Thursday, September 18, 2008

മലയാളം സിനിമാ മാനിഫെസ്റ്റൊ - ഭാഗം ഒന്ന്.

ഇതിത്തിരി പഴയതാണ്, കുറച്ച് കാലം മുന്പ് എന്റെ കൂട്ടുകാര്‍ക്കയച്ചത്. ഇത്തിരി ഔട്ട്ഡേറ്റഡ് ആണോ എന്നറിയില്ല, എന്തായാലും മലയാളസിനിമയ്ക്ക് എന്റെ വക കിടക്കട്ടെ ഒരു സമ്മാനം.

ഞാന്‍ 17 സിനിമകള്‍ സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം നിങ്ങളെ അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. വളരെയധികം വിജയസാധ്യതയുള്ള ഒരു ഫോര്‍മുലയാണിത്. ഒരു ടെംപ്ലേറ്റ് കഥ ഉണ്ടാക്കി അതില്‍ നിന്നാണ് ഈ 17 സിനിമകള്‍ ഉണ്ടാക്കുന്നത്.

എല്ലാം സഹിക്കുന്ന കുടുംബനാഥന്‍ പണ്ടുമുതല്‍ക്കെ മലയാളികളുടെ ഇഷ്ടകഥാപാത്രമാണ്. വില്ലനായി (സോറി, മറ്റുള്ളവരുടെ സ്വാധീനത്തില്‍ പെട്ട് വില്ലന്‍ സ്വഭാവമായി) ഒരു അടുത്ത ബന്ധു ഉണ്ടെങ്കില്‍ പടം ഓടും, നൂറും ഇരുനൂറും തികച്ചാലും കിതക്കില്ല. ഞാനും ആ വഴിക്കൊന്ന്‍ നോക്കട്ടെ.
ടെംപ്ലേറ്റ് കഥ താഴെ കൊടുക്കുന്നു. ഇതിന്റെ കോപ്പി എന്റെ കയ്യില്‍ റൈറ്റ് ചെയ്തിട്ടുണ്ട്. കോപ്പിറൈറ്റ് ഉള്ള സാധനം കോപ്പിയെടുക്കാന്‍ കോപ്പുകൂട്ടുന്ന ഗോപുക്കുട്ടന്മാരെ, ജാഗ്രതൈ, വെവരവറിയും.

നിയമങ്ങള്‍ -
ഏതൊരു മാനിഫെസ്റ്റോയിലും കാണുമല്ലോ ചില നിയമങ്ങള്‍. ഇത്തരം സിനിമകളുടെ നിയമാവലി താഴെ കൊടുത്തിരിക്കുന്നു.

  1. സിനിമയ്ക്ക് ഒറ്റവാക്ക് പേരുകളായിരിക്കണം. അത് നായകന്റെ പേരുതന്നെ ആയാലും കുഴപ്പമില്ല. കുറച്ച് സെന്റി ഉള്ള അല്ലെങ്കില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന പേരുകളാണെങ്കില്‍ ജോര്‍. തകര്‍ച്ച, പകര്‍ച്ച തുടങ്ങി രാമേട്ടന്‍, ഗോപാലേട്ടന്‍ തുടങ്ങിയ പേരുകള്‍.
  2. നായകനും വില്ലനും ഒരേ ജാതിക്കാരോ മതത്തിലുള്ളവരോ ജോലിയിലുള്ളവരോ ആയിരിക്കണം.
  3. നായകനും സഹോദരങ്ങള്‍ക്കുമിടയില്‍ സാമാന്യം നല്ല പ്രായവ്യത്യാസം വേണം.
  4. നായകന്‍ ഉന്നതകുലജാതനായിരിക്കുന്നതാണ് ഉത്തമം. ഐഡിയലി പേരിന്റെ അറ്റത്ത് വാലുള്ള ജാതി. വലിയൊരു തറവാട്ടിലാണ് ജനനമെങ്കില്‍ സൂപ്പര്‍.
  5. നായകന്റെ പേര് പഴമയുള്ള പേരായിരിക്കണം. "അജു" "കുജു" "വിജു" "സജു" തുടങ്ങിയ പേരുകള്‍ നിഷിദ്ധം. സാധാരണയായി ദൈവനാമങ്ങളാണ് നല്ലത്. രാഘവന്‍, നീലകണ്ഠന്‍, പരമേശ്വരന്‍, ഗോപാലകൃഷ്ണന്‍ തുടങ്ങിയ പേരുകള്‍. പേരിനറ്റത്ത് ജാതിപ്പേരുകൂടി വെയ്ക്കാമെങ്കില്‍ നല്ലത്. മറിച്ചായാല്‍ തറവാട്ടുമഹിമ കുറഞ്ഞേക്കാം.
  6. വരിക്കാശ്ശേരി അല്ലെങ്കില്‍ ഒളപ്പമണ്ണ മന നേരത്തെ ബുക്ക് ചെയ്തിരിക്കണം.
  7. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവരുടെ ഡേറ്റ് അല്ലെങ്കില്‍ ഫോട്ടോ സംഘടിപ്പിച്ചിരിക്കണം.
  8. നായകനും സഹോദരങ്ങളും വള്ളുവനാടന്‍ ഭാഷ തന്നെ ഉപയോഗിക്കണം. അതാണ് സിനിമ ഓടാന്‍ ഉത്തമം.

