Showing posts with label ഭാഷ. Show all posts
Showing posts with label ഭാഷ. Show all posts

Friday, December 5, 2008

ഹമാരാ രാഷ്ട്രഭാഷ........

ഹിന്ദി ഹേ, ഹൂം, ഹോ, ഹൈ...... ഹൌ..... പോകാന്‍ പറ.....

നന്പൂതിരിമാരാണത്രേ കേരളത്തില്‍ ആദ്യമായി ഹിന്ദി പറഞ്ഞവര്‍. ഒരു മധ്യവയസ്കന്‍ മുതല്‍ മുകളിലുള്ള ടിപ്പിക്കല്‍ നന്പൂതിരിയോട് സംസാരിച്ചാല്‍ ഇതു മനസിലാവും. "എന്താഹേ", "ഒന്നൂല്ല്യാഹേ" തുടങ്ങിയ യൂസേജ് ധാരാളം കേള്‍ക്കാം.

ഇപ്പോള്‍ സാമാന്യം നന്നായിത്തന്നെ ഹിന്ദി മനസിലാക്കാനും സംസാരിക്കാനും കഴിയുമെങ്കിലും കുട്ടിക്കാലത്ത് ഹിന്ദി ഒരു കുരിശു തന്നെയായിരുന്നു. സ്കൂളില്‍ അത്യാവശ്യം പഠിച്ചതിനുശേഷവും കുറച്ചുകാലം കിലുക്കത്തിലെ ജഗതിയുടെ അവസ്ഥ തന്നെയായിരുന്നു എനിക്ക്. കംപ്ലീറ്റ് ജഗഡ ജഗഡ.

എന്റെ ചില ഹിന്ദി അനുഭവങ്ങളാണ് താഴെ.


ആദ്യാക്ഷരം കുറിക്കുന്നു.


ഹിന്ദിയില്‍ ഞാന്‍ ആദ്യം കേട്ട വാക്കെന്താണെന്നോ? മുംബൈ ആക്രമണത്തിനു ശേഷം അച്യുതാനന്ദനും ഉണ്ണികൃഷ്ണനും തമ്മില്‍ ഉണ്ടെന്നു ചാനലുകാരും പ്രതിപക്ഷവും പറയുന്ന ഒരു മൃഗമില്ലേ..... ഹോ, എന്താ അതിന്റെ പേര്...... അതന്നെ.

അന്നെനിക്ക് അധികം പ്രായം കാണില്ല, എത്രയായെന്ന് ഓര്‍ക്കുന്നുമില്ല. ഒരു അഞ്ച് വയസു കാണും. ഞങ്ങളുടെ അടുത്ത വീട്ടില്‍ വാടകക്ക് പുതിയ താമസക്കാര്‍ വന്നു. അവര്‍ പണ്ട് ജംഷഡ്പൂരിലായിരുന്നത്രേ.
തുടക്കത്തില്‍ തന്നെ ആ വീട്ടിലെ പിള്ളേരെ ഞങ്ങള്‍ക്ക് (ഞാനും എന്റെ ചില സമപ്രായക്കാരും, എന്നുവെച്ചാല്‍ പാലക്കാട്ട് തന്നെ വളര്‍ന്നവര്‍, മണ്ണിന്റെ മക്കള്‍) അത്ര സുഖിച്ചില്ല. അല്ലെങ്കിലും പൊട്ടക്കിണറിലെ തവളക്ക് പണ്ടെ വിസിറ്റേഴ്സ് പറ്റില്ലല്ലോ. അവര്‍ മൂന്നുപേരാണ്, സുരേഷ്, മണി, ബാബു എന്നീ മൂന്നു സഹോദരങ്ങള്‍.
ഞങ്ങളുടെ ഗ്രൂപ്പും അത്ര ചെറുതല്ല. ലോക്കല്‍ ഗുണ്ടാസല്ലെ, കൂട്ടമായേ ആക്രമിക്കൂ.
എന്റെ വീട്ടിലെ മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്നാണ് വാഗ്വാദം. "നീയാരെടാ", "ഞാന്‍ തന്നെടാ" എന്ന മട്ടില്‍ വന്‍ തര്‍ക്കം. അവരുടെ ഒരു ഗോളിന് ഞങ്ങളുടെ മറുഗോള്‍. അതിനിടക്കതാ വരുന്നു ഞങ്ങളെ തളര്‍ത്തിയ ഒരു വാക്ക്.
അവരിലാരോ (മൂത്തവന്‍ സുരേഷ്, അവന്‍ എതാണ്ടെന്റെ അതേ പ്രായമാണ്, ആണെന്നാണ് ഓര്‍മ) ഞങ്ങളുടെ നേരെ നോക്കി കുത്ത എന്ന്‍ ആക്രോശിച്ചു.


അത് വരെ ഈവന്‍-ഈവന്‍ ആയി പോകുകയായിരുന്ന യുദ്ധം പെട്ടെന്ന്‍ കയ്യില്‍ നിന്നു പോയി.

കുത്ത എന്ന വാക്കിന്റെ അര്‍ത്ഥം ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. "സന്ദേശം" സിനിമയില്‍ കേസി പൊതുവാള്‍ പറഞ്ഞതുപോലെ "വിദ്യാഭ്യാസം ഉള്ള ഒരുത്തന്‍ പോലും ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലായിരുന്നു". അവന്‍ ഗോള്‍ഡന്‍ ഗോള്‍ അടിച്ചു. ഞങ്ങള്‍ തളര്‍ന്നു. ഫൈനല്‍ വിസിലടിച്ച് ഞങ്ങള്‍ മാളത്തിലേക്ക് മടങ്ങി. ബാക്ക് ടു ദ പടവലന്‍.
താമസിയാതെ ഞങ്ങള്‍ ഒരു ചാരനെ ഒപ്പിച്ചെടുത്തു. ശത്രുപാളയത്തിലെ ഇളയവനായ ബാബുവിനെ ഞങ്ങള്‍ കയ്യും കലാശവും കാണിച്ചു വശീകരിച്ചു. ചില്ലറ പ്രലോഭനങ്ങള്‍ക്കൊടുവില്‍ അവന്‍ ഡാവിഞ്ചികോഡ് പൊളിച്ചു. കുത്ത എന്നാല്‍ നായ എന്നാണര്‍ത്ഥം എന്നവന്‍ പറഞ്ഞുതന്നു.

