Friday, March 6, 2009

രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം രണ്ട് (ഞാനും ക്രിക്കറ്റും വേറെ ചിലതും)

ഇത്തിരി സീരിയസ് ആയൊരു പോസ്റ്റിട്ടപ്പൊ ചെലരൊക്കെ എന്നെ ഇടിച്ചു നിരപ്പാക്കാന്‍ വന്നു. ഇതൊക്കെ എഴുതാന്‍ അപ്പൂട്ടന്‍സ് ബ്ലോഗ് വേണ്ട, വേണങ്കില്‍ ഒരു അപ്പൂപ്പന്‍സ് ബ്ലോഗ് തുടങ്ങാന്‍ പറഞ്ഞു. എന്താ ചെയ്യാ.... നന്നാവാന്‍ സമ്മതിക്കില്ല.
എന്നാ ശരി, പിടിച്ചോ അടുത്ത തറ എന്ന് ഞമ്മളങ്ങ് തീരുമാനിച്ച്. തമാശ മതിയെങ്കീ തമാശ തന്നെ, അല്ലാതെന്ത്.... സഹിച്ചോ വായനക്കാരാ.....


കുട്ടിക്കാലത്തെ ചില കളികള്‍ കഴിഞ്ഞ പോസ്റ്റില്‍ പറയുകയുണ്ടായി. ഒരു തുടര്‍ച്ച.
ക്രിക്കറ്റിലെ എന്റെ ആദ്യനാളുകളെക്കുറിച്ചും ഞാന്‍ മുന്പ് പറയുകയുണ്ടായി.


ഇത്തവണ ക്രിക്കറ്റ് ആണ് വിഷയം. ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ചില സംഭവങ്ങള്‍ ആണ് ഈ പോസ്റ്റില്‍.
++++++++++++++++++++++++++++++++++

എന്റെ ക്രിക്കറ്റ് സംബന്ധമായ കഴിവുകളെക്കുറിച്ച് ഒരു ധാരണ തരാം.
ഞാന്‍ ബാംഗ്ലൂരിലായിരുന്നപ്പോള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഞാനൊരു ലെഗ് ബ്രെയ്ക്ക് ബൌളര്‍ ആയാണ് അറിയപ്പെട്ടിരുന്നത് (അല്ലെങ്കില്‍ പരിഹസിക്കപ്പെട്ടിരുന്നത്). ഷെയ്ന്‍ വോണ്‍ പന്ത് സ്പിന്‍ ചെയ്തിരുന്നത് പോലെ എനിക്കും സാധിച്ചിരുന്നു എന്ന്‍ ഇതിനര്‍ത്ഥമില്ല. ഷെയ്ന്‍ വോണ്‍ പോയിട്ട് കുംബ്ലെ സ്പിന്‍ ചെയ്ത അത്രയും പോലും എന്റെ പന്തുകള്‍ തിരിയാറില്ലായിരുന്നു. ഒരു ആക്സിഡന്റില്‍ പെട്ട് എന്റെ ഇടത്തെ കാല്‍ ഒടിഞ്ഞ സംഭവത്തിനു ശേഷം ഞാനടങ്ങുന്ന സമൂഹം എനിക്ക് ചാര്‍ത്തിത്തന്ന ലേബല്‍ ആണ് ഇപ്പറഞ്ഞ ലെഗ് ബ്രെയ്ക്ക് ബൌളര്‍ എന്നത്.
++++++++++++++++++++++++++++++


ഇന്ത്യയുടെ ലോകകപ്പ് ജയമാണ് എന്നെ ക്രിക്കറ്റിലേക്കടുപ്പിച്ചത്. എന്നാല്‍ അതിനുശേഷവും കുറച്ചുകാലം കഴിഞ്ഞാണ് ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. കൃത്യം പറഞ്ഞാല്‍ എന്റെ ഏഴാം ക്ലാസില്‍. ഏഴാം ക്ലാസ് ആയപ്പോഴേക്കും അത്യാവശ്യം പന്ത് തട്ടാം എന്ന നിലയിലേക്കുയര്‍ന്നിരുന്നു ഞാന്‍.


