ഞാന്‍ ക്ലാസിലെ ബി-ടീമില്‍ അംഗമായി. മൂക്കില്ലാരാജ്യത്ത് പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞവന്‍...


കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പലര്‍ക്കും ഈ കളിയുടെ ഗുട്ടന്‍സ് പിടികിട്ടിത്തുടങ്ങി. അപ്പോള്‍ കളിക്കാരുടെ എണ്ണവും കൂടി. A, B, C....... ടീമുകളുടെ എണ്ണവും കൂടി.


ഞങ്ങളുടെ സ്കൂളിന് നല്ലൊരു ഗ്രൌണ്ട് ഉണ്ടായിരുന്നു, അവിടെ എത്താന്‍ ഇത്തിരി നടക്കണമെന്ന് മാത്രം. ഉച്ചക്ക് ഒരുമണിക്ക് ലഞ്ച് ബ്രേക്ക് ആണ്. അപ്പോഴാണ് കളികള്‍ എല്ലാം നടക്കുന്നത്.


എല്ലാവരും കളിക്കാരല്ലേ, ഗ്രൌണ്ടിന് ഒരുപാടവകാശികള്‍ ഉണ്ട്. കുറെ കളികള്‍ നടത്താം, പക്ഷെ സപ്ലൈ-ഡിമാന്റ് അന്തരം വളരെ വലുതായിരുന്നു. അപ്പോഴെന്തുചെയ്യും?


ആദ്യം എത്തുന്നവര്‍ ഗ്രൌണ്ടിന്റെ ഒരു ഭാഗം (അഥവാ സ്വന്തം പിച്ച്, അത്രയ്ക്കുള്ള ലക്ഷ്വറി മതി) കയ്യടക്കും, അത്ര തന്നെ. എല്ലാ ടീമിനും ഇതുപോലെ ഒരു ബുക്കര്‍ ഉണ്ടായിരിക്കും. ഞങ്ങളുടെ ബുക്കര്‍ ദിനേശ് ആയിരുന്നു.


ദിനേശ് ഉച്ചക്ക് കഴിക്കാന്‍ നെയ്യൊഴിച്ച് പഞ്ചസാരയിട്ട് മൊരിച്ച റൊട്ടി ആണ് ക്ലാസില്‍ കൊണ്ടുവന്നിരുന്നത്. രാവിലെ എത്തുന്പോള്‍ തന്നെ കൂട്ടുകാര്‍ ഈ റൊട്ടിക്ക് വേണ്ടി ബുക്ക് ചെയ്യും, കാരണം അത്ര സ്വാദായിരുന്നു അതിന്. അവന്‍ ഒരെണ്ണം ഒഴിച്ച് ബാക്കിയെല്ലാം വിതരണം ചെയ്യും. അതിനാല്‍ അവന്റെ ഉച്ചഭക്ഷണം ബെല്ലടിച്ച് ഒരു മിനിറ്റിനകം കഴിയും. പിന്നെ ഒരു ഓട്ടമാണ്, ഗ്രൌണ്ട് ബുക്ക് ചെയ്യാന്‍.


സമയത്തിന് ഗ്രൗണ്ടില്‍ എത്തി പിച്ച് ബുക്ക് ചെയ്യാനാവാത്തവര്‍ പോകുന്ന വഴിയിലും കിട്ടിയ മറ്റു സ്ഥലങ്ങളിലുമായി ഒപ്പിക്കും.


ആ ഒരു ഗ്രൗണ്ടില്‍ ഒരേ സമയം ഒരു അഞ്ചാറു കളികളെങ്കിലും നടക്കുന്നുണ്ടാവും. ഒരു കളിയിലെ ബൌണ്ടറി ഫീല്ഡര്‍ ചിലപ്പോള്‍ വേറൊരു കളിയിലെ ബാറ്റ്സ്മാന്റെ തൊട്ടടുത്താവും നില്ക്കുന്നുണ്ടാവുക (ഫോര്‍വേഡ് ഷോര്‍ട്ട് ലെഗ് എന്നും പറയാം). ഓഫ് സൈഡിലോ ലെഗ് സൈഡിലോ മാത്രം റണ്‍ അനുവദിക്കുന്ന കളികളും ഉണ്ടാവും, ഗ്രൌണ്ടിന്റെ ഒരു അറ്റത്തു പിച്ച് ബുക്ക് ചെയ്യുന്നവര്‍. ഇത്രയധികം കളികള്‍ നടക്കുമെങ്കിലും ആരും ടെന്നീസ്‌ അല്ലെങ്കില്‍ റബ്ബര്‍ പന്തുപയോഗിച്ചല്ല കളിക്കുന്നത്, എല്ലാവരും കോര്‍ക്ക് ബാളിലാണ് കളി. ദേഹത്ത് കൊണ്ടാല്‍ ഒരു ക്രിക്കറ്റ് പന്തിനേക്കാള്‍ വേദനിക്കും. വലിയ പരുക്കുകള്‍ കണ്ടിട്ടില്ല, പക്ഷെ ആരോ അവരുടെ ബൌണ്ടറിയില്‍ നിന്നും എറിഞ്ഞ പന്ത് തലക്കുകൊണ്ട് കിറുങ്ങിവീണ സാബുവിന്റെ രൂപം എനിക്കിന്നും ഓര്‍മയുണ്ട്.


ഏറ്റവും വലിയ പ്രശ്നം സ്വന്തം കളി ട്രാക്ക് ചെയ്യുക എന്നത് തന്നെയായിരുന്നു. ചിലപ്പോള്‍ നമ്മുടെ നേരെ വരുന്ന പന്ത് പിടിച്ചാല്‍ ചീത്തവിളി കേള്‍ക്കാം "യെന്തഡാ, ഫോര്‍ ആവണ്ടതായിരുന്നു, യെന്തിനാഡാ പിടിച്ചത്". ഇനി പിടിച്ചില്ലെങ്കിലോ.... അപ്പൊ കേള്‍ക്കാം "യെവഡ നോക്കി നിക്കാഡാ .... മോനേ"
---------------------------------------------------------------


ഒരു ബാറ്റ് സ്വന്തമായി കയ്യിലെത്തുന്നതോടെയാണ് ഞാന്‍ ഒരു രാജാവാകുന്നത്. ഒരു ക്വിസ് മല്‍സരത്തിലെ ജയത്തിനു സമ്മാനമായി അച്ഛന്‍ 50 രൂപയ്ക്ക് വാങ്ങിതന്നതാണ് ആ ബാറ്റ്. കപില്‍ദേവിന്റെ പടം ആയിരുന്നു അതില്‍ എന്നാണ് എന്റെ ഓര്‍മ.


അന്നൊക്കെ റാങ്ക് കിട്ടിയ കുട്ടികള്‍ അഭിമാനപൂര്‍വ്വം നെഞ്ചില്‍ ബാഡ്ജ് കുത്തിനടക്കുന്നത്‌ പോലെയായിരുന്നു ആ ഭാഗ്യം (അല്ലെങ്കില്‍ കഴിവ്) സിദ്ധിച്ചിട്ടില്ലാത്തവന്മാര്‍ ബാറ്റുമേന്തി നടക്കുന്നത്. തോളില്‍ സ്കൂള്‍ ബാഗ്, കയ്യില്‍ ബാറ്റ്, അതായിരുന്നു ഒരു ഹീറോയുടെ ലക്ഷണം. ബസിലെ കണ്ടക്ടര്‍മാര്‍ പല്ലുകടിച്ചാണെങ്കിലും ഈ മാരണം സഹിക്കും, ക്ലാസിലെ ഹീറോ അല്ലെ, ഒടക്കിയാല്‍ പുലിവാലായാലൊ. നടക്കുന്ന വഴിക്ക് ഇടക്കിടെ സാങ്കല്‍പ്പിക ബാള്‍ അടിക്കും, കൂടെ നാക്കുപയോഗിച്ച് ഒരു ശബ്ദവും പുറപ്പെടുവിക്കും, ടക്. (സോറി, അക്ഷരങ്ങള്‍ക്ക് ആ ശബ്ദം കൃത്യമായി പ്രകടിപ്പിക്കാനാവില്ല, ഭാവന തന്നെ ശരണം).


താമസിയാതെ ഞാന്‍ ഏതോ ഒരു ടീമിന്റെ ക്യാപ്റ്റന്‍ ആയി. പുതിയ ചില താരങ്ങളും വന്നു, പക്ഷെ അവരൊക്കെ എന്നെ ക്യാപ്റ്റന്‍ ആക്കി, ആയുധം എന്റെ കയ്യിലാണല്ലോ. അവിടിവിടെ ചില മാച്ചുകളൊക്കെ കളിച്ചു.


അന്നത്തെ എന്റെ ഉയര്‍ന്ന സ്കോര്‍ 28 ആണ്, ഇതുവരെയും ആ റെക്കോഡ് തകര്‍ക്കാന്‍ എനിക്കായിട്ടില്ല :). അന്ന്‍ 25 തികച്ചപ്പോള്‍ സെഞ്ച്വറി അടിച്ച സന്തോഷമായിരുന്നു എനിക്കും എന്റെ ടീമംഗങ്ങള്‍ക്കും.


ഏഴാംക്ലാസ് വേനല്‍ പരീക്ഷ കഴിഞ്ഞതിനുശേഷം വീട്ടിലും കളി തുടര്‍ന്നു. പ്രധാനമായും അയല്‍വാസി സുനിലിന്റെ വീട്ടിലാണ് കളി. സൂക്ഷിച്ചുവേണം, ഇല്ലെങ്കില്‍ ഉടഞ്ഞ ചില്ലിന് സമാധാനം പറയേണ്ടിവരും. അങ്ങിനെ ലാലുവിന്റെ വീട്ടിലെ ചില്ലിനു എന്റെ അമ്മ സമാധാനം പറഞ്ഞിട്ടുണ്ട്, എക്സ്ട്രാ കവര്‍ ഡ്രൈവ് കുറച്ചു എക്സ്ട്രാവഗന്റ് ആയിപ്പോയി. റബ്ബര്‍ പന്തുപയോഗിച്ചാണ് കളി, അതിനാല്‍ പരുക്കുന്ന പ്രശ്നമേയില്ല.


എന്റെ വീടിന്റെ ടെറസിലും ഞങ്ങള്‍ കളിച്ചു. പുറത്തേക്ക് പോയാല്‍ ഔട്ട്. ചുവരില്‍ മുട്ടിയാല്‍ ഔട്ട്. ഒരു കുത്തിനുശേഷം പന്ത് പിടിച്ചാല്‍ ഔട്ട്. മിണ്ടിയാല്‍ ഔട്ട്.... അങ്ങിനെ അങ്ങിനെ ആയിരക്കണക്കിന് നിയമങ്ങള്‍ വെച്ച് ഞങ്ങള്‍ കളിച്ചു.... സ്കോര്‍ എഴുതി.... എത്രയോ തവണ അവിടെ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമായി ടെസ്റ്റ് കളിച്ചു....
-------------------------------------


പ്രതീക്ഷയോടെ എട്ടാം ക്ലാസില്‍. അപ്പോഴേക്കും എന്റെ ബാറ്റ് എന്നെ വിട്ടു പിരിഞ്ഞിരുന്നു, എന്ന് വെച്ചാല്‍ പിടി പൊട്ടിയെന്നര്‍ത്ഥം. നമ്മടെ സ്ഥാനം ശൂ ന്ന്‍ പോകുമെന്നറിയാം, എന്നാലും പഴയ ക്യാപ്റ്റനെ അവര്‍ അങ്ങിനെ മറക്കുമോ?

മറന്നില്ല, പക്ഷെ.....
അവരൊക്കെ കളി പഠിച്ചു, നന്നായിത്തന്നെ. രമേഷ് ബാബുവും രൂപേഷും കൃഷ്ണകുമാറും ഒക്കെ വളരെ നന്നായി ബാറ്റ് ചെയ്യുന്നു, ബൌള്‍ ചെയ്യുന്നു. ഞാനപ്പോഴും പഴയ ശങ്കേഴ്സ് വീക്ക് ലി തന്നെ, വളരെ വീക്ക്, സ്റ്റില്‍ ഇന്‍ ദ കോക്കനട്ട് ട്രീ. ലക്ഷപ്രഭു ആയിരുന്ന ഞാന്‍ ഒറ്റ സമ്മറു കൊണ്ട് വെറും പിച്ചക്കാരനായഡേ.

പിന്നെ സ്കൂളില്‍ അധികം കളിക്കേണ്ടി വന്നിട്ടില്ല, പഴയ ഗഡി അല്ലെ എന്ന മട്ടില്‍ ആരെങ്കിലും ടീമില്‍ എടുത്താലായി, അത്ര തന്നെ. അതിനാല്‍ ദിനേശിന്റെ റൊട്ടി എന്നെ കൊതിപ്പിച്ചുമില്ല.
--------------------------------

പിന്നെ ശ്രദ്ധ വീട്ടിലും ചുറ്റിലുമുള്ള കളിയിലായിരുന്നു.

എന്റെ ടീമംഗങ്ങള്‍ താഴെപ്പറയുന്നവരാണ്.
മധു-വിധു സഹോദരര്‍.
സുനില്‍ - ഗുജറാത്തി ആണ്, ഇപ്പോള്‍ ഒരു ടിപ്പിക്കല്‍ ഗുജ്ജു ആയി കാനഡയിലേക്ക് കുടിയേറിയിരിക്കുന്നു.
ബാബു എന്ന വിനോദ് - ഇപ്പൊ ആള് ഫിലോസഫി-യില്‍ ഉന്നതവിദ്യാഭ്യാസവും റിസേര്‍ച്ചുമായി നെതര്‍ലാണ്ട്സില്.
അനില്‍-സുനില്‍-ഷനില്‍ എന്നീ പേരുള്ള മൂന്നു സഹോദരന്മാര്‍ (ഒരു മലയാളി ടച്ച് കൊടുത്താല്‍ അനി-സുനി-ഷനി) - ഇപ്പോള്‍ പല പല ജോലികളുമായി കേരളത്തില്‍ തന്നെ.
സുജിത് (സുജി) - ഇപ്പോള്‍ എവിടെയെന്നറിയില്ല, പിന്നീടധികം കണ്ടിട്ടില്ല.
കണ്ണന്‍ അഥവാ കൃഷ്ണകുമാര്‍ - മധുവിന്റെയും വിധുവിന്റെയും അനിയന്‍.

ഇടക്കെപ്പോഴോ ഞങ്ങള്‍ വീടിനടുത്ത് ഒരു ഗ്രൌണ്ട് കണ്ടെത്തി. എന്റെ വീട്ടില്‍ നിന്നു രണ്ടു മിനിറ്റ് നടന്നാല്‍ സുജിത്തിന്റെ വീട് കാണാം. അതിന്റെ സൈഡില്‍, അനിയുടെ വളപ്പിലൂടെ കുറച്ചുദൂരം നടന്ന്‍ ഒരു വയല്‍ കടന്നാല്‍ ഇപ്പറഞ്ഞ ഗ്രൌണ്ട് ആയി.
ഞങ്ങളതിന് അമ്മു ഗ്രൌണ്ട് എന്ന് പേരിട്ടു. ആ സ്ഥലം ആരുടേതാണെന്നൊ എന്തിനാണത് ഒഴിച്ചിട്ടിരിക്കുന്നതെന്നോ ഒന്നും എനിക്കന്നും ഇന്നും അറിയില്ല.







