Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Friday, December 5, 2008

ഹമാരാ രാഷ്ട്രഭാഷ........

ഹിന്ദി ഹേ, ഹൂം, ഹോ, ഹൈ...... ഹൌ..... പോകാന്‍ പറ.....

നന്പൂതിരിമാരാണത്രേ കേരളത്തില്‍ ആദ്യമായി ഹിന്ദി പറഞ്ഞവര്‍. ഒരു മധ്യവയസ്കന്‍ മുതല്‍ മുകളിലുള്ള ടിപ്പിക്കല്‍ നന്പൂതിരിയോട് സംസാരിച്ചാല്‍ ഇതു മനസിലാവും. "എന്താഹേ", "ഒന്നൂല്ല്യാഹേ" തുടങ്ങിയ യൂസേജ് ധാരാളം കേള്‍ക്കാം.

ഇപ്പോള്‍ സാമാന്യം നന്നായിത്തന്നെ ഹിന്ദി മനസിലാക്കാനും സംസാരിക്കാനും കഴിയുമെങ്കിലും കുട്ടിക്കാലത്ത് ഹിന്ദി ഒരു കുരിശു തന്നെയായിരുന്നു. സ്കൂളില്‍ അത്യാവശ്യം പഠിച്ചതിനുശേഷവും കുറച്ചുകാലം കിലുക്കത്തിലെ ജഗതിയുടെ അവസ്ഥ തന്നെയായിരുന്നു എനിക്ക്. കംപ്ലീറ്റ് ജഗഡ ജഗഡ.

എന്റെ ചില ഹിന്ദി അനുഭവങ്ങളാണ് താഴെ.


ആദ്യാക്ഷരം കുറിക്കുന്നു.


ഹിന്ദിയില്‍ ഞാന്‍ ആദ്യം കേട്ട വാക്കെന്താണെന്നോ? മുംബൈ ആക്രമണത്തിനു ശേഷം അച്യുതാനന്ദനും ഉണ്ണികൃഷ്ണനും തമ്മില്‍ ഉണ്ടെന്നു ചാനലുകാരും പ്രതിപക്ഷവും പറയുന്ന ഒരു മൃഗമില്ലേ..... ഹോ, എന്താ അതിന്റെ പേര്...... അതന്നെ.

അന്നെനിക്ക് അധികം പ്രായം കാണില്ല, എത്രയായെന്ന് ഓര്‍ക്കുന്നുമില്ല. ഒരു അഞ്ച് വയസു കാണും. ഞങ്ങളുടെ അടുത്ത വീട്ടില്‍ വാടകക്ക് പുതിയ താമസക്കാര്‍ വന്നു. അവര്‍ പണ്ട് ജംഷഡ്പൂരിലായിരുന്നത്രേ.
തുടക്കത്തില്‍ തന്നെ ആ വീട്ടിലെ പിള്ളേരെ ഞങ്ങള്‍ക്ക് (ഞാനും എന്റെ ചില സമപ്രായക്കാരും, എന്നുവെച്ചാല്‍ പാലക്കാട്ട് തന്നെ വളര്‍ന്നവര്‍, മണ്ണിന്റെ മക്കള്‍) അത്ര സുഖിച്ചില്ല. അല്ലെങ്കിലും പൊട്ടക്കിണറിലെ തവളക്ക് പണ്ടെ വിസിറ്റേഴ്സ് പറ്റില്ലല്ലോ. അവര്‍ മൂന്നുപേരാണ്, സുരേഷ്, മണി, ബാബു എന്നീ മൂന്നു സഹോദരങ്ങള്‍.
ഞങ്ങളുടെ ഗ്രൂപ്പും അത്ര ചെറുതല്ല. ലോക്കല്‍ ഗുണ്ടാസല്ലെ, കൂട്ടമായേ ആക്രമിക്കൂ.
എന്റെ വീട്ടിലെ മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്നാണ് വാഗ്വാദം. "നീയാരെടാ", "ഞാന്‍ തന്നെടാ" എന്ന മട്ടില്‍ വന്‍ തര്‍ക്കം. അവരുടെ ഒരു ഗോളിന് ഞങ്ങളുടെ മറുഗോള്‍. അതിനിടക്കതാ വരുന്നു ഞങ്ങളെ തളര്‍ത്തിയ ഒരു വാക്ക്.
അവരിലാരോ (മൂത്തവന്‍ സുരേഷ്, അവന്‍ എതാണ്ടെന്റെ അതേ പ്രായമാണ്, ആണെന്നാണ് ഓര്‍മ) ഞങ്ങളുടെ നേരെ നോക്കി കുത്ത എന്ന്‍ ആക്രോശിച്ചു.


അത് വരെ ഈവന്‍-ഈവന്‍ ആയി പോകുകയായിരുന്ന യുദ്ധം പെട്ടെന്ന്‍ കയ്യില്‍ നിന്നു പോയി.

കുത്ത എന്ന വാക്കിന്റെ അര്‍ത്ഥം ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. "സന്ദേശം" സിനിമയില്‍ കേസി പൊതുവാള്‍ പറഞ്ഞതുപോലെ "വിദ്യാഭ്യാസം ഉള്ള ഒരുത്തന്‍ പോലും ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലായിരുന്നു". അവന്‍ ഗോള്‍ഡന്‍ ഗോള്‍ അടിച്ചു. ഞങ്ങള്‍ തളര്‍ന്നു. ഫൈനല്‍ വിസിലടിച്ച് ഞങ്ങള്‍ മാളത്തിലേക്ക് മടങ്ങി. ബാക്ക് ടു ദ പടവലന്‍.
താമസിയാതെ ഞങ്ങള്‍ ഒരു ചാരനെ ഒപ്പിച്ചെടുത്തു. ശത്രുപാളയത്തിലെ ഇളയവനായ ബാബുവിനെ ഞങ്ങള്‍ കയ്യും കലാശവും കാണിച്ചു വശീകരിച്ചു. ചില്ലറ പ്രലോഭനങ്ങള്‍ക്കൊടുവില്‍ അവന്‍ ഡാവിഞ്ചികോഡ് പൊളിച്ചു. കുത്ത എന്നാല്‍ നായ എന്നാണര്‍ത്ഥം എന്നവന്‍ പറഞ്ഞുതന്നു.

അടുത്തദിവസം മുതല്‍ കളികള്‍ എല്ലാം ഡ്രോ ആയിരുന്നു. കുത്ത എന്ന്‍ അവര്‍ പറഞ്ഞാല്‍ "നീയ്യന്നടാ കുത്ത" എന്ന്‍ തിരിച്ചുപറയാന്‍ ഞങ്ങള്‍ പഠിച്ചു.

ബോളിവുഡ്.

അന്നങ്ങിനെ ഒരു പേരുണ്ടായിരുന്നോ, സംശയമാണ്.
പാലക്കാട്ടെ അരോമ തിയേറ്ററിലാണ് ഞാന്‍ ആദ്യമായി ഒരു ഹിന്ദി സിനിമ കാണുന്നത്. അന്ന്‍ ഞാന്‍ തീരെ കൊച്ചുകുട്ടിയാണ്. "ഹം കിസി സെ കം നഹി" എന്ന സിനിമയാണ് ഞാന്‍ ആദ്യം കാണുന്ന ഗോസായി സിനിമ.
ഇപ്പോള്‍ അതിലെ ഒരു രംഗമൊഴിച്ച് ഒന്നും ഓര്‍മയില്ല. കുറെ നിറങ്ങള്‍, അത്ര മാത്രം. ആ സിനിമ അരോമ തിയേറ്റിറിലെ ആദ്യത്തെ സിനിമയാണോ എന്നും സംശയമുണ്ട്.
പിന്നെ എല്‍പി കാലമായപ്പോള്‍ കാണാന്‍ ഒരുപാട് മോഹിച്ച് സിനിമയാണ് ഷോലെ.
അരോമയില്‍ ഞങ്ങള്‍ രണ്ടുതവണ മുട്ടിനോക്കി.... നഹീ നഹീ. ടിക്കറ്റ് കിട്ടാതെ മടങ്ങി.
പാലക്കാട്ട് ബള്‍ക്കീസ് എന്നൊരു തിയേറ്ററുണ്ട് (ഉണ്ടായിരുന്നു എന്ന് വേണം പറയാന്‍, ഇപ്പോള്‍ അതില്ല). ടൌണില്‍ വന്ന സിനിമകള്‍ ഒലവക്കോട്ടുകാരുടെ സൌകര്യാര്‍ത്ഥം വീണ്ടും കാണിക്കും. 18 റീല്‍ എന്നത് 14 റീല്‍ ആയി ചുരുങ്ങിയേക്കും എന്ന് മാത്രം. ഒരു മാതിരി ഹൈലൈറ്റ്സ്.
അവിടെ സിനിമ വന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും ഒരു ശ്രമം കൂടി നടത്തി. ഇത്തവണ ടിക്കറ്റ് കിട്ടി. ആകാംക്ഷയോടെ സിനിമ കാണാനിരുന്നു.
ഹാ.... ബോധം വെച്ചതിനുശേഷമുള്ള (ഇതില്‍ ഇത്തിരി നുണയില്ലേ എന്ന ചോദ്യം പരിഗണിക്കുന്നില്ല, ചോദിച്ചാല്‍ ഞാന്‍ കൊഞ്ഞനം കാണിക്കും, പറഞ്ഞില്ലാന്നു വേണ്ട) കാണുന്ന ആദ്യ ഹിന്ദി സിനിമ.......
ഒന്നും മനസിലായില്ല. ഹഷ് ബഷ് ഗുഷ് മുഷ് എന്ന രീതിയിലുള്ള വര്‍ത്താനം. ഇടക്കിടെ പാട്ട്. ഇടി വെടി കൊടി..... പൊട്ടിച്ചിരി, അലര്‍ച്ച, തേങ്ങല്‍. ട്രെയിന്‍ ഓടുന്നു, കുതിര ഓടുന്നു, ആള്‍ക്കാര്‍ ഓടുന്നു. ഇത്രേ ഉള്ളു.
അമിതാഭ് ബച്ചനെയും ധര്‍മെന്ദ്രയേയും ഹെമമാലിനിയെയും മനസിലായി, പേപ്പറില്‍ പരസ്യം കണ്ടതിനാല്‍. ഇവരൊക്കെ എന്തിനാ ഓടുന്നതെന്നോ ഇടിക്കുന്നതെന്നോ ഒന്നും മനസിലായില്ല.
പടം കണ്ട് പിറ്റേദിവസം സ്കൂളില്‍ ചെന്നപ്പോള്‍ അടുത്തിരിക്കുന്നവന്‍ പറഞ്ഞു അവന്‍ "അങ്ങാടി" സിനിമ കണ്ടെന്ന്. അതിലെ രസികന്‍ ഒരു പാട്ടും പാടി. അതോടെ എന്റെ എല്ലാ ആവേശവും പോയി. അത് കാണാനുള്ള ചാന്‍സ് ആണ് ഷോലെക്കുവേണ്ടി ഞാന്‍ കളഞ്ഞു കുളിച്ചത്.

അതോടെ ഇനി ജീവന്‍ പോയാലും ഹിന്ദി പടം കാണില്ലെന്ന് ഞാന്‍ തീരുമാനിച്ചു.

ഈ ഒരു തീരുമാനം കാരണമായിരിക്കാം, ഖുര്‍ബാനി എന്ന പ്രശസ്ത സിനിമ ഞാന്‍ ഇതുവരെ മുഴുവന്‍ കണ്ടിട്ടില്ല.
ഖുര്‍ബാനി സിനിമ പാട്ടുകളാല്‍ പ്രശസ്തമായിരുന്നല്ലോ. വീട്ടില്‍ ആദ്യമായി ടേപ് റെക്കോഡര്‍ വാങ്ങിയപ്പോള്‍ അതിന്റെ കൂടെ ഫ്രീ ആയി കിട്ടിയ കാസറ്റിനുപുറത്ത് ഗുര്‍ഭാനി എന്നെഴുതിവെച്ചിരുന്നു. അതിലെ കുറെ പാട്ടുകള്‍ അന്നെനിക്ക് കാണാപ്പാഠമായിരുന്നു, ഞങ്ങള്‍ കുട്ടികള്‍ അര്‍ത്ഥമറിയാതെ ആ പാട്ടുകള്‍ ധാരാളം പാടിയിട്ടുണ്ട്.
അതില്‍ പ്രധാനം "ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ" എന്ന പാട്ടായിരുന്നു. അത് പല വാക്കുകളും പിടിപ്പിച്ച് ഞങ്ങള്‍ പാടിയിട്ടുണ്ട്. ചില സാന്പിളുകള്‍.

  • ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ...തോ പാപ്പഞ്ചായെ.... എന്നതായിരുന്നു ഏറ്റവും ഡീസന്റ് വേര്‍ഷന്‍.
  • മിമിക്രി വേര്‍ഷന്‍ - ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ...തോ ആപ്പോം ചായേം.
  • ഹിന്ദി അറിഞ്ഞതിനുശേഷവും എന്റെ ഒരു കസിന്‍ പാടിക്കേട്ട വേര്‍ഷന്‍ - ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ...തോ ബാപ് ബന്‍ ജായെ.... (ഇതില്‍ അവിഹിതം കിടക്കുന്നതിനാല്‍ സെന്‍സര്‍ ചെയ്യേണ്ടതായിരുന്നു)
ലേലാ മലേലാ എന്നൊരു പാട്ടും ഇതില്‍ ഉണ്ടായിരുന്നു. മലയില്‍ കയറിയിരിക്കുന്ന ലൈല പാടുന്ന പാട്ടാണല്ലെ.... നല്ല രസം.
ഇത് "ലൈല മയ് ലൈലാ" എന്നാണെന്ന് വളരെക്കഴിഞ്ഞാണ് ഞാന്‍ മനസിലാക്കിയത്.

എന്റെ ഈ ഭീഷ്മപ്രതിജ്ഞ നിലനില്ക്കുന്ന കാലത്ത് ഒരു സിനിമ കൂടി വന്നു. ഷാന്‍.
അന്നേയ്ക്കായപ്പോഴേക്കും എനിക്കത്യാവശ്യം ഹിന്ദി അറിയാം എന്ന സ്ഥിതി ആയിരുന്നു. ഷാന്‍ എന്ന പേരു കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു അത് ഒരു കഥാപാത്രത്തിന്റെ പേരായിരിക്കും എന്ന്‍.
പോരാത്തതിന് ഒരു പാട്ടും ഉണ്ട് സിനിമയില്‍. "പ്യാര്‍ കര്‍നെ വാലെ..... പ്യാര്‍ കര്‍ത്തെ ഹെ.... ഷാന്‍ സെ".
സ്നേഹിക്കുന്നവരെല്ലാം ഷാന്‍ എന്ന മനുഷ്യനെ സ്നേഹിക്കുന്നു. അര്‍ത്ഥം എത്ര ലളിതം.
അപ്പോള്‍ വരുന്നു ഒരു സംശയം. സിനിമയില്‍ മൂന്നു നായകന്മാര്‍. അമിതാഭ്, ശശികപൂര്‍, ശത്രുഘ്നന്‍ സിന്‍ഹ. ഇവരിലാരായിരിക്കും ഷാന്‍?

കാലം ചെല്ലുന്തോറും എന്റെ ഹിന്ദി പരിജ്ഞാനം മെച്ചപ്പെട്ടു. ഇന്നും ഞാന്‍ അധികം ഹിന്ദി സിനിമ കാണാറില്ല. കാരണം ഇത്ര കാലമായിട്ടും അവര്‍ക്ക് നേരാംവണ്ണം പടം പിടിക്കാനറിയില്ല എന്നതുതന്നെ. പ്രേമം ഇല്ലാത്ത ഒരു പടം ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. പ്രേമത്തിനോട് എതിര്‍പ്പ് തോന്നിയിട്ടല്ല, പക്ഷെ ഇവര്‍ കാണിക്കുന്നത് കണ്ടാല്‍ അതിനോട് എതിര്‍പ്പ് തോന്നിപ്പോകും. എല്ലാ പടങ്ങളും അങ്ങിനെയാണെന്ന് പറയുന്നില്ല, പക്ഷെ ഇക്കാര്യത്തില്‍ മാത്രം ഞാന്‍ ഇത്തിരി സെലക്ടീവ് ആണ്.

ക്രിക്കറ്റും ഹിന്ദിയും.

റേഡിയോ, ദൂരദര്‍ശന്‍ തുടങ്ങിയവയില്‍ നിന്നാണ് ഞാന്‍ പിന്നീട് ഹിന്ദി കേള്‍ക്കുന്നത്.
നേരത്തെ ഒരു പോസ്റ്റില്‍ പറഞ്ഞതുപോലെ, ഹിന്ദി കമന്ററി ഒരു വസ്തു മനസിലാകില്ലായിരുന്നു. അന്നൊക്കെ 15 മിനിറ്റ് ഇടവിട്ട് കമന്ററി ഭാഷ മാറും. ഇംഗ്ലീഷ് വല്യ കുഴപ്പമില്ല, ഹിന്ദി ആയാല്‍ പ്രശ്നമായി.
ഏക് ദോ ചാര്‍ എന്നൊക്കെ മനസിലാവും, പക്ഷെ മറ്റുപലതും തലയില്‍ കയറില്ല. പിന്നെ സമയവും സാഹചര്യവും ഒക്കെ നോക്കി ബാക്കിയുള്ളതെല്ലാം അങ്ങ് ഊഹിച്ചെടുക്കും, അത്ര തന്നെ.
ചാര്‍ റണ്‍ കേലിയെ എന്ന് വെച്ചാല്‍ എന്താ? ചാര്‍ എന്നാല്‍ നാല്, റണ്‍ റണ്‍ തന്നെ, അപ്പോള്‍ കേലിയെ? സംശയമെന്താ.... സാഹചര്യപ്രകാരം ബാറ്റ്സ്മാന് നാലുറണ്‍ കിട്ടി, അപ്പോള്‍ കേലിയെ എന്നതിന്റെ അര്‍ത്ഥം കിട്ടി എന്നതുതന്നെ. (ഉപ്പുമാവിന് ഇംഗ്ലീഷ്....., അതന്നെ ടെക്നിക്)
ഇതൊന്ന്‍ പഠിച്ചെടുക്കാന്‍ ഒരുപാട് സമയം എടുത്തു.
ദൂരദര്‍ശനിലും ഇതുതന്നെ കഥ. ഹിന്ദി കമന്ററി വന്നാല്‍ പിന്നെ അവിടെ ആകെ ബഹളമാണ്, ആളുകള്‍ തമ്മില്‍ തമ്മില്‍ സംസാരിക്കും, കാരണം ആര്‍ക്കും ഹിന്ദി അറിയില്ല, അപ്പോള്‍ പിന്നെ കേട്ടാലെന്ത്, കേട്ടില്ലെങ്കിലെന്ത്. (ഇതൊരു ചെറിയ എക്സാജറേഷന്‍ ആണ്, ടിവി വന്ന കാലമാകുന്പോഴേക്കും ഞങ്ങളെല്ലാം ഹിന്ദിയില്‍ പ്രവീണ്‍കുമാര്‍ ആയിരുന്നു. കമന്ററി അത്രേം ബോര്‍ ആയിരുന്നു എന്നതാണ് ശരിയായ കാരണം)

ഗോസായിമാര്‍ വിഡ്ഢിപ്പെട്ടിയില്‍.

അന്നത്തെ വീടുകളില്‍ സാധാരണയായി റേഡിയോ സമയമറിയാന്‍കൂടി ഉപയോഗിച്ചിരുന്നു. യെ ആകാശവാണി ഹേ, ഥോഡി ദേര്‍ മേ ആപ് സമാചാര്‍ സുനേംഗെ എന്ന് കേട്ടാല്‍ മനസിലാക്കണം, സ്കൂളില്‍ പോകാന്‍ സമയമായി.
പാലക്കാട്ട് ദൂരദര്‍ശനകേന്ദ്രം തുടങ്ങിയത് 84 85 കാലഘട്ടത്തിലാണെന്ന് തോന്നുന്നു. ഡല്‍ഹി പരിപാടികള്‍ ആണ് സംപ്രേക്ഷണം, അതിനാല്‍ കംപ്ലീറ്റ് ഹിന്ദി, ഹിന്ദി മാത്രം.
ലോകകപ്പ് ഫുട്ബാള്‍ കാണാന്‍ വേണ്ടിയാണ് ഞങ്ങളുടെ വീട്ടില്‍ ടിവി വാങ്ങിയത്. അന്നത്തെ കാലത്ത് ടിവി ഒരു പുതുമ ആയിരിന്നതിനാല്‍ എല്ലാ പരിപാടിയും ഇരുന്നു കാണും. കൃഷിദര്‍ശന്‍ അടക്കം. ഒന്നും മനസിലാവില്ല, പക്ഷെ ........
ഏക് ഏക് ശൂന്യ് ശൂന്യ് ആട്ട് ആട്ട് ..... ഹൊ.... ഇങ്ങിനെ ശൂന്യത്തെ ആട്ടുന്ന പരിപാടി ബഹുരസം.

ടിവിയില്‍ ഒരുപാട് സിനിമകള്‍ കാണും. സാഹചര്യം വെച്ച് പലതും മനസിലാക്കും. കുറച്ചൊക്കെ ഹിന്ദി മനസിലായിത്തുടങ്ങിയിരുന്നു അപ്പോഴേക്കും. അനാമിക എന്ന സിനിമയാണ് എന്റെ ഓര്‍മയിലെ ആദ്യ ടിവി സിനിമ. അതിലെ പാട്ട് മാത്രമാണ് ഇപ്പോള്‍ മനസിലുള്ളത്, കാരണം വേറൊന്നും മനസിലായില്ല. മേരീ ബീഗി ബീഗി സീ എന്നൊക്കെ ഒരുപാട് പാടി നടന്നിട്ടുണ്ട്.
ചിത്രഹാര്‍ എന്ന പരിപാടിയാണ് എല്ലാവരും ഇഷ്ടപ്പെട്ടിരുന്നത്. കാരണം ഡാന്‍സ് കണ്ടാല്‍ മതിയല്ലോ, അര്‍ത്ഥം ആര്‍ക്കു മനസിലാവണം.

ക്ലാസിലെ (ദുര്‍)അനുഭവങ്ങള്‍......

ഹിന്ദി അദ്ധ്യാപകന്‍ ക്ലാസെടുത്തുകൊണ്ടിരിക്കുന്നു. ഇടക്കൊരു വിദ്യാര്‍ത്ഥിക്ക് സംശയം. അവനുറക്കെ ചോദിച്ചു "സാര്‍, തേല്‍ എന്നുവെച്ചാല്‍ എന്താ?" എനിക്കറിയാം ഉത്തരം, ഞാന്‍ അതിലുമുച്ചത്തില് വിളിച്ചുപറഞ്ഞു "എണ്ണ, എണ്ണ". സാറിന് ഇതത്ര പിടിച്ചില്ല. ഞാന്‍ ക്ലാസിനു പുറത്ത്. ഈ സംശയം ചോദിച്ചവനും താമസിയാതെ മറ്റെന്തോ കുരുത്തക്കേടിന് പുറത്തെത്തി. ഇത്തരം പിള്ളേരുടെ ചന്തി പൊളിക്കാന്‍ വടിയുമായി ഹെഡ് മാസ്റ്റര്‍ നടക്കുന്ന സമയമായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കിട്ടി പെട. അങ്ങിനെ സത്യം അറിയുന്നവനും അറിയാത്തവനും ശിക്ഷ കിട്ടി.

ഇടക്കെപ്പോഴോ ഞാന്‍ ഹിന്ദി വിദ്യാലയത്തില്‍ ചേര്‍ന്നു, പൊരിഞ്ഞ ഹിന്ദി പഠനം. പ്രാഥമിക് വലിയ പ്രയാസമില്ലാതെ പാസായി. മാധ്യമ ആയപ്പോഴേക്കും സ്റ്റൈലായി ഉഴപ്പി, അതിനാല്‍ കഷ്ടിച്ചാണ് പാസായത്. ഇല്ലായിരുന്നെങ്കില്‍ ഞാനൊരു ഹിന്ദി വാദ്ധ്യാരായേനെ, കാരണം എന്റെ അമ്മാമന്‍ ഒരു ഹിന്ദി മാഷാണ്, അമ്മക്ക് വലിയ മോഹമായിരുന്നിരിക്കാം ഞാനും ഒരു ഹിന്ദി മാഷാവണമെന്ന്.

പത്താംക്ലാസിലെ ഹിന്ദി പരീക്ഷ കഴിഞ്ഞപ്പോള്‍ വലിയ ആശ്വാസമായിരുന്നു, ഇനി ഈ ഭാരം ഞാന്‍ ചുമക്കേണ്ടല്ലൊ. പ്രീഡിഗ്രിക്ക് മലയാളം സെക്കന്റ് ലാംഗ്വേജ് ആയി എടുക്കാനായിരുന്നു പ്ലാന്‍. പക്ഷെ മലയാളം എന്നെ ചതിച്ചു. എല്ലാ പേപ്പറുകളിലും വെച്ച് ഏറ്റവും കുറവ് മാര്‍ക്ക് മലയാളത്തിന്. അതോടെ അമ്മ കാലുമാറി. ഹിന്ദി എടുത്താല്‍ മതി എന്ന ആജ്ഞ. വേറെ വഴിയില്ല, രണ്ടുകൊല്ലം കൂടി ഞാന്‍ അവനെ സഹിച്ചു. (പ്രീഡിഗ്രിക്ക് ഏറ്റവും കുറവുമാര്‍ക്ക് ഹിന്ദിക്ക് നേടിക്കൊടുത്ത് ഞാന്‍ പകരം വീട്ടി എന്നത് ചരിത്രം)

മാതൃഭാഷാ മേ അനുവാദ് കരോ (മാതൃഭാഷയെ അനുവദിക്കൂ...... പ്ലീസ്)

ഒരു പരീക്ഷയിലെ ചോദ്യം.
വാക്ക് - ആഭാസ്.
ഞാനാദ്യം എഴുതി ...... ആഭാസം.
പിന്നീട് തോന്നി അതത്ര ശരിയാവില്ലെന്ന്. അത് തിരുത്തിയെഴുതി ..... അഭ്യാസം.
രണ്ടും ശരിയല്ലെന്ന് മാര്‍ക്ക് വന്നപ്പോള്‍ മനസിലായി.