കഥാപാത്രങ്ങള്‍.

കഥാപാത്രങ്ങളെ ഒന്നു വിശദീകരിക്കാം. സിനിമാക്കഥ മനസിലാക്കാന്‍ ഇതുപകരിക്കും.

ഏട്ടന്‍ അഥവാ കഥാനായകന്‍.

ഇപ്പോള്‍ നായകന്‍ ഒരു ഏട്ടനാണ്. (താരങ്ങള്‍ സ്വന്തം പ്രായത്തിനനുസരിച്ച് റോളുകള്‍ ഏറ്റെടുക്കാന്‍ തുടങ്ങി‌യാല്‍ അച്ഛനാക്കാം. അവര് സമ്മതിക്കണ്ടേ. അതിനാല്‍ തല്‍ക്കാലം ഏട്ടനേ വഴിയുള്ളൂ.)

നായകന് ഒരു ഭൂതകാലം ഉണ്ട്. വില്ലന്റെ കുബുദ്ധിയാലോ സ്വന്തം കുടുംബക്കാരുടെ (മിക്കവാറും അച്ഛനായിരിക്കും പ്രതി) കയ്യിലിരിപ്പ് കാരണമോ തകര്‍ന്നടിഞ്ഞ ഒരു കുടുംബം മുഴുവന്‍ ചുമലിലേറ്റേണ്ടിവന്ന കഷ്ടകാലം. നന്നേ ചെറുപ്പത്തില്‍ തന്നെ പ്രരാബ്ദ്ധങ്ങളുടെ നടുവിലേക്ക് എടുത്തെറിയപ്പെട്ടതാണ് ഈ ജന്മം.

നായകന്റെ വര്‍ത്തമാനകാലത്ത് താരതമ്യേന ഭേദപ്പെട്ട അവസ്ഥയാണ്. നാട്ടുകാര്‍ക്കെല്ലാം ........ഏട്ടനാണ് (ഇവിടെ വള്ളുവനാടന്‍ ഭാഷയാണെങ്കില്‍ ഏട്ടന്‍ വിളിക്ക് ഒരു സുഖം ഇല്ലേ). കരയില്‍ പ്രമാണിയാണ്. ദുശ്ശീലങ്ങളില്ല. സാന്പത്തികമായി ഭദ്രമാണ് അവസ്ഥ (പുറത്തുള്ളവര്‍ക്കെങ്കിലും).