അമ്മു ഗ്രൌണ്ട് ഏതാണ്ട് ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലിരിക്കും. (Not drawn to scale, തെറ്റുകുറ്റങ്ങള്‍ എന്റെ ചിത്രരചനാപാടവത്തിന്റേതാണ്)


നീളത്തിലധികം വീതിയില്‍ ഒരു ദീര്‍ഘചതുരം, പുല്ലില്ലാത്തത്, അതിനുചുറ്റും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ട് തോറ്റുപോകുന്ന വിധം പുല്ലു വളര്‍ന്ന ഭാഗങ്ങള്‍. വലതുവശത്ത് കുറെ സ്ഥലം ഉണ്ടെങ്കിലും കുറച്ചു പൊക്കത്തിലാണ്, അവിടെ ചില പനകളും ഉണ്ട് (മരം എന്ന representation). ഇടതുവശത്തും മുകളിലും കുറെ കുറ്റിച്ചെടികളുമുണ്ട്. Grey കളറില്‍ കാണിച്ചിരിക്കുന്നിടത്താണ് ഞങ്ങളുടെ പിച്ച്. Arrow ഉപയോഗിച്ച് മാര്‍ക്ക് ചെയ്തിടത്തേക്ക് ബൌളിംഗ് (ഇടതുവശം ഓഫ് സൈഡ്, വലതു വശം ഓണ്‍ സൈഡ്).

അമ്മു ഗ്രൌണ്ട് ചുറ്റുവട്ടത്തുള്ള ചില വീട്ടുകാര്‍ പ്രകൃതിയുമായി സംവദിക്കാനും ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ച് കുട്ടികള്‍. അതിനാല്‍ ഗ്രൗണ്ടില്‍ കളിക്കുന്പോള്‍ കുറച്ചു സൂക്ഷിക്കണം, ഇല്ലെങ്കില്‍ പന്തിന്റെ കൂടെ കുറച്ചു ജിലേബി കൂടി കിട്ടിയെന്നിരിക്കും. ഈ ജിലേബി പുല്ലില്‍ ഉരച്ചുകളഞ്ഞു വീണ്ടും കളി തുടരും, അല്ലാതെ ഓരോ ജിലേബിക്കും ഓരോ പന്ത് എന്ന നിയമം പാസാക്കിയാല്‍ അച്ഛനും അമ്മയ്ക്കും കൂടി കിട്ടുന്ന ശന്പളം പന്ത് മേടിക്കാനെ തികയൂ. അത്രയും വലിയൊരു ബേക്കറി ആയിരുന്നു ഞങ്ങളുടെ അമ്മു ഗ്രൌണ്ട്.

ഈ സമയത്തൊരിക്കലാണ് "ഒരു സിബിഐ ഡയറിക്കുറിപ്പ്" സംഭവിച്ചത്.
സംഭവം (കഥ) ഇപ്രകാരം.
ബൌള്‍ ചെയ്തപ്പോള്‍ പന്ത് പിന്നിലെ കുറ്റിക്കാടുകള്‍ക്കിടയില് പോയി. എത്ര തിരഞ്ഞിട്ടും ആശാനെ കാണുന്നില്ല.
അവസാനം ഒരു ഐഡിയ, ഡമ്മി മെതഡോളജി.
അതേ വേഗതയില്‍ അതേ ബൌളര്‍ വീണ്ടും ബൌള്‍ ചെയ്യുക. ഇത്തവണ പന്തിന്റെ ഗതി നല്ലവണ്ണം നിരീക്ഷിക്കുക. അപ്പോള്‍ ആദ്യം പോയ പന്തും കണ്ടുപിടിക്കാം.


ആശയം നടപ്പിലാക്കി.
ഞങ്ങള്‍ ഒരു കാര്യം കണ്ടുപിടിച്ചു.
വേറെ പന്ത് വാങ്ങാറായി.


ഈ കഥ നിങ്ങളുടെ നാട്ടിലും പലരും കേട്ടുകാണും. ഞങ്ങളും ശ്രമിച്ചു എന്നൊരു കഥ ഉണ്ടാക്കിയെടുത്തു. (സത്യമല്ല, അത്രേം പൊട്ടന്മാരല്ലാത്തതിനാല്‍ രക്ഷപ്പെട്ടു)

ഹൈസ്കൂള്‍ കാലത്തും പ്രീഡിഗ്രി കാലത്തുമായി ഒരുപാട് കാലം ഞങ്ങളവിടെ കളിച്ചിട്ടുണ്ട്. കാലക്രമേണ ആ വിനോദം ഇല്ലാതായി, ചങ്ങാതിക്കൂട്ടം പിരിഞ്ഞു, പലരും ജോലികളും മറ്റു പഠിപ്പുകളുമായി പലവഴിക്ക് പോയി. ആ ഗ്രൌണ്ട് ഇപ്പോള്‍ ഓര്‍മയില്‍ മാത്രം.

കുറച്ചുകാലം മുന്പ് ഞാന്‍ നാട്ടില്‍ പോയിരുന്നപ്പോള്‍ അമ്മു ഗ്രൌണ്ട് ഒരിക്കല്‍ കൂടി കാണാന്‍ ഒരു ശ്രമം നടത്തി. ഇപ്പോള്‍ അത് കാണാനില്ല, ചുറ്റും വീടുകളും മറ്റുമായി ആ ഭാഗം കാഴ്ചയില്‍ നിന്നു മറഞ്ഞിരിക്കുന്നു. അങ്ങോട്ട്‌ പോകാനുള്ള വഴി അതിന്റെ ഉടമസ്ഥര്‍ വേലി കെട്ടി ഭദ്രമാക്കിയതിനാല്‍ പിന്നീടുള്ള വഴി കണ്ടെത്താന്‍ പഴയ ബാലരമ ടെക്നിക് (വഴി കണ്ടു പിടിക്കുക എന്ന കളി) വേണ്ടി വരും.
---------------------------------------------------

പിന്നീട് ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് ബാംഗ്ലൂരിലെത്തിയ ശേഷമാണ്. IISc-ല്‍ ഉണ്ടായിരുന്ന കാലത്ത്. ദ്രാവിഡ് ഓടിപ്പഠിച്ച ഗ്രൌണ്ട് ആണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, ആ ഗ്രൌണ്ടിലൂടെ ഓടാന്‍ എനിക്കും യോഗമുണ്ട്, ഞാനും ഒരു മഹാനല്ലേ.

ഐടി മേഖലയിലെത്തിയതിനു ശേഷവും ഞാന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്. ടീമില്‍ നിലനിന്നിരുന്നത് ബൌളര്‍ ആയോ ബാറ്റ്സ്മാന്‍ ആയോ അല്ല, പതിനൊന്നാമന്‍ ആയിട്ടാണ്, എന്നുവെച്ചാല്‍ ഞങ്ങളുടെ ടീമില്‍ പതിനൊന്നു പേര്‍ ഒക്കാത്ത സമയത്ത് ഞാനും ഇത്തിരി കളിച്ചിട്ടുണ്ട് എന്നര്‍ത്ഥം. പതിനൊന്നാമനായി ഇറങ്ങി അവസാന ഓവറിലെ അഞ്ചാമത്തെ പന്ത് ഫോര്‍ അടിച്ച് കളി ജയിപ്പിച്ചതാണ് എന്റെ ഏറ്റവും വലിയ achievment.
+++++++++++++++++++++++++++++++++++++++++++++++++++++


ഞാനിപ്പോള്‍ ക്രിക്കറ്റ് കളിക്കാറില്ല, സ്വന്തം ശാരീരിക പരിമിതികള്‍ അറിഞ്ഞത് കൊണ്ടാവാം.



ഡേവിഡ് ഗവറിന്റെയും മുഹമ്മദ് അസറുദ്ദീന്റെയും ഇന്‍സമാം ഉള്‍ ഹക്കിന്റെയും മാര്‍ക്ക് വോയുടേയും വിവിയന്‍ റിച്ചാഡ്സിന്റെയും ഒക്കെ പഴയകാല കളികള്‍ കാണാനിഷ്ടപ്പെടുന്ന, വാസിം അക്രത്തിന്റെയും വഖാര്‍ യൂനിസിന്റെയും ഷെയ്ന്‍ വോണിന്റെയും മുരളീധരന്റെയും ഡാനിയേല്‍ വെറ്റോറിയുടെയും ഒക്കെ ബൌളിംഗ് അദ്ഭുതത്തോടെ വീക്ഷിക്കുന്ന, സച്ചിന്റെയും പോണ്ടിങ്ങിന്റെയും സ്റ്റാറ്റിസ്റ്റിക്സ് സൂക്ഷിക്കുന്ന, സിംബാബ്‌വെ-ബംഗ്ലാദേശ് കളി പോലും കാണാനിരിക്കുന്ന ഒരു ക്രിക്കറ്റ് പ്രേമിയായി ഞാന്‍ കഴിയുന്നു.......

ബൈ ദ ബൈ... സ്കോര്‍ എന്തായീ?

Thursday, January 15, 2009

രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം ഒന്ന്‍

കുട്ടികള്‍ കളിച്ചു വളരണം എന്നാണല്ലോ കേട്ടിട്ടുള്ളത്.
കുട്ടിക്കാലത്തെ കളികള്‍ എന്നും നമുക്കൊരു തമാശയായി ഓര്‍മിക്കാവുന്ന ഒരു കാര്യമാണ്, പഴയ കൂട്ടുകാരെ കാണുന്പോള്‍ ഗൃഹാതുരത്വത്തോടെ പറഞ്ഞു രസിക്കാനുതകുന്നതാണ്.
പലപ്പോഴും നമ്മുടെ മക്കള്‍ക്ക് അവ വെറും ബോറുകളായിരിക്കാം, കാരണം അവര്‍ ഈ രീതിയിലല്ല അത് കളിക്കുക, ഉദാഹരണത്തിന് ഭാസ്കരമൂര്‍ത്തിയുടെ കള്ളനും പോലീസും വായിച്ചു നോക്കൂ

എന്റെ കുട്ടിക്കാലത്തെ ചില കുട്ടിക്കളികളാണ് ഈ ബോസ്റ്റില്‍.....

+++++++++++++++++++++++++++++++++++++++++++
എന്റെ ആദ്യകാല ഗെയിം ഒളിച്ചുകളി (അഥവാ ഹൈഡ് ആന്റ് സീക്ക്) തന്നെയായിരിക്കണം. പക്ഷെ അതില്‍ നന്നേ ചെറുപ്പത്തിലുള്ള ഓര്‍മകളൊന്നുമില്ല (ഇത്തിരി വലുതായതിനുശേഷം ഓര്‍ക്കാന്‍ പറ്റിയ സംഭവം ഉണ്ടുതാനും, അത് വഴിയേ പറയാം).
അതുപോലെ കുട്ടിയും കോലും (ഞങ്ങളുടെ നാട്ടില്‍ അതിന് കൊട്ടിയും പുള്ളും എന്നാണ് പറഞ്ഞിരുന്നത്) എന്ന കളി ഞാന്‍ പല പ്രായത്തിലും കളിച്ചിട്ടുണ്ട്, പ്രത്യേകിച്ച് സംഭവങ്ങള്‍ ഒന്നും പറയാനില്ല. അതും ഇവിടെ പ്രസ്തവ്യമല്ല.
അതിനാല്‍ രാജാപ്പാര്‍ട്ടില് നിന്നു തന്നെ തുടങ്ങാം.

പ്രജകളില്ലാത്ത മദോന്മത്തന്‍ രാജാവ്
കുട്ടിക്കാലത്ത് എന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന സുരേഷ്, മണി, ബാബു എന്ന സഹോദരന്മാരെപ്പറ്റി ഞാന്‍ വേറൊരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അവരാണ് ഈ അങ്കത്തിലെ എന്റെ താരങ്ങള്‍.

വീടിന്റെ പുറകുവശത്ത് ആരും ശ്രദ്ധിക്കാനില്ലാതെ കിടന്നിരുന്ന ഒരു തുറന്ന ചതുരപ്പെട്ടിയില്‍ നിന്നാണ് തുടക്കം. അതുകണ്ടപ്പോള്‍ ഒരു രാജസിംഹാസനം ആയി ഉപയോഗിക്കാം എന്ന്‍ ഞങ്ങളിലാര്‍ക്കോ തോന്നി. അങ്ങിനെ ആ കഥ, അഥവാ കളി അവിടെ ആരംഭിച്ചു.
എന്റെ വീട്ടില്‍ നിന്നാണല്ലോ പെട്ടി കിട്ടിയത്, അപ്പോള്‍ ഞാന്‍ തന്നെയാണ് ആ സിംഹാസനത്തിലിരിക്കാന്‍ യോഗ്യന്‍ (കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍...) അങ്ങിനെ ഞാന്‍ രാജാവായി.
സുരേഷ് (പഴയ ക്ലാ ക്ലാ ക്ലീ ക്ലീ സുരേഷ് അല്ല, ഇത് പുതിയ ജനറേഷന്‍) സ്വമേധയാ സര്‍വസൈന്യാധിപന്‍ ആയി.
മണി ആണ് മന്ത്രി.
ബാബു വെറും ചിന്നപ്പയ്യന്‍, അതിനാല്‍ അവന്‍ റോള്‍ ഒന്നുമില്ലാതെ ഒതുങ്ങിക്കൂടി. എന്നാലും ഒരു റോള്‍ ഇല്ലാതെ രാജസഭയില്‍ ഇരുന്നാലെങ്ങിനെ?, ശന്പളം വെറുതെ കിട്ടില്ലല്ലോ, അതിനാല്‍ രാജഗുരു എന്ന റോള്‍ ഇരിക്കട്ടെ, സൌകര്യത്തിന്.

