Thursday, January 15, 2009

രാജാപ്പാര്‍ട്ട് മുതല്‍ സുഡോക്കു വരെ - ഭാഗം ഒന്ന്‍

കുട്ടികള്‍ കളിച്ചു വളരണം എന്നാണല്ലോ കേട്ടിട്ടുള്ളത്.
കുട്ടിക്കാലത്തെ കളികള്‍ എന്നും നമുക്കൊരു തമാശയായി ഓര്‍മിക്കാവുന്ന ഒരു കാര്യമാണ്, പഴയ കൂട്ടുകാരെ കാണുന്പോള്‍ ഗൃഹാതുരത്വത്തോടെ പറഞ്ഞു രസിക്കാനുതകുന്നതാണ്.
പലപ്പോഴും നമ്മുടെ മക്കള്‍ക്ക് അവ വെറും ബോറുകളായിരിക്കാം, കാരണം അവര്‍ ഈ രീതിയിലല്ല അത് കളിക്കുക, ഉദാഹരണത്തിന് ഭാസ്കരമൂര്‍ത്തിയുടെ കള്ളനും പോലീസും വായിച്ചു നോക്കൂ

എന്റെ കുട്ടിക്കാലത്തെ ചില കുട്ടിക്കളികളാണ് ഈ ബോസ്റ്റില്‍.....

+++++++++++++++++++++++++++++++++++++++++++
എന്റെ ആദ്യകാല ഗെയിം ഒളിച്ചുകളി (അഥവാ ഹൈഡ് ആന്റ് സീക്ക്) തന്നെയായിരിക്കണം. പക്ഷെ അതില്‍ നന്നേ ചെറുപ്പത്തിലുള്ള ഓര്‍മകളൊന്നുമില്ല (ഇത്തിരി വലുതായതിനുശേഷം ഓര്‍ക്കാന്‍ പറ്റിയ സംഭവം ഉണ്ടുതാനും, അത് വഴിയേ പറയാം).
അതുപോലെ കുട്ടിയും കോലും (ഞങ്ങളുടെ നാട്ടില്‍ അതിന് കൊട്ടിയും പുള്ളും എന്നാണ് പറഞ്ഞിരുന്നത്) എന്ന കളി ഞാന്‍ പല പ്രായത്തിലും കളിച്ചിട്ടുണ്ട്, പ്രത്യേകിച്ച് സംഭവങ്ങള്‍ ഒന്നും പറയാനില്ല. അതും ഇവിടെ പ്രസ്തവ്യമല്ല.
അതിനാല്‍ രാജാപ്പാര്‍ട്ടില് നിന്നു തന്നെ തുടങ്ങാം.

പ്രജകളില്ലാത്ത മദോന്മത്തന്‍ രാജാവ്
കുട്ടിക്കാലത്ത് എന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന സുരേഷ്, മണി, ബാബു എന്ന സഹോദരന്മാരെപ്പറ്റി ഞാന്‍ വേറൊരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അവരാണ് ഈ അങ്കത്തിലെ എന്റെ താരങ്ങള്‍.

വീടിന്റെ പുറകുവശത്ത് ആരും ശ്രദ്ധിക്കാനില്ലാതെ കിടന്നിരുന്ന ഒരു തുറന്ന ചതുരപ്പെട്ടിയില്‍ നിന്നാണ് തുടക്കം. അതുകണ്ടപ്പോള്‍ ഒരു രാജസിംഹാസനം ആയി ഉപയോഗിക്കാം എന്ന്‍ ഞങ്ങളിലാര്‍ക്കോ തോന്നി. അങ്ങിനെ ആ കഥ, അഥവാ കളി അവിടെ ആരംഭിച്ചു.
എന്റെ വീട്ടില്‍ നിന്നാണല്ലോ പെട്ടി കിട്ടിയത്, അപ്പോള്‍ ഞാന്‍ തന്നെയാണ് ആ സിംഹാസനത്തിലിരിക്കാന്‍ യോഗ്യന്‍ (കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍...) അങ്ങിനെ ഞാന്‍ രാജാവായി.
സുരേഷ് (പഴയ ക്ലാ ക്ലാ ക്ലീ ക്ലീ സുരേഷ് അല്ല, ഇത് പുതിയ ജനറേഷന്‍) സ്വമേധയാ സര്‍വസൈന്യാധിപന്‍ ആയി.
മണി ആണ് മന്ത്രി.
ബാബു വെറും ചിന്നപ്പയ്യന്‍, അതിനാല്‍ അവന്‍ റോള്‍ ഒന്നുമില്ലാതെ ഒതുങ്ങിക്കൂടി. എന്നാലും ഒരു റോള്‍ ഇല്ലാതെ രാജസഭയില്‍ ഇരുന്നാലെങ്ങിനെ?, ശന്പളം വെറുതെ കിട്ടില്ലല്ലോ, അതിനാല്‍ രാജഗുരു എന്ന റോള്‍ ഇരിക്കട്ടെ, സൌകര്യത്തിന്.