നായകന്റെ പ്രത്യേകതകള്‍ - നേരത്തെ പറഞ്ഞ പ്രാരാബ്ദ്ധങ്ങള്‍ കാരണം വിദ്യാഭ്യാസം ഇത്തിരി കുറവാണ് നായകന്. വിദ്യാഭ്യാസമില്ലെങ്കിലും മറ്റെല്ലാ അഭ്യാസങ്ങളും കൈമുതലായുണ്ട്. തറവാട് മുഴുവന്‍ ചെറുപ്പത്തിലേ കുളം തോണ്ടിയതിനാല്‍ ഏതാണ്ട് ഒരു മുപ്പത്തഞ്ച് വയസു വരെ (മമ്മൂട്ടിയോ മോഹന്‍ലാലോ ഇതിലും ചെറുപ്പമായാല്‍ കടുപ്പമല്ലേ) കഷ്ടപ്പെട്ടാണ് ജീവിച്ചത്. ഈ കാലയളവില്‍ തറവാട്ടിലായിരിക്കണമെന്നില്ല ജീവിതം. പക്ഷെ ഇപ്പോള്‍ തറവാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു നായകന്‍ (വരിക്കാശ്ശേരി അല്ലെങ്കില്‍ ഒളപ്പമണ്ണ മന റെഡി, ഈ തറവാടുകള്‍ കിട്ടിയില്ലെങ്കില്‍ മാത്രം വേറെ വീടന്വേഷിക്കുക). നായകന്റെ സാന്പത്തികസ്ഥിതി അനുസരിച്ച് വീട്ടില്‍ നിലവിളക്ക്, ചാരുകസേര, ആട്ടുകട്ടില്‍, കാര്‍, ആന, തറവാട്ടുവക അന്പലം, കുളം എന്നിവയൊക്കെ ചേര്‍ക്കാം. ആരോഗ്യപരമായി നാലഞ്ചുപേരെ അടിച്ചുനിരത്തും, ആവശ്യത്തിന് മാത്രമെ ഇതു പ്രയോഗിക്കൂ എന്ന വാശിയുണ്ട്. നാട്ടുകാരുടെ കണ്ണിലുണ്ണിയാണെങ്കിലും വീട്ടില്‍ കര്‍ക്കശക്കാരനാണ് നായകന്‍, സ്നേഹം കാണിക്കില്ല. മിണ്ടിയാല്‍ പൈസക്കണക്ക്, അല്ലെങ്കില്‍ പ്രാരാബ്ദ്ധക്കണക്ക്. അനിയന്‍ അല്ലെങ്കില്‍ അനിയത്തി ഏട്ടന്റെ അദൃശ്യസ്നേഹം കാണില്ല, പലപ്പോഴും.

താരം - സംശയമെന്ത്, മമ്മൂട്ടി അല്ലെങ്കില്‍ മോഹന്‍ലാല്‍. വേറെ ആരഭിനയിച്ചാലും പടം വെറും പോസ്റ്ററില്‍ മാത്രം ഓടും എന്നതിന് ചരിത്രം സാക്ഷി.

മെയിന്‍ അനിയന്‍ അഥവാ അനിയത്തി (അല്ലെങ്കില്‍ അടുത്ത ബന്ധു.)

ഏട്ടാ എന്ന്‍ നീട്ടിവിളിക്കാന്‍ മാത്രമല്ല ഈ കഥാപാത്രം. കഥയിലെ പ്രധാനപ്പെട്ട ട്വിസ്റ്റ് ഈ വകുപ്പില്‍ നിന്നാകുന്നു. ഈ കഥാപാത്രം അനിയനാണെങ്കില്‍ ഏട്ടനെപ്പോലെ നിരക്ഷരകക്ഷി അല്ല, വിദ്യാഭ്യാസമുണ്ട്. വക്കീലോ പോലീസോ എംബിഏ ബിരുദക്കാരനോ എന്തുമാവാം. (വിവരമില്ലെന്ന് നായകന്‍ പിന്നീട് തെളിയിക്കും). അനിയത്തിയാണ് ഈ ചുമതല നിര്‍വഹിക്കുന്നതെങ്കില് വിദ്യാഭ്യാസം പ്രസക്തമല്ല. ഇപ്പക്കെട്ടും എന്ന പ്രതിജ്ഞയുമായി ഇരുന്നുകൊടുത്താല്‍ മതി.

താരം - ആരുമാവാം. പ്രൊഡ്യൂസറുടെ മകന് അല്ലെങ്കില്‍ മകള്‍ക്ക് ഒരു ചാന്‍സ് കൊടുക്കാം. ഇപ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റ് ഇന്ദ്രജിത്തിനാണെന്നു തോന്നുന്നു.

സഹ അനിയന്‍/അനിയത്തി
അത്യാവശ്യമില്ല. പക്ഷെ മൂക്കുപിഴിയാനോ കുന്നായ്മ പറയാനോ ഇത്തരത്തില്‍ ഒരു കഥാപാത്രം ഉള്ളത് അമ്മ കഥാപാത്രത്തിന് ഒരു ആശ്വാസമായിരിക്കും. കുറച്ച് പണി അങ്ങോട്ട് ഓഫ് ലോഡ് ചെയ്യാമല്ലോ.