അങ്ങിനെ ദിവസവും രാജാവ് സിംഹാസനത്തിലിരിക്കും. പ്രത്യേകിച്ച് പണിയൊന്നുമില്ല രാജാവിന്. വെറുതെ ഇരുന്നുകൊടുത്താല്‍ മതി. (പ്രജകള്‍ ഒന്നുമില്ലല്ലോ, അതിനാല്‍ പ്രശ്നങ്ങളുമില്ല)
സൈന്യാധിപന്‍ ഇടക്കിടെ വന്നു മുഖം കാണിക്കും.
രാജാവേ.... യുദ്ധത്തിന്നു പൊയ്ക്കോട്ടേ?
രാജാവ് സമ്മതം നല്കും. സൈന്യാധിപന്‍ യാത്രയാവും. പിന്നെ കുറച്ചു സമയം ഗഡിയെ കാണില്ല. രാജാവിനും വലിയ പരാതികളില്ല. മാതൃരാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യുകയല്ലേ.... പാവം ജീവിച്ചു പൊയ്ക്കോട്ടേ. (നാളിതുവരെക്കും സൈന്യാധിപനോ പടയാളികള്‍ക്കോ മൃത്യു സംഭവിച്ചതായോ പരിക്കേറ്റതായോ റിപ്പോര്‍ട്ടില്ല)
ഇടക്ക് രാജാവ് (ഇരുന്നു മടുത്തപ്പോള്‍) യുദ്ധരംഗം ഒന്നു വിലയിരുത്താന്‍ (ഒരുതരം inspection) ശ്രമിച്ചു. കണ്ട കാഴ്ച മനം കുളിര്‍പ്പിക്കുന്നതായിരുന്നു. സൈന്യാധിപന്‍ ഒറ്റക്കു നിന്ന്‍ ശത്രുക്കളോട് പൊരുതുന്നു. കയ്യില്‍ വാള്‍ മാത്രം (ഈര്‍ക്കിലിയുടെ കടക്കല്‍ കയറുകെട്ടി പിടിയുണ്ടാക്കിയതാണ് പ്രസ്തുത വാള്‍). ശത്രുക്കള്‍ എത്രപേരുണ്ടെന്ന് അറിയില്ല, കാരണം ആരെയും കാണാനില്ല

രാജാവിന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കലാണ് മന്ത്രിയുടെ പ്രധാനജോലി
മന്ത്രി ഇടക്കിടെ ചോദിക്കും...... "രാജാവേ... കാറ് കൊണ്ടുവരട്ടെ?"
രാജഗുരുവിന് ഇതത്ര ഇഷ്ടപ്പെടില്ല.... "പോടാ... രാജാവ് കാറിലൊന്ന്വല്ല പൂവ്വാ, രാജാവ് തേരിലാ പൂവ്വാ"
തേര് ഇല്ലാത്തതിനാലാണോ അതോ തേരിലേക്കുള്ള കുതിരകള്‍ ഡെങ്കി പിടിച്ചു കിടപ്പായതിനാലാണോ അതോ പൈസ ഇല്ലാത്തതിനാലാണോ എന്നറിയില്ല, മന്ത്രി ഇതുവരെ തേര് സെറ്റപ്പ് ചെയ്തിട്ടില്ല.

മന്ത്രി അടുത്ത ചോദ്യവുമായി എത്തും "രാജാവേ... ചായ കൊണ്ടുവരട്ടെ?"
ഉടനെ രാജഗുരു തിരുത്തും "പോടാ, രാജാവ് ചായ അല്ല കുടിക്ക്യാ... രാജാവ് തേനാ കുടിക്ക്യാ"

അതോടെ മന്ത്രി പത്തി മടക്കും, ഗുരുവായ്ക്കെതിര്‍വാ ഇല്ലല്ലോ.

ഏതായാലും ഫുള്‍ടൈം തേന്‍ കുടിച്ച് മത്തായി നടക്കുന്ന രാജാവിനെ നേരില്‍ കണ്ടിട്ടില്ലെങ്കില്‍ ഇങ്ങോട്ട് നോക്കൂ. (പടം വലുതായി പ്രൊഫൈലില്‍ കൊടുത്തിട്ടുണ്ട്)

ഈ രാജാവ് എത്രകാലം ഭരണത്തിലിരുന്നു എന്നും പ്രസ്തുത സൈന്യാധിപന്‍ എത്ര രാജ്യങ്ങള്‍ പിടിച്ചടക്കി എന്നും കൃത്യമായ രേഖകളില്ലാത്തതിനാല്‍ ചരിത്രവിശാരദന്മാര്‍ ആ പരീക്ഷ പാസായില്ല.

ഈ കൂട്ടുകാര്‍ കുറച്ചുകാലത്തിനുശേഷം ആ വീട് വിട്ടുപോയി. ആ രാജഭരണം അങ്ങിനെ അവസാനിച്ചു. (ഇപ്പോള്‍ അവര്‍ മൂന്നുപേരും കല്യാണം കഴിഞ്ഞ് കുട്ടികളായി എവിടെയൊക്കെയോ ജീവിക്കുന്നു, കൃത്യം വിവരം അറിയില്ല)

ഭാരതത്തിലെ വീരയോദ്ധാക്കള്‍.

വീരാരാധന തലയ്ക്കുപിടിച്ച ചില കുട്ടികള്‍, അവര്‍ക്ക് യുദ്ധം എന്നാല്‍ വലിയ ഹരം. അങ്ങിനെയാണ് കുരുക്ഷേത്രയുദ്ധം സംഭവിച്ചത്.

ഇത് സാക്ഷാല്‍ മഹാഭാരതമല്ല, ഞങ്ങളുടെ ഭാരതം. ഞാനും എന്റെ അടുത്തകൂട്ടുകാരന്‍ ചന്ദ്രന്‍ അഥവാ വിധുവും ആണ് ഇതിലെ യോദ്ധാക്കള്‍.

കുരുക്ഷേത്രയുദ്ധം ഞങ്ങള്‍ പലയാവര്‍ത്തി വായിച്ചിട്ടുണ്ട്. അതിലെ അര്‍ജ്ജുന-കര്‍ണ യുദ്ധമായിരുന്നു ഞങ്ങളുടെ സ്പെഷ്യലൈസേഷന്‍. മറ്റുയുദ്ധങ്ങളും രാമായണവുമൊന്നും ഇഷ്ടമാല്ലാഞ്ഞല്ല, അതിനൊന്നും അര്‍ജ്ജുന-കര്‍ണ യുദ്ധത്തിന്റെ ഗ്ലാമര്‍ ഇല്ല.

കുരുക്ഷേത്രമായി ഞങ്ങള്‍ തെരഞ്ഞെടുത്തത് എന്റെ വീടിന്റെ പിന്‍ഭാഗത്ത് ഉണ്ടാക്കിയിട്ടിരുന്ന ആശാരിപ്പുരയാണ്. അവിടെ ആശാരിമാര്‍ ഇല്ലാത്ത സമയം നോക്കി ഞങ്ങള്‍ യുദ്ധം ആരംഭിക്കും.
ഈര്‍ക്കിലിചൂല്‍ ധാരാളം ഉണ്ടായിരുന്നതിനാല്‍ ആയുധങ്ങള്‍ക്ക് പഞ്ഞമില്ല.
ഒരു ഈര്‍ക്കിലി വളച്ച് രണ്ടറ്റവും നൂലിട്ട്‌ കെട്ടിയാല്‍ വില്ലായി. അന്പിന് ഒന്നും ചെയ്യാനില്ല, ഈര്‍ക്കിലി straight ആയി ഉപയോഗിക്കാം. അങ്ങോട്ടും ഇങ്ങോട്ടും അന്പെയ്ത്ത്.

ഒരുദിവസം ഞാന്‍ അര്‍ജ്ജുനന്‍ അടുത്തദിവസം വിധു അര്‍ജ്ജുനന്‍.
കര്‍ണന്റെ തേര്‍ച്ചക്രം എല്ലാദിവസവും മണ്ണിലാണ്ടുപോകും.
എല്ലാദിവസവും അര്‍ജ്ജുനന്‍ കര്‍ണനെ വധിക്കും, ചതിച്ചുതന്നെ.

തേരില്ല എന്ന് പറയാനാവില്ല, സാങ്കല്പിക തേര്‍ ആണ് ഞങ്ങള്‍ ഓടിച്ചിരുന്നത്. തേരിന്റെ ചക്രം മണ്ണില്‍ പുതഞ്ഞു പോയതിനാലാണല്ലോ അര്‍ജ്ജുനന് കര്‍ണനെ വധിക്കാനുള്ള ഗ്യാപ് കിട്ടിയത്, അതിനാല്‍ തേര് വേണം.
ആവനാഴി പ്രത്യേകിച്ച് ഇല്ലായിരുന്നു. അസ്ത്രങ്ങളെല്ലാം യുദ്ധക്കളത്തില്‍ (നിലത്ത്) വെച്ചിരിക്കും.

വേദവ്യാസന്‍ എഴുതാത്ത ചില രഹസ്യങ്ങളുണ്ട് മഹാഭാരതത്തില്‍, അറിയാത്തവര്‍ക്കായി പറഞ്ഞുതരാം.

ആവനാഴികള്‍ ഒരിക്കലും ഒഴിയാറില്ല, അതായത് അന്പുകള്‍ക്ക് പഞ്ഞമില്ലെന്നര്‍ത്ഥം. കാരണമെന്തന്നല്ലേ, അര്‍ജ്ജുനന്റേയോ കര്‍ണന്റെയോ അന്പിന്റെ സ്റ്റോക്ക് കഴിഞ്ഞാല്‍ അവിടവിടെ വീണു കിടക്കുന്ന അന്പുകള്‍ പെറുക്കിയെടുത്താവും അവര്‍ യുദ്ധം തുടരുക.

ഇടക്കിടെ അര്‍ജ്ജുനന്‍ കര്‍ണനോട് പറയും (അഥവാ അപേക്ഷിക്കും)
ഡാ, എന്റെ അന്പൊക്കെ കെയ്ഞ്ഞു, രണ്ടെണ്ണം താഡാ.

കര്‍ണന്‍ അല്ലെ ആള്, ദാനശീലന്‍. അങ്ങോര് സസന്തോഷം അന്പ് ദാനം ചെയ്യും.
ഞങ്ങളുടെ അര്‍ജ്ജുനന്‍ മാത്രം ദാനശീലനായിരുന്നു, മഹാഭാരതത്തിലെ പോലെ അന്പിന്റെ കാര്യത്തില്‍ പിശുക്കില്ല. ഇത്രയും പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്, ഇടക്കിടെ വേണമെങ്കില്‍ ഈ വീരയോദ്ധാക്കള്‍ അങ്ങോട്ടുമിങ്ങോട്ടും അന്പുകള്‍ കടം കൊടുക്കുകയും ചെയ്തിരുന്നു.

ഒരു പെരുന്പാന്പിനെ കിട്ടിയിരുന്നെങ്കില്‍.......

ബാക്കിയൊന്നും പറയേണ്ടല്ലോ, ജയനാണ് താരം.

എന്റെയൊക്കെ കുട്ടിക്കാലത്തെ സഹകുട്ടികളെപ്പോലെ എന്റെയും ആരാധനാപാത്രമായിരുന്നു ജയന്‍, ഒരു വ്യത്യാസം മാത്രം, ഞാന്‍ ജയന്‍ നായകനായ ഒരു സിനിമ മാത്രമെ തിയേറ്ററില്‍ പോയി കണ്ടിട്ടുള്ളു. അത് മൂര്‍ഖന്‍ എന്ന സിനിമ ആണ്. ആരാധനയൊക്കെ നാട്ടുകാരും സഹപാഠികളും പറഞ്ഞ കഥകളില്‍ നിന്നും വന്നതാണ്.
മൂര്‍ഖന്‍ സിനിമ കണ്ടതില്‍പ്പിന്നെ കുറച്ചുകാലം അതായിരുന്നു ഞങ്ങളുടെ കളി. മൂര്‍ഖന്‍ സിനിമ ഞങ്ങള്‍ (ഞാനും വിധുവും) പലതവണ അഭിനയിച്ചിട്ടുണ്ട്, ചില അനിവാര്യമായ മാറ്റങ്ങള്‍ ഉണ്ടെന്നു മാത്രം.
വില്ലന്‍ ബാലന്‍ കെ നായര്‍ ആണ് (ഞങ്ങളുടെ അടുത്തൊരു വീട്ടിലെ ചേച്ചി പറഞ്ഞതുപോലെ ബാലങ്കെന്നായര്). ബാലങ്കെന്നായര് ജയന്റെ സഹോദരിയെ എന്തോ ചെയ്തു എന്നറിയാം, ഏതായാലും അവസാനം കൊന്നു. അതിന്റെ പ്രതികാരവുമായി നടക്കുകയാണ് നായകന്‍. ഈ പറഞ്ഞ "എന്തോ" ഞങ്ങളുടെ സിനിമയില്‍ വരുന്നില്ല, കാരണം അതെന്തെന്നറിയില്ല.

ഇന്നു ഞാന്‍ ജയന്‍, നീ ബാലങ്കെന്നായര്. നാളെ നീ ജയന്‍, ഞാന്‍ ബാലങ്കെന്നായര്. അതാണ് ഡീല്‍. അപ്പോള്‍ ജയന്റെ ഇന്നത്തെ പ്രകടനവും നാളത്തെ പ്രകടനവും തമ്മില്‍ ഒരു ബന്ധവും ഉണ്ടാകില്ല, കഥ ഒന്നുതന്നെ ആണെങ്കിലും.

നിറയെ കഥാപാത്രങ്ങളുള്ള സിനിമ, അഭിനയിക്കാന്‍ രണ്ടുപേര്‍ മാത്രം. അപ്പോള്‍ സീമയും പപ്പുവും ഒക്കെ ഈ രണ്ടുപേര്‍ അഭിനയിക്കും.

ഇടക്കുവെച്ച് ജയന്‍ ബാലങ്കെന്നായരുടെ ഫോട്ടോ കണ്ട് ഞെട്ടുന്ന ഒരു സീന്‍ ഉണ്ട് സിനിമയില്‍. അതാണ് സിനിമയിലെ ടേണിങ് പോയിന്റ്. ഞങ്ങളുടെ ഇഷ്ടസീനും അതായിരുന്നു. ഈ ഞെട്ടല്‍ ഞങ്ങള്‍ രണ്ടുപേരും മല്‍സരിച്ച് ഭംഗിയാക്കും (മാര്‍ക്കിടാന്‍ ആളില്ലാതിരുന്നതിനാല്‍ ആരാണ് കേമന്‍ എന്ന ഇതുവരെയും തീരുമാനമായിട്ടില്ല). ഒരു കുഴപ്പം മാത്രം, ബാലങ്കെന്നായരുടെ ഫോട്ടോ ഞങ്ങള്‍ക്കെവിടുന്നു കിട്ടാന്‍? അതിനാല്‍ ഗണപതിയുടെ ഒരു പടം വെച്ച് ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു.

മലയാളിക്ക് ജയന്‍ ഇന്നും ഒരു നൊന്പരമായി അവശേഷിക്കുന്നു, എനിക്ക് വിധുവും. അകാലത്തില്‍ ഞങ്ങളെയെല്ലാം വിട്ട് അവന്‍ പോയി. ഇന്നും ആ നല്ല നാളുകള്‍ വല്ലാത്തൊരു വികാരത്തോടെയാണ് ഞാന്‍ ഓര്‍ക്കുന്നത്.
+++++++++++++++++++++++++++++++++++++++++++
ഇടക്കൊരു നാടകം കളി എന്ന കളിയും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. അത് മുന്‍പൊരിക്കല്‍ പറഞ്ഞതാണ്.

ഹോ‌, ഇതിപ്പോഴൊന്നും തീരില്ല, ഇതിനെ ഒരു പോസ്റ്റില്‍ ഒതുക്കാന്‍ വയ്യ. അതിനാല്‍ ഇതിവിടെ കിടക്കട്ടെ, ബാക്കി പിന്നെ.

തുടര്‍ന്നാ വിരോധാവ്വോ ആവോ

Wednesday, November 12, 2008

ഞാനും ക്രിക്കറ്റും - ആദ്യ നാളുകള്‍.