സജിയേട്ടനാണ് ഹിന്ദി-മലയാളം അനുവാദത്തിലെ എക്സ്പ്പര്‍ട്ട്. ചില സാന്പിളുകള്‍ താഴെക്കൊടുക്കുന്നു(നോട്ട് എക്സ്ക്ലൂസിവ്)
ഏക് ഡോക്ടര്‍ കി മൌത്ത് എന്ന സിനിമ കണ്ടുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍. സജിയേട്ടന്‍ അക്ഷമനായി കാത്തിരിക്കുന്നു. കാരണം ലളിതം, ഒരു ഡോക്ടരുടെ വായ എന്ന സിനിമയില്‍ ഡോക്ടര്‍ വായ പോയിട്ട് പല്ലുപോലും കാണിക്കുന്നില്ല.
സജിയേട്ടന്റെ ഏറ്റവും പ്രശസ്തമായ തര്‍ജ്ജമ കേട്ടതിനുശേഷം നമുക്കു ഈ പോസ്റ്റ് ചുരുട്ടിമടക്കാം.
ഒരു പാട്ടാണ് ഇവിടെ പ്രസ്തവ്യമാകുന്നത്. അതിപ്രകാരം.
ഘുങ്ഗ്രൂ കീ തരാഹ്, ബജ്താ ഹി രഹാ ഹൂം മേ.
കഭി ഇസ് പഗ് പേ, കഭി അസ്‌ പഗ് പേ.....ബജ്താ ഹി രഹാ ഹൂം മേ.
ഇതില്‍ പല വാക്കുകളുടെയും അര്‍ത്ഥം മനസിലാക്കാം. പക്ഷെ ഘുങ്ഗ്രൂ എന്നാല്‍?? ഇതാണ് സജിയേട്ടനെ കുഴക്കിയത്.
അവസാനം സജിയേട്ടന്‍ കണ്ടുപിടിച്ചു......
ഘുങ്ഗ്രൂ എന്നാല്‍ കൊറ്റി, അഥവാ കൊക്ക്.
അപ്പോള്‍ എല്ലാം ശരിയായി.
പാട്ടിന്റെ തര്‍ജ്ജമ ഇപ്രകാരം.
ഒരു കൊക്കിനെപ്പോലെ ഞാന്‍ ഭജിക്കുന്നു. ചിലപ്പോള്‍ ഈ കാലില്‍ നിന്നു ഭജിക്കുന്നു, ചിലപ്പോള്‍ കാല് മാറ്റി മറ്റേക്കാലില് നിന്നു ഭജിക്കുന്നു.
+++++++++++++++++++++++++++++++++++++
നിങ്ങള്‍ക്കെന്നോട് ഇപ്പോള്‍ ധൈര്യമായി ഹിന്ദി പറയാം. എനിക്ക് മറുപടി പറയാന്‍ കഴിയും.


നാരിയല്‍ കാ പാനീ ചാഹിയെ.....
ക്യാ ഫുള്‍ ബോട്ടല്‍ ക്യാ ഹാഫ് ബോട്ടല്‍???

Tuesday, November 18, 2008

പങ്കുവെക്കല്‍ മഹാമഹം അഥവാ ട്വെന്റി ട്വെന്റി

ഒരു വലിയ തറവാട്. അവധിക്കാലത്ത്‌ തറവാട്ടിലെ അംഗങ്ങളെല്ലാം കുഞ്ഞുകുട്ടിപരാധീനങ്ങളുമായി തറവാട്ടിലേക്കെത്തുന്നു.

മുത്തശ്ശി മാന്പഴം മുറിക്കുന്ന തിരക്കിലാണ് (വള്ളുവനാടനായ എനിക്ക് മാങ്ങ നുര്‍ക്ക്വാ എന്ന് പറഞ്ഞാലേ സമാധാനമാവൂ)
അങ്ങിനെ നുറുക്കിക്കഴിഞ്ഞ മാന്പഴം വീതം വെക്കലാണ് അടുത്ത ജോലി. അത് സീനിയര്‍ ആയിട്ടുള്ള ആരെങ്കിലും ചെയ്യും. മുത്തശ്ശി, വല്യേട്ടന്‍ അങ്ങിനെ ആരെങ്കിലും.

ഈ നുറുക്കല്‍ ഏര്‍പ്പാടിനെക്കാള്‍ വിഷമം പിടിച്ചതാണ് വീതം വെക്കല്‍, അല്ലെങ്കില്‍ പങ്കുവെക്കല്‍ (ഓരി വെക്കല്‍ എന്ന ഞങ്ങള്‍ പറയാറുണ്ട്, അത് എവിടെ നിന്ന വന്നതാണെന്ന് അറിയില്ല)ആള്‍ക്കാരുടെ എണ്ണവും മാന്പഴക്കഷ്ണങ്ങളുടെ എണ്ണവും തമ്മില്‍ പൊരുത്തമില്ലെങ്കില്‍ കാര്യം കുഴയും.

അവിടെയാണ് പങ്കുവെക്കുന്നയാളുടെ സാമര്‍ത്ഥ്യമോ പക്ഷപാതമോ ഒക്കെ വരുന്നത്.
സര്‍വസമ്മതനായ അല്ലെങ്കില്‍ സമ്മതയായ ഒരു വ്യക്തി ആണ് പങ്കുവെക്കുന്നതെങ്കില്‍ വലിയ പരാതികള്‍ക്കിടനല്കാതെ കാര്യം കഴിക്കാം (ഇത് ഒരു മുത്തശ്ശനോ മുത്തശ്സിക്കോ മാത്രമെ സാധിക്കൂ).

പങ്കുവെക്കുന്നയാള്‍ പക്ഷപാതിയാണെങ്കില്‍?

നല്ലൊരു പങ്കു കിട്ടാന്‍ സാധ്യതയുള്ള ജനവിഭാഗം താഴെപ്പറയുന്നവരാണ്.

  • പങ്കുവെക്കുന്നയാള്‍ തന്നെ (ഇടക്കൊരു എക്സ്ട്രാ കഷ്ണം അടിച്ചുമാറ്റിയേക്കും)
  • തറവാട്ടിനു അടുത്തു തന്നെ താമസിക്കുന്നവര്‍
  • പങ്കുവെപ്പുകാരന്റെ ശിങ്കിടികള്‍.
  • പങ്കുവെപ്പുകാരന് തറവാട്ടിനുപുറത്ത് നല്ല പബ്ലിസിറ്റി കൊടുക്കാന്‍ കഴിവുള്ളവര്‍ (ഇതില്‍ സുന്ദരികളായ കൂട്ടുകാരികള്‍ ഉള്ള അനിയത്തിമാരും പെടും).
  • കുറച്ചധികം കരയുന്ന കുട്ടികള്‍
താഴെപ്പറയുന്ന ഗ്രൂപ്പിലെ ആളുകള്‍ക്ക് അധികം മാന്പഴക്കഷ്ണങ്ങള്‍ കിട്ടാനിടയില്ല (ചിലപ്പോള്‍ കിട്ടിയില്ലെന്നുതന്നെ വരാം).

  • പങ്കുവെപ്പുകാരന്റെ പ്രമാണിത്തത്തിന് ഭീഷണി ഉണ്ടാക്കാന്‍ സാധ്യതയുള്ളവര്‍.
  • പങ്കുവെപ്പുകാരന്റെ ബാഡ്ബുക്കില്‍ ഉള്ളവര്‍ (ഇവര്‍ ഭൂതകാലത്ത് തല്ലുകൂടിയിട്ടുള്ളവര്‍ ആയിരിക്കാം).
  • ഒട്ടും വാശി പിടിക്കാതെ കിട്ടിയത് മതി എന്ന് വിചാരിക്കുന്ന സമാധാനപ്രിയരായ കുട്ടികള്‍.

ഇത്രയും വായിച്ച വായനക്കാരന്‍ പങ്കുവെപ്പുകാരനെ വില്ലനായി മുദ്രകുത്താന്‍ തുടങ്ങുകയാണെന്ന് എനിക്കറിയാം, പാവം ..... ജീവിച്ചുപോയ്ക്കോട്ടെ. ഒരുപാട് പരിമിതികള്‍ക്കിടയില്‍ നിന്നാണ് പങ്കുവെപ്പുകാരന്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. അത് പൊതുജനത്തിന് മനസിലാവില്ല.

അത്തരത്തില്‍ ഒരു പാവം പങ്കുവെപ്പുകാരന്റെ കദനകഥയാണ് ട്വെന്റി ട്വെന്റി എന്ന മഹാകാവ്യത്തിന്റെ പ്രചോദനം. മലയാളസിനിമാചരിത്രത്തിലൊരിക്കലും ഇത്രയും ബൃഹുത്തായ പങ്കുവെപ്പ് നടന്നിട്ടില്ല.

അപ്പോള്‍ നമ്മുടെ പ്രസ്തുത പ്രോഡ്യൂസര്‍ ഒരു ചരിത്രപുരുഷനാകുന്നു. പാവം, എത്ര ബുദ്ധിമുട്ടി.

അഡ്വക്കേറ്റ് നന്ദഗോപാല്‍ മാരാര്‍, മംഗലശ്ശേരി നീലകണ്ഠന്‍, ഭരത്ചന്ദ്രന്‍ ഐപിഎസ് തുടങ്ങിയ കുട്ടികളടങ്ങുന്ന തറവാട്ടില്‍ കൊച്ചിരാജാവ് പങ്കുവെക്കല്‍ ഉദ്യമം തുടങ്ങിയാല്‍ അന്ധാളിപ്പല്ലാതെ വേറെന്തു സംഭവിക്കാന്‍?

പെരുന്തച്ചനും നെയ്ത്തുകാരനും ചെല്ലപ്പനാശാരിയും ഒക്കെ സ്വന്തം നാട്ടില്‍ അറിയപ്പെടുന്ന കുട്ടികളായിരിക്കാം. അത് കൊച്ചിയില്‍ കാണിക്കണ്ട. അവര്‍ക്ക് തറവാട്ടില്‍ മാങ്ങ ഇല്ല.

ഇനി പങ്കു കിട്ടിയവര്‍ക്കോ? മുതിര്‍ന്ന കുട്ടികള്‍ തിന്നു കഴിഞ്ഞപ്പോള്‍ ബാക്കിയുള്ള കുട്ടികളില്‍ ചിലര്‍ കാര്യമായൊന്നും കിട്ടാതെ മടങ്ങിയിരിക്കാം. മാന്പഴം എന്നത് കൊച്ചിരാജാവ് മീശ പിരിച്ചാലോ ജബാ ജബാ പറഞ്ഞാലോ ഉണ്ടാവുന്ന ഒന്നല്ലല്ലോ. കിട്ടാവുന്നതില്‍ ഏറ്റവും നല്ല ഭംഗിയുള്ള കഷ്ണമല്ലേ ഭൂമിയുടെ രാജാവായ വിപ്ലവനായകനും ഉരിയാടാപയ്യനും അനിയന്‍പ്രാവിനും ഒക്കെ കിട്ടിയത്, പിന്നെ കിട്ടിയ കഷ്ണം ചെറുതായിപ്പോയി എന്ന പരാതി പറയരുത്. (പരശുരാമന്‍ മഴുവെറിഞ്ഞതിനേക്കാള്‍ അധികം ദൂരം സഞ്ചരിച്ച നയനമാനോഹരിയോടൊപ്പമുള്ള ഡാന്‍സ് എന്ന് വെച്ചാല്‍ ചില്ലറക്കാര്യമാണോ?)

ഈ പങ്കുവെപ്പുകാരന്റെ കലാവിരുത് ഒന്നു ശ്രദ്ധിക്കൂ..... എത്ര ഭംഗിയായാണ് ഇദ്ദേഹം തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചതെന്ന് നിങ്ങള്‍ക്ക് തന്നെ മനസിലാവും.