ഇവിടെ രണ്ടുതരം കഥാപാത്രങ്ങളണ്ടാവാം. നല്ലതും തരികിടയും.

തരികിടയാണെങ്കില്‍ എടത്തിയോ അനിയത്തിയോ ആവാം. (ഏടത്തിയാണെങ്കില്‍ ഓപ്പോളേ എന്ന്‍ വിളിക്കാനുള്ള ചാന്‍സ് കിട്ടും, വെറുതെ കളയണോ) ആര്‍ത്തിയുള്ള വിഭാഗം. സദാസമയവും തനിക്കായി ചെലവാക്കിയ സ്ത്രീധനക്കണക്ക് ഓര്‍ത്തുവെച്ചു നടക്കും. ഭര്‍ത്താവായി ഉപ്പുമാങ്ങയുടെ ഷേപ്പില്‍ മുഖമിരിക്കുന്ന ഒരു ഭര്‍ത്താവും കാണും. ഈ സഹോദരിയുടെ മക്കള്‍ക്കും മരുമക്കള്‍ക്കും അമ്മായിയമ്മക്കും പിന്നെ ആ ഏരിയയിലുള്ള എല്ലാവര്‍ക്കും ചെലവിനുകൊടുക്കുന്നത് നമ്മുടെ സര്‍വ്വംസഹനായ നായകനാകുന്നു. അളിയന്‍ ഉപ്പുമാങ്ങക്ക് തന്റെ തട്ടുകട ഒന്ന്‍ മെച്ചപ്പെടുത്തി താജ് ഹോട്ടല്‍ പണിയണമെന്ന ആഗ്രഹം കൂടിയുള്ളതിനാല്‍ പെങ്ങള്‍ക്ക് സ്ത്രീധനക്കണക്ക് അല്ലാതെന്ത് ചിന്ത.

തരികിടവേഷത്തില്‍ അനിയന് വലിയ സ്കോപ്പില്ല, എന്തെന്നാല്‍ പുരുഷധനം കേരളത്തില്‍ ആരും ഇതുവരെ കണക്കുപറഞ്ഞു വാങ്ങിയതായി കേട്ടിട്ടില്ല.

പാവം അനിയന്‍/അനിയത്തി വകുപ്പിലുള്ള കഥാപാത്രം വില്ലത്തരം ഒട്ടുമില്ലാത്ത പാവമാണ്. ഏട്ടന്‍ പറയുന്നതിന് അപ്പുറമൊന്നുമില്ല. ഇവിടെയും അധികം കാണാവുന്നത് അനിയത്തിമാരേയാണ്. ഞാനടക്കമുള്ള അനിയന്‍വര്‍ഗ്ഗം ഒരിക്കലും നല്ലവരാകാനിടയില്ലല്ലോ. ഇനി അഥവാ ഉണ്ടെങ്കില്‍ത്തന്നെ അനിയന്റെ റോള്‍ മെയിന്‍ അനിയനെ ചീത്തവിളിക്കുക, ഇടക്കിടെ വില്ലന്റെ അടികൊള്ളുക തുടങ്ങിയ കലാപരിപാടികളില്‍ ഒതുങ്ങും. വേണമെങ്കില്‍ ഈ താരത്തിനെ ക്ലൈമാക്സിന്റെ അടുത്തെവിടെയെങ്കിലും വെച്ച് കാച്ചിക്കളയാം, വില്ലന്റെ ക്രൂരതയ്ക്ക് ഉദാഹരണമായിട്ട്. നെഞ്ചത്തടിക്കരച്ചില്, മൂക്കുപിഴിയല് തുടങ്ങിയവയ്ക്ക് ഉചിതം.

ഇതത്ര അത്യാവശ്യമുള്ള കഥാപാത്രമല്ല, പ്രത്യേകിച്ച് മൂക്കുപിഴിയാന്‍ അമ്മയുള്ള സ്ഥിതിക്ക്.

താരം - തരികിടറോളില്‍ ഏറ്റവുമധികം നന്നാവുക ബിന്ദുപണിക്കരായിരിക്കും. പാവം റോളില്‍ 18 വയസു തോന്നിക്കുന്ന ആരെയും അനിയത്തിയാക്കാം. അനിയനായി ബൈജു, സുധീഷ്‌, വിജയകുമാര്‍ തുടങ്ങിയവരെ പരിഗണിക്കാവുന്നതാണ്.
അമ്മ/അച്ഛന്‍

ജീവിച്ചിരിക്കണമെന്നില്ല. ഫോട്ടോ ആയാലും മതി. പക്ഷെ സാന്നിധ്യം അത്യാവശ്യം തന്നെ.