ദാദാ, സാദാ, ജംബോ സര്‍ക്കസ്, വാണ്‍, കോണ്‍ തുടങ്ങി വിരലിലെണ്ണാവുന്നതും അല്ലാത്തതുമായ കാക്കത്തൊള്ളായിരവും അതിലധികവും ആയ മഹാരഥന്മാര്‍ കളിക്കളം ഒഴിയുന്ന ഈ കാലഘട്ടത്തില്‍, ലെജന്റ് എന്നും ഐക്കണ്‍ എന്നുമൊക്കെ നെറ്റിപ്പട്ടം ചാര്‍ത്തിക്കിട്ടിയ പലരും വിരമിച്ചു വീട്ടില്‍ കുത്തിയിരിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന ഈ സമയത്ത്, ദാദയും കോതയും അണ്ടനും അടകോടനുമെല്ലാം തിരക്കിട്ട് കണ്ണീരൊഴുക്കലും ഫീച്ചറെഴുതലും ആയി താളുകളില്‍ സ്ഥാനം പിടിക്കുന്പോള്‍ ഞാനായിട്ടെന്തിന് വെറുതെയിരിക്കണം, ന്നാ പിടിച്ചോ എന്റെ വക ഒരു വധം. എല്ലാരും എഴുതുന്നു, എന്നാല്‍ ഞാനും തുടങ്ങാം.

പലരെയും പോലെ ഞാനും കുട്ടിയും കോലും കളിച്ച് ക്രിക്കറ്റിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടവനാണ്. പക്ഷെ കുട്ടിയും കോലും എന്നേ ഒതുക്കിവെച്ച ഞാന്‍ ഇന്നും ക്രിക്കറ്റ് ആസ്വദിക്കുന്നു, പഴയതിലും വാശിയോടെ. എന്റെ ക്രിക്കറ്റ് ഭ്രാന്ത് ഏറ്റവുമധികം സഹിക്കുന്നത് എന്റെ സഹധര്‍മ്മിണിയാണ്, പാവം, ഇവിടെ ഒന്നും പറയാനാവാതെ കുഴങ്ങുന്നു.

ക്രിക്കറ്റ് എന്ന കളിയെക്കുറിച്ച് ആദ്യമായി ഞാനറിയുന്നത് എന്റെ അയല്‍ക്കാരനായ മിനേഷിലൂടെയാണ്. 1983ല്‍ ഇന്ത്യ വെസ്റ്റിഡീസിലേക്ക് പോയ കാലം. ഗവാസ്കര്‍ (ഗവാസ്കര്‍ എന്നത് ഗാവസ്കര്‍ ആകാന്‍ കുറെയധികം കാലമെടുത്തു), കപില്‍ദേവ് (അന്നത്തെ അലിഖിത ഭാഷാഗ്രന്ഥങ്ങള്‍ പ്രകാരം കപില്‍ദ്) തുടങ്ങിയ പേരുകള്‍ ഞാന്‍ കേട്ടിരുന്നു. മോഹിന്ദര്‍ അമര്‍നാഥ് എന്നൊരു പേരുകൂടി മിനേഷ്‌ എനിക്ക് പരിചയപ്പെടുത്തി. അമര്‍നാഥ് ഇല്ലെങ്കില്‍ ഇന്ത്യ നൂറു റണ്ണിന് ആളൌട്ടാവും എന്നും പൊട്ടി പാളീസാവും എന്നും മിനേഷ്‌ പറഞ്ഞപ്പോള്‍ ഞാനൊരു കാര്യം മനസിലാക്കി, അമര്‍നാഥ് എന്നാല്‍ ഒരു ഭയങ്കരന്‍ സംഭവമാകുന്നു, നൂറിനും ആയിരത്തിനുമിടയ്ക്ക് നില്ക്കുന്ന ഏതോ ഒരു അദ്ഭുദജീവി. ഇതില്‍ റണ്‍ എന്നാല്‍ എന്താണെന്നോ സാധാരണയായി ഒരു ടീം എത്ര റണ്ണടിക്കുമെന്നോ ഔട്ടാവുന്നതും ആളൌട്ടാവുന്നതും എങ്ങിനെയെന്നോ അറിഞ്ഞിട്ടല്ല, എന്നാലും ........

പിന്നീട് ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഞാന്‍ പഠിച്ചു. രണ്ടു മരക്കോല്‍ കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിനാണ് റണ്‍ എന്ന് പറയുന്നതെന്നും ഈ ഓട്ടത്തിനിടയില്‍ പലരീതിയിലും ആള്‍ ഔട്ടാവാമെന്നും ആള്‍ക്കാരെല്ലാം ഈ രീതിയില്‍ ഔട്ടായാല്‍ ആളൌട്ടാവുമെന്നും എല്ലാം മിനേഷ്‌ എന്നെ ധരിപ്പിച്ചു.

എനിക്കെന്തോ ഇതത്ര സുഖിച്ചില്ല, മനസിലാകാത്തതിനാലാവാം. അല്ലെങ്കിലും മുന്തിരിക്കിത്തിരി പുളി കൂടുതലല്ലേ. ആളൌട്ടാവണ്ട, ആളെ വിട്ടാല്‍ മതി എന്ന മൂഡിലായിരുന്നു ഞാന്‍.

മേല്‍പ്പറഞ്ഞ പരന്പരയിലെ ഒരു ടെസ്റ്റ് നടക്കുന്ന സമയം. അന്ന്‍ ഞങ്ങളുടെ വല്യേട്ടന്‍ വീട്ടിലുണ്ട്. വല്യേട്ടന്‍ റേഡിയോ ചെവിയില്‍ വെച്ച് കമന്ററി കേള്‍ക്കുകയാണ്.

എനിക്കുള്ള പാതി വിവരം പരീക്ഷിക്കാന്‍ പറ്റിയ സമയം. ഞാന്‍ ചെന്ന്‍ വല്യ ജാഡയില് വല്യേട്ടനോട് ചോദിച്ചു "സ്കോറെന്തായീ?" മറുപടി വന്നു "ഫോര്‍ട്ടി ഫോര്‍ വണ്‍". ഒരുത്തന്‍ ഔട്ടായി എന്ന് തീരുമാനം (ഛെ തീരെ കപ്പാസിറ്റി ഇല്ല). ജാഡ കുറക്കരുതല്ലോ, അടുത്ത ചോദ്യം വിട്ടു "ആരാ ഔട്ടയേ" അതിനും മറുപടി വന്നു "അന്ഷുമന്‍ ഗെയ്കവാദ്". ഹൊ, ഒരു പേരു കൂടി പഠിച്ചു.
ആ പരന്പരയേക്കുറിച്ച് എനിക്ക് വലിയ ഓര്‍മകളൊന്നുമില്ല. ആകെയുള്ളത് രണ്ടു തലക്കെട്ടുകള്‍ മാത്രം. ഒന്ന്‍ ഗവാസ്കര്‍ തന്റെ ഇരുപത്തെട്ടാം സെഞ്ച്വറി അടിച്ചു റെക്കോഡ് തകര്‍ത്തു (ബ്രാഡ്മാന്‍ എന്ന പേരില്‍ ഒരു മഹാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു, സെഞ്ച്വറി എന്നാല്‍ നൂറടിക്കലാണെന്നുമാത്രം അറിയാം). പിന്നൊന്ന് ഇന്ത്യ ലോകചാന്പ്യന്മാരെ തോല്‍പ്പിച്ചു എന്നതും. ആദ്യമായാണത്രേ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ഏകദിനത്തില്‍ തോല്‍പ്പിക്കുന്നത്. കൊള്ളാം, ഇന്ത്യാന്ന്‍ പറഞ്ഞാല്‍ അത്ര മോശോന്നൂല്ല്യ.
ഇടക്ക് ഞാനും ഒന്നു കമന്ററി കേട്ടുനോക്കി. ദോഷം പറയരുതല്ലോ, ഒരു വസ്തു മനസിലായില്ല. ഫോര്‍ റണ്‍സ് എന്ന് കേട്ടാല്‍ ആരോ നാലു റണ്‍ ഒപ്പിച്ചെടുത്തു എന്ന് മനസിലാവാം, പക്ഷെ ചാര്‍ റണ്‍ കേലിയെ എന്ന് പറഞ്ഞാല്‍ അതെന്തു കുന്തം? അന്നത്തെ പാവം അഞ്ചാം ക്ലാസുകാരന്‍ ഹിന്ദിയറിയാതെ കുഴങ്ങി.
ക്രിക്കറ്റില്‍ എനിക്ക് താല്‍പ്പര്യം ജനിക്കുന്നത് ആ പരന്പരക്കുശേഷമുണ്ടായ ലോകകപ്പോടെ ആണ്. അന്ന്‍ ന്യൂസ് പേപ്പറില്‍ വലിയൊരു പടം കണ്ടു, എല്ലാ ടീമുകളും നിരനിരയായി നില്ക്കുന്നു. കപില്‍ദേവിന്റെ പിന്നില്‍ അതാ വലിയൊരു ഇന്ത്യന്‍ പട. ഇത്രേം ആളുകള്‍ തമ്മില്‍തല്ലുന്നതല്ലേ, ഇനി ഞാനായിട്ട് അവഗണിക്കണ്ട.
അന്ന്‍ പേപ്പറില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമായിരുന്നു ആധാരം, നേരത്തെ പറഞ്ഞപോലെ കമന്ററി അധികം മനസിലാവാത്തതിനാല്‍ ഞാനധികം പരിശ്രമിച്ചില്ല.
ആദ്യ മല്‍സരത്തില്‍ ഇന്ത്യ (വീണ്ടും) ലോകചാന്പ്യന്മാരെ ഞെട്ടിച്ചുവത്രേ. അന്ന്‍ പുതിയ ചില പേരുകള്‍ കൂടി ഞാന്‍ കേട്ടു. യശ്പാല്‍ ശര്‍മ ആണ് എന്റെ ആദ്യ ആരാധ്യതാരം. കാരണം ആ കളിയില്‍ എറ്റവുമധികം രണ്ണടിച്ചത് ഇദ്ദേഹമായിരുന്നു. അത് ഒരു ഇന്ത്യന്‍ റെക്കോഡ് ആയിരുന്നുവത്രേ. ഇതു കൊള്ളാല്ലോ എന്ന് വിചാരിച്ചിരിക്കുന്പോഴാണ് അടുത്ത മല്‍സരത്തിന്റെ സ്കോര്‍ അപ്ഡേറ്റുമായി മിനേഷ്‌ പ്രത്യക്ഷപ്പെടുന്നത്. സിംബാബ്വേ എന്ന ടീമുമായി കളിക്കുന്ന ഇന്ത്യ എഴുപത്തിചില്വാനം രണ്‍സിന് ഏഴ് വിക്കറ്റ് തുലച്ചു നില്ക്കുകയാണത്രെ. പൊട്ടി നാശമാകാന്‍ ഇനിയെന്തുവേണം? പിന്നീട് ഫൈനല്‍ സ്കോര്‍ അറിഞ്ഞപ്പോള്‍ അദ്ഭുദം, ആവേശം, ആശ്വാസം. കപില്‍ദേവ് അടിച്ചു പരത്തി. 175 റണ്‍സ്, അതും വേറൊരു റെക്കോഡ് (ഇന്ത്യാക്കാര്‍ക്ക് റെക്കോഡ് തകര്‍ക്കല്‍ തന്നെ പണി). ഇന്ത്യ വീണ്ടും ജയിച്ചു.
സന്തോഷം അധികം നീണ്ടില്ല, ഇന്ത്യ ആസ്ത്രേലിയയോടും വെസ്റ്റിന്‍ഡീസിനോടും തോറ്റു. ഇനിയധികം ആവേശം വേണ്ട, കളിക്കാനറിയാവുന്ന ആണുങ്ങള്‍ വേറെയുമുണ്ട്. എന്നാലും പ്രതീക്ഷ ബാക്കി.
അടുത്ത മത്സരം വീണ്ടും സിംബാബ്വേ. ജയിച്ചു. സമാധാനം.
പിന്നെ ആസ്ത്രേലിയ. അത് ജയിച്ചാല്‍ സെമിയിലെത്താം. ജയിക്കുമോ?
ജയിച്ചു. പുതിയ ചില പേരുകള്‍. ബിന്നി, മദന്‍ലാല്‍, സന്ദീപ് പാട്ടീല്‍. ഇത്രയും കാലം ഇവരെ ശ്രദ്ധിക്കാതിരുന്നതില്‍ സങ്കടം തോന്നി.
ജീവിതത്തില്‍ ആദ്യമായി കുറച്ചധികം നേരം കമന്ററി കേട്ടിരുന്നത് ഇന്ത്യയുടെ സെമിഫൈനല്‍ മത്സരത്തിലായിരുന്നു. വില്ലീസ്, ബോതം, ഗവര്‍ തുടങ്ങിയ ഭീമാകാരന്മാര്‍ അടങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ പുഷ്പം പോലെ തോല്‍പ്പിച്ചു.
ആദ്യമായി ക്രിക്കറ്റ് എന്ന കളി ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി. എനിക്ക് പരിചയമുള്ള കളിക്കാരുടെ പേരുകളുടെ ലിസ്റ്റ് വലുതായിതുടങ്ങി. ഇന്ത്യന്‍ താരങ്ങളുടെ പേരുകള്‍ക്ക് പുറമെ റിച്ചാഡ്സ്, ലോയിഡ്, മാര്‍ഷല്‍, ഹോള്‍ഡിംഗ് എന്നീ പേരുകളും എനിക്ക് കേട്ടാല്‍ മനസിലാവും എന്ന സ്ഥിതി വന്നു. ശ്രീകാന്ത്, കിര്‍മാനി, സന്ധു തുടങ്ങിയ പേരുകള്‍ എനിക്കിഷ്ടപ്പെട്ടു.
അങ്ങിനെ ഫൈനല്‍ എത്തി. ക്രിക്കറ്റ് അരച്ചുകലക്കി കുടിച്ചുകഴിഞ്ഞവര്‍ മുതല്‍ എന്നെപ്പോലുള്ള ചിന്നപയ്യന്‍സ് വരെ ആകാംക്ഷയോടെ കാത്തിരുന്ന ദിവസം.
ഉച്ചക്ക് കളി തുടങ്ങി. കമന്ററി കേള്‍ക്കുന്പോള്‍ ഇടക്കിടെ "ഔട്ട്" "ഔട്ട്" എന്ന് കേള്‍ക്കാം, ആവേശം പതുക്കെ തണുത്തു തുടങ്ങി. അവസാനം 183 എന്ന സ്കോറിന് ഇന്ത്യ വട്ടത്തിലായപ്പോള്‍ സുനിലിന്റെ പപ്പ പറഞ്ഞു "രക്ഷയില്ല, ഇതവര് ഈസിയായി അടിക്കും"
വെറുമൊരു കൌതുകം, ചെറിയൊരു ശുഭപ്രതീക്ഷ, ഞാന്‍ കമന്ററി കേള്‍ക്കാനിരുന്നു. വെസ്റ്റിന്‍ഡീസിന്റെ ഇന്നിങ്ങ്സ് തുടങ്ങി. ഏറെ താമസമില്ലാതെ ആദ്യ വിക്കറ്റ് വീണു, ഗ്രീനിഡ്ജ് ഔട്ട്. പിന്നെ വരുന്നു ഭയങ്കരന്‍, റിച്ചാഡ്സ്. വന്ന പാടെ റിച്ചാഡ്സ് അടി തുടങ്ങി. ഫോറുകളുടെ ബഹളം. എനിക്ക് മടുത്തു തുടങ്ങി. വീട്ടിലാരോ ഗസ്റ്റ് വന്നതിനാല്‍ അച്ഛന്‍ അദ്ദേഹവുമായി സംസാരിച്ചിരിക്കുകയാണ്. ഇടക്കെപ്പോഴോ രണ്ടാം വിക്കറ്റും വീണു, എന്നാല്‍ റിച്ചാഡ്സ് ഉള്ളിടത്തോളം കാലം രക്ഷയില്ല. സമയം ഏറെ വൈകിയതിനാല്‍ ഞാന്‍ ചെന്നു കിടന്നു, സ്കോര്‍ അന്പത്തിചില്വാനം. വിക്കറ്റ്, രണ്ട്. തോല്ക്കുമെന്ന് ഉറപ്പ്.
പിറ്റേന്നുരാവിലെ ഞാനെഴുനേല്ക്കുന്നത് ആ വലിയ വാര്‍ത്ത കേട്ടുകൊണ്ടാണ്. ഇന്ത്യ ജയിച്ചു. വെസ്റ്റിന്‍ഡീസിനെ 140 റണ്‍സിനു പുറത്താക്കി ഇന്ത്യ ചരിത്രം തിരുത്തി, ലോകചാന്പ്യന്മാരായി. അച്ഛന്‍ എന്നെ ഈ വിവരം അറിയിച്ചപ്പോള്‍ ക്രിക്കറ്റില്‍ എന്റെ ആദ്യ പുളകം.
പിന്നീട് പലതവണ ഞാന്‍ അനുഭവിച്ച ആ സുഖകരമായ ആ ഒരു വികാരം അവിടെ തുടങ്ങി.
അന്നാദ്യമായി എനിക്ക് ഇന്ത്യന്‍ ടീമില്‍ വിശ്വാസം ജനിച്ചു. ക്രിക്കറ്റ് എന്ന കളി ഇഷ്ടപ്പെട്ടു തുടങ്ങി. അന്നുവരെ ബാറ്റിങ്ങും ബൌളിങ്ങും ഒരിക്കല്‍പ്പോലും കാണാത്ത ഞാന്‍ ആ കളിയെ കേട്ടുകൊണ്ട് ഇഷ്ടപ്പെട്ടു. പതുക്കെ പതുക്കെ എന്റെ താത്പര്യം വളര്‍ന്നു.
ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരുപാടൊരുപാട് കാര്യങ്ങള്‍ പറയണമെന്നുണ്ട്. എല്ലാം പറയാന്‍ ഒരു ബ്ലോഗ് പോരാ. ഇനിയും കഥകളുമായി തിരിച്ചുവരാം.