മൂന്നു സൂപ്പര്‍ താരങ്ങള്‍. അവനവന്റെ ഈഗോ, തിരക്ക്, തുടങ്ങിയ പ്രശ്നങ്ങള്‍ മാറി വെച്ച് അവര്‍ വരുന്നു. അപ്പോള്‍ ന്യായമായ പങ്ക് കിട്ടിയില്ലെങ്കില്‍ കലിപ്പ്. സൊ, പങ്കുവെപ്പ് ഇസ് വെരി വെരി ഇംപോര്‍ട്ടന്റ്.

(ഇനിയുള്ള ഭാഗത്ത് ഒരു പ്രത്യേക ഓര്‍ഡറില് അല്ല ഒന്നാമന്‍ രണ്ടാമന്‍ മൂന്നാമന്‍ പ്രഭൃതികള്‍, തരം പോലെ അവര്‍ മാറിയും മറിഞ്ഞും സ്ഥാനം കൈക്കലാക്കും)

  • ഒരാള്‍ക്ക് കാക്കി, വേറൊരാള്‍ക്ക് കറുപ്പ്, മൂന്നാമന്‍ വെള്ള. അങ്ങിനെ വേഷത്തില്‍ നല്ല പങ്കുവെപ്പ്.
  • ഒരാള്‍ക്ക് സെന്റി, രണ്ടാമന് ഗര്‍ജ്ജനം, മൂന്നാമന് പ്രഭാഷണം. അവിടെയും.....
  • ഒരാള്‍ക്ക് പ്രതികാരം, രണ്ടാമന് നിയമപാലനം, മൂന്നാമന് ഇതിന്റെ രണ്ടിന്റെയും ഇടയില്‍ ഞാണിന്മേല്‍ കളി.
  • ഒരാള്‍ മീശ പിരിക്കുന്നു, രണ്ടാമന്‍ മീശ വിറപ്പിക്കുന്നു, മൂന്നാമന്‍ മീശ കടിച്ചുപിടിച്ച് പ്രഭാഷണം നടത്തുന്നു.
  • ഒന്നാമന്‍ രണ്ടാമനെ കോടതി കയറ്റുന്നു, മൂന്നാമന്‍ രണ്ടാമനെ കോടതിയില്‍ തോല്‍പ്പിക്കുന്നു, രണ്ടാമന്‍ മൂന്നാമനെ കോടതിയില്‍വെച്ച് പറ്റിക്കുന്നു.
  • ഒന്നാമന്‍ രണ്ടാമനെ ഇടിക്കുന്നു, പകരം രണ്ടാമന്‍ ഒന്നാമനെ ഇടിക്കുന്നു. (പണ്ട് സഖാവ് കോട്ടപ്പള്ളി പറഞ്ഞതുപോലെ "ഞാനൊരു രക്തഹാരം അങ്ങോട്ടണിയിക്കും, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കും"). ഒന്നാമനും മൂന്നാമനും കൂടി രണ്ടാമനെ പിടിച്ചുകെട്ടുന്നു.
  • ഒന്നാമന്‍ രണ്ടു വില്ലന്മാരെ കൊല്ലുന്നു. രണ്ടാമന്‍ ഒരുത്തനെ കാച്ചുന്നു. അപ്പോള്‍ മൂന്നാമനോ? നിയമം നോക്കി നടത്തേണ്ടവനാണ്, പറഞ്ഞിട്ട് കാര്യമില്ല, അവര് രണ്ടാളും കൊല്ലുന്പോള്‍ ഞാന്‍ നോക്കിനിക്കരുതല്ലോ. ഉടന്‍ കൊച്ചിരാജാവ് പറഞ്ഞു (അഥവാ രണ്ടാമനെക്കൊണ്ടു പറയിച്ചു) തട്ടിക്കോളാന്‍, സൌകര്യത്തിന് വഴിയെപ്പോണ ഒരുത്തനെ ഒരുക്കിത്തരാം. അങ്ങിനെ മൂന്നാമനും കിട്ടി ഒരു വില്ലനെ. അങ്ങിനെ പങ്കുവെപ്പ് ക്ലീന്‍. (ഒന്നാമന്‍ രണ്ടാളെ കൊല്ലുന്നു, രണ്ടാമന്‍ ഒരുത്തനെ കൊല്ലുന്നു, പിന്നെ ഡയലോഗിലൂടെ ജനത്തെയും, മൂന്നാമന്‍ വെറുതെ ആവശ്യമില്ലാതെ ഒരുത്തനെ കൊല്ലുന്നു)

ഹൊ, ഇത്രയും നന്നായി എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിവുള്ള ഈ തലയെ സമ്മതിക്കണം.

ഇതിപ്പോ ആള് മൂന്നല്ലേ ആയുള്ളൂ, ബാക്കി ഫില്ലേഴ്സ് വരണമല്ലോ. തന്റെ കൂടെ നില്‍ക്കാന്‍ യോഗ്യതയുള്ളവരെ അവര് മൂന്നാളും കൂടി തെരഞ്ഞെടുത്തു.

ഒന്നാമന് വെഞ്ഞാറമൂട് ഏരിയ ആണ് ഇപ്പോള്‍ പത്ഥ്യം, രണ്ടാമന്‍ ഒപ്പം നിന്നു തമാശപറയാന്‍ കഴിവുള്ള നടനെ ഒപ്പിച്ചെടുത്തു, മൂന്നാമനോ, പുള്ളി പണ്ടേ ഒറ്റക്കു യുദ്ധം നടത്തിയ ആളല്ലേ, മീശ വിറപ്പിക്കുന്പോള്‍ കാണാന്‍ ആള് വേണമെന്നുമാത്രം.

കരയുന്ന കുട്ടികള്‍ ഇനിയും. അപ്പോള്‍....

പണ്ടെപ്പോഴോ നല്ലകാലം ഉണ്ടായിരുന്ന കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ ഇവരെയൊക്കെ ഒന്നിപ്പിക്കുന്ന മീഡിയേറ്റര്‍ ആയാല്‍ കാര്യം ഒത്തു. ഒരുത്തന്റെ കാര്യം ഓക്കെ.

കാരണവര്‍ക്ക് അതുതന്നെ റോള്‍, മലയാളത്തിന്റെ അമ്മയാവട്ടെ മുത്തശ്ശി. ഇല്ലെങ്കില്‍ അത് പുലിവാലാകും.

ഇനി ബാക്കിയുള്ളവനൊക്കെ??? അവര്‍ക്കും കൊടുക്കണമല്ലോ ഓരോ പണി.

വില്ലന്മാരായി തെളിഞ്ഞവര്‍ അത് തന്നെ ചെയ്യട്ടെ. അങ്ങിനെ മൂന്നാലാള്‍ക്ക് പണിയായി.

ഇനീം കിടക്കുന്നു കുറെ തമാശക്കാര്‍. ഇരിങ്ങാലക്കുടക്കാരന്റെ നേതൃത്വത്തില്‍ അവരും സ്വയം തൊഴില്‍ കണ്ടെത്തി.

പിന്നെ ഒഴിവാക്കാനാവാത്ത മാട്ടുപ്പെട്ടി മച്ചാനും അതുപോലുള്ള ചില തിരുവനന്തപുരക്കാര്‍ക്കും കൂടി കുറച്ച് സാദാ പോലീസ് വേഷങ്ങള്‍.

ചാലക്കുടിയിലെ മുത്തിനെ ഗുണ്ടയുമാക്കി.

അത് വരെ കാര്യങ്ങള്‍ എത്തി.

അപ്പൊ നമ്മുടെ പഴയ കോണ്‍സ്റ്റബിള് വിജയനോ, അവന്‍ വെറും പ്രീഡിഗ്രീ അല്ലെ, ഇവിടെയും കോണ്‍സ്റ്റബിള് ആയിക്കോട്ടെ, തമാശ പറയണമെന്ന് മാത്രം.

അപ്പോള്‍ വരുന്നൂ വേറൊരു നായകന്‍. പുള്ളി കുറെ പോലീസ് വേഷങ്ങളില്‍ വിലസിയവനാണ്, അതും നായകനായി. ഇവിടെയും ഒരു പോലീസ് വേഷം കൊടുത്തുകളയാം. പക്ഷെ ഇപ്പോള്‍ തന്നെ പോലീസുകാര്‍ കുറച്ചു കൂടുതലാണ്, ഇനിയൊരുത്തനെക്കൂടി സഹിക്കില്ല. അപ്പോള്‍ വാഹനത്തിന്റെ സ്പീഡ് നോക്കുന്ന ഒരു കുഞ്ഞു വേഷം കൊടുക്കാം എന്ന്‍ തീരുമാനിച്ചു. സംയുക്തമായി തീരുമാനിച്ചാല്‍ നായകന്‍ വേഷം തന്നെ വേണമെന്ന ശാഠ്യം അങ്ങോര്‍ ഉപേക്ഷിക്കും.

പെന്പിള്ളേര് അല്ലെങ്കിലും പാട്ടുപാടാന്‍, അല്ലെങ്കില്‍ മൂക്കുപിഴിയാന്‍ മാത്രം മതി. ഇനി ബാക്കി ചള്ളുപിള്ളേരെല്ലാം വന്നു പൊയ്ക്കോട്ടേ, അവര് വന്നാലും ഇല്ലെങ്കിലും ആര്‍ക്കും നഷ്ടമില്ല.

എല്ലാം കഴിഞ്ഞു.

ഇനി പങ്കുവെപ്പുകാരന്‍ എന്ത് നേടി?

ഇന്ത്യക്ക് പുറത്ത് ഒരു പാട്ട്. അതും ഭാവനയില്‍ കാണാന്‍ ബെസ്റ്റായ ലൊക്കേഷനില്‍.

പക്ഷെ അത് പുതിയ കാര്യമല്ലല്ലോ...പിന്നെ???

അതാണ് പങ്കുവെപ്പുകാരന്റെ ഏറ്റവും വലിയ ലാഭം.

നേരത്തെ പറഞ്ഞ പോലെ "ഇത്തിരി വില കിട്ടാന്‍ പാകത്തിന്" നില്‍ക്കുകയല്ലേ രണ്ടു നെടുംതൂണുകളും തൂണുപോലുള്ള വേറെ രണ്ടു സൂപ്പറുകളും. അതിനിടക്ക് എന്റേം കെടക്കട്ടെ ഒരു പടം. ചുളുവില്‍ എനിക്കും സൂപ്പറായി സ്ഥാനക്കയറ്റം. ആരെങ്കിലും ചോദിച്ചാല്‍ പറയാമല്ലോ, ഒരു symmetry ആയി അഞ്ചാമന്‍, കിടിലന്‍ പോസ്റ്ററൊപ്പിക്കാം എന്നൊക്കെ.

പാകത്തിന് താരങ്ങളെയും ഫാന്‍സ്‌ എന്ന പേരില്‍ കോപ്രായം കാണിക്കുന്ന മന്ദബുദ്ധികളെയും ലോജിക് അധികം പ്രയോഗിക്കാത്ത മണ്ടശിരോമണികളേയും എന്നെപ്പോലുള്ള സിനിമാപ്രാന്തന്മാരെയും ആകര്‍ഷിക്കാന്‍ ഇതിലും വലിയ പങ്കുവെപ്പ് വേണോ?

സിനിമയിലെ കഥ എന്തെന്നോ അതിലെ വിവരക്കേടുകള്‍ എന്തെന്നോ ഒന്നും ഞാനിവിടെ പറയുന്നില്ല. അതിനായി ചില അഭിനവ നിരൂപകര്‍ ഇന്റര്‍നെറ്റില്‍ കൊഞ്ഞനം കുത്തുന്നുണ്ട്.

ഒന്നു മാത്രം. സിനിമ കഴിഞ്ഞപ്പോള്‍ ഐവി ശശിയെ ഞാന്‍ അറിയാതൊന്നു മനസ്സില്‍ നമിച്ചു. വലിയൊരു താരനിരയെ നല്ല കഥകള്‍ക്ക് വേണ്ടിയാണല്ലോ അങ്ങുപയോഗിച്ചത്. ഇതുപോലുള്ള പൊറാട്ടുനാടകത്തിനല്ലല്ലോ.

Thursday, September 18, 2008

മലയാളം സിനിമാ മാനിഫെസ്റ്റൊ - ഭാഗം ഒന്ന്.

ഇതിത്തിരി പഴയതാണ്, കുറച്ച് കാലം മുന്പ് എന്റെ കൂട്ടുകാര്‍ക്കയച്ചത്. ഇത്തിരി ഔട്ട്ഡേറ്റഡ് ആണോ എന്നറിയില്ല, എന്തായാലും മലയാളസിനിമയ്ക്ക് എന്റെ വക കിടക്കട്ടെ ഒരു സമ്മാനം.

ഞാന്‍ 17 സിനിമകള്‍ സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം നിങ്ങളെ അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. വളരെയധികം വിജയസാധ്യതയുള്ള ഒരു ഫോര്‍മുലയാണിത്. ഒരു ടെംപ്ലേറ്റ് കഥ ഉണ്ടാക്കി അതില്‍ നിന്നാണ് ഈ 17 സിനിമകള്‍ ഉണ്ടാക്കുന്നത്.

എല്ലാം സഹിക്കുന്ന കുടുംബനാഥന്‍ പണ്ടുമുതല്‍ക്കെ മലയാളികളുടെ ഇഷ്ടകഥാപാത്രമാണ്. വില്ലനായി (സോറി, മറ്റുള്ളവരുടെ സ്വാധീനത്തില്‍ പെട്ട് വില്ലന്‍ സ്വഭാവമായി) ഒരു അടുത്ത ബന്ധു ഉണ്ടെങ്കില്‍ പടം ഓടും, നൂറും ഇരുനൂറും തികച്ചാലും കിതക്കില്ല. ഞാനും ആ വഴിക്കൊന്ന്‍ നോക്കട്ടെ.
ടെംപ്ലേറ്റ് കഥ താഴെ കൊടുക്കുന്നു. ഇതിന്റെ കോപ്പി എന്റെ കയ്യില്‍ റൈറ്റ് ചെയ്തിട്ടുണ്ട്. കോപ്പിറൈറ്റ് ഉള്ള സാധനം കോപ്പിയെടുക്കാന്‍ കോപ്പുകൂട്ടുന്ന ഗോപുക്കുട്ടന്മാരെ, ജാഗ്രതൈ, വെവരവറിയും.

നിയമങ്ങള്‍ -
ഏതൊരു മാനിഫെസ്റ്റോയിലും കാണുമല്ലോ ചില നിയമങ്ങള്‍. ഇത്തരം സിനിമകളുടെ നിയമാവലി താഴെ കൊടുത്തിരിക്കുന്നു.

  1. സിനിമയ്ക്ക് ഒറ്റവാക്ക് പേരുകളായിരിക്കണം. അത് നായകന്റെ പേരുതന്നെ ആയാലും കുഴപ്പമില്ല. കുറച്ച് സെന്റി ഉള്ള അല്ലെങ്കില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന പേരുകളാണെങ്കില്‍ ജോര്‍. തകര്‍ച്ച, പകര്‍ച്ച തുടങ്ങി രാമേട്ടന്‍, ഗോപാലേട്ടന്‍ തുടങ്ങിയ പേരുകള്‍.
  2. നായകനും വില്ലനും ഒരേ ജാതിക്കാരോ മതത്തിലുള്ളവരോ ജോലിയിലുള്ളവരോ ആയിരിക്കണം.
  3. നായകനും സഹോദരങ്ങള്‍ക്കുമിടയില്‍ സാമാന്യം നല്ല പ്രായവ്യത്യാസം വേണം.
  4. നായകന്‍ ഉന്നതകുലജാതനായിരിക്കുന്നതാണ് ഉത്തമം. ഐഡിയലി പേരിന്റെ അറ്റത്ത് വാലുള്ള ജാതി. വലിയൊരു തറവാട്ടിലാണ് ജനനമെങ്കില്‍ സൂപ്പര്‍.
  5. നായകന്റെ പേര് പഴമയുള്ള പേരായിരിക്കണം. "അജു" "കുജു" "വിജു" "സജു" തുടങ്ങിയ പേരുകള്‍ നിഷിദ്ധം. സാധാരണയായി ദൈവനാമങ്ങളാണ് നല്ലത്. രാഘവന്‍, നീലകണ്ഠന്‍, പരമേശ്വരന്‍, ഗോപാലകൃഷ്ണന്‍ തുടങ്ങിയ പേരുകള്‍. പേരിനറ്റത്ത് ജാതിപ്പേരുകൂടി വെയ്ക്കാമെങ്കില്‍ നല്ലത്. മറിച്ചായാല്‍ തറവാട്ടുമഹിമ കുറഞ്ഞേക്കാം.
  6. വരിക്കാശ്ശേരി അല്ലെങ്കില്‍ ഒളപ്പമണ്ണ മന നേരത്തെ ബുക്ക് ചെയ്തിരിക്കണം.
  7. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവരുടെ ഡേറ്റ് അല്ലെങ്കില്‍ ഫോട്ടോ സംഘടിപ്പിച്ചിരിക്കണം.
  8. നായകനും സഹോദരങ്ങളും വള്ളുവനാടന്‍ ഭാഷ തന്നെ ഉപയോഗിക്കണം. അതാണ് സിനിമ ഓടാന്‍ ഉത്തമം.

കഥാപാത്രങ്ങള്‍.

കഥാപാത്രങ്ങളെ ഒന്നു വിശദീകരിക്കാം. സിനിമാക്കഥ മനസിലാക്കാന്‍ ഇതുപകരിക്കും.

ഏട്ടന്‍ അഥവാ കഥാനായകന്‍.

ഇപ്പോള്‍ നായകന്‍ ഒരു ഏട്ടനാണ്. (താരങ്ങള്‍ സ്വന്തം പ്രായത്തിനനുസരിച്ച് റോളുകള്‍ ഏറ്റെടുക്കാന്‍ തുടങ്ങി‌യാല്‍ അച്ഛനാക്കാം. അവര് സമ്മതിക്കണ്ടേ. അതിനാല്‍ തല്‍ക്കാലം ഏട്ടനേ വഴിയുള്ളൂ.)

നായകന് ഒരു ഭൂതകാലം ഉണ്ട്. വില്ലന്റെ കുബുദ്ധിയാലോ സ്വന്തം കുടുംബക്കാരുടെ (മിക്കവാറും അച്ഛനായിരിക്കും പ്രതി) കയ്യിലിരിപ്പ് കാരണമോ തകര്‍ന്നടിഞ്ഞ ഒരു കുടുംബം മുഴുവന്‍ ചുമലിലേറ്റേണ്ടിവന്ന കഷ്ടകാലം. നന്നേ ചെറുപ്പത്തില്‍ തന്നെ പ്രരാബ്ദ്ധങ്ങളുടെ നടുവിലേക്ക് എടുത്തെറിയപ്പെട്ടതാണ് ഈ ജന്മം.

നായകന്റെ വര്‍ത്തമാനകാലത്ത് താരതമ്യേന ഭേദപ്പെട്ട അവസ്ഥയാണ്. നാട്ടുകാര്‍ക്കെല്ലാം ........ഏട്ടനാണ് (ഇവിടെ വള്ളുവനാടന്‍ ഭാഷയാണെങ്കില്‍ ഏട്ടന്‍ വിളിക്ക് ഒരു സുഖം ഇല്ലേ). കരയില്‍ പ്രമാണിയാണ്. ദുശ്ശീലങ്ങളില്ല. സാന്പത്തികമായി ഭദ്രമാണ് അവസ്ഥ (പുറത്തുള്ളവര്‍ക്കെങ്കിലും).

നായകന്റെ പ്രത്യേകതകള്‍ - നേരത്തെ പറഞ്ഞ പ്രാരാബ്ദ്ധങ്ങള്‍ കാരണം വിദ്യാഭ്യാസം ഇത്തിരി കുറവാണ് നായകന്. വിദ്യാഭ്യാസമില്ലെങ്കിലും മറ്റെല്ലാ അഭ്യാസങ്ങളും കൈമുതലായുണ്ട്. തറവാട് മുഴുവന്‍ ചെറുപ്പത്തിലേ കുളം തോണ്ടിയതിനാല്‍ ഏതാണ്ട് ഒരു മുപ്പത്തഞ്ച് വയസു വരെ (മമ്മൂട്ടിയോ മോഹന്‍ലാലോ ഇതിലും ചെറുപ്പമായാല്‍ കടുപ്പമല്ലേ) കഷ്ടപ്പെട്ടാണ് ജീവിച്ചത്. ഈ കാലയളവില്‍ തറവാട്ടിലായിരിക്കണമെന്നില്ല ജീവിതം. പക്ഷെ ഇപ്പോള്‍ തറവാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു നായകന്‍ (വരിക്കാശ്ശേരി അല്ലെങ്കില്‍ ഒളപ്പമണ്ണ മന റെഡി, ഈ തറവാടുകള്‍ കിട്ടിയില്ലെങ്കില്‍ മാത്രം വേറെ വീടന്വേഷിക്കുക). നായകന്റെ സാന്പത്തികസ്ഥിതി അനുസരിച്ച് വീട്ടില്‍ നിലവിളക്ക്, ചാരുകസേര, ആട്ടുകട്ടില്‍, കാര്‍, ആന, തറവാട്ടുവക അന്പലം, കുളം എന്നിവയൊക്കെ ചേര്‍ക്കാം. ആരോഗ്യപരമായി നാലഞ്ചുപേരെ അടിച്ചുനിരത്തും, ആവശ്യത്തിന് മാത്രമെ ഇതു പ്രയോഗിക്കൂ എന്ന വാശിയുണ്ട്. നാട്ടുകാരുടെ കണ്ണിലുണ്ണിയാണെങ്കിലും വീട്ടില്‍ കര്‍ക്കശക്കാരനാണ് നായകന്‍, സ്നേഹം കാണിക്കില്ല. മിണ്ടിയാല്‍ പൈസക്കണക്ക്, അല്ലെങ്കില്‍ പ്രാരാബ്ദ്ധക്കണക്ക്. അനിയന്‍ അല്ലെങ്കില്‍ അനിയത്തി ഏട്ടന്റെ അദൃശ്യസ്നേഹം കാണില്ല, പലപ്പോഴും.

താരം - സംശയമെന്ത്, മമ്മൂട്ടി അല്ലെങ്കില്‍ മോഹന്‍ലാല്‍. വേറെ ആരഭിനയിച്ചാലും പടം വെറും പോസ്റ്ററില്‍ മാത്രം ഓടും എന്നതിന് ചരിത്രം സാക്ഷി.

മെയിന്‍ അനിയന്‍ അഥവാ അനിയത്തി (അല്ലെങ്കില്‍ അടുത്ത ബന്ധു.)

ഏട്ടാ എന്ന്‍ നീട്ടിവിളിക്കാന്‍ മാത്രമല്ല ഈ കഥാപാത്രം. കഥയിലെ പ്രധാനപ്പെട്ട ട്വിസ്റ്റ് ഈ വകുപ്പില്‍ നിന്നാകുന്നു. ഈ കഥാപാത്രം അനിയനാണെങ്കില്‍ ഏട്ടനെപ്പോലെ നിരക്ഷരകക്ഷി അല്ല, വിദ്യാഭ്യാസമുണ്ട്. വക്കീലോ പോലീസോ എംബിഏ ബിരുദക്കാരനോ എന്തുമാവാം. (വിവരമില്ലെന്ന് നായകന്‍ പിന്നീട് തെളിയിക്കും). അനിയത്തിയാണ് ഈ ചുമതല നിര്‍വഹിക്കുന്നതെങ്കില് വിദ്യാഭ്യാസം പ്രസക്തമല്ല. ഇപ്പക്കെട്ടും എന്ന പ്രതിജ്ഞയുമായി ഇരുന്നുകൊടുത്താല്‍ മതി.

താരം - ആരുമാവാം. പ്രൊഡ്യൂസറുടെ മകന് അല്ലെങ്കില്‍ മകള്‍ക്ക് ഒരു ചാന്‍സ് കൊടുക്കാം. ഇപ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റ് ഇന്ദ്രജിത്തിനാണെന്നു തോന്നുന്നു.

സഹ അനിയന്‍/അനിയത്തി
അത്യാവശ്യമില്ല. പക്ഷെ മൂക്കുപിഴിയാനോ കുന്നായ്മ പറയാനോ ഇത്തരത്തില്‍ ഒരു കഥാപാത്രം ഉള്ളത് അമ്മ കഥാപാത്രത്തിന് ഒരു ആശ്വാസമായിരിക്കും. കുറച്ച് പണി അങ്ങോട്ട് ഓഫ് ലോഡ് ചെയ്യാമല്ലോ.

ഇവിടെ രണ്ടുതരം കഥാപാത്രങ്ങളണ്ടാവാം. നല്ലതും തരികിടയും.

തരികിടയാണെങ്കില്‍ എടത്തിയോ അനിയത്തിയോ ആവാം. (ഏടത്തിയാണെങ്കില്‍ ഓപ്പോളേ എന്ന്‍ വിളിക്കാനുള്ള ചാന്‍സ് കിട്ടും, വെറുതെ കളയണോ) ആര്‍ത്തിയുള്ള വിഭാഗം. സദാസമയവും തനിക്കായി ചെലവാക്കിയ സ്ത്രീധനക്കണക്ക് ഓര്‍ത്തുവെച്ചു നടക്കും. ഭര്‍ത്താവായി ഉപ്പുമാങ്ങയുടെ ഷേപ്പില്‍ മുഖമിരിക്കുന്ന ഒരു ഭര്‍ത്താവും കാണും. ഈ സഹോദരിയുടെ മക്കള്‍ക്കും മരുമക്കള്‍ക്കും അമ്മായിയമ്മക്കും പിന്നെ ആ ഏരിയയിലുള്ള എല്ലാവര്‍ക്കും ചെലവിനുകൊടുക്കുന്നത് നമ്മുടെ സര്‍വ്വംസഹനായ നായകനാകുന്നു. അളിയന്‍ ഉപ്പുമാങ്ങക്ക് തന്റെ തട്ടുകട ഒന്ന്‍ മെച്ചപ്പെടുത്തി താജ് ഹോട്ടല്‍ പണിയണമെന്ന ആഗ്രഹം കൂടിയുള്ളതിനാല്‍ പെങ്ങള്‍ക്ക് സ്ത്രീധനക്കണക്ക് അല്ലാതെന്ത് ചിന്ത.

തരികിടവേഷത്തില്‍ അനിയന് വലിയ സ്കോപ്പില്ല, എന്തെന്നാല്‍ പുരുഷധനം കേരളത്തില്‍ ആരും ഇതുവരെ കണക്കുപറഞ്ഞു വാങ്ങിയതായി കേട്ടിട്ടില്ല.

പാവം അനിയന്‍/അനിയത്തി വകുപ്പിലുള്ള കഥാപാത്രം വില്ലത്തരം ഒട്ടുമില്ലാത്ത പാവമാണ്. ഏട്ടന്‍ പറയുന്നതിന് അപ്പുറമൊന്നുമില്ല. ഇവിടെയും അധികം കാണാവുന്നത് അനിയത്തിമാരേയാണ്. ഞാനടക്കമുള്ള അനിയന്‍വര്‍ഗ്ഗം ഒരിക്കലും നല്ലവരാകാനിടയില്ലല്ലോ. ഇനി അഥവാ ഉണ്ടെങ്കില്‍ത്തന്നെ അനിയന്റെ റോള്‍ മെയിന്‍ അനിയനെ ചീത്തവിളിക്കുക, ഇടക്കിടെ വില്ലന്റെ അടികൊള്ളുക തുടങ്ങിയ കലാപരിപാടികളില്‍ ഒതുങ്ങും. വേണമെങ്കില്‍ ഈ താരത്തിനെ ക്ലൈമാക്സിന്റെ അടുത്തെവിടെയെങ്കിലും വെച്ച് കാച്ചിക്കളയാം, വില്ലന്റെ ക്രൂരതയ്ക്ക് ഉദാഹരണമായിട്ട്. നെഞ്ചത്തടിക്കരച്ചില്, മൂക്കുപിഴിയല് തുടങ്ങിയവയ്ക്ക് ഉചിതം.

ഇതത്ര അത്യാവശ്യമുള്ള കഥാപാത്രമല്ല, പ്രത്യേകിച്ച് മൂക്കുപിഴിയാന്‍ അമ്മയുള്ള സ്ഥിതിക്ക്.

താരം - തരികിടറോളില്‍ ഏറ്റവുമധികം നന്നാവുക ബിന്ദുപണിക്കരായിരിക്കും. പാവം റോളില്‍ 18 വയസു തോന്നിക്കുന്ന ആരെയും അനിയത്തിയാക്കാം. അനിയനായി ബൈജു, സുധീഷ്‌, വിജയകുമാര്‍ തുടങ്ങിയവരെ പരിഗണിക്കാവുന്നതാണ്.
അമ്മ/അച്ഛന്‍

ജീവിച്ചിരിക്കണമെന്നില്ല. ഫോട്ടോ ആയാലും മതി. പക്ഷെ സാന്നിധ്യം അത്യാവശ്യം തന്നെ.

നായകന്റെ എല്ലാ പ്രശ്നങ്ങളും അറിയുമായിരിക്കാം, ഇല്ലായിരിക്കാം. ഏതായാലും ചായ്‌വ് കൂടുതലും മെയിന്‍ അനിയന്റെ നേര്‍ക്കായിരിക്കും. ഏട്ടനോട് സ്നേഹമില്ലെന്നല്ല, കുടുംബനാഥന്‍ എന്ന നിലയ്ക്ക് അധികം കേറി ഇടയാറില്ല (അധികാരപരിധിയില്‍ കൈ കടത്താറില്ല എന്നര്‍ത്ഥം). ഈ കഥാപാത്രവും രുചിക്ക് വിനാഗിരി എന്ന പോലെ "വേണമെങ്കില്‍ ആവാം". സെന്റി ഇത്തിരി കൂട്ടാനാണ് ഉദ്ദേശമെങ്കില്‍ നായകന്റെ കുട്ടിക്കാലത്ത് തന്നെ ഈ താരത്തെ വധിക്കാം, വില്ലന്റെ ക്രൂരത കൂട്ടുകയുമാവാം.

താരം - അമ്മ റോളാണെങ്കില്‍ കവിയൂര്‍ പൊന്നമ്മ, അല്ലെങ്കില്‍ കെപിഎസി ലളിത. ഇവര്‍ രണ്ടുപേരും തിരക്കിലാണെങ്കില്‍ മിക്കവാറും അമ്മയെ സിനിമ തുടങ്ങുന്നതിനുമുന്പുതന്നെ കൊല്ലേണ്ടിവരും. അച്ഛന്‍ റോളിന് നടന്മാര്‍ ധാരാളമുണ്ട്.

മനസ്സാക്ഷിബാങ്ക്

ധാരാളം സിനിമകളില്‍ സഹറോളുകള്‍ ചെയ്ത് തഴക്കവും പഴക്കവും വന്ന ഒരു നടനായിരിക്കണം ഈ റോളില്‍.

നായകന്റെ ഉറ്റചങ്ങാതിയാണ്. എല്ലാ ദുഃഖവും അറിയുന്നവന്‍, സഹചാരി. പണ്ടെങ്ങോ നായകന്‍ നശിച്ച് നാറാണക്കോലില്‍ ട്രപ്പീസുകളിക്കുന്പോള്‍ താങ്ങും തണലുമായി നിന്നവന്‍. ഇപ്പോള്‍ പ്രധാനജോലി വളിപ്പടിക്കലാണ്, പണ്ടത്തെ ഉപകാരം ഓര്‍ത്ത് മാത്രം നായകന്‍ സഹിക്കുന്നു ഇയാളെ. അവിടിത്തിരി തമാശ (ചിരിച്ചോളൂ), ഇവിടിത്തിരി സെന്റി (കരഞ്ഞോളൂ), കിട്ടിയ ചാന്‍സില്‍ സാരോപദേശം (ചിന്തിച്ച് തീസിസെഴുതിക്കോളൂ) ..... അതാണ് സ്ക്രീനില്‍ വരുന്പോള്‍ ഇദ്ദേഹത്തിന് പറഞ്ഞിട്ടുള്ളത്.

താരം - മ്മടെ ഇരിങ്ങാലക്കുടക്കാരന്‍ റെഡ്യല്ലേ. ജഗതിയായാലും ഒപ്പിക്കാം.

നായകന്റെ ബാക്കി കുടുംബാംഗങ്ങള്‍ - ഇവര്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല, പക്ഷെ നായകന്റെ വിഷമഘട്ടത്തില്‍ ഏതെങ്കിലും പക്ഷം പിടിക്കണം.

തമാശക്കാരന്‍

മനസ്സാക്ഷിബാങ്ക് ഈ ജോലി എറ്റെടുക്കും സാധാരണഗതിയില്‍. പക്ഷെ അങ്ങോര്‍ക്ക് ആരെയെങ്കിലും അടിക്കണമെങ്കില്‍ അതിനായി ഒരു തമാശക്കാരനും വരും. എപ്പോഴും മനസ്സാക്ഷിബാങ്കുമായി സരസസംഭാഷണത്തിലായിരിക്കും ഈ പാത്രം.

താരം - ഇപ്പോള്‍ സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍ തുടങ്ങിയവര്‍ക്കാണ് മാര്‍ക്കറ്റ്. നായകന്‍ മമ്മൂട്ടിയെങ്കില്‍ തമാശക്കാരന്‍ സുരാജ് തന്നെ എന്നാണല്ലോ ഇപ്പോള്‍ അവസ്ഥ, അതിനാല്‍ ചോയ്സ് പോരാ.

ഭാര്യ/കാമുകി

നായകന്റെ ഇടംകൈ ആണെങ്കിലും ഈ കഥാപാത്രത്തിന് ഒരു ലോഡ് ഗ്ലിസറിന്‍ ചെലവാക്കുക എന്നതില്‍ക്കവിഞ്ഞ് ഒന്നും ചെയ്യാനില്ല. ശോകഗാനരംഗങ്ങളിലാണ് ആകെ ജോലി വരുന്നത്. നായകന്റെ പ്രായവും വൈവാഹികപദവിയും അനുസരിച്ച് കുട്ടികളുടെ എണ്ണം തീരുമാനിക്കാം.

താരം - ഇന്ന്‍ ആര്‍ക്കാണോ മാര്‍ക്കറ്റ്, അവരെ വിളിക്കൂ.

വില്ലന്‍ - ഇതാ വരുന്നു ട്വിസ്റ്റര്‍ (എന്നുവെച്ചാല്‍ ട്വിസ്റ്റുണ്ടാക്കുന്നവന്‍ ആരോ അവന്‍)

നായകന് ഇടിക്കാന്‍ പാകത്തില്‍ നിന്നു കൊടുക്കണം. ഇത് പുരുഷജന്മം തന്നെ വേണമെന്നില്ല. സ്ത്രീ കഥാപാത്രമാണെങ്കില്‍ നായകന്‍ ഇടിക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നായകനും വില്ലനും തമ്മില്‍ എന്തെങ്കിലും തരത്തില്‍ ബന്ധം കാണും. ഒന്നിച്ച് ഒരേ ഗ്രാമത്തില്‍ വളര്‍ന്നവര്‍, അല്ലെങ്കില്‍ ഒരേ തൊഴിലിലുള്ളവര്‍ അതുമല്ലെങ്കില്‍ കുടുംബത്തിലോ നാട്ടിലോ പ്രമാണിത്തം ഉള്ളവര്‍.... അങ്ങിനെ എന്തെങ്കിലും.

ഭൂതകാലത്ത് വില്ലന്‍ നായകനെ കണക്കറ്റ് പീഡിപ്പിച്ചവനാണ്. വില്ലനും നായകനും സമപ്രായക്കാരാണെങ്കില്‍ കുട്ടിക്കാലത്ത് മണ്ണപ്പം ചുടുന്നതിനിടയില്‍ അടിയുണ്ടാക്കി നായകനെ നാടുകടത്തിയിരിക്കും, ഇവിടെ നായകന്റെ അച്ഛനും പങ്കുണ്ടായിരിക്കും. വില്ലന്റെയോ അല്ലെങ്കില്‍ വില്ലന്റെ അച്ഛന്റെയോ ക്രൂരകൃത്യങ്ങള്‍ കാരണമാണ് നായകന്‍ നേരത്തെ പറഞ്ഞ കോലില്‍ ട്രപ്പീസുകളിച്ചത്. എന്തൊക്കെയായാലും നായകന്റെ കുട്ടിക്കാലം മുതല്‍ക്കുതന്നെ നായകനും വില്ലനും തമ്മില്‍ ബുഷും ലാദനും പോലെ ഐക്യമുള്ളവരാണ്, ചൊറിയാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കില്ല.

വര്‍ത്തമാനകാലത്ത് വില്ലന്‍ നായകന്റെ ഒരു പടി താഴെയാണ്. സാന്പത്തികമായി മാത്രം നായകനുമായി കട്ടയ്ക്ക് കട്ട പിടിക്കാന്‍ കെല്‍പ്പുള്ളവന്‍. നായകന്റെ ഒരു പടി താഴെയാണ് വില്ലന്റെ കറന്റ് സ്റ്റാറ്റസ്. അത്രയ്ക്കങ്ങ് ക്ലച്ച് പിടിക്കുന്നില്ല. വില്ലന്റെ വളര്‍ച്ചയില്‍ ഒരേയൊരു തടസ്സം നായകനാണ്. എത്ര നല്ല ഗുഡ് നൈറ്റ് വെച്ചിട്ടും വില്ലന്റെ ഉറക്കം അത്രയ്ക്കങ്ങ് ശരിയാവുന്നില്ല.

ചുരുക്കം ചില കേസുകളില്‍ വില്ലന്‍ വെറും വിധിയും ആവാം. അവിടെ വില്ലന്‍ എന്ന് പറയാന്‍ ഒരു ആള്‍രൂപം ഉണ്ടാവില്ല, എന്നാലും നായകന്റെ തൊണ്ടയിടറാന്‍ പാകത്തിന് ഒരു അമ്മാവനോ അമ്മായിയപ്പനോ ഒക്കെ കുനിഷ്ടുമായി റെഡിയായിരിക്കും. ഇത്തരം കഥകളില്‍ നായകന്‍ പരമ സാത്വികനായിരിക്കും.