അടുത്തദിവസം മുതല്‍ കളികള്‍ എല്ലാം ഡ്രോ ആയിരുന്നു. കുത്ത എന്ന്‍ അവര്‍ പറഞ്ഞാല്‍ "നീയ്യന്നടാ കുത്ത" എന്ന്‍ തിരിച്ചുപറയാന്‍ ഞങ്ങള്‍ പഠിച്ചു.

ബോളിവുഡ്.

അന്നങ്ങിനെ ഒരു പേരുണ്ടായിരുന്നോ, സംശയമാണ്.
പാലക്കാട്ടെ അരോമ തിയേറ്ററിലാണ് ഞാന്‍ ആദ്യമായി ഒരു ഹിന്ദി സിനിമ കാണുന്നത്. അന്ന്‍ ഞാന്‍ തീരെ കൊച്ചുകുട്ടിയാണ്. "ഹം കിസി സെ കം നഹി" എന്ന സിനിമയാണ് ഞാന്‍ ആദ്യം കാണുന്ന ഗോസായി സിനിമ.
ഇപ്പോള്‍ അതിലെ ഒരു രംഗമൊഴിച്ച് ഒന്നും ഓര്‍മയില്ല. കുറെ നിറങ്ങള്‍, അത്ര മാത്രം. ആ സിനിമ അരോമ തിയേറ്റിറിലെ ആദ്യത്തെ സിനിമയാണോ എന്നും സംശയമുണ്ട്.
പിന്നെ എല്‍പി കാലമായപ്പോള്‍ കാണാന്‍ ഒരുപാട് മോഹിച്ച് സിനിമയാണ് ഷോലെ.
അരോമയില്‍ ഞങ്ങള്‍ രണ്ടുതവണ മുട്ടിനോക്കി.... നഹീ നഹീ. ടിക്കറ്റ് കിട്ടാതെ മടങ്ങി.
പാലക്കാട്ട് ബള്‍ക്കീസ് എന്നൊരു തിയേറ്ററുണ്ട് (ഉണ്ടായിരുന്നു എന്ന് വേണം പറയാന്‍, ഇപ്പോള്‍ അതില്ല). ടൌണില്‍ വന്ന സിനിമകള്‍ ഒലവക്കോട്ടുകാരുടെ സൌകര്യാര്‍ത്ഥം വീണ്ടും കാണിക്കും. 18 റീല്‍ എന്നത് 14 റീല്‍ ആയി ചുരുങ്ങിയേക്കും എന്ന് മാത്രം. ഒരു മാതിരി ഹൈലൈറ്റ്സ്.
അവിടെ സിനിമ വന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും ഒരു ശ്രമം കൂടി നടത്തി. ഇത്തവണ ടിക്കറ്റ് കിട്ടി. ആകാംക്ഷയോടെ സിനിമ കാണാനിരുന്നു.
ഹാ.... ബോധം വെച്ചതിനുശേഷമുള്ള (ഇതില്‍ ഇത്തിരി നുണയില്ലേ എന്ന ചോദ്യം പരിഗണിക്കുന്നില്ല, ചോദിച്ചാല്‍ ഞാന്‍ കൊഞ്ഞനം കാണിക്കും, പറഞ്ഞില്ലാന്നു വേണ്ട) കാണുന്ന ആദ്യ ഹിന്ദി സിനിമ.......
ഒന്നും മനസിലായില്ല. ഹഷ് ബഷ് ഗുഷ് മുഷ് എന്ന രീതിയിലുള്ള വര്‍ത്താനം. ഇടക്കിടെ പാട്ട്. ഇടി വെടി കൊടി..... പൊട്ടിച്ചിരി, അലര്‍ച്ച, തേങ്ങല്‍. ട്രെയിന്‍ ഓടുന്നു, കുതിര ഓടുന്നു, ആള്‍ക്കാര്‍ ഓടുന്നു. ഇത്രേ ഉള്ളു.
അമിതാഭ് ബച്ചനെയും ധര്‍മെന്ദ്രയേയും ഹെമമാലിനിയെയും മനസിലായി, പേപ്പറില്‍ പരസ്യം കണ്ടതിനാല്‍. ഇവരൊക്കെ എന്തിനാ ഓടുന്നതെന്നോ ഇടിക്കുന്നതെന്നോ ഒന്നും മനസിലായില്ല.
പടം കണ്ട് പിറ്റേദിവസം സ്കൂളില്‍ ചെന്നപ്പോള്‍ അടുത്തിരിക്കുന്നവന്‍ പറഞ്ഞു അവന്‍ "അങ്ങാടി" സിനിമ കണ്ടെന്ന്. അതിലെ രസികന്‍ ഒരു പാട്ടും പാടി. അതോടെ എന്റെ എല്ലാ ആവേശവും പോയി. അത് കാണാനുള്ള ചാന്‍സ് ആണ് ഷോലെക്കുവേണ്ടി ഞാന്‍ കളഞ്ഞു കുളിച്ചത്.

അതോടെ ഇനി ജീവന്‍ പോയാലും ഹിന്ദി പടം കാണില്ലെന്ന് ഞാന്‍ തീരുമാനിച്ചു.

ഈ ഒരു തീരുമാനം കാരണമായിരിക്കാം, ഖുര്‍ബാനി എന്ന പ്രശസ്ത സിനിമ ഞാന്‍ ഇതുവരെ മുഴുവന്‍ കണ്ടിട്ടില്ല.
ഖുര്‍ബാനി സിനിമ പാട്ടുകളാല്‍ പ്രശസ്തമായിരുന്നല്ലോ. വീട്ടില്‍ ആദ്യമായി ടേപ് റെക്കോഡര്‍ വാങ്ങിയപ്പോള്‍ അതിന്റെ കൂടെ ഫ്രീ ആയി കിട്ടിയ കാസറ്റിനുപുറത്ത് ഗുര്‍ഭാനി എന്നെഴുതിവെച്ചിരുന്നു. അതിലെ കുറെ പാട്ടുകള്‍ അന്നെനിക്ക് കാണാപ്പാഠമായിരുന്നു, ഞങ്ങള്‍ കുട്ടികള്‍ അര്‍ത്ഥമറിയാതെ ആ പാട്ടുകള്‍ ധാരാളം പാടിയിട്ടുണ്ട്.
അതില്‍ പ്രധാനം "ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ" എന്ന പാട്ടായിരുന്നു. അത് പല വാക്കുകളും പിടിപ്പിച്ച് ഞങ്ങള്‍ പാടിയിട്ടുണ്ട്. ചില സാന്പിളുകള്‍.

  • ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ...തോ പാപ്പഞ്ചായെ.... എന്നതായിരുന്നു ഏറ്റവും ഡീസന്റ് വേര്‍ഷന്‍.
  • മിമിക്രി വേര്‍ഷന്‍ - ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ...തോ ആപ്പോം ചായേം.
  • ഹിന്ദി അറിഞ്ഞതിനുശേഷവും എന്റെ ഒരു കസിന്‍ പാടിക്കേട്ട വേര്‍ഷന്‍ - ആപ് ജൈസേ കോയി മേരി... സിന്ദഗി മേ ആയെ...തോ ബാപ് ബന്‍ ജായെ.... (ഇതില്‍ അവിഹിതം കിടക്കുന്നതിനാല്‍ സെന്‍സര്‍ ചെയ്യേണ്ടതായിരുന്നു)
ലേലാ മലേലാ എന്നൊരു പാട്ടും ഇതില്‍ ഉണ്ടായിരുന്നു. മലയില്‍ കയറിയിരിക്കുന്ന ലൈല പാടുന്ന പാട്ടാണല്ലെ.... നല്ല രസം.
ഇത് "ലൈല മയ് ലൈലാ" എന്നാണെന്ന് വളരെക്കഴിഞ്ഞാണ് ഞാന്‍ മനസിലാക്കിയത്.

എന്റെ ഈ ഭീഷ്മപ്രതിജ്ഞ നിലനില്ക്കുന്ന കാലത്ത് ഒരു സിനിമ കൂടി വന്നു. ഷാന്‍.
അന്നേയ്ക്കായപ്പോഴേക്കും എനിക്കത്യാവശ്യം ഹിന്ദി അറിയാം എന്ന സ്ഥിതി ആയിരുന്നു. ഷാന്‍ എന്ന പേരു കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു അത് ഒരു കഥാപാത്രത്തിന്റെ പേരായിരിക്കും എന്ന്‍.
പോരാത്തതിന് ഒരു പാട്ടും ഉണ്ട് സിനിമയില്‍. "പ്യാര്‍ കര്‍നെ വാലെ..... പ്യാര്‍ കര്‍ത്തെ ഹെ.... ഷാന്‍ സെ".
സ്നേഹിക്കുന്നവരെല്ലാം ഷാന്‍ എന്ന മനുഷ്യനെ സ്നേഹിക്കുന്നു. അര്‍ത്ഥം എത്ര ലളിതം.
അപ്പോള്‍ വരുന്നു ഒരു സംശയം. സിനിമയില്‍ മൂന്നു നായകന്മാര്‍. അമിതാഭ്, ശശികപൂര്‍, ശത്രുഘ്നന്‍ സിന്‍ഹ. ഇവരിലാരായിരിക്കും ഷാന്‍?

കാലം ചെല്ലുന്തോറും എന്റെ ഹിന്ദി പരിജ്ഞാനം മെച്ചപ്പെട്ടു. ഇന്നും ഞാന്‍ അധികം ഹിന്ദി സിനിമ കാണാറില്ല. കാരണം ഇത്ര കാലമായിട്ടും അവര്‍ക്ക് നേരാംവണ്ണം പടം പിടിക്കാനറിയില്ല എന്നതുതന്നെ. പ്രേമം ഇല്ലാത്ത ഒരു പടം ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. പ്രേമത്തിനോട് എതിര്‍പ്പ് തോന്നിയിട്ടല്ല, പക്ഷെ ഇവര്‍ കാണിക്കുന്നത് കണ്ടാല്‍ അതിനോട് എതിര്‍പ്പ് തോന്നിപ്പോകും. എല്ലാ പടങ്ങളും അങ്ങിനെയാണെന്ന് പറയുന്നില്ല, പക്ഷെ ഇക്കാര്യത്തില്‍ മാത്രം ഞാന്‍ ഇത്തിരി സെലക്ടീവ് ആണ്.

ക്രിക്കറ്റും ഹിന്ദിയും.

റേഡിയോ, ദൂരദര്‍ശന്‍ തുടങ്ങിയവയില്‍ നിന്നാണ് ഞാന്‍ പിന്നീട് ഹിന്ദി കേള്‍ക്കുന്നത്.
നേരത്തെ ഒരു പോസ്റ്റില്‍ പറഞ്ഞതുപോലെ, ഹിന്ദി കമന്ററി ഒരു വസ്തു മനസിലാകില്ലായിരുന്നു. അന്നൊക്കെ 15 മിനിറ്റ് ഇടവിട്ട് കമന്ററി ഭാഷ മാറും. ഇംഗ്ലീഷ് വല്യ കുഴപ്പമില്ല, ഹിന്ദി ആയാല്‍ പ്രശ്നമായി.
ഏക് ദോ ചാര്‍ എന്നൊക്കെ മനസിലാവും, പക്ഷെ മറ്റുപലതും തലയില്‍ കയറില്ല. പിന്നെ സമയവും സാഹചര്യവും ഒക്കെ നോക്കി ബാക്കിയുള്ളതെല്ലാം അങ്ങ് ഊഹിച്ചെടുക്കും, അത്ര തന്നെ.
ചാര്‍ റണ്‍ കേലിയെ എന്ന് വെച്ചാല്‍ എന്താ? ചാര്‍ എന്നാല്‍ നാല്, റണ്‍ റണ്‍ തന്നെ, അപ്പോള്‍ കേലിയെ? സംശയമെന്താ.... സാഹചര്യപ്രകാരം ബാറ്റ്സ്മാന് നാലുറണ്‍ കിട്ടി, അപ്പോള്‍ കേലിയെ എന്നതിന്റെ അര്‍ത്ഥം കിട്ടി എന്നതുതന്നെ. (ഉപ്പുമാവിന് ഇംഗ്ലീഷ്....., അതന്നെ ടെക്നിക്)
ഇതൊന്ന്‍ പഠിച്ചെടുക്കാന്‍ ഒരുപാട് സമയം എടുത്തു.
ദൂരദര്‍ശനിലും ഇതുതന്നെ കഥ. ഹിന്ദി കമന്ററി വന്നാല്‍ പിന്നെ അവിടെ ആകെ ബഹളമാണ്, ആളുകള്‍ തമ്മില്‍ തമ്മില്‍ സംസാരിക്കും, കാരണം ആര്‍ക്കും ഹിന്ദി അറിയില്ല, അപ്പോള്‍ പിന്നെ കേട്ടാലെന്ത്, കേട്ടില്ലെങ്കിലെന്ത്. (ഇതൊരു ചെറിയ എക്സാജറേഷന്‍ ആണ്, ടിവി വന്ന കാലമാകുന്പോഴേക്കും ഞങ്ങളെല്ലാം ഹിന്ദിയില്‍ പ്രവീണ്‍കുമാര്‍ ആയിരുന്നു. കമന്ററി അത്രേം ബോര്‍ ആയിരുന്നു എന്നതാണ് ശരിയായ കാരണം)