Monday, October 6, 2008

ചില നാടകാനുഭവങ്ങള്‍ - ഭാഗം രണ്ട്.

ഒന്നാം ഭാഗത്തില്‍ നിന്നും നാടകത്തിന്റെ കഥ കേട്ടല്ലോ, ഈ നാടകം അവതരിപ്പിക്കാന്‍ എത്ര സമയമെടുക്കും? കൂടിയാല്‍ പതിനഞ്ചുമിനിറ്റ്. രാത്രി മുഴുവന്‍ ചെലവാകാന്‍ ഇതു പോരല്ലോ. വേറെ ചില്ലറ ചെറിയ പരിപാടികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമെ ഇതൊരു ശിവരാത്രി ആക്കാന്‍ സാധിക്കൂ. കൂടാതെ വന്നിരിക്കുന്ന കാണികള്‍ക്ക് രസിക്കാനും എന്തെങ്കിലുമൊക്കെ വേണമല്ലോ.

സിനിമാതാരങ്ങള്‍ നടത്തുന്ന "സ്റ്റാര്‍ നൈറ്റ്" കണ്ടിട്ടില്ലേ. പാട്ട്, ഡാന്‍സ്, സ്കിറ്റ്, മിമിക്രി എന്നിങ്ങനെ പല പല പരിപാടികള്‍ ഒരു അവിയല്‍ പരുവത്തില്‍ കൂട്ടിക്കുഴച്ച് എല്ലാത്തരം നടന്മാര്‍ക്കും നടികള്‍ക്കും ഒരു ചാന്‍സ് കിട്ടുന്ന രീതിയില്‍ ഒരു തല്ലിക്കൂട്ട്. അത്തരത്തില്‍ ഒരു പരിപാടി ആണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. സിനിമാക്കാര്‍ ഈ ഐഡിയ ഇംപോര്‍ട്ട് ചെയ്തത് ഞങ്ങളുടെ പരിപാടി കണ്ടിട്ടാണെന്ന് എനിക്ക് ബലമായ സംശയമുണ്ട്. (അഭിപ്രായവ്യത്യാസം ഞങ്ങള്‍ക്ക് ഇരുന്പുലക്കയല്ല, തേങ്ങാക്കൊലയാണ്)

സൂരജ് എന്ന ഒരു അയല്‍വാസിപയ്യനാണ് ഞങ്ങളുടെ സഹായത്തിനെത്തിയത്. അന്നവന്‍ രണ്ടിലോ മൂന്നിലോ ആയിരിക്കണം പഠിക്കുന്നത്.

മിഥുന്‍ ചക്രവര്‍ത്തിയെ താരപദവിയിലെക്കുയര്‍ത്തിയ "ഡിസ്ക്കോ ഡാന്‍സര്‍" എന്ന സിനിമ ഇറങ്ങിയ കാലമാണ്. "അയാം ഏ ഡിസ്ക്കോ ഡാന്‍സര്‍" എന്ന പാട്ട് ഇന്ത്യയിലെങ്ങും തരംഗമായി ഓടുന്ന കാലം.
ആ പാട്ടിനൊത്ത് ഡാന്‍സ് ചെയ്യാന്‍ സൂരജ് തയ്യാറായി. സിനിമയുടെ ഓഡിയോ കാസറ്റും അവന്റെ കയ്യില്‍ ഉണ്ടായിരുന്നു. ഈ മോഹവും കാസറ്റുമൊക്കെ കയ്യില്‍ വെച്ച് സ്വന്തം കഴിവുതെളിയിക്കാന്‍ ഒരു വേദി കിട്ടാതെ വിഷമിക്കുകയായിരുന്നു ആ പാവം കൊച്ചു കലാഹൃദയം. അപ്പോഴാണ് ഞങ്ങളുടെ വേദി പരിപാടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വിവരം അവനറിഞ്ഞത്. അങ്ങിനെ ഒരു വിന്‍-വിന്‍ സിറ്റുവേഷന്‍ ഒത്തുവന്നു. ഞങ്ങള്‍ക്ക് ഒരു ഫില്ലര്‍ പരിപാടി കിട്ടിയ സന്തോഷം, അവനൊരു സ്റ്റേജ് കിട്ടിയ ആവേശം.
സൂരജിന്റെ വേഷങ്ങള്‍ക്കും ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. എന്നെങ്കിലും ഒരു സ്റ്റേജ് കിട്ടും എന്ന പ്രതീക്ഷയിലാണോ എന്നറിയില്ല, തിളങ്ങുന്ന കുറെ ഷര്‍ട്ടുകള്‍ അവന്റെ കയ്യില്‍ ഉണ്ടായിരുന്നു. കളര്‍ഫുള്‍ ആയൊരു ഷര്‍ട്ടും വെളുത്ത പാന്റും തലയിലൊരു കെട്ടും ഒക്കെ ആയപ്പോള്‍ അവന്‍ ചെറിയൊരു "മിദുന്‍ചക്കര്‍ത്തി" ആയി രൂപാന്തരപ്പെട്ടു.

കഴിഞ്ഞവര്‍ഷം സ്റ്റേജ് സെറ്റിംഗ് ഒന്നും ഇല്ലായിരുന്നു എന്ന്‍ പറഞ്ഞല്ലോ. ഇത്തവണയും അങ്ങിനെ ഒരു കാര്യം ഞങ്ങളുടെ മനസ്സില്‍ ഇല്ലായിരുന്നു. അതിനെക്കുറിച്ച് ഒരു ധാരണ തന്നെ മനസ്സില്‍ ഇല്ലായിരുന്നു എന്നതുതന്നെ കാരണം.

അപ്പോഴാണ് അടുത്ത സഹായിയുടെ രംഗപ്രവേശം. കുട്ടന്‍, മണിചേച്ചിയുടെ മകന്‍. ആള്‍ വളരെ സീനിയര്‍ ആണ്.

സിഗരറ്റ് പാക്കറ്റുകള്‍ ചേര്‍ത്തുണ്ടാക്കുന്ന കൂടുകള്‍ കണ്ടിട്ടില്ലേ, അതുപോലൊരെണ്ണം കുട്ടന്‍ എവിടെനിന്നോ സംഘടിപ്പിച്ചു. എല്ലാവശത്തും ഓരോ സ്ലോട്ടുകള്‍ കീറിയുണ്ടാക്കി. അതിനുള്ളിലേക്ക് ഒരു നിറമുള്ള സീറോവാട്ട് ബള്‍ബിട്ടു. കളര്‍ ലൈറ്റിങ് റെഡി, ഡാന്‍സ് കളിക്കാന്‍ പാടിയ തരം. "കെഡ്വാ ഓഫാവ്വാ കെഡ്വാ ഓഫാവ്വാ" എന്ന ഡിസ്കോലൈറ്റ് അല്ലെങ്കിലും ഞങ്ങളുടെ ചെറിയ സംരംഭത്തിന് ഇതു മതി.

ഇനി കര്‍ട്ടന്‍, കുട്ടനാണ് കര്‍ട്ടനും റെഡിയാക്കിയത്.
ഞങ്ങളുടെ വീടിന്റെ സിറ്റൌട്ടില്‍ ഗ്രില്‍ ഇട്ടിട്ടുണ്ടായിരുന്നു, കുറെ വളയങ്ങള്‍, ഓരോ വളയത്തിലും കൂട്ടിമുട്ടാത്ത നാല് സ്ട്രിപ്പുകള്‍. (ഇവയ്കിടയിലൂടെ കയ്യിട്ടാണ് ഞങ്ങള്‍ വീടിന്റെ വാതില്‍ തുറന്നിരുന്നത്) സിറ്റൌട്ടില്‍ വെച്ചാണ് ഞങ്ങളുടെ നാടകം അരങ്ങേറേണ്ടത്. അതിനുമുന്പിലുള്ള സ്ഥലത്ത് കാണികളിരിക്കും.നല്ല ഭംഗിയുള്ള ഒരു ബെഡ്ഷീറ്റ് കര്‍ട്ടന്‍ ആയി ഉപയോഗിക്കാന്‍ തെരഞ്ഞെടുത്തു. ഇടതുഭാഗത്തെ രണ്ടറ്റവും ഗ്രില്ലില്‍ കെട്ടി, വലതുഭാഗത്തെ മുകളിലെയറ്റത്ത് ഒരു കയറും കെട്ടി ഗ്രില്ലിനിടയിലൂടെ പുറത്തേക്കിട്ടു. കര്‍ട്ടന്‍ ഇടേണ്ട സമയത്ത് ഈ കയര്‍ പിടിച്ചുവലിക്കും. അപ്പോള്‍ ബെഡ്ഷീറ്റ് പൊങ്ങി സ്റ്റേജ് മറയ്ക്കും. കര്‍ട്ടന്‍ പൊക്കേണ്ട സമയത്ത് കയര്‍ അയച്ചുവിടും, അപ്പോള്‍ ബെഡ്ഷീറ്റ് താഴ്ന്നു കിടക്കും, കാണികള്‍ക്ക് സ്റ്റേജ് കാണാം. അടിപൊളി കര്‍ട്ടന്‍ റെഡി, ഒരു വ്യത്യാസം മാത്രം. യവനിക ഉയരുന്പോഴല്ല, താഴുന്പോഴാണ് നാടകം തുടങ്ങുന്നത്.

അങ്ങിനെ എല്ലാ തയ്യാറെടുപ്പുകളോടും കൂടി ഞങ്ങളുടെ വെറൈറ്റി എന്റര്‍ടൈന്മെന്റ് പ്രോഗ്രാം സ്റ്റേജിലേക്കെത്താന്‍ സജ്ജമായി.

രാത്രി പതിനൊന്നു പതിനൊന്നരയ്ക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്.
പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നു, ഈ അങ്കത്തിന് ഞങ്ങളും തയ്യാര്‍ എന്ന മട്ടില്‍ നാടകസംഘം, രംഗസജ്ജീകരണങ്ങളുമായി കുട്ടന്‍, ഉറക്കം കളയാന്‍ കട്ടന്‍കാപ്പിയുമായി അമ്മമ്മാര്‍, വേഷവിധാനങ്ങളുമായി മറ്റുള്ളവര്‍..... എല്ലാം റെഡി. ആള്‍ സെറ്റ് റ്റു ഗോ.

ആദ്യ പരിപാടി സൂരജിന്റെ ഡാന്‍സ് ആയിരുന്നു. ഞങ്ങള്‍ വിചാരിച്ചതിലധികം നന്നായിരുന്നു യുവ മിദുന്‍ചക്കര്‍ത്തി. ഹിറ്റായ ഒരു പാട്ടായതിനാല്‍ കാണികളും ആസ്വദിച്ചു.
**********************************
ഇനി നടക്കാനുള്ളത് നാടകമാണ്.

വായനക്കാരുടെ ഓര്‍മ പുതുക്കാന്‍വേണ്ടി കഥാപാത്രങ്ങളെയും താരങ്ങളെയും ഒന്നുകൂടി പരിചയപ്പെടുത്താം, കാരണം ഇനി പറയാന്‍ പോകുന്നതെല്ലാം കഥാപാത്രങ്ങളുടെ പേരിലാണ്, നടന്മാരുടെ പേരിലല്ല. ഇടക്കിടെ "അതാരാ ഇങ്ങിനെ പറഞ്ഞത്" എന്ന്‍ ചോദിക്കരുത്, പറഞ്ഞേക്കാം.

മെയിന്‍ വിദ്യാര്‍ത്ഥി - മധു. (ഇനിമേല്‍ നായകന്‍ എന്ന്‍ വിളിക്കപ്പെടും)
അദ്ധ്യാപകന്‍ - ഞാന്‍
വിദ്യാര്‍ത്ഥിയുടെ വ്യാജനായ അച്ഛന്‍ - വിധു (ഇനിമേല്‍ വ്യാജന്‍ എന്ന്‍ വിളിക്കപ്പെടും)
വിദ്യാര്‍ത്ഥിയുടെ ഒറിജിനല്‍ അച്ഛന്‍ - മധു. (ഇനിമേല്‍ നായകന്റെ അച്ഛന്‍ എന്ന്‍ വിളിക്കപ്പെടും)
മരണമറിയിക്കാന്‍ വരുന്നയാള്‍ - വിധു.
ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി - സുനില്‍. (ഇനിമേല്‍ വിദ്യാര്‍ത്ഥി എന്ന്‍ വിളിക്കപ്പെടും, ഈ കുട്ടിയാണ് നായകന്റെ വികൃതിയുടെ ഇര)
ഡോക്ടര്‍ - ഏട്ടന്‍.