താരം - സായികുമാര്‍, സിദ്ദിക്ക്, നാരായണന്‍ നായര്‍, സുരേഷ് കൃഷ്ണ, മേഘനാഥന്‍, റിയാസ് ഖാന്‍........

വില്ലന്റെ സഹായികള്‍ - ഇവരെ പൊതുവെ പുരുഷവില്ലനാണ് ആവശ്യം. അച്ഛനോ മകനോ സഹോദരങ്ങളോ ഒക്കെ ആവാം. (ഇതു പറയുന്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. ഒട്ടുമിക്ക കഥകളിലും വില്ലന്‍, അല്ലെങ്കില്‍ വില്ലന്റെ അച്ഛന്‍ പണ്ട് കുടുംബാസൂത്രണത്തിനൊന്നും പോയിട്ടില്ല. മൂന്നോ നാലോ മക്കള്‍ കാണും, എല്ലാം തലതിരിഞ്ഞവര്‍. വെളുത്തമുണ്ട് മടക്കിനടക്കും സദാസമയവും). അഴിമതിക്കാരായ പോലീസുകാരനും കാര്യം നടത്തും. നായകന്‍ സാത്വികനാണെങ്കില്‍ പോലീസില്ല, എന്നാല്‍ അടിക്കാന്‍ ഒട്ടും മടിക്കാത്ത നായകനെങ്കില്‍ ഈ പോലീസ് കഥാപാത്രം കൂടിയേ തീരൂ. നായകന്റെ സോഷ്യല്‍ സ്റ്റാറ്റസ് അനുസരിച്ച് പോലീസുകാരന്റെ റാങ്കും കൂടും, എസൈ മുതല്‍ കമ്മീഷണര്‍ വരെയാകാം. റാങ്കെന്തോ ആകട്ടെ, പ്രധാന ജോലികള്‍ വില്ലന്റെ വീട്ടിലിരുന്നു വെള്ളമടിയും കള്ളക്കേസുണ്ടാക്കലും നായകന്റെ ഉശിരുള്ള ഡയലോഗ് കേള്‍ക്കാന്‍ പാകത്തില്‍ നിന്നുകൊടുക്കലുമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ ഈ വര്‍ഗ്ഗത്തിന് ഒരു നിശ്ചിത എണ്ണം വെക്കരുതെന്നതാണ്. പ്രൊഡ്യൂസറുടെ കീശ വലിപ്പം അനുസരിച്ച് ഇതെത്ര വേണമെങ്കിലും ആവാം.
കുറെ ഗുണ്ടകള്‍ കൂടിയാവാം. നിര്‍ബന്ധമില്ല, എന്നാലും ഒരു വഴിക്ക് പോണതല്ലേ.


താരം - തണ്ടും തടിയുമുള്ള ആരും. ഭീമന്‍ രഘുവിനാണ് മാര്‍ക്കറ്റ്.

ഇനി കഥയിലേക്ക് കടക്കാം. അത് വഴിയേ പറയാം. പറയാന്‍ ഇത്തിര്യധികം ണ്ടേയ്.

അത് ഭാഗം രണ്ടില്‍ കാണാം

മലയാളം സിനിമാ മാനിഫെസ്റ്റൊ - ഭാഗം രണ്ട്.

സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെട്ടല്ലോ, ഇനി കഥ.

ഈ ടെംപ്ലേറ്റില്‍ ഏഴ് സെക്ഷനുകളുണ്ട്. ഇതില്‍ നിന്നാണ് 17 സിനിമകള്‍ക്കുള്ള കഥകള്‍ ഉണ്ടാക്കുന്നത്.

സെക്ഷന്‍ ഒന്ന്‍.

നായകന്റെ കുട്ടിക്കാലം. വില്ലന്‍ (അല്ലെങ്കില്‍ വില്ലന്റെ അച്ഛന്‍) നായകന്റെ അച്ഛനെ അല്ലെങ്കില്‍ കുടുംബത്തെ ഒതുക്കുന്നു (വധിക്കാലോ വിധിക്കാലോ ഒക്കെ തിരക്കഥാകൃത്തിന്റെ സൌകര്യം പോലെ). സ്വത്ത് കൈക്കലാക്കുന്നു. നായകന്‍ വഴിയാധാരം എന്ന ആധാരം (ടോംസിനോട് കടപ്പാട്) മാത്രം സ്വന്തമാക്കി ദുരിതപൂര്‍ണമായ കുട്ടിക്കാലം കഴിക്കുന്നു. നോക്കി നടത്താന്‍ വലിയൊരു കുടുംബം (അമ്മ, അനിയന്‍, അനിയത്തി അങ്ങിനെ അങ്ങിനെ), കടബാദ്ധ്യത, പ്രാരാബ്ധം.... ഇനി ഇല്ലാത്തതൊന്നുമില്ല.

സെക്ഷന്‍ രണ്ട്.

നായകന്റെ വര്‍ത്തമാനകാലം - നായകന്‍ മിടുക്കനായതിനാല്‍ കടബാദ്ധ്യതകള്‍ എല്ലാം തീര്‍ക്കുന്നു. കഠിനമായ അദ്ധ്വാനത്തിലൂടെ സ്വന്തം തട്ടകത്ത് പൊന്നുവിളയിക്കുന്നു. ഇന്നൊരു ആദരണീയനായ വ്യക്തിയാണ് നായകന്‍. വില്ലനാകട്ടെ സ്വത്തുണ്ടെങ്കിലും വെറും രണ്ടാമന്‍.

സെക്ഷന്‍ മൂന്ന്‍.

വില്ലന്‍ നായകനെ തകര്‍ക്കാന്‍ പല വഴികളും നോക്കുന്നു. ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം, പോലീസ് കേസ്, ലിറ്റിഗേഷന്‍, സ്റ്റേ, ഭീഷണി, പണ്ടെങ്ങാണ്ട് പണയം വെച്ചിരുന്ന ആധാരം ഉപയോഗിച്ച് കുടിയൊഴിപ്പിക്കല്‍ ശ്രമം...... എന്തെല്ലാം തള്ളിക്കേറ്റാമോ, അതെല്ലാം.

എന്തൊക്കെ ശ്രമിച്ചാലും വില്ലന് നായകനെ ഒരു ചുക്കും ചെയ്യാന്‍ കഴിയുന്നില്ല. നായകന്‍ ശക്തിമാനായതിനാല്‍ ഗുണ്ടകള്‍ ഭദ്രമായി അടിമേടിച്ച് ഉഴിച്ചിലും പിഴിച്ചിലുമായി കഴിയുന്നു. പോലീസുകാരന്‍ അടിയോടൊപ്പം ഡയലോഗ് കേള്‍ക്കുക കൂടി ചെയ്യുന്നതിനാല്‍ പുതിയ ജ്ഞാനസന്പത്തുമായി (എന്നാലും നന്നാവാതെ) കസേരയിലിരുന്നു അടുത്ത കള്ളക്കേസുണ്ടാക്കുന്നതിനെ കുറിച്ചോര്‍ത്ത് തല പുണ്ണാക്കുന്നു. ലിറ്റിഗേഷന്‍ മുഴുവന്‍ ജഡ്ജിയുടെ ഓഡര്‍ ഓഡറിനു മുന്നില്‍ തകര്‍ന്നിടിയുന്നു. ഭീഷണികള്‍ക്ക് മറുഭീഷണി കൊടുത്ത് നായകന്‍ കൂടെ നില്ക്കുന്ന ജനങ്ങളെ (ഷൂട്ടിംഗ് കാണാന്‍ വന്നവരുമാകാം) കയ്യടിപ്പിക്കുന്നു. പഴയ പണയാധാരം നായകന്‍ ഫുള്‍കാഷ് കൊടുത്ത് സ്വന്തമാക്കുന്നു. അങ്ങിനെ വില്ലന്റെ എല്ലാ തന്ത്രങ്ങളും തോല്‍ക്കുന്നു. (ഈ സീനുകളിലൂടെ ഐപിസി 302, 420, 707, 912 തുടങ്ങിയ വകുപ്പുകളെക്കുറിച്ച് ക്ലാസെടുത്ത് പ്രേക്ഷകരുടെ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കാം എന്നൊരു ഗുണം കൂടിയുണ്ട്).

സെക്ഷന്‍ നാല്.

ഇവിടെയാണ് മെയിന്‍ അനിയന്റെ പ്രസക്തി. നായകനെ തോല്‍പ്പിക്കാനുള്ള ഏക വഴി നായകന്റെ കുടുംബം തകര്‍ക്കുക മാത്രമാണെന്നുള്ള ആശയം വില്ലന്റെ കുരുട്ടുബുദ്ധിയില്‍ തെളിയുന്നു. അങ്ങിനെ വില്ലനും കൂട്ടാളികളും പുതിയൊരു പ്ലാനുമായി രംഗത്തെത്തുന്നു. നായകന്റെ അനിയന്‍ചെക്കനെ അവര്‍ വശത്താക്കുന്നു.

ഇതു പല രീതിയിലാവാം. വില്ലന്റെ പെങ്ങളെ വിവാഹം ചെയ്തുകൊടുക്കാം, വില്ലന്റെ പാര്‍ട്ണറാക്കാം, നായകന്റെ "പെരനിറഞ്ഞുനില്ക്കുന്ന" (അനിയന്‍ചെക്കന്റെയും) പെങ്ങള്‍ക്കൊരു വരനെ കണ്ടെത്താം, ഇതിന്റെയെല്ലാം കോന്പിനേഷന്‍ ശ്രമിക്കാം.... ഒന്നുമില്ലെങ്കില്‍ കുറഞ്ഞപക്ഷം നായകനെക്കുറിച്ചുള്ള പരദൂഷണം പറഞ്ഞ് അനിയന്റെ ചെവിതിന്നാം, തെറ്റിദ്ധാരണ ഉണ്ടാക്കാമെന്നര്‍ത്ഥം.

അനിയത്തി കഥാപാത്രമാണെങ്കില്‍ ഇത്രയും വെറൈറ്റി ഇല്ല. വില്ലന്റെ സഹോദരനും നായകന്റെ മെയിന്‍ സഹോദരിയും തമ്മില്‍ പ്രേമം ആണ് ഏക സാധ്യത. പെങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന നായകന്‍ സമ്മതം മൂളും, തീര്‍ച്ച.

വില്ലന്റെ റൂട്ട് ഏതായാലും അനിയന്‍ചെക്കനോടുള്ള ഉപദേശം ഒന്നുമാത്രം ലക്ഷ്യമാക്കിയാണ്. നായകന്റെ സ്വത്ത്.

സെക്ഷന്‍ അഞ്ച്.

അനിയന്‍ തന്റെ കരുക്കള്‍ നീക്കുന്നു, അഥവാ വില്ലന്‍ നീക്കിക്കുന്നു. അത്രയും കാലം സമാധാനപരമായി കഴിഞ്ഞ നായകന്റെ വീട്ടില്‍ വാഗ്വാദം, അടി, കരച്ചില്‍, മൂക്കുപിഴിച്ചില്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറുന്നു. നായകന്റെ കുടുംബാംഗങ്ങള്‍ തരം പോലെ ഇരുവശത്തുമായി നിലയുറപ്പിക്കുന്നു. ഇവിടെയാണ് അമ്മ കഥാപാത്രത്തിന്റെ ചായ്‌വ് പ്രകടമാകുന്നത്. അനിയന്റെ ഭാഗത്താണ് അമ്മയെങ്കില്‍ നായകനെ നോക്കി "നീ പണ്ടാറടങ്ങും" എന്ന്‍ അനുഗ്രഹിക്കും, ഏട്ടന്റെ ഭാഗത്താണെങ്കില്‍ ഗ്ലിസറിന്‍ ചെലവുമാത്രം. എന്തൊക്കെയായാലും പതിനെട്ടു അക്ഷൌഹിണികളുമായി പൊരിഞ്ഞ സെന്റിയുദ്ധം. ഇതിനിടെ ത്യാഗരാജന്‍ മാസ്റ്റരുടെ ശിഷ്യന്മാരെ ഇടിച്ചു നിരത്താം, പോലീസിനെ സാക്ഷി നിര്‍ത്തി ഡയലോഗടിക്കാം, അമ്മാമേ എന്ന്‍ നീട്ടിവിളിക്കാം, നിങ്ങള്‍ക്കാര്‍ക്കും എന്നെ മനസിലാവില്ല എന്ന്‍ പയ്യാരം പറയാം.... സാധ്യതകള്‍ അനന്തം. നായകന്റെ വക ലോക്കപ്പില്‍ കിടക്കാലോ കോടതിവരാന്ത നിരങ്ങലോ ഉണ്ടെങ്കില്‍ സംഗതി ജോര്‍, ഇംഗ്ലീഷുകാരുടെ ഭാഷയില്‍ കേക്കിനുമുകളില്‍ ഐസുകട്ട ഇട്ടപോലിരിക്കും.

ഒരു ശോകഗാനം അത്യാവശ്യമായും വേണം, ദാസേട്ടന്‍ നെഞ്ചുപൊട്ടിപ്പാടിയാല്‍ കരയാത്ത മലയാളിയുണ്ടോ.

സെക്ഷന്‍ ആറ്. - ഇവിടെ മു‌ന്നു രീതിയില്‍ കാര്യങ്ങള്‍ നീക്കാം.

  1. മനസ്സാക്ഷിബാങ്ക് പ്രത്യക്ഷപ്പെടുന്നു, പഴയ കഥകള്‍ പറയുന്നു. നീയൊക്കെ ജീവനോടിരിക്കുന്നതുതന്നെ നായകന്‍ എന്ന മഹാമനുഷ്യന്റെ നല്ലമനസ്സ് കൊണ്ടാണെന്ന് ഉദാഹരണസഹിതം സ്ഥാപിക്കുന്നു. എന്തുകൊണ്ട് നായകന്‍ ഈ രീതിയിലായി എന്നതിന് വില്ലന്റെ ക്രൂരതകളും വീട്ടുകാരുടെ കൊള്ളരുതായ്മകളും അമേരിക്ക-ഇറാക്ക് യുദ്ധവും അടക്കം എല്ലാ കാര്യങ്ങളും പറഞ്ഞു കുടുംബക്കാരെ കംപ്ലീറ്റ് ഒരു വഴിക്കാക്കുന്നു. നീയൊക്കെ നൂറു ജന്മമെടുത്താലും ആ മനുഷ്യന്റെ കാലുകഴുകാനുള്ള യോഗ്യത പോലും നേടില്ലെന്ന് പറഞ്ഞ് അനിയന്‍ചെക്കനെ ഡെസ്പടിപ്പിക്കുന്നു. (വിധിയാണ് വില്ലനെങ്കില്‍ ഈ ടെക്നിക് നന്നായി ഉപയോഗിക്കാം)
  2. വില്ലന്‍ പുതിയ തന്ത്രങ്ങള്‍ ഒരു ഗോഡൌണിലിരുന്നു മെനയുന്നു. സ്വത്ത് കംപ്ലീറ്റ് അടിച്ചുമാറ്റിയതിനുശേഷം അനിയന്‍ചെക്കനെ കൊന്ന് കായലില്‍ത്തള്ളാം എന്ന മട്ടില്‍ സഹവില്ലന്മാരെയും ഗുണ്ടകളെയും ഇരുത്തി പ്രഭാഷണം നടത്തുന്നു. അനിയന്‍ ഇതു ഒളിച്ചുനിന്നു കേട്ട് ഞെട്ടുന്നു. മണ്ടന്‍, നേരെപോയി ഏട്ടനെ വിളിച്ചുകൊണ്ടുവരേണ്ടതിനുപകരം "എടാ" എന്ന വിളിയോടെ വില്ലനെ ആക്രമിക്കുന്നു. വില്ലനും ഗുണ്ടകളും ആദ്യമൊക്കെ കുറച്ചു അടി വാങ്ങിവെക്കും, പിന്നീട് എല്ലാവരുംകൂടി അനിയനെ കീഴ്പ്പെടുത്തി പിടിച്ചുകെട്ടുന്നു. അതിനുശേഷം വില്ലന്റെ അടുത്ത പ്രഭാഷണം തുടങ്ങുന്നു. തന്റെ ലക്ഷ്യമെന്താണെന്നും പഴയ വില്ലത്തരങ്ങളെന്തായിരുന്നെന്നും ഇനിയുള്ള പ്ലാനുകളെന്താണെന്നും ഒക്കെ പറഞ്ഞ് അനിയന്റെ നേരെ അട്ടഹസിക്കുന്നു. ഇടയ്ക്കിടെ അനിയനിട്ടൊരു അടിയും കൊടുത്തെന്നിരിക്കും. സ്വത്തുവകകള്‍ വല്ലതും അനിയന്റെ കയ്യിലുണ്ടെങ്കില്‍ അത് കൈക്കലാക്കാനും കുറച്ച് ഇടികള്‍ ചെലവാക്കിയേക്കാം. ഇതിനിടെ നായകന്‍ എത്തുന്നു. (നായകന് ഗോഡൌണിലേക്കുള്ള വഴി എങ്ങിനെ മനസിലായി എന്ന്‍ ചോദിക്കരുത്, അതാണ് ആര്‍ടിസ്റ്റിക് ഫ്രീഡം) പിന്നെ അടി, പൊരിഞ്ഞ അടി. നായകന്‍ പത്തുമിനിറ്റ് മുന്പ് പഠിച്ച കരാട്ടെ, കുങ്ങ്ഫൂ എന്നിവ പ്രയോഗിക്കുന്നു. ഒടിഞ്ഞ എല്ലുകള്‍ വകവെക്കാതെ അനിയനും പങ്കെടുക്കുന്നു. നായകന്റെ തറവാട്ടില്‍ ആണായ്പ്പിറന്നവരെല്ലാം നേരത്തെപറഞ്ഞ ആര്‍ടിസ്റ്റിക് ഫ്രീഡം ഉപയോഗിച്ച് ഗോഡൌണ്‍ കണ്ടുപിടിച്ച് യുദ്ധത്തില്‍ പങ്കുചേരുന്നു. ഗോതന്പുപോടി മുഖത്ത് വാരിത്തേച്ചിട്ടൊ, ചാക്കുകള്‍ക്കിടയിലിരുന്ന് ദീനരോദനം മുഴക്കിയിട്ടൊ ഗുണ്ടയെ തല്ലുന്നതിനിടയില്‍ ഇന്നലെ പഠിച്ച തമാശ പറഞ്ഞൊ വഴിയെപോകുന്ന ഗുണ്ടയെപിടിച്ചുനിര്‍ത്തി വെറുതെ ഒരു തല്ലു മേടിച്ചോ, എങ്ങിനെയായാലും വേണ്ടില്ല, ജനത്തെ ചിരിപ്പിക്കണം, അതാണവരുടെ കര്‍ത്തവ്യം. അവസാനം വില്ലന്‍ ബെയ്ഗന്‍ കാ ബര്‍ത്തായിലെ വഴുതനങ്ങ പോലെ മുറിഞ്ഞും ഉണങ്ങിയും വീഴുന്നു. ഇവിടെ നായകന്റെ വക നാലു ഡയലോഗ്. "നിന്നെ വെറുതെ വിടുന്നു, പക്ഷെ ഇനിയെങ്ങാന്‍ എന്നെയോ എന്റെ കുടുംബത്തെയോ തൊട്ടാല്‍ അപ്പ തട്ടും" എന്ന മട്ടില്‍ ഭീഷണി. (ഇവിടെ വില്ലന്റെ സ്റ്റാറ്റസും നായകന്റെ വീരപരിവേഷത്തിന്റെ കനവും അനുസരിച്ച് വില്ലന്‍ വടിയായ പോലെ അവിടെത്തന്നെ കിടക്കുകയോ വീണ്ടും എഴുന്നേറ്റ് നായകന്‍ കൊടുക്കാന്‍ മറന്നുപോയ അടി കൂടി വാങ്ങിവെച്ച് സമാധിയാവുകയോ ചെയ്യാം)
  3. കൂട്ടത്തിലൊരാള്‍ തന്നെ ഒറ്റുകൊടുക്കുമോ എന്ന സംശയം വില്ലനുണ്ടാകുന്നു. വില്ലന്‍ ഈ സഹായിയെ തട്ടാന്‍ പ്ലാന്‍ ചെയ്യുന്നു, ക്രൂരമായി മര്‍ദ്ദിക്കുന്നു. ഈ നിര്‍ഭാഗ്യവാന്‍ മരിക്കുന്നതിന് കൃത്യം 12 സെക്കെന്റ് ബാക്കിയുള്ളപ്പോള്‍ അനിയന്‍ചെക്കന്‍ ആ വഴി വരുന്നു (അപ്പോഴാണ് മായാവി അതുവഴി വന്നത് എന്ന് പറയുന്നപോലെ) . വില്ലന്റെ വഞ്ചനയുടെ കഥകളെല്ലാം പറഞ്ഞുകൊടുത്ത് നായകന്റെ മഹത്വത്തെക്കുറിച്ച് ക്ലാസ്സെടുത്തശേഷം സഹായി മരിക്കുന്നു. സത്യം മനസ്സിലാക്കുന്ന അനിയന്‍ എട്ടനുമായി ചേര്‍ന്ന വില്ലനെ ഒതുക്കുന്നു.

സെക്ഷന്‍ ഏഴ്.

അനിയന്റെ പശ്ചാത്താപം - അനിയന്‍ കുടുംബാംഗങ്ങളോടൊപ്പം വന്ന്‍ നായകനോട് മാപ്പിരക്കുന്നു, ഓരോരുത്തരായി ക്യൂ ആയി നിന്നാണ് ഈ കലാപരിപാടി. ഓരോരുത്തരും വരുന്പോള്‍ നായകന്റെ വക സമാധാനിപ്പിക്കല്‍ വേണം. കൂടാതെ നിനക്കൊര്‍മ്മയുണ്ടോ എന്ന് തുടങ്ങുന്ന നെടുങ്കന്‍ ഡയലോഗും. അനിയന്‍ കാലില്‍ വീണു മാപ്പിരക്കുന്നതാണ് ഉത്തമം. ഇതോടെ നായകന്റെ മഹത്വം പൂര്‍ണ്ണതയിലെത്തുന്നു. ടെറിഫിക് എന്റിംഗ്.

ഈ പറഞ്ഞതില്‍ നിന്നും പതിനേഴുകഥകള്‍ എങ്ങിനെയുണ്ടാക്കും എന്നാണ് വായനക്കാരുടെ സംശയമെങ്കില്‍ ഇപ്പോള്‍ത്തന്നെ തീര്‍ത്തുതരാം. സംഗതി വളരെയെളുപ്പം.

ലോകത്ത് എത്ര തൊഴിലുകളുണ്ട് ചെയ്യാന്‍.

ഒരെണ്ണത്തില്‍ നായകന്‍ കൃഷിക്കാരനാണെങ്കില്‍ അടുത്തതില്‍ ബിസിനസ്, പിന്നെ എക്സ്പോര്‍ട്ടിംഗ്..... അങ്ങിനെ അങ്ങിനെ. ബിസിനസില്‍ തന്നെ എത്ര തരം ബിസിനസ് ഉണ്ട്, തുണിക്കട, സ്വര്‍ണക്കട....... അങ്ങിനെ പോകും കാര്യങ്ങള്‍.

അപ്പോള്‍ പിന്നെ പതിനെഴല്ല, ആയിരത്തെഴുനൂറു പടം പിടിക്കാം. ലുങ്കിയുടുത്താലും കോട്ടിട്ടാലും ഒരുപോലെ ചേരുന്ന മമ്മുക്കയും മലയാളിയുടെ തൊട്ടയല്‍വീട്ടുകാരനായ ലാലേട്ടനും ബോറടിക്കാത്തോളം കാലം എന്തിന് വിഷമിക്കണം.

വാല്‍സല്യം, വേഷം, ബാലേട്ടന്‍, ഹിറ്റ്ലര്‍, വല്യേട്ടന്‍, സ്നേഹം..... ഓര്‍മയില്‍ ഓടിയെത്തുന്ന ചില സിനിമകള്‍. ഒന്നു തിരഞ്ഞുനോക്കിയാല്‍ ഇനിയും കണ്ടേക്കാം.

ഒരുവിധം കഴിഞ്ഞൂന്ന്‍ നിരീച്ചപ്പോ ദാ വര്ണൂ മാടന്പി.

ഒന്നു നോക്കൂ സഖാക്കളെ.... ഈ പറഞ്ഞ കഥ തന്നെയല്ലേ ഇവിടെയും. നായകന്‍ ആള് പലിശക്കാരനാണെന്നുമാത്രം.

ഇതേ കഥ എന്ന്‍ സോഫ്റ്റ്വെയറിലേക്ക് വരും ആവോ.

നാളെ മോഹന്‍ലാലും സായികുമാറും രണ്ട് പ്രോജക്റ്റ് മാനേജര്‍മാരായും സുധീഷോ ഇന്ദ്രജിത്തോ ഡെവലപ്പറായും വന്ന്‍ കശപിശയുണ്ടാക്കിയാലും കണ്ടിരിക്കണേ... പ്ലീസ്.
മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഡേറ്റ് കൈവശമുള്ള സംവിധായകരോ നിര്‍മ്മാതാക്കളോ കഥ അന്വേഷിച്ചുനടക്കുന്നുണ്ടെങ്കില്‍ എന്നെ സമീപിച്ചാല്‍ മതി.

അപ്പൂട്ടന്‍.