നായകന്റെ എല്ലാ പ്രശ്നങ്ങളും അറിയുമായിരിക്കാം, ഇല്ലായിരിക്കാം. ഏതായാലും ചായ്‌വ് കൂടുതലും മെയിന്‍ അനിയന്റെ നേര്‍ക്കായിരിക്കും. ഏട്ടനോട് സ്നേഹമില്ലെന്നല്ല, കുടുംബനാഥന്‍ എന്ന നിലയ്ക്ക് അധികം കേറി ഇടയാറില്ല (അധികാരപരിധിയില്‍ കൈ കടത്താറില്ല എന്നര്‍ത്ഥം). ഈ കഥാപാത്രവും രുചിക്ക് വിനാഗിരി എന്ന പോലെ "വേണമെങ്കില്‍ ആവാം". സെന്റി ഇത്തിരി കൂട്ടാനാണ് ഉദ്ദേശമെങ്കില്‍ നായകന്റെ കുട്ടിക്കാലത്ത് തന്നെ ഈ താരത്തെ വധിക്കാം, വില്ലന്റെ ക്രൂരത കൂട്ടുകയുമാവാം.

താരം - അമ്മ റോളാണെങ്കില്‍ കവിയൂര്‍ പൊന്നമ്മ, അല്ലെങ്കില്‍ കെപിഎസി ലളിത. ഇവര്‍ രണ്ടുപേരും തിരക്കിലാണെങ്കില്‍ മിക്കവാറും അമ്മയെ സിനിമ തുടങ്ങുന്നതിനുമുന്പുതന്നെ കൊല്ലേണ്ടിവരും. അച്ഛന്‍ റോളിന് നടന്മാര്‍ ധാരാളമുണ്ട്.

മനസ്സാക്ഷിബാങ്ക്

ധാരാളം സിനിമകളില്‍ സഹറോളുകള്‍ ചെയ്ത് തഴക്കവും പഴക്കവും വന്ന ഒരു നടനായിരിക്കണം ഈ റോളില്‍.

നായകന്റെ ഉറ്റചങ്ങാതിയാണ്. എല്ലാ ദുഃഖവും അറിയുന്നവന്‍, സഹചാരി. പണ്ടെങ്ങോ നായകന്‍ നശിച്ച് നാറാണക്കോലില്‍ ട്രപ്പീസുകളിക്കുന്പോള്‍ താങ്ങും തണലുമായി നിന്നവന്‍. ഇപ്പോള്‍ പ്രധാനജോലി വളിപ്പടിക്കലാണ്, പണ്ടത്തെ ഉപകാരം ഓര്‍ത്ത് മാത്രം നായകന്‍ സഹിക്കുന്നു ഇയാളെ. അവിടിത്തിരി തമാശ (ചിരിച്ചോളൂ), ഇവിടിത്തിരി സെന്റി (കരഞ്ഞോളൂ), കിട്ടിയ ചാന്‍സില്‍ സാരോപദേശം (ചിന്തിച്ച് തീസിസെഴുതിക്കോളൂ) ..... അതാണ് സ്ക്രീനില്‍ വരുന്പോള്‍ ഇദ്ദേഹത്തിന് പറഞ്ഞിട്ടുള്ളത്.

താരം - മ്മടെ ഇരിങ്ങാലക്കുടക്കാരന്‍ റെഡ്യല്ലേ. ജഗതിയായാലും ഒപ്പിക്കാം.

നായകന്റെ ബാക്കി കുടുംബാംഗങ്ങള്‍ - ഇവര്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല, പക്ഷെ നായകന്റെ വിഷമഘട്ടത്തില്‍ ഏതെങ്കിലും പക്ഷം പിടിക്കണം.

തമാശക്കാരന്‍

മനസ്സാക്ഷിബാങ്ക് ഈ ജോലി എറ്റെടുക്കും സാധാരണഗതിയില്‍. പക്ഷെ അങ്ങോര്‍ക്ക് ആരെയെങ്കിലും അടിക്കണമെങ്കില്‍ അതിനായി ഒരു തമാശക്കാരനും വരും. എപ്പോഴും മനസ്സാക്ഷിബാങ്കുമായി സരസസംഭാഷണത്തിലായിരിക്കും ഈ പാത്രം.