ഗോസായിമാര്‍ വിഡ്ഢിപ്പെട്ടിയില്‍.

അന്നത്തെ വീടുകളില്‍ സാധാരണയായി റേഡിയോ സമയമറിയാന്‍കൂടി ഉപയോഗിച്ചിരുന്നു. യെ ആകാശവാണി ഹേ, ഥോഡി ദേര്‍ മേ ആപ് സമാചാര്‍ സുനേംഗെ എന്ന് കേട്ടാല്‍ മനസിലാക്കണം, സ്കൂളില്‍ പോകാന്‍ സമയമായി.
പാലക്കാട്ട് ദൂരദര്‍ശനകേന്ദ്രം തുടങ്ങിയത് 84 85 കാലഘട്ടത്തിലാണെന്ന് തോന്നുന്നു. ഡല്‍ഹി പരിപാടികള്‍ ആണ് സംപ്രേക്ഷണം, അതിനാല്‍ കംപ്ലീറ്റ് ഹിന്ദി, ഹിന്ദി മാത്രം.
ലോകകപ്പ് ഫുട്ബാള്‍ കാണാന്‍ വേണ്ടിയാണ് ഞങ്ങളുടെ വീട്ടില്‍ ടിവി വാങ്ങിയത്. അന്നത്തെ കാലത്ത് ടിവി ഒരു പുതുമ ആയിരിന്നതിനാല്‍ എല്ലാ പരിപാടിയും ഇരുന്നു കാണും. കൃഷിദര്‍ശന്‍ അടക്കം. ഒന്നും മനസിലാവില്ല, പക്ഷെ ........
ഏക് ഏക് ശൂന്യ് ശൂന്യ് ആട്ട് ആട്ട് ..... ഹൊ.... ഇങ്ങിനെ ശൂന്യത്തെ ആട്ടുന്ന പരിപാടി ബഹുരസം.

ടിവിയില്‍ ഒരുപാട് സിനിമകള്‍ കാണും. സാഹചര്യം വെച്ച് പലതും മനസിലാക്കും. കുറച്ചൊക്കെ ഹിന്ദി മനസിലായിത്തുടങ്ങിയിരുന്നു അപ്പോഴേക്കും. അനാമിക എന്ന സിനിമയാണ് എന്റെ ഓര്‍മയിലെ ആദ്യ ടിവി സിനിമ. അതിലെ പാട്ട് മാത്രമാണ് ഇപ്പോള്‍ മനസിലുള്ളത്, കാരണം വേറൊന്നും മനസിലായില്ല. മേരീ ബീഗി ബീഗി സീ എന്നൊക്കെ ഒരുപാട് പാടി നടന്നിട്ടുണ്ട്.
ചിത്രഹാര്‍ എന്ന പരിപാടിയാണ് എല്ലാവരും ഇഷ്ടപ്പെട്ടിരുന്നത്. കാരണം ഡാന്‍സ് കണ്ടാല്‍ മതിയല്ലോ, അര്‍ത്ഥം ആര്‍ക്കു മനസിലാവണം.

ക്ലാസിലെ (ദുര്‍)അനുഭവങ്ങള്‍......

ഹിന്ദി അദ്ധ്യാപകന്‍ ക്ലാസെടുത്തുകൊണ്ടിരിക്കുന്നു. ഇടക്കൊരു വിദ്യാര്‍ത്ഥിക്ക് സംശയം. അവനുറക്കെ ചോദിച്ചു "സാര്‍, തേല്‍ എന്നുവെച്ചാല്‍ എന്താ?" എനിക്കറിയാം ഉത്തരം, ഞാന്‍ അതിലുമുച്ചത്തില് വിളിച്ചുപറഞ്ഞു "എണ്ണ, എണ്ണ". സാറിന് ഇതത്ര പിടിച്ചില്ല. ഞാന്‍ ക്ലാസിനു പുറത്ത്. ഈ സംശയം ചോദിച്ചവനും താമസിയാതെ മറ്റെന്തോ കുരുത്തക്കേടിന് പുറത്തെത്തി. ഇത്തരം പിള്ളേരുടെ ചന്തി പൊളിക്കാന്‍ വടിയുമായി ഹെഡ് മാസ്റ്റര്‍ നടക്കുന്ന സമയമായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കിട്ടി പെട. അങ്ങിനെ സത്യം അറിയുന്നവനും അറിയാത്തവനും ശിക്ഷ കിട്ടി.

ഇടക്കെപ്പോഴോ ഞാന്‍ ഹിന്ദി വിദ്യാലയത്തില്‍ ചേര്‍ന്നു, പൊരിഞ്ഞ ഹിന്ദി പഠനം. പ്രാഥമിക് വലിയ പ്രയാസമില്ലാതെ പാസായി. മാധ്യമ ആയപ്പോഴേക്കും സ്റ്റൈലായി ഉഴപ്പി, അതിനാല്‍ കഷ്ടിച്ചാണ് പാസായത്. ഇല്ലായിരുന്നെങ്കില്‍ ഞാനൊരു ഹിന്ദി വാദ്ധ്യാരായേനെ, കാരണം എന്റെ അമ്മാമന്‍ ഒരു ഹിന്ദി മാഷാണ്, അമ്മക്ക് വലിയ മോഹമായിരുന്നിരിക്കാം ഞാനും ഒരു ഹിന്ദി മാഷാവണമെന്ന്.

പത്താംക്ലാസിലെ ഹിന്ദി പരീക്ഷ കഴിഞ്ഞപ്പോള്‍ വലിയ ആശ്വാസമായിരുന്നു, ഇനി ഈ ഭാരം ഞാന്‍ ചുമക്കേണ്ടല്ലൊ. പ്രീഡിഗ്രിക്ക് മലയാളം സെക്കന്റ് ലാംഗ്വേജ് ആയി എടുക്കാനായിരുന്നു പ്ലാന്‍. പക്ഷെ മലയാളം എന്നെ ചതിച്ചു. എല്ലാ പേപ്പറുകളിലും വെച്ച് ഏറ്റവും കുറവ് മാര്‍ക്ക് മലയാളത്തിന്. അതോടെ അമ്മ കാലുമാറി. ഹിന്ദി എടുത്താല്‍ മതി എന്ന ആജ്ഞ. വേറെ വഴിയില്ല, രണ്ടുകൊല്ലം കൂടി ഞാന്‍ അവനെ സഹിച്ചു. (പ്രീഡിഗ്രിക്ക് ഏറ്റവും കുറവുമാര്‍ക്ക് ഹിന്ദിക്ക് നേടിക്കൊടുത്ത് ഞാന്‍ പകരം വീട്ടി എന്നത് ചരിത്രം)

മാതൃഭാഷാ മേ അനുവാദ് കരോ (മാതൃഭാഷയെ അനുവദിക്കൂ...... പ്ലീസ്)

ഒരു പരീക്ഷയിലെ ചോദ്യം.
വാക്ക് - ആഭാസ്.
ഞാനാദ്യം എഴുതി ...... ആഭാസം.
പിന്നീട് തോന്നി അതത്ര ശരിയാവില്ലെന്ന്. അത് തിരുത്തിയെഴുതി ..... അഭ്യാസം.
രണ്ടും ശരിയല്ലെന്ന് മാര്‍ക്ക് വന്നപ്പോള്‍ മനസിലായി.

സജിയേട്ടനാണ് ഹിന്ദി-മലയാളം അനുവാദത്തിലെ എക്സ്പ്പര്‍ട്ട്. ചില സാന്പിളുകള്‍ താഴെക്കൊടുക്കുന്നു(നോട്ട് എക്സ്ക്ലൂസിവ്)
ഏക് ഡോക്ടര്‍ കി മൌത്ത് എന്ന സിനിമ കണ്ടുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍. സജിയേട്ടന്‍ അക്ഷമനായി കാത്തിരിക്കുന്നു. കാരണം ലളിതം, ഒരു ഡോക്ടരുടെ വായ എന്ന സിനിമയില്‍ ഡോക്ടര്‍ വായ പോയിട്ട് പല്ലുപോലും കാണിക്കുന്നില്ല.
സജിയേട്ടന്റെ ഏറ്റവും പ്രശസ്തമായ തര്‍ജ്ജമ കേട്ടതിനുശേഷം നമുക്കു ഈ പോസ്റ്റ് ചുരുട്ടിമടക്കാം.
ഒരു പാട്ടാണ് ഇവിടെ പ്രസ്തവ്യമാകുന്നത്. അതിപ്രകാരം.
ഘുങ്ഗ്രൂ കീ തരാഹ്, ബജ്താ ഹി രഹാ ഹൂം മേ.
കഭി ഇസ് പഗ് പേ, കഭി അസ്‌ പഗ് പേ.....ബജ്താ ഹി രഹാ ഹൂം മേ.
ഇതില്‍ പല വാക്കുകളുടെയും അര്‍ത്ഥം മനസിലാക്കാം. പക്ഷെ ഘുങ്ഗ്രൂ എന്നാല്‍?? ഇതാണ് സജിയേട്ടനെ കുഴക്കിയത്.
അവസാനം സജിയേട്ടന്‍ കണ്ടുപിടിച്ചു......
ഘുങ്ഗ്രൂ എന്നാല്‍ കൊറ്റി, അഥവാ കൊക്ക്.
അപ്പോള്‍ എല്ലാം ശരിയായി.
പാട്ടിന്റെ തര്‍ജ്ജമ ഇപ്രകാരം.
ഒരു കൊക്കിനെപ്പോലെ ഞാന്‍ ഭജിക്കുന്നു. ചിലപ്പോള്‍ ഈ കാലില്‍ നിന്നു ഭജിക്കുന്നു, ചിലപ്പോള്‍ കാല് മാറ്റി മറ്റേക്കാലില് നിന്നു ഭജിക്കുന്നു.
+++++++++++++++++++++++++++++++++++++
നിങ്ങള്‍ക്കെന്നോട് ഇപ്പോള്‍ ധൈര്യമായി ഹിന്ദി പറയാം. എനിക്ക് മറുപടി പറയാന്‍ കഴിയും.


നാരിയല്‍ കാ പാനീ ചാഹിയെ.....
ക്യാ ഫുള്‍ ബോട്ടല്‍ ക്യാ ഹാഫ് ബോട്ടല്‍???

Tuesday, October 28, 2008

എന്റെ മലയാളം

ആദ്യമേ പറയട്ടെ (മുന്‍‌കൂര്‍ ജാമ്യം എന്ന് മലയാളത്തിലും disclaimer എന്ന് ആംഗലേയത്തിലും) - ഈ കഥയിലെ സംഭവങ്ങളോ ഭാഷാപ്രയോഗമോ ആര്‍ക്കെങ്കിലും അധിക്ഷേപപരമായി തോന്നുന്നുവെങ്കില്‍ അത് വെറും സാങ്കല്പികം മാത്രമാകാനെ തരമുള്ളൂ, കാരണം ഞാനൊരു ഭാഷാപണ്ഡിതനല്ല.
മലയാളം സുന്ദരമായ ഒരു ഭാഷ തന്നെയാണ്. ഷോഡ, ഷ്കോള്, ആംപ്ലേറ്റ്, ലീസ്റ്റ് എന്നീ പദങ്ങള്‍ കേട്ടാല്‍ ഏത് മലയാളിക്കാണ് പുളകം വരാത്തത്!!!!!!
ഉച്ചാരണത്തില്‍ ഒട്ടും നിര്‍ബന്ധം പിടിക്കാത്ത ഒരു ഭാഷ ലോകത്ത് വേറെയുണ്ടോ എന്ന് തന്നെ സംശയം. "ഭാഷ" ബാഷയോ ഫാഷയോ ആകുന്നതും "ശ്രുതി" സ്രുദി എന്ന് ഉച്ചരിക്കപ്പെടുന്നതും ചിലര്‍ ശീലിച്ചിട്ടില്ലാത്തത് കൊണ്ടാണെന്ന് പറയാമെങ്കിലും "മകന്‍" മഗന്‍ ആകുന്നത് മലയാളിക്കു മാത്രമാകുന്നു. തമിഴിന്റെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല, മഹാന്‍ എന്ന്‍ കൃത്യമായി പറയാന്‍ സാധിക്കാത്ത ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്തിനേറെ, "കക്കഗഗ്ഗങ" എന്ന് പഠിപ്പിക്കുന്ന ടീച്ചര്‍മാരെവരെ ഞാന്‍ കണ്ടിട്ടുണ്ട്.
ഞാനിതില്‍നിന്നൊക്കെ വ്യത്യസ്തനാണെന്നല്ല പറഞ്ഞുവരുന്നത്, ചുറ്റും കാണാറുള്ള ചില കാര്യങ്ങള്‍, തമാശകള്‍ എഴുതിയെന്നുമാത്രം.
മലയാളിയുടെ ഭാഷയോ ഉച്ചാരണമോ അല്ല ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിച്ചത്, ഈ "ഠ" വട്ടത്തില്‍ സംസാരിക്കുന്ന മലയാള ശൈലികളെക്കുറിച്ചാണ്. ഇംഗ്ലീഷില്‍ സ്ലാങ് എന്ന് പറയാറില്ലേ, അതന്നെ വില്ലന്‍, സോറി നായകന്‍.
ഞാനറിയുന്ന, പ്രയോഗിക്കുന്ന ഭാഷകള്‍ ഇവ്വിധമാണ്.

  • വന്നില്ല്യാ, പോയില്ല്യാ എന്നിങ്ങനെ തുടങ്ങി ദെന്താങ്ങനെ, വര്വേരിക്കും എന്നീ രീതിയില്‍ മുന്നേറുന്ന വള്ളുവനാടന്‍ മലയാളം.
  • ശ്ശ്യോരൂട്ടം, നിശ്ശല്ല്യ, ധരിക്ക്ണ്ടായില്ല്യ എന്നുള്ള രീതിയില്‍ അന്ധാളിക്കാന്‍ വകയുള്ള നന്പൂരി മലയാളം.
  • അയ്‌ ചെക്കന്‍ എങ്ണ്ട് പോയീ എന്ന് അരിശത്തോടെ ചോദിക്കുന്ന പാലക്കാടന്‍ മലയാളം.
  • ജ്ജാതി സ്റ്റൈലിസ്റ്റോ എന്ന് അദ്ഭുതത്തോടെ തകര്‍ക്കുന്ന മ്മടെ ശ്ശൂര് ഭാഷ.
  • ഇതിലൊന്നും പെടാതെ, എന്നാല്‍ ഇതിലെല്ലാം പെടാവുന്ന അങ്ങ്ട്ടും ഇങ്ങ്ട്ടും എന്നിങ്ങനെ, കടിച്ചുപൊട്ടിക്കും എന്ന മട്ടില്‍, എന്റെ ചില സുഹൃത്തുക്കള്‍ പ്രയോഗിക്കുന്ന ഏതോ തരം മലയാളം.

വലിയ പ്രാവീണ്യമൊന്നുമില്ലെങ്കിലും കേട്ടാല്‍ കുറച്ചൊക്കെ മനസിലാക്കാന്‍ ശ്രമിക്കാവുന്ന (മുഴുവന്‍ മനസിലാകാന്‍ ഇത്തിരിയിലധികം പാടുപെടേണ്ടിവരുന്ന) രണ്ടു മലയാളഭാഷാശാഖകളും എനിക്ക് പരിചയമുണ്ട്.

  • ഊനിയേറ്റന് കോര്ച് കോര്ചായി കാര്യങ്ങല്‍ പര്ഞ്ഞുകോറ്റ്ക്കുന്ന രഞ്ജിനീമയമായ മലയാളം.... സോറി മല്യാലം
  • അന്തരാളങ്ങളില്‍ നിന്നും ബഹിര്‍ഗ്ഗമിക്കുന്ന ചിന്താസരണികളിലൂടെ സഹജീവികളില്‍ സമഭാവനയും പ്രബുദ്ധതയും ആവിര്‍ഭവിക്കാനുതകുന്ന അത്യുന്നതമായ ജീവിതം നയിക്കുന്ന മഹദ് വ്യക്തികള്‍ സ്റ്റേജില്‍ നില്‍ക്കുന്പോള്‍ മാത്രം പറയുന്ന മലയാളം.
ജഗതി ശ്രീകുമാര്‍ ആണ് ഈ തിരുവനന്തപുരം ഭാഷ എനിക്ക് ആദ്യമായി പറഞ്ഞുതന്നത്, ബഹുഭൂരിപക്ഷം മലയാളികളെയും പോലെ സിനിമയിലൂടെ തന്നെ (ജഗതിയെ നേരിട്ട് പരിചയമുണ്ട് എന്ന് പറഞ്ഞാല്‍ കിട്ടുന്ന വെയ്റ്റ് എനിക്കുവേണ്ട, കാരണം അതില്ല).
പിന്നീട് സുരാജ് വെഞ്ഞാറമൂട് എന്ന നടനിലൂടെ ഈപ്പറഞ്ഞ "തിരോന്തരം ഫാഷ" ഞാന്‍ കുറച്ചൊക്കെ പഠിച്ചതായിരുന്നു.
പക്ഷെ ഇന്നാട്ടിലെത്തിയപ്പോള്‍ മനസിലായി ഞാന്‍ കണ്ടും കേട്ടും പഠിച്ചതൊന്നും കംപ്ലീറ്റ് അല്ലെന്ന്. വിദ്യാഭ്യാസവിശാരദര്‍ പറയുന്നതുപോലെ അനുഭവങ്ങളില്‍ നിന്നാണ് ഒരാള്‍ ജീവിതത്തെക്കുറിച്ച് ഏറ്റവുമധികം പഠിക്കുന്നത്, പാഠപുസ്തകങ്ങളില്‍ നിന്നല്ല.
ഒരു പാവം വള്ളുവനാടനായ ഞാന്‍ തിരുവനന്തപുരത്ത് എത്തിപ്പെട്ടപ്പോള്‍ ചില്ലറ ചെറിയ ഭാഷാപ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ചില കഥകള്‍ താഴെക്കൊടുക്കുന്നു.
**********************
വാടകക്കൊരു വീട് അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ഞാന്‍ ..... സ്ഥലത്തെ വീടിനെക്കുറിച്ച് കേട്ടത്. (പേരുകളെല്ലാം സാങ്കല്‍പ്പികം എന്നാണല്ലോ പണ്ടുമുതല്കേ മലയാളവാര്‍ത്താസാഹിത്യത്തിന്റെ ഒരു ഗമ, അതിനാല്‍ സ്ഥലപ്പേര് തല്‍ക്കാലം പറയുന്നില്ല, സൌകര്യത്തിനുവേണ്ടി നമുക്ക് "അമേരിക്കന്‍ ജങ്ങ്ഷനിലെ" "കൂര്‍ക്കപ്പാറ റോഡിലെ" "പ്രഭാതം" വീടെന്ന് ഈ വീടിനെ വിശേഷിപ്പിക്കാം)
ഈ അമേരിക്കന്‍ ജങ്ങ്ഷന്‍ കണ്ടുപിടിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി, ഏതാണ്ടെത്ര ദൂരം കാണുമെന്നറിയണമല്ലൊ. ഏറ്റവുമെളുപ്പം വല്ല പെട്ടിക്കടയിലും ചോദിക്കുക എന്നതുതന്നെ. അങ്ങിനെ എന്റെ തിരുവനന്തപുരം ഭാഷയുമായുള്ള ആദ്യ മല്‍പ്പിടുത്തം സംഭവിച്ചു. ആദ്യം കണ്ട പെട്ടിക്കടയില്‍ വെച്ച് ഇനി പറയുന്ന സംഭാഷണം എന്ന സംഭവം നടന്നു.
കഥാപാത്രങ്ങള്‍ - അപ്പൂട്ടന്‍ (അതായത് ഞാന്‍), വേലായുധന്‍ എന്ന പെട്ടിക്കടക്കാരന്‍ (name changed എന്ന് പറയാമെങ്കിലും പേരറിയില്ലെന്നതാണ് വാസ്തവം), പേരറിയാത്ത ഏതോ സഖാവ് (അവിടെ ബീഡി വലിച്ചുകൊണ്ടിരുന്ന ഒരാള്‍, അദ്ദേഹത്തിന് തല്‍ക്കാലം പേരു വേണ്ട).
- ചേട്ടാ, ഈ അമേരിക്കന്‍ ജങ്ങ്ഷനിലേക്ക് എങ്ങന്യാ പൂവ്വ്വാ?
വേ - യെന്തര്?
- അല്ല ചേട്ടാ, ഈ അമേരിക്കന്‍ ജങ്ങ്ഷനിലേക്ക് ഏദ്യാ വഴി?
വേ (തിരിഞ്ഞ് സഖാവിനോട്) - അണ്ണാ... ഇത് യേത് സ്തലം?
- വോ അമേരിക്കന്‍ ജന്ഷനിലാട്ട് തന്നേ? ദോണ്ട് റ്വാട്ടീ നൂത്ത് പ്വാണം.
- എത്ര ദൂരം ണ്ടാവും?
- വോ, ഒത്തിരീന്നും യില്ല.
- ഈ വഴീല് നേരെ പോയാ അവ്ടെത്ത്വോ
- യീ വഴീ നൂത്ത് പ്വായാ ____ജന്ഷനീ യെത്തും. അവ്ടെ യാരോടേലും ച്വാദീര്, അപ്പ പര്‍ഞ് തരും.
പെട്ടിക്കടയില്‍ നിന്നും സഖാവ് കാണിച്ചുതന്ന റോഡിലൂടെ നേരെ വെച്ചുപിടിച്ച ഞാന്‍ ____ ജങ്ങ്ഷന്‍ കണ്ടുപിടിച്ചു. അവിടെ നിന്നും വെറൊരാളോട് ചോദിച്ച് അമേരിക്കന്‍ ജങ്ങ്ഷനിലേക്കുള്ള വഴി മനസിലാക്കി വെച്ചു. പിന്നീട് വീട് പോയി കാണുകയും ഉറപ്പിക്കുകയും ചെയ്തു.
++++++++++++++++++++
അടുത്തയാഴ്ച ഈ വീട് ഒന്നുകൂടി കാണാന്‍ ഞാന്‍ എന്റെ കസിനെയും കൂട്ടി യാത്രയായി. ആദ്യയാത്ര വീട്ടുടമസ്ഥന്റെ കൂടെ ആയതിനാല്‍ വഴി ശരിക്കും പഠിച്ചിരുന്നില്ല, അതിനാല്‍ പ്രതീക്ഷിച്ചതുപോലെ വഴി തെറ്റി. ചോദിക്കാതെ ഇനി പോകുന്നതില്‍ അര്‍ത്ഥമില്ലെന്നു മനസിലായപ്പോള്‍ ഞങ്ങള്‍ ഒരു കടയില്‍ കയറി വഴി ചോദിച്ചു മനസിലാക്കി.... താഴെ പറയുന്ന തിരക്കഥയിലെ രംഗം ഇവിടെ നടമാടി.
രംഗത്തുള്ള താരങ്ങള്‍ - അപ്പൂട്ടന്‍, ഗോപിയണ്ണന്‍ (Name changed എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)
- ചേട്ടാ, ഈ കൂര്‍ക്കപ്പാറ റോഡ് എവട്യാ?
ഗോ - കൂര്‍ക്കപ്പാറ റോഡാ? ദോണ്ടിങ്ങനെ പ്വായി റെയ്റ്റ്. എന്തരിനാണ്?
- ഏയ്. ഒരു വീട് വാടകക്ക് എട്ത്ണ്ടേയ്. പ്പ വഴി തെറ്റി. അപ്പൊന്ന് ചോയ്ക്കാം ച്ച് കേറീതാ.
ഗോ - അവ്ടെ യാത് വീട്?
- പ്രഭാതം ന്ന്‍ പേര്ള്ള വീട്.
ഗോ - വോ, പ്രഫാതം.... വൊരു പുതീ വീട് തന്നേ?
- അതന്നെ.
ഗോ - ആ വഴീ പ്വായാ വൊരു പള്ളി കാണും. അതിന്റെ വാപ്പാസിറ്റ് തന്നേ വീട്.
അങ്ങിനെ പള്ളീടെ "വാപ്പാസിറ്റുള്ള വീട്" അന്വേഷിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
********************************
ഇനിയുള്ള കഥ തിരുവനന്തപുരം അഡ്വെഞ്ചര്‍ അല്ല, ഒരു തെക്കനും ഞാനെന്ന വടക്കനും തമ്മിലുണ്ടായ ഒരു ചെറിയ തെറ്റിദ്ധാരണയാണ്. പറഞ്ഞുവരുന്പോള്‍ ഒരു ചെറിയ ഭാഷാപ്രയോഗപ്രശ്നം.
ഞങ്ങളുടെ ഓഫീസില്‍ ഒരു പ്രോജക്ടില്‍ അത്യാവശ്യമായി _____ skill ഉള്ള ഒരാള്‍ വേണം. ആവശ്യം ഒരു കാഷ്വല്‍ എന്ക്വയറി ആയി ഞങ്ങളുടെ പിഎം (പ്രോജക്റ്റ് മാനേജര്‍) ന്റെ അടുത്തെത്തി.
പിന്നീട് എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. "നിങ്ങളുടെ ഡിപ്പാര്‍ട്മെന്റില് _____ അറിയാവുന്ന ആള്‍ ഉണ്ടോ?"എനിക്കറിയാവുന്ന ഒരു പേര് പറഞ്ഞുകൊടുത്ത് ഞാന്‍ എന്റെ പണി തുടര്‍ന്നു.
പിറ്റേന്ന് ഊണ് കഴിക്കുന്പോള്‍ എനിക്കൊരു കോള്‍, പിഎം ആണ്.
"അല്ല, നമ്മടെ _____ അറിയാവുന്ന ആളുടെ കാര്യം എന്തായീ? ഞാന്‍ ഇന്നലെ പറഞ്ഞിരുന്നതല്ലേ?"
എനിക്കതുകേട്ടപ്പോള്‍ ആദ്യം വന്നത് ദേഷ്യമാണ്.
ഒന്നാമതായി എനിക്ക് ഇതില്‍ ഔദ്യോഗികമായി ഉത്തരവാദിത്തം ഒന്നുമില്ല. പിന്നെ, ആവശ്യക്കാരന്‍ ഒരു രീതിയിലും ഇതില്‍ അന്വേഷണം നടത്തിയിട്ടുമില്ല. ഞാനെന്തിനു പാടുപെടണം? ഇത് സ്വാഭാവികമായ ചിന്ത മാത്രം.
എന്നാല്‍ എന്നെ അലട്ടിയത് വേറൊരു കാര്യമാണ്, എന്നോട് പിഎം ചോദിച്ച ചോദ്യം. "ഇന്നലെ പറഞ്ഞിരുന്നതല്ലേ", എന്ന് വെച്ചാല്‍ ഇന്നലെ ഞാന്‍ പറഞ്ഞിട്ടും നിനക്കൊരു കുലുക്കവുമില്ലല്ലോ എന്നല്ലേ പിഎം അര്‍ത്ഥമാക്കുന്നത്.
ഞാനധികം സംസാരിക്കാന്‍ നിന്നില്ല, നോക്കാം എന്നുപറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.

പിന്നീടാണ് പിഎം പറഞ്ഞതിന്റെ ധ്വനി എനിക്ക് മനസിലായത് (അത് പിഎംനെ വ്യക്തിപരമായി അറിയാവുന്നതിലാണ് സാധ്യമായതെന്നുകൂടി പറയട്ടെ)
തലേദിവസം പറഞ്ഞ ഒരു കാര്യം ഒന്നുകൂടി ഓര്‍മിപ്പിക്കുന്നതിന് വള്ളുവനാടന്‍ ശൈലിയില്‍ സാധാരണയായി പറയുന്നത് "ഇന്നലെ പറഞ്ഞില്ലേ..... " എന്ന മട്ടിലാണ് (ന്നലെ പര്‍ഞ്ഞില്ല്യേ എന്ന് തന്നെ പറയണം, എന്നാലേ ശരിയാവൂ).
"ഇന്നലെ പറഞ്ഞിരുന്നതല്ലേ" എന്ന പ്രയോഗം അവിടുത്തുകാര്‍ക്ക് ഒരു കുറ്റപ്പെടുത്തലാണ്, ഓര്‍മിപ്പിക്കലല്ല. ആ രീതിയില്‍ പറയുന്പോള്‍ സാധാരണയായി സംസാരത്തിന്റെ ടോണ്‍ തന്നെ മാറും.

സത്യത്തില്‍ പിഎം ഉദ്ദേശിച്ചത് "ഇന്നലെ പറഞ്ഞില്ലേ..." എന്നുതന്നെ ആയിരുന്നു. ഇത്തിരി തെക്കോട്ടുവന്നതിനാല്‍ വാക്കുകള്‍ ഇത്തിരി മാറിപ്പോയി, എന്റെ സംസാരരീതി വേറെയായിരുന്നതിനാല്‍ അര്‍ത്ഥവും.
പിന്നീട് കാര്യങ്ങള്‍ ഒരുവിധം സെറ്റപ്പ് ആക്കിയതിനുശേഷം ഞാനും പിഎമ്മും ഇതുപറഞ്ഞു ചിരിച്ചു.
**************
കേള്‍ക്കുന്നവനുള്ളതാണ് ഭാഷ. ഭാഷ സംവദിക്കാനുള്ളതുതന്നെ, ഉച്ചാരണവും വ്യാകരണവും ഒന്നും ഇവിടെ പ്രസക്തമല്ല. പക്ഷെ ഭാഷാശൈലികള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ ചിരിപ്പിക്കാനും കരയിക്കാനുമൊക്കെയായി ഭാഷകള്‍ ഉള്ളിടത്തോളം കാലം നമ്മുടെയിടയില്‍ നിലനില്‍ക്കും. ആര്‍ക്കും കരയാനിടവരുത്താതെ അത് നില്ക്കുമെന്ന് നമുക്ക് വിശ്വസിക്കാം. അതുവരെ നമുക്കു ചിരിക്കാം, ഓര്‍ത്തോര്‍ത്തുചിരിക്കാം