അങ്ങിനെ ദിവസവും രാജാവ് സിംഹാസനത്തിലിരിക്കും. പ്രത്യേകിച്ച് പണിയൊന്നുമില്ല രാജാവിന്. വെറുതെ ഇരുന്നുകൊടുത്താല്‍ മതി. (പ്രജകള്‍ ഒന്നുമില്ലല്ലോ, അതിനാല്‍ പ്രശ്നങ്ങളുമില്ല)
സൈന്യാധിപന്‍ ഇടക്കിടെ വന്നു മുഖം കാണിക്കും.
രാജാവേ.... യുദ്ധത്തിന്നു പൊയ്ക്കോട്ടേ?
രാജാവ് സമ്മതം നല്കും. സൈന്യാധിപന്‍ യാത്രയാവും. പിന്നെ കുറച്ചു സമയം ഗഡിയെ കാണില്ല. രാജാവിനും വലിയ പരാതികളില്ല. മാതൃരാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യുകയല്ലേ.... പാവം ജീവിച്ചു പൊയ്ക്കോട്ടേ. (നാളിതുവരെക്കും സൈന്യാധിപനോ പടയാളികള്‍ക്കോ മൃത്യു സംഭവിച്ചതായോ പരിക്കേറ്റതായോ റിപ്പോര്‍ട്ടില്ല)
ഇടക്ക് രാജാവ് (ഇരുന്നു മടുത്തപ്പോള്‍) യുദ്ധരംഗം ഒന്നു വിലയിരുത്താന്‍ (ഒരുതരം inspection) ശ്രമിച്ചു. കണ്ട കാഴ്ച മനം കുളിര്‍പ്പിക്കുന്നതായിരുന്നു. സൈന്യാധിപന്‍ ഒറ്റക്കു നിന്ന്‍ ശത്രുക്കളോട് പൊരുതുന്നു. കയ്യില്‍ വാള്‍ മാത്രം (ഈര്‍ക്കിലിയുടെ കടക്കല്‍ കയറുകെട്ടി പിടിയുണ്ടാക്കിയതാണ് പ്രസ്തുത വാള്‍). ശത്രുക്കള്‍ എത്രപേരുണ്ടെന്ന് അറിയില്ല, കാരണം ആരെയും കാണാനില്ല

രാജാവിന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കലാണ് മന്ത്രിയുടെ പ്രധാനജോലി
മന്ത്രി ഇടക്കിടെ ചോദിക്കും...... "രാജാവേ... കാറ് കൊണ്ടുവരട്ടെ?"
രാജഗുരുവിന് ഇതത്ര ഇഷ്ടപ്പെടില്ല.... "പോടാ... രാജാവ് കാറിലൊന്ന്വല്ല പൂവ്വാ, രാജാവ് തേരിലാ പൂവ്വാ"
തേര് ഇല്ലാത്തതിനാലാണോ അതോ തേരിലേക്കുള്ള കുതിരകള്‍ ഡെങ്കി പിടിച്ചു കിടപ്പായതിനാലാണോ അതോ പൈസ ഇല്ലാത്തതിനാലാണോ എന്നറിയില്ല, മന്ത്രി ഇതുവരെ തേര് സെറ്റപ്പ് ചെയ്തിട്ടില്ല.

മന്ത്രി അടുത്ത ചോദ്യവുമായി എത്തും "രാജാവേ... ചായ കൊണ്ടുവരട്ടെ?"
ഉടനെ രാജഗുരു തിരുത്തും "പോടാ, രാജാവ് ചായ അല്ല കുടിക്ക്യാ... രാജാവ് തേനാ കുടിക്ക്യാ"

അതോടെ മന്ത്രി പത്തി മടക്കും, ഗുരുവായ്ക്കെതിര്‍വാ ഇല്ലല്ലോ.