പാലക്കാട്ടെ ഒരു പ്രമുഖ ബോയ്സ് ഹൈസ്കൂള്‍ ആയിരുന്ന ഭാരതമാത-ല്‍ ആണ് ഞാന്‍ എന്റെ ആറാം ക്ലാസ് മുതല്‍ പഠിച്ചത്. ഞങ്ങളുടെ ക്ലാസില്‍ 2 ക്രിക്കറ്റ് ടീമുകള്‍ ഉണ്ടായിരുന്നു. A ടീം എന്ന മിടുക്കന്മാരുടെ ടീം. അത്യാവശ്യം കൈമുട്ടുമടക്കാതെ എറിയാനോ പന്ത് വരുന്ന വഴി ബാറ്റ് വീശാനോ അറിയാവുന്ന ഒരു B ടീം. Strictly speaking, ഇതു രണ്ടും എന്റെ കാര്യത്തില്‍ പരുങ്ങലായിരുന്നെങ്കിലും ഏഴാം ക്ലാസില്‍ തുടക്കത്തിലെപ്പോഴോ അറിയാതെ ഞാന്‍ ക്ലാസിലെ ബി-ടീമില്‍ അംഗമായി. മൂക്കില്ലാരാജ്യത്ത് പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞവന്‍...


കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പലര്‍ക്കും ഈ കളിയുടെ ഗുട്ടന്‍സ് പിടികിട്ടിത്തുടങ്ങി. അപ്പോള്‍ കളിക്കാരുടെ എണ്ണവും കൂടി. A, B, C....... ടീമുകളുടെ എണ്ണവും കൂടി.


ഞങ്ങളുടെ സ്കൂളിന് നല്ലൊരു ഗ്രൌണ്ട് ഉണ്ടായിരുന്നു, അവിടെ എത്താന്‍ ഇത്തിരി നടക്കണമെന്ന് മാത്രം. ഉച്ചക്ക് ഒരുമണിക്ക് ലഞ്ച് ബ്രേക്ക് ആണ്. അപ്പോഴാണ് കളികള്‍ എല്ലാം നടക്കുന്നത്.


എല്ലാവരും കളിക്കാരല്ലേ, ഗ്രൌണ്ടിന് ഒരുപാടവകാശികള്‍ ഉണ്ട്. കുറെ കളികള്‍ നടത്താം, പക്ഷെ സപ്ലൈ-ഡിമാന്റ് അന്തരം വളരെ വലുതായിരുന്നു. അപ്പോഴെന്തുചെയ്യും?


ആദ്യം എത്തുന്നവര്‍ ഗ്രൌണ്ടിന്റെ ഒരു ഭാഗം (അഥവാ സ്വന്തം പിച്ച്, അത്രയ്ക്കുള്ള ലക്ഷ്വറി മതി) കയ്യടക്കും, അത്ര തന്നെ. എല്ലാ ടീമിനും ഇതുപോലെ ഒരു ബുക്കര്‍ ഉണ്ടായിരിക്കും. ഞങ്ങളുടെ ബുക്കര്‍ ദിനേശ് ആയിരുന്നു.


ദിനേശ് ഉച്ചക്ക് കഴിക്കാന്‍ നെയ്യൊഴിച്ച് പഞ്ചസാരയിട്ട് മൊരിച്ച റൊട്ടി ആണ് ക്ലാസില്‍ കൊണ്ടുവന്നിരുന്നത്. രാവിലെ എത്തുന്പോള്‍ തന്നെ കൂട്ടുകാര്‍ ഈ റൊട്ടിക്ക് വേണ്ടി ബുക്ക് ചെയ്യും, കാരണം അത്ര സ്വാദായിരുന്നു അതിന്. അവന്‍ ഒരെണ്ണം ഒഴിച്ച് ബാക്കിയെല്ലാം വിതരണം ചെയ്യും. അതിനാല്‍ അവന്റെ ഉച്ചഭക്ഷണം ബെല്ലടിച്ച് ഒരു മിനിറ്റിനകം കഴിയും. പിന്നെ ഒരു ഓട്ടമാണ്, ഗ്രൌണ്ട് ബുക്ക് ചെയ്യാന്‍.


സമയത്തിന് ഗ്രൗണ്ടില്‍ എത്തി പിച്ച് ബുക്ക് ചെയ്യാനാവാത്തവര്‍ പോകുന്ന വഴിയിലും കിട്ടിയ മറ്റു സ്ഥലങ്ങളിലുമായി ഒപ്പിക്കും.


ആ ഒരു ഗ്രൗണ്ടില്‍ ഒരേ സമയം ഒരു അഞ്ചാറു കളികളെങ്കിലും നടക്കുന്നുണ്ടാവും. ഒരു കളിയിലെ ബൌണ്ടറി ഫീല്ഡര്‍ ചിലപ്പോള്‍ വേറൊരു കളിയിലെ ബാറ്റ്സ്മാന്റെ തൊട്ടടുത്താവും നില്ക്കുന്നുണ്ടാവുക (ഫോര്‍വേഡ് ഷോര്‍ട്ട് ലെഗ് എന്നും പറയാം). ഓഫ് സൈഡിലോ ലെഗ് സൈഡിലോ മാത്രം റണ്‍ അനുവദിക്കുന്ന കളികളും ഉണ്ടാവും, ഗ്രൌണ്ടിന്റെ ഒരു അറ്റത്തു പിച്ച് ബുക്ക് ചെയ്യുന്നവര്‍. ഇത്രയധികം കളികള്‍ നടക്കുമെങ്കിലും ആരും ടെന്നീസ്‌ അല്ലെങ്കില്‍ റബ്ബര്‍ പന്തുപയോഗിച്ചല്ല കളിക്കുന്നത്, എല്ലാവരും കോര്‍ക്ക് ബാളിലാണ് കളി. ദേഹത്ത് കൊണ്ടാല്‍ ഒരു ക്രിക്കറ്റ് പന്തിനേക്കാള്‍ വേദനിക്കും. വലിയ പരുക്കുകള്‍ കണ്ടിട്ടില്ല, പക്ഷെ ആരോ അവരുടെ ബൌണ്ടറിയില്‍ നിന്നും എറിഞ്ഞ പന്ത് തലക്കുകൊണ്ട് കിറുങ്ങിവീണ സാബുവിന്റെ രൂപം എനിക്കിന്നും ഓര്‍മയുണ്ട്.


ഏറ്റവും വലിയ പ്രശ്നം സ്വന്തം കളി ട്രാക്ക് ചെയ്യുക എന്നത് തന്നെയായിരുന്നു. ചിലപ്പോള്‍ നമ്മുടെ നേരെ വരുന്ന പന്ത് പിടിച്ചാല്‍ ചീത്തവിളി കേള്‍ക്കാം "യെന്തഡാ, ഫോര്‍ ആവണ്ടതായിരുന്നു, യെന്തിനാഡാ പിടിച്ചത്". ഇനി പിടിച്ചില്ലെങ്കിലോ.... അപ്പൊ കേള്‍ക്കാം "യെവഡ നോക്കി നിക്കാഡാ .... മോനേ"
---------------------------------------------------------------


ഒരു ബാറ്റ് സ്വന്തമായി കയ്യിലെത്തുന്നതോടെയാണ് ഞാന്‍ ഒരു രാജാവാകുന്നത്. ഒരു ക്വിസ് മല്‍സരത്തിലെ ജയത്തിനു സമ്മാനമായി അച്ഛന്‍ 50 രൂപയ്ക്ക് വാങ്ങിതന്നതാണ് ആ ബാറ്റ്. കപില്‍ദേവിന്റെ പടം ആയിരുന്നു അതില്‍ എന്നാണ് എന്റെ ഓര്‍മ.


അന്നൊക്കെ റാങ്ക് കിട്ടിയ കുട്ടികള്‍ അഭിമാനപൂര്‍വ്വം നെഞ്ചില്‍ ബാഡ്ജ് കുത്തിനടക്കുന്നത്‌ പോലെയായിരുന്നു ആ ഭാഗ്യം (അല്ലെങ്കില്‍ കഴിവ്) സിദ്ധിച്ചിട്ടില്ലാത്തവന്മാര്‍ ബാറ്റുമേന്തി നടക്കുന്നത്. തോളില്‍ സ്കൂള്‍ ബാഗ്, കയ്യില്‍ ബാറ്റ്, അതായിരുന്നു ഒരു ഹീറോയുടെ ലക്ഷണം. ബസിലെ കണ്ടക്ടര്‍മാര്‍ പല്ലുകടിച്ചാണെങ്കിലും ഈ മാരണം സഹിക്കും, ക്ലാസിലെ ഹീറോ അല്ലെ, ഒടക്കിയാല്‍ പുലിവാലായാലൊ. നടക്കുന്ന വഴിക്ക് ഇടക്കിടെ സാങ്കല്‍പ്പിക ബാള്‍ അടിക്കും, കൂടെ നാക്കുപയോഗിച്ച് ഒരു ശബ്ദവും പുറപ്പെടുവിക്കും, ടക്. (സോറി, അക്ഷരങ്ങള്‍ക്ക് ആ ശബ്ദം കൃത്യമായി പ്രകടിപ്പിക്കാനാവില്ല, ഭാവന തന്നെ ശരണം).


താമസിയാതെ ഞാന്‍ ഏതോ ഒരു ടീമിന്റെ ക്യാപ്റ്റന്‍ ആയി. പുതിയ ചില താരങ്ങളും വന്നു, പക്ഷെ അവരൊക്കെ എന്നെ ക്യാപ്റ്റന്‍ ആക്കി, ആയുധം എന്റെ കയ്യിലാണല്ലോ. അവിടിവിടെ ചില മാച്ചുകളൊക്കെ കളിച്ചു.


അന്നത്തെ എന്റെ ഉയര്‍ന്ന സ്കോര്‍ 28 ആണ്, ഇതുവരെയും ആ റെക്കോഡ് തകര്‍ക്കാന്‍ എനിക്കായിട്ടില്ല :). അന്ന്‍ 25 തികച്ചപ്പോള്‍ സെഞ്ച്വറി അടിച്ച സന്തോഷമായിരുന്നു എനിക്കും എന്റെ ടീമംഗങ്ങള്‍ക്കും.


ഏഴാംക്ലാസ് വേനല്‍ പരീക്ഷ കഴിഞ്ഞതിനുശേഷം വീട്ടിലും കളി തുടര്‍ന്നു. പ്രധാനമായും അയല്‍വാസി സുനിലിന്റെ വീട്ടിലാണ് കളി. സൂക്ഷിച്ചുവേണം, ഇല്ലെങ്കില്‍ ഉടഞ്ഞ ചില്ലിന് സമാധാനം പറയേണ്ടിവരും. അങ്ങിനെ ലാലുവിന്റെ വീട്ടിലെ ചില്ലിനു എന്റെ അമ്മ സമാധാനം പറഞ്ഞിട്ടുണ്ട്, എക്സ്ട്രാ കവര്‍ ഡ്രൈവ് കുറച്ചു എക്സ്ട്രാവഗന്റ് ആയിപ്പോയി. റബ്ബര്‍ പന്തുപയോഗിച്ചാണ് കളി, അതിനാല്‍ പരുക്കുന്ന പ്രശ്നമേയില്ല.


എന്റെ വീടിന്റെ ടെറസിലും ഞങ്ങള്‍ കളിച്ചു. പുറത്തേക്ക് പോയാല്‍ ഔട്ട്. ചുവരില്‍ മുട്ടിയാല്‍ ഔട്ട്. ഒരു കുത്തിനുശേഷം പന്ത് പിടിച്ചാല്‍ ഔട്ട്. മിണ്ടിയാല്‍ ഔട്ട്.... അങ്ങിനെ അങ്ങിനെ ആയിരക്കണക്കിന് നിയമങ്ങള്‍ വെച്ച് ഞങ്ങള്‍ കളിച്ചു.... സ്കോര്‍ എഴുതി.... എത്രയോ തവണ അവിടെ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമായി ടെസ്റ്റ് കളിച്ചു....
-------------------------------------


പ്രതീക്ഷയോടെ എട്ടാം ക്ലാസില്‍. അപ്പോഴേക്കും എന്റെ ബാറ്റ് എന്നെ വിട്ടു പിരിഞ്ഞിരുന്നു, എന്ന് വെച്ചാല്‍ പിടി പൊട്ടിയെന്നര്‍ത്ഥം. നമ്മടെ സ്ഥാനം ശൂ ന്ന്‍ പോകുമെന്നറിയാം, എന്നാലും പഴയ ക്യാപ്റ്റനെ അവര്‍ അങ്ങിനെ മറക്കുമോ?

മറന്നില്ല, പക്ഷെ.....
അവരൊക്കെ കളി പഠിച്ചു, നന്നായിത്തന്നെ. രമേഷ് ബാബുവും രൂപേഷും കൃഷ്ണകുമാറും ഒക്കെ വളരെ നന്നായി ബാറ്റ് ചെയ്യുന്നു, ബൌള്‍ ചെയ്യുന്നു. ഞാനപ്പോഴും പഴയ ശങ്കേഴ്സ് വീക്ക് ലി തന്നെ, വളരെ വീക്ക്, സ്റ്റില്‍ ഇന്‍ ദ കോക്കനട്ട് ട്രീ. ലക്ഷപ്രഭു ആയിരുന്ന ഞാന്‍ ഒറ്റ സമ്മറു കൊണ്ട് വെറും പിച്ചക്കാരനായഡേ.

പിന്നെ സ്കൂളില്‍ അധികം കളിക്കേണ്ടി വന്നിട്ടില്ല, പഴയ ഗഡി അല്ലെ എന്ന മട്ടില്‍ ആരെങ്കിലും ടീമില്‍ എടുത്താലായി, അത്ര തന്നെ. അതിനാല്‍ ദിനേശിന്റെ റൊട്ടി എന്നെ കൊതിപ്പിച്ചുമില്ല.
--------------------------------

പിന്നെ ശ്രദ്ധ വീട്ടിലും ചുറ്റിലുമുള്ള കളിയിലായിരുന്നു.

എന്റെ ടീമംഗങ്ങള്‍ താഴെപ്പറയുന്നവരാണ്.
മധു-വിധു സഹോദരര്‍.
സുനില്‍ - ഗുജറാത്തി ആണ്, ഇപ്പോള്‍ ഒരു ടിപ്പിക്കല്‍ ഗുജ്ജു ആയി കാനഡയിലേക്ക് കുടിയേറിയിരിക്കുന്നു.
ബാബു എന്ന വിനോദ് - ഇപ്പൊ ആള് ഫിലോസഫി-യില്‍ ഉന്നതവിദ്യാഭ്യാസവും റിസേര്‍ച്ചുമായി നെതര്‍ലാണ്ട്സില്.
അനില്‍-സുനില്‍-ഷനില്‍ എന്നീ പേരുള്ള മൂന്നു സഹോദരന്മാര്‍ (ഒരു മലയാളി ടച്ച് കൊടുത്താല്‍ അനി-സുനി-ഷനി) - ഇപ്പോള്‍ പല പല ജോലികളുമായി കേരളത്തില്‍ തന്നെ.
സുജിത് (സുജി) - ഇപ്പോള്‍ എവിടെയെന്നറിയില്ല, പിന്നീടധികം കണ്ടിട്ടില്ല.
കണ്ണന്‍ അഥവാ കൃഷ്ണകുമാര്‍ - മധുവിന്റെയും വിധുവിന്റെയും അനിയന്‍.

ഇടക്കെപ്പോഴോ ഞങ്ങള്‍ വീടിനടുത്ത് ഒരു ഗ്രൌണ്ട് കണ്ടെത്തി. എന്റെ വീട്ടില്‍ നിന്നു രണ്ടു മിനിറ്റ് നടന്നാല്‍ സുജിത്തിന്റെ വീട് കാണാം. അതിന്റെ സൈഡില്‍, അനിയുടെ വളപ്പിലൂടെ കുറച്ചുദൂരം നടന്ന്‍ ഒരു വയല്‍ കടന്നാല്‍ ഇപ്പറഞ്ഞ ഗ്രൌണ്ട് ആയി.
ഞങ്ങളതിന് അമ്മു ഗ്രൌണ്ട് എന്ന് പേരിട്ടു. ആ സ്ഥലം ആരുടേതാണെന്നൊ എന്തിനാണത് ഒഴിച്ചിട്ടിരിക്കുന്നതെന്നോ ഒന്നും എനിക്കന്നും ഇന്നും അറിയില്ല.







അമ്മു ഗ്രൌണ്ട് ഏതാണ്ട് ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലിരിക്കും. (Not drawn to scale, തെറ്റുകുറ്റങ്ങള്‍ എന്റെ ചിത്രരചനാപാടവത്തിന്റേതാണ്)


നീളത്തിലധികം വീതിയില്‍ ഒരു ദീര്‍ഘചതുരം, പുല്ലില്ലാത്തത്, അതിനുചുറ്റും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ട് തോറ്റുപോകുന്ന വിധം പുല്ലു വളര്‍ന്ന ഭാഗങ്ങള്‍. വലതുവശത്ത് കുറെ സ്ഥലം ഉണ്ടെങ്കിലും കുറച്ചു പൊക്കത്തിലാണ്, അവിടെ ചില പനകളും ഉണ്ട് (മരം എന്ന representation). ഇടതുവശത്തും മുകളിലും കുറെ കുറ്റിച്ചെടികളുമുണ്ട്. Grey കളറില്‍ കാണിച്ചിരിക്കുന്നിടത്താണ് ഞങ്ങളുടെ പിച്ച്. Arrow ഉപയോഗിച്ച് മാര്‍ക്ക് ചെയ്തിടത്തേക്ക് ബൌളിംഗ് (ഇടതുവശം ഓഫ് സൈഡ്, വലതു വശം ഓണ്‍ സൈഡ്).

അമ്മു ഗ്രൌണ്ട് ചുറ്റുവട്ടത്തുള്ള ചില വീട്ടുകാര്‍ പ്രകൃതിയുമായി സംവദിക്കാനും ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ച് കുട്ടികള്‍. അതിനാല്‍ ഗ്രൗണ്ടില്‍ കളിക്കുന്പോള്‍ കുറച്ചു സൂക്ഷിക്കണം, ഇല്ലെങ്കില്‍ പന്തിന്റെ കൂടെ കുറച്ചു ജിലേബി കൂടി കിട്ടിയെന്നിരിക്കും. ഈ ജിലേബി പുല്ലില്‍ ഉരച്ചുകളഞ്ഞു വീണ്ടും കളി തുടരും, അല്ലാതെ ഓരോ ജിലേബിക്കും ഓരോ പന്ത് എന്ന നിയമം പാസാക്കിയാല്‍ അച്ഛനും അമ്മയ്ക്കും കൂടി കിട്ടുന്ന ശന്പളം പന്ത് മേടിക്കാനെ തികയൂ. അത്രയും വലിയൊരു ബേക്കറി ആയിരുന്നു ഞങ്ങളുടെ അമ്മു ഗ്രൌണ്ട്.

ഈ സമയത്തൊരിക്കലാണ് "ഒരു സിബിഐ ഡയറിക്കുറിപ്പ്" സംഭവിച്ചത്.
സംഭവം (കഥ) ഇപ്രകാരം.
ബൌള്‍ ചെയ്തപ്പോള്‍ പന്ത് പിന്നിലെ കുറ്റിക്കാടുകള്‍ക്കിടയില് പോയി. എത്ര തിരഞ്ഞിട്ടും ആശാനെ കാണുന്നില്ല.
അവസാനം ഒരു ഐഡിയ, ഡമ്മി മെതഡോളജി.
അതേ വേഗതയില്‍ അതേ ബൌളര്‍ വീണ്ടും ബൌള്‍ ചെയ്യുക. ഇത്തവണ പന്തിന്റെ ഗതി നല്ലവണ്ണം നിരീക്ഷിക്കുക. അപ്പോള്‍ ആദ്യം പോയ പന്തും കണ്ടുപിടിക്കാം.


ആശയം നടപ്പിലാക്കി.
ഞങ്ങള്‍ ഒരു കാര്യം കണ്ടുപിടിച്ചു.
വേറെ പന്ത് വാങ്ങാറായി.


ഈ കഥ നിങ്ങളുടെ നാട്ടിലും പലരും കേട്ടുകാണും. ഞങ്ങളും ശ്രമിച്ചു എന്നൊരു കഥ ഉണ്ടാക്കിയെടുത്തു. (സത്യമല്ല, അത്രേം പൊട്ടന്മാരല്ലാത്തതിനാല്‍ രക്ഷപ്പെട്ടു)

ഹൈസ്കൂള്‍ കാലത്തും പ്രീഡിഗ്രി കാലത്തുമായി ഒരുപാട് കാലം ഞങ്ങളവിടെ കളിച്ചിട്ടുണ്ട്. കാലക്രമേണ ആ വിനോദം ഇല്ലാതായി, ചങ്ങാതിക്കൂട്ടം പിരിഞ്ഞു, പലരും ജോലികളും മറ്റു പഠിപ്പുകളുമായി പലവഴിക്ക് പോയി. ആ ഗ്രൌണ്ട് ഇപ്പോള്‍ ഓര്‍മയില്‍ മാത്രം.

കുറച്ചുകാലം മുന്പ് ഞാന്‍ നാട്ടില്‍ പോയിരുന്നപ്പോള്‍ അമ്മു ഗ്രൌണ്ട് ഒരിക്കല്‍ കൂടി കാണാന്‍ ഒരു ശ്രമം നടത്തി. ഇപ്പോള്‍ അത് കാണാനില്ല, ചുറ്റും വീടുകളും മറ്റുമായി ആ ഭാഗം കാഴ്ചയില്‍ നിന്നു മറഞ്ഞിരിക്കുന്നു. അങ്ങോട്ട്‌ പോകാനുള്ള വഴി അതിന്റെ ഉടമസ്ഥര്‍ വേലി കെട്ടി ഭദ്രമാക്കിയതിനാല്‍ പിന്നീടുള്ള വഴി കണ്ടെത്താന്‍ പഴയ ബാലരമ ടെക്നിക് (വഴി കണ്ടു പിടിക്കുക എന്ന കളി) വേണ്ടി വരും.
---------------------------------------------------

പിന്നീട് ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് ബാംഗ്ലൂരിലെത്തിയ ശേഷമാണ്. IISc-ല്‍ ഉണ്ടായിരുന്ന കാലത്ത്. ദ്രാവിഡ് ഓടിപ്പഠിച്ച ഗ്രൌണ്ട് ആണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, ആ ഗ്രൌണ്ടിലൂടെ ഓടാന്‍ എനിക്കും യോഗമുണ്ട്, ഞാനും ഒരു മഹാനല്ലേ.

ഐടി മേഖലയിലെത്തിയതിനു ശേഷവും ഞാന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്. ടീമില്‍ നിലനിന്നിരുന്നത് ബൌളര്‍ ആയോ ബാറ്റ്സ്മാന്‍ ആയോ അല്ല, പതിനൊന്നാമന്‍ ആയിട്ടാണ്, എന്നുവെച്ചാല്‍ ഞങ്ങളുടെ ടീമില്‍ പതിനൊന്നു പേര്‍ ഒക്കാത്ത സമയത്ത് ഞാനും ഇത്തിരി കളിച്ചിട്ടുണ്ട് എന്നര്‍ത്ഥം. പതിനൊന്നാമനായി ഇറങ്ങി അവസാന ഓവറിലെ അഞ്ചാമത്തെ പന്ത് ഫോര്‍ അടിച്ച് കളി ജയിപ്പിച്ചതാണ് എന്റെ ഏറ്റവും വലിയ achievment.
+++++++++++++++++++++++++++++++++++++++++++++++++++++


ഞാനിപ്പോള്‍ ക്രിക്കറ്റ് കളിക്കാറില്ല, സ്വന്തം ശാരീരിക പരിമിതികള്‍ അറിഞ്ഞത് കൊണ്ടാവാം.



ഡേവിഡ് ഗവറിന്റെയും മുഹമ്മദ് അസറുദ്ദീന്റെയും ഇന്‍സമാം ഉള്‍ ഹക്കിന്റെയും മാര്‍ക്ക് വോയുടേയും വിവിയന്‍ റിച്ചാഡ്സിന്റെയും ഒക്കെ പഴയകാല കളികള്‍ കാണാനിഷ്ടപ്പെടുന്ന, വാസിം അക്രത്തിന്റെയും വഖാര്‍ യൂനിസിന്റെയും ഷെയ്ന്‍ വോണിന്റെയും മുരളീധരന്റെയും ഡാനിയേല്‍ വെറ്റോറിയുടെയും ഒക്കെ ബൌളിംഗ് അദ്ഭുതത്തോടെ വീക്ഷിക്കുന്ന, സച്ചിന്റെയും പോണ്ടിങ്ങിന്റെയും സ്റ്റാറ്റിസ്റ്റിക്സ് സൂക്ഷിക്കുന്ന, സിംബാബ്‌വെ-ബംഗ്ലാദേശ് കളി പോലും കാണാനിരിക്കുന്ന ഒരു ക്രിക്കറ്റ് പ്രേമിയായി ഞാന്‍ കഴിയുന്നു.......

ബൈ ദ ബൈ... സ്കോര്‍ എന്തായീ?