കഥാപാത്രങ്ങളുടെ വേഷവിധാനങ്ങള്‍ - (അന്ന്‍ പട്ടണം റഷീദ് തിരക്കിലല്ലേ, മേക്കപ്പെല്ലാം ഞങ്ങള്‍ തന്നെ)
അദ്ധ്യാപകന്‍ - ഒരു മുണ്ട് (അന്നും ഇന്നും മുണ്ട് അരയില്‍ ഉറച്ചിരിക്കാതതിനാല്‍ ഞാന്‍ വളരെയധികം ബുദ്ധിമുട്ടിയാണ് ഞാന്‍ ഈ കലാപരിപാടിക്ക് തയ്യാറെടുത്തത്), എവിടുന്നോ ഒപ്പിച്ചൊരു കണ്ണട (കണ്ണടയുടെ പവറെന്താണെന്നോ അത് സ്ത്രീയുടേതാണോ പുരുഷന്റെതാണോ എന്നൊന്നും നോക്കിയില്ല, കിട്ടിയതൊരെണ്ണം, അത്രതന്നെ)
നായകന്‍ - നടന്റെ പ്രായം വെച്ച് അന്ന്‍ ട്രൌസര്‍ പ്രായം കഴിഞ്ഞിരുന്നു. പക്ഷെ ഈ കഥാപാത്രത്തിന്റെ പൂര്‍ണതക്കുവേണ്ടി മധു ട്രൌസര്‍ ഇട്ടുവോ, ഓര്‍മയില്ല.
വിദ്യാര്‍ത്ഥി - ട്രൌസര്‍, ഷര്‍ട്ട്.
അച്ഛന്‍ - നായകന്റെ സീന്‍ കഴിഞ്ഞാല്‍ ട്രൌസറിനുമുകളില്‍ ഒരു മുണ്ട് ചുറ്റിയാല്‍ അച്ഛനായി.
ഡോക്ടര്‍ - ആ സമയത്ത് ഏട്ടന്റെ കൈവശം ആവശ്യത്തിന് പാന്റ് ഉണ്ടായിരുന്നു, പ്രശ്നമില്ല.
വ്യാജന്‍ - വേഷം പ്രസക്തമല്ല :).
*************************************

രംഗം ഒന്ന്‍ - ക്ലാസുമുറി.
സജ്ജീകരണങ്ങള്‍ - രണ്ടു കസേര, അത്രമാത്രം.
രംഗത്ത് പ്രത്യക്ഷപ്പെടുന്നവര്‍ - അദ്ധ്യാപകന്‍, നായകന്‍, വിദ്യാര്‍ത്ഥി.
അന്ന്‍ കേരളത്തിലൊരിടത്തും കുട്ടികള്‍ കസേരയിലിരിക്കുന്ന ഏര്‍പ്പാടില്ലായിരുന്നു. അങ്ങിനെ രണ്ടു കുട്ടികള്‍ (അതും കസേരയിലിരിക്കുന്ന) മാത്രമുള്ള, ബ്ലാക്ക് ബോര്‍ഡില്ലാത്ത ഒരു ക്ലാസുമുറി കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഞങ്ങളാണ്.
നായകന്‍ വിദ്യാര്‍ത്ഥിയുടെ പേന എടുക്കുന്നു. അത് നായകനും വിദ്യാര്‍ത്ഥിയും തമ്മില്‍ സംസാരത്തിനിടവരുത്തുന്നു. അദ്ധ്യാപകന്‍ രണ്ടുപേരെയും ചോദ്യം ചെയ്യുന്നു. നായകന്റെതാണ് കുരുത്തക്കേടെന്നു മനസിലാക്കുന്ന അദ്ധ്യാപകന്‍ "നാളെ അച്ഛനെ വിളിച്ചുകൊണ്ടുവന്നതിനുശേഷം ക്ലാസില്‍ കയറിയാല്‍ മതി" എന്ന ശാസനയോടെ നായകനെ പറഞ്ഞയക്കുന്നു.
അവതരണം നന്നായി, തുടക്കത്തിലെ ടെന്‍ഷന്‍ ഒഴിഞ്ഞുകിട്ടി.
യവനിക താഴ്ന്നു, സോറി, ഉയര്‍ന്നു.
++++++++++++++++++++++++++++

രംഗം രണ്ട് - പഴയ "കുട്ടികള്‍ കസേരയിലിരിക്കുന്ന കേരളത്തിലെ ആദ്യത്തെ" ക്ലാസുമുറി തന്നെ. ഇത്തവണ അദ്ധ്യാപകന്‍ ഒരേയൊരു കുട്ടിക്കുവേണ്ടി ക്ലാസെടുക്കുന്നു.
വ്യാജനും നായകനും കൂടി ക്ലാസിലേക്ക് വരുന്നു. നായകന്റെ പ്രവൃത്തിയില്‍ തനിക്ക് ഖേദമുണ്ടെന്നും നിരുപാധികം മാപ്പുചോദിക്കുന്നുവെന്നും വ്യാജന്‍ അദ്ധ്യാപകനെ അറിയിക്കുന്നു. ഇനിയൊരിക്കല്‍ കൂടി ഇജ്ജാതി നന്പരെടുത്താല്‍ നായകന് കിട്ടാവുന്ന ശിക്ഷ എന്തെന്ന് അദ്ധ്യാപകന്‍ വ്യാജനെ അറിയിക്കുന്നു. "അതൊന്നുമുണ്ടാവില്ല സാര്‍, ഇനിയവന്‍ പ്രശ്നമുണ്ടാക്കില്ല" എന്ന്‍ വ്യാജന്‍ ഉണര്‍ത്തിക്കുന്നു.
യവനിക വീണ്ടും "ഉയരുന്നു"

അന്നൊക്കെ ശിവരാത്രിക്ക് സ്പെഷല്‍ ആയി തേഡ് ഷോ പതിവായിരുന്നു തിയേറ്ററുകളില്‍. അന്ന്‍ തേഡ് ഷോ കഴിഞ്ഞു പോകുന്ന ചിലര്‍ "അവ്വ്വോ.... നാഡഗാണ്???... ന്നാ നോക്കിക്കളയാ....." എന്ന ചിന്തയോടെ മതിലിനുചുറ്റും നിന്നു. അങ്ങിനെ വീടിനുമുന്പില്‍ നല്ല ജനക്കൂട്ടം. ഞങ്ങള്‍ക്ക് കൂടുതല്‍ "ആരാധകര്‍", ആവേശത്തിനിനിയെന്തുവേണം.
+++++++++++++++++++++++++++

രംഗം മൂന്ന്‍ - പൊതുവഴി. (ഇവിടെയാണ് നാടകത്തിലെ ടേണിങ് പോയിന്റ്)
രംഗസജ്ജീകരണങ്ങള്‍ക്കായി അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ക്ലാസിലെ രണ്ടു കസേരകള്‍ എടുത്തുമാറ്റിയാല്‍ റോഡായി. (അല്ലെങ്കിലും സ്കൂളും പൊതുവഴിയും തമ്മില്‍ അത്രയേ വ്യത്യാസമുള്ളൂ എന്ന്‍ ആവശ്യത്തിലധികം വിദ്യാഭ്യാസം കിട്ടിയവരും ഒട്ടും കിട്ടാത്തവരും പറയും, അതത്ര കാര്യമാക്കേണ്ട)
വഴിയിലൂടെ നടന്നു പോകുന്ന ആളെ ലോറി ഇടിക്കണം. നായകന്റെ അച്ഛന്‍ ഇടി കൊണ്ടുവീഴാന്‍ റെഡിയാണ്, ലോറിയോ?
അതിനും ഞങ്ങള്‍ വഴി കണ്ടിരുന്നു. സ്റ്റേജ് മുഴുവന്‍ ഇരുട്ടാക്കി (ലൈറ്റ് ഓഫ് ചെയ്തു). രണ്ടു കയ്യിലും ഓരോ ടോര്‍ച്ച് പിടിച്ച് ഒരാള്‍ ഓടി, അതാണ് ഞങ്ങളുടെ ലോറി (ഇതു നാട്ടുകാര്‍ക്ക് മനസിലായോ ആവോ).
നായകന്റെ അച്ഛന്‍ "ലോറി"യുടെ എതിരെ നടക്കുന്നു. "ലോറി"യും നായകന്റെ അച്ഛനും മുട്ടുന്നു. (ഒന്നു കൂടി ശക്തിയില്‍ മുട്ടിയാല്‍ നായകന്റെ അച്ഛനുപകരം ലോറി വീണേനെ). "അയ്യോ" എന്ന നിലവിളിയോടെ നായകന്റെ അച്ഛന്‍ വീഴുന്നു. ആക്സിഡന്റ് കലക്കി.
ഇനിയാണ് അദ്ധ്യാപകന്റെ മനുഷ്യകാരുണ്യപ്രവൃത്തി. നായകന്റെ അച്ഛനെ പൊക്കിയെടുക്കലാണ് ആദ്യപടി. എന്നെക്കാള്‍ തടിയും പൊക്കവും ഭാരവുമുള്ള "പാവത്തിനെ" പൊക്കിയെടുക്കാന്‍ ഞാന്‍ പെട്ട പാട്.... ഹൊ ഒന്നും പറയണ്ട. മധുവാണെങ്കില്‍ അഭിനയം ഗംഭീരമാക്കുന്ന തിരക്കില്‍ എന്റെ ശാരീരികക്ഷമതയെക്കുറിച്ച് അത്ര ചിന്തിച്ചിട്ടുണ്ടാവില്ല.

അദ്ധ്യാപകന്‍ നായകന്റെ അച്ഛനെ പൊക്കിയെടുക്കുന്നതിനിടയിലാണ് ഡോക്ടര്‍ക്ക് താന്‍ രംഗത്ത് വരാറായി എന്ന്‍ ഓര്‍മ വന്നത്. ഡോക്ടര്‍മാര്‍ എപ്പോഴും കര്‍ത്തവ്യനിരതരായിരിക്കുമല്ലോ, കര്‍ട്ടനിടുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു കസേരയുമായി ഡോക്ടര്‍ രംഗത്ത് (നടുറോട്ടില്‍) പ്രത്യക്ഷപ്പെട്ടു, "ഞ്ഞി ആസ്പത്ര്യാണ്" എന്ന പ്രസ്താവനയുമായി.

ഇടിയുടെ ആഘാതത്തില്‍ വീണ് ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്ന നായകന്റെ അച്ഛന് ഡോക്ടരുടെ ഈ അക്ഷമ സഹിച്ചില്ല. ആക്സിഡന്റ് ഇര അനിയന്ത്രിതമായ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു.
"ദെന്താടാ, വീണാളെ ഞീം റോട്ട്ന്ന് എട്ത്തിട്ടില്ല. അയ്ന്റെട്ക്ക് ന്താണ്ടാ ത്ര തെര്ക്ക്" എന്ന്‍ ഡോക്ടറെ നോക്കി ആക്രോശിച്ചു. അഭിനയം മുഴുവനാകാന്‍ പറ്റാതിരുന്നതിന്റെ വിഷമം മുഴുവന്‍ ആ മുഖത്തുണ്ടായിരുന്നു.
അസഹ്യതയോടെ നായകന്റെ അച്ഛന്‍ പറഞ്ഞു "അയ്യേ, ഈ സീന്‍ ഞീം എട്ക്കണം, സരിയായില്ല"

ഡോക്ടര്‍ കസേരയുമായി തിരിച്ച് ഗ്രീന്‍റൂമിലേക്ക് മടങ്ങി (രക്ഷപ്പെട്ടു എന്നും പറയാം). വീണ്ടും നായകന്റെ അച്ഛന്‍ നടപ്പ് തുടങ്ങി. വീണ്ടും ലോറി ഓടി. വീണ്ടും ഇടിച്ചു. അദ്ധ്യാപകന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. നായകന്റെ അച്ഛനെ ഒരിക്കല്‍ക്കൂടി കഷ്ടപ്പെട്ട് പൊക്കിയെടുത്തു. ഇത്തവണ ഡോക്ടര്‍ സംയമനം പാലിച്ചു, അതിനാല്‍ നായകന്റെ അച്ഛനെ ലോറി മൂന്നാമത് ഇടിച്ചില്ല, അദ്ധ്യാപകന്റെ ഭാഗ്യം.
+++++++++++++++++++++++

രംഗം നാല്. ആശുപത്രി.
നടുറോട്ടില്‍ കസേരയിട്ടാല്‍ ആശുപത്രിയാകുമോ, ആകുമായിരിക്കാം.
അദ്ധ്യാപകനും ഡോക്ടറും മാത്രം.
രോഗിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍. "വേഗം എവിടെനിന്നെങ്കിലും രക്തം കൊണ്ടുവരൂ, ഓ നെഗറ്റീവാണ് വേണ്ടത്" (ഈ ഓ നെഗറ്റീവ് എന്നാല്‍ എന്താണെന്ന് എനിക്ക് അന്ന്‍ വല്യ പിടിയില്ലായിരുന്നു, നാടകത്തില്‍ സഹകരിച്ച മറ്റുള്ളവര്‍ക്ക് ഉണ്ടായിരുന്നോ എന്നറിയില്ല).
കാര്യമാത്രപ്രസക്തനായ "ഡോക്ടര്‍" തന്റെ ഡയലോഗ് ധൃതിയില്‍ പറഞ്ഞുതീര്‍ത്തശേഷം യവനികക്ക് കാത്തുനില്‍ക്കാതെ ഗ്രീന്‍റൂമിലേക്ക് മടങ്ങി. ഒരുപക്ഷെ കാണികള്‍ ഇത് ഡോക്ടര്‍ കഥാപാത്രത്തിന്റെ തിരക്കായി മനസിലാക്കിയിരിക്കാം.
+++++++++++++++++++++++++++++++++

രംഗം അഞ്ച് - ആശുപത്രി തന്നെ.
അദ്ധ്യാപകന്‍ രക്തവുമായി ഓടിക്കിതച്ച് വരുന്നു. (അന്ന്‍ കയ്യില്‍ ഒരു പൊതി ആയിരുന്നുവെന്നാണ് എന്റെ ഓര്‍മ, രക്തം പൊതിഞ്ഞുകൊടുക്കുന്ന ബ്ലഡ് ബാങ്ക്!!!!).
ദുഃഖിതനായിരിക്കുന്ന ഡോക്ടറാണ് അപ്പോള്‍ സ്റ്റേജില്‍.
"സോറി, അയാള്‍ മരിച്ചുപോയി, കുറച്ചു നേരത്തെ രക്തവുമായി വന്നിരുന്നെങ്കില്‍ അയാളെ രക്ഷിക്കാമായിരുന്നു" എന്ന്‍ ഡോക്ടര്‍ അതീവദുഃഖത്തോടെ പറയുന്നു.
കര്‍ട്ടന്‍.....
+++++++++++++++++++++++