ഏതായാലും ഫുള്‍ടൈം തേന്‍ കുടിച്ച് മത്തായി നടക്കുന്ന രാജാവിനെ നേരില്‍ കണ്ടിട്ടില്ലെങ്കില്‍ ഇങ്ങോട്ട് നോക്കൂ. (പടം വലുതായി പ്രൊഫൈലില്‍ കൊടുത്തിട്ടുണ്ട്)

ഈ രാജാവ് എത്രകാലം ഭരണത്തിലിരുന്നു എന്നും പ്രസ്തുത സൈന്യാധിപന്‍ എത്ര രാജ്യങ്ങള്‍ പിടിച്ചടക്കി എന്നും കൃത്യമായ രേഖകളില്ലാത്തതിനാല്‍ ചരിത്രവിശാരദന്മാര്‍ ആ പരീക്ഷ പാസായില്ല.

ഈ കൂട്ടുകാര്‍ കുറച്ചുകാലത്തിനുശേഷം ആ വീട് വിട്ടുപോയി. ആ രാജഭരണം അങ്ങിനെ അവസാനിച്ചു. (ഇപ്പോള്‍ അവര്‍ മൂന്നുപേരും കല്യാണം കഴിഞ്ഞ് കുട്ടികളായി എവിടെയൊക്കെയോ ജീവിക്കുന്നു, കൃത്യം വിവരം അറിയില്ല)

ഭാരതത്തിലെ വീരയോദ്ധാക്കള്‍.

വീരാരാധന തലയ്ക്കുപിടിച്ച ചില കുട്ടികള്‍, അവര്‍ക്ക് യുദ്ധം എന്നാല്‍ വലിയ ഹരം. അങ്ങിനെയാണ് കുരുക്ഷേത്രയുദ്ധം സംഭവിച്ചത്.

ഇത് സാക്ഷാല്‍ മഹാഭാരതമല്ല, ഞങ്ങളുടെ ഭാരതം. ഞാനും എന്റെ അടുത്തകൂട്ടുകാരന്‍ ചന്ദ്രന്‍ അഥവാ വിധുവും ആണ് ഇതിലെ യോദ്ധാക്കള്‍.

കുരുക്ഷേത്രയുദ്ധം ഞങ്ങള്‍ പലയാവര്‍ത്തി വായിച്ചിട്ടുണ്ട്. അതിലെ അര്‍ജ്ജുന-കര്‍ണ യുദ്ധമായിരുന്നു ഞങ്ങളുടെ സ്പെഷ്യലൈസേഷന്‍. മറ്റുയുദ്ധങ്ങളും രാമായണവുമൊന്നും ഇഷ്ടമാല്ലാഞ്ഞല്ല, അതിനൊന്നും അര്‍ജ്ജുന-കര്‍ണ യുദ്ധത്തിന്റെ ഗ്ലാമര്‍ ഇല്ല.

കുരുക്ഷേത്രമായി ഞങ്ങള്‍ തെരഞ്ഞെടുത്തത് എന്റെ വീടിന്റെ പിന്‍ഭാഗത്ത് ഉണ്ടാക്കിയിട്ടിരുന്ന ആശാരിപ്പുരയാണ്. അവിടെ ആശാരിമാര്‍ ഇല്ലാത്ത സമയം നോക്കി ഞങ്ങള്‍ യുദ്ധം ആരംഭിക്കും.
ഈര്‍ക്കിലിചൂല്‍ ധാരാളം ഉണ്ടായിരുന്നതിനാല്‍ ആയുധങ്ങള്‍ക്ക് പഞ്ഞമില്ല.
ഒരു ഈര്‍ക്കിലി വളച്ച് രണ്ടറ്റവും നൂലിട്ട്‌ കെട്ടിയാല്‍ വില്ലായി. അന്പിന് ഒന്നും ചെയ്യാനില്ല, ഈര്‍ക്കിലി straight ആയി ഉപയോഗിക്കാം. അങ്ങോട്ടും ഇങ്ങോട്ടും അന്പെയ്ത്ത്.

ഒരുദിവസം ഞാന്‍ അര്‍ജ്ജുനന്‍ അടുത്തദിവസം വിധു അര്‍ജ്ജുനന്‍.
കര്‍ണന്റെ തേര്‍ച്ചക്രം എല്ലാദിവസവും മണ്ണിലാണ്ടുപോകും.
എല്ലാദിവസവും അര്‍ജ്ജുനന്‍ കര്‍ണനെ വധിക്കും, ചതിച്ചുതന്നെ.

തേരില്ല എന്ന് പറയാനാവില്ല, സാങ്കല്പിക തേര്‍ ആണ് ഞങ്ങള്‍ ഓടിച്ചിരുന്നത്. തേരിന്റെ ചക്രം മണ്ണില്‍ പുതഞ്ഞു പോയതിനാലാണല്ലോ അര്‍ജ്ജുനന് കര്‍ണനെ വധിക്കാനുള്ള ഗ്യാപ് കിട്ടിയത്, അതിനാല്‍ തേര് വേണം.
ആവനാഴി പ്രത്യേകിച്ച് ഇല്ലായിരുന്നു. അസ്ത്രങ്ങളെല്ലാം യുദ്ധക്കളത്തില്‍ (നിലത്ത്) വെച്ചിരിക്കും.

വേദവ്യാസന്‍ എഴുതാത്ത ചില രഹസ്യങ്ങളുണ്ട് മഹാഭാരതത്തില്‍, അറിയാത്തവര്‍ക്കായി പറഞ്ഞുതരാം.

ആവനാഴികള്‍ ഒരിക്കലും ഒഴിയാറില്ല, അതായത് അന്പുകള്‍ക്ക് പഞ്ഞമില്ലെന്നര്‍ത്ഥം. കാരണമെന്തന്നല്ലേ, അര്‍ജ്ജുനന്റേയോ കര്‍ണന്റെയോ അന്പിന്റെ സ്റ്റോക്ക് കഴിഞ്ഞാല്‍ അവിടവിടെ വീണു കിടക്കുന്ന അന്പുകള്‍ പെറുക്കിയെടുത്താവും അവര്‍ യുദ്ധം തുടരുക.

ഇടക്കിടെ അര്‍ജ്ജുനന്‍ കര്‍ണനോട് പറയും (അഥവാ അപേക്ഷിക്കും)
ഡാ, എന്റെ അന്പൊക്കെ കെയ്ഞ്ഞു, രണ്ടെണ്ണം താഡാ.

കര്‍ണന്‍ അല്ലെ ആള്, ദാനശീലന്‍. അങ്ങോര് സസന്തോഷം അന്പ് ദാനം ചെയ്യും.
ഞങ്ങളുടെ അര്‍ജ്ജുനന്‍ മാത്രം ദാനശീലനായിരുന്നു, മഹാഭാരതത്തിലെ പോലെ അന്പിന്റെ കാര്യത്തില്‍ പിശുക്കില്ല. ഇത്രയും പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്, ഇടക്കിടെ വേണമെങ്കില്‍ ഈ വീരയോദ്ധാക്കള്‍ അങ്ങോട്ടുമിങ്ങോട്ടും അന്പുകള്‍ കടം കൊടുക്കുകയും ചെയ്തിരുന്നു.

ഒരു പെരുന്പാന്പിനെ കിട്ടിയിരുന്നെങ്കില്‍.......

ബാക്കിയൊന്നും പറയേണ്ടല്ലോ, ജയനാണ് താരം.

എന്റെയൊക്കെ കുട്ടിക്കാലത്തെ സഹകുട്ടികളെപ്പോലെ എന്റെയും ആരാധനാപാത്രമായിരുന്നു ജയന്‍, ഒരു വ്യത്യാസം മാത്രം, ഞാന്‍ ജയന്‍ നായകനായ ഒരു സിനിമ മാത്രമെ തിയേറ്ററില്‍ പോയി കണ്ടിട്ടുള്ളു. അത് മൂര്‍ഖന്‍ എന്ന സിനിമ ആണ്. ആരാധനയൊക്കെ നാട്ടുകാരും സഹപാഠികളും പറഞ്ഞ കഥകളില്‍ നിന്നും വന്നതാണ്.
മൂര്‍ഖന്‍ സിനിമ കണ്ടതില്‍പ്പിന്നെ കുറച്ചുകാലം അതായിരുന്നു ഞങ്ങളുടെ കളി. മൂര്‍ഖന്‍ സിനിമ ഞങ്ങള്‍ (ഞാനും വിധുവും) പലതവണ അഭിനയിച്ചിട്ടുണ്ട്, ചില അനിവാര്യമായ മാറ്റങ്ങള്‍ ഉണ്ടെന്നു മാത്രം.
വില്ലന്‍ ബാലന്‍ കെ നായര്‍ ആണ് (ഞങ്ങളുടെ അടുത്തൊരു വീട്ടിലെ ചേച്ചി പറഞ്ഞതുപോലെ ബാലങ്കെന്നായര്). ബാലങ്കെന്നായര് ജയന്റെ സഹോദരിയെ എന്തോ ചെയ്തു എന്നറിയാം, ഏതായാലും അവസാനം കൊന്നു. അതിന്റെ പ്രതികാരവുമായി നടക്കുകയാണ് നായകന്‍. ഈ പറഞ്ഞ "എന്തോ" ഞങ്ങളുടെ സിനിമയില്‍ വരുന്നില്ല, കാരണം അതെന്തെന്നറിയില്ല.

ഇന്നു ഞാന്‍ ജയന്‍, നീ ബാലങ്കെന്നായര്. നാളെ നീ ജയന്‍, ഞാന്‍ ബാലങ്കെന്നായര്. അതാണ് ഡീല്‍. അപ്പോള്‍ ജയന്റെ ഇന്നത്തെ പ്രകടനവും നാളത്തെ പ്രകടനവും തമ്മില്‍ ഒരു ബന്ധവും ഉണ്ടാകില്ല, കഥ ഒന്നുതന്നെ ആണെങ്കിലും.

നിറയെ കഥാപാത്രങ്ങളുള്ള സിനിമ, അഭിനയിക്കാന്‍ രണ്ടുപേര്‍ മാത്രം. അപ്പോള്‍ സീമയും പപ്പുവും ഒക്കെ ഈ രണ്ടുപേര്‍ അഭിനയിക്കും.

ഇടക്കുവെച്ച് ജയന്‍ ബാലങ്കെന്നായരുടെ ഫോട്ടോ കണ്ട് ഞെട്ടുന്ന ഒരു സീന്‍ ഉണ്ട് സിനിമയില്‍. അതാണ് സിനിമയിലെ ടേണിങ് പോയിന്റ്. ഞങ്ങളുടെ ഇഷ്ടസീനും അതായിരുന്നു. ഈ ഞെട്ടല്‍ ഞങ്ങള്‍ രണ്ടുപേരും മല്‍സരിച്ച് ഭംഗിയാക്കും (മാര്‍ക്കിടാന്‍ ആളില്ലാതിരുന്നതിനാല്‍ ആരാണ് കേമന്‍ എന്ന ഇതുവരെയും തീരുമാനമായിട്ടില്ല). ഒരു കുഴപ്പം മാത്രം, ബാലങ്കെന്നായരുടെ ഫോട്ടോ ഞങ്ങള്‍ക്കെവിടുന്നു കിട്ടാന്‍? അതിനാല്‍ ഗണപതിയുടെ ഒരു പടം വെച്ച് ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു.

മലയാളിക്ക് ജയന്‍ ഇന്നും ഒരു നൊന്പരമായി അവശേഷിക്കുന്നു, എനിക്ക് വിധുവും. അകാലത്തില്‍ ഞങ്ങളെയെല്ലാം വിട്ട് അവന്‍ പോയി. ഇന്നും ആ നല്ല നാളുകള്‍ വല്ലാത്തൊരു വികാരത്തോടെയാണ് ഞാന്‍ ഓര്‍ക്കുന്നത്.
+++++++++++++++++++++++++++++++++++++++++++
ഇടക്കൊരു നാടകം കളി എന്ന കളിയും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. അത് മുന്‍പൊരിക്കല്‍ പറഞ്ഞതാണ്.

ഹോ‌, ഇതിപ്പോഴൊന്നും തീരില്ല, ഇതിനെ ഒരു പോസ്റ്റില്‍ ഒതുക്കാന്‍ വയ്യ. അതിനാല്‍ ഇതിവിടെ കിടക്കട്ടെ, ബാക്കി പിന്നെ.

തുടര്‍ന്നാ വിരോധാവ്വോ ആവോ