താരം - ഇപ്പോള്‍ സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍ തുടങ്ങിയവര്‍ക്കാണ് മാര്‍ക്കറ്റ്. നായകന്‍ മമ്മൂട്ടിയെങ്കില്‍ തമാശക്കാരന്‍ സുരാജ് തന്നെ എന്നാണല്ലോ ഇപ്പോള്‍ അവസ്ഥ, അതിനാല്‍ ചോയ്സ് പോരാ.

ഭാര്യ/കാമുകി

നായകന്റെ ഇടംകൈ ആണെങ്കിലും ഈ കഥാപാത്രത്തിന് ഒരു ലോഡ് ഗ്ലിസറിന്‍ ചെലവാക്കുക എന്നതില്‍ക്കവിഞ്ഞ് ഒന്നും ചെയ്യാനില്ല. ശോകഗാനരംഗങ്ങളിലാണ് ആകെ ജോലി വരുന്നത്. നായകന്റെ പ്രായവും വൈവാഹികപദവിയും അനുസരിച്ച് കുട്ടികളുടെ എണ്ണം തീരുമാനിക്കാം.

താരം - ഇന്ന്‍ ആര്‍ക്കാണോ മാര്‍ക്കറ്റ്, അവരെ വിളിക്കൂ.

വില്ലന്‍ - ഇതാ വരുന്നു ട്വിസ്റ്റര്‍ (എന്നുവെച്ചാല്‍ ട്വിസ്റ്റുണ്ടാക്കുന്നവന്‍ ആരോ അവന്‍)

നായകന് ഇടിക്കാന്‍ പാകത്തില്‍ നിന്നു കൊടുക്കണം. ഇത് പുരുഷജന്മം തന്നെ വേണമെന്നില്ല. സ്ത്രീ കഥാപാത്രമാണെങ്കില്‍ നായകന്‍ ഇടിക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നായകനും വില്ലനും തമ്മില്‍ എന്തെങ്കിലും തരത്തില്‍ ബന്ധം കാണും. ഒന്നിച്ച് ഒരേ ഗ്രാമത്തില്‍ വളര്‍ന്നവര്‍, അല്ലെങ്കില്‍ ഒരേ തൊഴിലിലുള്ളവര്‍ അതുമല്ലെങ്കില്‍ കുടുംബത്തിലോ നാട്ടിലോ പ്രമാണിത്തം ഉള്ളവര്‍.... അങ്ങിനെ എന്തെങ്കിലും.

ഭൂതകാലത്ത് വില്ലന്‍ നായകനെ കണക്കറ്റ് പീഡിപ്പിച്ചവനാണ്. വില്ലനും നായകനും സമപ്രായക്കാരാണെങ്കില്‍ കുട്ടിക്കാലത്ത് മണ്ണപ്പം ചുടുന്നതിനിടയില്‍ അടിയുണ്ടാക്കി നായകനെ നാടുകടത്തിയിരിക്കും, ഇവിടെ നായകന്റെ അച്ഛനും പങ്കുണ്ടായിരിക്കും. വില്ലന്റെയോ അല്ലെങ്കില്‍ വില്ലന്റെ അച്ഛന്റെയോ ക്രൂരകൃത്യങ്ങള്‍ കാരണമാണ് നായകന്‍ നേരത്തെ പറഞ്ഞ കോലില്‍ ട്രപ്പീസുകളിച്ചത്. എന്തൊക്കെയായാലും നായകന്റെ കുട്ടിക്കാലം മുതല്‍ക്കുതന്നെ നായകനും വില്ലനും തമ്മില്‍ ബുഷും ലാദനും പോലെ ഐക്യമുള്ളവരാണ്, ചൊറിയാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കില്ല.

വര്‍ത്തമാനകാലത്ത് വില്ലന്‍ നായകന്റെ ഒരു പടി താഴെയാണ്. സാന്പത്തികമായി മാത്രം നായകനുമായി കട്ടയ്ക്ക് കട്ട പിടിക്കാന്‍ കെല്‍പ്പുള്ളവന്‍. നായകന്റെ ഒരു പടി താഴെയാണ് വില്ലന്റെ കറന്റ് സ്റ്റാറ്റസ്. അത്രയ്ക്കങ്ങ് ക്ലച്ച് പിടിക്കുന്നില്ല. വില്ലന്റെ വളര്‍ച്ചയില്‍ ഒരേയൊരു തടസ്സം നായകനാണ്. എത്ര നല്ല ഗുഡ് നൈറ്റ് വെച്ചിട്ടും വില്ലന്റെ ഉറക്കം അത്രയ്ക്കങ്ങ് ശരിയാവുന്നില്ല.