രംഗം ആറ് - ക്ലാസുമുറി.
മരണമറിയിച്ച് ഒരാള്‍ ക്ലാസില്‍ വരുന്നു.
"സാര്‍, ഇവന്റെ അച്ഛന്‍ ഇന്നലെ ഒരു ലോറിയിടിച്ച് മരിച്ചുപോയി. ഇവനെ കൊണ്ടുപോകാനാണ് ഞാന്‍ വന്നത്" എന്ന്‍ ആഗതന്‍.
അദ്ധ്യാപകന്‍ നെടുവീര്‍പ്പോടെ "ഹൊ, അത് ഈ കുട്ടിയുടെ അച്ഛനായിരുന്നൊ? ഞാനാണയാളെ ആശുപത്രിയിലാക്കിയത്. ഈ കുട്ടിയുടെ അച്ഛനാണെന്നറിഞ്ഞിരുന്നുവെങ്കില്‍ രക്തത്തിനുവേണ്ടി ഇത്രയധികം ബുദ്ധിമുട്ടേണ്ടിവരില്ലായിരുന്നു"

ഇത്രയും പറഞ്ഞതിന് ശേഷം അദ്ധ്യാപകന് പെട്ടെന്ന്‍ ഒരു കാര്യം ഓര്‍മ വരണം. ഒരു മൂഡ് സ്വിച്ച്. അതിന് ഒരു സ്വാഭാവികത വരുത്തണം. ഞാന്‍ കണ്ണട ഒന്ന്‍ പൊക്കി ഉറപ്പിച്ചു. റിഹേഴ്സല്‍ ചെയ്യുന്പോള്‍ തോന്നാതിരുന്ന ഒരു ആക്ഷന്‍ ആയിരുന്നു അത്. സ്റ്റേജില്‍ എന്റെ ആദ്യത്തെ ഇംപ്രോവൈസേഷന്‍. ഇന്നും ആ രംഗം എനിക്ക് കൃത്യമായി ഓര്‍മയുണ്ട്.
"പക്ഷെ ഞാനയാളെ ഇതിനുമുന്‍പ് കണ്ടിട്ടില്ലല്ലോ. അപ്പോള്‍ ഇന്നലെ അച്ഛനാണെന്ന് പറഞ്ഞ് ഈ കുട്ടി കൊണ്ടുവന്നത് വേറെ ആരെയോ ആയിരുന്നു." എന്ന ഉറക്കെയുള്ള ആത്മഗതവുമായി അദ്ധ്യാപകന്‍ കുറച്ചുനേരം അങ്ങിനെ നില്ക്കുന്നു.
പെട്ടെന്ന്‍ നായകന്‍ അദ്ധ്യാപകന്റെ കാല്‍ക്കല്‍ വീഴുന്നു. "ഞാന്‍ തെറ്റുകാരനാണ് സാര്‍, ഞാനിന്നലെ കൊണ്ടുവന്നത് എന്റെ അച്ഛനേയല്ല. ഞാന്‍ എന്റെ അച്ഛന്റെ ഘാതകനാണ്. എനിക്ക് മാപ്പു തരൂ....."
+++++++++++++++++++++++++

ഈ രംഗം കഴിഞ്ഞ് തിരശ്ശീല താഴുന്പോള്‍ (ഉയരുന്പോള്‍) പ്രേക്ഷകര്‍ കയ്യടിച്ചോ? അറിഞ്ഞുകൂടാ.

ഏതായാലും ഞങ്ങളുടെ ഈ ചെറിയ സംരംഭം ശ്രദ്ധിക്കപ്പെട്ടു. പ്രതീക്ഷിച്ചതിലധികം കാണികള്‍ ഈ നാടകം കണ്ടു എന്നതുതന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിജയമായിരുന്നു.
=================================

നാടകതിനുശേഷം വീണ്ടും കലാപരിപാടികള്‍ തുടര്‍ന്നു. സൂരജിന്റെ ഡാന്‍സ് വീണ്ടും വേദി കീഴടക്കി. ഡിസ്ക്കോ ഡാന്‍സര്‍ സിനിമയില്‍ വേറെയും പാട്ടുകളുണ്ടല്ലോ, എല്ലാ പാട്ടിനും ഡാന്‍സ് മാറ്റണമെന്ന് എവിടെയും എഴുതിവെച്ചിട്ടുമില്ല, പിന്നെന്താ പ്രശ്നം?
=================================

അവസാനം, നട്ടപ്പാതിര കഴിഞ്ഞ് എപ്പോഴോ കയ്യിലെ സ്റ്റോക്ക് തീര്‍ന്നപ്പോള്‍.....
"ഇതോടുകൂടി ഞങ്ങളുടെ ഈ കലാപരിപാടി ഇവിടെ അവസാനിക്കുന്നു. ഇത്രയും നേരം ഞങ്ങളോട് സഹകരിച്ച മാന്യ പ്രേക്ഷകര്‍ക്ക് ഞങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു" എന്ന അനൌണ്സ്മന്റില്ലാതെ വളരെ ലളിതമായ രീതിയില്‍ "കയ്ഞ്ഞു" എന്ന്‍ പറഞ്ഞ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
*****************************************

അന്നത്തെ പ്രായവും വിവരവും ലോകപരിചയവും വെച്ച് ഞങ്ങള്‍ ചെയ്തത് വലിയൊരു കാര്യം തന്നെയായിരുന്നു. തിരിഞ്ഞുനോക്കുന്പോള്‍ ഓര്‍ത്തുചിരിക്കാന്‍ ഒരുപാട് പാകപ്പിഴകളും ഈ സംരംഭത്തിലുണ്ടായിരുന്നു. രണ്ടുപേര്‍ മാത്രമുള്ള ക്ലാസ് (പേരിനെങ്കിലും കുറച്ചുപേരെക്കൂടി ഇരുത്താമായിരുന്നു), രണ്ടുതവണ നടത്തിയ ആക്സിഡന്റ് (ഓണ്‍ സ്റ്റേജ് റീടേക്ക്, മുതിര്‍ന്നവരുടെ നാടകമായിരുന്നെങ്കില്‍ അടി എപ്പ കിട്ടീന്ന്‍ ചോയ്ച്ചാ മതി) അദ്ധ്യാപകനെക്കാള്‍ വലിയ വിദ്യാര്‍ത്ഥി...... ഓര്‍ക്കുന്പോള്‍ ഒരു രസം.

*****************************************

ഈ വിജയത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് അടുത്ത വര്‍ഷവും നാടകസംഘം ഒത്തുചേര്‍ന്നു.
ഇത്തവണ കയ്യില്‍ കിട്ടിയത് "ദാവീദും ഗോലിയാത്തും" എന്ന നാടകമാണ്.
താരനിര്‍ണയം നടത്തി.

ദാവീദ് - മധു
ഗോലിയാത്ത് - വിധു.
ഇസ്രായേലിലെ രാജാവ് - ഞാന്‍.

രാജാവിനെക്കാള്‍ വലിയ, ഗോലിയാത്തിനേക്കാള്‍ വലിയ ദാവീദും സംഘവും നാടകത്തിന് തയ്യാറെടുത്തുതുടങ്ങി.

ശിവരാത്രിനാള് വന്നു. ഈ ശിവരാത്രിക്കും ജനങ്ങളെ ആവേശഭരിതരാക്കാന്‍ പോന്ന കഥയുമായി ഞങ്ങള്‍.....

ഒരേയൊരു കുഴപ്പമേയുള്ളു. അത് ശിവരാത്രിനാള് രാവിലെ ഞങ്ങള്‍ക്ക് മനസിലായി.

അന്ന്‍ നടത്തിയ റിഹേഴ്സലില്‍ ഒരു കാര്യം വ്യക്തമായി.

ഗോലിയാത്ത് മാത്രമാണ് തന്റെ ഡയലോഗ് പഠിച്ചിട്ടുള്ളത്. അതും തന്റെ ആദ്യഡയലോഗ് മാത്രം. ബാക്കിയാരും ഒന്നും പഠിച്ചിട്ടില്ല.

**************************************

അങ്ങിനെ നാടകകന്പനി പൂട്ടി (തുറന്നാലല്ലേ പൂട്ടേണ്ടതുള്ളൂ എന്ന അസൂയാലുക്കളുടെ ചോദ്യം ഞങ്ങള്‍ തൃണവല്‍ഗണിക്കുന്നു)
പിന്നീടൊരിക്കലും ഞങ്ങള്‍ ശിവരാത്രിക്ക് ഉറക്കമൊഴിച്ചിട്ടില്ല.
കഷ്ടം...... കലാകേരളത്തിന്റെ നഷ്ടം!!!!!!!!!!!

ഇല്ലാത്ത നാടകകന്പനിയുടെ കളിക്കാനിടയില്ലാത്ത നാടകത്തിന്റെ ബുക്കിങ്ങിന് സമീപിക്കുക....
അപ്പൂട്ടന്‍.

Thursday, September 11, 2008

ചില നാടകാനുഭവങ്ങള്‍ - ഭാഗം ഒന്ന്‍.

ആദ്യമേ പറയട്ടെ, ആയിരത്തിലധികം വേദികള്‍ കയ്യടക്കി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഒരു നാടകാചാര്യനല്ല ഈ കഥകളെഴുതുന്നത്. ഞാന്‍ വെറും ശൂ. നാടകാനുഭവങ്ങള്‍ എന്നതിനേക്കാള്‍ സ്കിറ്റനുഭവങ്ങള്‍ എന്ന് പറയുന്നതാവും ഭംഗി. എന്നാല്‍ സ്കിറ്റ് എന്ന വാക്കിനിടയിലെവിടെയോ ഒരു R ചേര്‍ത്ത് ഇതിന് ഒരു വികൃതരൂപം നല്‍കാനുള്ള ചില തല്‍പരകക്ഷികളുടെ മനസിലിരിപ്പ് തകര്‍ക്കാനും കഥകള്‍ക്ക് ഒരു വെയ്റ്റ് കൊടുക്കാനും വേണ്ടി ഈ കൃതിയെ ഞാന്‍ നാടകാനുഭവങ്ങള്‍ എന്നുതന്നെ വിളിക്കട്ടെ.
++++++++++++++++++++++++++++++++++++
അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം. ശിവരാത്രിക്ക് ഉറക്കമൊഴിക്കണം എന്നാണ് നിയമം, ആയിക്കോട്ടെ. പക്ഷെ രാവിലെ വരെ എന്ത് ചെയ്യും? പണി ഒന്നും ചെയ്യാതെ ഇരുന്നാല്‍ ഉറക്കം തൂങ്ങിത്തൂങ്ങി അവസാനം തൂങ്ങും. പിന്നെ രാവിലെ (അല്ലെങ്കില്‍ ഉച്ചയാകാറാവുന്പോള്‍) എഴുന്നേല്ക്കുന്പോള്‍ നിരാശയായി, ഛെ, ഉറങ്ങിപ്പോയി.....

അതിന് പരിഹാരമായാണ് പുതിയൊരു ആശയം പൊങ്ങിവന്നത്.
നാടകം അവതരിപ്പിക്കുക.
++++++++++++++

നാടകസംഘത്തിലെ അംഗങ്ങള്‍ താഴെപ്പറയുന്നവരാണ്.
ഞാന്‍ - ഞാന്‍ തന്നെ
മധു - എന്റെ ഏട്ടന്റെ അടുത്തസുഹൃത്ത്, അവര്‍ ഏതാണ്ടൊരേ പ്രായക്കാരാണ്, എന്നെക്കാള്‍ രണ്ടുമൂന്നു വയസും ഇത്തിരിയിലധികം പൊക്കവും തടിയുമുള്ള ഹൈസ്കൂളുകാരന്‍
വിധു - മധുവിന്റെ അനിയനാണ്. ശരിയായ പേര് ചന്ദ്രന്‍. എന്നെക്കാള്‍ കഷ്ടിച്ച് ഒരു വയസ് കൂടും. പൊക്കവും തടിയും എന്നേക്കാളധികമുണ്ടെന്ന് പറയേണ്ടതില്ലല്ലൊ. (എന്നെ കണ്ടിട്ടുള്ളവര്‍ പറയും "ഓ, ഇവനെക്കാള്‍ തടി കുറഞ്ഞവനെ ഈ ഇന്ത്യാമാഹാരാജ്യത്തുതന്നെ കിട്ടില്ല")
സുനില്‍ - എന്റെ അടുത്ത സുഹൃത്താണ്. എന്നെക്കാള്‍ രണ്ടു വയസ് കുറയും, പക്ഷെ കയ്യിലിരിപ്പില്‍ രണ്ടുവയസ് കൂടും. ആള്‍ ഗുജറാത്തിയാണ്, പക്ഷെ കേരളത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ മലയാളം നല്ല മണി മണി കൂട്ടമണി ആയി പറയും.
സക്കു, റിങ്കു - അന്നത്തെ കാലത്ത് ഇജ്ജാതി പേരുകള്‍ കേട്ടാല്‍ തന്നെ ജനം അന്തംവിടും. അപ്പോള്‍ പേരുകേട്ടാല്‍ തന്നെ മനസിലാകും മലയാളികളല്ലെന്ന്. ഇവര്‍ സുനിലിന്റെ ജ്യേഷ്ഠസഹോദരിമാരാണ് (മലയാളത്തില്‍ സിസ്റ്റേഴ്സ് ആണെന്ന് പറയും). നാടകത്തില്‍ വലിയ റോളൊന്നുമില്ലെങ്കിലും ഞങ്ങളുടെ ഈ സംരംഭത്തില്‍ (സംഭ്രമത്തിലും) വലിയ പങ്ക് ഇവര്‍ക്കുണ്ട്.
എന്റെ ഏട്ടന്‍ - എന്നെക്കാള്‍ മൂന്നര വയസ് മൂത്തതാണ് ഏട്ടന്‍. തികച്ചും സാത്വികനാണ്. കാര്യമാത്രപ്രസക്തന്‍.

നാടകം കിട്ടാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. അക്കാലത്ത് ബാലരമയുടെ പല ലക്കങ്ങളിലുമായി ധാരാളം നാടകങ്ങള്‍ വന്നിരുന്നു. നല്ലൊരെണ്ണം പൊക്കിയെടുത്ത് നല്ലവണ്ണം റിഹേഴ്സല്‍ നടത്തി അവതരിപ്പിച്ചാല്‍ മതി

അങ്ങിനെ ഞങ്ങളുടെ നാടകസംഘത്തിന്റെ ആദ്യ നാടകം പിറന്നു.

ആദ്യത്തെ നാടകം വളരെ പരിമിതമായ സാഹചര്യങ്ങളിലാണ് അരങ്ങേറിയത്.സാക്ഷാല്‍ കെപിഎസി മുതല്‍ അല്‍വാല്തീസ് തിയ്യേറ്റേഴ്സ് വരെ ഈ ഒരു സാഹചര്യം നേരിട്ടിട്ടുണ്ടാവും. കന്നിസദസ്സ് ഏല്ലാവര്‍ക്കും ശുഷ്കം ആയിരിക്കും. നാടകത്തെക്കുറിച്ചോ നാടകസംഘത്തിലുള്ളവരെ നേരിട്ടോ അറിയുന്നവര്‍ മാത്രമെ നാടകം കാണാനുണ്ടാവൂ.
ഞങ്ങള്‍ക്കും അത് തന്നെയായിരുന്നു അനുഭവം. തൊട്ടയല്‍പക്കത്തെ നാലഞ്ച് പേരാണ് നാടകം കാണാനുണ്ടായിരുന്നത്. എന്‍റെ അമ്മ, ഗംഗമ്മ, സുജാത-ധനം-മിനി ചേച്ചിമാര്‍, സുനിലിന്റെ മമ്മി അങ്ങിനെ ചില മഹിളാരത്നങ്ങള്‍ മാത്രം. വേദി, എന്റെ വീടിന്റെ പിന്നിലുള്ള ആശാരിപ്പുര.
"അട്ഠുത്ത ഒരു ഭേല്ലോടു ഖൂടീ... യവനിഖ ഉയരുന്നഥായിരിഖും" എന്ന അനൌണ്സ്മെന്റ് ഉണ്ടായില്ല, കാരണങ്ങള്‍ മൂന്നായിരുന്നു.
ഒന്ന്, ഇതു പറയാന്‍ മാത്രം ബാസുള്ള ശബ്ദം സംഘത്തില്‍ ആര്‍ക്കും ഇല്ലായിരുന്നു.
രണ്ട്, ബെല്‍ ഇല്ലായിരുന്നു.
മൂന്ന്, യവനിക അഥവാ കര്‍ട്ടന്‍ ഇല്ലായിരുന്നു

കഥ എന്തായിരുന്നുവെന്ന്‍ ഓര്‍മയില്ല. അവതരണം നന്നായിരുന്നുവെന്ന്‍ കാണികളൊന്നടങ്കം പറഞ്ഞു. അല്ല, ഞങ്ങളെ ഇത്രയധികം ഓള്‍ അവര്‍ അത് പറഞ്ഞില്ലെങ്കിലെ അദ്ഭുതമുള്ളൂ

ഏതായാലും ഞങ്ങള്‍ക്കതൊരു പ്രചോദനമായിരുന്നു. അടുത്ത കൊല്ലം ഈ കലാപരിപാടി വീണ്ടും അരങ്ങേറുമെന്നും നാട്ടുകാരെ സിനിമയില്‍ നിന്നും നാടകം എന്ന സങ്കേതത്തിലേക്ക് ആകര്‍ഷിച്ച് നാടകം എന്ന കലയ്ക്ക് പുതിയൊരു ജീവന്‍ നല്‍കുമെന്നും ഇതിനേക്കാള്‍ ഗംഭീരമാക്കി ഭാവിയില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഓളം സൃഷ്ടിക്കുന്ന ഒരു നാടകസംഘമായി ഞങ്ങളുടെ സംരംഭം അറിയപ്പെടുമെന്നും ഞങ്ങള്‍ സ്വപ്നം കണ്ടുവോ...... അറിഞ്ഞുകൂടാ.

**********************

അടുത്ത വര്‍ഷം പിറന്നു, ശിവരാത്രി അടുക്കാറായി. ഈ സ്കൂള്‍ യൂണിഫോമിനുള്ളില്‍ ഒരു കലാകാരന്‍ ഒളിച്ചിരുപ്പുണ്ടെന്ന് ഞങ്ങളുടെ കലാഹൃദയം ഇടക്കിടെ ഞങ്ങളെ ഓര്‍മിപ്പിച്ചു.

നാടകസംഘം വീണ്ടും ഒത്തുചേര്‍ന്നു. ബാലരമകള്‍ അരിച്ചുപെറുക്കി ഒരു നാടകം തിരഞ്ഞെടുത്തു.

താഴെപ്പറയുന്ന കഥാപാത്രങ്ങളാണ് ഈ നാടകത്തിലുള്ളത്.

ഒരു അദ്ധ്യാപകന്‍, വികൃതിയായൊരു ഒരു വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിയുടെ ഒറിജിനലും വ്യാജനുമായി രണ്ട് അച്ഛന്മാര്‍, ഒരു ഡോക്ടര്‍.

കഥാസാരം ഏതാണ്ടിങ്ങിനെ.
നായകനായ വിദ്യാര്‍ത്ഥി ഒരു വികൃതിയാണ്. അവന്റെ ശല്യം സഹിക്കാതെ അദ്ധ്യാപകന്‍ അവനെ ക്ലാസില്‍ നിന്നും പുറത്താക്കുന്നു, അച്ഛനെ വിളിച്ചുകൊണ്ട് വന്നതിനുശേഷമേ ക്ലാസില്‍ കയറ്റൂ എന്ന ഉത്തരവോടെ.
അച്ഛനെ വിളിച്ചാല്‍ പുലിവാലാകുമെന്ന് വിദ്യാര്‍ത്ഥിക്കറിയാം. അതിനാല്‍ അവന്‍ ഒരു പരിചയക്കാരനെ വിളിച്ചുകൊണ്ടുവന്ന് അച്ഛനാണെന്ന് പറഞ്ഞ് അദ്ധ്യാപകന് പരിചയപ്പെടുത്തുന്നു. തുടര്‍ന്ന്‍ ക്ലാസില്‍ കയറാന്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ അനുവദിക്കുന്നു.

അന്ന്‍ രാത്രി വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഒരു ആക്സിഡെന്റില്‍ പെട്ട് മുറിവേറ്റുകിടക്കുന്നയാളെ അദ്ധ്യാപകന്‍ ആശുപത്രിയിലെത്തിക്കുന്നു. ഡോക്ടര്‍ ആവശ്യപ്പെട്ടതിനനുസരിച്ച് രക്തം സംഘടിപ്പിക്കാന്‍ പാവം അദ്ധ്യാപകന്‍ നെട്ടോട്ടമോടുന്നു. അവസാനം രക്തവുമായി തിരിച്ച് ആശുപത്രിയിലെത്തുന്പോഴേക്കും രോഗി മരിച്ചതായി ഡോക്ടര്‍ അറിയിക്കുന്നു. സമയത്തിന് രക്തം കിട്ടതെയാണ് ആ നിര്‍ഭാഗ്യവാന്‍ മരിച്ചതെന്നറിഞ്ഞ അദ്ധ്യാപകന്‍ വിഷമത്തോടെ തിരിച്ചുപോകുന്നു.

പിറ്റെദിവസം നായകന്‍ വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് ഒരാള്‍ വരുന്നു, അവന്റെ അച്ഛന്‍ ആക്സിഡെന്റില്‍ മരിച്ചെന്നും വിളിക്കാനാണ് അയാള്‍ വന്നതെന്നും അദ്ധ്യാപകനോട് പറയുന്നു. താന്‍ തലേദിവസം ആശുപത്രിയിലെത്തിച്ചത് ഈ വിദ്യാര്‍ത്ഥിയുടെ അച്ഛനായിരുന്നുവെന്ന് അദ്ധ്യാപകന്‍ മനസിലാക്കുന്നു.

പെട്ടെന്ന്‍ അദ്ധ്യാപകന്‍ ഒരു കാര്യം കൂടി ഓര്‍ത്തെടുക്കുന്നു, താന്‍ ആ മനുഷ്യനെ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ തലേദിവസം വിദ്യാര്‍ത്ഥിയുടെ അച്ഛനായി വന്നത് വേറെയാരോ ആയിരുന്നു എന്ന അദ്ധ്യാപകന്‍ ഒരു ഞെട്ടലോടെ മനസിലാക്കുന്നു.

തുടര്‍ന്ന്‍ തന്റെ തെറ്റു മനസിലാക്കുന്ന വിദ്യാര്‍ത്ഥി അതേറ്റു പറഞ്ഞ് അദ്ധ്യാപകന്റെ കാല്‍ക്കല്‍ വീഴുന്നു, പശ്ചാത്താപത്തോടെ.

ഉഗ്രന്‍ കഥ, നല്ല സാരോപദേശം. ഇതു തന്നെ മതി ഇത്തവണത്തെ നാടകത്തിന്.

ഇന്നത്തെ സിനിമകളില്‍ കാണുന്നതുപോലെ താരത്തെ തിരഞ്ഞെടുത്തതിനുശേഷം കഥ അന്വേഷിക്കുന്ന ഏര്‍പ്പാട് ഞങ്ങള്‍ക്കില്ലായിരുന്നു എന്ന്‍ ഇതിനകം മനസിലായിക്കാണുമല്ലോ. കഥ റെഡി, ഇനി താരനിര്‍ണയം, അതായിരുന്നു ഞങ്ങളുടെ ലൈന്‍.

താഴെപ്പറയുന്നു, കഥാപാത്രങ്ങളും അഭിനയിക്കുന്നവരും.

നായകന്‍ വിദ്യാര്‍ത്ഥി - ആ റോള്‍ മധു ഏറ്റെടുത്തു, എടുത്തു എന്നും വേണമെങ്കില്‍ പറയാം.

അദ്ധ്യാപകന്‍ - ഞാന്‍. " അത് ഞമ്മളുതന്നെ" എന്ന്‍ പറഞ്ഞതുകൊണ്ടല്ല എനിക്കീ റോള്‍ കിട്ടിയത്. ഭാഗം വെച്ചപ്പോള്‍ കിട്ടി, അത്ര തന്നെ.

വിദ്യാര്‍ത്ഥിയുടെ വ്യാജനായ അച്ഛന്‍ - വിധു.

വിദ്യാര്‍ത്ഥിയുടെ ഒറിജിനല്‍ അച്ഛന്‍ - മധു (നാടകത്തിലൊരു ഡബിള്‍ റോള്‍)

മരണമറിയിക്കാന്‍ വരുന്നയാള്‍ - വിധു (ഡബിള്‍ റോള്‍, വീണ്ടും)

ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി - സുനില്‍ (ഈ കുട്ടിയാണ് നായകന്റെ വികൃതിയുടെ ഇര)

ഡോക്ടര്‍ - ഏട്ടന്‍.

കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു ഇത്തവണ നാടകസംഘം പ്രദര്‍ശനത്തിനു തയ്യാറെടുത്തത്. കഴിഞ്ഞതവണ ഞങ്ങളുടെ നാടകത്തിന് വലിയ പബ്ലിസിറ്റി ഇല്ലായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഇത്തവണ പബ്ലിസിറ്റി ഒന്നു മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിനായി ഞങ്ങള്‍ ചില പരിപാടികളിട്ടു. പ്രധാനമായും നോട്ടീസടിക്കല്‍.

അന്നും ഇന്നും എന്നും നോട്ടീസടിക്കല്‍ തന്നെയാണല്ലോ പ്രധാന അവബോധനമാര്‍ഗം.

നോട്ടീസടിക്കല്‍ ചെലവുള്ള കാര്യമാണ്. എന്നാലും ജനമറിയണോ, നോട്ടീസടിച്ചേ തീരൂ (വാട്ടീസടിച്ചാലും ജനമറിയും, പക്ഷെ ഞങ്ങള്‍ കുട്ടികളല്ലേ, ക്ഷമി)

സുനിലിന്റെ പപ്പ ഒരു ബിസിനസുകാരനാണ്. വീട്ടില്‍ ധാരാളം ബില്‍ബുക്കുകള്‍. അതില്‍ രണ്ടുമൂന്നെണ്ണം ഞങ്ങള്‍ അടിച്ചുമാറ്റി. ഒരു സൈഡ് മുഴുവന്‍ പ്രിന്റ് ചെയ്തതാണ് ഈ ബില്ലുകള്‍, ഞങ്ങള്‍ മറുവശം പ്രയോജനപ്പെടുത്തി. (അല്ലെങ്കിലും ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഒരു മറുവശം ഉണ്ടാവുമെന്നാണല്ലോ വലിയ മഹാന്മാര്‍ പറഞ്ഞിട്ടുള്ളത്)

ഞങ്ങള്‍ നോട്ടീസെഴുതി. (ഐ റിപ്പീറ്റ്, എഴുതി). മേല്‍പ്പറഞ്ഞ ബില്ലുകളുടെ മറുവശത്ത് പേന കൊണ്ട് വാരിവലിച്ചെഴുതി. അന്നെന്റെ കയ്യക്ഷരം വലിയ മോശമൊന്നുമുണ്ടായിരുന്നില്ല. മധുവിന്റെതാകട്ടെ, വളരെ നല്ല കയ്യക്ഷരമായിരുന്നുതാനും. അങ്ങിനെ വലിയ വൃത്തികേടില്ലാതെ നോട്ടീസ് ഒപ്പിച്ചു. സുനിലിന്റെ പപ്പ ഉപയോഗിച്ചിരുന്ന ഡേറ്റ് സീല്‍ ഉപയോഗിച്ച് തിയതിയും.

നല്ല നോട്ടീസ് എഴുതാന്‍ റെഫെറന്‍സ് ആയി പഴയ സിനിമാ/സര്‍ക്കസ് നോട്ടീസുകളും വിവാഹ/ചരമ/അടിയന്തര അറിയിപ്പുകളും ഒക്കെ ഉണ്ടായിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഡീസന്റ് ആയ നോട്ടീസ്. ഏതാണ്ടിങ്ങിനെ....

ഈ വരുന്ന ....... തിയതി ശിവരാത്രിയോടനുബന്ധിച്ച് ഞങ്ങള്‍ നടത്തുന്ന നാടകപ്രദര്‍ശനത്തിന് നിങ്ങളെ ഏവരേയും ഞങ്ങള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയാണ്. ഈ നാടകപ്രദര്‍ശനത്തില് പങ്കെടുത്ത് ഞങ്ങളുടെ ഈ സംരഭം ഗംഭീരമായി വിജയിപ്പിക്കുവാന്‍ നിങ്ങളുടെ സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഈ നോട്ടീസടി സംരംഭത്തിനിടയില്‍ അക്ഷരതെറ്റുകളും മാറിപ്പോയ തിയതികളും കാരണം കീറിക്കളഞ്ഞ "നോട്ടീസുകള്‍" ധാരാളമുണ്ട്.

നോട്ടീസ് വിതരണം ഞങ്ങള്‍ ആവേശത്തോടെ തന്നെ നടത്തി. അയല്‍പക്കത്തുള്ള വീടുകളിലെല്ലാം ഞങ്ങള്‍ നടന്ന്‍ നോട്ടീസ് വിതരണം ചെയ്തു. ജനത്തിന്റെ പ്രതികരണം ആശാവഹമായിരുന്നു. "ദെന്താണ്ടാദ് മദ്വോ.... നിങ്ങ നാഡഗം കള്‍ക്ക്യാണ്..., ഔ... നല്ല രെസോണ്ടാഗും....." എന്ന "ടിപ്പിക്കല്‍" പാലക്കാടന്‍ പ്രോത്സാഹനപ്രസ്താവനകള്‍ ഞങ്ങള്‍ക്ക് കിട്ടി. "ഐ കുട്ട്യോള് നാഡഗം കള്‍ക്ക്യാണവേ...." എന്ന്‍ ഇതറിയാത്ത പലരോടും നോട്ടീസ് കിട്ടിയവര്‍ പറഞ്ഞുപോലും.

ഞങ്ങള്‍ അത്യാവേശപൂര്‍വം റിഹേഴ്സല്‍ നടത്തി. ഡയലോഗുകള്‍ പഠിച്ചു. മറക്കാന്‍ സാധ്യതയുള്ള ഡയലോഗുകളും അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ള രംഗങ്ങളും വീണ്ടും വീണ്ടും റിഹേഴ്സ് ചെയ്തു. നാടകം നല്ല നിലയില്‍ നടക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നിത്തുടങ്ങി.

അങ്ങിനെ ആ ദിവസമെത്തി. ശിവരാത്രി, ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ ദിവസം അങ്ങിനെ ആഗതമായിരിക്കുന്നു.

തുടരും.