ചുരുക്കം ചില കേസുകളില്‍ വില്ലന്‍ വെറും വിധിയും ആവാം. അവിടെ വില്ലന്‍ എന്ന് പറയാന്‍ ഒരു ആള്‍രൂപം ഉണ്ടാവില്ല, എന്നാലും നായകന്റെ തൊണ്ടയിടറാന്‍ പാകത്തിന് ഒരു അമ്മാവനോ അമ്മായിയപ്പനോ ഒക്കെ കുനിഷ്ടുമായി റെഡിയായിരിക്കും. ഇത്തരം കഥകളില്‍ നായകന്‍ പരമ സാത്വികനായിരിക്കും.

താരം - സായികുമാര്‍, സിദ്ദിക്ക്, നാരായണന്‍ നായര്‍, സുരേഷ് കൃഷ്ണ, മേഘനാഥന്‍, റിയാസ് ഖാന്‍........

വില്ലന്റെ സഹായികള്‍ - ഇവരെ പൊതുവെ പുരുഷവില്ലനാണ് ആവശ്യം. അച്ഛനോ മകനോ സഹോദരങ്ങളോ ഒക്കെ ആവാം. (ഇതു പറയുന്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. ഒട്ടുമിക്ക കഥകളിലും വില്ലന്‍, അല്ലെങ്കില്‍ വില്ലന്റെ അച്ഛന്‍ പണ്ട് കുടുംബാസൂത്രണത്തിനൊന്നും പോയിട്ടില്ല. മൂന്നോ നാലോ മക്കള്‍ കാണും, എല്ലാം തലതിരിഞ്ഞവര്‍. വെളുത്തമുണ്ട് മടക്കിനടക്കും സദാസമയവും). അഴിമതിക്കാരായ പോലീസുകാരനും കാര്യം നടത്തും. നായകന്‍ സാത്വികനാണെങ്കില്‍ പോലീസില്ല, എന്നാല്‍ അടിക്കാന്‍ ഒട്ടും മടിക്കാത്ത നായകനെങ്കില്‍ ഈ പോലീസ് കഥാപാത്രം കൂടിയേ തീരൂ. നായകന്റെ സോഷ്യല്‍ സ്റ്റാറ്റസ് അനുസരിച്ച് പോലീസുകാരന്റെ റാങ്കും കൂടും, എസൈ മുതല്‍ കമ്മീഷണര്‍ വരെയാകാം. റാങ്കെന്തോ ആകട്ടെ, പ്രധാന ജോലികള്‍ വില്ലന്റെ വീട്ടിലിരുന്നു വെള്ളമടിയും കള്ളക്കേസുണ്ടാക്കലും നായകന്റെ ഉശിരുള്ള ഡയലോഗ് കേള്‍ക്കാന്‍ പാകത്തില്‍ നിന്നുകൊടുക്കലുമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ ഈ വര്‍ഗ്ഗത്തിന് ഒരു നിശ്ചിത എണ്ണം വെക്കരുതെന്നതാണ്. പ്രൊഡ്യൂസറുടെ കീശ വലിപ്പം അനുസരിച്ച് ഇതെത്ര വേണമെങ്കിലും ആവാം.
കുറെ ഗുണ്ടകള്‍ കൂടിയാവാം. നിര്‍ബന്ധമില്ല, എന്നാലും ഒരു വഴിക്ക് പോണതല്ലേ.


താരം - തണ്ടും തടിയുമുള്ള ആരും. ഭീമന്‍ രഘുവിനാണ് മാര്‍ക്കറ്റ്.

ഇനി കഥയിലേക്ക് കടക്കാം. അത് വഴിയേ പറയാം. പറയാന്‍ ഇത്തിര്യധികം ണ്ടേയ്.

അത് ഭാഗം രണ്ടില്‍ കാണാം

0 പേര്‍ എന്റെ മണ്ടത്തരത്തിന് ചുട്ട മറുപടി തന്നു: